കനിവുറവുകള്‍ ഒഴുക്കേണ്ടത് ഇസ്ലാമിക ധര്‍മത്തിന്റെ താല്‍പര്യമാണെന്നുണര്‍ത്തുന്ന ലേഖനം. പ്രകൃതിയിലും പരിശുദ്ധ മനസ്സുമുള്ളവരുടെ ജീവിതത്തിലും ആതുരസേവനം എത്രത്തോളം എന്നു വരച്ചുകാട്ടുന്നുണ്ട് ലേഖകന്‍.
കോടമ്പുഴ ബാവ മുസ്ലിയാര്
വീട് കത്തിയെരിയാന്‍ തുടങ്ങി. പുകയും തീജ്വാലയും അന്തരീക്ഷത്തിലുയര്‍ന്നു. വീട്ടുകാരന് രാത്രി വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയാണ് തീപ്പിടുത്തത്തിനു കാരണമായത്. പക്ഷേ, വീട്ടുകാരന് അന്തേവാസികളോടൊപ്പം ഗാഢനിദ്രയിലായിരുന്നു. അയല്‍വാസികളും തഥൈവ. രാത്രിയുടെ അന്ത്യയാമമായിരുന്നു. എല്ലാവരും ഉറക്കത്തിലായിരുന്നുവെങ്കിലും നിര്‍നിദ്രനായി ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ സമീപത്തുണ്ടായിരുന്നു. തന്റെ യജമാനന്നും കുടുംബത്തിനും സംഭവിക്കാന്‍ പോകുന്ന വിനാശമോര്‍ത്ത് അയാള്‍ സംഭ്രമത്തിലായി. പക്ഷേ, അയാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല, മനുഷ്യഭാഷ വശമില്ല. താമസംവിനാ ഒരു തീരുമാനത്തിലെത്തി, പ്രയോജനകരമായ ഒരു കൌശലം; തന്റെ ഉറങ്ങിക്കിടക്കുന്ന യജമാനന്റെ സമീപത്തേക്ക് ഓടിച്ചെന്ന് കൂര്‍ത്ത നഖങ്ങളുപയോഗിച്ച് ഒരു മാന്തല്‍ കൊടുത്തു. പക്ഷേ, മാന്തല്‍ മുറിവേല്‍പ്പിക്കുന്ന വിധം ഗുരുതരമായിരുന്നില്ല. എന്നാല്‍ പെട്ടെന്ന് ഉറക്കമുണര്‍ത്താന്‍ പര്യാപ്തവുമായിരുന്നു. പോറലേറ്റ് ഉറക്കമുണര്‍ന്ന് കണ്ണുമിഴിച്ചു നോക്കിയപ്പോള്‍ വീട്ടിന്റെ മേല്‍ക്കൂരയിലെ ആളിപ്പടരുന്ന തീജ്വാലയാണ് കണ്ടത്. താമസംവിനാ വീട്ടുകാരെ മുഴുവനും വിളിച്ചുണര്‍ത്തി പുറത്തു കടത്തി രക്ഷപ്പെടുത്തി. പിന്നീട് സഹായത്തിനായി അയല്‍വാസികളെ വിളിച്ചു. അവര്‍ വന്നു തീയണച്ചു. ആരായിരുന്നു ഈ ദയാനിധിയായ അടിയന്തര സഹായിയെന്നറിയാമോ? അത് ആ വീട്ടിലെ വളര്‍ത്തു പൂച്ചയായിരുന്നു. ശാന്തസമുദ്രതീരത്ത് ഓസ്ട്രേലിയന്‍ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന സിഡ്നി