ആതുരാലയത്തിന് ഇടം തേടി തമിഴ്നാട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ഡോ. തര്യനും ഡോ. ജേക്കബ് ചെറിയാനും ഒരു രാത്രി ഒഡ്ഡന്‍ചത്രത്തില്‍ തങ്ങേണ്ടിവന്നു. താമസിക്കാന്‍ കിട്ടിയത് ആള്‍താമസമില്ലാതെ കിടന്നിരുന്ന ഒരു വീട്. പലവിധത്തിലുള്ള അന്ധവിശ്വാസങ്ങള്‍ മൂലം ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ആ വീട് അന്നു രാത്രി ഒരാശുപത്രിയായി. പ്രസവിക്കാറായ ഒരു സ്ത്രീയുമായി ദൂരെ മധുരയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടവരാണ് അന്നു രാത്രി അവിടെ എത്തിയത്.
ഡോ. എ കെ തര്യന്, ഭാര്യ മറിയാമ്മ തര്യന്, ഡോ. ജേക്കബ് ചെറിയാന്, ഭാര്യ ഡോ. മേരി ചെറിയാന് – ഇവരിലാരെയും രാജ്യം സിവിലിയന്‍ ബഹുമതി നല്കി ആദരിച്ചിട്ടില്ല. അങ്ങനെ ആദരിക്കണമെന്ന് അവരാരും ആഗ്രഹിച്ചുമില്ല. നികുതിവെട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ അമേരിക്കയിലെ ഹോട്ടല്‍ വ്യവസായിക്ക് പോലും നല്കുന്ന പത്മ പുരസ്കാരത്തിന്റെ പരിധിക്കുള്ളിലല്ല ഇവരെന്നതും വാസ്തവം. അര്‍പ്പണ ബോധത്തോടെ, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിച്ച് ഇവര്‍ പടുത്തുയര്‍ത്തിയ സ്ഥാപനത്തെ, രാജ്യത്തെ പ്രശസ്തമായ ‘ആതുരാലയ’ങ്ങളുടെ പട്ടിക തിരഞ്ഞാല്‍ കാണാനാകില്ല. ആതുര സേവനമാണ് ലക്ഷ്യമെന്ന് പ്രചരിപ്പിച്ച് വിദേശത്തു നിന്ന് പിരിച്ചെടുക്കുന്ന കോടികള്‍ ചെലവഴിച്ച് ആശുപത്രി വ്യവസായം ആരംഭിക്കുകയും രാഷ്ട്രീയ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയും വിമോചനസമരത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് ഭീഷണിപ്പെടുത്തിയും ഒരു പരിധിവരെ കബളിപ്പിച്ചും (രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായി വാക്കാലുണ്ടാക്കിയ കരാര്‍ ലംഘിച്ചത് ആരെന്ന് ഓര്‍ക്കുക) സ്വാശ്രയ കോളജുകള്‍ ആരംഭിച്ച് സീറ്റ് കച്ചവടം നടത്തി ലാഭം കൊയ്യുന്ന ‘നല്ല ഇടയന്’മാരെ ആരെയും ഈ സ്ഥാപനത്തില്‍ കണ്ടതേയില്ല.
