സമ്പത്തില്ലാതെ പോകുന്നതുകൊണ്ട് മാത്രമല്ല ഒരാള്‍ ദരിദ്രനാകുന്നത്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലാണ് ഏറ്റവും വലിയ ദാരിദ്യ്രം- അമര്‍ത്യാസെന്‍.
മരണശയ്യയിലും
ജീവിതം മിടിച്ചുകൊണ്ടിരിക്കുന്നു…
ഫീച്ചര്‍ : കെ എം മുസ്തഫ്
“യാത്ര ചെയ്യാനുണ്ടോ ഒരു ഡോക്ടറുടെ കൂടെ?”
ഡോക്ടര്‍മാരില്‍ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ലാത്ത ഒരാളാണ് ഞാന്‍. സര്‍ക്കാറാപ്പീസില്‍ കയറുന്നതുപോലെ മടുപ്പാണ് ഡോക്ടര്‍മാരെ സന്ദര്‍ശിക്കുന്നതും. രോഗം വന്നാല്‍ ഒരു നിവൃത്തിയുമില്ലെങ്കില്‍ മാത്രമേ ഡോക്ടറെ കാണൂ. മെഡിക്കല്‍ റെപ്പുമാര്‍ പറഞ്ഞു പഠിപ്പിക്കുന്ന മരുന്നുകളുടെ പേരുകള്‍ രോഗി പറയുന്ന ലക്ഷണങ്ങള്‍ക്കനുസരിച്ച് കുറിച്ചു നല്‍കുന്ന മഹത്തായ കര്‍ത്തവ്യമാണ് പേരുകേട്ട ഡോക്ടര്‍മാര്‍ പോലും ചെയ്തുവരുന്നത്. രോഗ ലക്ഷണങ്ങളുമായെത്തുന്നവന്റെ സാമൂഹിക മാനസിക പരിതസ്ഥിതിയോ ജീവിത വഴികളോ മനസ്സിലാക്കാതെ രാസപദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തന ശേഷി കൊണ്ട് രോഗലക്ഷണങ്ങളെ താത്ക്കാലികമായി അടിച്ചമര്‍ത്തി സ്വാഹയാക്കുന്ന ഇന്ദ്രജാലക്കാരാണ് ഇന്നത്തെ ഭൂരിഭാഗം ഡോക്ടര്‍മാരും. ഒരു ഡോക്ടറോടൊപ്പം യാത്ര ചെയ്യാന്‍ ശറഫുക്ക ക്ഷണിച്ചപ്പോള്‍ ക്ളര്‍ക്കുമാരോടൊപ്പം യാത്ര ചെയ്യുന്നതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് മനസ്സ് ചില ഒഴിവുകഴിവുകള്‍ക്കുവേണ്ടി ചികഞ്ഞുകൊണ്ടിരുന്നു. എന്റെ മൌനത്തിന്റെ തീര്‍പ്പുകളെന്താവുമെന്ന് എനിക്കു മുമ്പെ അറിഞ്ഞ ശറഫുക്ക ഇടപെട്ടു:
“ഇത് നിങ്ങള്‍ കണ്ടു പരിചയമുള്ള ഡോക്ടറല്ല…
മറ്റൊരു ഡോക്ടര്‍….”
“മറ്റൊരു ഡോക്ടര്‍?”
“എന്താണയാളുടെ പ്രത്യേകത?” ഞാന്‍ ചോദിച്ചു.
“വൈദ്യം അയാള്‍ക്ക് മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തനമോ ആത്മീയ പ്രവര്‍ത്തനമോ ആണ്. കര്‍മ്മയോഗം എന്നൊക്കെ പറയും പോലെ…”
ആ പറഞ്ഞതില്‍ എനിക്കു താത്പര്യം കയറി.
“നമ്മുടെ നാട്ടില്‍ അങ്ങനെയുള്ള ഡോക്ടര്‍മാരുണ്ടോ?” എനിക്കു വീണ്ടും സംശയം.
“ഡോക്ടറോടൊപ്പമുള്ള യാത്രയില്‍ നിങ്ങള്‍ക്കത് മനസ്സിലാകും.” ശറഫുക്ക ഉറപ്പു നല്‍കി. പണം ദൈവമായി മാറിയ വൈദ്യശാസ്ത്ര ലോകത്ത് ഒരു ആത്മീയ സാമൂഹിക പ്രവര്‍ത്തനത്തിന്റെ സാക്ഷാത്കാര സാധ്യത എന്നെ ആസകലം ഉത്സുകനാക്കി. അന്ന് ഡോക്ടര്‍ക്കു വേണ്ടിയാണ് എന്റെ രാവ് പുലര്‍ന്നത്.
മൃതിനിഴല്‍ പ്രദേശങ്ങളിലെ
ശബ്ദമില്ലാത്ത നിലവിളികള്‍
മനോഹരമായ കാഴ്ചകളും ആനന്ദാനുഭൂതികളുമാണ് ഓരോ യാത്രയും എനിക്കു സമ്മാനിച്ചിട്ടുള്ളത്. കാടും കാട്ടാറും മഞ്ഞുപെയ്യുന്ന മലഞ്ചെരിവുകളും പൂക്കള്‍ പൊഴിഞ്ഞു കിടക്കുന്ന മരച്ചുവടുകളും മുമ്പെ കടന്നുപോയവരുടെ കാല്‍പാടുകള്‍ പതിഞ്ഞു കിടക്കുന്ന പാതകളും ഓരോ യാത്രയും എനിക്കു വേണ്ടി കാത്തുവച്ചിട്ടുണ്ട്. ഡോക്ടറോടൊപ്പമുള്ള ഞങ്ങളുടെ ഈ യാത്ര പക്ഷേ കരിഞ്ഞുണങ്ങിയ നിഴല്‍ പ്രദേശങ്ങളിലേക്കായിരുന്നു. കാത്തു കാത്തിരുന്നിട്ടും കേണുകേണു പറഞ്ഞിട്ടും വിളിച്ചു കൊണ്ടുപോകാന്‍ മരണമെത്താത്ത മൃതിനിഴല്‍ പ്രദേശങ്ങള്‍! മൌനം മരവിച്ച ചുമരുകള്‍ക്കുള്ളില്‍ നിന്നുയരുന്ന നിശ്ശബ്ദമായ നിലവിളികള്‍. തുള്ളിത്തിമിര്‍ത്ത് കടന്നുപോകുന്ന ദിവസങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ ഈ നിശ്ശബ്ദമായ രോദനങ്ങള്‍ നാം കേള്‍ക്കാതെ പോകുന്നുണ്ടോ? പുറത്ത് പുളയുന്ന ആസക്തമായ ജീവിതവുമായുള്ള ബന്ധം പൊടുന്നനെ വിഛേദിക്കപ്പെട്ടു. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ വണ്ടിയിലിരുന്ന് ഞാന്‍ എനിക്കുണ്ടായേക്കാവുന്ന മാറാരോഗവുമായി ഒരു സാങ്കല്‍പിക അഭിമുഖം നടത്തി. എന്നാല്‍ ഒരു മാറാരോഗിയായി എന്നെ അംഗീകരിക്കാന്‍ എനിക്ക് കഴിഞ്ഞതേയില്ല.
“ഓരോ മാറാ രോഗിയും നമുക്കുള്ള സൂചനയോ ദൃഷ്ടാന്തമോ ആണ്.”
ഡോക്ടറുടെ വാക്കുകള്‍ നെഞ്ചില്‍ ഭയത്തിന്റെ ഒരു സിറിഞ്ചു കുത്തിക്കയറ്റി.
എടുപ്പും ഭംഗിയുമുള്ള ഒരു വീടിനു മുന്നില്‍ വണ്ടി നിര്‍ത്തി ഞങ്ങളിറങ്ങി. പാലിയേറ്റീവ് വളണ്ടിയര്‍ കോളിംഗ് ബെല്ലടിച്ചു. ഒരു സ്ത്രീ ധൃതിയില്‍ ഇറങ്ങിവന്നു. ഞങ്ങളെ കണ്ടതും അവരുടെ മുഖത്തെ ഉത്സാഹമെല്ലാം പൊടുന്നനെ മാഞ്ഞു. ഒന്നു കയറാന്‍ പോലും പറയാതെ ആ സ്ത്രീ ഒരു ഭാഗത്തേക്ക് മാറി നിന്നു.
“ഡോക്ടര്‍ ഹോംകെയറിനു വന്നതാണ്”.
