ഏതായിരുന്നു ഒര്‍ഹാന്‍ പാമുക്കിന്റെ പിടിവള്ളികള്‍? സംവാദങ്ങള്‍, വെളിപ്പെടുത്തലുകള്‍? ആദ്യ ലേഖന സമാഹാരമായ അദര്‍ കളേര്‍സിന്റെ ആശയസ്ഥലികളിലൂടെ ഒരു തീര്‍ത്ഥാടനം
മുഹ്സിന്‍ എളാട്
For my sea was the sea eternal, sea of childhood, unforgettable/ suspended from our dream/ like a dove’(അനശ്വരമാണെന്‍ ബാലസാഗരം, അവിസ്മരണീയവും, പ്രാവുപോല്‍ വിഹരിക്കുന്നു ഭാവന തന്‍ ജീവനാം ആ മഹാ സാഗരത്തിനു മേല്‍ ) വിഖ്യാതനായ ലാറ്റിനമേരിക്കന്‍ നോവലിസ്റ് ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിന്റെ അപൂര്‍വങ്ങളായ കാവ്യശകലങ്ങളിലൊന്നാണിത്. തന്റെ അസാമാന്യമായ സര്‍ഗവൈഭവത്തിന്റെ സൃഷ്ടിപരതയുടെ കാതല്‍ കുടികൊള്ളുന്നത് കുട്ടിക്കാലത്തെ തീക്ഷ്ണമായ അനുഭവങ്ങളിലാണെന്ന സ്വരം ഈ വരികളിലുണ്ട്. സമാനാര്‍ത്ഥത്തില്‍, മാര്‍കേസിന്റെ കൃതികളോട് താരതമ്യയോഗ്യമാകും വിധം ബാലസ്മൃതികളുടെ നിഷ്കളങ്കതയോടെ മൂന്നു പതിറ്റാണ്ടോളമായി വിശ്വോത്തരങ്ങളായ രചനകളിലൂടെ ലോകത്തോടു സംവദിക്കുകയാണ് നോബല്‍ ജേതാവായ തുര്‍ക്കിഷ് നോവലിസ്റ് ഓര്‍ഹന്‍ പാമുക്ക്. അദ്ദേഹത്തിന്റെ ആദ്യ ലേഖന സമാഹാരമാണ് ‘അദര്‍ കളേഴ്സ്’.
ഉസ്മാനിയാ ഖിലാഫത്തിന്റെ സിരാകേന്ദ്രമായിരുന്ന തുര്‍ക്കിയില്‍ സുല്‍ത്താന്‍ വഹീദുദ്ദീന്റെ ഭരണത്തിനു താഴിട്ട്1924ല്‍ മുസ്തഫാ കമാല്‍ പാഷ അധികാരത്തിലേറിയതോടെ രാജ്യമാകെ നടപ്പില്‍ വരുത്തിയ ആധുനികവത്ക്കരണം രാജ്യത്തിന്റെ മതാത്മകമായ പൌരാണിക പൈതൃകങ്ങള്‍ക്ക് മുച്ചൂടും ക്ഷതമേല്‍പ്പിച്ചുവെന്നത് വസ്തുതയാണ്. ഇതിനപ്പുറം ഏതെല്ലാം വിധത്തിലാണ് ആ ഒരു യുഗമാറ്റത്തെ വീക്ഷണവിധേയമാക്കേണ്ടത്? ഒരു രാഷ്ട്ര/ സാമൂഹ്യ ഘടനയിലുണ്ടാകുന്ന മൌലികമായ പരിഷ്ക്കരണങ്ങള്‍ പൌന്മാരുടെ സ്വകാര്യ ജീവിതത്തെയും വികാരവിചാര മണ്ഡലങ്ങളെയും ഏതെല്ലാം വിധത്തില്‍ സ്വാധീനം ചെലുത്തുമെന്നത് ഒരു സംവാദാത്മക സമസ്യയാകുന്നത് അങ്ങനെയാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുകയെന്ന ആത്യന്തിക ലക്ഷ്യത്തിലൂന്നിയ പരിഷ്ക്കരണ ശ്രമങ്ങള്‍ യൂറോ കേന്ദ്രീകൃതമായ സെക്യുലറിസത്തിന്റെ പ്രയോഗവല്‍ക്കരണത്തിനു മാത്രമായിരുന്നില്ല