‘ഇത് നമ്മുടെ ഭൂമിയാണ്’- അഗാധമായ ഈ തലക്കെട്ട് ഒരു നാടകത്തിന്റേതാണ്. ഭൂമിയെക്കുറിച്ചുള്ള എല്ലാ ആലോചനകളുടെയും തലക്കെട്ടാവേണ്ടത് ഈ ഒരു വാചകമാണ്. ഒന്നിച്ചൊന്നായ്, ഒരു സംഘഗാനത്തില്‍ എന്നപോലെ മുഴങ്ങേണ്ട വാചകം. ഇത് നമ്മുടെ ഭൂമിയാണ്. നമ്മള്‍ മാത്രമേയുള്ളൂ ഈ ഭൂമിക്ക് കാവല്‍. നമുക്ക് സംരക്ഷിക്കണം നമ്മുടെ ഭൂമിയെ എന്നെല്ലാം അര്‍ഥമുല്‍പാദിപ്പിക്കാന്‍ പാങ്ങുള്ള വാചകം. അത് തലക്കെട്ടാക്കി നമുക്ക് കാലാവസ്ഥയെക്കുറിച്ച് സംസാരിക്കാം.
സ്വാന്റെ അരിയാന്യൂസ് (Svante Arrhenius) 1896ലാണ് ആഗോളതാപനത്തെക്കുറിച്ച് മനുഷ്യരാശിക്ക് മുന്നറിയിപ്പ് നല്‍കുന്നത്. fossil fuel combustion may eventually resutl in enhanced global warming എന്നായിരുന്നു അരിയാന്യൂസിന്റെ വാക്കുകള്‍. ഇരുപതാം നൂറ്റാണ്ട് പിറന്നിട്ടില്ല അപ്പോള്‍. വ്യവസായ വിപ്ലവം ബാലാരിഷ്ടത പിന്നിട്ടിട്ടുമില്ല. എന്തിനേറെ ഓസോണ്‍ പാളി എന്ന ഭൗമാവരണം സംബന്ധിച്ച തീര്‍പ്പുകളുമില്ല. പിന്നെയും 17 വര്‍ഷം കഴിഞ്ഞാണ് ചാള്‍സ് ഫാബ്രിയും ഹെന്റി ബ്യുസണും ചേര്‍ന്ന് ഓസോണ്‍ പാളിയെപ്പറ്റി വിവരം നല്‍കുന്നത്. അപ്പോഴും മനുഷ്യന്റെ കയ്യിലിരിപ്പ് ആ പാളിയെ തുളയ്ക്കുമെന്ന് ആരും കണക്കുകൂട്ടുന്നതേയില്ല. 1985 ആയപ്പോഴാണ് ജൊനാഥന്‍ ഷാന്‍ക്ലിന്‍ അമ്മട്ടില്‍ ചില ദ്വാരങ്ങള്‍ കണ്ടെത്തുന്നതും അപകടം പുറത്തറിയിക്കുന്നതും.
സ്വാന്റെ അരിയാന്യൂസ് എന്ന സ്വീഡിഷ് ശാസ്ത്രജ്ഞന്റെ പ്രവചനം ചില അനുമാനങ്ങളില്‍ ഊന്നിയായിരുന്നു. ഭൂമിക്ക് ചൂട് പിടിക്കുന്നു എന്നതായിരുന്നു ഒന്നാം അനുമാനം. നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഉല്‍സര്‍ജനങ്ങള്‍ ഈ ചൂടാവലിനെ അഥവാ ഗ്ലോബല്‍ വാമിങിനെ ഉത്തേജിപ്പിക്കും എന്നായിരുന്നു അരിയാന്യൂസിന്റെ വാദം. അക്കാലം വലിയ തോതില്‍ അതിന് ചെവികൊടുത്തില്ല. പക്ഷേ, ചൂടല്ലേ മനുഷ്യന്‍ കൊണ്ടറിഞ്ഞു. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകി ഭൂമി മുങ്ങിപ്പോകുന്നതിനെക്കുറിച്ച് ഹൈസ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പാഠം വന്നു.
