വി. മുസഫര്‍ അഹമ്മദ്
നബിയുടെ ദേശത്താണ് എന്ന തോന്നല്‍ തന്നെയാണ് വിശ്വാസികളെ നിര്‍ഭയരാക്കുന്നത്. ഭാഷ അറിയില്ല, വഴി അറിയില്ല തുടങ്ങിയ സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ഭയവും വിഹ്വലതകളും ഹാജിമാരെ അലട്ടാത്തത് നബിയുടെ ദേശം നല്‍കുന്ന ആത്മവിശ്വാസം മൂലമാണ്.
“മിദിയന്‍ മരുഭൂമിയിലെ കത്തുന്ന മുള്‍പ്പടര്‍പ്പില്‍വെച്ചാണ് ദൈവിക ശബ്ദത്തിന്റെ മുഴക്കം മോശ കേട്ടത്; ജൂദിയന്‍ മരുഭൂമിയുടെ വിജനതയില്‍വെച്ചാണ് ദൈവിക സിംഹാസനത്തിന്റെ സന്ദേശം യേശു സ്വീകരിച്ചത്; മക്കക്കടുത്തുള്ള മരുഭൂകുന്നിലെ ഹിറാഗുഹയില്‍ വെച്ചാണ് അറേബ്യയിലെ മുഹമ്മദ് ദൈവത്തിന്റെ ആദ്യ വിളി കേട്ടത്.
പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകള്‍ക്കിടയിലെ വരണ്ട മലയിടുക്കിലൂടെ, മരുഭൂസൂര്യന്‍ ചുട്ടുകരിച്ച ആ നഗ്നമായ താഴ്വാരത്തിലൂടെ ആ വിളി വന്നു: ദേഹവും ദേഹിയും ഉള്‍ക്കൊള്ളുന്ന ജീവിതത്തെ ഒന്നായി ആശ്ളേഷിക്കുന്ന ഒരുത്തരം. വിഭിന്ന ഗോത്രങ്ങള്‍ നിറഞ്ഞ രൂപരഹിതമായ ഒരു രാഷ്ട്രത്തിന് രൂപവും ലക്ഷ്യവും നല്‍കാനുള്ള വിധിയായി പരിണമിച്ച വിളി. ഒരു ജ്വാല പോലെ, ഒരു വാഗ്ദാനം പോലെ; ഏതാനും ദശകങ്ങള്‍ കൊണ്ട് പടിഞ്ഞാട്ട് അത്ലാന്തിക് സമുദ്രം വരെയും കിഴക്കോട്ട് ചൈനയിലെ വന്‍ മതില്‍ വരേയും പടര്‍ന്നുപിടിച്ച വിളി. പതിമൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നത്തെ ദിവസം വരെയും, വമ്പിച്ച ദാര്‍ശനിക ശക്തിയായി നിലനില്‍ക്കാന്‍ വിധിക്കപ്പെട്ട വിളി. എല്ലാ രാഷ്ട്രീയ ജീര്‍ണതയെയും അതി ജീവിച്ചുകൊണ്ട്, സ്വയം ജന്‍മം നല്‍കിയ മഹത്തായ സംസ്കാരത്തെക്കാളും അതിജീവന ശേഷി പ്രദര്‍ശിപ്പിച്ചുകൊണ്ട് അത് നില നില്‍ക്കുന്നു; അറേബ്യയിലെ പ്രവാചകന് വന്നെത്തിയ വിളി”. (മക്കയിലേക്കുള്ള പാത- മുഹമ്മദ് അസദ്, പേജ് 193. വിവ: എം.എന്‍.കാരശ്ശേരി).