ശിലയിട്ടത്; മറിച്ച് മനുഷ്യ മസ്തിഷ്ക്കങ്ങളെ സ്വന്തം ചിന്താപദ്ധതികള്‍ക്കനുഗുണമാക്കുന്ന രൂപത്തിലും കോലത്തിലും പരുവപ്പെടുത്തിയെടുക്കുന്ന ‘കൊളോണിയല്‍ പ്രൊപഗാന്‍ഡ’കളും അത്താതുര്‍ക്ക് കടമെടുത്തിരുന്നുവെന്നതാണ് സത്യം. പ്രത്യക്ഷതലത്തില്‍ നടന്ന 1924ലെ ഖിലാഫത്ത് വിരാമം, ഇസ്ലാമിക വിദ്യാഭ്യാസ രീതിയില്‍ നിന്നു പാശ്ചാത്യ ആധുനിക രൂപങ്ങളിലേക്കുള്ള ചുവടുമാറ്റം, 1925ലെ തുര്‍ക്കിത്തൊപ്പി നിരോധനം, 1928ലെ അറബി ലിപിയെ തഴഞ്ഞുകൊണ്ടുള്ള ലാറ്റിന്‍ ലിപിയുടെ എഴുന്നള്ളിപ്പ് തുടങ്ങിയ ജഡിക യജ്ഞങ്ങളിലെല്ലാം അന്തര്‍ലീനമായത് ഇത്തരമൊരു മസ്തിഷ്കപ്രക്ഷാളനമായിരുന്നു. സമീപ കാലത്ത് ഒട്ടേറെ മാറ്റങ്ങള്‍ പ്രകടമാണെങ്കിലും ആധുനികവല്‍ക്കരണകാലത്തെ പൊതു മണ്ഡല/ ബോധനിര്‍മിതിയുടെ ഫോസിലുകള്‍ പേറുന്ന ഒരു തലമുറയുടെ പ്രതിനിധിയായാണ് പാമുക്കിനെ വായിച്ചെടുക്കാനാവുന്നത്. പക്ഷേ, ഒരെഴുത്തുകാരന്റെ ഔചിത്യബോധത്തോടെ തുര്‍ക്കിയുടെ യൂറോപ്യന്‍ ഭ്രമത്തെയും ആധുനിക പാശ്ചാത്യന്‍ സംസ്കാരത്തെയും നോക്കിക്കാണുന്നുവെന്നതാണ് മറ്റു കൂലിയെഴുത്തുകാരില്‍ നിന്നു പാമുക്കിനെ ഭിന്നനാക്കുന്നത്.
വളരെ നിസ്സാരമെന്ന് ധരിക്കപ്പെടുന്ന ‘കുഞ്ഞു കാര്യങ്ങളിലൂടെ’ വലിയ ആശയങ്ങളും അര്‍ത്ഥതലങ്ങളും തേടിയുള്ള ഭാവനയുടെ അനിതരസാധാരണമായ അയനമാണ് പാമുക്കിന് എഴുത്ത്. സ്കുളില്‍ പോകാന്‍ താല്‍പര്യം കാണിക്കാത്ത തന്റെ ചെറുപ്പകാലത്തെ അനുഭവം മുതല്‍ ഇഷ്ടബന്ധുക്കളോടൊപ്പമിരുന്ന് ഭക്ഷണം വിളമ്പുന്നതടക്കം പാസ്പോര്‍ട്ടിനപേക്ഷിക്കും വരെയുള്ള ഓര്‍മകളുടെ ഒരു രേഖീയത ഇതിലൂടെ കടന്നു പോവുന്നു. നോവലിലേക്കൊഴുകാന്‍ മടിച്ചുനിന്ന ഓര്‍മച്ചിത്രങ്ങളുടെയും ഛായാഗ്രാഹങ്ങളുടെയുമെല്ലാം സര്‍ഗാത്മകസങ്കലനമാണിതെന്ന് പാമുക് ആമുഖക്കുറിപ്പില്‍ പറയുമ്പോള്‍ അനുവാചക ഹൃദയങ്ങളിലേക്ക് ഓടിയെത്തുന്ന മാര്‍കേസിന്റെ പ്രശസ്തമായ മറ്റൊരു പരാമര്‍ശമുണ്ട് ; life is not what we lived but what we remember and how we remember it in order to recount it’ (ജീവിതം നാം ജീവിച്ചു തീര്‍ത്ത ഒന്നല്ല. മറിച്ച് നാം എന്ത് ഓര്‍ക്കുന്നു, എങ്ങനെ ഓര്‍ത്തെടുത്ത് പറയുന്നു എന്നെല്ലാമാണത്.)