നഴ്സ് പറഞ്ഞു.
ആ സ്ത്രീ താത്പര്യമില്ലാതെ മൂളി.
ഡോക്ടര്‍ അവരെ ശ്രദ്ധിക്കാതെ അകത്തേക്ക് കടന്നു. ഞങ്ങള്‍ ഡോക്ടറെ അനുഗമിച്ചു.
അകത്ത് സ്റോര്‍ റൂമിന് സമം ഇടുങ്ങിയ ഒരു മുറി. ആ വീട്ടിലെ ഏറ്റവും ചെറിയ മുറിയാവണം. അവിടെ ചെറിയ ഒരു ‘വെറും കട്ടിലി’ല്‍ ഒരമ്മ കിടന്ന് പുളയുന്നു. മുറിയിലെ അലങ്കോലമായി കിടക്കുന്ന തുണികളും അസഹനീയമായ ഗന്ധവും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെന്ന് വിളിച്ചു പറഞ്ഞു. മൃതിയുടെ നിഴലുകള്‍ തുറിച്ചു നോക്കുന്ന മുറിയിലെ ജാലകം മാറാല പിടിച്ച് അടഞ്ഞു കിടക്കുന്നു. ഞങ്ങള്‍ക്ക് വല്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
ഡോക്ടര്‍ ആദ്യം ചെയ്തത് ആ ജാലകമൊന്ന് തുറന്നിടുകയാണ്. ഇപ്പോള്‍ തെല്ലൊരാശ്വാസം തോന്നി. നിഴലുകള്‍ ചിലന്തിവല പൊട്ടിച്ച് പുറത്തേക്കുപോയ പോലെ ജീവനുള്ള പുതിയ കാറ്റും പ്രകാശവും തട്ടി ആ അമ്മ കണ്ണു തുറന്നു.
വേദന കുത്തുളിയായി തുളഞ്ഞു കയറുമ്പോഴും ആഭിജാത്യം മറന്നിട്ടില്ലാത്ത ആ അമ്മ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. എന്നാല്‍ അവിടെ ഒരു സ്റൂള്‍ പോലും ഉണ്ടായിരുന്നില്ല. അമ്മ ഒച്ചയെടുത്ത് ആരെയൊക്കെയോ വിളിച്ചു. ആരും വിളി കേട്ടില്ല. പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച അവര്‍ സ്വന്തം വേദനയുടെ ഞെരക്കങ്ങളിലേക്ക് ഉള്‍വലിഞ്ഞു.
“വേദന എങ്ങനെയുണ്ട്?” ഡോക്ടര്‍ അവരുടെ നെറ്റിയില്‍ തലോടിക്കൊണ്ട് ചോദിച്ചു.
“മരിച്ചാല്‍ മതിയായിരുന്നു.” അവര്‍ വിതുമ്പി.
ഡോക്ടര്‍ അവരുടെ കൈ പിടിച്ചു. അതില്‍ മുറുക്കിപ്പിടിച്ചു കൊണ്ട് അവര്‍ പൊട്ടിക്കരഞ്ഞു.
“നിങ്ങള്‍ക്ക് ഒരു ആക്സിഡന്റ് പറ്റി കിടപ്പിലായാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ.” ഡോക്ടര്‍ പറഞ്ഞു.
“നിങ്ങളുടെ കുടുംബം, സുഹൃത്തുക്കള്‍, അയല്‍വാസികള്‍, സമൂഹം എന്നിവരെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടാവും. നിങ്ങള്‍ സമൂഹത്തിന് വേണ്ടപ്പെട്ടവരാണ്. മാത്രമല്ല ഒന്നോ രണ്ടോ മാസം കൊണ്ട് രോഗം മാറി നിങ്ങള്‍ അവര്‍ക്കിടയിലേക്ക് തിരിച്ചു വരേണ്ടയാളാണ്. നിങ്ങളെ അവര്‍ക്ക് ആവശ്യമുണ്ട്. അതുകൊണ്ട് രോഗക്കിടക്കയില്‍ സമാധാനമില്ലാത്ത വിധം നിങ്ങള്‍ക്ക് സന്ദര്‍ശകരുടെ ആധിക്യമുണ്ടാവാനാണ് സാധ്യത. നിങ്ങള്‍ക്ക് തീര്‍ച്ചയായും മാറുന്ന രോഗമാണ്.”
ഡോക്ടര്‍ അമ്മയുടെ ശരീരത്തിലെ മുറിവുകളും വളര്‍ന്നു വികൃതമായ നഖങ്ങളും പരിശോധിച്ചു. നഴ്സ് വ്രണങ്ങള്‍ തുടച്ചു വൃത്തിയാക്കി മരുന്നുവച്ചു. നഖം വെട്ടി വൃത്തിയാക്കി. വൃത്തിഹീനമായ വസ്ത്രങ്ങള്‍ മാറ്റി. മുടി കോതിയൊതുക്കി.
“ഈ അമ്മയെ നോക്കൂ. സ്വയം ആവതുണ്ടായിരുന്നെങ്കില്‍ അവരീ കിടപ്പ് കിടക്കുമോ? വയറ്റിലാണ് അവര്‍ക്ക് അര്‍ബുദം. തിരിച്ചറിയാന്‍ വൈകി. ആദ്യമൊക്കെ ചികിത്സിക്കാനും കൂട്ടിരിക്കാനും മക്കളും മരുമക്കളുമൊക്കെയുണ്ടായിരുന്നു. ദിവസങ്ങള്‍ കടന്നുപോകവെ അമ്മയുടെ അസുഖം മാറില്ലെന്ന് അവര്‍ മനസ്സിലാക്കി. മാറാരോഗി സമൂഹത്തിന് ഒരു ബാധ്യതയാണ്. ബാധ്യതകള്‍ കൈയൊഴിയാനാണ് നമുക്കൊക്കെ താത്പര്യം. ക്രമേണ ഓരോരുത്തരായി ഒഴിഞ്ഞൊഴിഞ്ഞ് ഈ അമ്മക്ക് ആരുമില്ലാതായി. വീടിന്റെ ആരും തിരിഞ്ഞു നോക്കാത്ത മൂലയില്‍, വെറും കട്ടിലില്‍ അനാഥമായ ഒരു വേദന മാത്രമായി ഒരമ്മ നരകിക്കുന്നു.
ഞാന്‍ ഡോക്ടറെ ദീനമായി നോക്കി.
“മാറാ ശയ്യയിലെ മനുഷ്യരുടെ പ്രശ്നങ്ങള്‍ നമ്മള്‍ ചിന്തിക്കുന്നതിനെല്ലാം അപ്പുറമാണ്. ഓരോ മാറാരോഗിയും നമുക്കുള്ള സൂചനയാണ്.” ഡോക്ടര്‍ പറഞ്ഞു.
“വേദനക്കുള്ള മരുന്ന് ബാക്കിയുണ്ടോ?” നഴ്സ് അകത്തേക്ക് വിളിച്ചു ചോദിച്ചു.
“കാണണം.” ഉള്ളില്‍ നിന്ന് ഒരു ചെറുപ്പക്കാരി മടിച്ചു മടിച്ചു കടന്നുവന്നു.
“നിങ്ങളിവര്‍ക്ക് നേരത്തിന് മരുന്ന് കൊടുക്കാറില്ലേ?” ഡോക്ടര്‍ ചോദിച്ചു. ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പില്ലാതെ അവരൊന്നു മൂളി.
“ഇവരെ ഈ മുറിയില്‍ നിന്ന് മാറ്റണമെന്ന് കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ? ഈ കട്ടിലില്‍ വിരിക്കാന്‍ ഒരു തുണി പോലും ഈ വിട്ടിലില്ലേ?”
ഡോക്ടര്‍ ദേഷ്യത്തില്‍ തന്നെയാണ് ചോദിച്ചത്.
“തുണി വിരിച്ചിട്ടെന്താ കാര്യം ഡോക്ടറേ… ദിവസവും എത്ര തവണയാണ് അവര്‍ കിടക്കപ്പായയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത്! ഇതൊക്കെ അലക്കാനും വൃത്തിയാക്കാനും നിന്നാല്‍ എനിക്കു പിന്നെ അതിനല്ലേ നേരമുണ്ടാവൂ. എന്റെ കുട്ടികളുടെ സ്കൂളില്‍ പോക്കും ഭക്ഷണവുമൊക്കെ പിന്നെ ആര് നോക്കും?”