എന്തു കൊണ്ട് മരുഭൂമി?- അതിന് അസദിന്റെ ഉത്തരം ഇങ്ങനെ- ഈ ലോകത്ത് ഇതിനെക്കാളൊക്കെ ഭംഗിയുള്ള പ്രദേശങ്ങള്‍ അനവധിയുണ്ട്. പക്ഷേ, അവക്കൊന്നിനും മനുഷ്യ ചേതനയെ ഈ മരുഭൂമി ചെയ്യും പോലെ ഉത്കൃഷ്ടമാം വിധം രൂപപ്പെടുത്തിയെടുക്കാനാവില്ല എന്ന് ഞാന്‍ കരുതുന്നു. കപടസൂത്രങ്ങളെയും സമ്പന്നമായ പ്രകൃതി മനുഷ്യമനസ്സിനെ ചതിച്ചുവീഴ്ത്താനുപയോഗിക്കുന്ന മിഥ്യാസങ്കല്‍പ്പങ്ങളെയും മരുഭൂമി നശിപ്പിക്കുന്നു. ആ മിഥ്യാസങ്കല്‍പ്പങ്ങള്‍ ചുറ്റുമുള്ള ലോകത്തേക്ക് സ്വന്തം ഭാവനാചിത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നവയാണ്. അത്തരം അഭിലാഷങ്ങളെ മരുഭൂമി സ്വന്തം പാരുഷ്യത്തിലൂടെയും വൈരള്യത്തിലൂടെയും നശിപ്പിച്ചു കളയുന്നു. മരുഭൂമി നിശ്ശൂന്യമാണ്, ശുദ്ധമാണ്. അതിന് വിട്ടുവീഴ്ചകളൊന്നുമില്ല. അഭിലാഷ ചിന്തയുടെ മുഖംമൂടിയായി വര്‍ത്തിക്കുന്ന മനുഷ്യന്റെ മോഹന സങ്കല്‍പ്പങ്ങളെ അത് തൂത്തിവാരിക്കളയുന്നു. അതുവഴി പ്രതിബിംബങ്ങളൊന്നുമില്ലാത്ത ഒരാത്യന്തികതക്ക് സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധനാകുമാറ് അത് മനുഷ്യനെ സ്വതന്ത്രനാക്കുന്നു. അത് അകന്നതില്‍വച്ച് ഏറ്റവും അകലെയാണ്; എന്നാല്‍, അടുത്തതില്‍ വച്ച് ഏറ്റവും അടുത്തും. എന്തു കൊണ്ട് വിഭിന്ന ഗോത്രങ്ങള്‍ നിറഞ്ഞ രൂപ രഹിതമായ ഒരു രാഷ്ട്രം?. അതിനുള്ള ഉത്തരവും അസദ് മേല്‍ ഉദ്ധരിച്ച ഖണ്ഡികയിലെ അവസാന വരികളില്‍ കണ്ടെത്തുന്നുണ്ട്.
‘നബിയുടെ ദേശം’ എന്ന ആശയത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ അസദിന്റെ ഈ വരികള്‍ ഓര്‍മകളിലെത്തും. അസദ് രണ്ട് പ്രശ്നങ്ങള്‍ക്ക് ഈ ചുരുങ്ങിയ വരികളിലൂടെ സമഗ്രമായ ഒരുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. പ്രവാചകന് ദൈവികമായ വിളി കിട്ടാന്‍ എന്തു കൊണ്ട് മരുഭൂമി തിരഞ്ഞെടുത്തു? ആ വിളിയില്‍ നിന്ന് വിഭിന്ന ഗോത്രങ്ങള്‍ നിറഞ്ഞ രൂപരഹിതമായ രാഷ്ട്രം (ദേശം) എങ്ങനെ രൂപപ്പെട്ടു? നബിയുടെ ദേശം എന്ന പരികല്‍പ്പനയെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് അസദിന്റെ ഈ വരികള്‍ ആ വിഷയത്തിലേക്കുള്ള പ്രവേശികയായിത്തന്നെ അനുഭവപ്പെടും. അദ്ദേഹം മരുഭൂമി, രൂപ രഹിത രാഷ്ട്രം എന്നീ രൂപകങ്ങളിലൂടെ ഏറ്റവും സുതാര്യമായി, നബിയുടെ ദേശത്തെയും പ്രവാചകനിലൂടെ ലോകത്തിന് വെളിപ്പെട്ട തത്വശാസ്ത്രത്തെയും ലളിതമായ ഭാഷയില്‍ മുന്നോട്ടുവച്ചിരിക്കുന്നു.
