സ്നേഹം തിരുചര്യ പിന്തുടര്‍ന്ന് ജീവിക്കലാണെന്ന ഒരു വാദമുണ്ട്. ഇതൊരു ഉണങ്ങിപ്പറ്റിയ നിരീക്ഷണമാണെന്നാണ് തിരുസഹചരുടെ അനുരാഗം നിറഞ്ഞ നെഞ്ചോട് ചെവിയടുപ്പിക്കുമ്പോള്‍ കേള്‍ക്കാനാവുന്നത്. അനുരാഗത്തിന്റെ അനുസ്യൂതമായ ആ നീരൊഴുക്കിലേക്കിറങ്ങുന്ന ചരിത്രക്കുറിപ്പ്.
സ്വാലിഹ് പുതുപൊന്നാനി
മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും മികച്ച പദവിയാണ് അങ്ങയുടെ രിസാലത്ത്- ദിവ്യദൂത്. ജനാധിപത്യത്തിലെ രാഷ്ട്രപതിയെക്കാള്‍, സുല്‍ത്താനെക്കാള്‍, രാജാവിനേക്കാള്‍ അങ്ങ് ഉയരത്തിലാണ്. പ്രപഞ്ചമാകെ ഭരിക്കുന്ന ഒരു രാജാവുണ്ടെങ്കില്‍ അയാളും അങ്ങയുടെ താഴെയാണ്. നുബുവ്വത്തും രിസാലത്തും പിടിച്ചുവാങ്ങാവുന്നതല്ലെന്ന് നമുക്കറിയാം. റബ്ബുല്‍ ആലമീന്റെ തെരഞ്ഞെടുപ്പാണത്. ഓശാരമാണത്. ഒരു നബിക്ക്, റസൂലിന് തന്റെ പരിധിയിലെ രാജാവുപോലും കീഴടങ്ങണം. ബഹുമാനമര്‍പ്പിക്കണം. അനുസരിക്കണം, സ്നേഹവായ്പുകള്‍ നല്‍കണം. പ്രവാചകന്‍ പ്രജയാവുകയില്ല, മറ്റൊരു പ്രവാചകന്റെയല്ലാതെ. പ്രവാചകനാണ് തന്റെ പരിധിയിലെ രാജാവും ആത്മീയ നേതൃത്വവും. പരലോകത്തെ നേതാവും അതേ. എല്ലാ പ്രവാചകന്മാരുടെയും രാജാവ് അങ്ങ്. മാനുഷ്യകത്തിന്റെ മഹാരാജാവ്. ഇരുലോകചക്രവര്‍ത്തി. ബഹുലോക സുല്‍ത്താന്‍. സ്ഥലവും കാലവും ദ്രവ്യവും വികാരങ്ങളും അങ്ങയുടെ കീഴിലാണ്. സ്ഥായിയായ രാജപദവിയാണല്ലോ നുബുവ്വത്തും രിസാലത്തും.
മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ). മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാകുന്നു; ആയിരുന്നു; എന്നുമായിരിക്കും. പൂര്‍വ്വ പ്രവാചകന്‍മാര്‍ അങ്ങയുടെ കീഴ്രാജാക്ക•ാരായിരുന്നു. ഇസ്രാഅ് മിഅ്റാജ് അങ്ങയുടെ അഖിലലോക രാജത്വം വിളംബരം ചെയ്യുന്നു. ഇന്നും അങ്ങാണ് മഹാചക്രവര്‍ത്തി. ഭൂമിയും ചൊവ്വയും മറ്റും അങ്ങയുടെ പരിധിക്കകത്താണ്. സമാനതയില്ലാത്ത ഔന്നത്യമാണ് അങ്ങയുടേത്. അതിനാല്‍ അങ്ങേയറ്റത്തെ സ്നേഹം അങ്ങ് അര്‍ഹിക്കുന്നു. അങ്ങയുടെ സഹചാരികള്‍ അത് അങ്ങേക്ക് നല്‍കിയിരുന്നല്ലോ. ഒട്ടധികം രാജാക്കന്മാരെ അടുത്തറിയാവുന്ന, കിസ്റാ – ഖൈസ്വര്‍-നജ്ജാശി രാജകൊട്ടാരങ്ങള്‍ കണ്ട ഉര്‍വത്തുബ്നുസ്സുബൈര്‍, അങ്ങേക്ക് അനുചരന്മാര്‍ കല്പിച്ച രാജത്വം (അല്ല, റസൂലിയ്യത്ത്) കണ്ട് അമ്പരന്നുപോയി. അവരുടെ അറ്റമില്ലാത്ത സ്നേഹം, നേരില്‍ കണ്ട് കണ്ണുതള്ളിപ്പോയി. രാജാവിന് കീഴടങ്ങുന്നവര്‍ ഒരുപാടുണ്ടാവും. പക്ഷേ, രാജാവിനെ സ്നേഹിക്കുന്നവര്‍ വളരെ കുറവായിരിക്കും. അങ്ങ് വ്യത്യസ്തനാണ്. സ്നേഹത്തില്‍ നിന്നാണ് അങ്ങയുടെ സാമ്രാജ്യം പടുത്തത്. ആത്മാവിന്റെ, സ്വന്തങ്ങളുടെ, അകപ്പുറങ്ങളുടെ, ഇഹപരങ്ങളുടെ ഉടമയായി അങ്ങയെ വാഴിക്കുന്ന സ്നേഹമാണ് അങ്ങ് അര്‍ഹിക്കുന്നത്. സ്നേഹിതനെ അനുകരിച്ചാല്‍ തീരുന്നതാണ് സ്നേഹമെന്ന് അവര്‍ തെറ്റിദ്ധരിച്ചില്ല. ഞങ്ങളും കരുതുന്നില്ല. അവര്‍ക്ക് മാലികുല്‍ മുലൂകായ അല്ലാഹു നിയമിച്ച മഹാരാജാവുതന്നെയാണ് താങ്ങ്; ഞങ്ങള്‍ക്കും. അനുകരണത്തിന്റെ എത്രയോ കാതമപ്പുറത്തായിരുന്നു സ്വഹാബത്ത്. ബുദ്ധിജീവികളായ മനുഷ്യ – മലക്ക്- ജിന്നു വര്‍ഗങ്ങള്‍ മാത്രമല്ല അങ്ങയുടെ പ്രജകള്‍ എന്നറിയാം. പ്രകൃതി പ്രതിഭാസങ്ങള്‍, പ്രപഞ്ച നിയമങ്ങള്‍ അങ്ങയ്ക്ക് കീഴ്പെടും. മുഅ്ജിസത്തുകളുടെ ശാസ്ത്രം അപഗ്രഥിച്ചാലറിയാലോ, ചലനനിയമങ്ങളും പ്രകാശ നിയമങ്ങളും ജൈവലോക സിദ്ധാന്തങ്ങളും സ്നേഹവായ്പുള്ള പ്രജകളായിരുന്നെന്ന്. മഹാരാജാവേ, അങ്ങേയ്ക്ക് ഒരായിരം സ്വലാത്തുകള്‍, സലാമുകള്‍.. കല്ലും മരവും മൃഗവും നല്‍കിയ സ്നേഹവായ്പുകളെങ്കിലും അങ്ങയ്ക്കു നല്‍കാന്‍ ഇനിയും ഞങ്ങള്‍ മടിക്കുകയാണോ?
മദീനയിലിറങ്ങിയ മുത്തുനബി മസ്ജിദ് നിര്‍മാണം പൂര്‍ത്തിയാകുവോളം അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട്ടില്‍ പാര്‍ത്തു. ആ മഹാഭാഗ്യത്തെക്കുറിച്ച് വീട്ടുടമ പറയട്ടെ:
“മുത്തുനബി എന്റെ വീട്ടിലെത്തിയപ്പോള്‍ ആദ്യം ഞങ്ങള്‍ മേലെ ഫ്ളോറിലും അവിടുന്ന് താഴെ ഫ്ളോറിലുമായിരുന്നു. ഇതെനിക്കു വിഷമമായി. ഞാനിക്കാര്യം മുത്തുനബിയെ പറഞ്ഞു ധരിപ്പിക്കാന്‍ ശ്രമിച്ചു:
“അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങു താഴെ നിലയില്‍ പാര്‍ക്കുമ്പോള്‍ മേലെ കയറി പാര്‍ക്കാന്‍ എനിക്ക് വയ്യ. വല്ലാത്ത മനഃപ്രയാസം. അങ്ങ് മേലെ പാര്‍ക്കുമോ, ഞങ്ങള്‍ താഴെ കഴിഞ്ഞോളാം.”
മുത്തുനബി അതിന്റെ ബുദ്ധിമുട്ട് അപ്രായോഗികത അബൂ അയ്യൂബിനെ ബോധ്യപ്പെടുത്തി:
“നമുക്ക് ഭക്ഷണാദി സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കൊക്കെ കൂടുതല്‍ സൌകര്യം താഴെയാകുമ്പോഴല്ലേ?”