പട്ടണത്തില്‍ നടന്നതായി 2006 ഡിസംബര്‍ 30 ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണിത്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഒരു മിണ്ടാപ്രാണി കാണിച്ച മാതൃകാപരമായ താത്പര്യമാണ് നമുക്ക് ഇവിടെ ഗുണപാഠമായി മനസ്സിലാക്കാനുള്ളത്. പല ജീവികളും ജീവകാരുണ്യത്തില്‍ മനുഷ്യനു മാതൃകയാണ്; വിശിഷ്യാ, ആതുര സേവനത്തില്‍. ഏതൊരു ജീവിക്കും പരസഹായം വിഷമഘട്ടത്തിലും ദുര്‍ബലാവസ്ഥയിലുമാണ് ഏറ്റവും കൂടുതല്‍ ആവശ്യമാകുന്നത്. അതില്‍ ഏറ്റവും വലുത് രോഗാവസ്ഥയാണ്. സഹജീവികളോട് ആതുരാവസ്ഥയില്‍ സഹതാപം കാണിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്യുന്ന പല ജീവികളെയും കാണാം. പ്രസിദ്ധ അറബി ഗ്രന്ഥകാരനായ അബ്ദുല്‍ വഹാബ് നജ്ജാര്‍ അദ്ദേഹത്തിന്റെ ‘ഖസസുല്‍ അമ്പിയാ’ എന്ന ഗ്രന്ഥത്തില്‍ എഴുതിയ ഒരു സംഭവം കാണുക: എന്റെ സ്നേഹിതന് ശൈഖ് അഹ്മദ് ഉമര്‍ സിക്കന്ദരി എന്നോട് പറയുകയുണ്ടായി. ഏതാനും കുട്ടികള്‍ ഒരു ഗരുഢനെ പിടിച്ചു കളിച്ചു, അതിനെ അവശമാക്കി, അവസാനം ചില എല്ലുകള്‍ പൊട്ടിച്ചു എന്റെ വീട്ടില്‍ കൊണ്ടു വന്നിട്ടു. എന്റെ കുട്ടികള്‍ ആ ജീവിയെ എടുത്തു, സീലിംഗിനു മുകളില്‍ കൊണ്ടുവന്നിട്ടു. മുകളിലൂടെ ഗരുഢന്മാര് പറന്നുപോകുമ്പോള്‍ അത് നിസ്സഹായാവസ്ഥയില്‍ ഒരു പ്രത്യേക ശബ്ദമുളവാക്കിക്കൊണ്ടിരുന്നു. അതുകേട്ട് ഗരുഡന്മാര് അതിനു മുകളില്‍ വട്ടമിട്ട് പറക്കുകയുണ്ടായി. ദിനേന അവ ആഹാരസാധനങ്ങള്‍ കൊണ്ടുവന്ന് രോഗശയ്യയില്‍ കിടക്കുന്ന ഗരുഢനെ എറിഞ്ഞുകൊടുത്തുകൊണ്ടിരുന്നു. കുറച്ചൊക്കെ മാംസമുള്ള എല്ലുകളും, കോഴിക്കാലുകളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്റെ കുട്ടികള്‍ വെള്ളവും അല്പം തീറ്റയും ഇടയ്ക്കു കൊടുക്കാറുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് രോഗം മാറി ശക്തിയാര്‍ജ്ജിച്ച് അത് പറന്നുയര്ന്നുപോയി. (ഖസസുല്‍ അമ്പിയാഅ്, അബ്ദുല്‍ വഹാബ് നജ്ജാര്‍ പേജ് 317).
