കിടക്കപ്പായയിലേക്ക് പെരുന്നാളും കൊണ്ടുപോയ ഉസ്താദ്

 

ആ കൂരയില്‍ അന്ന് മൂന്ന് പെരുന്നാളായിരുന്നു. ഒന്ന് കാത്തു കാത്തിരുന്നാലും കിട്ടാത്ത ഒരു വലിയ മനുഷ്യന്‍ വിളിക്കാതെ വന്നു കേറിയത്. രണ്ട്, ദിവസവും സമയവും കൃത്യപ്പെടുത്തി നടത്തേണ്ട ബുര്‍ദ മജ്ലിസ് ക്ഷണിക്കാതെ വന്നത്. പിന്നെ, ഗൃഹനാഥന്‍ സൂക്കേട് ബാധിച്ച് കഷ്ടിച്ചു കഴിയുന്ന കൂരയില്‍ വെന്ത നെയ്ച്ചോറും പൊരിച്ചമീനും മണക്കുന്നത്.

ഫൈസല്‍ അഹ്സനി രണ്ടത്താണി

ഉമറാക്കയെവിടെ? ഇന്ന് മീന്‍ പിടിക്കാനൊന്നും പോയില്ലേ ആവോ?’

കൊടിഞ്ഞിയില്‍ വാഹനമിറങ്ങി കുണ്ടൂര്‍ ഉസ്താദ് എന്ന കുറിയ വലിയ മനുഷ്യന്‍ അന്വേഷിക്കുകയാണ്.
ഉമറാക്കാനെ കാണാനില്ല… സാധാരണ കുണ്ടൂരില്‍ വരാറുള്ള ആളാണ്. കുറച്ച് ദിവസങ്ങളായി കണ്ടിട്ടില്ല… അസുഖമായിരിക്കും… അല്ലാതെ വെറുതെ വീട്ടിലിരിക്ക്വോ? ’
ആ വലിയ മനസ്സ് ചെറിയവരോടൊപ്പം ചിന്തിക്കുകയാണ്. പിന്നെ കൂടുതല്‍ വൈകിയില്ല, മകനെ വിളിച്ച് ഒരു നിര്‍ദേശമാണ്…
ബാവാ, രണ്ട് കിലോ നെയ്ച്ചോറിന്റെ അരി വാങ്ങിക്കോ… തക്കാളീം പപ്പടോം…’
ഉമറാക്കയുടെ വീട് ലക്ഷ്യമാക്കി അവര്‍ നടക്കുകയാണ്. അപ്പോഴാണ് മീനിന്റെ കാര്യം ഓര്‍മ വന്നത്.
കുറച്ചു മീനും വേണല്ലോ…’ ഉസ്താദ് പറഞ്ഞു.
അപ്പോഴേക്കും ആളുകള്‍ ചുറ്റും കൂടി. കൂട്ടത്തില്‍ ഉമറാക്കാന്റെ മകനുമുണ്ട്.
മീന്‍ ഞാന്‍ വാങ്ങിയിട്ടുണ്ട്.’ മകന്‍ പ്രതികരിച്ചു.
ന്നാ.. അതിന്റെ നൂറ് രൂപ പിടിച്ചോ…’
ഒരു കൊച്ചുകൂരയിലാണവരെത്തിയത്. നിലച്ചതു പോലെ ഉമറാക്ക സുഖമില്ലാതെ കിടക്കുകയാണ്. ജോലിക്ക് പോയിട്ടില്ല. ആ കൊച്ചു വീട്ടിലേക്ക് ആ വലിയ മനുഷ്യന്‍ ഭക്ഷണപ്പൊതിയുമായി കടന്നു വരുമ്പോള്‍ അവിടെ തേന്‍മഴ പെയ്ത പ്രതീതി. അരിയും മീനും അടുക്കളയില്‍ എത്തിച്ചതോടെ പൂമുഖത്ത് ബുര്‍ദ തുടങ്ങി. ഉസ്താദിനെത്തേടി കുണ്ടൂരിലെത്തിയവര്‍ ഉസ്താദിന്റെ വഴികള്‍ മണം പിടിച്ച് ആ കൊച്ചു വീട്ടിലെത്തി. നല്ല ഈണത്തില്‍ ബുര്‍ദ ചൊല്ലാറുള്ള ഗഫാര്‍ സഅദിയും കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ വലിയ ഒരു ബുര്‍ദ മജ്ലിസ് ‘മണ്ണ് പുരണ്ടവരുടെ’ പൂമുഖത്ത് അനുഗ്രഹം ചൊരിഞ്ഞു.
ബുര്‍ദക്ക് ശേഷം ദീര്‍ഘമായ ഒരു ദുആ… വീട്ടുകാരുടെ ക്ഷേമത്തിനു വേണ്ടി… അസുഖം മാറുന്നതിനു വേണ്ടി… പരലോക മോക്ഷത്തിനു വേണ്ടി…