മുത്തു നബി(സ) താഴെ ഫ്ളോറില്‍ തന്നെ താമസം തുടര്‍ന്നു; ഞങ്ങള്‍ മേലെയും. ഒരിക്കല്‍ ഒരു വെള്ളപ്പാത്രം വീണുടഞ്ഞു. ഉടനെ ഞാനും ഭാര്യയും ചേര്‍ന്ന് കട്ടിപ്പുതപ്പെടുത്ത് വെള്ളം തുടച്ചെടുത്തു. ഞങ്ങളുടെ ഒരേയൊരു പുതപ്പായിരുന്നു അത്. നബി(സ)യുടെ മേല്‍ വെള്ളത്തുള്ളികള്‍ ഇറ്റി വീഴുമോ എന്നായിരുന്നു പേടി. രാത്രി ഭക്ഷണമുണ്ടാക്കി തയ്യാര്‍ ചെയ്ത് ഞങ്ങള്‍ താഴേക്ക് കൊടുത്തു വിടും. അവിടുന്ന് ബാക്കി തിരികെ കൊണ്ടുവന്നാല്‍, ഞാനും അവളും നബി(സ)യുടെ വിരല്‍ പതിഞ്ഞ ഭാഗത്തു നിന്ന് എടുത്തു ഭക്ഷിക്കാന്‍ തിരക്കുകൂട്ടും. ബറകത്ത് വിചാരിച്ച് അവ ആര്‍ത്തിയോടെ തിന്നു തീര്‍ക്കും.
ഹജ്ജത്തുല്‍ വിദാഅ്. മുത്തുനബിക്കുവേണ്ടിയുള്ള അന്നപാനീയങ്ങള്‍ വഹിക്കാന്‍ അബൂബക്കര്‍ സ്വിദ്ദീഖ് (റ) ഒരു വാഹനമൃഗം ഏര്‍പ്പാടു ചെയ്തു. ഹജ്ജ് നിര്‍വ്വഹിച്ചു സംഘം തിരികെ വരുന്നു. വിശ്രമിക്കാന്‍ ഒരിടത്തിറങ്ങി തമ്പടിച്ചു. സിദ്ദീഖുല്‍ അക്ബര്‍ തന്റെ പരിചാരകനെ ‘ഭക്ഷണവണ്ടി’ നോക്കാനേല്‍പിച്ചു. അവനത് വേണ്ടപോലെ ശ്രദ്ധിച്ചില്ല. വണ്ടി ഒരുപാട് മുന്നിലായി. ദൃഷ്ടിക്കപ്പുറത്തേക്ക്.
യാത്ര തുടരാന്‍ നിശ്ചയിച്ച് വന്നു നോക്കുമ്പോള്‍ ‘ഭക്ഷണ വാഹനം’ കാണുന്നില്ല. യജമാനന്‍ പരിചാരകനെ ആക്ഷേപിക്കാന്‍ തുടങ്ങി. എല്ലാവരും വണ്ടി തിരയുന്ന തിരക്കിലായി. നാനാഭാഗത്തേക്കും ആളുകള്‍ പാഞ്ഞു.
ഇതിനിടയില്‍ സഅ്ദുബ്നു ഉബാദത്തും മകന്‍ ഖൈസും മുത്തുനബിയെ സമീപിച്ചു. അവര്‍ തനിച്ചല്ല. ഒരു ഒട്ടകവും കൂടെയുണ്ട്. അതിന്റെ പുറത്ത് നിറയെ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ സഞ്ചിയിലാക്കി കെട്ടിവച്ചിരിക്കുന്നു.
“തിരുനബിയേ,
ഇതാ അങ്ങേയ്ക്കുള്ള ഭക്ഷണം.
മറ്റേതിനു പകരം.”
നബി(സ) ഇരുവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. എന്നിട്ടു പറഞ്ഞു : “എനിക്കു കരുതിയ ഭക്ഷണവണ്ടി കണ്ടെത്തിയിരിക്കുന്നു. അല്ലാഹു അതു തിരികെ നല്‍കി. നിങ്ങളിതു തിരിച്ചെടുക്കണം. അല്ലാഹു ഇരുവര്‍ക്കും ബറകത്ത് ചെയ്യട്ടെ.”
പിന്നെ മുത്തുനബി ചോദിച്ചു: “അബൂസാബിത്, മദീനയില്‍ ഞാന്‍ ഇറങ്ങിയ കാലം മുതല്‍ തുടങ്ങിയ ഈ സല്‍ക്കാരം താങ്കള്‍ക്ക് മതിയായില്ലേ ഇനിയും?.”
സഅ്ദ് പ്രതികരിച്ചതിങ്ങനെ:
“തിരുദൂതരേ, അല്ലാഹുവിനും അവന്റെ പ്രവാചകര്‍ക്കും ചെയ്ത പുണ്യങ്ങള്‍ എടുത്തു പറയാമെന്നറിയാം. ഞങ്ങളുടെ മുതലില്‍ നിന്ന് അങ്ങ് സ്വീകരിച്ചതിനെയാണ് ഒഴിവാക്കിയവയെക്കാള്‍ എനിക്കിഷ്ടം.