സേവന ബാധ്യതകളൊന്നും ഏല്‍പ്പിക്കപ്പെടുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലാത്ത മനുഷ്യേതര ജീവികള്‍ അത് ഏല്‍പ്പിക്കപ്പെടുകയും ഏറ്റെടുക്കുകയും ചെയ്ത ബുദ്ധിജീവികളായ മനുഷ്യരെ അതിജയിക്കാന്‍ പാടില്ല. എല്ലാ ജീവികളോടും കാരുണ്യം കാണിക്കേണ്ടവനാണ് മനുഷ്യന്, രോഗാവസ്ഥയില്‍ പ്രത്യേകിച്ചും. മനുഷ്യന് ശാരീരികമായും മാനസികമായും പാരവശ്യത്തിലകപ്പെടുന്ന സമയമാണ് രോഗാവസ്ഥ. അതു കൊണ്ടാണ് മാതൃകാ പുരുഷരായ ആത്മീയ ഗുരുക്കന്മാര് ആതുര ശുശ്രൂഷ ഒരു പുണ്യകര്‍മ്മവും ആത്മധര്മ്മവുമായി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രസിദ്ധ വലിയ്യും ഖുതുബുമായ ശൈഖ് അഹ്മദ് രിഫാഈ ഒരു നായയെ ശുശ്രൂഷിച്ച സംഭവം പ്രസിദ്ധമാണ്. കുഷ്ഠരോഗം ബാധിച്ച ഒരു നായയെ നാട്ടുകാരൊക്കെ ആട്ടിയോടിക്കുന്നതായി ശൈഖിന്റെ ദൃഷ്ടിയില് പെട്ടു. അദ്ദേഹം ദയാപൂര്‍വ്വം അതിനെ പിടികൂടി വിജനമായ ഒരിടത്ത് കൊണ്ടുപോയി ഒരു പന്തല്‍ നിര്‍മ്മിച്ച് അതിനകത്തു കെട്ടി. നാല്പത് ദിവസത്തോളം അതിന് ആഹാരം നല്‍കുകയും ദേഹത്തില്‍ മരുന്ന് പുരട്ടിക്കൊടുക്കുകയും ചെയ്തു. അനന്തരം ചൂടുവെള്ളം കൊണ്ട് കുളിപ്പിച്ചു. നാട്ടില്‍ യഥാസ്ഥാനത്ത് കൊണ്ടുവന്നു വിട്ടു. ‘ഈ നായയുടെ കാര്യത്തില്‍ അങ്ങ് ഇത്രത്തോളം ശ്രദ്ധിക്കേണ്ടതുണ്ടോ?’ ചിലര്‍ ചോദിച്ചു. “അതേ, വിചാരണ ദിവസം അല്ലാഹു എന്നെ പിടികൂടിയേക്കുമോ എന്ന് ഞാന്‍ ആശങ്കിച്ചു. ഈ നായയോട് അല്പം കനിവ് നിന്റെ വശം ഉണ്ടായില്ലേ, ഇതു പോലുള്ള വിപത്തുകൊണ്ട് അല്ലാഹു നിന്നെ പരീക്ഷിച്ചേക്കാം എന്ന ഭയപ്പാട് താങ്കള്ക്കുണ്ടായില്ലേ എന്ന് അല്ലാഹു ചോദിച്ചേക്കുമോ എന്ന ആശങ്കയും എനിക്കുണ്ടായി.” (ഖുര്‍റത്തുല്‍ അഹ്ബാബ് ഫീ മനാഖിബില്‍ അഖ്ത്വാബ് പേ: 4).
ആതുര സേവനം ഒരു പുണ്യകര്‍മ്മമാണ്. മാത്രമല്ല, ഓരോ മുസ്ലിമിന്റെയും ബാധ്യതകൂടിയാണ്. രോഗിക്ക് സംരക്ഷണവും ചികിത്സയും ലഭ്യമാക്കുക, അവനെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക, അവനെ ഇടക്കിടെ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തുകയും അവനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ബന്ധപ്പെട്ടവര്‍ക്ക് അവന്റെ കാര്യത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക ഇതെല്ലാം ആതുര സേവനത്തില്‍ പെട്ടതാണ്. മരുന്നും ചികിത്സയും കിട്ടാതെ നിരവധി പേര് മനുഷ്യസമൂഹത്തില്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ചികിത്സാഭാരം പേറാന്‍ സാധിക്കാതെ സങ്കടത്തിന്റെ കണ്ണുനീര് കുടിച്ചു കഴിയുന്നവര്‍ ധാരാളമുണ്ട്. ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍ സമ്പന്നരും ഇടത്തരക്കാരും അനാവശ്യ കാര്യങ്ങള്‍ക്കായി പണം ധൂര്‍ത്തടിക്കുകയാണ്. ആവശ്യത്തിന് ചെലവഴിക്കുന്നവര്‍ തന്നെ അഭിമാനപൂര്‍വ്വം അമിതവ്യയം നടത്തുന്നു. സ്വന്തം വീട്ടിലും നാട്ടിലും നിരാലംബരായി നിസ്സഹായരായി കഷ്ടപ്പെടുന്ന രോഗികളെ പോലും പരിഗണിക്കാതെ പലരും ഐച്ഛികമായ ആരാധനാകര്‍മ്മങ്ങളില്‍ പണം വിനിയോഗിക്കുകയാണ്. വീണ്ടും വീണ്ടും ഹജ്ജിനും പേര്‍ത്തും പേര്‍ത്തും ഉംറക്കും ആവര്‍ത്തിച്ചാവര്‍ത്തിച്ച് സിയാറത്തിനും നിര്‍ലോഭം പണം ചെലവഴിക്കുന്നവര്‍ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ പണം ചെലവഴിക്കുന്നത് അതിനെക്കാള്‍ പ്രധാനപ്പെട്ട പുണ്യകര്‍മ്മമാണെന്ന് മനസ്സിലാക്കാതെ പോകുന്നത് ദുഃഖകരമാണ്.
മഹാനായ ബിശ്റുല്‍ ഹാരിസ് അവര്‍കളെ സമീപിച്ച് ഒരാള്‍ പറഞ്ഞു: “ഞാന്‍ ഹജ്ജിനു പോകുകയാണ്; വല്ല നിര്‍ദ്ദേശവും നല്കാനുണ്ടോ?” “എത്ര സംഖ്യ ചെലവിന് കരുതിയിട്ടുണ്ട്?” ബിശ്ര് ചോദിച്ചു. ‘രണ്ടായിരം ദിര്‍ഹം എന്ന് പ്രതിവചിച്ചപ്പോള്‍ ബിശ്ര് ചോദിച്ചു: “ഹജ്ജ് കൊണ്ട് എന്താണ് താങ്കളുടെ ഉദ്ദേശ്യം? നാടിനോടുള്ള വിരക്തിയും പുണ്യഗേഹം കാണാനുള്ള ആഗ്രഹവുമാണോ? അല്ലെങ്കില്‍ അല്ലാഹുവിന്റെ പൊരുത്തം കാക്ഷിച്ചു കൊണ്ടാണോ ഈ യാത്ര?” അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചു കൊണ്ടാണ് തന്റെ തീര്‍ത്ഥാടനം എന്നായിരുന്നു മറുപടി. ” വീട്ടിലിരുന്നു കൊണ്ടു തന്നെ ഈ രണ്ടായിരം ദിര്‍ഹം ചെലവഴിച്ചുകൊണ്ട് ഉറപ്പായും അല്ലാഹുവിന്റെ പൊരുത്തം സാധിക്കുമെങ്കില്‍ താങ്കള്‍ അതിന് തയ്യാറാണോ?” ബിശ്ര് ചോദിച്ചു. അതേ എന്ന് ആഗതന് പറഞ്ഞപ്പോള്‍ ബിശ്ര് വിശദീകരിച്ചു: “താങ്കള്‍ പോയി ഈ സംഖ്യ പത്തുപേര്‍ക്ക് കൊടുക്കുക. കടം വീട്ടാനായി ഒരു കടക്കാരനും, ജഡ നന്നാക്കാനായി ഒരു ദരിദ്രനും, കുടുംബത്തിന്റെ പട്ടിണി തീര്‍ക്കാനായി ഒരു കുടുംബനാഥനും, അനാഥയെ സന്തോഷിപ്പിക്കുവാനായി അവന്റെ പരിപാലകനും എന്ന ക്രമത്തില്‍ കൊടുക്കുക. ഒരാള്‍ക്കു തന്നെ കൊടുക്കാന്‍ നിന്റെ മനസ്സ് ധൈര്യം കാണിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യുക. കാരണം ഒരു മുസ്ലിമിന്റെ ഹൃദയത്തില്‍ സന്തോഷം കൊടുക്കുന്നതും ദുഃഖിതനെ സഹായിക്കുന്നതും വിഷമിച്ചവന്റെ വിഷമം തീര്‍ക്കുന്നതും ദുര്‍ബലനെ പിന്തുണക്കുന്നതും നിര്ബന്ധഹജ്ജ് കഴിഞ്ഞതിനു ശേഷം സുന്നത്തായ ഒരു നൂറ് ഹജ്ജ് ചെയ്യുന്നതിനെക്കാള്‍ ശ്രേഷ്ഠമാകുന്നു.” (ഇഹ്യാ: ഇമാം ഗസ്സാലി വാള്യം 3 പേജ് 431).