അപ്പോഴേക്കും അടുക്കളയില്‍ ഭക്ഷണം പാകമായിക്കഴിഞ്ഞിരുന്നു. ബുര്‍ദക്ക് ശേഷം എല്ലാവര്‍ക്കും സുഭിക്ഷമായ ഭക്ഷണം.
ഒരു സാധാരണക്കാരന്റെ പരിഭവത്തില്‍ പണ്ഡിതനും സാത്വികനുമായ ഒരു വലിയ മനുഷ്യന്റെ ഇടം എന്തായിരിക്കണം എന്നാണ് ആ ജീവിതം പറഞ്ഞു തരുന്നത്. ആ ചെറിയ വീട്ടില്‍ അന്ന് മൂന്ന് പെരുന്നാളുകളാണ്. മാസങ്ങള്‍ക്കു മുമ്പ് തിയ്യതി വാങ്ങി, സദ്യയൊരുക്കി കാത്തു കാത്ത് കിട്ടേണ്ടുന്ന പദവിയിലുള്ള ഒരു വലിയ ജീവിതം പ്രയാസമന്യേ അതിഥിയായി വന്ന് കൃപ കാട്ടിയതിലുള്ള പെരുന്നാള്‍… നിരന്തരം അന്വേഷിച്ച് കണ്ടുപിടിച്ച് ദിവസവും മണിക്കൂറും കൃത്യപ്പെടുത്തി ദിവസങ്ങളോളം ആളുകളെ ക്ഷണിച്ചുവരുത്തി കെങ്കേമമാക്കി നടത്തപ്പെടുന്ന ഒരു വലിയ ബുര്‍ദ മജ്ലിസ് ക്ഷണിക്കാതെ വിരുന്ന് വന്ന പെരുന്നാള്‍… ജോലിക്ക് പോകാതെ ക്ഷീണിതനായി അസുഖം ബാധിച്ച് കഷ്ടിച്ചു കഴിയുന്ന കൂരയില്‍ വെന്ത നെയ്ച്ചോറും പൊരിച്ച മീനും മണക്കുന്ന പെരുന്നാള്‍…
***
സമയം അര്‍ദ്ധരാത്രി. ലോകം ഇരുട്ടുപുതച്ചുറങ്ങുകയാണ്. കുണ്ടൂര്‍ ഗൌസിയ്യയിലെ ഓഫീസ് മുറിയില്‍ ഒരു മഹാമനീഷി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു. ചിലപ്പോള്‍ ഉറങ്ങിയെന്ന് തോന്നും. ശ്വാസം പോലും അല്ലാഹ് എന്ന ദിക്റിന്റെ താളത്തില്‍. ചിലപ്പോള്‍ അതിന് ശബ്ദം ലഭിക്കുന്നു. ചിലപ്പോള്‍ നിശ്ശബ്ദത. ചുറ്റുഭാഗത്തും ജീവനക്കാരും ഞാനും.
ഉസ്താദ് ഉറങ്ങിക്കാണും. എല്ലാവരും പലയിടങ്ങളിലായി ഉറങ്ങാന്‍ ഒരുങ്ങി. പെട്ടെന്ന് എന്തോ ഓര്‍ത്തെന്ന പോലെ ശൈഖുനാ എഴുന്നേറ്റിരുന്നു. ദേയ്… ഒരു തെങ്ങിന്‍തൈ വച്ചുപിടിപ്പിക്കാനുണ്ടായിരുന്നു. അത് മറന്നുപോയ്… ഇനിയും മറന്നു കൂടാ… അതിപ്പോഴങ്ങ് നടാം. എല്ലാവരും അന്തിച്ച് പോയി.
ഈ അര്‍ദ്ധരാത്രിയിലോ? അങ്ങനെ ആരും ചോദിച്ചില്ല. കാരണം ശൈഖുനായുടെ രീതിയും പ്രകൃതിയും എല്ലാവര്‍ക്കുമറിയാം.