മക്കയില്‍ ലോകത്തെ എല്ലാ ദേശങ്ങളില്‍ നിന്നുമുള്ളവര്‍ സമ്മേളിക്കുന്ന ഹജ്ജ് വേളകളിലാണ് നബിയുടെ ദേശം എന്ന ആശയം കൂടുതല്‍ ശക്തമായി വെളിപ്പെടുന്നത് എന്ന് തോന്നുന്നു. ഏറെക്കുറെ ലോകത്തിലെ എല്ലാ ഭാഷകളും സംസാരിക്കുന്നവര്‍ മക്കയില്‍ ഒത്തു ചേരുന്നു. മക്കയുടെ തെരുവുകളില്‍ വ്യത്യസ്ത രാജ്യക്കാര്‍ ആശയ വിനിമയം നടത്തുന്നത് നോക്കി നിന്നിട്ടുണ്ട്, പല തവണ. ഒരു നിലക്കും ആശയവിനിമയം നടത്താന്‍ കഴിയാത്ത വിവിധ ദേശക്കാരും ഭാഷക്കാരും ഹജ്ജ് വേളയില്‍ ഒന്നിച്ചു കൂടുന്നു. മക്കയിലെത്തുന്നതോടെ ഹാജിമാര്‍ ഭാഷ അപ്രസക്തമായിരിക്കുന്നു എന്ന മട്ടില്‍, ദേശാതിര്‍ത്തികളും അതുമായി ബന്ധപ്പെട്ട വകതിരിവുകളും ഇനി ഞങ്ങള്‍ക്ക് ബാധമകല്ല എന്ന മട്ടില്‍ ഒരു നിര്‍മമത്വം കൈവരിക്കുന്നത് കാണാം. തീര്‍ഥാടനത്തിന്റെ നിറവും തുളുമ്പലും ഹജ്ജ് പൂര്‍ത്തിയാക്കിവരില്‍ ദൃശ്യമാകുന്നു. തങ്ങള്‍ നബിയുടെ ദേശത്താണ് എന്ന തോന്നല്‍ തന്നെയാണ് വിശ്വാസികളെ നിര്‍ഭയരാക്കുന്നത്. ഭാഷ അറിയില്ല, വഴി അറിയില്ല തുടങ്ങിയ സാധാരണ ഗതിയില്‍ ഉണ്ടാകുന്ന ഭയവും വിഹ്വലതകളും ഹാജിമാരെ അലട്ടാത്തത് നബിയുടെ ദേശം നല്‍കുന്ന ആത്മവിശ്വാസം മൂലമാണ്.
നരവംശ ശാസ്ത്രത്തില്‍ സാധാരണയായി മനുഷ്യന്റെ സഞ്ചാരത്തെക്കുറിച്ച് പറയാറുള്ള ഒരു കാര്യമുണ്ട്; സാധാരണ നിലയിലുള്ള സഞ്ചാരമാണെങ്കിലും വീടു വിട്ട് മറ്റൊരു ദേശത്ത് ചെല്ലുന്ന കുടിയേറ്റവും പ്രവാസവുമാണെങ്കിലും മനുഷ്യന്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുമ്പോള്‍ തന്റെ നാടുമായാണ് നീങ്ങുക എന്നതാണ് നരവംശ ശാസ്ത്രം പഠിപ്പിക്കുന്നത്. വാസ സംസ്കാരം എന്നു പറയുന്ന കാര്യം ഏതു മനുഷ്യനിലുമുണ്ട്. അതു കൊണ്ട് കേരളത്തില്‍ നിന്നുള്ള ഒരാള്‍ ലോകത്ത് മറ്റെവിടെച്ചെന്നാലും തന്നാലാകും വിധത്തിലുള്ള ഒരു കേരളം താനെത്തിയ സ്ഥലത്തുണ്ടാക്കാനാണ് ശ്രമിക്കുക. ഗള്‍ഫിലെ മലയാളികുടിയേറ്റം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയും. ഗള്‍ഫില്‍ നാം നിരവധി കേരളങ്ങളെ കണ്ടുമുട്ടുന്നു. അതോടൊപ്പം ചെന്നു ചേര്‍ന്ന നാട്ടിലെ പല അംശങ്ങളും മലയാളിയില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നതും കാണാം. ഇത് കുടിയേറ്റത്തിന്റെ, ഹ്യൂമണ്‍ മൈഗ്രേഷന്റെ ഒരു സ്വഭാവമാണ്.
