ഭൗതികവാദിയുടെ മതം.

അബ്ദുല്‍ സമദ് കെ

കറകളഞ്ഞ ഒരു ഭൌതികവാദിക്കു പോലും ഒറ്റയടിക്ക് തള്ളിക്കളയാനാവാത്ത സവിശേഷതകള്‍ ഉള്‍കൊള്ളുന്നു ഇസ്ലാം. ഭൌതിക വാദിയെ അത് കൂടെക്കൂടെ തന്റെ ആശയപ്രപഞ്ചത്തിലേക്ക് വിളിച്ചുകൂട്ടുന്നതെങ്ങനെയാണ്? ‘പിജിയും മതങ്ങളും’ എന്ന വിഷയത്തില്‍ ഇടപെടുന്ന ചിന്ത. 

    കേരളത്തിലെ അറിയപ്പെടുന്ന മാര്‍ക്സിസ്റ് സൈദ്ധാന്തികനും ചിന്തകനും, എഴുത്തുകാരനുമായ പി.ഗോവിന്ദപിളള തന്റെ അഭിമുഖ സംഭാഷണത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: “”പലതും വെച്ചുനോക്കുമ്പോള്‍ ഏററവും നല്ല മതം ഇസ്ലാം മതം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുണ്യഗ്രന്ഥങ്ങളിലേക്കും വെച്ച് ഏററവും നല്ലത് ഖുര്‍ആനാണ് എന്നാണ് എന്റെ അഭിപ്രായം.” (മാതൃഭൂമി ആഴ്ചപ്പതിപ്പ്,35)

     അടിമുടി ഭൌതികവാദിയായ, മതനിരപേക്ഷമായ ഒരു നവോത്ഥാനാനന്തര ലോകം സ്വപ്നം കണ്ട, പി ജി താന്‍ ഒരു മതം തിരഞ്ഞെടുക്കുകയാണെകില്‍ അത് ഇസ്ലാമായിരിക്കുമെന്ന് പറഞ്ഞത് അത്യന്തം കൌതുകകരമാണ്. എണ്‍പതുകളില്‍ നമ്മുടെ ധൈഷണിക ലോകത്തെ വിറപ്പിച്ച വിപ്ളവവാദികളെല്ലാം തിരിച്ച് ആള്‍ദൈവങ്ങള്‍ക്കും, ആഗോളവത്കരണത്തിനും പാദസേവ ചെയ്യുന്ന തരത്തില്‍ തരം താണുപോയ ലോകക്രമത്തിലാണ് നാം ഇതിനെ വായിക്കേണ്ടത്. മാര്‍ക്സിസ്റ് ധൈഷണികതയുടെ ഉറവ വററാത്ത കേന്ദ്രമായ പി ജി മരണത്തിന്റെ നാഴികകള്‍ക്കു മുമ്പുവരെ വായനയുടെ അനന്തതീരങ്ങളിലായിരുന്നു. ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടികളുടെ ശൈശവം തൊട്ട് അതിന്റെ കൂടെ നടന്ന അദ്ദേഹം പാര്‍ട്ടിയുടെ ശരിതെറ്റുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുമ്പോഴും, വായനയിലൂടെ പരിചയപ്പെട്ട ഇസ്ലാമിന്റെ മുഖം പ്രസന്നതയോടെ ഓര്‍ത്തെടുക്കുന്നുവെന്നത് പ്രസക്തമാണ്. പാര്‍ട്ടി പാകപ്പെടുത്തിയ കണ്ണിലൂടെ ലോകത്തെ നിരീക്ഷിക്കുന്ന പി.ജിയുടെ മുന്നിലും ഇസ്ലാമിക ധിഷണ പ്രകാശമാനമായി തുടരുന്നുവെന്നത് ഇസ്ലാമിന്റെ, വിശുദ്ധ ഖുര്‍ആനിന്റെ അതുല്ല്യതയെ വിളംബരം ചെയ്യുന്നു; ‘ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ദൃഷ്ടാന്തമുണ്ടെന്ന’ വിശുദ്ധ വചനത്തിന്റെ മറെറാരു സാക്ഷ്യമായി.

പി ജിയും മതങ്ങളും

     ലോകത്തിലെ ഒട്ടുമിക്ക ചിന്താപദ്ധതികളെയും, രാഷ്ട്രീയ സംവിധാനങ്ങളേയും തത്വചിന്താ ശാഖകളെയും അടുത്തറിഞ്ഞ മികച്ച ചിന്തകനാണു പി ജി. ചില പ്രപഞ്ച സീമകളാണ് ദൈവത്തിലേക്കു മനുഷ്യനെ നയിക്കുന്നതെന്നും, മതമാണു ദൈവത്തെ സൃഷ്ടിച്ചതെന്നും പി ജി അഭിമുഖത്തിന്റെ ആരംഭത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അപ്പോള്‍ ഭൌതികതക്ക് അപ്പുറമുള്ള മതത്തിന്റെ പ്രത്യാശ പി.ജി പങ്കുവെക്കുന്നില്ല എന്നു മനസ്സിലാക്കാം. പിന്നെ ഈ തിരഞ്ഞെടുപ്പിലേക്കു നയിച്ചതെന്താണ്? പി ജിയെ പോലെ ഒരു ധിഷണാശാലിയുടെ ഈ തിരഞ്ഞെടുപ്പിലെ ന്യായമെന്തെന്ന് അന്വേഷിക്കാന്‍ എന്‍ ഇ സുധീര്‍ തയ്യാറായതുമില്ല. ഒരു പക്ഷേ പ്രതീക്ഷിച്ച ഉത്തരമായിരിക്കില്ല പി ജി പറഞ്ഞത്.

    പി ജിയുടെ ധൈഷണിക ഇടപെടലുകള്‍ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് ഫ്യൂഡല്‍ മുതലാളിത്ത വ്യവസ്ഥിതിയില്‍ അന്തര്‍ലീനമായ ചൂഷണത്തില്‍ നിന്നുള്ള മനുഷ്യന്റെ വിമോചനത്തിലും പൊതുന•യില്‍ അധിഷ്ഠിതമായ ഒരു സോഷ്യലിസ്ററ് ലോകത്തിന്റെ പിറവിയിലുമാണ്. ഈ ലക്ഷ്യ സാക്ഷാത്കാരത്തിന്റെ ഭാഗമായാണു പി.ജി. ആഗോളരാഷ്ട്രീയ ചലനങ്ങളെ നോക്കിക്കാണുന്നത്. ഏറെക്കുറെ എല്ലാ മതങ്ങളും വിമോചിതനായ മനുഷ്യന്‍ എന്ന സ്വപ്നം പങ്കുവെക്കുന്നുണ്ട്. പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം അനീതിയില്‍ നിന്നു മനുഷ്യചേതനയെ സ്വതന്ത്രമാക്കുന്ന അവതാരങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ മിത്തുകളുടെ പുനര്‍നിര്‍മിതിയില്‍ പി.ജി. തല്‍പരനല്ല. പകരം മനുഷ്യന•യില്‍ അധിഷ്ഠിതമായ ഒരു ലോകക്രമം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കുന്ന മനുഷ്യബുദ്ധിയിലൂന്നിയ, ശാസ്ത്രീയമായ ഒരു വ്യവസ്ഥയാണ് പി.ജി. പങ്കുവെക്കുന്നത്. ഇവിടെയാണു ഇസ്ലാം പങ്കുവെക്കുന്ന കര്‍• പദ്ധതി മനുഷ്യചേതനയെ തൃപ്തിപ്പെടുത്തുന്നത്.

മുതലാളിത്തവും സോഷ്യലിസവും

    ‘കമ്മ്യൂണിസ്ററ് ചിന്താപദ്ധതിയോടും അതിന്റെ പാര്‍ട്ടി ഘടനയോടുമുള്ള കൂറ് പി.ജിയുടെ ചിന്തക്ക് വിഘാതമായി’ എന്ന കെ. വേണുവിന്റെ നിരീക്ഷണം ശരിയാവണം. ഒരു ‘മുന്‍ കമ്മ്യൂണിസ്റ് എന്ന പ്രയോഗം വിഷം പോലെ വെറുക്കുന്നു’ എന്ന പി ജിയുടെ പ്രസ്താവന ഈ യാഥാര്‍ത്ഥ്യം ശരിവെക്കുന്നു. തന്റെ ചിന്തകളെ ക്രിയാത്മകമായി പുനര്‍വിന്യസിക്കാനോ, സ്വതന്ത്രമായ തീരുമാനത്തിലെത്താനോ പാര്‍ട്ടിഘടന പി.ജി.യെ വിലക്കിയിരിക്കണം. എങ്കിലും മുതലാളിത്തഘടനയുടെ സ്വാഭാവിക പരിണാമവും, സോഷ്യലിസ്ററ് ബദലുകളുടെ അപ്രായോഗികതയും പി.ജി.യിലെ ചിന്തകനെ അലട്ടിയിരുന്നുവെന്നു വേണം മനസിലാക്കാന്‍. 1990കളിലെ സോവിയറ്റ് യൂണിയന്റെ പരാജയം പി ജി വേദനയോടെ ഓര്‍ക്കുന്ന സന്ദര്‍ഭങ്ങളും കുറവല്ല.