ഹോളിവുഡുകാര്‍ വാട്ടര്‍വേള്‍ഡ് എന്ന പേരില്‍ സംഗതി സിനിമയുമാക്കി. കാര്യങ്ങള്‍ ഇങ്ങനെ പല രൂപങ്ങളില്‍ നടന്നു. കാലാവസ്ഥ എന്നത് മനുഷ്യബാധിതമായ ഒരു സ്ഥലമാണ് എന്ന ബോധം ഉറച്ചു. ഭൂമി എപ്പോഴും ഇങ്ങനെ മനുഷ്യന് വാരിയെടുക്കാന്‍ പാകത്തിലുള്ള പത്തായമല്ല എന്ന് വിവേകികള്‍ മുന്നറിയിപ്പ് നല്‍കി. പക്ഷേ, കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അതൊന്നും മതിയാകില്ല എന്ന് കാലം തെളിയിച്ചു.
കാലാവസ്ഥയെക്കുറിച്ചും ചര്‍വിത ചര്‍വണമെന്ന് അപഖ്യാതിയുള്ള ആഗോളതാപനത്തെക്കുറിച്ചും ഇപ്പോള്‍ സംസാരിക്കാനുള്ള കാരണം ഈജിപ്തില്‍ ഈയിടെ സമാപിച്ച കാലാവസ്ഥ ഉച്ചകോടിയാണ്. കാലാവസ്ഥ ഇപ്പോള്‍ ഒരു അക്കാദമിക് വിഷയമല്ല. അതൊരു വിഭാഗം ശാസ്ത്രജ്ഞരുടെ മാത്രം വ്യവഹാര മേഖലയുമല്ല. ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം നേരിട്ട് ബാധിക്കുന്ന ഒന്നാണ്. കാലാവസ്ഥ ഇപ്പോള്‍ സ്വാഭാവികമായ ഒരു പ്രതിഭാസവുമല്ല. മനുഷ്യന്റെ നാനാവിധത്തിലുള്ള ഇടപാടുകള്‍ അതിന്റെ സ്വാഭാവികതയെ അമ്പേ തകര്‍ത്തിട്ടുണ്ട്. അതിന് പക്ഷേ, മനുഷ്യരാശിയെ പഴിച്ച് ഭൂമിക്ക് ചരമഗീതമെഴുതി പൊട്ടിക്കരയുന്നതിലൊന്നും ഒരര്‍ഥവുമില്ല. മനുഷ്യര്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നുള്ളത് ജന്മവാസനയാണ്. ജീവിതം പടുത്തുയര്‍ത്തുന്നത് അഥവാ ഉയര്‍ത്തേണ്ടത് ശൂന്യാകാശത്തല്ല, ഭൂമിയിലാണ്. ഭൂമിയിലെ മുഴുവന്‍ പടുക്കലുകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭൂമിക്കുമേല്‍ ആഘാതമേൽപ്പിക്കും. അത് ഒഴിവാക്കാന്‍ സാധ്യവുമല്ല. ആഘാതം കുറയ്ക്കാനുള്ള വഴി തേടലാണ് മുഖ്യം. സ്വാഭാവികമായും രാഷ്ട്രങ്ങളും അവരുടെ സംഘടനയായ ഐക്യരാഷ്ട്രസഭയും അതിന് ശ്രമിക്കും. ചര്‍ച്ചകളിലൂടെ എന്ത് ചെയ്യാം എന്ന് ആരായും. അപകടത്തിന്റെ ആഴം സംബന്ധിച്ച അവബോധ നിര്‍മിതിക്ക് ശ്രമിക്കും. ആ ശ്രമമാണ് ഉച്ചകോടികള്‍. പ്രത്യേകിച്ച് 1979 മുതല്‍ ആഗോള കാലാവസ്ഥാ സമ്മേളനവും 1995 മുതല്‍ ഒരു പടികൂടിക്കടന്ന് കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസും നടക്കുന്നുണ്ട്. അതിന്റെ 27-ാം എഡിഷനാണ് മാനവ നാഗരികതയുടെ കളിത്തൊട്ടില്‍ എന്ന് ചരിത്രം വിശേഷിപ്പിക്കുന്ന ഈജിപ്തില്‍ നവംബറില്‍ ചേര്‍ന്നത്. പോയവര്‍ഷം നവംബറില്‍ അത് ഗ്ലാസ്ഗോയിലായിരുന്നു.
കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ് ചെറിയ കാര്യമല്ല. കാലാവസ്ഥ കൈവിട്ട് പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണല്ലോ കാലാവസ്ഥാ ആശങ്കകളും കൂടിയിരിപ്പുകളും സംഭവിക്കുന്നത്. കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസില്‍ അത് തങ്ങളാണ് കാരണക്കാര്‍ എന്ന ബോധത്തിന്റെ അകമ്പടിയുമുണ്ട്. എന്തു ചെയ്യാന്‍ കഴിയും, തങ്ങള്‍ എന്ത് ചെയ്യും എന്നൊക്കെയുള്ള ആരായലുകളാലും ഉത്തരങ്ങളാലും സമൃദ്ധമാണ് സി.ഒ.പി വേദികള്‍. എന്തു ചെയ്യാം എന്ന, അഥവാ തങ്ങള്‍ എന്തൊക്കെ ചെയ്യും എന്നുള്ള പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച വരപോലെ ആകാറുണ്ടെങ്കിലും പ്രഖ്യാപനം നടത്തുന്നു എന്നതുതന്നെ വലിയ കാര്യമാണ.്
സ്വാന്റെ അരിയാന്യൂസിന്റെ നൂറ്റാണ്ട് മുമ്പത്തെ മുന്നറിയിപ്പ് തന്നെയാണ് ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നത്. കാര്‍ബണ്‍ ഉല്‍സര്‍ജനം അന്തരീക്ഷത്തെ കലുഷമാക്കിയിരിക്കുന്നു. സ്വാഭാവികമായും അതിന്റെ വേരുകള്‍ കണ്ണുംപൂട്ടിയുള്ള വികസനത്തിലാണ്. കണ്ണുംപൂട്ടിയുള്ള വികസനം ലാഭത്തെ മുന്‍നിര്‍ത്തിയുള്ള ഒരു പരിപാടിയാണ്. ലാഭം മുന്‍നിര്‍ത്തിയുള്ള കണ്ണുപൂട്ടലിന്റെ മറ്റൊരു പേരാണ് മുതലാളിത്ത വികസനം. അപ്പോള്‍ കാലാവസ്ഥാ പ്രതിസന്ധിയുടെ മൂലകാരണം മുതലാളിത്ത വികസനമാണെന്ന് വരുന്നു. പ്രതിക്കൂട്ടില്‍ മുതലാളിത്ത രാഷ്ട്രങ്ങളുമാണെന്ന് വരുന്നു. കുഴപ്പമുണ്ടാക്കിയവര്‍ പരിഹരിക്കട്ടെ എന്നതാണ് അംഗീകൃതമായ പാരിസ്ഥിതിക നഷ്ടപരിഹാര തത്വം. അത് ഗ്രാമപഞ്ചായത്ത് മുതല്‍ വന്‍കിട രാഷ്ട്രങ്ങള്‍ക്ക് വരെ ബാധകമായ തത്വമാണ്. അതിനാലാണ് ഗ്ലാസ്ഗോയില്‍ സി.ഒ.പി 26ല്‍ നടത്തിയ പ്രഖ്യാപനങ്ങളും കുറ്റസമ്മതങ്ങളുമെല്ലാം വെറും ജലരേഖയായി മാറിയിട്ടും നമ്മള്‍ ഈജിപ്തിലേക്ക് ഗൗരവത്തോടെ കണ്ണയച്ചത്.