ഇതു പോലെ ഓരോ ഹാജിയും മക്കയിലെത്തുന്നത് തന്റെ നാടിന്റെ അംശങ്ങള്‍ വഹിച്ചു കൊണ്ടായിരിക്കും. അതായത് ഹജ്ജ് വേളയില്‍ മക്കയില്‍ നിരവധി നാടുകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ മാത്രമല്ല, അവര്‍ക്കൊപ്പം അതാത് നാടുകളുടെ, ദേശസംസ്കാരത്തിന്റെ അംശങ്ങളും കടന്നു വരുന്നുണ്ട്. നബിയുടെ ദേശത്തില്‍ വന്നു ചേര്‍ന്ന് ഹജ്ജ് നിര്‍വഹിച്ച് മടങ്ങിപ്പോകുമ്പോള്‍ ആ ദേശത്തിന്റെ പല അംശങ്ങളും കൊണ്ടു പോവുകയും ചെയ്യുന്നു. അതായത് തീര്‍ഥാടകര്‍ നബിയുടെ ദേശത്തെ ലോകത്തിന്റെ പല ഭാഗങ്ങളിലായി എത്തിക്കുന്നു.
1400 വര്‍ഷത്തിനും മുമ്പ് ആരംഭിച്ച പ്രവൃത്തിയാണ് വാസ്തവത്തിലിത്. ഹിറാഗുഹയില്‍ നിന്ന് ലഭിച്ച ദിവ്യവെളിച്ചം ഇക്കാലയളവിനുള്ളില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേര്‍ന്നതു കൊണ്ടാണ് എത്രയോ നൂറ്റാണ്ടുകളായി മക്ക ലക്ഷ്യമാക്കി തീര്‍ഥാടകര്‍ ഹജ്ജിനും ഉംറക്കും വന്നു കൊണ്ടേയിരിക്കുന്നത്. കാരണം. പ്രവാചകന്റെ കാലത്തു തന്നെ അറേബ്യയില്‍ നിന്നും പുറത്തേക്കുള്ള മനുഷ്യരുടെ പോക്ക് സജീവമായിരുന്നു. അക്കാലത്തും അതിനു മുമ്പും അറേബ്യയിലേക്ക് വിവിധ നാടുകളില്‍ നിന്നുള്ള വരവും ഉണ്ടായിരുന്നു. മക്കയിലേക്കുള്ള മനുഷ്യ വരവിന്റെ പഴക്കത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നബിയിലൂടെ വെളിപ്പെട്ട ദൈവശാസ്ത്രം പ്രവാചകന്റെ കാലത്തു തന്നെ പലയിടങ്ങളിലും പ്രചരിക്കുന്നത് മനുഷ്യന്റെ സഞ്ചാര സ്വഭാവം കൊണ്ടു കൂടിയാണ്. കേരളത്തില്‍ ആ ദൈവ ശാസ്ത്രം എത്തിയതിനും പ്രചരിച്ചതിനും പിന്നില്‍ അറബിക്കച്ചവടക്കാര്‍ വഹിച്ച പങ്കിനെക്കുറിച്ച് നമ്മുടെ നാട്ടില്‍ നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. കുരുമുളകും ഏലവും വാങ്ങാനെത്തിയ അറബിക്കച്ചവടക്കാര്‍, അവരുടെ ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കും ഇടയില്‍ നബിയുടെ ദേശത്തിന്റെ, അദ്ദേഹത്തിലൂടെ അവതീര്‍ണ്ണമായ ദിവ്യബോധനത്തിന്റെ സന്ദേശം കേരളത്തിലും പകരാന്‍ ശ്രമിച്ചു.