വലതുകരം കൊടുക്കുന്നത് ഇടതുകരം അറിയരുതെന്ന നിര്‍ബന്ധ ബുദ്ധി കാട്ടുന്നു തര്യന്, ജേക്കബ് ചെറിയാന് ദമ്പതികളുടെ പിന്മുറക്കാര്. അവര്‍ക്ക് ചെയ്തു തീര്‍ക്കാന്‍ ഏറെയുണ്ട്. അതുകൊണ്ടു തന്നെ വിവരങ്ങളന്വേഷിച്ചെത്തുന്നവരോടുള്ള സംസാരം അവസാനിപ്പിക്കാന്‍ തിടുക്കം കൂട്ടും. പുറത്ത് കാത്തുനില്ക്കുന്നവരുടെ വലുപ്പം നേരത്തെ ബോധ്യപ്പെട്ടതാണ്. സംസാരം ദീര്‍ഘിപ്പിച്ച് ഡോക്ടര്‍മാരുടെ സമയം കൂടുതല്‍ പാഴാക്കരുതെന്ന് തീരുമാനിച്ചു. അല്ലെങ്കില്‍ തന്നെ അധികം സംസാരിക്കേണ്ട കാര്യമില്ലല്ലോ, അന്തരീക്ഷം സ്വയം സംസാരിക്കുമ്പോള്‍. ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഹോസ്പിറ്റല്‍, ഒഡ്ഡന്‍ചത്രം, ഡിണ്ടിഗല്‍ ജില്ല, തമിഴ്നാട് – ഈ വിലാസത്തിലെത്തിയാല് ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു പാട് കാര്യങ്ങളുണ്ട്; രാജ്യത്തിന്റെ ഇതര ഭാഗത്തുള്ളവര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത ഒരു പാട് കാര്യങ്ങള്‍. കേരളത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന അലോപ്പതി ഡോക്ടറെ സന്ദര്‍ശിക്കുന്നതിന് കൊടുക്കേണ്ട ഫീസ് എത്രയായിരിക്കും? 100 മുതല്‍ 500 വരെ രൂപ ഫീസായി വാങ്ങുന്ന ഡോക്ടര്‍മാരുണ്ട്. ഡോക്ടര്‍ ഏതു പ്രദേശത്ത് താമസിക്കുന്നു, ചികിത്സയുടെ ഏത് മേഖലയിലാണ് പ്രാവീണ്യം നേടിയിരിക്കുന്നത് എന്നിങ്ങനെ സന്ദര്‍ശന ഫീസിന്റെ തോത് ഉയര്‍ത്തുന്ന വിവിധ ഘടകങ്ങളുണ്ട്. ആശുപത്രിയിലെ ചികിത്സ പുറമെ നിന്ന് തേടാനെത്തുന്ന രോഗിയാണെങ്കിലോ? രജിസ്ട്രേഷന് ഫീസ് തന്നെയുണ്ടാകും കുറഞ്ഞത് അമ്പത് രൂപ. രോഗ നിര്‍ണയത്തിന് വേണ്ട ടെസ്റുകള്‍, നിര്‍ദേശിക്കുന്ന മരുന്നുകള്‍ – എല്ലാം കൂടിയാകുമ്പോള്‍ ചെലവാകുന്ന തുകക്ക് വലുപ്പമേറും. ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ സ്ഥിതി ഭിന്നമാണ്. ഡോക്ടറുടെ സേവനം, ടെസ്റുകള്‍, മരുന്ന് എന്നിവക്കെല്ലാം കൂടി രോഗിക്ക് ആകെ വരുന്ന ചെലവ് നൂറ് രൂപ മാത്രം. ഈ തുകയെ വിഭജിക്കുമ്പോള്‍ ഡോക്ടറുടെ കണ്സല്ട്ടേഷന് ഫീസായി വരിക ശരാശരി എട്ട് മുതല്‍ പത്ത് വരെ രൂപ മാത്രം. പത്ത് രൂപ കണ്സല്ട്ടേഷന് ഫീസ്!
