തൃശൂര്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം അസോ. പ്രൊഫസറായ ഡോ. പി വി അജയന്‍. നീണ്ടകാലത്തെ അനുഭവങ്ങളും ആഴത്തിലുള്ള കാഴ്ചപ്പാടുകളുമാണ് ഡോക്ടര്‍ അജയനെ വ്യത്യസ്തനാക്കുന്നത്. ഔപചാരികതകള്‍ ഒട്ടുമില്ലാതെ ഡോ. പി വി അജയന്‍ രിസാലയോട് മനസ്സ് തുറക്കുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ‘പ്രതീക്ഷ’. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീകരിക്കപ്പെട്ട സന്നദ്ധ സംവിധാനം. പഠനത്തിന്റെ തുടക്കം മുതലേ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സാന്ത്വന ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിക്കുകയാണ് പ്രധാനലക്ഷ്യം. അഞ്ച് വര്‍ഷത്തെ പ്രാക്ടീസിനിടയില്‍ വൈദ്യപരിശീലനത്തെക്കുറിച്ച് വേറിട്ടൊരു കാഴ്ചപ്പാടുണ്ടാക്കിയെടുക്കുന്ന ഒരു പുതിയ തലമുറയെയാണ് ‘പ്രതീക്ഷ’ വാഗ്ദാനം ചെയ്യുന്നത്. പത്തു വര്‍ഷം മുമ്പാണ് ‘പ്രതീക്ഷ’പ്രവര്‍ത്തനം ആരംഭിക്കുന്നത്. രോഗം കൊണ്ട് നരകിക്കുകയും മരണം കാത്ത് കഴിയുകയും ചെയ്യുന്ന നിരവധി ആളുകള്‍ക്ക് ആശ്വാസം പകരാനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും ‘പ്രതീക്ഷ’ക്ക് ഇക്കാലയളവിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട്.
“ഞാന്‍ കമ്യൂണിസ്റ് അനുഭാവമുള്ള കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ടു തന്നെ ആദ്യകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നു. അതിലൂടെ മനുഷ്യാനുഭവങ്ങളുമായുള്ള നേര്‍മുഖമാണല്ലോ രാഷ്ട്രീയം. തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയ ശേഷം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യ സ്നേഹം എന്താണെന്ന് കൂടുതല്‍ തിരിച്ചറിയാനായി. അവശതയനുഭവിക്കുന്നവരുടെ വേദനകള്‍ക്ക് ആശ്വാസം പകരുക എന്നത് അതിമഹത്തായ ഒരു കാര്യമാണെന്ന് ബോധ്യപ്പെടുന്നതും ഇവിടെ വച്ചാണ്. യഥാര്‍ത്ഥത്തില്‍ പരസ്പരം തിരിച്ചറിയുന്നവര്‍ക്ക് കൂടുതല്‍ സംസാരിക്കേണ്ടി വരില്ല. ഒരിക്കലെങ്കിലും നേരിട്ട് അനുഭവിക്കുമ്പോള്‍ മാത്രമാണ് പാലിയേറ്റീവ് പ്രര്‍ത്തനങ്ങളുടെ ആഴം നമുക്ക് ബോധ്യമാവുന്നത്. രോഗികളുടെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് ഉള്‍ക്കൊള്ളാനാവണം. രോഗികളുടെ ചില വാക്കുകള്‍ പോലും നമ്മുടെ ഉള്ളില്‍ തട്ടും. ‘ഡോക്ടറേ, എന്റെ മോന്റെ അസുഖം…’ എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ ആശ്വാസം തോന്നും. ഈയൊരു മാനുഷിക മുഖം നിത്യ പരിചരണത്തില്‍ പലപ്പോഴും കാണാതെ പോകും. ‘നിങ്ങള്‍ ഇങ്ങനെ മാത്രമേ പെരുമാറാവൂ. നിങ്ങളുടെ സ്റാറ്റസ് വിട്ട് ഒരിക്കലും തരംതാഴരുത്’ എന്ന രീതിയിലാണ് ഡോക്ടര്‍മാരായി പുറത്തിറങ്ങുന്നവരോട് നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസം അനുശാസിക്കുന്നത്. നിങ്ങള്‍ ഒരു പ്രത്യേക വിഭാഗമാണെന്നും ‘തരംതാണ’ ഏര്‍പാടുകള്‍ക്ക് ചെവി കൊടുക്കരുതെന്നുമുള്ള ഒരു നാട്യമാണത്. ഇത് മാറിയേ പറ്റൂ.”