“നിങ്ങളുടെ സ്വന്തം അമ്മയാണ് ഇങ്ങനെ കിടക്കുന്നതെങ്കില്‍ നിങ്ങളിങ്ങനെ ചെയ്യുമായിരുന്നോ?” ഡോക്ടര്‍ അവരുടെ മന:സാക്ഷിയെ ഉണര്‍ത്താന്‍ ശ്രമിച്ചു. പക്ഷെ ആ സ്ത്രീയുടെ ഹൃദയത്തില്‍ നീരിന്റെ ഒരു തുള്ളി പോലും പൊടിഞ്ഞില്ല.
“ഡോക്ടര്‍ക്കറിയാഞ്ഞിട്ടാ ഇവരുടെ സ്വഭാവം. ഇപ്പൊ ഈ കെടക്ക്ണ കെടപ്പ് നോക്കണ്ട. ക്രൂരതാന്ന് പറഞ്ഞാ അതിന്റെ അങ്ങേയറ്റമായിരുന്നു. ഈ തള്ള കാരണാ എന്റെ ജീവിതം ഇങ്ങനെയായിപ്പോയത്. അതിനുള്ള ശിക്ഷയാ ഈ അനുഭവിക്കുന്നത്. അനുഭവിക്കട്ടെ.”
“ഇതേ അവസ്ഥ നിങ്ങള്‍ക്ക് വരില്ലാ എന്ന് ആര് കണ്ടു.”
ഡോക്ടര്‍ കടുത്തു.
ആ വാക്കുകള്‍ സ്ത്രീയില്‍ ചെറിയൊരു നിഴല്‍ പടര്‍ത്തിയെങ്കിലും അവള്‍ സ്വയം വീണ്ടെടുത്തു.
“ഞാനാര്‍ക്കും ഒരു ദ്രോഹോം ചെയ്തിട്ടില്ല. പിന്നെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നോക്കുന്നുണ്ട്.”
ജാലകത്തിലൂടെ കടന്നുവന്ന കാറ്റിന്റെ തലോടലും വേദനാ സംഹാരിയുടെ താത്ക്കാലിക സമാധാനവും അമ്മയുടെ കണ്‍പോളകളിലേക്ക് ഉറക്കത്തെ ക്ഷണിച്ചു. അവര്‍ പതിയെ കണ്ണടച്ചു. ഞങ്ങള്‍ പുറത്തേക്കിറങ്ങി.
“ആവുന്ന കാലത്ത് മനുഷ്യന്‍ കൊടും ക്രൂരനായിരിക്കാം. ആയിരം പേരെ കഴുത്ത് ഞെരിച്ച് മുട്ടിച്ച് കൊന്നവനായിരിക്കാം. അത് അവനും അവന്റെ ദൈവവും തമ്മിലുള്ള കാര്യമാണ്. എന്നാല്‍ രോഗം അതിനുള്ള ശിക്ഷയായി തീര്‍പ്പുകല്‍പ്പിക്കാന്‍ നാം ന്യായാധിപരല്ല. രോഗം ഒരാളും സ്വയം തിരഞ്ഞെടുക്കുന്നതല്ല. ആരുടെയും കുറ്റവുമല്ല. അത് ആര്‍ക്കും ഏതു നിമിഷവും സംഭവിക്കാവുന്നതാണ്. ഈ നിമിഷം പ്രസവിച്ചു വീണ കുഞ്ഞും കൊടുംപാപിയായ കിളവനും രോഗത്തിന്റെ മുന്നില്‍ തുല്യരാണ്. അതുകൊണ്ടുതന്നെ രോഗം ഒരു സ്വകാര്യ ബാധ്യതയല്ല. സാമൂഹിക ബാധ്യതയാണ്. രോഗീപരിചരണം സാമൂഹിക ഉത്തരവാദിത്വമാണ്.” ഡോക്ടര്‍ പറഞ്ഞു.
പാലിയേറ്റീവ് വളണ്ടിയര്‍ ഹോംകെയറിനു പോകാനുള്ള അടുത്ത കേസ്ഹിസ്ററി വായിച്ചു. മാറാശയ്യയില്‍ ഞങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന മറ്റൊരു മനുഷ്യനോടുള്ള സാമൂഹിക ഉത്തരവാദിത്തമെന്ന പുതിയ ബോധവുമായി ഞങ്ങള്‍ വണ്ടിയില്‍ കയറി.
ആരാന്റെ ഉമ്മാക്ക് ഭ്രാന്ത് വന്നാല്‍
‘നിങ്ങളല്ലേ എന്നെ ഭ്രാന്തനാക്കിയത്?’
പാലിയേറ്റീവ് കെയറിന്റെ വണ്ടിയിലിരിക്കുമ്പോള്‍ കാലവും ദൂരവും ഭേദിച്ച് എവിടെ നിന്നോ ബീരാന്‍കുട്ടിയുടെ ശബ്ദം എന്റെ ഓര്‍മയെ തളച്ചു. ചെറുപ്പക്കാരനും അരോഗ ദൃഢഗാത്രനുമായിരുന്നു ബീരാന്‍കുട്ടി. പാമ്പും കോണിയും കളിയായിരുന്നു അയാളുടെ ജീവിതം. പാമ്പിന്റെ വായിലകപ്പെടാതെ ചുരുങ്ങിയ കാലം കൊണ്ട് ബിസിനസില്‍ വച്ചടി വച്ചടി കയറുകയായിരുന്നു അയാള്‍. ബീരാന്‍ കുട്ടിയെ കണ്ട് പഠിക്കണമെന്ന് നാട്ടുകാര്‍ അസൂയയോടെ പറയുന്ന ദിവസങ്ങളിലൊന്നില്‍ പൊടുന്നനെയാണ് ബീരാന്‍കുട്ടിയെ ഒരു പെരുംപാമ്പ് ആസകലം വിഴുങ്ങിയത്. ലക്ഷങ്ങളുടെ കടബാധ്യത ബീരാന്‍ കുട്ടിയുടെ സമനില തെറ്റിച്ചു. ആരോടും മിണ്ടാതെ, ഒരു മുറിയില്‍ രാവും പകലുമില്ലാതെ ഒരേയൊരു ഇരുത്തം. ടെന്‍ഷനാണെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്കെല്ലാം പരസ്പര വിരുദ്ധമായ മറുപടികള്‍ വന്നു തുടങ്ങിയതോടെ ‘ബീരാന്‍കുട്ടി പിടുത്തം വിട്ടു’ എന്ന് എല്ലാവര്‍ക്കും മനസ്സിലായി.
ഒരു കൌണ്‍സിലിംഗ് സാധ്യമാകുമോ എന്നു തിരക്കാനാണ് വീട്ടുകാര്‍ എന്റെ മുന്നില്‍ കൊണ്ടുവന്നത്. സംസാരിച്ചു തുടങ്ങിയപ്പോഴേ കൌണ്‍സിലിംഗ് കൊണ്ടു മാത്രം പരിഹരിക്കാവുന്ന ഒരു ലോകത്തല്ല അയാളെന്ന് ബോധ്യമായി. സമനില തെറ്റിയവര്‍ സാധാരണ മറ്റുള്ളവരോട് പറയുക തനിക്കല്ല അവര്‍ക്കാണ് ഭ്രാന്ത് എന്നാണ്. എന്നാല്‍ ബീരാന്‍കുട്ടിയുടെ ചോദ്യം വ്യത്യസ്തമായിരുന്നു.
‘നിങ്ങളല്ലേ എന്നെ പിരാന്തനാക്കിയത്…?”
ആദ്യം ഞാനൊന്ന് പകച്ചു. പിന്നെ ചോദിച്ചു.
“അതെങ്ങനെ ബീരാന്‍കുട്ടീ.. എവിടെയോ കിടക്കുന്ന, ആദ്യമായി കാണുന്ന എനിക്കെങ്ങനെ നിനക്ക് ഭ്രാന്തുണ്ടാക്കാന്‍ കഴിയും?”
“ഇങ്ങള് സ്ത്രീധനം വാങ്ങാതെയാണോ കല്യാണം കഴിച്ചത്? നിങ്ങളുടെ ഭാര്യവീട് ഓടിട്ടതാണോ? ഇങ്ങളുടെ ഭാര്യ കറുത്തിട്ടാണോ?”
എനിക്ക് ഒന്നും മനസ്സിലായില്ല.
“അതും ഇതും തമ്മിലെന്ത് ബീരാന്‍കുട്ടീ?”
