പാദുഷ ബീഗത്തിന്റെ കഥ

പാദുഷ ബീഗത്തിന്റെ കഥ

നിസാമുദ്ദീന്‍ ദര്‍ഗ കോമ്പൗണ്ടില്‍ ഒരു വിശ്രുതവനിതയുടെ ഖബറുണ്ട്, അമീര്‍ ഖുസ്രുവിന്റെ മസാറിന് ചാരത്തുള്ള കെട്ടിടത്തില്‍. ആ വനിതയുടെ പേര് ബീഗം ജഹനാര. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും ബീഗം മുംതാസിന്റെയും മൂത്തപുത്രി. ഷാജഹാൻ- മുംതാസ് ബന്ധത്തില്‍ ജഹനാരയെക്കൂടാതെ അഞ്ചുമക്കള്‍. ദാരാ ഷൂക്കോവ്, ഷാ ഷൂജ, ഔറംഗസേബ്, മുറാദ് ബക്ഷ്, റോഷ്‌നാര. ഷാജഹാന്റെ ഭരണത്തില്‍ ഏറ്റവും സ്വാധീനമുള്ള വനിത ബീഗം ജഹനാര ആയിരുന്നു. പ്രിയപത്‌നി മുംതാസിന്റെ വിയോഗത്തില്‍ ഉലഞ്ഞുപോയ ഷാജഹാനെ ഭരണകാര്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജഹനാരയാണെന്ന് ചരിത്രം. മാതാവിന്റെ മരണത്തിനുപിറകേ കൊട്ടാരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും അവര്‍ തന്നെ. ജഹനാരക്ക് അപ്പോള്‍ പ്രായം പതിനേഴുവയസ്സ്.

1657-ല്‍ ഷാജഹാന്‍ അറുപത്തിആറാമത്തെ വയസില്‍ രോഗബാധിതനായി. അതോടെ മക്കള്‍ക്കിടയില്‍ അധികാരത്തര്‍ക്കം ഉടലെടുത്തു. ആണ്മക്കളില്‍ മൂത്തവനായ ദാരാ ഷുക്കോവിനോടായിരുന്നു ഷാജഹാന് പ്രിയം. ജഹനാരയുടെ മനസും ദാരയോടൊപ്പമായിരുന്നു. മുഗള്‍രാജവംശത്തിലെ പെണ്മക്കള്‍ വിവാഹിതരാകാന്‍ പാടില്ലെന്നൊരു നിയമം കൊണ്ടുവന്നിരുന്നു അക്ബര്‍ ചക്രവര്‍ത്തി. അധികാരത്തിനുവേണ്ടിയുള്ള വടംവലികള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നിയമം പടച്ചത്. ഷാജഹാന് പിറകെ അധികാരമേറ്റാല്‍ ആ നിയമം എടുത്തുകളയുമെന്ന് ദാരാ മൂത്തസഹോദരിക്ക് ഉറപ്പുനല്‍കിയിരുന്നു. ബീഗം ജഹനാര ദാരയോട് അനുഭാവം പുലര്‍ത്തിയതില്‍ ഇതും ഒരു ഘടകമായിരിക്കണം. മുഗള്‍സാമ്രാജ്യത്തിന്റെ സാമന്തനായിരുന്ന ദുലേറിനോട് മനസ്സില്‍ മുളപൊട്ടിയ ഇഷ്ടം വിവാഹത്തില്‍ കലാശിക്കണം എന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ആ സ്വപ്‌നത്തിന്റെ തിരശ്ശീലയിട്ടു.

