വ്യാജ വാർത്ത: രാഷ്ട്രീയ തന്ത്രത്തിന്റെ സുരക്ഷിതത്വം കിട്ടുമ്പോൾ
അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വാർത്തകളോട് പൊതുവേ വലിയ എതിർപ്പൊന്നും പ്രകടിപ്പിക്കാത്ത സാഹചര്യമാണ് നിലവിൽ ഇന്ത്യയിലുള്ളത്.
ടെലിവിഷൻ സംവാദങ്ങളെയും അതിലെ വാർത്താ അവതാരകരെയും പറ്റി പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർസെപ്ഷൻ സ്റ്റഡീസിന്റെ സ്ഥാപകയും ഡയറക്ടറും എഴുത്തുകാരിയുമായ കോട്ട നീലിമയുടെ അഭിപ്രായത്തിൽ ടെലിവിഷനിലൂടെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ഇന്ന് സർവ സാധാരണമായ കാര്യമാണ്.
“ചില പ്രത്യേക അജണ്ടകൾ മാത്രം പ്രചരിപ്പിക്കുന്നതിനായി വാസ്തവ വിരുദ്ധമായ വിവരങ്ങൾ തുടർച്ചയായി ടെലിവിഷനിലെ വാർത്തകളിലൂടെയും സംവാദങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന രീതി ഇന്നുണ്ട്. സർക്കാരിനോ രാജ്യത്തെ ഏതെങ്കിലുമൊരു പൗരനോ അതിനോട് എതിർപ്പുണ്ടായാൽപ്പോലും ഈ വ്യാജ വാർത്തകളുടെ ഒഴുക്കിനെ തടയുക എന്നത് നിലവിൽ ഏതാണ്ട് അസാധ്യമാണെന്ന് തന്നെ പറയേണ്ടി വരും.’- നീലിമ പറയുന്നു.
സകല ആധികാരികതയുടെയും ഭാരം ചുമക്കുന്ന നമ്മുടെ വാർത്താ അവതാരകർക്ക്, തങ്ങളെ വീക്ഷിക്കുന്ന പ്രേക്ഷകന് വേണ്ടിയും അയാളെ പ്രതിനിധീകരിച്ചും ദൈനംദിന കാര്യങ്ങൾ വിശകലനം ചെയ്യേണ്ട ഉത്തരവാദിത്വം വന്നു ചേരുന്നുണ്ട്. വാസ്തവ വിരുദ്ധമായ വിവരങ്ങളാൽ നിറഞ്ഞ ടെലിവിഷൻ വാർത്തകളിലൂടെ ചില അജണ്ടകൾക്ക് സാധുത ലഭിക്കുന്നു എന്നതും ഇതിന് കാരണമാവാം എന്ന് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ മീഡിയ ആന്റ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിസിറ്റിങ് ഫെലോയും, അടുത്തിടെ പുറത്തിറങ്ങിയ ‘സോഷ്യൽ മീഡിയ ആന്റ് ഹേറ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ റാം ഭട്ട് പറയുന്നു.
“വ്യാജ വാർത്തയെ കേവലം ഒരൊറ്റ മെസേജോ സാമൂഹിക മാധ്യമ പോസ്റ്റോ ആയി മാത്രം കണക്കാക്കുന്നത് കൊണ്ടാണ് അതിന്റെ വ്യാപ്തി തിരിച്ചറിയാനാവാതെ പോവുന്നത്. സത്യത്തിൽ ടെലിവിഷനും സാമൂഹിക മാധ്യമങ്ങളും എല്ലാം ഉൾപ്പെടുന്ന ഒരു മാധ്യമ പരിസ്ഥിതിക്ക് അകത്ത് നിരന്തരം ഒഴുകിക്കൊണ്ടേയിരിക്കുന്ന വിവര സ്രോതസ്സാണിത്’ – ഭട്ട് പറയുന്നു.