കണ്ണയക്കാതിരിക്കാന്‍ ഇനി സാധ്യമല്ല. കാലാവസ്ഥാ വ്യതിയാനം മുന്‍പ് സൂചിപ്പിച്ചതുപോലെ ഇപ്പോള്‍ ഒരു അക്കാദമിക് വ്യവഹാരമല്ല. മറിച്ച് നിത്യജീവിത യാഥാര്‍ഥ്യമാണ്. കാലാവസ്ഥ വംശഹത്യ അഥവാ കാലാവസ്ഥാ കൂട്ടക്കൊല എന്ന വാക്ക് നമ്മെ നടുക്കിക്കൊണ്ട് യാഥാര്‍ഥ്യമായിരിക്കുന്നു. കേരളത്തില്‍ അത് വിശദീകരിക്കേണ്ടതില്ല. നാം പലയിടങ്ങളില്‍ തുടര്‍ച്ചയായി അനുഭവിക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്ന ജീവഹാനിയാണ് കാലാവസ്ഥാ വംശഹത്യ. ഐക്യരാഷ്ട്രസഭയുടെ ഐ.പി.സി.സി റിപ്പോര്‍ട്ട് പ്രകാരം ഭൂമുഖത്തെ പാതിയോളം ജനങ്ങള്‍, ഏതാണ്ട് 360 കോടി മനുഷ്യര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലം അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 13 ലക്ഷം മനുഷ്യരെയാണ് കാലാവസ്ഥാ വ്യതിയാനം കൊന്നൊടുക്കിയത്. മണ്ണിനടിയില്‍ മറഞ്ഞുപോയ നമ്മുടെ അയല്‍ക്കാരും ആ പട്ടികയിലുണ്ട്. നരകത്തിലേക്കുള്ള ഹൈവേ യാത്രയാണ് ഇപ്പോള്‍ ലോകജീവിതമെന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസിന്റെ വാക്കുകള്‍ ഒരു കാല്‍പനിക പ്രയോഗമല്ല എന്നര്‍ഥം.
ഇന്ത്യ തുടക്കം മുതല്‍ കാലാവസ്ഥാ സമ്മേളനങ്ങളുടെ പങ്കാളിയാണ്. ഇത്തവണയും നാമവിടെ സ്ഥാനപ്പെടുത്തി. എട്ട് നിര്‍ദേശങ്ങളാണ് യു.എന്‍.എഫ്.സി.സിക്ക് മുമ്പാകെ നാം സമര്‍പ്പിച്ചത്.
1. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഒരു താക്കോലായി “LIFE’ Lifetsyle For Environment ഉള്‍പ്പെടെയുള്ള ബഹുജന മുന്നേറ്റങ്ങളിലൂടെ, പാരമ്പര്യങ്ങളിലും സംരക്ഷണത്തിന്റെയും മിതത്വത്തിന്റെയും മൂല്യങ്ങളില്‍ അധിഷ്ഠിതമായതുമായ ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതരീതി മുന്നോട്ട് വെക്കുകയും കൂടുതല്‍ പ്രചരിപ്പിക്കുകയും ചെയ്യുക.
2. സാമ്പത്തിക വികസനത്തിന്റെ അനുബന്ധതലങ്ങളില്‍ മറ്റുള്ളവര്‍ പിന്തുടരുന്നതിനെക്കാള്‍ കാലാവസ്ഥാ സൗഹൃദവും വൃത്തിയുള്ളതുമായ പാത സ്വീകരിക്കുക.
3. 2005ലെ നിലവാരത്തില്‍ നിന്ന് 2030 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ തീവ്രത 45 ശതമാനം കുറയ്ക്കുക.
4. ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടില്‍ (GFC) സാങ്കേതികവിദ്യയുടെ കൈമാറ്റം, ചെലവ് കുറഞ്ഞ അന്താരാഷ്ട്ര ധനസഹായം എന്നിവയുടെ സഹായത്തോടെ 2030ഓടെ ഫോസിലേതര ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് സഞ്ചിത (cumulative) വൈദ്യുതോര്‍ജ്ജത്തിന്റെ പ്രതിഷ്ഠാപിതശേഷി 50ശതമാനം കൈവരിക്കും.
5. 2030ഓടെ അധിക വനത്തിലൂടെയും മരവത്കരണങ്ങളിലൂടെയും 2.5 മുതല്‍ 3 ബില്യണ്‍ ടണ്‍ വരെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീക്കംചെയ്യാനുള്ള അധിക കാര്‍ബണ്‍ സിങ്ക് സൃഷ്ടിക്കുക.
6. ക്ഷതസാധ്യതാ മേഖലകളില്‍, പ്രത്യേകിച്ച് കൃഷി, ജലസ്രോതസ്സുകള്‍, ഹിമാലയന്‍ മേഖല, തീരപ്രദേശങ്ങള്‍, ആരോഗ്യം, ദുരന്തനിവാരണം എന്നിവയില്‍, വികസന പരിപാടികളില്‍ നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തോട് കൂടുതല്‍ പൊരുത്തപ്പെടാനുള്ള നടപടികള്‍ സ്വീകരിക്കും.
7. വിഭവാവശ്യങ്ങളും വിഭവ വിടവും (resourcedemand& resourcegap) കണക്കിലെടുത്ത്, മേല്‍പ്പറഞ്ഞ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി ആഭ്യന്തരമായും, വികസിത രാജ്യങ്ങളില്‍ നിന്നും പുതിയതും അധികവുമായ ഫണ്ടുകള്‍ സമാഹരിക്കും.
8. ആധുനിക കാലാവസ്ഥാ സാങ്കേതികവിദ്യയുടെ ദ്രുത വ്യാപനത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനും അത്തരം ഭാവി സാങ്കേതികവിദ്യകള്‍ക്കായി സംയുക്ത സഹകരണ ഗവേഷണവികസനത്തിനും വേണ്ടിയുള്ള ആഭ്യന്തര ചട്ടക്കൂടും അന്താരാഷ്ട്ര രൂപകല്പനയും നിർമിക്കുക.
(പരിഭാഷയ്ക്ക് കടപ്പാട്: ട്രാന്‍സിഷന്‍ സ്റ്റഡീസ് കേരള).
ഇന്ത്യ കാലാവസ്ഥാ സമ്മേളനത്തെ ഗൗരവതരമായി കാണുന്നു എന്നതിന്റെ സൂചന തന്നെയാണ് ഈ നിര്‍ദേശങ്ങള്‍. എന്നാല്‍ ഗുരുതരമായ കാര്യം ഗ്ലാസ്ഗോയില്‍ നടന്ന സി.ഒ.പി 26ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ പ്രസ്താവനയിലെ മുക്കാല്‍ മുണ്ടാണിയും വിഴുങ്ങിയ സൂചനയാണ് ഈ നിര്‍ദേശങ്ങളില്‍ ഉള്ളത് എന്നതാണ്. ഉദാഹരണത്തിന് 2030ഓടെ ഇന്ത്യ അതിന്റെ ഊര്‍ജ്ജ ആവശ്യകതകളുടെ 50% പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിന്ന് നിറവേറ്റും എന്ന വാഗ്ദാനം നോക്കുക. അമ്മട്ടിലുള്ള ഒരു ചുവടും നമ്മുടെ രാജ്യം മുന്നോട്ടുവെച്ചതായി അനുഭവമില്ല. മൊത്തത്തില്‍ ഇത്തരം ഉച്ചകോടികള്‍ പ്രഖ്യാപനങ്ങളുടേതായി മാറുന്നു എന്ന ആശങ്ക ഉറപ്പിക്കാന്‍ മാത്രമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണമായി കഴിഞ്ഞ വര്‍ഷത്തെ ഗ്ലാസ്ഗോ ഉച്ചകോടി നോക്കാം. അവിടത്തെ പ്രഖ്യാപനങ്ങള്‍ നോക്കാം:
“ലോകത്തെ വനസമ്പത്തിന്റെ 85 ശതമാനവുമുള്ള 100ലധികം രാഷ്ട്രങ്ങള്‍ ഒത്തുചേര്‍ന്ന് 2030 നുള്ളില്‍ തങ്ങളുടെ രാജ്യങ്ങളിലെ വനനശീകരണം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ആവശ്യത്തിലേക്ക് 19.2 ബില്യന്‍ ഡോളര്‍ സമാഹരിക്കുമെന്നും പ്രഖ്യാപിച്ചു (ഇന്ത്യ ഇതില്‍ നിന്ന് വിട്ടുനിന്നു.)