living and worrying (ജീവിതവും ഉത്കണ്ഠയും), ), books and reading (ഗ്രന്ഥങ്ങളും വായനയും),politics, europe and other problems of being oneself (രാഷ്ട്രീയം, യൂറോപ്പ്, സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ഇതര പ്രശ്നങ്ങള്‍),my books are my life (എന്‍ ഗ്രന്ഥങ്ങളെന്‍ ജീവിതം), pictures and texts തുടങ്ങിയ പ്രധാന തലവാചകങ്ങള്‍ക്കു കീഴെ വേര്‍തിരിക്കപ്പെട്ട ചെറുതും വലുതുമായ 73 ലേഖനങ്ങള്‍. ഇതില്‍ ജര്‍മന്‍ സമാധാന പുരസ്കാരത്തിനുള്ള കൃതജ്ഞതാ ഭാഷണമായ in kars and frankfurt, പുട്ടര്‍ബോഗ് കോണ്‍ഫറന്‍സില്‍ നടത്തിയ the implied author എന്നീ ആശയ സമ്പുഷ്ടമായ പ്രഭാഷണങ്ങളും കടന്നു വരും. ഇതിനു പുറമെ, നോബല്‍ സമ്മാനാര്‍ഹിതനായ പാമുക്കിന്റെ വിഖ്യാതമായ മറുപടി പ്രസംഗം- my fathers suitcase, പാരിസ് റിവ്യൂ നടത്തിയ സുദീര്‍ഘമായ അഭിമുഖം എന്നിവയെല്ലാം സവിശേഷം പ്രതിപാദിച്ചിട്ടുണ്ട്. എല്ലാം പാമുക്കിന്റെ തൂലികാ ജീവിതത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതോടൊപ്പം തുര്‍ക്കിയുടെ ഭൂത വര്‍ത്തമാന കാലങ്ങളിലെ സംഭവവികാസങ്ങളുടെ ഉള്ളറകള്‍ ചികയുന്നതുമാണ്. തന്റെ ജന്മ നാടും സ്വപ്ന നഗരവുമായ ഇസ്താംബൂളിലെ ബാല്യകാല സ്മരണകള്‍ സ്ഫുരിച്ചു നില്‍ക്കുന്ന looking out the window എന്ന കഥ കൂടി ചേരുന്നതോടെ ഭാവനാസങ്കല്‍പങ്ങളുടെ അപരമുഖ (other colors) ത്തിനു മേല്‍ അസ്തമയസന്ധ്യ നിഴല്‍ വീഴ്ത്തുന്നു.