ഈ പരിസ്ഥിതിക്കുള്ളിൽ ടെലിവിഷൻ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾക്ക് ഒരു പ്രത്യേകമായ വ്യാപ്തി ഉണ്ടാക്കാനാവും. വ്യക്തിപരമായ തലത്തിൽ ഉപയോഗിക്കപ്പെടുന്ന സാമൂഹിക മാധ്യമങ്ങളെക്കാൾ പരസ്പരം പങ്കുവച്ചുകൊണ്ടുള്ള പരിസ്ഥിതിയിൽ ഉപയോഗിക്കപ്പെടുന്ന ടെലിവിഷൻ കൂടുതൽ മാരകമായ ഫലമാണുണ്ടാക്കുന്നതെന്നും ഭട്ട് കൂട്ടിച്ചേർത്തു.
ടെലിവിഷൻ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ നിന്നാണ് തങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സ്രോതസ്സ് കണ്ടെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് പോലെ ഇന്ത്യയിലും ബിജെപി വ്യാജ വാർത്തയെ തങ്ങളുടെ ഒരു രാഷ്ട്രീയ ആയുധമായിത്തന്നെ ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ തന്നെ ഇക്കാര്യം മുൻപൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.
“മധരുമുള്ളതോ കയ്പേറിയതോ, സത്യമോ നുണയോ എന്തുമാവട്ടെ, നമുക്ക് ആവശ്യമായ ഏതൊരു സന്ദേശവും ജനമധ്യത്തിലേക്ക് എത്തിക്കാൻ സാധിക്കും’ എന്ന് 2018 സെപ്റ്റംബറിൽ ബിജെപി പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അമിത് ഷാ വ്യക്തമാക്കിയിരുന്നു.
സർക്കാരിന് അനുകൂലമായി പ്രവർത്തിക്കുന്ന വാർത്താ ചാനലുകളുടെ മാത്രമല്ല, പ്രധാനമന്ത്രി ഉൾപ്പെടെ ഭരണപക്ഷത്ത് ഇരിക്കുന്ന പാർട്ടിയുടെ വക്താക്കൾ പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധ വാർത്തകളും പലപ്പോഴും സത്യമല്ലെന്ന് സ്ഥിരീകരിക്കപ്പെട്ടപ്പോഴും അവയക്കെതിരെ നിയമ നടപടികൾ ഉണ്ടാവാതെ പോയ ഉദാഹരണങ്ങൾ ഇന്ത്യയിൽ നിരവധിയാണെന്ന് ഫാക്ട് ചെക്കിങ് രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഇങ്ങനെ എത്ര തവണ ആവർത്തിച്ചു എന്നു പോലും എണ്ണിയെടുക്കാനാവാത്ത അത്രയേറെ തവണയാണ് വ്യാജ വാർത്തകൾക്ക് പ്രചാരം ലഭിച്ചിട്ടുള്ളത്.
ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി 2019 വരെ പലപ്പോഴായി 43 തവണയാണ് വാസ്തവമല്ലാത്ത വാദങ്ങളും തെറ്റിദ്ധാരണാജനകമായ വിവരങ്ങളും പറഞ്ഞതെന്ന് ഫാക്ട്ചെക്കർ. ഇൻ എന്ന വെബ്സൈറ്റ് പറയുന്നു.
അപകീർത്തിപ്പെടുത്തൽ കേസിന് പിന്നാലെ 48 മണിക്കൂറിനകം നടന്ന പൊലീസ് റെയ്ഡ്
തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിച്ച് ആവശ്യമില്ലെന്ന് തോന്നുന്നവ നീക്കം ചെയ്യാനുള്ള സവിശേഷ അധികാരം ബിജെപി വക്താവായ മാൾവിയയ്ക്ക് മെറ്റ നൽകിയിരുന്നതുമായി ബന്ധപ്പെട്ട് ‘ദ വയർ’ ഏതാനും വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തകൾ അവർ തന്നെ പിൻവലിച്ചതിനു ശേഷമാണ് വയറിന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം കെ വേണു, സിദ്ധാർഥ് ഭാട്ടിയ, ഡെപ്യൂട്ടി എഡിറ്റർ ജാൻവി സെൻ, ബിസിനസ് വിഭാഗം മേധാവി മിഥുൻ കിടംബി എന്നിവരുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നത്.