100 ലധികം രാജ്യങ്ങള്‍ രണ്ടാമത്തെ ഏറ്റവും വലിയ ഹരിതഗൃഹ വാതകമായ മീഥെയിന്‍ ഉത്സര്‍ജനം 2030 ഓടെ 30 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു (ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങള്‍ ഈ പ്രഖ്യാപനത്തില്‍ പങ്കുചേര്‍ന്നില്ല.)
ഊര്‍ജ ഉല്പാദനത്തിന് കല്‍ക്കരിയെ കൂടുതലായി ആശ്രയിക്കുന്ന വിയറ്റ്നാം, പോളണ്ട്, ചിലി ഉള്‍പ്പെടെയുള്ള 40 ല്‍ അധികം രാഷ്ട്രങ്ങള്‍ കല്‍ക്കരി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. 450 ധനകാര്യ സ്ഥാപനങ്ങള്‍ പുതുക്കാവുന്ന ഊര്‍ജ ഉല്പാദനത്തിന് സഹായം നല്‍കാനും ഫോസില്‍ ഇന്ധനമുപയോഗിച്ചുള്ള ഊര്‍ജ ഉല്പാദനത്തിനു ധനസഹായം നല്‍കാതിരിക്കാനുമുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു.
ചൈനയും അമേരിക്കയും വരുന്ന ഒരു ദശാബ്ദക്കാലം കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനുള്ള തങ്ങളുടെ ഒരു തീരുമാനവും പ്രഖ്യാപിച്ചു. എന്നിട്ടോ? എന്നിട്ടൊന്നുമില്ല. പക്ഷേ, ആലോചിക്കേണ്ട ഒന്നാണ് കാലാവസ്ഥ എന്ന് മനസ്സിലാക്കുകയെങ്കിലും ചെയ്തല്ലോ. ഇന്ത്യയുടെ നിലപാട് നരേന്ദ്രമോഡി നേരിട്ടെത്തിയാണ് അവതരിപ്പിച്ചത്: “ഇന്ത്യയുടെ ഫോസിലേതര ഊര്‍ജ ഉല്പാദന ശേഷി 2030 ഓടെ 500GWലെത്തിക്കും. 2030 ഓടെ ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങളുടെ 50 ശതമാനവും പുതുക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാക്കും.
കാര്‍ബണ്‍ ഉത്സര്‍ജനത്തില്‍ 2030നകം ഒരു ബില്യണ്‍ ടണ്ണിന്റെ കുറവ് വരുത്തും. 2030 ഓടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കാര്‍ബണ്‍ ഉൽസര്‍ജന തീവ്രതയില്‍ (Emission intenstiy) 45% കുറവ് വരുത്തും. ഇതിനു പുറമെ 2070 ഓടെ കാര്‍ബണ്‍ തുലിതാവസ്ഥ (Net zero emission) കൈവരിക്കും.’ എന്നിങ്ങനെ പോയി മോഡിയുടെ പ്രഖ്യാപനം. കാര്യമായി ഒന്നും ചെയ്തില്ല. പക്ഷേ, പ്രഖ്യാപിക്കാന്‍ ആലോചിച്ചല്ലോ. അതൊരു മാറ്റമാണ്.
