ആത്മാവ് ദാഹിച്ചപ്പോഴും ശരീരത്തിന് വിശന്നപ്പോഴും അവര്‍ പള്ളിയിലേക്ക് നടന്നു. നീതി നിഷേധിക്കപ്പെട്ടപ്പോഴും ആവശ്യങ്ങള്‍ക്ക് തിടുങ്ങിയപ്പോഴും അവര്‍ പള്ളിയില്‍ എത്തി. പള്ളിയില്‍ പറയുക എന്നത് നടക്കാത്ത കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ശൈലിയാണ് മലയാളത്തില്‍. അങ്ങനെയായിരുന്നില്ല മദീനയില്‍.
അബ്ദുല്ല മണിമ
അല്ലാഹുവില്‍ അടിയുറച്ച് വിശ്വസിക്കുകയും പരലോകത്തില്‍ തികഞ്ഞ പ്രത്യാശ പുലര്‍ത്തുകയും ചെയ്യുന്നവരാണ് വിശ്വാസികളുടെ സമൂഹം. പ്രവാചക തിരുമേനി(സ)യെ ആത്മീയാന്വേഷണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും സമൂഹ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പൂര്‍ണമായി മാതൃകയായി സ്വീകരിച്ചവര്‍; അതോടൊപ്പം ഇഹജീവിതത്തില് സ്വയംപര്യാപ്തമായ ഒരു സമൂഹവും അനന്തര ലോകത്ത് സ്വര്‍ഗീയ ജീവിതവും സാക്ഷാത്കരിക്കാന്‍ നിയോഗിക്കപ്പെട്ടവരും. അബലരെ ബലപ്പെടുത്തിയും പ്രബലരെ നീതിപക്ഷത്ത് നിര്‍ത്തിയും നിന്ദിതനെ ഉയര്‍ത്തിയും പീഡിതനെ പരിപാലിച്ചും സ്രഷ്ടാവിന്റെ കാരുണ്യ സ്പര്‍ശം സര്‍വജനവും അനുഭവിക്കുമാറ് വഴിയൊരുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ധനമായും ശേഷിയായും അറിവായും സമയമായും ഓരോരുത്തരിലും നിക്ഷേപിക്കപ്പെട്ട ‘കാവല്മുതല്'(അമാനത്ത്) അവരന്യോന്യം പങ്കുവച്ചനുഭവിക്കണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. ഒരു കെട്ടിടത്തിന്റെ ഇഷ്ടികകള്‍ പോലെ നിങ്ങള്‍ പരസ്പരം ബലപ്പെടുത്തണം. ഒരേ ശരീരത്തിന്റെ അവയവങ്ങള്‍ പോലെ നിങ്ങള്‍ അന്യോന്യം സഹകരിക്കണം എന്ന് തിരുനബി(സ) വിശ്വാസികളുടെ സമൂഹത്തെ നിരന്തരം ഉത്ബോധിപ്പിച്ചു കൊണ്ടിരുന്നു. 40 വര്‍ഷത്തെ കര്‍മ ജീവിതത്തിലും 23 വര്‍ഷത്തെ ദൌത്യജീവിതത്തിലും പരന്നുകിടക്കുന്ന തിരുസാന്നിധ്യം അനുപമമായ മാതൃകകളാണ് ജനങ്ങള്ക്കായുപേക്ഷിച്ചു പോയത്. മക്കയില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ ഒരു ദീനാറ് പോലും പിരിച്ചെടുക്കാതെ ഒരു കൂടാരം പോലും പണിയിക്കാതെയാണവിടുന്ന് പുനരധിവസിപ്പിച്ചത്. ആഹാരവും വസ്ത്രവും പാര്‍പ്പിടവും പങ്കുവെച്ച്, എന്തിന് ഇണയെ പിരിച്ചയച്ച് സഹോദരന് വിവാഹം ചെയ്തുകൊടുത്തു കൊണ്ട് പോലും ഒരു നവ ‘സമൂഹസൃഷ്ടി എങ്ങനെ നടക്കുമെന്നവിടുന്ന് ചെയ്തുകാണിച്ചു തന്നു. വൃദ്ധസദനങ്ങളൊരുക്കാതെ വൃദ്ധരെയും യതീംഖാനകളില്ലാതെ അനാഥരെയും അബല മന്ദിരങ്ങളില്ലാതെ വിധവകളെയും അവിടുന്ന് പുനരധിവസിപ്പിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് ഒരു സമൂഹത്തിന്റെ ജീവിതവ്യവഹാരങ്ങള്‍ ഏതു രീതിയില്‍ കെട്ടിപ്പടുക്കാമെന്നവിടുന്ന് കാണിച്ചുതരികയുണ്ടായി. ധനവും ശരീരവും കൊണ്ട് ദൈവമാര്‍ഗത്തില്‍ അധ്വാനിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന ഒരു ജനത പരസ്പരം കണ്ടറിഞ്ഞും പങ്കുവച്ചും ഒരു ജീവല്‍ സമൂഹത്തിനായി പുനരര്‍പ്പണം ചെയ്തു.
