ജീവിക്കണം, സദുദ്ദേശ്യം കൈവിടരുത്

ജീവിക്കണം, സദുദ്ദേശ്യം കൈവിടരുത്

ഇസ്‌ലാം ഒരു വ്യവസ്ഥാപിത മതമാണ്; അത് നമ്മുടെ ജീവിതം, സമയം, സമ്പത്ത് എന്നിവ കൈകാര്യം ചെയ്യുന്നിടത്ത് വലിയ ശ്രദ്ധ ആവശ്യപ്പെടുന്നു. അതുവഴി നമുക്ക് സന്തോഷകരവും സമൃദ്ധവുമായ ജീവിതം നയിക്കാനാകും. ദൈനംദിന പ്രാർഥനയുടെ സമയം തന്നെ ജീവിതത്തിൽ ദൈനംദിന മാനേജ്‌മെന്റ് വേണമെന്ന് കാണിക്കുന്നു. എല്ലാ സമയത്തും ഏത് സമയത്തും പ്രാർഥിക്കണമെന്ന് ഇസ്‌ലാം പറയുന്നില്ല; പ്രാർഥനയ്ക്കും ബിസിനസ്സിനും ഒരു സമയമുണ്ടെന്നും നമ്മുടെ ജീവിതത്തിന്റെ സാമൂഹികവും കുടുംബപരവുമായ വശങ്ങള്‍ക്ക് കൃത്യത വേണമെന്നും ഇസ്‌ലാം പറയുന്നു. അച്ചടക്കമുള്ളതും സമതുലിതവുമായ ഒരു ജീവിതശൈലിയിലേക്ക് സ്വയം പ്രോഗ്രാം ചെയ്യാനാണ് ഇസ്‌ലാം നമ്മെ ഉണർത്തുന്നത്.

ഖുര്‍ആനിലെ അല്‍-ജുമുഅ അധ്യായത്തില്‍, ജുമുഅ നിസ്‌കാരത്തിന്റെ കാര്യം പരാമർശിച്ച ശേഷം പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ പറയുന്നുണ്ട്.
(1) നിസ്കാരം ഭൂമിയില്‍ വ്യാപിക്കുക, അഥവാ പുറത്തിറങ്ങുക. (2) അല്ലാഹുവിന്റെ അനുഗ്രഹം തേടുക എന്ന് പറഞ്ഞാൽ ഉപജീവനം അന്വേഷിക്കുക. (3) അല്ലാഹുവിനെ ധാരാളം ഓര്‍ക്കുക( 62:10 ).
നിങ്ങളുടെ മുന്‍ഗണനകള്‍ ശരിയായ ക്രമത്തില്‍ സൂക്ഷിക്കണമെന്ന് ഈ വാക്യം പറയുന്നു: പ്രാർഥനയുടെ സമയത്ത്, പ്രാർഥിക്കുക, ബിസിനസ്സ് സമയത്ത്, ബിസിനസ്സ് ഉത്സാഹത്തോടെ ചെയ്യുക. എന്നിരുന്നാലും, എല്ലാ സമയത്തും ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ബോധവാനായിരിക്കുക.
ഒരു ബുദ്ധിമാനായ മുസ്‌ലിം മൂന്ന് കാര്യങ്ങളിലല്ലാതെ അവന്റെ സമയം ചെലവഴിച്ചു കാണാന്‍ പാടില്ല:
1. അവന്റെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തല്‍.
2. പരലോകത്തിനായി തയാറെടുക്കുക.
3. ദൈവസ്മരണ ആസ്വദിക്കുക.
മൂസാ അല്‍ കാസിം (റ) പറയുന്നു;
നിങ്ങളുടെ പ്രതിദിന സമയം നാല് ഭാഗങ്ങളായി വിഭജിക്കാന്‍ ശ്രമിക്കുക:
1. ദൈവത്തെ ധ്യാനിക്കാനുള്ള സമയം.
2. ഉപജീവനത്തിനുള്ള സമയം.
3. നിങ്ങളുടെ ധാർമിക ബലഹീനതകള്‍ ചൂണ്ടിക്കാണിക്കുകയും നിങ്ങളുമായി സൗഹൃദത്തിൽ ആത്മാര്‍ത്ഥത പുലര്‍ത്തുകയും ചെയ്യുന്ന സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും ഇടപഴകാനുള്ള സമയം.
4. കുടുംബത്തോടൊപ്പ ഹറാം അല്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി നീക്കിവച്ചിരിക്കുന്ന സമയം.
മുഹമ്മദ് അല്‍ ബാകിര്‍ (റ) പറയുന്നു:
വിശ്വാസിയുടെ അടയാളങ്ങളില്‍ നിന്ന് മൂന്ന് കാര്യങ്ങളുണ്ട്:
1. ഉപജീവനം നന്നായി കൈകാര്യം ചെയ്യുക.
2. വിപത്തുകളോട് സുന്ദരമായി ക്ഷമിക്കുക.
3. മതപഠനത്തിലേർപ്പെടുക.

