അബ്ദുല്ല മണിമ
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം ഒരു ശരാശരി മുസ്ലിം യുവാവിനു മേല്‍ ചുമത്തിയ വിശ്വാസഭാരവും, കടുത്ത മതനിരപേക്ഷതയുടെയും ഭൌതികാഭിമുഖ്യത്തിന്റെയും മുന്നില്‍ ചൂളിപ്പോയ കാലവും ഓര്‍ത്തെടുത്തുകൊണ്ട്, പുതിയ അറിവന്വേഷണങ്ങള്‍ സാധ്യമാക്കിയ പ്രവിശാലമായ പ്രവാചക അനുഭവങ്ങളിലേക്ക് കടന്നുചെല്ലുന്ന ഒരു അനുരാഗിയുടെ ഹൃദയാഞ്ജലികള്‍.
ജന്മം കൊണ്ട മുസ്ലിം കുടുംബത്തിലെ ആചാര വിധിപ്രകാരമുള്ള ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടി പ്രവാചകനായ മുഹമ്മദ് നബി(സ) തങ്ങളെ പരിചയപ്പെടുന്നത് സ്തുതികീര്ത്തനങ്ങളിലൂടെയാണ്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഇടയിലെ നൂല്പാലത്തില് സ്വര്‍ഗത്തെക്കുറിച്ചുള്ള പ്രത്യാശയിലും നരകത്തെക്കുറിച്ചുള്ള വേവലാതിയിലും പ്രവാചകന് മധ്യസ്ഥനാകുന്ന സമൂഹാന്തരീക്ഷത്തില്‍ അവന് തെരഞ്ഞെടുക്കാന്‍ വഴികളനേകമില്ല. ഭൌതിക വിദ്യാഭ്യാസത്തിന്റെയും സമുദായത്തിനു പുറത്തെ ജീവിതത്തിന്റെയും പരിസരങ്ങളില്‍ നിന്നുയര്‍ന്ന യുക്തിസമര്ത്ഥനങ്ങളോടേറ്റുമുട്ടി വീട്ടില്‍ നിന്നും മതപാഠശാലകളില്‍ നിന്നും കെട്ടിയുയര്‍ത്തിയ പ്രവാചകപ്രതിഛായയുടെ ദുര്‍ബലമായ കാലുകള്‍ പലതും ആടിയുലഞ്ഞുകൊണ്ടിരുന്നു. നിരന്തരമായി യുദ്ധം ചെയ്ത പ്രവാചകന്, 12 പെണ്ണ് കെട്ടിയ ഗോത്രമുഖ്യന്, സ്ത്രീ വിരുദ്ധനായ മതപ്രബോധകന്, സ്വര്‍ഗനരകങ്ങളുടെ അയുക്തികളില് ശാസ്ത്രബോധത്തെ വെല്ലുവിളിച്ച ആധ്യാത്മികന്‍, ആചാരബദ്ധമായ മതശാഠ്യങ്ങളുടെ പ്രവാചകന്… ഒരു ചെറുമനസ്സിന് ഉള്ക്കാള്ളാവുന്നതിലേറെ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളും സന്ദേഹങ്ങളുമാണ് സമുദായത്തിനു പുറത്തെ ജീവിതപരിസരത്തുള്ള പ്രവാചക പ്രതിഛായ ഒരു കൌമാര പ്രായക്കാരന് സമ്മാനിച്ചത്. ആചാരമതത്തിന്റെ അതിരുകള്‍ക്കപ്പുറം ചിന്തിക്കാനുള്ള അറിവും ധൈര്യവുമില്ലാത്തതുകൊണ്ട് അവന് അതിനുള്ളില്‍ ഒരുവിധം ഞെങ്ങി ഞെരുങ്ങിയൊതുങ്ങിക്കൂടി. പതിനാറായിരത്തിയെട്ട് ഭാര്യമാരെയും കാമുകിമാരെയും പുലര്‍ത്തിയ ശ്രീകൃഷ്ണന്റെ ഉപാസകരായ സതീര്‍ഥ്യര്‍ ഹോസ്റല്‍ മെസിലെ പതിവു സംവാദങ്ങളില്‍ പ്രവാചകന്റെ കല്ല്യാണങ്ങളെക്കുറിച്ച് കുത്തിപ്പറഞ്ഞപ്പോള് പ്രതിരോധങ്ങളില്ലാതെ അവന് ചൂളി.