എഴുത്തിനോടും വായനയോടുമുള്ള ഗ്രന്ഥകാരന്റെ ആഭിമുഖ്യം പുനഃപ്രഖ്യാപിക്കുന്നതാണ് താളുകളിലെ ഓരോ വരിയും. എന്നാല്‍ പുസ്തക പാരായണം നിര്‍വചിക്കുന്ന ഔപചാരിക വായനയില്‍ നിന്നും പ്രകൃതി നിരീക്ഷണം ദ്യോതിപ്പിക്കുന്ന അനൌപചാരിക വായനയില്‍ നിന്നുമെല്ലാം അനുവാചകര്‍ക്കനുയോജ്യമായ വിധത്തില്‍ സൃഷ്ടിപരതയെ (creativity) പോഷിപ്പിക്കാന്‍ ധ്യാനം അനുശീലിക്കേണ്ടത് അനിവാര്യമാണെന്ന് നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട്. ആദ്യ അധ്യായമായ the implied author ല്‍ പാമുക്ക് കുറിച്ചിടുന്നതിങ്ങനെ: so yes, the real hunger is not literature but for a room where can i can be alone with my thoughts. in such a room i can invent beautiful dreams about rhese same crowded place, those family gatherings, school reunions, festivel dinners and all the people attend them.’ ചുറ്റും കൊട്ടിയടച്ച മുറിയില്‍ ധ്യാന നിമഗ്നനായി തനിച്ചിരിക്കുമ്പോഴും അതിമനോഹരമായ സ്വപ്നാടനങ്ങളിലൂടെ ആള്‍ക്കൂട്ടങ്ങള്‍ക്കു മീതെ അദൃശ്യനായി പറക്കാനുള്ള കരുത്തുണ്ടെന്ന പരിചയത്തികവുണ്ട് പാമുക്കിന്. ഭാവനയുടെ അനിതരസാധാരണമായ ഉഡ്ഡയനമെന്ന് നിരൂപകര്‍ വിലയിരുത്തുന്ന തന്റെ കൃതികള്‍ക്കെല്ലാം ഉത്തേജനം പകര്‍ന്നത് ഏകാന്തധ്യാനമാണെന്ന് പറയുന്നതോടൊപ്പം പ്രകടനപരതയില്‍ അഭിരമിക്കുന്ന ആധുനിക സമൂഹത്തിന്റെ പരാജയത്തിനു പിന്നില്‍ ചിന്താശൂന്യമായ സമീപനങ്ങളാണെന്നും അഭിപ്രായപ്പെടുന്നു.
പിതാവിന്റെ സ്നേഹ പരിലാളനകള്‍ ലഭിക്കാത്ത ഒരു വ്യക്തിയുടെ ജീവിത ചിത്രം അപൂര്‍ണമാണത്രേ.സ്വപിതാവിന്റെ അകാല വിയോഗം മുതല്‍ മകന്റെ മരണവും ആരംഭിച്ചു കഴിഞ്ഞെന്നാണ് പാമുക്കിന്റെ വിശ്വാസം. കവിയും വിവര്‍ത്തകനുമായിരുന്ന പിതാവ് മരണാസന്ന വേളയില്‍ സമ്മാനിച്ച സ്യൂട്ട്കേസിനെ ആസ്പദമാക്കിയുള്ളതാണ് വിഖ്യാതമായ നോബല്‍ സമ്മാനത്തിനുള്ള മറുപടി പ്രഭാഷണം: my father`s suit case. തന്റെ എഴുത്തിന്റെ നിയോഗവും വികാസവും വിസ്തരിക്കുകയാണ് പ്രൌഢമായ ഈ പ്രഭാഷണത്തില്‍. പിതാവിന്റെ മരണാനന്തരം ദിവസങ്ങളോളം ഈ പെട്ടിക്കരികിലൂടെ നടന്നു പോയെങ്കിലും ഒന്നു സ്പര്‍ശിക്കുക പോലും ചെയ്തില്ല. ആത്മാവിനെ അറിയാന്‍ കൊതിച്ച, ഏകാന്തതയെ പ്രണയിച്ച കവിയായ പിതാവ് നല്‍കിയ പെട്ടിയുടെ അപാരമായ ‘ഘന’ത്തെക്കുറിച്ചുള്ള മൌലികവും നിഗൂഢവുമായ ചില വിചാരങ്ങളായിരുന്നു അതിനെ സ്പര്‍ശിക്കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചത്. ആ ഘനത്തിന്റെ അര്‍ത്ഥം ഇങ്ങനെയാണ്: കൊട്ടിയടച്ച മുറിയിലെ ഒരു ടേബിളില്‍ ഏകാന്തനായിരിക്കുക. ആത്മവിചിന്തനങ്ങള്‍ക്ക് തീ പിടിപ്പിക്കുക. അത് കത്തിപ്പടരും. ആ ജ്വാല കണ്ട് മറ്റുള്ളവരുടെ കണ്ണുകള്‍ വികസിക്കും. സര്‍ഗവൈഭവസൃഷ്ടിപരത അതിന്റെ ആഴങ്ങള്‍ ചികയുന്നതിവിടെയാണ്. ആത്മജ്ഞാനികളായ സൂഫികളുടെ കാവ്യശകലങ്ങള്‍ ആദ്യമധ്യാന്തം ആകര്‍ഷണീയമായത് ധ്യാനത്തിന്റെ ഈ സ്വാഭാവികത കൊണ്ടാണ്. സാഹിത്യം അനുവാചക ഹൃദയത്തില്‍ ജനിപ്പിക്കുന്ന ഇന്ദ്രജാലത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥമിതാണെന്ന് അദ്ദേഹം വീക്ഷിക്കുന്നു. ഒരെഴുത്തുകാരന്‍ സദാ ശ്രമിക്കേണ്ടത് തനിക്കുള്ളില്‍ പതിയിരിക്കുന്ന ഈ രണ്ടാം ജീവനെ (second being) തട്ടിയുണര്‍ത്താനാണ്. ക്ഷമയാണ് അവന്റെ സര്‍വജയങ്ങളുടെയും രഹസ്യമെന്ന് ‘സൂചി കൊണ്ടും കിണര്‍ കുഴിക്കാം’ എന്ന ടര്‍ക്കിഷ് പഴമൊഴി ഉദ്ധരിച്ചു സമര്‍ത്ഥിക്കുന്നു. ഇങ്ങനെ നീണ്ടു പോകുന്നു ആ നോബല്‍ ഭാഷണത്തിന്റെ സങ്കീര്‍ത്തനങ്ങള്‍.
അതുകൊണ്ടു തന്നെ ആധുനികവല്‍ക്കരണാനന്തര തുര്‍ക്കിയുടെ പൊതുമണ്ഡലത്തിലൂന്നി നിന്നെഴുതുമ്പോള്‍ ഒരു സൂഫിയാവാന്‍ കഴിയില്ലെങ്കിലും ആത്മാവിന്റെ നിഗൂഢതകളിലേക്ക് ഊളിയിട്ടിറങ്ങുന്ന സൂഫീ കൃതികളോട് ചെറുപ്പം മുതലേയുള്ള തന്റെ അനുരാഗവും അഭിവാഞ്ചയും വിസ്മരിക്കുന്നില്ല. ഒരു സമൂഹത്തിന്റെ സാംസ്കാരികമായ നവോദ്ഗ്രഥനത്തിന് ആത്മാവിനെ തൊട്ടറിയുന്ന ഒരു ജ്ഞാന സമ്പ്രദായം ഉയര്‍ന്നു വരേണ്ടത് അത്യന്താപേക്ഷിതമാണെന്ന അലിജ ഇസ്സത് ബെഗോവിച്ചിന്റെ വീക്ഷണങ്ങളോട് താരതമ്യപ്പെടുത്താവുന്നതാണ് പാമുക്കിയന്‍ നിരീക്ഷണങ്ങള്‍.
എത്ര ചെറിയ വസ്തുവാണെങ്കില്‍ പോലും ഒന്നിനെയും അവഗണിക്കാതെ നിരീക്ഷണ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കി അവയിലൂടെ പുതിയ ചിന്താരീതികളും തിയറികളും മെനഞ്ഞെടുക്കാന്‍ സാധിക്കുമെന്നാണ് ആദ്യഭാഗത്തിലൂടെ പാമുക് വരച്ചുകാട്ടുന്നത്.പ്രതിദിനം ചുരുങ്ങിയത് അര പേജെങ്കിലും എഴുതുന്നത് തന്റെ മാനസിക വ്യഥകള്‍ക്കുള്ള മറുമരുന്നാണെന്ന് പറയുന്നു അദ്ദേഹം. വിഷയദാരിദ്യ്രത്താല്‍ ഒന്നും എഴുതാനാവില്ലെന്ന് വിലപിക്കുന്ന ചില പ്രാരംഭ എഴുത്തുകാര്‍, ആദ്യഭാഗത്തെ ചില തലവാചകങ്ങള്‍ വായിച്ചാല്‍ തന്നെ കണ്ണുതള്ളിപ്പോവും. I am not going to school, my wrist watch, to be happy, Giving up smoking.