“നിങ്ങള്‍ പറഞ്ഞതു സത്യം തന്നെ, അബൂസാബിത്, എന്നാല്‍ ഒരു സന്തോഷം കേട്ടോളൂ: താങ്കള്‍ വിജയം പ്രാപിച്ചിരിക്കുന്നു. നിശ്ചയം, സ്വാഭാവ മഹിമകളെല്ലാം അല്ലാഹുവിന്റെ ഔദാര്യമാണ്. അല്ലാഹു ആര്‍ക്കെങ്കിലും നല്ലൊരു സ്വഭാവഗുണം ഉദ്ദേശിച്ചാല്‍ അല്ലാഹു അത് നല്‍കുന്നു.”
മദീനയില്‍ വന്ന കാലം മുതല്‍ വഫാതുവരെയും നബി(സ)യ്ക്ക് രാത്രി ഭക്ഷണം നല്‍കിയിരുന്ന മഹാഭാഗ്യവാനാണ് സഅ്ദ്. എല്ലാ ദിവസവും സായാഹ്നത്തില്‍ ഒരു വലിയ പാത്രവുമായി സഅ്ദ് മുത്തുനബിയെ തേടിവരും. പത്തിരിയും ഇറച്ചിയുമാണതിലുണ്ടാവുക. നബി(സ)ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം. ഒരു ദിവസം പോലും മുടങ്ങിയിട്ടില്ല. അവിടുന്ന് ഭാര്യമാര്‍ക്ക് ഓഹരിവച്ച വിവിധ കിടപ്പുമുറികളിലേക്ക് മാറിത്താമസിക്കുമ്പോള്‍, അവിടം തിരഞ്ഞുവരും. നബി(സ) അതു കഴിക്കും. അല്ലെങ്കില്‍ മറ്റാരെയെങ്കിലും സല്‍ക്കരിക്കും.
മദീനക്കു പുറത്തേക്കു യാത്ര പോകുമ്പോള്‍, യുദ്ധാവശ്യാര്‍ത്ഥം പുറത്തുപോകുമ്പോള്‍ സഅ്ദ് കൂടെയുണ്ടാവും. എവിടെ പാര്‍ക്കുന്നുവെങ്കിലും സഅ്ദിന്റെ ഭക്ഷണപാത്രം അവിടെയെത്തും. നബിയുടെ സൈന്യത്തെ ഊട്ടാനും സഅ്ദ് മിടുക്കനായിരുന്നു. ഹംറാഉല്‍ അസദ് പോരാട്ടത്തിനു പുറപ്പെട്ട സൈനികര്‍ക്കുള്ള കാരക്കയുമായി സഅ്ദും മകന്‍ ഖൈസും മുപ്പത് ഒട്ടകങ്ങളാണ് തയ്യാറാക്കിയിരുന്നത്. ബനൂ ഖുറൈള പോരാട്ട വീര•ാര്‍ക്കും ഇതുപോലെ കാരക്ക കൊണ്ടു വന്നിരുന്നു. ദീ ഖര്‍ദ് പോരാട്ടത്തിനായി പ്രധാന വ്യക്തികളെല്ലാം മദീനക്കു പുറത്തു പോയപ്പോള്‍ സഅ്ദ് തന്റെ കുടുംബത്തിലെ മുന്നൂറ് പേരെ സംഘടിപ്പിച്ചു മദീനക്കു കാവല്‍ നിന്നു. നബി(സ)യോടൊപ്പമുള്ള പോരാളികള്‍ക്ക് കാരക്ക ചുമക്കുന്ന ഒട്ടേറെ ഒട്ടകങ്ങളുമായി മകനെ കൂടെ വിട്ടു; സൈനികര്‍ക്ക് അറുത്തു ഭക്ഷിക്കാനായി പത്ത് ഒട്ടകങ്ങള്‍ വേറെയും.
നബി(സ) ഇതെല്ലാം കണ്ട് ഖൈസിനോട് സന്തോഷം പറഞ്ഞു:
“ഖൈസേ, പിതാവ് താങ്കളെ കുതിരപ്പോരാളിയായി അയച്ചു. പോരാളികളെ വിരുന്നൂട്ടി. മദീനക്കു കാവല്‍ നിന്നു. അല്ലാഹുവേ, സഅ്ദിനെയും കുടുംബത്തെയും നീ അനുഗ്രഹിക്കണേ… എത്ര നല്ല മനുഷ്യനാണീ സഅദ്!”
യമാമ ഭാഗത്തേക്ക് പ്രബോധക സംഘത്തെ നബി(സ) അയച്ചു. ബനൂഹനീഫ ഗോത്രക്കാരനായ ഒരാളെ അവര്‍ക്ക് തടവിലാക്കേണ്ടിവന്നു. അയാളെ അവര്‍ക്കറിയില്ലായിരുന്നു. നബി(സ)യുടെ സന്നിധിയിലെത്തിച്ചപ്പോള്‍ നബി(സ) സംഘത്തെ ഒന്നു തുറിച്ചു നോക്കി.