ലങ്കയിലും ബര്‍മയിലും കമ്പോഡിയയിലും ജന-ഭരണകൂട ഭീകരതയുടെ കാര്മികരായിരിക്കെ തന്നെ ബൌദ്ധകാരുണ്യത്തെ മുന്‍നിര്‍ത്തി സാഹിത്യകലാനന്ദ•ാര്‍ പ്രവാചകന്റെ മതകാര്യങ്ങളെപ്പറ്റി ഉപന്യസിച്ചപ്പോഴും അവന് ഉത്തരംമുട്ടിനിന്നു. പടിഞ്ഞാറു നോക്കിയ പണ്ഡിത•ാരും ആര്‍ഷ പൈതൃകത്തിന്റെ നാഗ്പൂരിയന് പതിപ്പുകളും മതഭ്രാന്തനും അസഹിഷ്ണുവും യുദ്ധക്കൊതിയനും പ്രാകൃതനുമായ പ്രവാചകനെന്നു പറഞ്ഞ് വില്ലുകുലച്ചപ്പോഴും അവന് മാപ്പുസാക്ഷിയായി നിന്നു. പുറമെ പ്രവാചകരെ ന്യായീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോഴും അകമെ ഒപ്പം നില്ക്കണമോ എന്ന് സംശയിച്ചു കൊണ്ടിരുന്നു. തരം പോലെ, തഞ്ചം പോലെ രണ്ടുരുക്കളിലും മാറിമാറിക്കയറി. രാഷ്ട്രീയത്തിനും ശാസ്ത്രത്തിനും സാഹിത്യത്തിനും വേണ്ടി റബ്ബിന്റെ ദൂതരെ കൈമാറ്റം ചെയ്യാന്‍ പ്രയാസകരമല്ലാത്ത വിധം ഇരുതോണി യാത്ര അവന് അനായാസകരമായിത്തുടങ്ങി. ഐഡിയലിസത്തിന്റെ അതിഭാവുകത്വത്തില്‍ ബുദ്ധനും യേശുവും ഗാന്ധിയും ലവോത്സെയും സരതുഷ്ടരും മാര്‍ക്സും നാരായണ ഗുരുവും എഴുതപ്പെട്ടപ്പോള്‍ ചരിത്രകാരന് പ്രവാചകരോട് സ്ഥിരവിരോധത്തിലായിരുന്നുവല്ലോ. അമ്പത് തികയും മുമ്പ് നാലുകെട്ടി പന്ത്രണ്ട് മൊഴികളും ചൊല്ലിയ റുഷ്ദിമാര്, ഇരുപത്തഞ്ചാമത്തെ വയസ്സില്‍ തന്നെക്കാള്‍ പതിനഞ്ച് വയസ്സ് കൂടുതലുള്ള ഒരു യുവവൃദ്ധയെ ഇണയാക്കുകയും അമ്പത്തിമൂന്ന് വയസ്സ് വരെ ഏകപത്നീവ്രതനായി ജീവിക്കുകയും ചെയ്ത മുഹമ്മദില്‍ പീഡോഫീലിയയും സ്ത്രീലമ്പടത്വവും ദര്‍ശിച്ചു. ഒരു മനുഷ്യനെ നിന്ദിക്കാന്‍ വേണ്ടി താഴാന്‍ പാടില്ലാത്ത ചതുപ്പുകളില്‍ കിടന്ന് പടിഞ്ഞാറ് പ്രവാചകനിന്ദയില്‍ പുളച്ചപ്പോള് പ്രകോപിതരായ വിശ്വാസികളെ നോക്കി റുഷ്ദി ഇസ്ലാമിന്റെ ജനിതക തകരാറിനെക്കുറിച്ച് ഉപന്യസിച്ചു. നാലാം ഭാര്യയുടെ ചാരിത്യ്രദോഷത്തെക്കുറിച്ച് എന്തോ കുറിച്ച പത്രക്കാരനെതിരെ (അവര്‍ പിന്നെ അയാളെ വിട്ടൊഴിയുകയും ചെയ്തു) കോടതി കയറിയ റുഷ്ദി, പ്രവാചകപത്നിയുടെ ചാരിത്യ്രത്തെ അപഹസിച്ച് നോവലെഴുതുകയും ആഹാരം തേടുകയും ചെയ്ത റുഷ്ദി, സ്വന്തം ജനിതക തകരാറിനെക്കുറിച്ച് മറന്നു കളഞ്ഞു. റുഷ്ദിയും ഹിര്‍സിയും ഹണ്ടിംഗ്ടണും ബര്‍ണാഡ് ലെവിസും വാന്‍ഗോഗും ടെറിജോണ്സും റബ്ബിമാരും പാസ്റര്മാരും സംഘ്പരിവാറുകാരും ചേര്‍ന്നൊരുക്കുന്ന പ്രചണ്ഡമായ പ്രചാരണങ്ങളെ ചെറുക്കാന്‍ വേണ്ടി ഖുര്‍ആന്റെ അമാനുഷികതയും പ്രവാചകന്റെ അനന്യതയും തലയിലടിച്ചു കയറ്റി സ്വയം മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് അവന് വിശ്വാസ പരിത്യാഗ ഭീതിയെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഉള്ളിന്റെയുള്ളില്‍ പ്രതിരോധകന്റെയും മാപ്പുസാക്ഷിയുടെയും സ്വതന്ത്രാന്വേഷിയുടെയും വേഷങ്ങളവന് മാറിമാറിയണിഞ്ഞു. പരിഷ്കൃതമായ ജീവിതാഭിമുഖ്യങ്ങളോട് പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറബിയുടെ ജീവിത വ്യാപാരങ്ങളെ പൊരുത്തപ്പെടുത്തിയെടുക്കാന്‍ അവന് നന്നെ കഷ്ടപ്പെട്ടു. തുപ്പാനും വയ്യ, ഇറക്കാനും വയ്യ എന്ന മട്ടില്‍ മുഹമ്മദും മുഹമ്മദീയ മതവും അവന്റെ തൊണ്ടയില്‍ വിലങ്ങനെ കിടന്നു. അവന് ചുറ്റും ഇസ്ലാം വിരുദ്ധതയുടെ കാടിളകുകയും കടലിരമ്പുകയുമായിരുന്നല്ലോ. സൈനിക കൊളോണിയലിസം ബൌദ്ധിക കൊളോണിയലിസത്തിനും വിപണി കോളനിവത്കരണത്തിനും വഴിമാറി. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം ഒരു ശരാശരി മുസ്ലിം യുവാവിനു മേല്‍ ചുമത്തിയ വിശ്വാസത്തിന്റെ ഭാരത്തെക്കുറിച്ചാണ് നാം പറഞ്ഞു വരുന്നത്. ഇന്ന് യുവ വാര്‍ധക്യത്തിന്റെ ചവിട്ടുപടിയില്‍ നില്ക്കുന്ന ഒരു തലമുറ മതരഹിതമാകുവോളം കടുത്ത മതനിരപേക്ഷതയുടെയും ഭൌതികാഭിമുഖ്യത്തിന്റെയും കുട ചൂടിയാണ് സംസ്കാരത്തിന്റെ ഈ പാപത്തറയില്‍ നിന്ന് ഒളിച്ചുകടക്കാന്‍ ശ്രമിച്ചത്.