പ്രവാചകന്‍ നേരിട്ട് നടത്തിയ മത പ്രബോധനത്തിലൂടെ, വിശ്വാസികളിലൂടെ, തീര്‍ഥാടകരിലൂടെ, സഞ്ചാരികളിലൂടെ, മനുഷ്യന്റെ പ്രയാണ പഥങ്ങളിലെങ്ങും നബിയുടെ ദേശവും അതുല്‍പ്പാദിപ്പിച്ച വിശ്വാസ ആശയവും എത്തുന്ന കാഴ്ചയാണ് ലോകം കണ്ടത്. അങ്ങിനെ നോക്കുമ്പോള്‍ നബിയുടെ ദേശം അദ്ദേഹം ജനിച്ചു വളര്‍ന്ന മക്കയും പിന്നീട് ഹിജ്റ പോയ മദീനയും അവസാന യുദ്ധത്തിന് പോയ തബൂക്കും ഒക്കെ കൂടിച്ചേര്‍ന്ന ദേശം മാത്രമല്ലാതായി മാറുന്നു. ലോകമെങ്ങും പ്രവാചക ദേശമായി മാറിയിരിക്കുന്നു. 1400 വര്‍ഷത്തിനുള്ളില്‍ നടന്ന ഈ ദേശവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടി വേണം ഇന്ന് നാം “പ്രവാചക ദേശം” എന്ന സങ്കല്‍പ്പം ചര്‍ച്ച ചെയ്യാന്‍ എന്നു തോന്നുന്നു. മക്കയില്‍ നിന്ന് ഭ്രഷ്ടനാക്കപ്പെടുമെന്ന നിലയില്‍ മദീനയിലേക്ക് ഹിജ്റ പോയി പിന്നീട് തിരുദൂതര്‍ മക്കാവിജയം നേടുന്നത് ഇസ്ലാമിക ചരിത്രത്തിലെ പ്രധാന സംഭവമാണല്ലോ. അതായത് മക്ക വിജയം ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും നൂറ്റാണ്ടുകളായി ആവര്‍ത്തിക്കുന്നു. മക്ക എന്ന നബി ദേശവും മദീന എന്ന നബിയുടെ രണ്ടാം വീടും ലോകമെങ്ങും വേരുകളാഴ്ത്തി മറ്റൊരു ദേശ നിര്‍മിതി നടത്തിയിരിക്കുകയാണെന്നാണ് അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുക.
അസദ് മക്കയിലേക്കുള്ള പാതിയില്‍ പറയുന്ന രൂപരഹിതമായ ദേശരാഷ്ട്രം എന്ന ആശയം പ്രവാചകാധ്യാപനങ്ങള്‍ ലോകം മുഴുവനും എത്തുന്ന പ്രതിഭാസത്തെ മനസ്സിലാക്കിയതില്‍ നിന്നും ഉണ്ടായതാണ്. ആ പ്രവണതക്ക് കളമൊരുക്കിയത് അകന്നതില്‍വെച്ചു ഏറ്റവും അകലെയും അടുത്തതില്‍ വെച്ച് ഏറ്റവും അടുത്തതുമായ മരുഭൂമിയാണ്. മരുഭൂമിയുടെ തുറസ്സുകളാണ് ആദ്യം ശ്രദ്ധയില്‍പ്പെടുക. എന്നാല്‍ കടല്‍ പോലെ നിഗൂഡതകളും സങ്കീര്‍ണതകളും കൂടി ആ പ്രകൃതിക്കുണ്ട്. നിഗൂഡതയും സങ്കീര്‍ണതയും മരുഭൂ പ്രകൃതിയുടെ തുറസ്സുകളില്‍ വെച്ച് സുതാര്യമാക്കപ്പെടും. നബിയുടെ ദേശത്ത് നിന്ന് തിരുദൂതരിലൂടെ വെളിവാക്കപ്പെട്ട ജീവിത ദര്‍ശനത്തിലും മരുഭൂ തുറസ്സുകളിലെ സുതാര്യത ലോകത്തിന് കാണാന്‍ ആകും.
You must be logged in to post a comment Login