രോഗിയെ ചികിത്സിക്കുവാനും അവനെ പരിചരിക്കുവാനും കഴിയില്ലെങ്കില്‍ അവനെ സന്ദര്‍ശിക്കുകയെങ്കിലും ചെയ്യണം. നബി(സ) പറയുന്നു: വിശന്നവന് ആഹാരം നല്‍കുക, രോഗിയെ സന്ദര്‍ശിക്കുക, ബന്ദിയെ മോചിപ്പിക്കുക.” (ബുഖാരി 5649). “ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള സാധാരണ ബാധ്യതകള്‍ ആറെണ്ണമാണ്: കാണുമ്പോള്‍ സലാം പറയുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക, ഉപദേശം ചോദിച്ചാല്‍ നല്‍കുക, തുമ്മിയതിന് ശേഷം അല്ലാഹുവെ സ്തുതിച്ചാല്‍ തശ്മീത് (യര്‍ഹമുകല്ലാഹ്) ചെയ്ത് ആശീര്‍വദിക്കുക, രോഗിയായാല്‍ അവനെ സന്ദര്‍ശിക്കുക, മരിച്ചാല്‍ ജനാസയെ പിന്തുടരുക.” (മുസ്ലിം 2162).
രോഗിയെ സന്ദര്‍ശിക്കല്‍, അത് നിസ്സാരമായ ഒരു കണ്ണു രോഗത്തിന്റെ പേരിലാണെങ്കിലും ശരി, സുന്നത്തായ കര്‍മ്മമാണ്. അവിടെ ശത്രുമിത്രഭേദം കാണിക്കരുത്. അമുസ്ലിം, കുടുംബബന്ധമോ അയല്പക്ക ബന്ധമോ ഉള്ളവനെങ്കില്‍, അവനെ രോഗസന്ദര്‍ശനം നടത്തല്‍ സുന്നത്തായ പുണ്യകര്‍മ്മമാണ്. ഇല്ലെങ്കില്‍ അനുവദനീയമായ സാധാരണ കര്‍മ്മവും. സന്ദര്ശകന് ദീര്‍ഘനേരം രോഗിയുടെ സമീപത്തിരിക്കുന്നത് അനഭികാമ്യമാണ്. ഇടക്കിടെ സന്ദര്‍ശിക്കുന്നതാണുത്തമം.
രോഗിക്ക് ആശ്വാസം പകരുന്ന ബന്ധുക്കള്‍, സ്നേഹിതന്മാര് ആദിയായവര്‍ക്കും അവന് അനുഗ്രഹം ലഭിക്കുന്ന സദ്വൃത്തരായ ആളുകള്‍ക്കും, രോഗി വിരോധം പ്രകടിപ്പിച്ചില്ലെങ്കില്‍ എപ്പോഴും സന്ദര്‍ശിക്കാവുന്നതാണ്. രോഗിയുടെ ജീവിതത്തില്‍ പ്രതീക്ഷയുണ്ടെങ്കില്‍ അവനു വേണ്ടി പ്രാര്‍ത്ഥിച്ച് പിരിഞ്ഞുപോകണം. ജീവിതത്തില്‍ പ്രതീക്ഷയില്ലെങ്കില്‍ പാപങ്ങളില്‍ നിന്ന് പശ്ചാത്തപിക്കുവാനും വസ്യത്ത് നിര്‍ദ്ദേശങ്ങള്‍ നല്കുവാനും പ്രേരിപ്പിക്കണം. (ഉംദത്തുസ്സാലിക്, ഇമാം ഇബ്നുന്നഖീബ്. പേ 93).