കേരളത്തിലെ സര്‍ക്കാറാശുപത്രികളില്‍ കൂട്ട സിസേറിയന് നടക്കുന്നതിന്റെ വാര്‍ത്തകള്‍ വന്നത് അടുത്ത കാലത്താണ്. സ്വകാര്യ ആശുപത്രികള്‍ സിസേറിയന് വ്യവസായം ആരംഭിച്ചിട്ട് കാലമേറെയായി. പ്രസവ ശുശ്രൂഷ പാക്കേജായി അവതരിപ്പിക്കുന്ന ആശുപത്രികളും ഇവിടെ കുറവല്ല. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ രൂപ ഈടാക്കുന്ന വിവിധ പാക്കേജുകള്‍. സാധാരണ പ്രസവത്തിന് പതിനായിരം രൂപയെങ്കിലും ചെലവ് വരാത്ത ആശുപത്രികള്‍, സ്വകാര്യ മേഖലയില്‍ തീരെ വിരളമായിരിക്കും. ഒഡ്ഡന്ചത്രത്ത്, ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ പ്രസവ ശുശ്രൂഷക്ക് ചെലവ് രണ്ടായിരം രൂപ മാത്രം. ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ആറായിരമോ ഏഴായിരമോ ആയേക്കാം. കൂട്ട ശസ്ത്രക്രിയ നടത്തി, വ്യവസായം കൊഴുപ്പിക്കുന്ന പതിവ് ഇല്ല തന്നെ.
ചികിത്സാ ചെലവിലെ കുറവ് മാത്രമല്ല, ഇവിടുത്തെ സവിശേഷത; കൈയില്‍ പണമില്ലാത്തവര്‍ക്കും ചികിത്സ നിഷേധിക്കുന്നില്ല എന്നതുകൂടിയാണ്. പണമില്ല എന്നതിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് കാട്ടേണ്ടതില്ല. പറയുന്നത് യാഥാര്‍ഥ്യമെന്ന് ഡോക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ മതി. രോഗിയെ ആദ്യമായി പരിശോധിച്ച ഡോക്ടര്‍ക്ക് തന്നെ 2,000 രൂപയുടെ സൌജന്യം നല്കാന് അധികാരമുണ്ട്. രണ്ടായിരത്തിലധികം വേണമെങ്കില്‍ ആശുപത്രി ഭരണ സമിതിയുടെ അനുവാദം വാങ്ങണമെന്ന് മാത്രം. അര്‍ഹതയുള്ളയാളെന്ന് ബോധ്യപ്പെട്ടാല്‍ സൌജന്യ ചികിത്സ ലഭ്യമാക്കുന്നതിന് മടിയുണ്ടാകാറുമില്ലെന്നതിന് ആശുപത്രി പരിസരത്ത് കണ്ടവരുടെ അനുഭവ സാക്ഷ്യങ്ങള്‍ തെളിവ്. ഈ സൌജന്യം ദുരുപയോഗം ചെയ്യുന്നവരുണ്ടാകാം. അതേക്കുറിച്ച് ആശുപത്രി അധികൃതര്‍ ആകുലപ്പെടുന്നില്ല. കാരണം, കബളിപ്പിക്കുന്നവനോട് കണക്ക് ചോദിക്കേണ്ട ബാധ്യത തങ്ങളുടേതല്ലെന്ന ഉറച്ച വിശ്വാസം. കബളിപ്പിക്കലുകള്‍ വ്യാപകമായിട്ടില്ലെന്നതാണ് ഇക്കാലത്തിനിടെയുള്ള അനുഭവമെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.