“നിങ്ങള്‍ക്കറിയാമോ ഇദ്ദേഹത്തെ? ഇദ്ദേഹമാണ് സുമാമത്തുബ്നു അസാല്‍… അദ്ദേഹത്തെ പ്രയാസപ്പെടുത്തരുത്.”
നബിതങ്ങള്‍ നേരെ പോയത് തന്റെ പത്നിമാരുടെ അടുത്തേക്കാണ്.
“ഇവിടെയെന്താണുള്ളത്? അവ ശേഖരിച്ച് അങ്ങോട്ടു വേഗം കൊടുത്തയക്കൂ…”
എന്നിട്ട് കറവുള്ള തന്റെ ഒട്ടകത്തെ വിട്ടുകൊടുത്തു. ആവശ്യത്തിന് പാല്‍ കറന്നെടുക്കാന്‍ കല്പിച്ചു. എല്ലാം ഏര്‍പ്പാടാക്കിയ ശേഷം നബി(സ) സുമാമത്തിന്റെ അടുത്തുവന്ന് സൌമ്യമായി ഉപദേശിച്ചു:
“മുസ്ലിമാകുക സുമാമത്തേ.” സുമാമത്തിന്റെ പ്രതികരണം തീര്‍ത്തും ദൃഢനിശ്ചയത്തോടെയായിരുന്നു:
“ഇല്ല, മുഹമ്മദ്. വേണമെങ്കില്‍ വധിക്കാം. പിഴ വേണമെങ്കില്‍ തരാം. ഏതാണെന്നു വച്ചാല്‍ ചോദിച്ചോളൂ, മുസ്ലിമാവാന്‍ മാത്രം പറയരുത്.”
ഏതാനും ദിവസങ്ങള്‍ പിന്നിട്ടു. നബി സുമാമത്തിനെ ഹൃദ്യമായി പരിചരിച്ചു. പക്ഷേ സുമാമത്ത് ഉറച്ച നിലപാടിലായിരുന്നു. ഒരു ദിവസം നബി(സ) അനുചരന്മാരോട് സുമാമത്തിനെ സ്വതന്ത്രനാക്കാന്‍ കല്പിച്ചു. അവര്‍ അദ്ദേഹത്തെ തുറന്നുവിട്ടു. സുമാമത്ത് നേരെ ബഖീഇല്‍ പോയി. കുളിച്ചുവൃത്തിയായി. തിരികെ വന്നു. ഇസ്ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. ശഹാദത്ത് കലിമ ചൊല്ലി നബി(സ)യുമായി ഉടമ്പടി ചെയ്തു. എന്നിട്ടു പറഞ്ഞു:
“അല്ലാഹുവിന്റെ ദൂതരേ, എനിക്ക് ഏറ്റവും വെറുപ്പുള്ള മുഖമായിരുന്നു അങ്ങയുടേത്. എന്നാല്‍ ഇപ്പോള്‍ എനിക്കേറ്റവുമിഷ്ടമുള്ള മുഖം ഇപ്പോള്‍ താങ്കളുടേതായിരിക്കുന്നു”.
ഉംറ നിര്‍വ്വഹിക്കാന്‍ നബി(സ)യോട് അദ്ദേഹം അനുമതി തേടി; നബി(സ) സമ്മതിച്ചു. തല്‍ബിയത്തു ചൊല്ലി മക്കയില്‍ പ്രവേശിച്ചപ്പോള്‍, ഖുറൈശികള്‍ അത്ഭുതസ്തബ്ധരായി. “സമാമത്തേ, താങ്കള്‍ക്ക് ക്ഷുദ്രബാധയേറ്റോ, എന്താണിതൊക്കെ?” സുമാമത്ത് പറഞ്ഞു: “ഇല്ല, ഞാന്‍ ഉത്തമ ദീന്‍ സ്വീകരിച്ചിരിക്കുന്നു. മുഹമ്മദ്(സ) നേതൃത്വം നല്‍കുന്ന ദീന്‍. അല്ലാഹുവാണ, നബി(സ) അനുവദിക്കാതെ നിങ്ങള്‍ക്കിനി യമാമയില്‍ നിന്ന് ഒരു മണിധാന്യം പോലും തരികയില്ല.”
“നീ ഞങ്ങളോട് പോക്കിരിത്തരം കാട്ടുകയാണോ?” ഖുറൈശികള്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. കഴുത്തറുക്കാനൊരുങ്ങി. കൂട്ടത്തിലൊരാള്‍ വിക്ഷുബ്ധ സംഘത്തോടുപദേശിച്ചു. “വേണ്ട, അയാളെ വിട്ടേക്കൂ. ഭഷ്യപദാര്‍ത്ഥങ്ങള്‍ക്ക് യമാമയെ ആശ്രയിക്കാതെ തരമില്ലെന്നോര്‍ത്തോളൂ.”