ചുരുക്കിപ്പറഞ്ഞാല്‍ എണ്‍പതുകളുടെ തുടക്കത്തില്‍ യൌവനത്തിന്റെ വസന്തമാഘോഷിക്കുന്ന ഒരു തുടക്കക്കാരന്റെ ബൌദ്ധിക ജീവിതത്തിന് ഉള്ളിന്റെയുള്ളില്‍ പ്രവാചകന് ഒരു ഭാരമായിരുന്നു; വിശ്വാസത്തെ പ്രതിയുള്ള സ്വയം ന്യായങ്ങളുടെ പൊയ്ക്കാലുകളില്‍ ചുമന്നു നിര്‍ത്തിയ ഭാരം. യുക്തിയുടെ, ഭൌതിക സാമൂഹിക ശാസ്ത്രങ്ങളുടെ, ആധുനികതയുടെ പ്രചണ്ഡതയില്‍ വിശ്വാസത്തിന്റെ അരികുപറ്റി പ്രവാചകനെ ഒളിച്ചുകടത്തുമ്പോള്‍ അവന് ഉള്ളിന്റെയുള്ളില്‍ വേണോ വേണ്ടയോ എന്ന രണ്ടു ചിന്തകളായിരുന്നു. യൌവനത്തിന്റെ ആളലടങ്ങി, കാല്പനികതയുടെ അതിഭാവുകത്വങ്ങള്‍ കൊഴിഞ്ഞ് ജീവിതത്തെ നേര്‍ക്കുനേരെ കണ്ടു തുടങ്ങിയപ്പോള്‍ മുതല്‍ സ്വന്തം ഭാരങ്ങളെക്കുറിച്ചവന് പയ്യെപ്പയ്യെ അറിഞ്ഞുതുടങ്ങി. മനുഷ്യനാവുക എന്നതിന്റെ യഥാര്‍ത്ഥ പ്രതിസന്ധി അനുഭവിച്ചു തുടങ്ങി. യൌവനത്തിന്റെ കാല്പനികതയില് ആദര്‍ശത്തിന്റെ അതിഭാവുകത്വത്തെ മറികടന്നാണ് അവന് ഗുരുവിനെയും സഹായിയെയും തെരഞ്ഞത്. സ്വാഭാവികമായും വശ്യമനോഹരമായ ചിത്രങ്ങള്‍ ഒന്നൊഴിയാതെ മനസ്സില്‍ പൂജിച്ചുമടക്കി-ബുദ്ധന്, യേശു, മാര്‍ക്സ്, ദസ്തയെവ്സ്കി, ഗാന്ധി, എം എന്‍ റോയി, ജിദ്ദു; ഇങ്ങേയറ്റം എം ഗോവിന്ദന് വരെ. മനുഷ്യനായിക്കൊണ്ടു തന്നെ മനുഷ്യന്റെ പരിമിതികളെ അതിജയിക്കുന്ന ഒരു ഗുരുവിനെ, സഹയാത്രികനെയായിരുന്നു അവന് വേണ്ടിയിരുന്നത്. അടുത്തുചെന്നു നോക്കിയ സൌവര്‍ണ ചിത്രങ്ങളില്‍ വരയുടെ പാടുകളും പരിമിതിയുടെ അതിര്‍വരകളും അവന് കണ്ടു. കുഴമറിയലുകളുടെ നിസ്സഹായതയില്‍ ഒടുവില്‍ വേണ്ടയോ വേണമോ എന്ന മട്ടില്‍ ഒളിച്ചുകടത്തിയ ഭാണ്ഡത്തില്‍ നിന്നവന് തന്റെ ഭാരമായ പ്രവാചകനെ മുന്നിലേക്ക് കുടഞ്ഞിട്ടു. തുലാമേഘങ്ങളില് മിന്നല്‍പിണരു പോലെ വെളിച്ചത്തിന്റെ ഒരു ദ്യുതി അപ്പോഴവന് കണ്ടു: “തങ്ങളുടെ വശമുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ, അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് ആ ദൈവദൂതന് ന• കല്പിക്കുകയും തി• വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ അനുവദിക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു. അതിനാല്‍ ആ ദൈവദൂതനില്‍ വിശ്വസിക്കുകയും ശക്തിപ്പെടുത്തുകയും സഹായിക്കുകയും അവിടുത്തേക്ക് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍” (വി.ഖുര്‍ആന്‍ : 7:157). തന്റെ ചുമടുകളില്‍ തന്നെ തന്റെ ഭാരങ്ങളിറക്കി വെക്കാവുന്ന ഒരത്താണിയുണ്ടായിരുന്നുവെന്ന അറിവ് അയാള്ക്കൊരമ്പരപ്പായിരുന്നു. സന്ദേഹിയുടെ ഉടുപുടവകള്‍ അവിടവിടെ അതിവേഗം പിഞ്ഞിത്തുടങ്ങി. അന്നം കഴിക്കുകയും അങ്ങാടിയില്‍ കൂടി ആളുകളുടെ നിത്യ ജീവിതത്തോടൊപ്പം നടക്കുകയും ചെയ്യുന്ന പ്രവാചകരെ തന്നെയായിരുന്നു അയാള്‍ക്കാവശ്യം. അത്തരമൊരു പ്രവാചകരെ തന്നെയായിരുന്നു അയാളുടെ സംഘം അന്വേഷിച്ചതും. നൂറു ശതമാനം മനുഷ്യനായിക്കൊണ്ട്, അതേ സമയത്തു തന്നെ മനുഷ്യന്റെ പരിമിതികളെ മുഴുവന്‍ ജയിച്ചുകൊണ്ട് ആ പ്രവാചകര്‍ ചരിത്രത്തിലൂടെ നടന്നു നീങ്ങുന്നതയാള്‍ കണ്ടു. ജീവിതത്തിന്റെ കനലുകളെരിയുന്നേടത്ത് അവിടുന്ന് നിശ്ശബ്ദ സാക്ഷിയോ മൌനിയായ ഉപചാരകനോ ആയിരുന്നില്ലെന്നവന് കണ്ടു. എരിയുന്ന കനല്‍പഥങ്ങളില്‍ നടന്നുപോയവന്റെ കാലിലെ കരിവാളിപ്പുകളെയാണ് എതിര്‍പക്ഷം കളങ്കമായി ആഘോഷിക്കുന്നതെന്നവന് തിരിച്ചറിഞ്ഞു. എഴുതിവച്ച രേഖകളില്‍ ജീവിതത്തിന്റെ നിത്യാനുഭവങ്ങളുടെ പങ്കുവെപ്പില്‍ ഒരിക്കല്‍ താന്‍ ജാള്യതയോടെ ഒളിച്ചുകടത്തിയ രൂപത്തിന്റെ ജ്യോതിരാജിക്കുമുന്നില് അവന്റെ അഷ
്ടാംഗങ്ങളും ദുര്‍ബലമായി. കാതില്‍ ആ ജ്യോതിര്‍ രൂപങ്ങള്‍ അവനോട് മന്ത്രിച്ചു: കര്‍മങ്ങളില്‍ മാത്രമല്ല കാര്യം, അവയുടെ പിറകിലെ ചോദനകളില്‍ കൂടിയാണ്. മന്ത്രിക്കുന്ന ചുണ്ടുകള്‍ മാത്രം പോര, പ്രവര്‍ത്തിക്കുന്ന കരങ്ങള്‍ കൂടി വേണം. അന്ത്യകാഹളത്തിന്റെ ആസുരതയിലാണെങ്കില് പോലും മുളപൊട്ടാവുന്നൊരു വിത്ത് കയ്യിലുണ്ടെങ്കില്‍ മണ്ണിലിടാന്‍ അറയ്ക്കരുത്. പച്ചക്കരളുള്ള ഒരു ജീവിയുടെ പേരിലും നിനക്ക് പ്രതിഫലം നിഷേധിക്കപ്പെടുകയില്ല. അതുകൊണ്ട് സര്‍വജീവജാലങ്ങളോടും കാരുണ്യം കാണിക്കുക; ആകാശത്തില്‍ അധികാരമുള്ളവന് നിന്നോടും കരുണകാണിക്കും. സ്വന്തം കുഞ്ഞിനെ അഗ്നിയില്‍ നിന്ന് കാക്കുന്ന അമ്മയെക്കാള്‍ കരുണയുള്ളവനാണ് നിന്റെ സ്രഷ്ടാവായ ദൈവം. എവിടെയായിരിക്കുമ്പോഴും