ഇക്കാലത്തിനിടെ എന്നു പറയുമ്പോള്‍ അതൊരു ചെറിയ കാലയളവല്ല. രാജ്യത്തിന് സ്വാതന്ത്യ്രം ലഭിക്കുന്ന സമയത്തോളം പഴക്കമുണ്ട് അതിന്റെ തുടക്കത്തിന്. തമിഴ്നാട്ടില്‍ പഴനി – ഡിണ്ടിഗല്‍ പാതയിലാണ് ഒഡ്ഡന്‍ചത്രം. കൃഷി മുഖ്യ ഉപജീവനമാര്‍ഗമായുള്ള ഗ്രാമം. സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ ഇപ്പോഴും പിന്നാക്കമായി തുടരുന്നു. ചെറു നഗരം വികസിച്ചുവന്നുവെന്നതും നാടിനെ കീറി റോഡും റെയിലും വന്നുവെന്നതുമാകും വികസനത്തിന്റെ തൊലിപ്പുറത്തെ ലക്ഷണങ്ങള്‍. അരയാള്‍ പൊക്കമുള്ള ഓലക്കൂരകളില്‍ നിന്ന് പുറത്തേക്കോടുന്ന വിളര്‍ത്ത്, മെലിഞ്ഞ ബാല്യങ്ങളും വാരിയെല്ലിന് കൂടാകെ തകര്‍ന്ന് പോകുമെന്ന് തോന്നിപ്പിക്കും വിധത്തില്‍ കുരച്ച് തുപ്പുന്ന അകാല വാര്ധക്യങ്ങളും സുലഭം. റെയില്‍വേ ഗേറ്റുകള്‍ക്ക് സമീപം, പേരക്കയും പച്ചമാങ്ങയും വില്‍ക്കുന്ന വൃദ്ധകള്‍. തിളക്കുന്ന വെയില്, അവരുടെ ചുളുക്കു വീണ ശരീരത്തെ തളര്‍ത്തുന്നില്ല. അടയുന്ന ഗേറ്റുകള്‍ക്ക് സമീപം നിര്‍ത്തുന്ന വാഹനങ്ങളിലുള്ളവര്‍ പേരക്കയോ മാങ്ങയോ വാങ്ങിയാല്‍ കിട്ടുന്ന ചില്ലറ കൂടിവേണം അത്താഴമൊരുക്കുന്നതിന് എന്നത് യൌവനത്തില്‍ തന്നെ കാളിപ്പോയ ഈ ജീവിതങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ള തിരിച്ചറിവാണ്.
അറുപത്തിയാറ് വര്‍ഷം തിരിച്ചോടിച്ചാല്‍ എന്തായിരിക്കും ഒഡ്ഡന്ചത്രത്തിന്റെ സ്ഥിതി? അവിടേക്കാണ് തര്യന്, ജേക്കബ് ചെറിയാന് ദമ്പതിമാരെത്തുന്നത്. ദേശീയ പ്രസ്ഥാനവും സ്വാതന്ത്യ്രലബ്ധിയും പ്രദാനം ചെയ്ത ആവേശം അവരിലുണ്ടായിരുന്നു. സേവനം ചര്യയാകണമെന്ന ദൈവവിളിയും. തമിഴ്നാട്ടിന്റെ ഉള്പ്രദേശങ്ങളിലൊന്ന് പ്രവര്‍ത്തന കേന്ദ്രമാക്കുക എന്ന ആശയത്തിനു പിന്നില്‍ തങ്ങളുടെ നിയോഗം പ്രേഷിത പ്രവര്‍ത്തനം കൂടിയാണെന്ന തിരിച്ചറിവായിരുന്നു. ഒഡ്ഡന്‍ചത്രം തിരഞ്ഞെടുക്കപ്പെട്ടതിന്റെ കാരണം, പറഞ്ഞു പറഞ്ഞ് ഐതിഹ്യം പോലൊന്നായിരിക്കുന്നു. ആതുരാലയത്തിന് ഇടം തേടി തമിഴ്നാട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ഡോ. തര്യനും ഡോ. ജേക്കബ് ചെറിയാനും ഒരു രാത്രി ഒഡ്ഡന്‍ചത്രത്തില്‍ തങ്ങേണ്ടിവന്നു. താമസിക്കാന്‍ കിട്ടിയത് ആള്‍താമസമില്ലാതെ കിടന്നിരുന്ന ഒരു വീട്. പലവിധത്തിലുള്ള അന്ധവിശ്വാസങ്ങള്‍ മൂലം ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന ആ വീട് അന്ന് രാത്രി ഒരാശുപത്രിയായി.