മക്കള്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ വിജയം ഔറംഗസേബിനായിരുന്നു. ദാരായും മുറാദും വധശിക്ഷക്ക് വിധേയമാക്കപ്പെട്ടു. ഷാജഹാന്‍ ആഗ്രാകോട്ടയില്‍ തടവിലാക്കപ്പെട്ടു. ജഹനാര പിതാവിനെ അനുഗമിച്ചു, തടവറയില്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു. റോഷ്‌നാരയാകട്ടെ ഔറംഗസേബിനൊപ്പം നിന്നു. 1666-ല്‍ ഷാജഹാന്‍ രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടു. അതിനുശേഷവും പതിനാലുവര്‍ഷം ജഹനാര തടവറയില്‍ കഴിഞ്ഞു. പിന്നീട് ഔറംഗസേബുമായി സന്ധി ചെയ്ത് പുറത്തുവരികയും കൊട്ടാരകാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു. ആഗ്രാകോട്ടയിലെ തടവറക്കാലത്ത് അവരെഴുതിയതെന്നു കരുതപ്പെടുന്ന ആത്മകഥ ഇരുനൂറു വര്‍ഷങ്ങള്‍ക്ക് ശേഷം, ഫ്രഞ്ച് ചരിത്ര ഗവേഷക ആന്‍ഡ്രിയ ബൂട്ടന്‍സണ്‍ (Andrea Butenschon) ജാസ്മിന്‍കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. അപൂര്‍ണവും അവ്യക്തവുമാണ് ആ ജീവിതമെഴുത്ത്. ജഹനാര തന്നെ അതിലെ ചില പ്രധാനഭാഗങ്ങള്‍ നശിപ്പിച്ചു എന്നാണ് കണക്കാക്കപ്പെടുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവം വെച്ചുനോക്കുമ്പോള്‍ ജഹനാരയുടേത് എന്ന് പറയാമെങ്കിലും സൂഫി ആശയങ്ങളില്‍ ആകൃഷ്ടയായിരുന്ന അവര്‍ സഹോദരന്‍ ഔറംഗസേബിനെ കഠിനവാക്കുകളില്‍ നിന്ദിക്കുമെന്നു കരുതുക വയ്യ. ഔറംഗസേബ് മതജീവിതം നയിച്ചിരുന്നയാളാണ് എന്നാണ് ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നത്. പക്ഷേ, ജഹനാരയുടെ ആത്മകഥയിലും പില്‍ക്കാല ചരിത്രരചനയിലും ഔറംഗസേബ് പൈശാചികമായാണ് അവതരിപ്പിക്കപ്പെടുന്നത്. വെറുപ്പല്ല, സ്‌നേഹമാണല്ലോ സൂഫിസത്തിന്റെ സത്ത. ആ നിലക്ക്, കണ്ടെടുക്കപ്പെട്ട രേഖയിലുള്ളത് അവരുടെ തന്നെ എഴുത്താണോ എന്ന സംശയമുയരുന്നുണ്ട്.

ആന്‍ഡ്രിയ ബൂട്ടന്‍സണ്‍ കണ്ടെടുത്ത ആത്മകഥ ഇങ്ങനെയാണ് അവസാനിക്കുന്നത്: “”ഈ ആത്മകഥയാണ് കാരാഗൃഹജീവിതത്തില്‍ എന്റെ തോഴി. ഇത് ഞാന്‍ എന്റെ ഹൃദയരക്തം കൊണ്ട് എഴുതിയതാണ്. ഇതില്‍ എന്റെ പ്രിയതമന്റെ സ്മൃതി അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഇതിലെ ഓരോ വാക്കും എന്റെ അന്തഃരംഗത്തിന്റെ പ്രതിധ്വനിയാണ്. ഞാന്‍ ഇന്ന് ബാബര്‍ ചക്രവര്‍ത്തിയെക്കുറിച്ചോര്‍ക്കുന്നു. “എന്റെ ആത്മാവിനെപ്പോലെ വിശ്വസ്തനായ ഒരു ബന്ധുവിനെയും എനിക്ക് ലഭിച്ചില്ല’ എന്നാണദ്ദേഹം പറഞ്ഞിട്ടുള്ളത്. ഞാന്‍ ഈ കുറിപ്പുകള്‍ ജാസ്മിന്‍കൊട്ടാരത്തിന്റെ കല്ലിനടിയില്‍ സൂക്ഷിച്ചിട്ട് പോകും. ഭാവിയില്‍ എന്നെങ്കിലും ജാസ്മിന്‍ കൊട്ടാരം നശിക്കും. അപ്പോള്‍ എന്റെ ആത്മകഥ അതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മനുഷ്യര്‍ കണ്ടെടുക്കും. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകള്‍ ജഹനാരയെപ്പോലെ ദീനയും ദുഃഖിതയുമായി ആരും ഉണ്ടായിരുന്നില്ലെന്ന് മനുഷ്യര്‍ അറിയും.”