ഒരു കുഞ്ഞിനെപ്പോലെ നിന്നെ കാക്കാന്‍ അവനുണ്ട്. അവന്റെ കാരുണ്യത്തില്‍ ഒരിക്കലും നീ നിരാശനായിപ്പോകരുത്. നിന്റെ പ്രാര്‍ത്ഥനകളിലൂടെയാണ് അവന് നിന്നെ പരിഗണിക്കുക. അതിനാല്‍ അവനോട് ചോദിക്കാന്‍ മടിക്കരുത്. ചോദിച്ചതൊന്നും വെറുതെയാവില്ല. കിട്ടാത്തതെല്ലാം അനശ്വരമായ നിന്റെ സമ്പാദ്യത്തിലേക്ക് നീക്കി അവന് വരവ് വെക്കും. അവനല്ലാതെ നിനക്കൊരു ദൈവമില്ല. അവനല്ലാതെ ഒരാരാധ്യനുമില്ല. അവനല്ലാതെ നിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കിത്തരുന്ന ഒരു ശക്തിയുമില്ല. അവനെതിരെ നിന്നെ സഹായിക്കാന്‍ ഈ ലോകത്തില്‍ ഒന്നുമില്ല. അവന്റെ അനുഗ്രഹങ്ങള്‍ക്ക് മുട്ട് വെക്കാനുമില്ല ഒരു ശക്തിയും. അവനാണുത്തമനായ സഹായി. ഭരമേല്പിക്കാവുന്നവരില് ഏറ്റവും മാന്യന്. അവന്നു മുന്നില്‍ അവന്റെ അനുമതിയില്ലാതെ ശിപാര്‍ശകനായി എഴുന്നേറ്റു നില്ക്കാന് കഴിയുന്നവരാരുമില്ല. സ്വന്തം അവസ്ഥ മാറ്റാന്‍ തയ്യാറുള്ളവര്‍ക്കാണ് ദൈവസഹായം. അത്തരക്കാര്‍ എത്ര ദുര്‍ബലരായിരുന്നാലും അവരെ ഭൂമിയുടെ അനന്തരാവകാശികളാക്കുമെന്നത് ദൈവാനുഗ്രഹമാണ്. ആ അല്ലാഹുവിന്റെ പേരില്‍ നിങ്ങളന്യോന്യം പരിഗണനകള്‍ ചോദിക്കുക, അവന്റെ ശാസനകള്‍ കരുതിയിരിക്കുക.
നശ്വരമായ ഈ ലോകത്തെ നയിക്കുന്ന അനശ്വരമായ പ്രകാശത്തിന്റെ അടുക്കുകള്‍ തനിക്കു മുന്നില്‍ നിവരുന്നത് വെള്ളിത്തിരയിലെന്ന പോലെ അവന് കണ്ടു. അവന്റെ കണ്ഠനാഡിയോടടുപ്പിച്ച് ചേര്‍ത്തുകൊണ്ട് ആ പ്രവാചകര്‍ സ്രഷ്ടാവിനെ അവന് അനുഭവവേദ്യമാക്കി. അവിടുന്ന് കൊണ്ടുവന്ന നൂറാനിയ്യത്തിലൂടെ മറകളില്ലാതെ അവന്റെ ദൈവം അവനോട് സംസാരിച്ചു. അവന്റെ വേവലാതികളില്‍ സാന്ത്വനമായി, അബദ്ധങ്ങളില്‍ തിരുത്തായി, ജഹാലത്തില്‍ വിവേകമായി, ഇരുളില്‍ വെളിച്ചമായി, ആശാഭംഗങ്ങളില് പ്രത്യാശയായി, നിസ്സഹായതകളില്‍ താങ്ങായി തന്റെ സ്രഷ്ടാവിനെ അവനനുഭവിച്ചു. ആ പ്രവാചകരുടെ ഉത്തരീയത്തിന്റെ നിഴലില്‍ അവന് തണല്‍ കൊണ്ടു. അവിടുത്തെ വെണ്മയില് അവന് കാഴ്ച കടമെടുത്തു. ആ കാല്പാടുകളില് അവന് തന്റെ വഴി കണ്ടു. പുത്രനായും പിതാവായും സഹോദരനായും സതീര്ഥ്യനായും പഠിതാവായും അധ്യാപകനായും അനുയായിയായും