‘സാറേ, ച്ച് മൂന്ന് പെങ്ങ•ാരാ.. മൂന്നും എന്നെക്കാള്‍ കറുത്തിട്ട്… വീടാണെങ്കില്‍ ചിതലു തിന്ന് തുപ്പണത്. ബാപ്പ എല്ലാം ഇട്ടെറിഞ്ഞ് മണ്ണൂര്ക്ക് പോയി. വല്യ വീടില്ലാതെ, നൂറും കാറുമില്ലാതെ നിങ്ങളെന്റെ കറുത്ത പെങ്ങ•ാരെ കെട്ട്വോ…? അതോണ്ട് ഞാന്‍ ബിസിനസ് തൊടങ്ങി… അത്യാവശ്യം പച്ചപിടിച്ചപ്പൊ ബീരാന്‍കുട്ടി ആണ്‍കുട്ട്യാന്നൊരു തോന്നല്‍ നാട്ടാര്‍ക്കുണ്ടായി… കെട്ടിപ്പൂട്ടി വെച്ച പൂത്ത കാശുമായി ഓലെന്റെ മുമ്പില്‍ വന്ന് കുമ്പിട്ട് പറഞ്ഞു, ബീരാന്‍ കുട്ട്യേ, ജ്ജ് വല്ലതും ചെയ്തെടാ, കായിന്റെ കാര്യത്തില് ബേജാറാവണ്ടാന്ന്… ഇങ്ങക്ക് ബേജാറില്ലെങ്കില്‍ ച്ചാ ബേജാറ്? ഞാന്‍ ചെയ്യേണ്ടതൊക്കെ ചെയ്തു. ച്ച് പിരാന്തായി…. ങ്ങളാ ന്നെ പിരാന്താക്കിയത്.”
ഒന്നും പറയാനില്ലാതെ ബീരാന്‍കുട്ടിയുടെ മുഖത്ത് നോക്കി ഞെട്ടിത്തരിച്ചു നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ആര്‍ക്കാണ് ഭ്രാന്ത്?
ബീരാന്‍കുട്ടിക്കോ അതോ എനിക്കോ? അതോ ഞാനും ബീരാന്‍കുട്ടിയും ശറഫുക്കയുമൊക്കെ ഉള്‍പ്പെടുന്ന സാമൂഹിക വ്യവസ്ഥിതിക്ക് മൊത്തമോ?
ആരാണീ സാമൂഹിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്?
ആരാന്റെ ഉമ്മാക്ക് ഭ്രാന്ത് വന്നാല്‍ അത് കാണാന്‍ നല്ല ചേലാണ്. എന്നാല്‍ ആരാണ് അവര്‍ക്കു ഭ്രാന്തുണ്ടാക്കിയത്? പ്രത്യക്ഷമോ പരോക്ഷമോ ആയി നമുക്കെല്ലാം അതില്‍ ബന്ധമുണ്ടെന്ന് ഭ്രാന്തിന്‍ ഇഴകളോരോന്നായി മുറിച്ച് പരിശോധിച്ചാല്‍ മനസ്സിലാകും.
സമൂഹശാസ്ത്ര കാഴ്ചപ്പാടില്‍ രോഗം ഒരു സാമൂഹിക വ്യതിചലനമാണ്. ഈ കാഴ്പ്പാടിന്റെ അടിസ്ഥാനത്തില്‍ സമൂഹശാസ്ത്രത്തിലെ ഫങ്ഷണലിസ്റുകളില്‍ ഒരാളായ ടാല്‍കോട്ട് പാര്‍സണ്‍സ്, ‘സിക്ക് റോള്‍’ എന്നൊരു സിദ്ധാന്തം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. രോഗം ഒരാളുടെ നിയന്ത്രണങ്ങള്‍ക്കപ്പുറമാണെന്നും അത് അയാളുടെ തെരഞ്ഞെടുപ്പല്ലെന്നും പാര്‍സണ്‍സ് സിദ്ധാന്തിക്കുന്നു. തലക്കേല്‍ക്കുന്ന അടി കാലിനെയാവാം തളര്‍ത്തുന്നത്. തല അപ്പോഴും അതിജീവിച്ചേക്കാം. അതുപോലെ നിങ്ങളുടെ തോട്ടത്തില്‍ തുരുതുരാ കായ്ച്ചുതൂങ്ങുന്ന കശുമാങ്ങക്ക് വേണ്ടിയാവാം ഞാന്‍ അര്‍ബുദ ബാധിതനായത്. കശുവണ്ടി നിങ്ങളെ പണക്കാരനാക്കുന്നു. അതേ കശുവണ്ടി എന്നെ മാറാശയ്യയിലെ അടങ്ങാത്ത വേദനയിലേക്ക് വലിച്ചെറിയുന്നു. എന്‍മകജെയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചപ്പോള്‍ ഇതാണ് സംഭവിച്ചത്. അതിഥികളെ എളുപ്പം സല്‍ക്കരിക്കാന്‍ വേണ്ടിയായിരിക്കാം നിങ്ങള്‍ വീട്ടില്‍ കൃത്രിമ പാനീയമുണ്ടാക്കുന്ന പൊടി വാങ്ങിവെച്ചിരിക്കുന്നത്. അതിഥികളെ ഭക്ഷണം നല്‍കി സ്വീകരിക്കുക എന്ന നിങ്ങളുടെ നടപ്പുകളെ തൃപ്തിപ്പെടുത്താനുതകും വിധം കൃത്രിമ പാനീയമുണ്ടാക്കുന്ന പൊടി വ്യാവസായികമായി നിര്‍മിച്ച് ഒരാള്‍ പണമുണ്ടാക്കുന്നു, ജീവിതമുണ്ടാക്കുന്നു. എന്നാല്‍, ഒരുപക്ഷെ നിങ്ങളുടെ സല്‍ക്കാരം സ്വീകരിച്ച് പൊടി കലക്കിയ വെള്ളം കുടിച്ചതു കൊണ്ടാവാം എന്റെ വൃക്ക പണി മുടക്കാന്‍ തുടങ്ങിയത്. നിങ്ങള്‍ കഞ്ഞി കുടിച്ചു പോവാന്‍ നടത്തിക്കൊണ്ടു പോകുന്ന ഹോട്ടല്‍ എനിക്ക് അള്‍സറാണ് സമ്മാനിച്ചിട്ടുണ്ടാവുക. നിങ്ങളുടെ ബേക്കറിഎന്നെ പ്രമേഹ രോഗിയാക്കി മാറ്റിയിരിക്കുന്നു. എനിക്കുണ്ടായ ഭ്രാന്തിനും കാന്‍സറിനും വൃക്ക രോഗത്തിനും അള്‍സറിനും പ്രമേഹത്തിനുമെല്ലാം നിങ്ങള്‍ കൂടി ഉത്തരവാദിയാണ്. നിങ്ങള്‍ക്ക് കീടനാശിനിയും പൊടിയും പലഹാരവും വിറ്റ കച്ചവടക്കാരന്‍ ഉത്തരവാദിയാണ്. കച്ചവടക്കാരന് അത് നിര്‍മിച്ചു നല്‍കിയ വ്യവസായി ഉത്തരവാദിയാണ്. വ്യവസായിക്ക് അതുണ്ടാക്കാന്‍ ആവശ്യമായ സൂത്രം കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ ഉത്തരവാദികളാണ്. ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന സ്കൂളുകളും സര്‍വകലാശാലകളും അധ്യാപകരും ഉത്തരവാദികളാണ്. അങ്ങനെ അങ്ങനെ നോക്കിയാല്‍ എന്റെ രോഗത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഈ ഭൂമിയില്‍ പിറന്നു വീണ ഒരു മനുഷ്യനും മാറിനില്‍ക്കാനാവില്ല. രോഗം ഒരു വ്യക്തി വ്യതിചനമല്ല. അതൊരു സാമൂഹിക വ്യതിചലനമാണ്. അതുകൊണ്ടു തന്നെ അതൊരു സാമൂഹിക ബാധ്യതയാണ്. രോഗി നിങ്ങളുടെ പിതാവോ മാതാവോ ഭാര്യയോ ഭര്‍ത്താവോ രക്തബന്ധുവോ കേവല ബന്ധുവോ അയല്‍വാസിയോ സുഹൃത്തോ നാട്ടുകാരനോ എന്നതൊന്നുമല്ല നിങ്ങളുടെ ഉത്തരവാദിത്വത്തെ നിര്‍ണയിക്കേണ്ടത്. അവന്‍, അഥവാ അവള്‍ ആരുമാവട്ടെ, സ്വയം ആവതില്ലാത്ത ഒരു മനുഷ്യനോടുള്ള സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ നിങ്ങള്‍ക്ക് ഈ ഭൂമിയില്‍ കാരണങ്ങളേയില്ല.