പ്രസവിക്കാറായ ഒരു സ്ത്രീയുമായി ദൂരെ മധുരയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടവരാണ് അന്നു രാത്രി അവിടെ എത്തിയത്. മധുരയിലേക്ക് എത്തുക പ്രയാസമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അടുത്ത വീട്ടില്‍ അഭയമന്വേഷിച്ചവര്. ഡോക്ടര്‍മാര്‍ കര്‍മനിരതരായി. വീട്ടിലൊരു മുറി ശസ്ത്രക്രിയക്കുള്ള വേദിയും. അതൊരു തിരുപ്പിറവിയായി തോന്നി, ഡോക്ടര്‍മാര്‍ക്കും നാട്ടുകാര്‍ക്കും. അക്ഷരാഭ്യാസമില്ലാത്ത ഗ്രാമവാസികളുടെ വിശ്വാസത്തിന് സ്നേഹത്തിന്റെയും ആദരവിന്റെയും ഈടുറപ്പ് കൂടിയുണ്ടായിരുന്നു. ആതുരാലയം ഇവിടെത്തന്നെ എന്ന് തര്യനും ജേക്കബ് ചെറിയാനും അതോടെ തീരുമാനിച്ചു.
മിഷണറി പ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമായി ക്രിസ്തീയ സഭകള്‍ രാജ്യത്ത് പലേടത്തും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ അതിനകം തന്നെ ആരംഭിച്ചിരുന്നു. ഇത്തരമൊരു നിയോഗത്തിന്റെ ഭാഗമായിതന്നെയാണ് തര്യനും ജേക്കബ് ചെറിയാനും ഒഡ്ഡന്ചത്രത്ത് ചികിത്സാ കേന്ദ്രം തുടങ്ങുന്നതും. പക്ഷേ, രാജ്യ സ്നേഹവും സേവന തത്പരതയും ഒരു പണത്തൂക്കം മുന്നില്‍ നിന്നപ്പോള്‍ അത്യപൂര്‍വമായ ചില തീരുമാനങ്ങള്‍ ഇവരെടുത്തു. വിദേശത്തു നിന്ന് സംഭാവനകള്‍ സ്വീകരിക്കില്ലെന്നതായിരുന്നു ഒന്നാമത്തെ തീരുമാനം. ലാഭേച്ഛ തൊട്ടുതീണ്ടാത്ത ഒരു സ്ഥാപനം വളര്‍ത്തിയെടുക്കുക എന്നത് രണ്ടാമത്തേതും. ഇവ രണ്ടിലും ഉറച്ചുനില്ക്കാന് ഇപ്പോഴും ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള ട്രസ്റിന് സാധിക്കുന്നുവെന്നത് 2013ല്‍ അത്ഭുതമായി നില്ക്കുന്നു; അതിനവര്‍ പ്രചാരം നല്‍കുന്നില്ല എന്നത് അതിലും വലിയ അത്ഭുതമായും. ഇത്രയുമെഴുതിയത് പോലും അവരുടെ പ്രചാരണത്തിനല്ല, മറിച്ച് ഇത്തരത്തിലൊരു സ്ഥാപനം രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദൈവത്തിന്റെ സ്വന്തമാളുകളെ ബോധ്യപ്പെടുത്താന്‍ മാത്രമാണ്.