അധികാരിയായും സുഹൃത്തായും ഇണയായും ഇടപാടുകാരനായും ആവലാതിക്കാരനായും ന്യായതീര്പ്പുകാരനായും മധ്യസ്ഥനായും വാദിയായും ഇരയായും ഉത്തമര്ണനായും അധമര്ണനായും പ്രക്ഷോഭകനായും സമാധാന പ്രവര്‍ത്തകനായും സേവകനായും യജമാനനായും ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അരങ്ങുകളില്‍ ആടിത്തീര്‍ത്ത വേഷങ്ങളിലെല്ലാം മാര്‍ഗദര്‍ശിയും മാതൃകയുമായി ആ പ്രവാചകന് അവതരിച്ചു കൊണ്ടിരുന്നു. വഴിയിലിരുന്നപ്പോള്, വഴിമുടക്കരുതെന്ന ആജ്ഞയോടെ, വഴിയുടെ അവകാശത്തെ കുറിച്ച് ഓര്മിപ്പിച്ചുകൊണ്ടവിടുന്നടുത്തുണ്ടായിരുന്നു. അണിയാന്‍ വസ്ത്രമെടുത്തപ്പോള് നിര്‍ദേശങ്ങളുമായി അവിടുന്ന് എത്തി. തീ•ശക്ക് മുന്നിലിരുന്നപ്പോള്‍ ദൈവനാമത്തില്‍ ഒരുമിച്ച് പങ്കുവച്ചു തിന്നാന്‍, ആഹാരത്തെ ആദരിക്കാന്‍, ഒരു മണി വറ്റുപോലും കളഞ്ഞു പോകാതിരിക്കാന്‍, സ്വന്തം ഓഹരിയില്‍ നിന്ന് മാത്രം എടുത്ത് ഭക്ഷിക്കാന്‍, ഏതോ കളപ്പുരയില്‍ ആരോ ഒരുക്കിയ ധാന്യമണി യാതൊരു കഴിവും ശേഷിയുമില്ലാഞ്ഞിട്ടും നിന്റെ ആഹാരമായി മുന്നിലെ പാത്രത്തിലെത്തിച്ച ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ഭക്ഷിക്കാനുപദേശിച്ചുകൊണ്ടവിടുന്നുണ്ടായിരുന്നു. വാഹനത്തിലേറാന്‍ ചെന്നപ്പോള്‍ ഉരുക്കുകഷണങ്ങള്ക്ക് ജീവന് വെപ്പിച്ചിളക്കി വാഹനമാക്കിത്തന്ന ദൈവത്തെ വാഴ്ത്തുവാനും യാത്രയുടെ ദുരിതങ്ങളെ തൊട്ട് ഏറ്റവും ഉറ്റവനായ ഉപകര്‍ത്താവിനെ ഭരമേല്പിക്കാനും ഉപദേശിച്ചു കൊണ്ടവിടുന്നുണ്ടായിരുന്നു. പരുക്കന്‍ കൈയില്‍ അമര്‍ത്തിത്തഴുകി അധ്വാനത്തിന്റെ മഹത്വത്തെയും പണിയെടുത്തു തിന്നേണ്ടതിന്റെ ആവശ്യകതയെയും കുറിച്ചവിടുന്നനുസ്മരിപ്പിച്ചു. തസ്ബീഹ് ചൊല്ലുന്ന ചെടികളെയും ജീവികളെയും ചൂണ്ടി പരിസ്ഥിതി വാദത്തിന്റെ ആധ്യാത്മിക പാഠങ്ങള്‍ അവിടുന്ന് ചൊല്ലിത്തന്നു. മൂന്നു വര്‍ഷത്തിലേറെ കൃഷി ചെയ്യാതെ തരിശിടുന്ന ഭൂമി സ്റേറ്റിനവകാശപ്പെട്ടതാണെന്ന ഓര്‍മപ്പെടുത്തലോടെ ചരിത്രത്തിലെ ആദ്യത്തെ ഭൂപരിഷ്കര്ത്താവായി അവിടുന്ന്. വീണുപോയ സ്വത്താണ് വിജ്ഞാനമെന്ന് മഹാനായ ആ ജ്ഞാന പരിശീലകന് ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നു.