കെട്ടിച്ചമച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് തങ്ങൾ പ്രസിദ്ധീകരിച്ച വാർത്തകൾ എഴുതപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിന് പുറകേ ഒക്ടോബർ 23-ാം തിയതി അവർ തങ്ങളുടെ വെബ്സൈറ്റിൽ നിന്ന് ഇതേ വാർത്തകൾ പിൻവലിച്ചിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ഒക്ടോബർ 29-ാം തിയതി, വയറിലെ അഞ്ച് അംഗങ്ങൾക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഇതേത്തുടർന്നുള്ള 48 മണിക്കൂറുകൾക്കുള്ളിലാണ് മേൽ വിവരിച്ച വയർ ജീവനക്കാരുടെ വീടുകൾ റെയ്ഡിന് വിധേയമായത്.
ഇന്ത്യൻ പീനൽ കോഡിലെ വഞ്ചനാക്കുറ്റം (സെക്ഷൻ 420), വഞ്ചിക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കൽ (സെക്ഷൻ 468), പേര് കളങ്കപ്പെടുത്താനുള്ള ശ്രമം (സെഷൻ 469), വ്യാജരേഖ/ഇലക്ട്രോണിക് രേഖ ചമച്ചു കൊണ്ടുള്ള വഞ്ചനാശ്രമം (സെക്ഷൻ 471), അപകീർത്തിപ്പെടുത്തൽ (സെക്ഷൻ 500), കുറ്റകരമായ ഗൂഢാലോചന (സെക്ഷൻ 120 B), പ്രസ്തുത ഉദ്ദേശ്യത്തോടു കൂടി കൂട്ടം ചേർന്നുള്ള ഗൂഢാലോചന (സെക്ഷൻ 34) എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
കുറ്റക്കാരെന്ന് തെളിയിക്കപ്പെടുന്ന പക്ഷം 7 വർഷം വരെ ജയിൽ ശിക്ഷയും പിഴയും ചുമത്താൻ സാധ്യതയുണ്ട്.
“ദ വയറി’നെതിരായ ഇത്തരത്തിലുള്ള നടപടികൾ ആശ്ചര്യപ്പെടുത്തുന്നതാണ്. സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്ന തത്വം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായി അവർ തന്നെ പ്രസ്തുത ലേഖനങ്ങൾ പിൻവലിച്ചിരുന്നു. പക്ഷേ, ഇപ്പോൾ ഇരട്ട ശിക്ഷ ലഭിച്ചത് പോലെയായിരിക്കുകയാണ്. തങ്ങളുടെ സ്വന്തം പ്രവൃത്തിയിൽ ഉണ്ടായ അലംഭാവത്തിനുള്ള പിഴയായി അവർ ലേഖനങ്ങൾ പിൻവലിച്ചെങ്കിലും ഇപ്പോൾ സർക്കാരും വയറിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്’- നീലിമ പറയുന്നു.
സർക്കാർ പക്ഷം സുരക്ഷിതം
മുൻപ് സൂചിപ്പിച്ച 22 കേസുകളിൽ രണ്ടേ രണ്ട് എണ്ണത്തിൽ മാത്രമാണ് എൻബിഡിഎസ്എ യുടെ നിർദേശപ്രകാരം പ്രക്ഷേപകർ 50,000 രൂപ പിഴയടച്ചത്. റിട്ടയേർഡ് സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രിയാണ് എൻബിഡിഎസ്എ യുടെ തലവൻ. ചില തിരഞ്ഞെടുക്കപ്പെട്ട മാധ്യമ സ്ഥാപനങ്ങൾ മാത്രമാണ് ഇത്തരം ശിക്ഷാ നടപടികൾക്ക് വിധേയരാവേണ്ടി വരുന്നത് എന്നത് ചില മുൻ നിശ്ചയങ്ങൾ പ്രകാരമാണ്.
ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ചാനലുകളിൽ വാസ്തവ വിരുദ്ധമായ വാർത്തകൾ വരുന്നതും തികച്ചും പക്ഷപാതപരമായ എഡിറ്റോറിയൽ നിലപാടുകൾ പിന്തുടരുന്നതും വളരെ സ്വാഭാവികമായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ ‘ദ വയറി’നെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികൾ അമ്പരപ്പിക്കുന്നതാണെന്ന് നീലിമ പറയുന്നു.