മഴ പെയ്യുന്നുണ്ട്. ഉസ്താദ് കൈക്കോട്ടുമായി ഇറങ്ങി. തെങ്ങിന്‍ തൈ നടണം. മറ്റൊരു തെങ്ങിന് വെള്ളം കിട്ടാന്‍ ചാല് കീറിക്കൊടുക്കണം. പിന്നെ എല്ലാവരുടെയും ഉറക്കം പറന്നൊളിച്ചു. കര്‍മനിരതരായി. ചാലുകള്‍ കീറി. ഉസ്താദ് സജീവമായി രംഗത്തുണ്ട്. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.
***** സമയം സന്ധ്യ, ഒരു പൂള (കപ്പ)ക്കച്ചവടക്കാരന്‍ പൂള…. പൂള… എന്ന് വിളിച്ച് മുന്നിലൂടെ കടന്നു പോയി. മഴക്കുള്ള ലക്ഷണമുണ്ട്. എവിടേക്കോ ധൃതിപ്പെട്ടു പോവുകയാണ് ഉസ്താദ്. അയാളെയും കടന്ന് വാഹനം കുറച്ചങ്ങ് സഞ്ചരിച്ചു.
ഉസ്താദിന് എന്തോ അസ്വസ്ഥത… പാവം അയാളുടെ പൂള ഇനി ആര് വാങ്ങാനാണ്. മഴ പെയ്യുമെന്ന് തോന്നുന്നു. നിത്യവൃത്തി ചെയ്തു ജീവിക്കുന്ന പാവം മനുഷ്യര്‍ക്ക് ഒരു ദിവസത്തെ കൂലി കിട്ടിയില്ലെങ്കില്‍ കഷ്ടപ്പാടാണ്, എന്നൊക്കെയായിരിക്കണം ആ മനസ്സില്‍ മിന്നിമറിയുന്നത്.

പിന്നെ ഒരു കല്‍പനയായിരുന്നു. വണ്ടി തിരിക്കണം. പൂളക്കാരനെ കാണണം. പൂള മൊത്തം കച്ചവടമാക്കണം… പക്ഷെ, വാങ്ങാന്‍ കാശില്ല..! കാറിലുണ്ടായിരുന്നവരില്‍ നിന്ന് പണം കടം വാങ്ങി പൂള മൊത്തം കച്ചവടമാക്കി.
ഇനി എന്തു ചെയ്യും? പണിയുണ്ട്. പാവങ്ങളുടെ വീട്ടില്‍ എത്തിച്ചു കൊടുക്കുക!
അക്കാര്യം ഏറ്റെടുക്കാന്‍ അവിടെ ആളുണ്ട്, ഉസ്താദും കൂടെയുണ്ട്. കപ്പകളെല്ലാം കുറെ കെട്ടുകളാക്കി. മുഴുവന്‍ കൊടുത്തുകഴിഞ്ഞു. ഇനി കടം വാങ്ങിയ പൈസ വീട്ടണം. അപ്പോഴേക്കും അത് കൊടുക്കാനും ആളെക്കിട്ടി.. മംഗളം! ശുഭം!
ഇത് ഒരൊറ്റപ്പെട്ട സംഭവമൊന്നുമല്ല; കൊട്ടക്കയ്ലും മുറവും ചവിട്ടിയും മറ്റും വഹിച്ച് ഒരു സാധു മനുഷ്യന്‍ നടുവൊടിഞ്ഞ് നടക്കുന്നതു കണ്ടപ്പോള്‍ ആ ഹൃദയം നൊന്തു… അയാളെ വിളിച്ചു വരുത്തി മൊത്തം കച്ചവടമാക്കി… തന്നെ കാണാന്‍ വരുന്നവര്‍ക്കൊക്കെ ഓരോന്നു കൊടുത്തു… ഇങ്ങനെ എത്ര സംഭവങ്ങള്‍…

വെറും കയ്യോടെ പുലരുന്ന പകലുകള്‍… വെറും കയ്യോടെ അന്തിമയങ്ങുന്നു… പക്ഷെ, അതിനിടയില്‍ ആ കയ്യില്‍ ലക്ഷങ്ങള്‍ വന്നിട്ടുണ്ടായിരിക്കും… അത് പെണ്‍കുട്ടികളെ കെട്ടിക്കാന്‍, വീട് നിര്‍മിക്കാന്‍, മദ്റസയും പള്ളിയുമുണ്ടാക്കാന്‍, കിണറ് കുഴിക്കാന്‍, രോഗിയെ ചികിത്സിക്കാന്‍, റോഡ് നന്നാക്കാന്‍, സംഘടനാ പ്രവര്‍ത്തനത്തിന്…
ദുര്‍ബലരോടൊപ്പം എന്നെ നിങ്ങള്‍ അന്വേഷിക്കുക, അവര്‍ കാരണമാണ് നിങ്ങള്‍ക്ക് അന്നവും സഹായവും ലഭിക്കുന്നത്,’ എന്ന തിരുവരുള്‍ ജീവിതത്തിലേക്ക് ചാലിച്ചെഴുതിയ ഉസ്താദ്. അവിടുത്തെ കവിതകളില്‍ പോലും അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ നാം കേള്‍ക്കുന്നു. എന്നാല്‍ അതിലേറെ പച്ചയായ ജീവിതം കൊണ്ട് ആ ആശയത്തെ ഉസ്താദ് ആവിഷ്ക്കരിക്കുന്നു.