അവര്‍ക്കുവേണ്ടത്
നിങ്ങളുടെ ഔദാര്യമല്ല
ഭിക്ഷാടകരില്ലാത്ത ലോകത്തിലെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭിക്ഷാടകരില്ലാത്ത ലോകത്ത് നമ്മില്‍ പലരുടെയും മാനസികാരോഗ്യം തകിടം മറിയുമെന്നതില്‍ സംശയം വേണ്ട. ഭിക്ഷാ പാത്രവുമായി നമ്മുടെ മുന്നില്‍ തൊഴുതു നില്‍ക്കുന്ന ഭിക്ഷക്കാരന് നമ്മള്‍ ദയയോടെ നല്‍കുന്ന നാണയത്തുട്ട് അയാളെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇനി ഭിക്ഷ നല്‍കുമ്പോള്‍ ഒരു ആത്മവിശകലനം നടത്തുന്നത് നന്നായിരിക്കും. വാസ്തവത്തില്‍, ഭിക്ഷാടകന്‍ തന്റെ ദീനമായ അവസ്ഥ കൊണ്ട് നമ്മുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തുന്നു. ഞാന്‍ നിന്നേക്കാള്‍ എത്രയോ സുഖത്തിലാണ് എന്ന ചിന്ത ഒരു ഭിക്ഷക്കാരന്‍ നമുക്ക് അബോധമായി സമ്മാനിക്കുന്നുണ്ട്. ഈ സുഖചിന്ത പ്രദാനം ചെയ്തതിനുള്ള പ്രതിഫലമോ ഔദാര്യമോ ആണ് ഭിക്ഷാപാത്രത്തിലേക്ക് നാം വലിച്ചെറിയുന്ന ഓരോ നാണയത്തുട്ടും. ഭിക്ഷാടനം ഒരു തൊഴില്‍ എന്ന നിലയിലേക്ക് പരിണമിച്ചത് അത് സമൂഹത്തിന്റെ മാനസികാരോഗ്യത്തില്‍ വഹിച്ച പരോക്ഷമായ പങ്കിനെയാണ് കാണിക്കുന്നത്. ചിലരുടെ ദാനധര്‍മാദികളും സകാത്തും ഇതിനോടു കൂട്ടിച്ചേര്‍ത്തു നിരീക്ഷിക്കുന്നത് നമ്മുടെ സാമൂഹിക പ്രതിപത്തിയുടെ പൊള്ളത്തരങ്ങളിലേക്ക് വെളിച്ചം വീശുമെന്നതില്‍ സംശയമില്ല.
“ദയ, കരുണ, അഭയം, സാന്ത്വനം, ത്യാഗം എന്തൊക്കെ പേരുകളാണ് ആളുകള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നത്. പാലിയേറ്റീവ് ക്ളിനിക്കുകള്‍ പോലും ഇത്തരം പേരുകളാണ് സ്വീകരിക്കുന്നത്. ദയ, കരുണ, അഭയം, ത്യാഗം എന്നൊക്കെ പറയുമ്പോള്‍ അതിലൊക്കെ മുന്തിനില്‍ക്കുന്ന ഭാവം ഔദാര്യത്തിന്റേതാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഔദാര്യത്തിനു വേണ്ടി കാത്തുകെട്ടിക്കിടക്കേണ്ടവരല്ല കിടപ്പിലായ രോഗികള്‍. പരിചരണം അവരുടെ അവകാശമാണ്. നമ്മുടെ സാമൂഹിക ഉത്തരവാദിത്തവും. കിടപ്പിലായ ഒരു രോഗിയെ പരിചരിക്കുന്നതിലൂടെ നിങ്ങളൊരു ഉദാരനും മഹാനുമാവില്ല. മറിച്ച് നിങ്ങളത് ചെയ്തില്ലെങ്കില്‍ നിങ്ങളൊരു മനുഷ്യനാവില്ല.” ഡോക്ടര്‍ പറഞ്ഞു.
കരയുന്നവന്റെ കൂടെ കരഞ്ഞാല്‍ തങ്ങളുടെ സാമൂഹ്യ ബാധ്യത തീര്‍ന്നു എന്ന് ധരിച്ചവരുണ്ട്. കൂട്ടക്കരച്ചില്‍ ആരുടെയും വേദന കുറച്ചതായി അറിവില്ല. ചിലപ്പോഴൊക്കെ അത് വേദന കൂട്ടിയിട്ടുണ്ടെന്നാണ് അറിവ്. മറ്റുള്ളവന്റെ കൂടെ കരയുന്നത് പലപ്പോഴും അഭിനയവും ചിലപ്പോഴൊക്കെ ഒരു പകര്‍ച്ചവ്യാധിയുമാണ്. കരഞ്ഞതുകൊണ്ടോ അനുകമ്പ പ്രകടിപ്പിച്ചതു കൊണ്ടോ മാറാശയ്യയില്‍ കിടക്കുന്ന ഒരു മനുഷ്യന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. നിനക്കീ ഗതി വന്നല്ലോ എന്ന തരത്തിലുള്ള സഹതാപ പ്രകടനങ്ങള്‍ അര്‍ധ പ്രാണന്‍ പിടയുന്ന നെഞ്ചിലേക്ക് കഠാര കുത്തിക്കയറ്റും പോലെ ക്രൂരമാണ്. ചിലരുടെ കാരുണ്യം ഫലത്തില്‍ കൊടും ക്രൂരതയായി മാറുന്നു.
അലന്‍ ഗെവിര്‍ത്തിന്റെ ലോജിക്കല്‍ തിയറി ഓഫ് എത്തിക്കല്‍ ചോയ്സില്‍ സാമൂഹിക പ്രവര്‍ത്തനത്തിലെ നൈതികതയെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: തന്റേതെന്ന പോലെ മറ്റുള്ളവരുടെ സ്വാതന്ത്യ്രവും സൌഖ്യവും ഉറപ്പുവരുത്തുമ്പോഴേ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നൈതികത പുലരുന്നുള്ളൂ. സൌഖ്യം എന്നതു കൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കുന്നത് ഒരാളുടെ ജീവിതത്തിന്റെ ഉദ്ദേശ്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും പൂര്‍ത്തീകരണമാണ്. മാറാശയ്യയിലെ മനുഷ്യനും തന്നെപ്പോലെ ജീവിതത്തില്‍ ആവശ്യങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് നമ്മെ സാമൂഹിക ഉത്തരവാദിത്വമുള്ളവരാക്കിത്തീര്‍ക്കുക.
“ശാരീരികമായ വേദനകളും പ്രയാസങ്ങളും മാത്രമല്ല, കിടപ്പിലായ ഒരു രോഗിയെ അലട്ടുന്നത്. ഭാര്യ, കുടുംബം, കുട്ടികള്‍, ഭക്ഷണം, വസ്ത്രം, സാമൂഹികമായ ഉത്തരവാദിത്തം, ഒറ്റപ്പെടല്‍, ഭയം, സ്വത്വ പ്രതിസന്ധികള്‍, ആത്മീയ വിഷയങ്ങള്‍ അങ്ങനെ ഏതൊരു മനുഷ്യനും നേരിടുന്ന സമസ്യകള്‍ കൂടുതല്‍ സങ്കീര്‍ണമായി അവന്‍ അഭിമുഖീകരിക്കുന്നു. രോഗം മാറില്ല എന്നതു കൊണ്ടു മാത്രം ജീവിതം അവസാനിക്കുന്നില്ല. അത് എല്ലായ്പ്പോഴുമെന്നതിനെക്കാള്‍ തീവ്രമായി അവന്റെ കൂടെയുണ്ട്.” ഡോക്ടര്‍ പറഞ്ഞു.
നാളെ മരിക്കും എന്നതിനെക്കാള്‍ പ്രധാനം ഇന്ന് ജീവിച്ചിരിക്കുന്നു എന്നതാണ്. ‘ഇന്ന്’ മാറാരോഗിയുടെയും യാഥാര്‍ത്ഥ്യമാകുന്നു. ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തിന്റെ പങ്കാളിത്തത്തോടെ മാത്രമേ അവനീ യാഥാര്‍ത്ഥ്യത്തെ നേരിടാനാവൂ.