ആത്മാവ് ദാഹിച്ചപ്പോഴും ശരീരത്തിന് വിശന്നപ്പോഴും അവര്‍ പള്ളിയിലേക്ക് നടന്നു. നീതി നിഷേധിക്കപ്പെട്ടപ്പോഴും ആവശ്യങ്ങള്‍ക്ക് തിടുങ്ങിയപ്പോഴും അവര്‍ പള്ളിയില്‍ എത്തി. ‘പള്ളിയില്‍ പറയുക’ എന്നത് നടക്കാത്ത കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ശൈലിയാണ് മലയാളത്തില്‍. അങ്ങനെയായിരുന്നില്ല മദീനയില്‍. പള്ളിയിലായിരുന്നു കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടത്. പള്ളിയിലായിരുന്നു ന്യായവിധികള്‍ നടന്നത്. പള്ളിയിലായിരുന്നു പട്ടിണിക്ക് പരിഹാരം കണ്ടെത്തിയത്. പള്ളിയായിരുന്നു പാഠശാല. പള്ളിയായിരുന്നു ആതുരാലയം. പള്ളിയായിരുന്നു അഭയാലയം. യുദ്ധവും സമാധാനവും സന്ധിയും കുറ്റവിചാരണയും അവിടെ വെച്ച് നടന്നു. മിമ്പര്‍ അവരുടെ ഭൌതിക ജീവിതത്തെയും മിഹ്റാബ് അവരുടെ ആത്മീയ ജീവിതത്തെയും ചെത്തിമിനുക്കിയെടുത്തു. ഒരു മനുഷ്യനും ജീവിതവൃത്തിക്ക് നിവൃത്തിയില്ലാതെയും നില്‍ക്കക്കള്ളിയില്ലാതെയും അവന് പിറന്നു വളര്‍ന്ന നാടുവിട്ട് പോകാനിടയാകാത്ത വിധം ഇസ്ലാമിക സമൂഹം സ്വയം പര്യാപ്തമാകണമെന്നാണ് പ്രവാചകന് പഠിപ്പിച്ചത്. ‘മക്കാ വിജയത്തിനു ശേഷം പലായനമില്ല എന്ന് പ്രവാചക തിരുമേനി ഖണ്ഡിതമായി പറഞ്ഞുവെച്ചു; ഏതര്‍ത്ഥത്തിലും സ്വയം പര്യാപ്തമാകണം എന്ന നിഷ്കര്‍ഷയോടെ. പള്ളിയെ ചുറ്റിപ്പറ്റി രൂപപ്പെട്ട കൊച്ചു കൊച്ചു സംഘങ്ങള്‍ സ്വയം പര്യാപ്തമായ ഒരു സാമൂഹിക ഘടന സ്ഥാപിച്ചെടുത്തു. ജീവിതത്തിന്റെ എല്ലാ വ്യവഹാര മണ്ഡലങ്ങളിലും അവര്‍ പ്രവാചക മാതൃകകള്‍ പുന:സൃഷ്ടിച്ചു കൊണ്ടേയിരുന്നു. അവരുടെ ഓരോ കാല്‍വെപ്പും ബോധപൂര്‍വമായിരുന്നു. മോഹാലസതകളുടെ വിമ്മിട്ടവുമായി ഒരു ചുവടുപോലും അവര്‍ വച്ചില്ല. പ്രവാചക തിരുമേനിയുടെ വഴിയല്ല എന്നവര്‍ തിരിച്ചറിഞ്ഞ നിമിഷം ഓരോ സഞ്ചാരപഥത്തില്‍ നിന്നും കനലില്‍ ചവിട്ടിയതു പോലെയവര്‍ കാല് വലിച്ചു. അവരുടെ പിഴവുകളില്‍ പടച്ചതമ്പുരാനോടവര് ഖേദിച്ചു. ബോധപൂര്‍വം പ്രവാചകന്റെ വഴിയില്‍ നിന്ന് മാറിനടന്നപ്പോഴൊക്കെ നിന്ദ്യതയും തോല്‍വിയുമായിരുന്നു അവരനുഭവിച്ചത്.
