നാവും കരളും

പുല്ലമ്പാറ ശംസുദ്ദീന്‍

അവള്‍ കാര്യം മനസ്സിലാവാതെ വേഗം വാതില്‍ തുറന്നു. വേഗം അകത്തു കയറി നന്നായി പരിശോധിച്ചു. “എന്താണുപ്പാ?”, “അബ്ദുല്ലയെ കാണുന്നില്ല.”
“അതിനിവിടെ നോക്കുന്നതെന്തിനാ? “എവിടെയെങ്കിലും
ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയേണ്ടേ?”
യജമാനന്‍ തിരിച്ചെത്തി. പെണ്‍മക്കള്‍ ഞെട്ടിപ്പോയി. ഇനി ആ അബ്ദുല്ല എന്തൊക്കെ പൊല്ലാപ്പുകളാണ് ഉണ്ടാക്കുക എന്നറിയില്ല.
“അല്ലെടോ, ഇവരാരെങ്കിലും പുറത്തുപോയോ?”
“ഇല്ല.”
“ഏല്പിച്ച പണികളൊക്കെ കൃത്യമായി ചെയ്തു തീര്‍ത്തോ?”
“ഉവ്വ്.”
യജമാനന്‍ കടന്നുപോയി. കുളിയും വിശ്രമവുമൊക്കെ കഴിഞ്ഞ് വീണ്ടും അബ്ദുല്ലയെ വിളിച്ചു.
“വാ, ഇവിടെ.”
“കല്‍പിച്ചാലും.”
“നല്ലൊരു ആടിനെ അറുത്ത് മാംസം കൊണ്ടുവാ. എന്നിട്ട് അതിലെ ഏറ്റവും നല്ല ഭാഗങ്ങള്‍ എടുത്ത് ആമിനയെ ഏല്പിക്ക്; എനിക്കു പ്രത്യേകം വറുക്കാന്‍.”
“കല്‍പനപോലെ.”
അബ്ദുല്ല ആടിനെ അറുത്ത് ഇറച്ചിയാക്കി. ആമിന കൂടെ തന്നെ നില്പുണ്ടായിരുന്നു.
ആടിന്റെ കരളും നാവുമെടുത്ത് അബ്ദുല്ല ആമിനയെ ഏല്പിച്ചു.
“എന്തിനാ ഇത്?”
“യജമാനന് വറുക്കാന്‍. ആടിന്റെ നല്ല രണ്ടു ഭാഗങ്ങളെടുത്ത് യജമാനത്തിയെ ഏല്‍പിക്കാന്‍ കല്‍പിച്ചു.”
“എന്നെ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ നിന്നോട്?” ആമിന ശബ്ദം താഴ്ത്തി ശാസനാ സ്വരത്തില്‍ ചോദിച്ചു.
“എനിക്കങ്ങനെയേ വിളിക്കാന്‍ പറ്റൂ.”
“എനിക്കതിഷ്ടമില്ല.”
“എന്നെ യജമാനന്‍ തല്ലിക്കൊല്ലുന്നതു കാണാന്‍ പൂതിയാണോ നിനക്ക്?”
“ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അതിനു ഞാന്‍ സമ്മതിക്കില്ല. എന്നെ കൊന്നിട്ടുവേണം അതു ചെയ്യാന്‍. കരളും നാക്കുമാണോ ആടിന്റെ ഏറ്റവും നല്ല ഭാഗം.”
“അതെ, യജമാനന് വറുത്തുകൊടുത്താല്‍ മതി.”
വൈകുന്നേരം യജമാനന്‍ ചോദിച്ചു:
“നാവും കരളുമാണോടാ ഏറ്റവും നല്ല സാധനം?”
“അതേ, യജമാനനേ. അതിലും നല്ലതൊന്നും അടിയന്‍ കണ്ടില്ല.”
“അടി വേണ്ടവന്‍ തന്നെ. വിഡ്ഢികളെങ്ങനെ മറിച്ചാവും? എടാ, ഒരാടിനെക്കൂടെ അറുത്ത് കൊണ്ടുവാ. ഇനി നല്ല സാധനം നീ തിരഞ്ഞെടുക്കേണ്ട. ചീത്തഭാഗം രണ്ടെണ്ണമെടുത്താല്‍ മതി. പോ.”
വീണ്ടും ഒരാടിനെക്കൂടി അറുത്തു. അപ്പോഴും ആമിനയുണ്ട് കൂടെ. അപ്പോഴും അബ്ദുല്ല നാവും കരളും തന്നെയാണെടുത്തത്. അബ്ദുല്ലയത് ആമിനയെ ഏല്‍പിച്ചു, യജമാനന് വറുക്കാന്‍.