“എന്നെ ഇരുത്തിച്ചിന്തിപ്പിച്ച ചില അനുഭവങ്ങള്‍ പറയാം. കീമോ തെറാപ്പി മൂലം തന്റെ മനോഹരമായ മുടി നഷ്ടപ്പെട്ട അശ്വതി എന്നെ ഏറെ ഉലച്ചു കളഞ്ഞു. ആ ഒമ്പതു വയസ്സുകാരി ഒരിക്കല്‍ എന്നെ വിളിച്ച്, പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചു വച്ച തന്റെ പഴയ ഫോട്ടോ കാണിച്ച് പറഞ്ഞു : “അങ്കിള്‍, ഇതാണ് ഞാന്‍.”
എന്നെ വല്ലാതെ ഉരുക്കി ആ വാക്കുകള്‍. “മോള് ഇപ്പോഴും സുന്ദരിക്കുട്ടിയാണല്ലോ” എന്നു പറഞ്ഞ് ഞാനപ്പോള്‍ രക്ഷപ്പെട്ടെങ്കിലും അശ്വതി അവശേഷിപ്പിച്ച പ്രധാന ചോദ്യം ‘അവള്‍’ എന്ന ഐഡന്റിറ്റിയാണ്. കുട്ടികളുടെ ഉള്ളില്‍ സ്വന്തത്തെക്കുറിച്ചുള്ള ഒരു തിരിച്ചറിവ് എന്നു പറയുന്നത് അതാണ്.
മറ്റൊരിക്കല്‍ ആദര്‍ശ് എന്ന കുട്ടി ചോദിച്ചത്, “അങ്കിളിന് എങ്ങനെ മരിക്കാനാണിഷ്ടം’ എന്നായിരുന്നു. ഒരു നിമിഷം പതറിപ്പോയ ഞാന്‍ ‘എനിക്ക് മരിക്കാനേ ഇഷ്ടമില്ല’ എന്നു പറഞ്ഞൊപ്പിച്ചു. അതേ സമയം ഇനി അധികകാലം ജീവിക്കില്ല എന്ന യഥാര്‍ത്ഥ്യം അറിയാവുന്ന ആദര്‍ശ് മോന്‍ ഓര്‍മപ്പെടുത്തുന്നത് ജീവിച്ചിരിക്കുക എന്ന മഹാസത്യത്തെയാണ്. മരണം എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍കൊള്ളാന്‍ തുടങ്ങുകയായിരുന്നു ആദര്‍ശ്. എന്റെ മറുപടി കേട്ടപ്പോള്‍ അവന്‍ പറഞ്ഞത് എന്നെ വീണ്ടും കുഴക്കി : “എന്നാലേ, എനിക്ക് ഇങ്ങനെ ഉറങ്ങിക്കിടക്കുമ്പോള്‍ മരിക്കാനാ ഇഷ്ടം.”
നമ്മള്‍ അലങ്കരിക്കുന്നത് എത്ര വലിയ പദവിയാണെങ്കിലും അതെല്ലാം നിഷ്പ്രഭമാവുന്ന അനുഭവങ്ങളാണ് ചുറ്റും. ലുക്കീമിയ വാര്‍ഡില്‍ കീമോ തെറാപ്പിയെടുക്കുന്ന കുട്ടികളെ അണുബാധയേല്‍ക്കാതിരിക്കാന്‍ സുരക്ഷിതത്വത്തിനായി ഐസൊലേഷന്‍ മുറികളില്‍ പുറത്തിറക്കാതെ കിടത്താറുണ്ട്. വിജയ് (യഥാര്‍ത്ഥ പേരല്ല) അത്തരമൊരു മുറിയിലാണുള്ളത്. ചികിത്സയുടെ ഓരോ ഘട്ടത്തിലും മാനസിക പക്വതയോടെ ഇടപെട്ടിരുന്ന അവന്റെ അച്ഛന്‍ ഒരു ദിവസം വല്ലാതെ വിഷമിച്ച് മതില്‍ ചാരിയിരിക്കുന്നത് കണ്ടു. അന്ന് അയാള്‍ പറഞ്ഞു: “ഡോക്ടര്‍, ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. എന്റെ മകന്‍ കിടക്കുന്ന മുറിയില്‍ ആര്‍ക്കും പ്രവേശിക്കാന്‍ പാടില്ല എന്നറിയാം. എന്നാലും…” ശബ്ദമിടറിയപ്പോള്‍ അയാളുടെ വാക്കുകള്‍ പുറത്തു വന്നില്ല. “അവന് ഇനി ഏതാനും മണിക്കൂറുകളേ ബാക്കിയുള്ളൂ. രോഗിയാവുന്നതുവരെ എല്ലാ ദിവസവും എന്റെ തോളില്‍ ചാരിയാണ് ഉറങ്ങാറുണ്ടായിരുന്നത്. ഇന്ന് ഞാനൊന്ന് മകനെ തോളില്‍ കിടത്തിക്കോട്ടെ?”