ജനങ്ങളുടെ ആത്മാവിനെ പണയപ്പെടുത്തി അവരുടെ നിത്യജീവിതം തുലയ്ക്കാന്‍ അനുവദിക്കാത്ത പ്രവാചകന് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാനും തന്റെ ജനത്തെ അനുവദിച്ചില്ല. അങ്ങാടിയിലൂടെ നടന്ന പ്രവാചകന് അവരുടെ നിത്യജീവിത ദുരിതങ്ങളുടെ ഭാഗമായിരുന്നു. അവരോടൊപ്പമിരുന്ന് ആഹാരം കഴിച്ച പ്രവാചകന് അവരില്‍ നിന്ന് വേര്‍തിരിഞ്ഞു നില്ക്കാന് ആഗ്രഹിച്ചില്ല. ‘അന്നം കഴിക്കുകയും അങ്ങാടിയില്‍ നടക്കുകയും ചെയ്യുന്നവനോ പ്രവാചകന്’ എന്ന എതിരാളികളുടെ ആക്ഷേപത്തിന് ‘നെറ്റിത്തടം വിയര്‍ത്തുകൊണ്ട് മരിച്ചുപോവുകയെന്ന നിയോഗമാണ് വിശ്വാസിയുടേ’തെന്ന് അവിടുന്ന് പ്രതികരിച്ചു. സകല കാര്യങ്ങളിലും പ്രവാചക തിരുമേനിയില്‍ നിങ്ങള്‍ക്ക് യോഗ്യമായ മാതൃകയുണ്ടെന്ന് സര്‍വശക്തനായ പരമകാരുണികന് പ്രവാചകനെ ശരിവച്ചു. ചരിത്രത്തെ നിര്‍മിതികള്‍ കൊണ്ടലങ്കരിച്ച ഒരു സമുദായം പില്ക്കാലം നിരന്തരം വിചാരണ ചെയ്യപ്പെടുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക മാത്രം ചെയ്യുകയെന്ന നിയോഗത്തിന് ശിക്ഷിക്കപ്പെടുകയും മാപ്പു സാക്ഷികളായി വിളിക്കപ്പെടുകയും ചെയ്യുന്നതിന് മുമ്പായിരുന്നു അത്. പ്രവാചക മാതൃകയെ ആചാരബദ്ധമായി പരിമിതപ്പെടുത്തിയതു മുതല്ക്കാണ് ശത്രുക്കള്‍ അവരുടെ അജണ്ട നിര്ണയിക്കുന്നവരായിത്തീര്ന്നത്. കാലാകാലം കേട്ടെഴുതാന്‍ അവര്‍ വിധിക്കപ്പെട്ടതും. ഖുര്ആനവര്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു: “ഭാഗധേയം കുറിക്കാന്‍ സ്വയം സന്നദ്ധരാവും വരെ അല്ലാഹു നിങ്ങള്‍ക്ക് വേണ്ടിയത് ചെയ്യുകയില്ലെ”ന്ന്. നിഷ്കാസിതന് ഭൂമിയുടെ അവകാശം അനന്തരമാക്കപ്പെടുമെന്ന ശുഭവാര്‍ത്തയും അവര്‍ക്ക് നല്കപ്പെട്ടിരുന്നു. സ്വീകരിക്കാനും തിരിഞ്ഞുകളയാനുമുള്ള സ്വാതന്ത്യ്രം ഇനി നമുക്കുണ്ട്. ‘നിങ്ങള്‍ ഇട്ടെറിഞ്ഞു പോയാല്‍ യോഗ്യതയുള്ള മറ്റൊരു സമൂഹത്തെ ഉപയോഗിച്ച് ഭൂമിയില്‍ ഞാനെന്റെ നിര്‍ണയങ്ങള്‍ പൂര്‍ത്തിയാക്കും’ എന്നു കൂടി പടച്ചതമ്പുരാന് പറഞ്ഞുവച്ചു.