തുടക്കം വലിയ വെല്ലുവിളികളുടേതായിരുന്നുവെന്ന് ഡോ. തര്യന്റെ ബന്ധുവായ ഡോക്ടര്‍ ഓര്‍ക്കുന്നു. അന്ന് കെട്ടിടമോ കിടത്തി ചികിത്സിക്കാന്‍ സ്ഥലമോ ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരുടെ (തര്യനും ജേക്കബ് ചെറിയാനും) വാര്‍ഡ് വിസിറ്റ് സൈക്കിളിലാണ്. കിടത്തി ചികിത്സ വേണ്ട രോഗികളെല്ലാം കിടക്കുന്നത് സ്വന്തം വീടിന്റെ മുന്നിലെ ചായ്പിലാണ്. ഓരോ വീട്ടിന്റെ മുന്നിലും സൈക്കിള്‍ നിര്‍ത്തും. രോഗിയുടെ സ്ഥിതി പരിശോധിച്ച് വേണ്ട മരുന്നുകള്‍ നല്കി ഡോക്ടര്‍ യാത്ര തുടരും. ആ വര്‍ഷങ്ങള്‍, വിശ്വാസത്തിന്റെ അസ്തിവാരം ഉറപ്പിച്ചു. അതി•ലാണ് ചെറുതെങ്കിലും കര്‍മനിരതമായ ഇപ്പോഴത്തെ ആശുപത്രി ഉയര്‍ന്നത്. അവിടെയെത്തുന്നവര്‍ക്കെല്ലാം ആശുപത്രി സ്വന്തം കുടുംബമാണെന്ന് തോന്നുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇവിടെ ഗോവണിപ്പടിക്കരുകിലിരുന്ന് കുഞ്ഞിന് പാല് കൊടുക്കുന്ന അമ്മമാരെക്കാണാം. ഭക്ഷണം പങ്കിട്ട് കഴിച്ച ശേഷം ആശുപത്രി വരാന്ത തുടച്ച് വൃത്തിയാക്കുന്നവരെ കാണാം. ആരും ആരെയും ശാസിക്കുന്നില്ല. ചെറിയ സൌകര്യങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അസ്വസ്ഥരാകുന്നുമില്ല. സ്ഥാപന നടത്തിപ്പിലെ ന• സമൂഹത്തിലേക്ക് പകര്‍ന്ന് കിട്ടിയതാവണം.
ഈ സംവിധാനം എങ്ങനെ തുടര്‍ന്നു പോകുന്നുവെന്ന ചോദ്യത്തിന് ആശുപത്രി അധികൃതര്‍ക്ക് വ്യക്തമായ മറുപടിയുണ്ട്. സേവന തത്പരരായ ഡോക്ടര്‍മാര്‍ മാത്രമേ ഇവിടെ തുടര്‍ന്ന് പോകുന്നുള്ളൂ. അല്ലാത്തവര്‍, അല്‍പ്പ സമയത്തിനകം പുതിയ, വിളവുള്ള മേച്ചില്‍പ്പുറം തേടിപ്പോകും. ശമ്പള വര്‍ധനക്ക് വേണ്ടി സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടര്‍മാര്‍ നിരന്തരം പണിമുടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം കണ്ടത്. സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് വലിയ ശമ്പളം മെഡിക്കല്‍ കോളജിലെ അധ്യാപക ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്, സര്‍ക്കാര്‍ അനുവദിച്ചതും. വലിയ തുക ശമ്പളമായി വാങ്ങി, സ്വകാര്യ പ്രാക്ടീസ് നടത്തി അനധികൃത സമ്പാദ്യമുണ്ടാക്കുന്നത് അവര്‍ തുടരുകയും ചെയ്യുന്നു. ഒഡ്ഡന്ചത്രത്തെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് നിഷിദ്ധമാണ്. ചികിത്സ ലാഭമുണ്ടാക്കാനുള്ള മാര്‍ഗമാണെന്ന തോന്നലുണ്ടാവാതിരിക്കാന്‍ ആദ്യം വേണ്ടത് സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കുക എന്നതാണെന്ന് ആശുപത്രിയുടെ ആപ്ത വാക്യം. എല്ലാ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ക്യാമ്പസില്‍ താമസിക്കാന്‍ സൌകര്യമുണ്ട്. അതുകൊണ്ടു തന്നെ ഏതു സമയത്തും ആശുപത്രിയില്‍ ഇവരുടെ സേവനം ലഭ്യം. ഏറ്റവും പ്രാവീണ്യമുള്ള വിദഗ്ധ ഡോക്ടര്‍ക്കു പോലും ശമ്പളം ഇരുപത്തയ്യായിരത്തില്‍ കൂടില്ല. ആതുരസേവനമെന്നത് അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ നിറവേറ്റാന്‍ മനസ്സുള്ളവരെ മാത്രം പ്രതീക്ഷിക്കുന്ന ആശുപത്രിയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ നിരവധി പേരുണ്ട്.