ടെലിവിഷൻ ചാനലുകളിലെ വാർത്താ സംവാദത്തെപ്പറ്റി 2022 ജൂൺ 10ന് നീലിമയുടെ ഐപിഎസ് നടത്തിയ ഒരു വിശകലനമനുസരിച്ച് സാമുദായിക പ്രശ്നങ്ങൾക്ക് വേണ്ടിയാണ് ഈ സംവാദങ്ങളുടെ സമയത്തിന്റെ 76 ശതമാനവും ചെലവഴിക്കുന്നത് എന്ന് വ്യക്തമായി. അതേസമയം എൻബിഡിഎസ്എ പുറത്തുവിട്ട വിവരങ്ങളനുസരിച്ചും ഈ വ്യാജവാർത്തകളിൽ ഏറിയ പങ്കും സാമുദായിക വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാണ്.
മുസ്‌ലിം വിരോധ വാർത്തകളും വ്യാജ വാർത്തകളും നല്കി കുപ്രസിദ്ധി നേടിയ സുദർശൻ ന്യൂസിന്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് 2020ൽ നീലിമ ഉൾപ്പെടെ ചിലർ നല്കിയ പരാതിയെത്തുടർന്ന് സുപ്രീം കോടതി ഇടപെട്ട് ഈ ചാനലിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചിരുന്നു. ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ സിവിൽ സർവീസിൽ മുസ്‌ലിംകളെ പരമാവധി ഉൾപ്പെടുത്താനുള്ള ഗൂഢാലോചന സജീവമാണെന്ന തരത്തിൽ വാർത്ത പ്രക്ഷേപണം ചെയ്തതിന് എതിരെയാണ് സുദർശൻ ന്യൂസിനെതിരെ പരാതി ഉയർന്നത്.
ഒരു പ്രത്യേക സമുദായത്തെ ഇതിലൂടെ ലക്ഷ്യം വച്ചെന്നും ഇത്തരം അജണ്ടകളിലൂന്നി രാജ്യത്തിന് മുന്നോട്ട് പോവാൻ സാധിക്കില്ലെന്നുമുള്ള സന്ദേശം മറ്റു മാധ്യമങ്ങളിലേക്കും എത്തണം എന്നാണ് വിധി പുറപ്പെടുവിച്ചു കൊണ്ട് അന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.
ഈ ചാനലിൽ യാതൊരു വിധ സർക്കാർ സെൻസറിങും നടന്നിരുന്നില്ല. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, സുദർശൻ ചാനലിന്റെ ഉള്ളടക്കത്തിന് ചില പ്രശ്നങ്ങളുണ്ടെന്നും അവ പ്രകോപനപരമാണെന്നും സാമുദായിക ഐക്യത്തെ തകർക്കാൻ ഇടയുണ്ടെന്നുമാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ബോധിപ്പിച്ചത്.
ഇനി മുതലെങ്കിലും സൂക്ഷിക്കണമെന്നും അനുയോജ്യമായ വിധത്തിൽ മാറ്റം വരുത്തി വേണം ഉള്ളടക്കം നൽകാനെന്നുമാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അന്ന് ചാനലിന് നൽകിയ മുന്നറിയിപ്പ്.
ഉള്ളടക്കം പിൻവലിക്കണമെന്ന് എൻബിഡിഎസ്എ നിർദേശിച്ച ഈ 22 കേസുകളിൽ ചിലതിനെ വളരെ സൂക്ഷ്മമായി പരിശോധിച്ചാൽ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ മാത്രം ചില ചാനലുകൾ നിയന്ത്രണ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് എങ്ങനെയെന്ന് മനസിലാക്കാനാവും. പൊലീസിന്റെ ഭാഗത്ത് നിന്ന് താക്കീതുകൾ ഉണ്ടായാൽപ്പോലും ഈ ചാനലുകൾക്ക് തങ്ങളുടെ ഉള്ളടക്കവുമായി മുന്നോട്ട് പോകാനാവും എന്നതാണ് സത്യം.
കുനാല്‍ പുരോഹിത്
You must be logged in to post a comment Login