ലോകത്തിലെ ഏറ്റവും സമ്പന്നനായ ചക്രവര്‍ത്തിയുടെ മകളായിരുന്നു ബീഗം ജഹനാര. പിതാവിന്റെ ഭരണശേഷവും ആ അതിസമ്പന്നതയില്‍ ജീവിക്കാന്‍ കഴിയുമായിരുന്നു അവര്‍ക്ക്. ജഹനാരയുടെ വഴി അതായിരുന്നില്ല. “ഫഖീറ'(ദരിദ്ര) എന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. കയ്യിലുള്ളതെല്ലാം ദാനം ചെയ്തു. ഉമ്മ മുംതാസിന്റെ അനന്തരമായി കിട്ടിയ അന്നത്തെ അഞ്ചുലക്ഷം മൂല്യമുള്ള സ്വത്തുകള്‍ അതില്‍പെടും. സൂഫി ദര്‍ഗകളിലേക്കും പള്ളികളിലേക്കും അവര്‍ കാര്യമായിത്തന്നെ സംഭാവനകള്‍ നല്‍കി. അധികാരവും പണവും അവരെ അഹങ്കാരി ആക്കിയില്ല. “ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത് ജഹനാരാ ബീഗം ഒരു ധനികയായിരുന്നു എന്നാണ്. എന്നാല്‍ പാവപ്പെട്ടവരെ സേവിക്കാന്‍ സൂഫിസം അവളെ പ്രചോദിപ്പിച്ചു. നിസാമുദ്ദീന്‍ ഔലിയയുടെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ അവരെ സ്വാധീനിച്ചു. അങ്ങനെയാണ് മറ്റുള്ളവരെ സഹായിക്കാന്‍ അവര്‍ തന്റെ ജീവിതം സമര്‍പ്പിക്കുന്നത്’ – ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫ. ജാവേദിനെ ഉദ്ധരിക്കുന്നു ഹിന്ദുസ്ഥാന്‍ ടൈംസ് (മാര്‍ച്ച് 2, 2016). വെറുമൊരു രാജകുമാരി ആയിരുന്നില്ല അവര്‍. അറിവും കലാബോധവും ഭരണതന്ത്രജ്ഞതയും ആവോളം ഉണ്ടായിരുന്നു. അവരുടെ വിഭാവനയില്‍ നിന്നാണ് പുരാതന ഡല്‍ഹിയിലെ പ്രമുഖ വ്യാപാരകേന്ദ്രമായ ചാന്ദ്‌നി ചൗക്ക് രൂപപ്പെടുന്നത്. ഷാജഹാന്‍ ഭരണത്തിലിരിക്കുമ്പോള്‍ കൊട്ടാരത്തിലെ നിയമനങ്ങളില്‍ പോലും അന്തിമവാക്ക് “പാദുഷ ബീഗം’ ജഹനാരയുടേതായിരുന്നു. ഔറംഗസേബിന്റെ കാലത്ത് പാദുഷ ബീഗം പദവി തിരിച്ചുലഭിച്ചെങ്കിലും അവര്‍ ഭരണകാര്യങ്ങളില്‍ അതിയായ താല്പര്യം കാണിച്ചില്ല. രാജകുമാരിമാരുടെ വിവാഹം നടത്തിക്കൊടുക്കുന്നതുള്‍പ്പടെ ചില മാറ്റങ്ങള്‍ക്ക് മുന്നില്‍ നിന്നെങ്കിലും അധികാരത്തിന്റെ ആഡംബരങ്ങളോട് അവര്‍ അകന്നുനിന്നു.

അവരുടെ ജനനം അജ്മീറിലായിരുന്നു; ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ(റ) മണ്ണില്‍. അതിന്റെ സുകൃതമെന്നോണം, അവര്‍ പില്‍ക്കാലത്ത് ഖാജയുടെ ആത്മീയസരണിയിലേക്ക് വിലയപ്പെടുന്നു. അതിനു നിമിത്തമായ സംഭവമുണ്ടാകുന്നത് മുപ്പതാം വയസിലാണ്. അവരുടെ വസ്ത്രത്തില്‍ തീ പടര്‍ന്നതിനെത്തുടര്‍ന്ന് ഗുരുതരവസ്ഥയിലായി. അന്നത്തെ ചികിത്സകര്‍ ആവതുശ്രമിച്ചെങ്കിലും രോഗം ഭേദപ്പെട്ടില്ല. ഒടുവില്‍ അജ്മീര്‍ ദര്‍ഗയിലേക്ക് നേര്‍ച്ച നേര്‍ന്നതോടെ അവര്‍ക്ക് രോഗശമനം ലഭിക്കുകയും ജീവിതം തിരിച്ചുപിടിക്കുകയും ചെയ്തു. ആഗ്രാകോട്ടയില്‍ പിതാവിനൊപ്പമുള്ള സഹവാസം ആത്മീയപാതയിലേക്കുള്ള അവരുടെ ആലോചനകള്‍ക്ക് പുതുജീവന്‍ പകര്‍ന്നു. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുള്ള ആലോചനകള്‍ മഥിക്കുന്നതിനൊടുവിലാണ് കയ്യിലുള്ളതെല്ലാം പാവങ്ങള്‍ക്ക് വീതിച്ചുനല്‍കി അവര്‍ സ്വയം ഫഖീറയായി പ്രഖ്യാപിക്കുന്നത്. ആഗ്രാകാലത്തുതന്നെയാകണം ഖാജാ നിസാമുദ്ദീന്‍ ഔലിയയെക്കുറിച്ച് അവര്‍ കാര്യമായി പഠിക്കുന്നത്. ഔലിയയുടെ ചാരത്ത് അന്തിയുറങ്ങാന്‍ വേണ്ടി അവര്‍ ജീവിതകാലത്തു തന്നെ ഖബര്‍ തയാറാക്കിവെച്ചു. പച്ചസസ്യങ്ങള്‍ കൊണ്ടല്ലാതെ തന്റെ ഖബറിടം മൂടരുതെന്ന് വസ്വിയ്യത്ത് ചെയ്തു. ആ ഖബറില്‍ അതിങ്ങനെ രേഖപ്പെടുത്തിവെച്ചിരിക്കുന്നു.