“സാന്ത്വനമേകാന്‍ ഉത്തരവാദിത്തമുള്ള അയല്‍കണ്ണികളെ ഉണ്ടാക്കിയെടുക്കുകയാണ് ഞങ്ങളുടെ പ്രവര്‍ത്തനം.” ഡോക്ടര്‍ പറഞ്ഞു.
ഇനി ഒന്നും ചെയ്യാനില്ലേ?
വെയില്‍ കനത്ത നട്ടുച്ച നേരത്താണ് പാലിയേറ്റീവ് കെയറിന്റെ വണ്ടി ആ വീടിന്റെ മുന്നില്‍ നിര്‍ത്തിയത്. തിളച്ച ചൂടില്‍ ഉരുകിയൊലിച്ച ഉടല്‍ വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോള്‍ തെല്ലൊന്ന് തണുത്തു. നിശ്ശബ്ദതയില്‍ ശാന്തമായി കിടക്കുകയായിരുന്നു ആ വീട്. രോഗത്തിന്റെ അശാന്തിയുമായി ഒരാളവിടെ കിടക്കുന്നുണ്ടെന്ന് തോന്നിയതേയില്ല. സുമുഖനായ ഒരു യുവാവ് ചിരിച്ചു കൊണ്ട് വാതില്‍ തുറന്ന് അകത്തേക്ക് ക്ഷണിച്ചു. വിശാലമായ മുറി. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം. തുറന്നിട്ട് ജാലകങ്ങളിലൂടെ കാറ്റും വെളിച്ചവും പുറത്തെ ജീവിതവും കടന്നുവരുന്നു. കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന ഒരു മെല്ലിച്ച ശരീരം. ഏതോ ബിന്ദുവില്‍ എന്നോ തറഞ്ഞു പോയ കണ്ണുകള്‍. എങ്കിലും അതിലെ തിളക്കം മാഞ്ഞിട്ടില്ല. വെള്ളവും ഭക്ഷണവും ഔഷധവും നല്‍കാനായി തുറന്നുവച്ച തൊണ്ട.
യുവാവ് മകനാണെന്ന് സ്വയം പരിചയപ്പെടുത്തി. എഞ്ചിനീയറിംഗിന് പഠിക്കുന്നു. അവനും അമ്മയും മാത്രമേയുള്ളൂ. മകന് ആക്സിഡന്റ് പറ്റിയെന്നറിഞ്ഞ് അന്വേഷിച്ചു ചെന്നതാണച്ഛന്‍. മകനൊന്നും പറ്റിയില്ല. എന്നാല്‍ മറ്റൊരു ചക്രത്തിനുള്ളില്‍ പെട്ട് അച്ഛന്‍ നിലച്ചു. ജീവനുണ്ട്. ചിലതിനോടൊക്കെ പ്രതികരിക്കുന്നുമുണ്ട്. പക്ഷേ ഒരു ചെറുവിരലനക്കം പോലുമില്ല.
‘പാരപ്ളീജിയ’. ഡോക്ടര്‍ പറഞ്ഞു.
കൂടുതലൊന്നും ചെയ്യാനില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുറന്നുവച്ച തൊണ്ടയിലൂടെ ജലവും ദ്രവരൂപത്തിലുള്ള ഭക്ഷണവും അത്യാവശ്യ മരുന്നുകളുമൊക്കെ നല്‍കാം. വ്രണം വരാതെ സൂക്ഷിക്കണം. അത്രയൊക്കെയാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അവരെ സംബന്ധിച്ചിടത്തോളം അയാള്‍ അനേകം കേസുകളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ അമ്മക്കും മകനും അങ്ങനെയല്ലല്ലോ. അയാള്‍ ഭര്‍ത്താവാണ്. അച്ഛനാണ്. അതുകൊണ്ട് ഒന്നും ചെയ്യാനില്ലാഞ്ഞിട്ടും അവര്‍ ഭര്‍ത്താവും അച്ഛനുമായ മനുഷ്യനെ തിരിച്ചറിയുന്നു, മാനിക്കുന്നു. അയാളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാ•ാരായിരിക്കുന്നു.
മകനാണ് അച്ഛന്റെ കാര്യങ്ങള്‍ പലതും ചെയ്യുന്നത്. വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെ യാതൊരു മടിയുമില്ലാതെയാണവന്‍ ചെയ്യുന്നത്. ദേഹം തുടയ്ക്കുന്നതും ഷേവ് ചെയ്യുന്നതുമൊക്കെ അവനാണ്. അതിലുപരി അവന്‍ അച്ഛനെ ദിവസവും സംഗീതം കേള്‍പ്പിക്കുന്നു. സംഗീതത്തോട് അച്ഛന്‍ ചെറുതായി പ്രതികരിക്കുന്നുണ്ടെന്നാണ് അവന്റെ നിരീക്ഷണം. ഇതിനിടയില്‍ എഞ്ചിനീയറിംഗ് പോലെ ധാരാളം സമയം ചെലവഴിക്കേണ്ട വിഷയത്തിലുള്ള പഠനവും നടക്കുന്നുണ്ട്. പുതിയകാലത്തെ ചെറുപ്പക്കാരില്‍ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിക്കാമോ? ന• ഒരു കാലത്തും വംശമറ്റു പോകില്ലെന്ന് അവന്‍ തെളിയിക്കുന്നു. സാമ്പത്തികമായി സുസ്ഥിതിയിലല്ല ആ കുടുംബം. ഉള്ളതെല്ലാം ചികിത്സക്കു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. അമ്മയാണ് ചില്ലറ ജോലികള്‍ ചെയ്ത് പണം കണ്ടെത്തുന്നത്.
“ഇങ്ങനെയുള്ളവരെ കാണുമ്പോഴാണ് നമ്മുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ സംതൃപ്തി കിട്ടുക. പലതും പ്രയോഗിച്ചു നോക്കുന്ന കൂട്ടത്തില്‍ ഇതുകൂടി കിടക്കട്ടെ എന്നു കരുതുന്നവരല്ല അവര്‍. ഇനിയൊന്നും ചെയ്യാനില്ലെന്നറിഞ്ഞ് രോഗിയെ ഉപേക്ഷിച്ചവരുമല്ല. രോഗമെന്തെന്നും ചികിത്സയെന്തെന്നും അതിലെല്ലാമുപരി മനുഷ്യനെന്തെന്നും അവന്റെ ആവശ്യങ്ങളെന്തൊക്കെയെന്നും അവര്‍ക്കറിയാം.”’ ഡോക്ടര്‍ പറഞ്ഞു.
ശയ്യാവലംബിയായ ഒരാളുടെ വസ്ത്രവും വിരിപ്പും മാറ്റുന്ന രീതിയും നഖം മുറിക്കുന്ന വിധവും അമ്മയെയും മകനെയും പഠിപ്പിച്ച്, 400 രൂപയുടെ പ്രോട്ടീന്‍ പൌഡറില്‍ നിന്ന് കിട്ടുന്ന അത്രയും മാംസ്യം മൂന്ന് മുട്ടയുടെ വെള്ളയില്‍ നിന്നു ലഭിക്കുമെന്ന പോഷണപാഠം കൂടി പറഞ്ഞു കൊടുത്ത് തികഞ്ഞ സംതൃപ്തിയോടെ ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. സാമ്പത്തിക കാര്യങ്ങളില്‍ സാമൂഹിക സഹായം ലഭിക്കാനുള്ള കാര്യങ്ങളും ഡോക്ടര്‍ ചെയ്തു.
“ദുരന്തങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കടന്നുവന്ന് കിടക്കയിലായ ഒരു മനുഷ്യന്റെ അടുത്തേക്കാണ് നമ്മളിനി പോകുന്നത്.” ഡോക്ടര്‍ പറഞ്ഞു.
ഗ്രാമത്തിലെ തെങ്ങും പ്ളാവും മാവും കായ്ച്ചു നില്‍ക്കുന്ന തോട്ടത്തിലെ നടവഴിയിലൂടെ നടന്നുചെന്നത് ഓടിട്ട ഒരു കൊച്ചുവീട്ടിലെ കൊച്ചുമുറിയില്‍ പുഞ്ചിരി തൂകി കിടക്കുന്ന ബഷീര്‍ എന്ന യുവാവിന്റെ അടുത്തേക്ക്. അരക്കു താഴെ തളര്‍ന്നു കിടപ്പാണെങ്കിലും ആ മുഖത്തെ പ്രസരിപ്പും വാക്കുകളിലെ പക്വതയും ഞങ്ങളെ അത്ഭുതപ്പെടുത്തി.