ഇനി ഈജിപ്തിലേക്ക് വരാം. ഈ ഉച്ചകോടിയിലും നമ്മുടെ ഇന്ത്യ നിലപാട് ആവര്‍ത്തിച്ചു. രാജ്യങ്ങള്‍ കല്‍ക്കരി മാത്രമല്ല, മറ്റ് ഫോസില്‍ ഇന്ധനങ്ങളും ഘട്ടംഘട്ടമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പ്രകൃതിവാതകവും എണ്ണയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിന് കാരണമാകുന്നു, കല്‍ക്കരിയെ മാത്രം വില്ലനെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല എന്ന വാദവും നമ്മളുയര്‍ത്തി. 2070ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യമുള്ള ദീര്‍ഘകാല തന്ത്രവും ഇന്ത്യ പ്രഖ്യാപിച്ചു. സംയോജിതവും കാര്യക്ഷമവുമായ കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമന ഗതാഗത സംവിധാനം വികസിപ്പിക്കും. നഗരങ്ങളിലെ കെട്ടിടങ്ങളുടെ രൂപകല്‍പ്പന, ഊര്‍ജം, കാര്യക്ഷമത എന്നിവയിലെ പൊരുത്തപ്പെടുത്തല്‍ നടപടികള്‍ പ്രോത്സാഹിപ്പിക്കും. 2030 ആകുമ്പോഴേക്കും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ കാര്‍ബണ്‍ പുറന്തള്ളല്‍ തീവ്രത 45 ശതമാനം കുറച്ച് 2005ലെ നിലയിലേക്ക് താഴ്ത്തും. 2030ഓടെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 50 ശതമാനം ഫോസില്‍ ഇതര ഊര്‍ജസ്രോതസ്സുകളില്‍ നിന്നായിരിക്കും. 2030ഓടെ അധികവനത്തിലൂടെയും വനവത്കരണത്തിലൂടെയും 2.5 മുതല്‍ 3 ബില്യണ്‍ ടണ്‍വരെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നീക്കംചെയ്യാന്‍ അവസരം സൃഷ്ടിക്കും എന്നിങ്ങനെ നീണ്ടു നമ്മുടെ പ്രഖ്യാപനം.
ക്രോണി ക്യാപിറ്റലിസത്തിന്റെ കൊടുംകാലമാണ്. അദാനി യുഗമാണ്. ലാഭത്തില്‍ മാത്രമാണ് കണ്ണ്. കവി പി പി രാമചന്ദ്രന്‍ എഴുതിയപോലെ ലോറിയില്‍ കയറാന്‍ ക്യൂ നില്‍ക്കുകയാണ് കുന്നുകള്‍. കോടാനുകോടിയുടെ നിര്‍മാണത്തിലാണ് ഭരണകൂടത്തിന്റെ കണ്ണ്. കല്‍ക്കരി ഏതാണ്ട് സ്വകാര്യവത്കരിച്ചു. വനങ്ങള്‍ വില്‍ക്കപ്പെട്ടു. മാവോയിസ്റ്റ് മറവില്‍ കാടുകള്‍ ഖനികളായി മാറ്റപ്പെട്ടു. എങ്കിലും കാലാവസ്ഥയെക്കുറിച്ച് നാം ആലോചിക്കാന്‍ തുടങ്ങി എന്നത് ചെറിയ കാര്യമല്ല.
