തലച്ചോര്‍ വരക്കുന്ന ചിത്രങ്ങള്‍

   കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കുമൊക്കെ അന്തര്‍ജ്ഞാനമുണ്ടാകാറുള്ളതായി കേട്ടിട്ടുണ്ട്. ലോകം അന്വേഷിക്കുന്നവര്‍ക്കും വ്യതിരിക്തമായി ചിന്തിക്കുന്നവര്‍ക്കും മാത്രമേ അന്തര്‍ജ്ഞാനമുണ്ടാകൂ എന്നൊന്നുമില്ല. ഏതു സാധാരണക്കാരനും അതുണ്ടാവും. നിങ്ങളുടെ തലയിലേക്കൊന്ന് കണ്ണ് തുറന്നു നോക്കൂ. ഒരേ സമയം എത്രയെത്ര ചിന്താശകലങ്ങളാണ് അവിടെ ആവിര്‍ഭവിക്കുന്നത്. ഈ ചിതറിയ അരൂപ ശകലങ്ങളില്‍ നിന്ന് രൂപമുള്ള ഒന്ന്      പുറത്തെടുക്കാനായാല്‍ അതിനെയാണ് അന്തര്‍ജ്ഞാനം എന്ന് പറയുന്നത്. ചിതറിയ ചിന്തകളില്‍ നിന്ന് പുതിയൊരു ബോധ്യം! അതാണ് അന്തര്‍ജ്ഞാനം. സാധാരണക്കാര്‍ക്ക് ഇത്തരം ഒരു ബോധ്യത്തിലെത്തിച്ചേരുക പ്രയാസം. അതുകൊണ്ടാണ് അവര്‍ എഴുത്തുകാരും കലാകാരന്മാരുമാകാത്തത്. കൈകൊണ്ടല്ല; തലച്ചോറു കൊണ്ടാണ് ഒരാള്‍ ചിത്രം വരയ്ക്കുന്നതെന്ന് മൈക്കല്‍ ആഞ്ചലോ പറയുകയുണ്ടായി.

         മിന്നി മറഞ്ഞു പോകുന്ന ആന്തരികാനുഭവങ്ങളെ അന്തര്‍ജ്ഞാനമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ എഴുത്ത് അതിരുകള്‍ ഭേദിക്കും. ഉള്ളില്‍ എന്തെന്നറിയാതെ പൊലിഞ്ഞു പോകുന്ന നാളങ്ങള്‍ തെളിഞ്ഞു കത്തിക്കാന്‍ പഠനവും മനനവും ധ്യാനവും നിങ്ങളെ സഹായിക്കും.

         ‘അഴിമതി’യും ‘പൊതുചിരി’യും നര്‍മ്മ ബോധത്തോടെയുള്ള സാമൂഹിക വിമര്‍ശങ്ങള്‍. നര്‍മ്മമില്ലെങ്കിലും കൊള്ളുന്നുണ്ട് ‘അതിഥിയി’ലെയും ‘മാനവികത’യിലെയും സാമൂഹിക വിമര്‍ശം. ഹാസ്യം വിമര്‍ശത്തിനുള്ള മികച്ച ഒരു ആയുധമാണ്. കുഞ്ചന്‍ നമ്പ്യാരെയും വി കെ എന്നിനെയുമൊക്കെ നമുക്കീ കാര്യത്തില്‍ മാതൃകയാക്കാം. വിമര്‍ശനത്തിനുള്ള ആയുധങ്ങള്‍ക്ക് ആവശ്യം വേണ്ട ഗുണം മൂര്‍ച്ചയാണ്. നാലു രചനകളിലും അത് കുറഞ്ഞുപോയി.
കൂടെയുണ്ട്  ചങ്ങാതി

അഴിമതി

പുല്ലല്ല സ്വാദിന്ന്,

കടലാസിന് വമ്പന്‍ ടേസ്റ്
അകിടിന് അറകള്‍ തുന്നി
കാശു കടലാസ് നിറച്ചു വെക്കാം
കഞ്ഞി വെള്ളമൊക്കെ പാമൊയില്‍
കവറുകളിലായതാണേറെ കഷ്ടം.