അവര്‍ സുമാമത്തിനെ വിട്ടു. അദ്ദേഹം യമാമയിലേക്കു തിരിച്ചു. മക്കയിലേക്ക് യാതൊരു വസ്തുവും കൊടുത്തു വിടരുതെന്ന് തന്റെ നാട്ടുകാരെ ധരിപ്പിച്ചു. ഖുറൈശികള്‍ക്ക് വിശക്കാന്‍ തുടങ്ങി. ഒടുവില്‍ അവര്‍ മദീനയിലേക്ക്, നബി(സ)ക്ക് കത്തെഴുതി : “സുമാമത്തിനോട് പറയൂ, ഞങ്ങള്‍ക്ക് അന്നം തരാന്‍.” നബി(സ) സുമാമത്തിന് കത്ത് വിട്ടു. സുമാമത്ത് തിരുദൂതരുടെ അനുവാദം ലഭിച്ചപ്പോള്‍ മക്കക്കാര്‍ക്കെതിരെയുള്ള ഉപരോധം പിന്‍വലിച്ചു.
ഖൈബര്‍ കീഴടക്കിയ ശേഷം മദീനയിലേക്ക് മടങ്ങുന്ന വേളയിലാണ് നബി(സ) സ്വഫിയ്യുമ്മയെ വിവാഹം ചെയ്തത്. തിരുദൂതരുടെ പരിചാരകന്‍ അനസുബ്നു മാലികിന്റെ മാതാവ് ഉമ്മുസുലൈം ബിന്‍ത് മലഹാന്‍ ഒരു മണ്ഡപം പ്രത്യേകം തയ്യാറാക്കി. അവിടെ ‘നവദമ്പതികള്‍’ രാത്രി പാര്‍ത്തു. എല്ലാവരും അവരവരുടെ ടെന്റുകളിലേക്ക് മടങ്ങി. അബു അയ്യൂബില്‍ അന്‍സ്വാരി മാത്രം ഉറങ്ങിയില്ല. അദ്ദേഹം തന്റെ വാള്‍ ഊരിപ്പിടിച്ച്. റസൂലിന് കാവല്‍ നിന്നു. ആ മണ്ഡപത്തിനു ചുറ്റും അദ്ദേഹം രാത്രി കഴിച്ചുകൂട്ടി. പ്രഭാതമായി. നബി(സ) പുറത്തുവന്നു. അബു അയ്യൂബിനെ കണ്ടപ്പോള്‍ അവിടുന്ന് കാര്യം തിരക്കി. അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെ: “അല്ലാഹുവിന്റെ വിശുദ്ധ ദൂതരേ, നവവധുവിന്റെ കുടുംബ പശ്ചാത്തലം എന്നെ ഭയവിഹ്വലനാക്കി. അവരുടെ പിതാവും ഭര്‍ത്താവും ബന്ധുക്കളും വധിക്കപ്പെടുകയായിരുന്നല്ലോ? മഹതിയാണേല്‍ ഇത്രയും കാലം സത്യനിഷേധവുമായി ജീവിക്കുകയായിരുന്നു. വല്ല ഭാഗത്തുനിന്നും ആക്രമണം ഉണ്ടാകുമോ എന്നു ഞാന്‍ ഭയപ്പെട്ടു.” ഒരു നിര്‍ദ്ദേശവുമില്ലാതെ തന്നെ, അബൂ അയ്യൂബിന്റെ സാന്ദര്‍ഭികദൌത്യം നബി(സ)യുടെ ഉള്ളു കുളിര്‍പ്പിച്ചു.
“അല്ലാഹുവേ, അബൂ അയ്യൂബിനു നീ കാവലാകണേ, അദ്ദേഹം എന്നെ കാത്തു രാത്രി കഴിച്ചുകൂട്ടിയതു പ്രകാരം.”
തിരുസന്നിധിയിലേക്ക് ഒരു മഹതി കടന്നു വന്നു. “അല്ലാഹുവിന്റെ ദൂതരേ, താങ്കളെ അണിയിക്കാന്‍ ഞാന്‍ എന്റെ കൈകള്‍ കൊണ്ട് നെയ്തുണ്ടാക്കിയ പുതപ്പാണിത്.” താല്‍പര്യപൂര്‍വ്വം നബിയതു സ്വീകരിച്ചു. എടുത്തണിഞ്ഞു. അതുമായി സദസ്സില്‍ വന്നപ്പോള്‍ ഒരാള്‍ നിസ്സങ്കോചം ആവശ്യപ്പെട്ടു: “അല്ലാഹുവിന്റെ ദൂതരേ, അതെന്നെ അണിയിക്കുമോ?”
“അതിനെന്താ?”