ദുര്‍ബലരോടൊപ്പം നില്‍ക്കുക മാത്രമല്ല, അവര്‍ കാരണമായിട്ടാണ് (അവരുടെ ദുആ ബറകത്തുകള്‍ കൊണ്ടാണ്) ലോകത്തിന്റെ തന്നെ സന്തുലിതാവസ്ഥയും ധനികരുടെ പോലും ജീവിതവും നിലകൊള്ളുന്നത് എന്ന പ്രവാചകാധ്യാപനത്തില്‍ ഉറച്ചു വിശ്വസിച്ചയാളായിരുന്നു ഉസ്താദ്. അതു കൊണ്ട് തന്നെ പാവങ്ങളെ സഹായിക്കുന്നതിനനുസരിച്ച് അവിടുത്തെ തേടി പണം വന്നുകൊണ്ടിരുന്നു. വന്ന പണമൊക്കെയും പാവങ്ങളെത്തേടി ഒഴുകിക്കൊണ്ടിരുന്നു.

വഫാത്തിന്റെ ഏഴു വര്‍ഷം പിന്നിടുമ്പോള്‍ ആണ്ടു ദിവസങ്ങളിലും അല്ലാതെയും അവിടേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ പഴക്കുലകളും നേര്‍ച്ചയാക്കപ്പെടുന്ന നൂറു കണക്കിന് പോത്തുകളും ആടുകളും ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഉറൂസ് ദിനങ്ങളില്‍ വിതരണം ചെയ്യപ്പെടുന്ന ലക്ഷക്കണക്കായ പോറ്റുപൊതികളും നമ്മോട് പറയുന്നതെന്താണ് ? പാവങ്ങളുടെ പ്രാര്‍ത്ഥനയുടെ കരുത്തും ശക്തിയും അവ നമുക്ക് വരച്ചുതരുന്നതോടൊപ്പം മരണത്തിനുമപ്പുറത്തേക്ക് വറ്റാതെ ഒഴുകുന്ന കാരുണ്യത്തിന്റെ നീരൊഴുക്കാണത്.

കുബേരരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുകയും അധഃകൃതര്‍ കുരങ്ങു കളിപ്പിക്കപ്പെടുകയും ചെയ്യുന്ന ദുരന്തത്തെ തിരുനബി അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ‘വല്ല ഉദ്യോഗമോ സ്ഥാനമോ കിട്ടിയാല്‍ ജനങ്ങളെ വട്ടം കറക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം. ഒരു വിധവയോ അനാഥയോ ആലംബഹീനനോ വല്ല ആവശ്യത്തിനും വേണ്ടി വരുമ്പോള്‍ അവര്‍ക്ക് ആശ പകരുകയും എന്നാലവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കാതെ കുരങ്ങ് കളിപ്പിക്കുകയും, അതേ സമയം, ധനികനോ കുബേരനോ ആയ ഒരാള്‍ തന്നെ സമീപിക്കുമ്പോള്‍ ധൃതിയില്‍ ആവശ്യം പൂര്‍ത്തീകരിച്ച് കൊടുക്കുകയും ചെയ്യുന്ന വൃത്തികേട് നിങ്ങളില്‍ നിന്നുമുണ്ടാകരുത് ’. കരുണ വരളുന്ന പുതുയ ലോകത്ത് തിരുനബി പാഠശാലയിലെ ഒരു തിരുവരുള്‍ ശ്രദ്ധിക്കുക. “അല്ലാഹുവാണെ, കാരുണ്യവാന്മാര്‍  നരകത്തില്‍ പ്രവേശിക്കുകയില്ല’, ഞങ്ങളൊക്കെയും കരുണ ചെയ്യുന്നവരാണല്ലോ എന്ന് സഖാക്കള്‍ തിരിച്ചു ചോദിച്ചു… ‘സ്വന്തക്കാര്‍ക്ക് കരുണ ചെയ്യുന്നതല്ല, മനുഷ്യരാശിയോട് ആര്‍ദ്രത കാണിക്കലാണ് കാരുണ്യം”. തിരുനബി പ്രതിവചിച്ചു

വെറുതെയല്ല ഏഴകളുടെ തോഴനായി കുണ്ടൂരുസ്താദ് എന്ന വലിയ പണ്ഡിതന്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാവാന്‍ ശ്രമം ചെയ്തത്.

One Response to "കിടക്കപ്പായയിലേക്ക് പെരുന്നാളും കൊണ്ടുപോയ ഉസ്താദ്"

  1. Muhammed Ashraf Olavattur  April 11, 2013 at 5:11 pm

    നമുക്കിടയില്‍ ജീവിച്ച ആ സുഫി മനുഷ്യനെ അനുസ്മരിച്ചതിനു നന്ദി

You must be logged in to post a comment Login