അപ്പോള്‍ ആമിന: “എന്തിനാ ഇനിയും നാവും കരളും?”
“യജമാനന് ഏറ്റവും ചീത്ത സാധനങ്ങളാ വേണ്ടത് പോലും. അപ്പോ ഇതു തന്നെ വറുത്തു കൊടുത്താല്‍ മതി.”
“ചാട്ടവാറിന്റെ ചൂട് കിട്ടാഞ്ഞിട്ടാവും. ഉപ്പായെ പരിഹസിച്ചാണോ നിന്റെ കളി?
നല്ല സാധനം ചോദിച്ചപ്പോഴും നാവും കരളും. ചീത്ത ചോദിച്ചപ്പോഴും അതു തന്നെ.”
“ഞാന്‍ സത്യം സത്യം പോലെ പറഞ്ഞു.”
“എന്തു സത്യം?”
“നാവും കരളും നന്നായാല്‍ ആകെ നന്നായി. ഇതു രണ്ടും ചീത്തയായാല്‍ ഒക്കെ ചീത്തയായി.”
“ആമിന കടന്നു ചെന്നപ്പോള്‍ പിതാവ് ചോദിച്ചു: “എവിടെ അവന്‍ തന്ന ചീത്ത സാധനങ്ങള്‍? ഇപ്പോഴും വിഡ്ഢിത്തമേ കാണിച്ചിട്ടുണ്ടാവൂ.”
“ഇതാ, നാവും കരളും തന്നെ!”
അതു കണ്ടപ്പോഴേ അയാളുടെ മട്ടുമാറി. ചാട്ടവാറുമെടുത്ത് പാഞ്ഞെത്തി. “എടാ, നിഷേധീ. എന്നെ പരിഹസിക്കുകയാണോടാ? എവിടെന്നാ നീ ഈ വിവരമൊക്കെ കേട്ടു പഠിച്ചത്?”
ചാട്ടവാറോങ്ങി കൊടുത്തു ഒരെണ്ണം.
“വിവരക്കേടല്ല യജമാനനേ, സത്യമാ.”
“ആരു പറഞ്ഞെടാ വിവരക്കേടല്ലെന്ന്. നിഷേധി.”
“എന്റെ യജമാനന്‍ പഠിപ്പിച്ചു തന്നതാ.”
വീണ്ടും ചാട്ടവാര്‍ ആഞ്ഞാഞ്ഞു വീശി. പെട്ടെന്ന് ആമിന ഓടി വന്നു.
“എന്താണുപ്പാ ഇത്? അബ്ദുല്ല മനുഷ്യനല്ലേ?”
“ഇവനോടു നല്ലതു കൊണ്ടുവരാന്‍ പറഞ്ഞപ്പോ നാവും കരളും. ചീത്ത കൊണ്ടുവരാന്‍ പറഞ്ഞപ്പോഴും അതു തന്നെ. വെറുതെ വിടരുത് ഇവനെ.”
“അതിലൊക്കെ എന്തെങ്കിലുമുണ്ടാവും. ഉപ്പാക്ക് തിരിയാഞ്ഞിട്ടാ.”
“എന്താണതിലിത്ര കാര്യം?’
“നാവും കരളും നന്നായാല്‍ ഒക്കെ നന്നായി. ഇതു രണ്ടും ചീത്തയായാല്‍ എല്ലാം ചീത്തയയായി. അങ്ങനെ ചിന്തിച്ചു നോക്കീ.”
“നിര്‍ത്തെടീ നിഷേധീ! നീ ആരാ, ഈ തലതിരിഞ്ഞവന്റെ വക്കീലോ?”
“അല്ലേ, ഞാനെന്തിനാ ഈ ഒന്നിനും കൊള്ളാത്ത അടിമയുടെ വക്കാലത്തിന് പോണേ.”
“പോടീ എന്റെ മുമ്പീന്ന്.”
യജമാനന്‍ ചാടിത്തുള്ളി തിരിച്ചുപോയി.
……………
ഔലിയാക്കളുടെ സമ്മേളനം നടക്കുമ്പോഴൊക്കെ ലുഖ്മാന്‍(റ) എത്തിച്ചേരണം. ഖുതുബാണ് അധ്യക്ഷം വഹിക്കേണ്ടത്. എവിടെ യോഗം നടന്നാലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല. രാത്രിയിലാണ് സമ്മേളനം എന്നതു കൊണ്ട് യജമാനന്‍ അതറിയുകയുമില്ല. ‘ഇസ്മുല്‍ അഅ്ളം’ ഉച്ചരിച്ചു കണ്ണടച്ചാല്‍ മതി. എവിടെയായാലും അവിടെ എത്തിച്ചേരാം.