വിസര്‍ജന സ്ഥലത്തേക്ക് കടന്നപ്പോഴും തിരിച്ചിറങ്ങിയപ്പോഴും ആരാധനാമന്ദിരത്തിലേക്ക് കടന്നപ്പോഴും ഇരുന്നപ്പോഴും പുറത്തേക്കിറങ്ങിയപ്പോഴും സഭാ മന്ദിരത്തില്‍ ആള്‍ക്കൂട്ടത്തിലായിരുന്നപ്പോഴും അങ്ങാടിയില്‍ പ്രവേശിച്ചപ്പോഴും ഏര്‍പ്പാടുകളില്‍ മുഴുകിയപ്പോഴും തിരികെ വീട്ടിലേക്ക് മടങ്ങിക്കയറുമ്പോഴും ഉറക്കറയിലേക്ക് ചെല്ലുമ്പോഴുമുള്ള മര്യാദകളെയും ശീലങ്ങളെയും കുറിച്ചവിടുന്ന് ഓര്‍മിപ്പിച്ചു തന്നു. ഇണയെ തേടിയപ്പോള്‍, സ്വന്തമാക്കിയപ്പോള്‍, ഇണയോടൊപ്പം ജീവിച്ചു തുടങ്ങിയപ്പോള്‍, ഇണയോടിടയുകയും ഇണങ്ങുകയും ചെയ്തപ്പോഴൊക്കെ ഉറ്റതോഴരായി അവിടുന്ന് വഴി കാണിക്കുന്നുണ്ടായിരുന്നു. രോഗിയായപ്പോള്‍ സമാശ്വാസമായി അവിടുന്നരികിലെത്തി. ഉലയില്‍ ഉരുക്കിന്റെ കളങ്കങ്ങള്‍ കഴുകപ്പെടുന്നതു പോലെ ദീനം തന്നെ ശുദ്ധീകരിക്കുന്നതവിടുന്ന് കാട്ടിത്തന്നു. വിശുദ്ധ ഖുര്‍ആന്റെ അനന്യ ഭാഷയില്‍ കാരുണ്യമായി പെയ്തിറങ്ങിയ ആ തിരുസാന്നിധ്യം താരതമ്യങ്ങളില്ലാത്ത ‘ഉസ്വത്താ’യി, ‘ഉസ്വത്തുന്‍ ഹസനയാ’യി അവനനുഭവിച്ചു. ഓരോ ജീവനിമിഷത്തിലും വാര്‍ധക്യത്തിന്റെ മുന്നില്‍ വിനയവാനായി, എല്ലാ രസങ്ങളെയും ഇല്ലാതാക്കുന്ന മരണത്തെക്കുറിച്ച് ഓര്മ മുറിയാതെ പെരുവഴിയമ്പലത്തിലെ താമസക്കാരനെപ്പോലെ വൈരാഗിയായി അത്യുന്നതങ്ങളിലെ അത്യുത്തമനായ സുഹൃത്തിനെ ആഗ്രഹിച്ച് ജീവിക്കുവാനവിടുന്ന് പരിശീലനം നല്കിക്കൊണ്ടിരുന്നു. പാതിരാത്രിയില്‍ സന്ന്യാസിയായും പകല്‍ പടയാളിയായും ജീവിക്കാന്‍ പഠിപ്പിച്ച് അവിടുന്ന് മുസ്തഫയായി- നയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍. മനുഷ്യനെ അവന്റെ പരിമിതികളെ ലംഘിച്ച് ജീവിക്കാന്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത മറ്റൊരു മഹാഗുരു, മറ്റൊരാചാര്യന്, മറ്റൊരു ജ•ം, മറ്റൊരടയാളം ചരിത്രത്തിലില്ലെന്നവന് തിരിച്ചറിഞ്ഞു. അകവും പുറവും കൊണ്ടവന് സാക്ഷിയായി. മുത്തുമുസ്ത്വഫാക്കുമേല് ദൈവത്തിന്റെയും മാലാഖമാരുടെയും ചരാചരങ്ങളുടെയും കീര്‍ത്തന വര്‍ഷങ്ങള്‍ പെയ്തു വീണതിന്റെ പൊരുളെന്തന്നവനറിഞ്ഞു. ദൈവത്തോടൊപ്പം, മാലാഖമാരോടൊപ്പം ആ സംഘകീര്ത്തനത്തില് ഉടലും ഉയിരും വണങ്ങിയവന് നീട്ടിനീട്ടിയോതി. വരിഷ്ഠമായ ദൈവീകദാനത്തിനവന് കൃതജ്ഞതാ നിര്‍ഭരനായി.
സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹിവസല്ലം
Masha ALLAH! What a marvellous article. Indeed it helps many of us in realizing who the Prophet (SAW) was and who he should be to us in our lives. Jazzak ALLAH Khairan brother for each and every words in this article. May Almighty ALLAH bless and guide you and all of us in this life and in the hereafter – Aameen.