കാലം സാക്ഷി! അല്ലാഹു കാര്യങ്ങള്‍ പൂര്‍ത്തിയാക്കും എന്ന കാര്യം തീര്‍ച്ച. അവനുദ്ദേശിച്ച ഒന്നും ഒരണുവോളം ബാക്കിവെക്കുകയില്ലെന്നതും തീര്‍ച്ച. ഉഴവാളന്റെ കലപ്പയാകാന് നിന്നുകൊടുക്കുന്നതിലൂടെ നിശ്ചമായും പൂര്‍ത്തീകരിക്കപ്പെടാനിരിക്കുന്ന ഒരു ദൌത്യത്തില്‍ അവകാശിയാകാനും അതുവഴി അനുഗ്രഹിക്കപ്പെടാനുള്ള അവസരമാണ് മനുഷ്യനു ലഭിക്കുന്നത്. വിവേകശാലികള്‍ അല്ലാഹുവിന്റെ വാഗ്ദാനങ്ങള്‍ കണ്ടറിയും. കേട്ടറിയും. അവിവേകികള്‍ കൊണ്ടറിയാന്‍ കാത്തിരിക്കും. പ്രതിഫലത്തില്‍ ഒരോഹരിക്കും അര്‍ഹതയില്ലാതെ പിരിഞ്ഞുപോകും. അന്ഫിക്വൂ മിമ്മാ റസഖ്നാക്കും…. കിട്ടിയതില്‍ നിന്നു കൊടുത്തുവീടുന്നവരെയാണ് ഖുര്‍ആന്‍ അനുമോദിക്കുന്നത്. എന്താണ് കിട്ടിയിട്ടുള്ളത്? ധനം മാത്രമാണോ? ഒരു ചില്ലിക്കാശുമില്ലാതെയാണ് മനുഷ്യന് പിറന്നത്. മുല വായില്‍ വച്ചു തന്നാല്‍ പാല് കുടിക്കാനേ ശേഷിയുണ്ടായിരുന്നുള്ളൂ-മുലക്കണ്ണിനെക്കുറിച്ചുള്ള അറിവില്‍ പരിമിതമായിരുന്നു അന്നത്തെ ധാരണകള്‍. എന്നിട്ടും ഒരു മനുഷ്യനായി, ഒരാളായി ഞാന്‍ എന്ന പോരിമയില്‍ എത്തിയ മനുഷ്യനോടാണ് കിട്ടിയതില്‍ നിന്ന് വീടാനുള്ള ആഹ്വാനം. കൂറേ കൂടി കടന്ന് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ചെലവഴിക്കുന്നവരെന്നും ഒരു പടികൂടെ കടന്ന് യുത്വ്ഇമൂന അലാ ഹുബ്ബിഹി… സ്വയം ആവശ്യക്കാരായിരിക്കെ തന്നെ പടച്ചവന്റെ തൃപ്തിക്കായി വിട്ടൊഴിഞ്ഞു കൊടുക്കുന്നവനെന്ന ഔന്നത്യത്തിലേക്കവന് നടന്നുകയറുന്നു. ധനവും ആരോഗ്യവും അറിവും സമയവും തനിക്കു തന്നെ പോരാതെ വരുമ്പോഴും പങ്കുവെക്കാനുള്ള സന്നദ്ധതയെയാണ്/തനിക്കേറ്റവും പ്രിയപ്പെട്ടത് പങ്കുവെക്കാനുള്ള ഒരുക്കത്തെയാണ് ഖുര്‍ആന്‍ അനുമോദിക്കുന്നത്. പ്രവാചകന്റെ കൂടാരത്തില്‍ അങ്ങനെയായിരുന്നു വിരുന്നൊരുക്കപ്പെട്ടത്. നോമ്പുകാരിയായ ഫാത്വിമ നോമ്പുതുറക്കാന്‍ വച്ച കാരക്ക ദാനം ചെയ്ത് വെള്ളം മാത്രം കുടിച്ച് നോമ്പു തുറന്നു. പലപ്പോഴും മൂന്നും നാലും ദിവസങ്ങള്‍ ജോലിയെടുത്ത് തളര്‍ന്ന ഫാത്വിമ ബാപ്പ നിയന്ത്രിക്കുന്ന ഖജനാവില്‍ വേലക്കാര്‍ എമ്പാടും ഉണ്ടായിരുന്നിട്ടും ഒരു വേലക്കാരനു പകരം, താനാരുടെ വേലക്കാരിയാണോ ആ യജമാനന് തസ്ബീഹ് ചൊല്ലി വീട്ടുന്നതില്‍ ആനന്ദമറിഞ്ഞു. എല്ലാം തികഞ്ഞ തന്റെ രക്ഷിതാവില്‍ സംപ്രീതയാകുന്നതില് തന്റെ തികവില്ലായ്മകള്‍ സമര്‍പ്പിച്ചു. തിരുമേനിയുടെ കൂടാരത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ സ്രഷ്ടാവായ തമ്പുരാനു വേണ്ടി തിരുസന്നിധിയില്‍ അര്‍പ്പിച്ചു വണങ്ങി നില്ക്കാന് നമുക്കുള്ളതും ആ നാലു വകകള്‍ തന്നെ; ധനം-ആരോഗ്യം-സമയം-അറിവ്. വായുവും വെള്ളവും വെളിച്ചവും അന്നവും അഭയവും നിഷേധിക്കപ്പെട്ടവനു വേണ്ടി തിരുദൂതരെ സാക്ഷിയാക്കി പടച്ചതമ്പുരാന്റെ മുമ്പില്‍ ആ നാലും സമര്‍പ്പിച്ച് നാം വണങ്ങിനില്ക്കുന്നു. അത്യുന്നതനായ അല്ലാഹുവിനാകുന്നു സര്വമഹിമയുടെ പുകഴ്ചകളും. തിരുദൂതരില്‍ സകല ന•കളും അവന് ചൊരിയുമാറാകട്ടെ.
You must be logged in to post a comment Login