    മുതലാളിത്ത വ്യവസ്ഥിതിയെ കേവല ലാഭത്തിലേക്കു ചുരുക്കിക്കെട്ടാനാണു മാര്‍ക്സിസ്റുകള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. സാമ്പത്തികചൂഷണം എന്നതിനപ്പുറം മനുഷ്യന്റെ അന്തര്‍ചോദനകളെ തൃപ്തിപ്പെടുത്തുക വഴി മുതലാളിത്ത വ്യവസ്ഥ മനുഷ്യ പ്രകൃതിയുടെ ചില അജ്ഞാതവശങ്ങളോടു പ്രതികരിക്കുന്നൂത്. സ്വന്തമാക്കുക എന്ന അടിസ്ഥാന ചോദനയെ മുന്‍നിര്‍ത്തി, മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള ചാലകശക്തിയായി മുതലാളിത്ത വ്യവസ്ഥ മാറുന്നുണ്ട്. കണ്ടെത്താനും കീഴടക്കാനും തന്റെ ധിഷണയാല്‍ പ്രകൃതിശക്തികളോടും മല്ലടിക്കാനുമൂള്ള മനുഷ്യന്റെ പ്രാകൃതഭാവങ്ങളെ ആവാഹിച്ചാണ് മുതലാളിത്തം അതിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ ഓരോ മുന്നേററങ്ങള്‍ക്കു പിറകിലും മനുഷ്യസത്തയുടെ അടങ്ങാത്ത അഭിനിവേശമുണ്ട്. ഈ സഹജഭാവത്തെ കൈവെടിയുന്നതാണ് സോഷ്യലിസ്റ് രാഷ്ട്രങ്ങളുടെ തകര്‍ച്ചക്കു കാരണമാകുന്നത്. മനുഷ്യമനസ്സിന്റെ ഒരു പ്രത്യേക അവസ്ഥയില്‍ മാത്രമേ പൊതുന• മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സമൂഹമായി വ്യക്തി രൂപാന്തരപ്പെടുകയുള്ളൂ. അതിനാല്‍ തന്നെ മനുഷ്യന• മുന്‍നിര്‍ത്തുന്ന സോഷ്യലിസ്ററ് രാഷ്ട്രം പണിയാന്‍ മനുഷ്യസഹജഭാവങ്ങളെ പ്രായോഗികമായി ഉപയോഗപ്പെടുത്താനാവണം. ശാസ്ത്രീയവും പ്രായോഗികവുമായി മനുഷ്യനിലധിഷ്ഠിതമായ ഒരു വിമോചനം സ്വപ്നം കാണുന്ന പി ജി. ഈ ദ്വന്ദ്വങ്ങളെ തിരിച്ചറിയുന്നുണ്ടാവണം.

   ഇസ്ലാമിനെ ആകര്‍ഷകമാക്കുന്ന ഒരു ഘടകം ശാസ്ത്രീയമായ ഒരു സംഘടനാസംവിധാനത്തിലൂടെ സ്വന്തമാക്കാനുള്ള മനുഷ്യചോദനനെ ഉദ്ദീപിപ്പിക്കുക വഴി മനുഷ്യസത്തയെ അഭിമുഖീകരിക്കുന്നുവെന്നതാണ്. കച്ചവടം മികച്ച ജീവിതമാര്‍ഗമാണെന്നു പറയുന്ന ഇസ്ലാം സമ്പാദിക്കാനുള്ള മനുഷ്യസഹജഭാവത്തെ പിന്തുണക്കുന്നു.എന്നാല്‍ ഇങ്ങനെ നേടിയെടുത്ത സമ്പാദ്യം സമൂഹത്തിലേക്കു വഴിതിരിച്ചു വിടാനുള്ള വഴികളും, ക്രമേണ ഭൌതികതയില്‍ നിന്ന് അഭൌതികതയിലേക്കുള്ള ഘട്ടംഘട്ടമായുള്ള പരിവര്‍ത്തനവും ഇസ്ലാം ലക്ഷ്യമാക്കുന്നു. ആ അര്‍ത്ഥത്തില്‍ നീതിയും സമാധാനവും പൊതൂന•യും നിലനിര്‍ത്താനാവശ്യമായ ഒരു പ്രായോഗികഭൌതിക സംവിധാനം മാനവരാശിക്ക് സമര്‍പ്പിച്ച മതമാണ് ഇസ്ലാം എന്നതാവണം ഇസ്ലാമിനെ പി.ജി.ക്കു പ്രിയങ്കരമാക്കുന്നത്. സര്‍വായുധ വിഭൂഷിതരായ രക്ഷകരെ അവതരിപ്പിക്കുന്ന സമ്പ്രദായിക മതങ്ങളില്‍ നിന്ന് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രായോഗികമായ ഇത്തരം സംവിധാനങ്ങളാണ്.

അവസാനം

    പി.ജി. ഭൌതികതയില്‍ അടിസ്ഥാനമാക്കിയ ശാസ്ത്രീയമായ ഒരു വിമോചനസരണി അന്വേഷിക്കുമ്പോള്‍ ഇസ്ലാം ഒരു ഭൌതികസംവിധാനമായി അനുഭവപ്പെടുന്നു. അതേ സമയം ആത്മീയ തലത്തിലൂടെ അന്വേഷിക്കുന്ന അന്വേഷകനു മുന്നില്‍ പ്രപഞ്ചരഹസ്യങ്ങള്‍ തിരിച്ചറിഞ്ഞ സാത്വികനായാവും ഇസ്ലാം എത്തിച്ചേരുക.

You must be logged in to post a comment Login