ആതുര സന്ദര്‍ശനം നിസ്സാരകാര്യമായി തള്ളാവതല്ല. പരലോകത്ത് അല്ലാഹുവിന്റെ കോടതിയില്‍ വിചാരണക്കെടുക്കുന്ന സുപ്രധാന വിഷയങ്ങളിലൊന്നാണത്. നബി തിരുമേനി(സ) യുടെ പ്രസ്താവന കാണുക: അന്ത്യ ദിനത്തില്‍ അല്ലാഹു ചോദിക്കും; മനുഷ്യാ, ഞാന്‍ രോഗിയായിട്ട് എന്തുകൊണ്ട് എന്നെ സന്ദര്‍ശിച്ചില്ല? അവന് മറുപടി പറയും: നാഥാ, നീ ലോകരക്ഷിതാവായിരിക്കെ എങ്ങനെ നിന്നെ സന്ദര്‍ശിക്കും?” തദവസരം അല്ലാഹു പറയും: “എന്റെ ഇന്ന ദാസന് രോഗിയാണെന്ന് നീ അറിഞ്ഞില്ലേ, എന്നിട്ട് നീ അവനെ സന്ദര്‍ശിച്ചില്ലല്ലോ, നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ നിനക്കത് എന്റെ സമീപത്ത് എന്നെ കാണാമായിരുന്നുവല്ലോ. അക്കാര്യം നിനക്കറിയാമായിരുന്നില്ലേ?”
“മനുഷ്യാ, ഞാന്‍ നിന്നോട് ആഹാരം ചോദിച്ചിട്ട് എന്തുകൊണ്ട് നീ എനിക്ക് ആഹാരം നല്‍കിയില്ല?” മനുഷ്യന് പറയും: “നാഥാ, നീ ലോകരക്ഷിതാവായിരിക്കെ ഞാന്‍ എങ്ങനെ നിനക്ക് ആഹാരം നല്‍കും?’ അല്ലാഹു പറയും: “എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടത് നിനക്കറിയാമല്ലോ, എന്നിട്ട് അവനു നീ ആഹാരം നല്കിയില്ലല്ലോ, നിനക്കറിയാമായിരുന്നില്ലേ, നീ അവന് ആഹാരം നല്കിയിരുന്നുവെങ്കില് അത് നിനക്ക് എന്റെ സമീപത്ത് കാണാമായിരുന്നു.”
“മനുഷ്യാ, ഞാന്‍ നിന്നോട് പാനീയം ആവശ്യപ്പെട്ടു. നീ എനിക്ക് പാനീയം നല്‍കിയില്ല”. മനുഷ്യന് പറയും: “നാഥാ, നീ ലോകനാഥനായിരിക്കെ ഞാന്‍ എങ്ങനെ നിനക്ക് പാനീയം നല്‍കും?” അല്ലാഹു പറയും: “എന്റെ ഇന്ന ദാസന് നിന്നോട് പാനീയം ആവശ്യപ്പെട്ടു. നീ അവന് പാനീയം നല്‍കിയില്ല. നീ അതു നല്കിയിരുന്നുവെങ്കില് നിനക്ക് അത് എന്റെ സമീപത്ത് കാണാമായിരുന്നു. അക്കാര്യം നിനക്ക് അറിയുമായിരുന്നില്ലേ.” (മുസ്ലിം 5569).