Allah is the Living, the Sustaining.
Let no one cover my grave except with greenery,
For this very grass suffices as a tomb cover for the poor.
The mortal simplistic Princess Jahanara,
Disciple of Khwaja Moin-ud-Din Chisti,
Daughter of Shah Jahan the conqueror Tomb of Jahan-ara Begum.

പാവങ്ങളുടെ ഖബറിന് മേല്‍ പച്ചപ്പുല്ലുകള്‍ തന്നെ ധാരാളം എന്നതായിരുന്നു അവരുടെ നിലപാട്. അജ്മീര്‍ ഖാജാ തങ്ങളുടെ ജീവചരിത്രം രചിച്ചിട്ടുണ്ടവര്‍. നിസാമുദ്ദീന്‍ ദര്‍ഗ കോമ്പൗണ്ടില്‍ ഇങ്ങനെയൊരു വനിതയുടെ ഖബര്‍ ഉണ്ടെന്ന് തദ്ദേശീയരിലും സന്ദര്‍ശകരിലും ഏറെപ്പേര്‍ക്കുമറിയില്ല. ചരിത്രാന്വേഷികളായ ആരെങ്കിലുമൊക്കെ തിരക്കിവരുമ്പോഴാണ് പലരും ആ പേരു കേള്‍ക്കുന്നത് തന്നെ. മാനസികവിഭ്രാന്തിയുള്ള സ്ത്രീകളെ അവരുടെ ഖബറിനരികില്‍ കൊണ്ടുവന്നു പ്രാര്‍ഥിച്ചാല്‍ ഫലം സിദ്ധിക്കുമെന്നൊരു വിശ്വാസം പ്രചാരത്തിലുണ്ട്. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്ത്രീകളെ ഇവിടെ വിട്ടേച്ചുപോകുന്നത് പതിവായിരുന്നു ഒരു കാലത്ത്. ഇപ്പോൾ നന്നേ കുറഞ്ഞു. എങ്കിലും സ്ത്രീ സന്ദർശകരാണ് ജഹനാര ബീഗത്തിന്റെ ഖബറിനരികിൽ പ്രാർഥിക്കുന്നവരിലേറെയും. ഇന്ത്യയുടെ ദുഃഖപുത്രി എന്ന് ചില ചരിത്രവായനകളില്‍ അവരെ വിശേഷിപ്പിക്കുന്നുണ്ട്. അവര്‍ ദുഃഖങ്ങളില്‍ വീണുപോയവരല്ല, തന്റെ ബോധ്യങ്ങളില്‍ ജീവിച്ച സ്ത്രീയാണ്. അതിനുവേണ്ടിയുള്ള ത്യാഗമായും സമർപ്പണമായും ആ ജീവിതത്തെ വായിക്കുകയാണ് സത്യസന്ധത. അജ്മീര്‍ ഖാജയുടെ സൂഫിദര്‍ശനങ്ങളിലും നിസാമുദ്ദീന്‍ ഔലിയയുടെ സാമൂഹിക സേവനങ്ങളിലും അവര്‍ ആകൃഷ്ടയായിരുന്നു. അതിനപ്പുറം ആത്മീയമായ ഏതെങ്കിലും വിശുദ്ധപദവി അവരില്‍ ഉന്നയിക്കാവുന്ന ചരിത്രരേഖകളൊന്നും ലഭ്യമല്ല.

മുഹമ്മദലി കിനാലൂർ

You must be logged in to post a comment Login