ഞാന്‍ വല്ലാതായി. വേറെ രോഗികളൊന്നും ഇല്ലാത്തതിനാല്‍ മറ്റു ഡോക്ടര്‍മാരും സമ്മതം കൊടുത്തു. “അവന്‍ ഉറങ്ങുന്നതു വരെ ഡോക്ടര്‍. ഉറങ്ങിയാല്‍ ഉടന്‍ പുറത്തിറങ്ങും.” വീണ്ടും ക്ഷമായാചനം.
കുറച്ച് കഴിഞ്ഞ് ഞാനവിടെ ചെന്നപ്പോള്‍ അദ്ദേഹം റൂമിന് പുറത്തു തന്നെ നില്‍ക്കുന്നതാണ് കാണുന്നത്. “ഡോക്ടറേ, അവനെന്റെ തോളില്‍ ചാരിയപ്പോഴേക്കും ഉറങ്ങിപ്പോയി. ഉടന്‍ ഞാന്‍ പുറത്തിറങ്ങി.”
ഈയൊരു സത്യസന്ധതയും ഡോക്ടര്‍മാരോടുള്ള ആദരവും ഒക്കെ അനുഭവങ്ങളില്‍ എമ്പാടുമുണ്ട്. പല ആശുപത്രികളിലും രോഗികള്‍ക്ക് ഈ പരിഗണന കിട്ടാറില്ല.
മറ്റൊരിക്കല്‍ കാന്‍സര്‍ വന്ന് ഡോക്ടര്‍മാര്‍ കൈവിട്ട ഒരു കൊച്ചുമകനുമായി ഞാന്‍ നടക്കാനിറങ്ങി. അവന് ആറോ ഏഴോ വയസ്സ് കാണും. പലതും പറയുന്നതിനിടയില്‍ ആ കുട്ടി പറഞ്ഞു: “ഡോക്ടര്‍, എനിക്ക് കാന്‍സറാണെന്ന കാര്യവും ഈയടുത്ത് മരിക്കുമെന്ന കാര്യവും എന്റെ ഉമ്മക്കും ഉപ്പക്കും അറിയുന്നതുപോലെ എനിക്കുമറിയാം. എന്നാല്‍ ഇതെനിക്കറിയാമെന്ന് അവര്‍ക്കറിയില്ല. ഡോക്ടര്‍ അവരെ അറിയിക്കണ്ട.” അപ്പോള്‍ അവന്റെ ‘മൂപ്പ്’ എത്രയാണ്!
കുട്ടികളുടെ സാന്ത്വന പരിചരണവുമായി ബന്ധപ്പെട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രം പ്രവര്‍ത്തന പരിചയമുള്ള തൃശൂരിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് നൂറുകണക്കിന് അനുഭവങ്ങള്‍ ഉണ്ട്. നമ്മുടെ പാലിയേറ്റീവ് ക്ളിനിക്കുകള്‍ എത്രത്തോളം ശിശു സൌഹൃദമാണ് എന്ന് ഗൌരവമായി ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ശ്രീമതി ഷീബ അമീറിന്റെ നേതൃത്വത്തില്‍ 2007ല്‍ ‘സൊളേസ്’ ആരംഭിക്കുന്നത്. അസുഖം മൂലം കഷ്ടതയനുഭവിക്കുന്ന കുട്ടികളുടെയും കുടുംബത്തിന്റെയും സാമ്പത്തികവും സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളില്‍ കാര്യമായി തന്നെ സഹായിക്കാന്‍ സൊളേസിന് കഴിയുന്നുണ്ട്. സാമ്പത്തിക സഹായവും കൃത്യമായ ഗൃഹസന്ദര്‍ശനവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. കുട്ടിയുടെ രോഗം കാരണം ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും സജീവമാണ്.