ആശുപത്രിയിലെ സേവനങ്ങള്‍ക്ക് നല്ല കൂലി ഈടാക്കും. ഡോക്ടറുടെ ഫീസും കനത്തതായിരിക്കും. പക്ഷേ, നഴ്സുമാര്‍ക്കോ അതിന് താഴെയുള്ള ജീവനക്കാര്‍ക്കോ കുറഞ്ഞ കൂലി പോലും നല്‍കില്ല. നമ്മുടെ അനുഭവം ഇതാണ്. ഇവിടെയും ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ആശുപത്രി മാതൃകകാട്ടും. ഡോക്ടര്‍മാര്‍ക്ക് ശമ്പളം കുറവാണെങ്കിലും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരെക്കാള്‍ ശമ്പളം വാങ്ങുന്ന നഴ്സുമാര്‍ ഇവിടെ കുറവല്ലെന്ന് അധികൃതര്‍ പറയുന്നു. അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് നഴ്സുമാരുടെ മുഖം നമുക്ക് പറഞ്ഞു തരും.
മരുന്നുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിനും ആശുപത്രി അധികൃതര്‍ ബുദ്ധിമുട്ടുന്നില്ല. കുറഞ്ഞ വിലക്ക് മരുന്ന് നിര്‍മിച്ച് നല്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിരിക്കുന്നു. ഈ മരുന്നുകള്‍ക്ക് പാക്കിംഗിന്റെ പൊലിമ കുറവായിരിക്കാം. മധുരം പൂശി കയ്പ് മറച്ചവയായിക്കൊള്ളമെന്നുമില്ല. പക്ഷേ, നിലവാരം ഉറപ്പാക്കിയവയാണ്. വിദശത്തെ പരിശോധനാലയങ്ങളിലയച്ച് പരീക്ഷിച്ച് നിലവാരം ഉറപ്പാക്കിയവ. ഉത്പന്നാധിഷ്ഠിത ബൌദ്ധിക സ്വത്തവകാശം പ്രാബല്യത്തിലാക്കി, മരുന്നുകള്‍ക്ക് വന്‍തോതില്‍ വില കൂട്ടാന്‍ അവസരമൊരുക്കി കുത്തക കമ്പനികളുടെ കൊള്ള ലാഭത്തിന് ഭരണാധികാരികള്‍ തന്നെ ചൂട്ടു പിടിക്കുന്ന കാലത്താണ് ഈ ആശുപത്രി വേറിട്ട് നില്‍ക്കുന്നത്. കമ്പനികളുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ട് അവരുടെ വില കൂടിയ മരുന്നുകള്‍ കുറിച്ച് നല്കാന് തത്രപ്പെടുന്ന ഡോക്ടര്‍മാര്‍ വ്യാപിക്കുന്ന കാലത്തും.
ലാഭേച്ഛ കൂടാതെ സേവനത്തിന്റെ വഴിയില്‍ ഈ സ്ഥാപനത്തെ നിരന്തരം നടത്തുന്നതില്‍ വ്യക്തിയും അധികാര സ്ഥാനവും തമ്മിലുള്ള ബന്ധം നിര്‍ണായകമാണ്. ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ആശുപത്രിയുടെ നടത്തിപ്പ് ട്രസ്റില്‍ നിക്ഷിപ്തമായ കാലത്തു തന്നെ ഈ പ്രശ്നം അഭിമുഖീകരിക്കപ്പെട്ടു. ട്രസ്റിലേതടക്കം ആശുപത്രിയുമായി ബന്ധപ്പെട്ട അധികാര സ്ഥാനങ്ങളെല്ലാം രണ്ടു വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും മാറണമെന്ന വ്യവസ്ഥയുള്പ്പെടുത്തിയത് അതുകൊണ്ടാണ്.