തന്നെ സ്വാധീനിച്ച എഴുത്തുകാരെയും കൃതികളെയും കുറിച്ചുള്ള ചില ഗൌരവതരമായ ആലോചനകളാണ് Books and reading എന്ന രണ്ടാം ഭാഗത്തിന്റെ പ്രമേയം. തന്റെ വ്യക്തിത്വം രൂപീകരിക്കുന്നതില്‍ നിര്‍ണായകമായ ഭാഗധേയം വഹിച്ച പുസ്തകങ്ങളെ എത്രമാത്രം ആസ്വാദ്യകരമായാണ് വായിച്ചുതീര്‍ത്തതെന്ന് ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. ഒരു തവണ കൊതിയോടെ വായിച്ചു മടക്കിവച്ച പുസ്തകങ്ങള്‍ പിന്നീട് പാരായണം ചെയ്യുമ്പോള്‍ വിരസതക്കുപകരം അത്യാനന്ദം പകരാന്‍ ശേഷിയുണ്ടാകുമതിന്. 1997ല്‍ ആദ്യമായി വായിച്ച സ്റെന്തലിന്റെ The charter house of parma എന്ന ഗ്രന്ഥം രണ്ടായിരാമാണ്ടിലെ ഒരു വസന്തപുലരിയിലിരുന്ന് മറിച്ചു നോക്കിയപ്പോള്‍ എഴുപതുകളിലെ തന്റെ യുവത്വത്തിന്റെ പ്രസരിപ്പും ആവേശവുമെല്ലാം വരികള്‍ക്കിടയിലൂടെ മടങ്ങിവരുന്നതായി അനുഭവപ്പെടുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം ലോകത്തിന്റെ ഏതെങ്കിലും കോണില്‍ വെച്ച് ആത്മസുഹൃത്തിനെ കാണുമ്പോഴുണ്ടാകുന്ന അതേ വികാരമാണത്രേ ഓരോ കഥാപാത്രത്തോടും പരിചയം പുതുക്കിയപ്പോള്‍ ഉണ്ടായത്. പ്രായം അമ്പതു തികഞ്ഞെങ്കിലും യുവത്വത്തിന്റെ ചോരത്തിളപ്പുനിറഞ്ഞ ആവേശവും ജീവിക്കാനുള്ള ഇച്ഛാശക്തിയും മരണമെന്ന സത്യവും പ്രണയവും ഏകാന്തതയുമെല്ലാം വീണ്ടും മനസ്സിലെവിടെയോ പ്രതീക്ഷയുടെ വര്‍ണരാജികള്‍ വിതറുന്ന പോലെ. പുസ്തകത്തിന്റെ കവറിനെയും പേരിനെയും പറ്റിയുള്ള പാമുകിന്റെ വീക്ഷണങ്ങള്‍ കൌതുകകരമാണ്. പുസ്തകച്ചട്ടയെക്കുറിച്ച് ഒമ്പത് കാര്യങ്ങള്‍ (nine notes on book cover) എന്ന് അദ്ധ്യായത്തില്‍ അക്കമിട്ട് നിരത്തിയ അവയിലെ ഒമ്പതാമത്തേതിങ്ങനെ: ഗ്രന്ഥനാമങ്ങള്‍ ആളുകളുടെ പേരു പോലെയാണ്. സമാനമായ അസംഖ്യം ഗ്രന്ഥങ്ങളില്‍ നിന്ന് നാം ഉദ്ദേശിച്ചവയെ വേര്‍തിരിച്ചറിയാനവ സഹായിക്കുന്നു. എന്നാല്‍ പുസ്തകത്തിന്റെ പുറംചട്ടയോ? പ്രസന്നമായ മുഖം പോലെയാണത്. ഒരു പക്ഷേ, അതിന്റെ നിഷ്കളങ്കത നിര്‍വൃതി