ഈജിപ്തില്‍ നിന്നുള്ള ഏറ്റവും ശുഭകരമായ വാര്‍ത്ത കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര ഫണ്ടിനെ സംബന്ധിച്ച മൂര്‍ത്തമായ തീരുമാനങ്ങളാണ്. ടി ചന്ദ്രമോഹന്‍ എഴുതുന്നു: “ആഗോളതാപനം ഉള്‍പ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് ഉത്തരവാദികളായ വികസിത രാജ്യങ്ങള്‍, പാരിസ്ഥിതിക പ്രതിസന്ധികള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നതായിരുന്നു സമ്മേളനത്തിലെ മുഖ്യ ചര്‍ച്ച. പതിനെട്ടിന് അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി ഒരു ദിവസംകൂടി നീട്ടിയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലം അനുഭവിക്കുന്ന ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ നാശനഷ്ട നിധി (ലോസ് ആന്‍ഡ് ഡാമേജ് ഫണ്ട്) രൂപീകരിക്കാനുള്ള ധാരണയായത്. ദരിദ്രരാജ്യങ്ങളെ ഫോസില്‍ ഇതര പുനരുപയോഗ ഊര്‍ജത്തിലേക്ക് മാറ്റുന്നതിനും കാലാവസ്ഥക്കെടുതികള്‍ നേരിടുന്നതിനും മുമ്പ് രൂപപ്പെടുത്തിയ കാലാവസ്ഥാ ധനസഹായഫണ്ടിന് പുറമെയാണ് പുതിയ നിധി. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തിയുണ്ടായെങ്കിലും പ്രായോഗിക തലത്തില്‍ ഇതെങ്ങനെ നടപ്പാകും, വിഹിതം നല്‍കേണ്ട രാജ്യങ്ങള്‍ ഏത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരുംനാളുകളില്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ അമ്പതിനായിരം കോടി ഡോളര്‍ സമാഹരിക്കണമെന്നാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത്. ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ജര്‍മനി, സ്‌കോട്ട് ലാന്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയും വികസന ബാങ്കുകളും വിഹിതം നല്‍കും. എന്നാല്‍, ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്ന അമേരിക്ക ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചൈന, ഇന്ത്യ, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും വിഹിതം നല്‍കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം 55 ദരിദ്രരാജ്യത്തിന് ഇതുവരെ 52,500 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ഈ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരഉല്‍പ്പാദനത്തിന്റെ (ജിഡിപി) 20 ശതമാനമാണിത്. 2030ഓടെ പ്രതിവര്‍ഷം 58,000 കോടി ഡോളറിന്റെ നാശനഷ്ടം ഉണ്ടാകുമെന്നും വിലയിരുത്തി” ( ദേശാഭിമാനി-2022 നവംബര്‍ 22).
ഇതെല്ലാം പക്ഷേ, താല്‍ക്കാലികങ്ങളാണ്. നാശത്തിന് നഷ്ടപരിഹാരത്തെക്കാള്‍ നല്ലത് നാശത്തെ ഇല്ലാതാക്കലാണ്. അതിനു പക്ഷേ, വികസിത -മുതലാളിത്ത രാജ്യങ്ങളുടെ നയം മാറണം. ഇത് നമ്മുടെ ഭൂമിയാണെന്ന് അവരും പറയാറുണ്ട്. അതിന്റെ ഊന്നല്‍ പക്ഷേ, മറ്റാരുടെയും അല്ല എന്നാണ്. ആ ഊന്നലിന് കാരണം അവരുടെ സാമ്പത്തിക രാഷ്ട്രീയമാണ്. നമ്മുടെ മാത്രം ഭൂമിയാണ് നമുക്ക് കുഴിച്ചെടുക്കാനുള്ള ഭൂമിയാണ് എന്ന ഊന്നലാണ് മാറേണ്ടത്. ഇത് നമ്മുടെ ഭൂമിയാണ് എന്ന വാക്കിന് ആധുനിക വികസനവാദം കല്‍പിക്കുന്ന അര്‍ഥമാണ് മാറേണ്ടത്. ഭൂമിയുടെ കാര്യമല്ലേ, നമ്മുടെ നിലനിൽപ്പിന്റെ കാര്യമല്ലേ കാത്തിരിക്കാം.
കെ കെ ജോഷി
You must be logged in to post a comment Login