“ബഷീര്‍ നല്ല സന്തോഷത്തിലാണല്ലോ.” പാലിയേറ്റീവ് വളണ്ടിയര്‍ ചോദിച്ചു.
“ഡയാലിസിസ് കഴിഞ്ഞ് ഇന്നലെ വന്നതേയുള്ളൂ. അതിന്റെ സന്തോഷാ.. രണ്ടു ദിവസം കഴിഞ്ഞാ ഈ ചുറുചുറുക്കൊക്കെ പോകും… ഭയങ്കര ക്ഷീണാ…. പിന്നെ അടുത്ത ഡയാലിസിസ് കഴിയുന്നതു വരെ മരണസഞ്ചാരം തന്നെ.”
കൂലിപ്പണി ചെയ്ത് അധ്വാനിച്ച് അല്ലലില്ലാതെ കുടുംബവുമൊന്നിച്ച് ജീവിക്കുകയായിരുന്നു ബഷീര്‍. നിനച്ചിരിക്കാത്ത നേരത്ത് നട്ടെല്ലിനേറ്റ ഒരാഘാതം ബഷീറിനെ കിടക്കയിലേക്ക് തള്ളിയിട്ടു. എന്നാല്‍ ബഷീര്‍ തളര്‍ന്നില്ല. അപാരമായ ആത്മവിശ്വാസം കൈമുതലായുണ്ടായിരുന്ന അയാള്‍ തന്റെ നിശ്ചലമായ അരഭാഗവുമായി മാനസികമായി പൊരുതി. പാലിയേറ്റീവ് വളണ്ടിയര്‍മാരും ഡോക്ടര്‍മാരും അയാള്‍ക്ക് എല്ലാ പിന്തുണയും നല്‍കി. കാലം കൊണ്ട് അയാളുടെ നിലയില്‍ വലിയ പുരോഗതി ദൃശ്യമായി. മരുന്ന് വേണ്ടാത്ത ഒരവസ്ഥയിലേക്ക് അയാളുടെ ശരീരവും മനസ്സും പാകപ്പെട്ടു തുടങ്ങി. എല്ലാം ഒഴിവാക്കിയ കൂട്ടത്തില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നും ഉപേക്ഷിച്ചു. എന്നാല്‍ പൊടുന്നനെയൊരുനാള്‍ അയാളുടെ രക്തസമ്മര്‍ദ്ദം അനിയന്ത്രിതമാം വിധം വര്‍ധിച്ചു. അത് രണ്ടു വൃക്കകളെയും തകരാറിലാക്കി. അരക്കു താഴെ തളര്‍ന്നവന്‍ വൃക്കരോഗി കൂടി ആയതോടെ ദുരന്തം പൂര്‍ണ്ണമായി. ആഴ്ചയില്‍ രണ്ടു ഡയാലിസിസിനെങ്കിലും വിധേയമായാലേ ബഷീറിന് ജീവന്‍ നിലനിര്‍ത്താനാവൂ. ഡയാലിസിസിനും മരുന്നിനും മാത്രമായി ഒരാഴ്ച ആയിരക്കണക്കിന് രൂപ ചെലവു വരും. ഒരു വരുമാനവുമില്ലാത്ത ആ കുടുംബം അതെവിടുന്ന് ഉണ്ടാക്കാന്‍? എന്നിട്ടും ബഷീര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“നാട്ടുകാരുടെയും സമൂഹത്തിന്റെയും സഹായം കൊണ്ട് എന്റെ കാര്യങ്ങളൊക്കെ വലിയ ബുദ്ധിമുട്ടില്ലാതെ നടന്നുപോകുന്നുണ്ട്. എന്നാല്‍ എല്ലാവരുടെയും സ്ഥിതി അതല്ല. പണത്തെക്കാള്‍ വലിയ പ്രശ്നം ഒറ്റപ്പെടലും തിരസ്കാരവുമാണ്.”
“സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നുറപ്പുള്ള ഒരാളെ കുറെകാലം മലവും മൂത്രവും കോരിത്തുടച്ച് നോക്കുമ്പോള്‍ ഏത് സ്നേഹമയിയായ ഭാര്യക്കും മടുക്കും. അത് അവരുടെ കുറ്റമെന്ന് പറഞ്ഞുകൂടാ. എന്നാലും ഒരു മനുഷ്യന്‍ എന്ന പരിഗണന ഞങ്ങളും അര്‍ഹിക്കുന്നുണ്ട്…”
ബഷീര്‍ പറഞ്ഞു തീര്‍ന്നില്ല. അതിനു മുമ്പ് പാന്റ്സിട്ട് ഇന്‍സൈഡ് ചെയ്ത, അത്തര്‍ പൂശിയ ഒരു യുവാവ് മുറിയിലേക്ക് മടിച്ചു മടിച്ചു വന്നു.
“ആരിത്.. ഷുക്കൂറോ? ജ്ജെന്നേ വന്നത്…?”
ബഷീര്‍ സന്തോഷത്തോടെ ചോദിച്ചു.
“പതിനഞ്ചീസം കഴിഞ്ഞു…”
“ഗള്‍ഫില് സുഖംല്ലേ?”
“സുഖാണ്”.
“ഇതെന്റെ ഇക്കാന്റെ മോനാ. ഗള്‍ഫിലാ. ഇവിടെ തൊട്ടടുത്തു തന്ന്യാ ഇക്കാന്റെ വീട്.”
“കല്യാണ നിശ്ചയം കഴിഞ്ഞു. അടുത്ത മാസം രണ്ടാം തിയതിയാ ന്റെ കല്യാണം.” ഷുക്കൂര്‍ പറഞ്ഞു.
“അത് നന്നായി…” ബഷീര്‍ അതേ ആഹ്ളാദത്തോടെ പ്രതിവചിച്ചു.
ഞാന്‍ ശറഫുക്കയുമൊത്ത് ബഷീറിന്റെ പറമ്പിലെ മരത്തണലിലേക്കിറങ്ങി.
“ഈ ഷുക്കൂറൊരു മനുഷ്യനാ….?” ശറഫുക്ക ചോദിച്ചു.
‘അവന്‍ ഗള്‍ഫില്‍ നിന്ന് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. തൊട്ടടുത്തുള്ള കിടപ്പിലായ എളാപ്പയെ ഒന്നു കാണാന്‍ അവനിപ്പഴേ സമയം കിട്ടിയുള്ളൂ! അതും കല്യാണം പറയാന്‍. അവന്‍ ആദ്യം വരേണ്ടിയിരുന്നത് ഈ വീട്ടിലേക്കായിരുന്നില്ലേ…?”
ബഷീര്‍ പറഞ്ഞതത്രെ വാസ്തവം! രോഗമോ ചികിത്സാ ചെലവോ ഒന്നുമല്ല പ്രശ്നം. ഒറ്റപ്പെടലും തിരസ്കാരവും തന്നെയാണ്. കൂട്ടിനൊരാളുണ്ടെങ്കില്‍ എന്തും സഹിക്കാം. എത്ര മൂര്‍ച്ചയുള്ള കുത്തും വേദനയും….
“ഇനിയൊന്നും ചെയ്യാനില്ലെന്നു പറഞ്ഞ് ഉപേക്ഷിക്കപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി ഇനിയൊന്നും ചെയ്യാനില്ലേ എന്ന ചോദ്യവും ഇനിയാണ് ഏറെ ചെയ്യാനുള്ളത് എന്ന തിരിച്ചറിവുമാണ് പാലിയേറ്റീവ് പ്രവര്‍ത്തകരെ പ്രവര്‍ത്തനനിരതരാക്കുന്നത്. നിലനില്‍ക്കുന്ന വൈദ്യസമ്പ്രദായങ്ങള്‍ മനുഷ്യന്‍ എന്ന ശരീരത്തെ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഇനിയൊന്നും ചെയ്യാനില്ലെന്ന തീര്‍പ്പ് അവിടെ നിന്നാണ് ഉണ്ടാകുന്നത്. എന്നാല്‍ മനുഷ്യന്‍ ഒരു സാമൂഹിക മാനസിക ആത്മീയ പ്രതിഭാസമാണെന്ന് തിരിച്ചറിയുമ്പോള്‍ സമ്പൂര്‍ണ പരിചരണം എന്ന തലത്തിലേക്ക് നമ്മുടെ ചികിത്സ മാറേണ്ടതുണ്ട്. പാലിയേറ്റീവ് കെയര്‍ നടപ്പിലാക്കുന്നതും അതാണ്.” ഡോക്ടര്‍ പറഞ്ഞു.