അപ്പുവിന്റെ കഥ
“പ്രതീക്ഷ നഷ്ടപ്പെടുന്ന രോഗികളെയും കുടുംബത്തെയും പാലിയേറ്റീവ് കെയറിലൂടെ സാന്ത്വനം നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു പാഠ്യപദ്ധതിയല്ല മെഡിക്കല്‍ രംഗത്ത് നിലവിലുള്ളത്. ഞാന്‍ അപ്പുവിന്റെ കഥ പറയാം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എന്റെ ഒരധ്യാപകന്‍ പറഞ്ഞു തന്നതാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കഥ. ഗ്രാമത്തിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അപ്പു മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചേര്‍ന്നപ്പോള്‍ അവന്റെ ഗ്രാമം മുഴുവന്‍ അത് ഒരാഘോഷത്തോടെ ഏറ്റെടുത്തു. ഗ്രാമത്തില്‍ അങ്ങനെ ഒരാള്‍ ഇതുവരെ ഡോക്ടറായിട്ടില്ല. എല്ലാ ഗ്രാമീണരും സ്വന്തം മകനെപ്പോലെ അവന് പ്രോത്സാഹനവും സഹായവും നല്‍കി. അങ്ങനെ ആ ഗ്രാമത്തിന്റെ സ്വപ്നം സാക്ഷാത്കരിച്ച് അപ്പു ഡോക്ടറായി. ഔദ്യോഗികമായി സര്‍വ്വീസ് തുടങ്ങുന്നതിന് മുമ്പ് കിട്ടിയ രണ്ട് മാസത്തെ ഒഴിവില്‍ ഗ്രാമത്തിലെ പാവപ്പെട്ട രോഗികളെ പരിശോധിക്കാന്‍ അവന്റെ അച്ഛന്‍ ആവശ്യപ്പെട്ടു. ഡോ. അപ്പു അച്ഛനോട് പറഞ്ഞു : “നമ്മള്‍ ഇവിടെ അങ്ങനെ പരിശോധിക്കാന്‍ തുടങ്ങിയാല്‍ എല്ലാ അലവലാതികളും ഇവിടെ തന്നെയായിരിക്കില്ലേ?” എല്ലാം നല്‍കി ഡോക്ടറാക്കിയ സ്വന്തം ഗ്രാമീണര്‍ എന്നു മുതലാണ് ‘അലവലാതികള്‍’ ആയത് എന്ന് ആ അച്ഛന്‍ തിരിച്ചു ചോദിച്ചുവത്രെ.
ഏതൊരു ഡോക്ടറുടെയും പാഠപുസ്തകത്തിലെ ആദ്യ കഥയായിരിക്കണം അപ്പുവിന്റെ കഥ. നമുക്ക് അപ്പുമാരെയല്ല വേണ്ടത്. അപ്പുവില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന, ആതുര സേവന രംഗത്ത് മനുഷ്യത്വം തിരിച്ചറിയുന്നവരെയാണ്.
രോഗിക്ക് ഒരു മരുന്നോ ടെസ്റോ എഴുതുമ്പോള്‍ ഇത് ഈ രോഗിക്ക് ആവശ്യമാണോ എന്ന് രണ്ടുവട്ടം ചിന്തിക്കണം. അതോടൊപ്പം ഈ ടെസ്റ് ഇയാള്‍ക്ക് താങ്ങാനാവുമോ എന്നും അറിയണം. രോഗിയുടെ സാമ്പത്തികവും മാനസികവുമായ സാഹചര്യങ്ങളെക്കുറിച്ച് ധാരണ വേണം. ഗവണ്‍മെന്റ് ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന സാധാരണക്കാരായ രോഗികള്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. അതിരാവിലെയെത്തി നീണ്ട ക്യൂവില്‍ നിന്ന് ഒ പി ടിക്കറ്റെടുത്ത്, സെക്യൂരിറ്റിക്കാരുടെ ഉന്തുതള്ളും കഴിഞ്ഞ് ഡോക്ടറെ കാണാന്‍ വരുമ്പോള്‍ സാമ്പത്തിക പ്രയാസങ്ങളുടെയും രോഗങ്ങളുടെയും ടെന്‍ഷനോടെയാണ് രോഗി ഡോക്ടറുടെ അടുത്തെത്തുന്നത്. അപ്പോള്‍ വളരെ കാര്‍ക്കശ്യത്തോടെ രോഗിയോട് പെരുമാറുന്ന ഡോക്ടറുടെ കാര്യം ആലോചിച്ചു നോക്കൂ. ഡോക്ടര്‍- രോഗി ബന്ധം രണ്ട് തട്ടുകളായിരിക്കുന്ന ഈ അവസ്ഥ മാറുമ്പോഴാണ് ചികിത്സ ഫലപ്രദമായി നടക്കുന്നത്. ഡോക്ടറുടെ സാന്ത്വനത്തോടെയുള്ള ഒരു വാക്കോ തലോടലോ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും.