ഇന്നു മക്കയിലാണ് സമ്മേളനം.
ലോകം നിശ്ശബ്ദമായി ഉറങ്ങുകയാണ്. അബ്ദുല്ല എന്ന ലുഖ്മാനുല്‍ ഹക്കീം (റ) സമ്മേളനത്തിനു പോയിക്കഴിഞ്ഞു.
യജമാനന്‍ പതിവില്ലാതെ ഞെട്ടിയുണര്‍ന്നു. അബ്ദുല്ല ഒളിച്ചോടി എന്ന് സ്വപ്നം കണ്ടിരിക്കുന്നു. അതു വാസ്തവമാണെങ്കില്‍ എത്ര ദീനാറാണ് നഷ്ടമാവുക. അതു പോകട്ടെ എന്നു വയ്ക്കാം. ഇത്രയും നല്ല ചൊടിയും ചുറുക്കുമുള്ള മറ്റൊരെണ്ണത്തിനെ കിട്ടുമെന്ന് ഉറപ്പില്ലല്ലോ.
എണീറ്റപാടെ വിളക്കും ചാട്ടവാറുമെടുത്ത് പുറത്തിറങ്ങി. അബ്ദുല്ലയുടെ മാളത്തിനു നേരെ നോക്കി. ശരിക്കും നടുങ്ങി. അബ്ദുല്ലയില്ല!
പെട്ടെന്നയാള്‍ ആമിനയെക്കുറിച്ചോര്‍ത്തു. അവനെ തല്ലുമ്പോഴൊക്കെ വക്കാലത്തുമായി വരുന്നവളാണവള്‍. ഞാനില്ലാത്തപ്പോള്‍ വല്ലതും സംഭവിച്ചിട്ടുണ്ടാവുമോ?
അങ്ങനെയും ചിന്തിക്കണമല്ലോ! നേരെ ആമിനയുടെ മുറിയിലെത്തി വാതിലില്‍ മുട്ടി.
“ആമിനാ.”

ഞെട്ടിയുണര്‍ന്ന ആമിന ചോദിച്ചു:
“ആരാ?”
“ഉപ്പയാണ്, വാതില്‍ തുറക്ക്.”
അവള്‍ കാര്യം മനസ്സിലാവാതെ വേഗം വാതില്‍ തുറന്നു. വേഗം അകത്തു കയറി നന്നായി പരിശോധിച്ചു.
“എന്താണുപ്പാ?”
“അബ്ദുല്ലയെ കാണുന്നില്ല.”
“അതിനിവിടെ നോക്കുന്നതെന്തിനാ?
“എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയേണ്ടേ?”
അയാള്‍ മറ്റുമക്കളേയും പരിചാരകമാരെയും വിളിച്ചുണര്‍ത്തി പരിശോധിച്ചു. അവന്‍ ഒളിച്ചോടി. എത്ര ദീനാറാ നഷ്ടം! ഇനി ഇതുപോലൊരെണ്ണത്തിനെ കിട്ട്വോ എനിക്ക്?”
“എങ്ങും പോയിട്ടുണ്ടാവില്ല.” ആമിന പറഞ്ഞു.
“എന്നാലെവിടെ അവന്‍?”
“അതെനിക്കെങ്ങനെയാ അറിയുക? എന്തായാലും തിരിച്ചു വരും, തീര്‍ച്ച.”
“എന്നാലെവിടെ വരാന്‍?”
“ഉപ്പ സമാധാനിക്ക്. വരാതിരിക്കില്ല.”
“വരുമെങ്കില്‍ ഞാനവനെ കൊല്ലും.”
“എന്നാല്‍ പിന്നെ വരാതിരിക്കലല്ലേ നല്ലത്?”
“എന്തു പറഞ്ഞെടീ നിഷേധീ!”
“വരാതിരുന്നാല്‍ ഉപ്പയ്ക്കു നഷ്ടം. കൊന്നാലും ഉപ്പയ്ക്കു തന്നെ നഷ്ടം. വരാതിരുന്നാല്‍ ഒരു പാപം കുറഞ്ഞു കിട്ടുന്ന ലാഭമുണ്ടല്ലോ ഉപ്പയ്ക്ക്.”
(തുടരും)

You must be logged in to post a comment Login