റസൂലുല്ലാഹി(സ) ശത്രുമിത്രഭേദമന്യേ ആതുര സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. പ്രവാചകരുടെ ബദ്ധവൈരിയായിരുന്ന അബൂജഹ്ല് രോഗശയ്യയിലാണെന്നറിഞ്ഞപ്പോള് അവിടുന്ന് സന്ദര്‍ശനത്തിനായി പുറപ്പെടുകയുണ്ടായി. എന്നാല്‍ അബൂജഹ്ലിന്റെ ശയ്യാവലംബം തിരുമേനിയെ വഞ്ചിക്കാന്‍ വേണ്ടിയുള്ള ഒരഭിനയം മാത്രമായിരുന്നു. വീട്ടുമുറ്റത്ത് ഒരു ചതിക്കുഴി ഉണ്ടാക്കി അതിന്റെ മുകള്ഭാഗം പുല്ലുകൊണ്ടും മണ്ണുകൊണ്ടും മറച്ചു. എന്നിട്ട് വീട്ടില്‍ രോഗിയായി അഭിനയിച്ച് കിടന്നു. രോഗവിവരം കേട്ടാല്‍ വിശാലഹൃദയനായ തിരുമേനി സന്ദര്‍ശിക്കാനെത്തും. അപ്പോള്‍ ചതിക്കുഴിയില്‍ വീഴും. ഇതായിരുന്നു അബൂജഹ്ലിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിപ്പോയി. കുഴിക്കടുത്തെത്തിയപ്പോള് ജിബ്രീല്‍(അ) വിവരം നല്കി. ഉടനെ തിരുമേനി തിരിഞ്ഞു നടന്നു. തന്റെ കുതന്ത്രം വിഫലമായ പരിഭ്രാന്തിയില്‍ അബൂ ജഹ്ല് തിരുമേനിയുടെ പിന്നാലെ ഓടി. ‘താങ്കളെന്തിന് തിരിച്ചു പോയി’ എന്നു പറഞ്ഞുകൊണ്ട് പിന്നാലെ ഓടുമ്പോള്‍ ആ ദുര്‍ഭഗന്‍ താന്‍ കുഴിച്ചുവച്ച ചതിക്കുഴി മറന്നുപോയി. അതിലകപ്പെട്ടപ്പോഴാണ് അവന് ബോധം വന്നത്. അവന്റെ ദാസന്മാര് രക്ഷക്കെത്തിയെങ്കിലും അവര്‍ക്ക് അവനെ രക്ഷിക്കാന്‍ സാധിച്ചില്ല. കുഴിയുടെ ആഴം കൂടിക്കൂടി വരികയായിരുന്നു. അവസാനം അവന് ആര്‍ത്തു വിളിച്ചു: ‘നിങ്ങള്‍ മുഹമ്മദിനെ കൊണ്ടുവരിക. അവനു മാത്രമേ ഈ കുഴിയില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ’. തിരുമേനി വന്ന് കൈനീട്ടി അവനെ രക്ഷപ്പെടുത്തി (ദുര്റത്തുന്നാസ്വിഹീന് 278).
ആതുര സന്ദര്‍ശനം നടത്തുമ്പോള്‍ താഴെ കാണിച്ച ഹദീസുകളില്‍ പറഞ്ഞിട്ടുള്ള മര്യാദകള്‍ പാലിക്കേണ്ടതാണ്:
1. ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്നു. നബി(സ) ഒരു രോഗിയെ സന്ദര്‍ശിച്ചു ചോദിച്ചു:
‘എന്താണ് ആഗ്രഹിക്കുന്നത്?’
ഗോതമ്പ് റൊട്ടിക്കാണാഗ്രഹം. അയാല്‍ പറഞ്ഞു.
തദവസരം നബി(സ) പറഞ്ഞു: ആരുടെയെങ്കിലും വശം ഗോതമ്പ് റൊട്ടിയുണ്ടെങ്കില് കൊടുത്തയക്കുക. അനന്തരം അവിടുന്ന് പ്രസ്താവിച്ചു: നിങ്ങളില്‍ രോഗി വല്ലതും ആഗ്രഹിച്ചാല്‍ അത് അവന് ഭക്ഷിപ്പിക്കട്ടെ. (ഇബ്നു മാജ 1439).
2. ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചു: ആതുര സന്ദര്‍ശനവേളയില്‍ രോഗിയുടെ സമീപത്ത് ശബ്ദം കുറയ്ക്കുക, ഇരുത്തം ലഘൂകരിക്കുക എന്നീ കാര്യങ്ങള്‍ പ്രവാചക ചര്യയില്‍ പെട്ടതാകുന്നു. (മിശ്കാത്ത് 1589).