‘പ്രതീക്ഷ’യുടെ വളണ്ടിയര്‍മാരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം ഈ ദിശയിലുള്ളതാണ്. ഒരിക്കല്‍ അവരുടെ പ്രായത്തിലുള്ള ഒരാണ്‍കുട്ടിയെ വളരെയധികം തളര്‍ന്ന് വിവിധ രോഗങ്ങളാല്‍ ആശുപത്രിയില്‍ സര്‍ജറിക്കായി കൊണ്ടു വന്നു. അവന് ഇടക്കിടെ അറിയാതെ മൂത്രം പോവും. ആ സമയത്തും അങ്ങനെ സംഭവിച്ചു. സമപ്രായക്കാരായ പെണ്‍കുട്ടികളൊക്കെ കണ്ടപ്പോള്‍ അവന്‍ വല്ലാതായി. ‘സാരമില്ല’ എന്ന് സമാധാനിപ്പിച്ച് ഞാന്‍ ഓപ്പറേഷനു വേണ്ടി ഒരുങ്ങി വരുമ്പോഴേക്കും അവന്റെ ഡ്രസ്സൊക്കെ മാറ്റി പുതിയൊരു ഡ്രസ്സിലാണ് അവനെ കാണാന്‍ കഴിഞ്ഞത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമയോചിതമായ ഇടപെടലായിരുന്നു അത്. ‘പ്രതീക്ഷ’ക്കു കീഴില്‍ ഒരു ‘ഡ്രസ്ബാങ്ക്’ തന്നെ വിദ്യാര്‍ത്ഥികള്‍ സംവിധാനിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടും മറ്റും വരുന്ന രോഗികള്‍ക്കും പാലക്കാട്ടെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് വരുന്ന പാവപ്പെട്ടവര്‍ക്കും വലിയ സഹായമാണിത്.
മറ്റൊരിക്കല്‍ ‘പ്രതീക്ഷ’യുടെ പ്രവര്‍ത്തകര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അവരുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചായിരുന്നു ക്യാമ്പ്. നമ്മുടെ നാട്ടില്‍ തൊഴിലെടുത്തു കഴിയുന്ന അന്യ സംസ്ഥാനത്തു നിന്നുള്ള ഒരുപാട് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന ഒന്നായിരുന്നു അത്. വിദ്യാര്‍ത്ഥികള്‍ സ്വയം കണ്ടറിഞ്ഞ് സംഘടിപ്പിച്ച ആ പരിപാടി വന്‍ വിജയമായിരുന്നു. അതു പക്ഷേ, കോര്‍ഡിനേറ്ററായ ഞാന്‍ പോലും അറഞ്ഞിരുന്നില്ല. ഞങ്ങളുടെ വാര്‍ഷിക പരിപാടിക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ ഒരു തുക സംഭാവന ചെയ്യാന്‍ വന്നപ്പോഴാണ് ക്യാമ്പിനെക്കുറിച്ചറിയുന്നത്. ആരും നിര്‍ദേശം കൊടുക്കാതെ തന്നെ ആവശ്യത്തിനനുസരിച്ച് പരിചരണം നല്‍കുന്ന ഈയവസ്ഥ ഏറെ സന്തോഷകരമാണ്. എന്റെ അഭിപ്രായത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഈ തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ വ്യാപകമാക്കണം എന്നാണ്. ഈ തൊഴിലാളികളില്‍ മിക്ക വരും യുവാക്കളാണ്. എന്നാല്‍ അവരുടെ രോഗ പീഢകളെക്കുറിച്ച് നോക്കാന്‍ ആരുമില്ലാത്ത ഒരവസ്ഥയാണുള്ളത്. ഏറ്റവും അരക്ഷിതരായ ഈ തൊഴിലാളികള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പോലും ഏറെ പേരുണ്ട്. സമീപഭാവിയില്‍ കേരളത്തില്‍ പരിചരണവും ശ്രദ്ധയും ആവശ്യം കൂടുതലാവശ്യമുള്ള ഒരു വിഭാഗമായിരിക്കും ഇവര്‍.