പൊതു ജനത്തിനുള്ള പാല്‍
എന്നാലതു കൊണ്ടാണത്രെ.
നിനക്ക് ‘അഴി’മതിയെന്ന്
പറഞ്ഞ് എന്റെ കഴുത്തിന്
കുരുക്കിട്ട് വലിക്കുന്നതെന്തിന്?
അബൂബക്കര്‍ സിദ്ദീഖ് വി പി.

പൊതുചിരി

സുഹൃത്തേ
പൊതുവേദിയില്‍
കണ്ടുമുട്ടിയപ്പോള്‍
ഞാന്‍ നിന്നോട്
പുഞ്ചിരിച്ചത്
നിന്നോടുള്ള
സ്നേഹം കൊണ്ടല്ല
മറിച്ച്
ഈ ഖദറും മുണ്ടും
എന്നും കൂടെ വരാനാ…
ജാബിര്‍ ടി, വെസ്റ് വെണ്ണക്കോട്.

അതിഥി

എന്റെ വീട്ടിലൊരിക്കല്‍
മൂന്നതിഥികള്‍ വന്നു.
ഒന്നാമനും ഞാനും
കളിക്കൂട്ടുകാരായി
ഏറെക്കാലം എന്നോടൊപ്പം
കളിച്ചുചിരിച്ചു
എന്നെ ആനന്ദിപ്പിച്ചു
പിരിയില്ലെന്നു ഞാനുറപ്പിച്ചിരിക്കെ
ഒരിക്കല്‍ ഞാനുമായി പിണങ്ങിപ്പോയി
പിന്നെ ഇതുവരെ വന്നില്ല.
രണ്ടാമന്‍ ശക്തനും
ചുറുചുറുക്കനും
ധീരനുമായിരുന്നു.
അവനൊടെനിക്കിഷ്ടമായി
പല സാഹസികതകളും
അവന്‍ ചെയ്തതോര്‍ത്ത്
ഇന്നും ഞാന്‍ പുളകത്തിലാണ്.
അവന്റെ സാന്നിധ്യം
എനിക്കെന്തിനും
കരുത്തായി, നിസ്സാരപ്രശ്നത്തില്‍
ഒരിക്കലവനുമെന്നെ
കൈവിട്ടുപോയി
മൂന്നാമന്‍ പക്വമതിയായിരുന്നെങ്കിലും
അയാള്‍ അശക്തനും
ഭീരുവുമായിരുന്നു.
അയാള്‍ക്കെന്തിനും
ഞാന്‍ വേണം
അതുകൊണ്ട്
എന്നെ അയാള്‍
ഏറെ സ്നേഹിക്കുന്നു….
ഉബൈദുല്ല വിളയില്‍

മാനവികത

കഴുത്തറുത്തും
കലിപൂണ്ട് അടിച്ചുടച്ചും
വാക്കുരച്ചും
വാചാലന്‍ നാവടിച്ചും
വസനം മിനുക്കിയാടലല്ല
മനമറിഞ്ഞ്
മണ്ണില്‍
മധുനുകര്‍ന്നും
മഷികുടഞ്ഞ്
മര്‍ത്ത്യന്‍
മനം കവര്‍ന്നും
മഹത്വം വരിക്കലാണ്

കരുണയുടെ
കരകാണാ
കടല്‍ കടന്നു ചെന്ന്
ഖല്‍ബിനെ
കനകച്ചേലയുടുപ്പിച്ച്
മടുക്കുന്ന
മനസ്സുകളുടെ
മതമറിഞ്ഞ്
മനസ്സും വചസ്സും
മനുഷ്യത്വത്തിലിട്ടെടുത്ത്
മാലോകര്‍ക്കായുടുമുണ്ട്
മുറുക്കുമ്പോള്‍
മാനവികത പൂര്‍ത്തിയായി
ജാബിര്‍ ഉസ്മാന്‍, ചപ്പാരപ്പടവ്

You must be logged in to post a comment Login