പുതപ്പഴിച്ച് ആവശ്യക്കാരന് കൊടുത്തു പുണ്യവാന്‍. അയാളെ ജനം വിട്ടില്ല. “താങ്കള്‍ ചെയ്തതു നന്നല്ല. എന്തിനതു ചോദിച്ചു. ചോദിച്ചവരെ പുണ്യനബി നിരാശപ്പെടുത്താറില്ലെന്ന് അറിഞ്ഞുകൂടായിരുന്നോ?”
അദ്ദേഹം തന്റെ മനോഗതം വെളിപ്പെടുത്തി:
“ഞാന്‍ മരണപ്പെട്ടാല്‍ എന്റെ കഫന്‍പുടവയാക്കാനാണ് ആ പുതപ്പ് ചോദിച്ചു വാങ്ങിയത്.”
സംഭവമുദ്ധരിച്ച സഹ്ല്‍(റ) പറയുന്നു; “അങ്ങനെത്തന്നെയാണുണ്ടായതും. അദ്ദേഹത്തെ ആ പുതപ്പില്‍ തന്നെ കഫന്‍ ചെയ്തു”. (ബുഖാരി).
അല്ലാഹുവിന്‍റെ കേസരിയെന്നു നബി(സ) വിളിച്ച പ്രമുഖനാണ് അബൂത്വല്‍ഹ(റ). ഹുനൈന്‍ പോരാട്ടത്തില്‍ നബി(സ)യോടൊപ്പം ഉറച്ചുനിന്ന് ഇരുപത് മുശ്രിക്കുകളെ വധിച്ചത് അബൂത്വല്‍ഹയാണ്. പത്നി ഉമ്മു സുലൈം ഭര്‍ത്താവിനെ അനുഗമിച്ചിരുന്നു. അപ്പോള്‍ മഹതി ഗര്‍ഭിണിയാണ്. ഉമ്മുസുലൈം വയറ്റത്ത് തുണിപ്പട്ട കെട്ടി ഭദ്രമാക്കി ഒരു കൈയില്‍ അബൂത്വല്‍ഹയുടെ ഒട്ടകത്തിന്റെ മൂക്കുകയറും, മറു കൈയില്‍ ഒരു കഠാരയുമേന്തി സുസജ്ജയായി നടക്കുകയാണ്. “എന്താണിതൊക്കെ ഉമ്മുസുലൈം?” ഇതു കണ്ടപ്പോള്‍ ഭര്‍ത്താവ് അത്ഭുതപ്പെട്ടു.
“മുശ്രിക്കുകളാരെങ്കിലും അല്ലാഹുവിന്റെ റസൂലിന്റെ ചാരത്തേക്കു വന്നാല്‍ ഈ കഠാര കൊണ്ട് ഞാനവന്റെ വയറു കുത്തിപ്പൊളിക്കും.” നിശ്ചയദാര്‍ഢ്യത്തോടെ ഉമ്മുസുലൈം പ്രതികരിച്ചു. ഭര്‍ത്താവ് വികാര നിര്‍വ്യതനായി തിരുദൂതരോട് തന്റെ പത്നിയുടെ കഥ പറഞ്ഞു. “കേട്ടില്ലേ, ഉമ്മുസുലൈമിന്റെ വാക്കുകള്‍?” നബി(സ) ഉമ്മുസുലൈമിനുവേണ്ടി പ്രാര്‍ത്ഥിച്ചു.
അനസുബ്നു മാലിക് (റ) അനുസ്മരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍(സ)യുടെ അനുചര•ാരുടെ കൂട്ടത്തില്‍ ജുലൈബീബ് എന്നു പേരുള്ള ഒരു കുറിയ മനുഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം വിരൂപമായിരുന്നു. നബിതങ്ങള്‍ തന്നെയാണ് അയാളില്‍ വിവാഹമോഹമുണ്ടാക്കിയത്.
“വിവാഹം ആലോചിക്കുകയല്ലേ?”
നബി(സ) അന്വേഷിച്ചു.
“അരുത് നബിയേ, ഞാന്‍ ഒരു എടുക്കാ ച്ചരക്കാണെന്ന് താങ്കള്‍ക്ക് ബോധ്യമാകും. ആര്‍ക്കും വേണ്ടാത്തവനാണ് ഞാന്‍.”
ജുലൈബീബ് പ്രയാസത്തോടെ പറഞ്ഞു.
“ഇല്ല ജുലൈബീബ്. അല്ലാഹുവിങ്കല്‍ താങ്കള്‍ എടുക്കാച്ചരക്കല്ല.” നബി(സ) സമാധാനിപ്പിച്ചു.