അനുഭവങ്ങളില്‍ നിന്നാണ് ഒരു വളണ്ടിയവര്‍ ഉണ്ടാവുന്നത്
ചില വളണ്ടിയര്‍മാര്‍ കാണിക്കുന്ന തുല്യതയില്ലാത്ത ആത്മാര്‍ത്ഥതയാണ് ഈ രംഗത്തു തുടരാന്‍ എന്നെ പ്രചോദിപ്പിക്കുന്നത്. അവര്‍ ഒരു നിലയ്ക്കും പ്രശസ്തി ആഗ്രഹിക്കുന്നവരോ വേറെ എന്തെങ്കിലും നേട്ടം പ്രതീക്ഷിക്കുന്നവരോ അല്ല. അതേ സമയം ആപത്ഘട്ടങ്ങളില്‍ എന്തു വിലകൊടുത്തും ജീവന്‍ രക്ഷിക്കാനും സഹായിക്കാനുമായി ഓടിയെത്തുന്ന ഈ തനി സാധാരണക്കാരാണ് യഥാര്‍ത്ഥത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത്. ഇവരൊക്കെ ഇത്രമാത്രം ചെയ്യുന്നുണ്ടെങ്കില്‍ വേദനിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ നമുക്കും ചെയ്യേണ്ടതുണ്ട് എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്നു ഈ നിസ്വാര്‍ത്ഥ സേവക സംഘം.
മലപ്പുറത്തിന്റെ സല്‍ക്കാരം
ചേളാരിക്കടുത്ത് ഒരു മലമുകളില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുപാട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അന്ന് ശരിക്കും ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് നാട്ടുകാര്‍ ഞങ്ങളെ വരവേറ്റത്. ഇത്ര നല്ല അതിഥി സത്കാരം വിരളമാണ്. സാധുക്കളായിരുന്നുവെങ്കിലും അവരുടെ ഹൃദയ വിശാലത ഞങ്ങളെ വല്ലാതെ സ്വാധീനിച്ചു.
മെഡിക്കല്‍ ക്യാമ്പിനായി എത്തിയ ഞങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും ബ്രേക്ക് ഫാസ്റും മറ്റും തയ്യാറാക്കിവച്ചിരുന്നു. മുമ്പൊക്കെ അകലെ നിന്നാണ് ‘മലപ്പുറത്തെ’ നോക്കിക്കണ്ടിരുന്നത്. വികസനമൊന്നും എത്താത്ത ഒരു പിന്നാക്ക ജില്ല. എന്നാല്‍ ഇന്ന് മധുരമുള്ള ഓര്‍മകള്‍ ചര്‍ച്ചയില്‍ വരുമ്പോള്‍ മലപ്പുറത്തെ പത്തിരിയും ഇറച്ചിയും അതിലേക്ക് കടന്നു വരാറുണ്ട്.
നേതാവും അനുയായിയും വേണ്ട
സംഘടിത രൂപത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അങ്ങനെ ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയുമൊക്കെയായി ഒരു ‘എസ്റാബ്ളിഷ്മെന്റ്’ ആയിക്കഴിഞ്ഞാല്‍ രോഗിയും അവശതയും പിന്തള്ളപ്പെട്ട് പോകാം. പിന്നെ ‘നേതാക്ക•ാരും അനുയായികളുമൊക്കെയായി പാലിയേറ്റീവ് പരിചരണത്തിന്റെ അസല്‍ നഷ്ടമായിപ്പോവും. സ്ഥാപനവത്കരിക്കാതെയും രാഷ്ട്രീയവത്കരിക്കാതെയും പാലിയേറ്റീവ് പ്രവര്‍ത്തകരെ തട്ടുകളായി വേര്‍തിരിക്കാതെയുമാവണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍. അപ്പോള്‍ മാത്രമേ നാം ലക്ഷ്യങ്ങളിലേക്ക് എത്തുകയുള്ളൂ.
തയ്യാറാക്കിയത്
യാസര്‍ അറഫാത്ത്
You must be logged in to post a comment Login