സ്ഥാനത്തിന്റെ ധാര്ഷ്ട്യമോ അത് നാളെ നഷ്ടമാകുമെന്ന ആകുലതയോ ഇല്ലാതെ ശാന്തമായി ചിരിച്ച് മെഡിക്കല്‍ സൂപ്രണ്ട് പതുക്കെ എഴുന്നേല്ക്കുന്നു; എഴുതുമ്പോള്‍ ഇവിടുത്തെ ഡോക്ടര്‍മാരുടെ പേര് നല്‍കണമെന്നില്ലെന്ന് പതുക്കെ പറഞ്ഞുകൊണ്ട്. കാരണം അവര്‍ക്കിത് പ്രശസ്തി സമ്പാദിക്കാനുള്ള വഴിയല്ല തന്നെ. ദിവസം ഔട്ട് പേഷ്യന്‍സായി ആയിരത്തിലധികം പേരുണ്ടാകും. കിടത്തി ചികിത്സയിലുള്ളവര്‍ അഞ്ഞൂറോളവും. ഇത്രയും പേരുടെ ആശ്രയ കേന്ദ്രമാണ് എന്നതു തന്നെയാണ് സ്ഥാപനത്തിന്റെ നിലനില്‍പ്പിന് ആധാരം. ആശുപത്രിക്കൊപ്പം നഴ്സിംഗ് പരിശീലന സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. മിതമായ ഫീസ് വാങ്ങി പഠിപ്പിക്കുന്ന സ്ഥാപനം. സമൂഹത്തിന്റെ താഴേത്തട്ടില്‍ നിന്നുള്ള കുട്ടികളാണ് അവിടെ പഠിക്കുന്നവരില്‍ ഏറെയും. അവരില്‍ പലരും ഇവിടെ തന്നെയാകും തുടക്കത്തില്‍ ജോലി ചെയ്യുക. ഫീസ് നല്കാന് പണമില്ല എന്ന കാരണത്താല്‍ ഇതുവരെ ആരെയും ഒഴിവാക്കിയിട്ടില്ല, ഇനി ഒഴിവാക്കുകയുമില്ല. അവര്‍ക്ക് ട്രസ്റ് വായ്പ നല്‍കും, പലിശയില്ലാത്ത വായ്പ. കോഴ്സ് കഴിഞ്ഞാല്‍ ഈ ആശുപത്രിയില്‍ ജോലി ചെയ്ത് പണം തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. വാര്‍ഡിലേക്കുള്ള നടത്തത്തിനിടെ മെഡിക്കല്‍ സൂപ്രണ്ട് ഇതു പറഞ്ഞത് നിസ്സംഗമായാണ്. ഫീസ് നല്കാന് പണമില്ലാത്തതിനാല്‍ കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട സാധുക്കള്‍, ആത്മഹത്യയില്‍ അഭയം തേടിയ നിസ്സഹായര്‍, ഫീസിനത്തില്‍ വാങ്ങുന്ന ലക്ഷങ്ങള്‍ ഇനിയും പല മടങ്ങ് വര്‍ധിപ്പിക്കണമെന്ന് ലജ്ജയില്ലാതെ ആവശ്യപ്പെടുന്ന മാനേജ്മെന്റുകള്‍, പലിശക്കുപോലും വായ്പ നല്കാന് മടിക്കുന്ന ബാങ്കുകള്‍…വേണ്ടതിനും വേണ്ടാത്തതിനും സ്കാനിംഗുള്പ്പെടെ പരിശോധനകള്‍ക്ക് നിര്‍ദേശിച്ച് വ്യവസായം കൊഴുപ്പിക്കുന്ന ഡോക്ടര്‍മാര്‍ അങ്ങനെ പലതുമാണ് അപ്പോള്‍ മനസ്സിലുണ്ടായിരുന്നത്.
You must be logged in to post a comment Login