അന്‍സ്വാരികളില്‍പെട്ട ഒരു സ്വഹാബിയുടെ മകളെ നബി തങ്ങള്‍ ജുലൈബീബിനു വേണ്ടി അന്വേഷിച്ചു. മാതാപിതാക്കള്‍ക്ക് ഈ വിവാഹത്തില്‍ അതൃപ്തിയുണ്ടെന്നും തന്റെ ഗതികേടോര്‍ത്ത് അവര്‍ വിഷമിക്കുന്നുണ്ടെന്നും മകളറിഞ്ഞു.
അവള്‍ മാതാപിതാക്കളെ ഖുര്‍ആനോതിക്കേള്‍പ്പിച്ചു: “സത്യവിശ്വാസിക്കും സത്യവിശ്വാസിനിക്കും അല്ലാഹുവും റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍, തങ്ങളുടെ കാര്യത്തില്‍ വീണ്ടുവിചാരത്തിന്റെ കാര്യമില്ല.” (അഹ്സാബ് 36)
മകള്‍ സധൈര്യം പറഞ്ഞു: “അല്ലാഹുവിന്റെ ദൂതന്‍ (സ) എനിക്കു വേണ്ടി ഇഷ്ടപ്പെട്ട കാര്യം ഞാന്‍ അംഗീകരിക്കുന്നു.”
മകളുടെ പ്രതികരമം നബി(സ) അറിഞ്ഞു. അവര്‍ക്കു വേണ്ടി അവിടുന്നു പ്രാര്‍ത്ഥിച്ചു.
“അല്ലാഹുവേ, അവര്‍ക്കു മേല്‍ നീ ധാരാളം ഖൈറ് ചൊരിയണേ. അവളുടെ ജീവിതം ഒരു ഭാരമാക്കരുതേ.”
ഏതാനും ദിവസം മാത്രമേ ജുലൈബീബിനു അവളുമായി ജീവിക്കാന്‍ സാധിച്ചുള്ളൂ. തിരുനബി(സ)യോടൊപ്പം ഒരു ധര്‍മസരത്തിനു പുറപ്പെട്ട ജുലൈബീബ് രക്തസാക്ഷിയായി. അദ്ദേഹത്തിന്റെ വിധവയായ പത്നി അന്‍സ്വാരീ സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും സമ്പന്നയായി മാറി. ധാരാളദാനം ചെയ്യുന്നവരായിരുന്നു മഹതി.
ജിഅ്റാനയില്‍ വച്ചാണ് അബൂ മഹ്ദൂറ(റ) ഇസ്ലാമില്‍ ചേരുന്നത്; നബി(സ) ത്വാഇഫ് കീഴടക്കി വിജയശ്രീലാളിതനായി തിരികെ വരുന്ന സന്ദര്‍ഭത്തില്‍.അബൂമഹ്ദൂറയുടെ ശബ്ദം സുന്ദരമായിരുന്നു. നബി(സ) അദ്ദേഹത്തിന് വാങ്കിന്റെ വചനങ്ങള്‍ പഠിപ്പിച്ചു. മക്കയിലെ തന്റെ പ്രതിനിധി ഇനാബുബ്നു ഉസൈദിന് കത്തെഴുതി: “അബൂ മഹ്ദൂറയെ മസ്ജിദുല്‍ ഹറാമിലെ മുഅദ്ദിനായി നിയമിക്കുക.” അദ്ദേഹം അവിടെ തന്റെ ജീവിതാന്ത്യം വരെയും മുഅദ്ദിനായി സേവനമനുഷ്ഠിച്ചു. തനിക്കു ശേഷം പുത്രന്മാരും പൌത്രന്മാരും ആ സേവനം തുടര്‍ന്നു.
നബി(സ) അബൂമഹ്ദൂറയുടെ നെഞ്ചിലും ശിരസ്സിലും സ്പര്‍ശിച്ചു കൊണ്ട് അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. തിരുസ്പര്‍ശമേറ്റ തലമുടി അദ്ദേഹം വെട്ടിക്കളയാതെ നീട്ടി വളര്‍ത്തി. സഹോദരപുത്രന്‍ ഇബ്നു മുഹൈരീസ് പിതൃവ്യനോടാരാഞ്ഞു:
“എന്താണ് അങ്ങ് മുടിവെട്ടാത്തത്?”
അബൂമഹ്ദൂറ(റ) പറഞ്ഞു :
“തിരുറസൂല്‍ സ്പര്‍ശിച്ച അനുഗൃഹീത കേശം വെട്ടിക്കളയാന്‍ എനിക്കാകില്ല.”
മുന്‍ഭാഗത്ത് ചുരുട്ടിക്കെട്ടിയ നീളന്‍ മുടി വല്ലയിടത്തും ഇരിക്കുമ്പോള്‍ അബൂമഹ്ദൂറ(റ) കെട്ടഴിക്കും. അപ്പോള്‍ അത് നിലത്ത് തൊടുമായിരുന്നു.
You must be logged in to post a comment Login