ബഷീറിന്റെ വീട്ടിലെ മരത്തില്‍ കായ്ച്ച ഈനാമ്പഴവും തിന്ന് വണ്ടിയില്‍ കയറുമ്പോള്‍ ഡോക്ടര്‍ പറയാറുള്ള ആ വാചകം മറ്റൊരു വിധത്തില്‍ എന്റെ ചിന്തയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
“ഓരോ ജീവിതവും നമുക്കുള്ള അടയാളമാണ്”.
മരണത്തിന്റെ തണുപ്പും
പ്രണയത്തിന്റെ മിടിപ്പും
മരണത്തിലേക്ക് ഒരു കാല്‍വെപ്പിന്റെ ദൂരവും പ്രണയത്തിലേക്ക് ഒരു ജ•ത്തിന്റെ ദൂരവുമാണെന്ന് ഉറപ്പായ അന്നാണ് സുല്‍ഫത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. ആത്മഹത്യക്കു വേണ്ടി അവള്‍ യാതൊരു തയ്യാറെടുപ്പും നടത്തിയിരുന്നില്ല. മരണത്തിന്റെ തണുപ്പില്‍ എല്ലാം മറക്കുകയായിരുന്നു അവളുടെ ലക്ഷ്യം. അതുകൊണ്ട് തൂങ്ങുക, വിഷം കഴിക്കുക എന്നിങ്ങനെ താരതമ്യേന എളുപ്പമുള്ള സ്വയംഹത്യാ രീതികള്‍ ഉപേക്ഷിച്ച് വീട്ടിലെ കിണറ്റിലേക്ക് എടുത്തു ചാടുക എന്ന സാഹസികമായ കൃത്യത്തിലേക്ക് അവള്‍ നയിക്കപ്പെട്ടു. മരണത്തിനും ജീവിതത്തിനുമിടയിലെ സന്ധിയിലെപ്പോഴോ ബോധം തെളിഞ്ഞു വന്നപ്പോഴാണ് മരണം പ്രണയത്തോളം വിദൂരമായ ഒന്നാണെന്ന് അവള്‍ക്ക് ബോധ്യം വരുന്നത്.
ഏതൊരു യുവതിയെയും പോലെ ഏറെ കാത്തിരിപ്പുകളും കിനാവുകളുമായിട്ടാണ് അവള്‍ ആ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറിയത്. ആദ്യരാത്രിയില്‍ തന്നെ കാത്തിരുന്നതല്ല കിട്ടിയതെന്ന് കാറ്റില്‍ മണത്തു. ഇന്നത്തെ ചെറുപ്പക്കാരല്ലേ, ആഘോഷ വേളകളില്‍ അല്‍പമൊക്കെ ആയതുകൊണ്ട് കുഴപ്പമില്ല എന്ന് പ്രായോഗിക ബുദ്ധി അവളെ സമാധാനിപ്പിച്ചു. എന്നാല്‍ ദിവസം ചെല്ലുന്തോറും അയാള്‍ക്കെന്നും ആഘോഷമാണെന്ന് അവള്‍ക്ക് മനസ്സിലായി. പുതുക്കം തീര്‍ന്നു തുടങ്ങിയപ്പോള്‍ ആഘോഷം ആടിത്തിമിര്‍ക്കല്‍ മാത്രമല്ല ആട്ടും തുപ്പും അടിയും കൂടിയാണെന്ന് അവള്‍ അറിഞ്ഞു തുടങ്ങി. കിടപ്പറയില്‍ കിട്ടുന്നത് പോരാത്തതിന് അടുക്കളയില്‍ അമ്മായിയമ്മയും നാത്തൂ•ാരും കൂടി കൊടുത്തു. സാധാരണ കുടുംബത്തിലെ ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരു “രണ്ടാം അവസരം” ഏറെക്കുറെ അസാധ്യമാണ്. അതുകൊണ്ട് സുല്‍ഫത്ത് പോയത് സ്വന്തം വീട്ടിലേക്കല്ല, മരണത്തിന്റെ ആഴക്കയത്തിലേക്കാണ്. എന്നാല്‍ മരണം അവളുടെ മനോഹരമായ ഉടലിന്റെ പാതിമാത്രമേ സ്വീകരിച്ചുള്ളൂ.
അരക്കു താഴെ തളര്‍ന്ന് കിടക്കുമ്പോള്‍ വര്‍ഷങ്ങള്‍ പലതും തുറിച്ചു നോക്കുന്നുണ്ടായിരുന്നു സുല്‍ഫത്തിനെ. ഭര്‍ത്താവ് ഉപേക്ഷിച്ച പെണ്ണ് സ്വന്തം വീട്ടുകാര്‍ക്ക് എന്നും ഒരു ഭാരമാണ്. ഇതിപ്പോള്‍ പാതി ജീവന്‍ കൂടിയായ അവസ്ഥയില്‍ ആര് നോക്കും? നോക്കിയാല്‍ തന്നെ എത്രകാലം? എത്ര അടുത്ത രക്തബന്ധുക്കളാണെങ്കിലും അവര്‍ക്കുമുണ്ടാവില്ലേ അവരവരുടെ ജീവിതം? അതിനിടയില്‍ അവള്‍ ഒരു ചോദ്യചിഹ്നമായി മാറുമ്പോഴാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. രോഗിയെ വ്യക്തിയും മനുഷ്യനുമായി കാണുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരുടെ സമീപനവും സാന്നിധ്യവും അരക്കുതാഴെ ജീവനുണ്ടായിരുന്ന കാലത്തെക്കാള്‍ ആത്മവിശ്വാസവും ജീവിതോന്‍മുഖതയും അവളിലുണ്ടാക്കി. രോഗം ഒരു ആത്യന്തിക ദുരന്തമല്ലെന്നും ജീവിതം അപ്പോഴും മിടിക്കുന്നുണ്ടെന്നും അവളറിഞ്ഞു.
ജീവിതം ഒരു മഹാത്ഭുതമാണ്. അത് ആര്‍ക്ക് എന്തിനു വേണ്ടി എപ്പോള്‍ വാതില്‍ തുറക്കുന്നുവെന്ന് നമുക്ക് പറയാനേ ആവില്ല.
മാറാശയ്യയിലേക്കാണ് റശീദ് അവളെ പെണ്ണുകാണാന്‍ വന്നത്. യാതൊരു രോഗമോ വൈകല്യമോ ഇല്ലാത്ത ആ ചെറുപ്പക്കാരന്‍ അവളെ പുനര്‍വിവാഹം ചെയ്തു. മാറാശയ്യയിലായിരുന്നു അവരുടെ രാവുകള്‍. ആ ശയ്യയില്‍ കിടന്നാണ് അവര്‍ നക്ഷത്രങ്ങള്‍ കണ്ടത്. അതേശയ്യയിലാണ് അവര്‍ക്കൊരു ഓമല്‍ കിടാവ് പിറന്നതും.
അവള്‍ക്കു വേണ്ടി, അവരുടെ കുഞ്ഞിനു വേണ്ടി അയാള്‍ കടല്‍ കടന്നു. ഞങ്ങള്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ അവളുടെ ക്ഷേമമന്വേഷിച്ച് കടല്‍ കടന്ന് അയാളുടെ ഫോണ്‍ മണിയടിച്ചു. മണിയടിക്കൊപ്പം അവളുടെ കുഞ്ഞ് കിലുകിലെ ചിരിച്ചു.
മാറാശയ്യയിലെ മനുഷ്യന് ജീവിതമില്ലെന്ന് ആരാണ് പറഞ്ഞത്?
നോക്കൂ… മരണക്കിടക്കയിലും പ്രണയം മിടിച്ചു കൊണ്ടിരിക്കുന്നു
…………..
ആത്മന്‍,
അയല്‍പക്കത്ത്
മാറാശയ്യയില്‍ ഒരു മനുഷ്യന്‍
നിങ്ങളുടെ സാന്നിധ്യത്തിനായി
കാത്തിരിക്കുന്നു.
പോയിനോക്കണ്ടേ?
ംംം.സാാൌവെേമള.യഹീഴുീ.രീാ
You must be logged in to post a comment Login