3. ഉമര്‍ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പ്രസ്താവിച്ചു. നീ രോഗിയെ സന്ദര്‍ശിച്ചാല്‍ നിനക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവനോട് കല്‍പ്പിക്കുക. കാരണം അവന്റെ പ്രാര്‍ത്ഥന മലക്കുകളുടെ പ്രാര്‍ത്ഥന പോലെയാകുന്നു. (ഇബ്നുമാജ 1441).
4. റസൂല്‍ തിരുമേനി (സ) അരുള്‍ ചെയ്തതായി അനസ്(റ) ഉദ്ധരിക്കുന്നു: ഒരാള്‍ വുളൂഅ് ചെയ്ത് അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു കൊണ്ട് തന്റെ മുസ്ലിം സഹോദരനെ രോഗസന്ദര്‍ശനം നടത്തിയാല്‍ നരകത്തില്‍ നിന്ന് അറുപത് വര്‍ഷത്തെ വഴിദൂരത്തേക്ക് അവന് അകറ്റപ്പെടും. (അബൂദാവൂദ് 3097).
രോഗസന്ദര്‍ശനം രോഗിക്കോ വീട്ടുകാര്‍ക്കോ വിഷമം സൃഷ്ടിക്കാത്തവിധം ലഘൂകരിക്കണമെന്ന് നാം കണ്ടു. രോഗിക്കു ഗുണകരവും സന്തോഷകരവുമെങ്കില് മാത്രമേ സാന്നിദ്ധ്യം ദീര്‍ഘിപ്പിക്കാവൂ. രോഗിയുടെയും ബന്ധുക്കളുടെയും ആശ്വാസവും അതുവഴി അല്ലാഹുവിന്റെ പൊരുത്തവുമാണ് ആതുര സന്ദര്‍ശന ലക്ഷ്യം. രോഗിയെയും പരിചാരകരെയും വീട്ടുകാരെയും ആവശ്യമെങ്കില്‍ വല്ലതും നല്കി സഹായിക്കല്‍ വളരെ ശ്ളാഘനീയമാണ്. മഹാനായ ഖൈതമയുടെ രസകരമായ കഥ ഇവിടെ വളരെ ശ്രദ്ധേയമാണ്. കൂഫക്കാരനായ സുലൈമാന്‍ അഅ്മശി എന്ന മഹാന് പറയുന്നു: എന്റെ ഒരാടിന് രോഗം ബാധിച്ചു. അപ്പോള്‍ മഹാനായ ഖൈതമ എന്നവര്‍ രാവിലെയും വൈകുന്നേരവും ആടിനെ സന്ദര്‍ശിച്ചുകൊണ്ട് എന്നോട് ചോദിക്കും: അത് വേണ്ടവിധം പുല്ല് തിന്നോ? അതിന്റെ പാല് നഷ്ടപ്പെട്ടതു മുതല്‍ക്ക് കുട്ടികളുടെ ക്ഷമ എങ്ങനെയുണ്ട്? ഇങ്ങനെ ചോദിക്കുക മാത്രമല്ല, ഞാനിരിക്കാറുള്ള വിരിപ്പിന് താഴെ വല്ലതും വച്ചതിനു ശേഷമാണ് അദ്ദേഹം പോവുക. അങ്ങനെ ആടിന് രോഗം ബാധിച്ച വകയില്‍ അദ്ദേഹത്തിന്റെ ഔദാര്യമായി മുന്നൂറ് ദീനാറിലധികം വരുന്ന സംഖ്യ എനിക്ക് ലഭ്യമായി. എന്റെ ആടിനു രോഗം സുഖപ്പെട്ടില്ലെങ്കില്‍ നന്നായേനെ എന്നു ഞാന്‍ ആഗ്രഹിച്ചു പോയി. ഹിജ്റ 80 ല്‍ നിര്യാതനായ ഖൈതമ എന്നവര്‍ ഉദാരമതിയും സദ്വൃത്തനുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അബ്ദുറഹ് മാന്‍ എന്നവരും പിതാമഹന് അബൂ ബസ്റത് എന്നവരും സ്വഹാബിമാരായിരുന്നു. (ഇഹ്യാ, ഇത്ഹാഫ് വാള്യം 8 പേജ് 187).
You must be logged in to post a comment Login