ഇസ്‌ലാമില്‍ രണ്ട് പ്രവണതകളെക്കുറിച്ച് പറയുന്നുണ്ട് : ഇസ്റാഫും തബ്ദീറും. “ഇസ്റാഫ്’ എന്നാല്‍ അമിതമായി ചെലവഴിക്കുകയും കഴിവിനപ്പുറം ജീവിക്കുകയും ചെയ്യലാണ്. അതേസമയം “തബ്ദീര്‍ ‘ എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പാഴാക്കുക എന്നാണ്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും മിതത്വം പ്രധാനമാണ്. ആരാധനകളുടെ കാര്യത്തില്‍ പോലും, സർവശക്തനായ അല്ലാഹു മിതത്വം പാലിക്കാന്‍ പ്രേരിപ്പിക്കുന്നു:
ഒരിക്കല്‍ പ്രിയശിഷ്യൻ സഅ്ദ്(റ) നിസ്‌കാരത്തിന് വുളുവിനായി അമിതമായി വെള്ളം ഉപയോഗിക്കുന്നത് പരിശുദ്ധ പ്രവാചകന്‍(സ്വ) കണ്ടു. റസൂൽ ചോദിച്ചു: “സഅ്ദ് എന്തിനാണ് വെള്ളം പാഴാക്കുന്നത്?’ സഅ്ദ് ആശ്ചര്യപ്പെട്ടു: “വുളുവിന്റെ വെള്ളത്തിലും മിതത്വമുണ്ടോ?’ പരിശുദ്ധ പ്രവാചകന്‍ മറുപടി പറഞ്ഞു: “അതെ; നീ ഒഴുകുന്ന നദിയിലാണെങ്കിൽപോലും!’
പ്രവാചകന്‍ (സ) പറഞ്ഞു:

തീര്‍ച്ചയായും എന്റെ സമൂഹത്തിൽ ചിലര്‍ ഉണ്ട്, അവരുടെ പ്രാർഥനകള്‍ക്ക് ഉത്തരം ലഭിക്കുകയില്ല.
1. മാതാപിതാക്കള്‍ക്കെതിരെ പ്രാർഥിക്കുന്നവൻ.
2. തന്റെ പണം/ വസ്തു കൈക്കലാക്കിയ കടക്കാരനെതിരെ പ്രാർഥിക്കുന്നവൻ.
3. ലോണ്‍ എഗ്രിമെന്റ് എഴുതുകയോ അത് സാക്ഷ്യപ്പെടുത്തുകയോ ചെയ്യാത്ത കടക്കാരന്‍.
4. ഭാര്യയെ തനിയെ വിവാഹമോചനം ചെയ്യാനുള്ള അവകാശം അല്ലാഹു നല്‍കിയിരിക്കെ ഭാര്യക്കെതിരെ പ്രാർഥിക്കുന്നവൻ.

5. വീട്ടില്‍ ഇരുന്ന് “എന്റെ നാഥാ, എനിക്ക് ഉപജീവനം തരേണമേ’ എന്ന് പ്രാർഥിക്കുന്ന വ്യക്തി, എന്നാല്‍ അന്നം തേടാന്‍ പുറപ്പെടുന്നില്ല. അല്ലാഹു പറയും: “എന്റെ അടിമയേ, ആരോഗ്യമുള്ള കൈകാലുകളാല്‍ ഭൂമിയെ അന്വേഷിക്കാനും ഉപയോഗപ്പെടുത്താനും ഞാന്‍ നിങ്ങള്‍ക്ക് മാര്‍ഗം ഒരുക്കിയില്ലേ? [അന്ന് നിങ്ങള്‍ ഇത് ചെയ്തിരുന്നെങ്കില്‍] നിങ്ങള്‍ എന്റെ കല്‍പ്പന പാലിച്ചതിനാല്‍ നിങ്ങളുടെ ഉപജീവനത്തിന് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ ഒഴികഴിവ് ഉണ്ടാകുമായിരുന്നു. നിങ്ങളുടെ കുടുംബത്തിന് നിങ്ങള്‍ ഒരു ഭാരമാകാതിരിക്കാന്‍.’

ഒരു ധനികന്‍ ഇടയ്ക്കിടെ മറ്റുള്ളവർക്കില്ലാത്ത സുഖങ്ങളും സൗകര്യങ്ങളും കൊണ്ട് സ്വയം പെരുമാറുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. എന്നാല്‍ ഇത് അവരുടെ സമ്പത്തിന്റെ ഒരു ചെറിയ തുകയെ മാത്രമേ പ്രതിനിധീകരിക്കുകയുള്ളൂ. ഓരോ തവണയും അയാൾ പണം ഈ രീതിയിൽ ചെലവഴിക്കുമ്പോള്‍, അതേ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നതാണ് എന്തുകൊണ്ടും ഉചിതം.

ഇസ്‌ലാം ജീവിക്കാൻ പ്രേരിപ്പിക്കുന്ന മതമാണ്, അതിലെ പ്രമാണങ്ങളും നിയമങ്ങളും വ്യക്തിക്കും സമൂഹത്തിനും മനുഷ്യന്റെ സന്തോഷത്തിനും വിജയത്തിനും ഊന്നൽ നല്‍കുന്നു. അത് മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങള്‍ക്കും സമ്പൂര്‍ണ്ണത പ്രദാനം ചെയ്യുന്നു. അനുയായികള്‍ക്ക് സമനിലയും മിതത്വവും സമ്മാനിക്കുന്നു.

മിടിപ്പുകള്‍/ ഡോ. ഫാദില

You must be logged in to post a comment Login