നല്‍കുന്നു. ഒപ്പം കാണാമറയത്തുള്ള ഒരനുഗ്രഹ ലോകത്തെ സുസ്മിതം ഉറപ്പുനല്‍കുന്നു. ഏഴാം വയസ്സു മുതല്‍ വായിച്ചു തുടങ്ങിയതും ഇതിനകം നാലഞ്ചു തവണ വായിച്ചു തീര്‍ത്തതുമായ ആയിരത്തൊന്നു രാവുകള്‍ പൌരസ്ത്യ സാഹിത്യത്തിന്റെ അത്ഭുതമാണത്രെ. സ്വയം ആധുനികത നടിച്ചിരുന്ന തന്നെപ്പോലുള്ള യുവതുര്‍ക്കികള്‍ കിഴക്കന്‍ ക്ളാസിക്കുകളെ സൂര്യോദയം കാണാത്ത കൊടും വനമായാണ് കണ്ടിരുന്നതെന്ന് കുറ്റബോധത്തോടെ പാമുക് സമ്മതിക്കുന്നു. അങ്ങനെ ഉള്‍നാട്യങ്ങളാലും ധാരണപ്പിശകുകളാലും അവ തമസ്കൃതമയി. എന്നാല്‍ തുര്‍ക്കിഷ് യുവത്വം ഇഛിക്കുന്ന മോഡേണ്‍ ഔട്ട്ലുക്ക് കാത്തുസൂക്ഷിക്കുന്നതോടൊപ്പംപൌരാണികതയിലേക്ക് വേരുകളാഴ്ത്തുന്നതുമായ ആയിരത്തൊന്നു രാവുകള്‍പോലുള്ള ഓറിയന്റല്‍ കൃതികളിലേക്കുള്ള ഒരു കീയാണവര്‍ക്കു ലഭിക്കാതെ പോയതെന്ന് പാമുക് പരിഭവപ്പെടുന്നു.
വിശ്വോത്തര എഴുത്തുകാരായ ദസ്തയേവ്സ്കി, വിക്ടര്‍ ഹ്യൂഗോ, തോമസ് ബര്‍ണാര്‍ഡ്, നബോകോവ് തുടങ്ങിയവരുടെ കൃതികളെക്കുറിച്ചുള്ള ദീര്‍ഘമായ ആസ്വാദനക്കുറിപ്പുകളുണ്ട്. കൂട്ടത്തില്‍ തന്റെ ഇഷ്ട നോവലിസ്റായ ദസ്തയേവ്സ്കിയുടെ notes from underground, the brothers karamazov എന്നീ കൃതികളുടെ മനോഹരമായ ആസ്വാദനങ്ങള്‍ നവ്യമാര്‍ന്ന വായനാനുഭവം തന്നെയാണ്. ഈ റഷ്യന്‍ നോവലിസ്റിന്റെ കൃതികളിലുടനീളം മുഴച്ചു നിന്നത് കേവലമായ പാശ്ചാത്യവിരോധം മാത്രമായിരുന്നില്ല; മറിച്ച്, യാതൊരു മുന്‍വിചാരവുമില്ലാതെ ജഡികമായ പൊങ്ങച്ചങ്ങള്‍ക്കുവേണ്ടി മാത്രം പടിഞ്ഞാറിനുമേല്‍ ചെള്ളിനെപ്പോലെ അള്ളിപ്പിടിച്ചിരുന്ന റഷ്യയിലെ ഭൂരിപക്ഷ ബുദ്ധിജീവികള്‍ക്കെതിരെയുള്ള ഒരു തുറന്നെഴുത്തായിരുന്നു അവയെല്ലാം. ദൈവനിരാസം പുലര്‍ത്തുന്ന യൂറോപ്പിലെ ചില റാഡിക്കല്‍ ബുദ്ധിജീവികളുടെ വൃത്തികെട്ട ചേഷ്ടകള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതും അവയില്‍ നിന്ന് പിന്തിരിയാന്‍ ആഹ്വാനം ചെയ്യുന്നതുമായ ഒരു കൃതിയാണ് ദസ്തയേവ്സ്കിയുടെ fearsome demon`s എന്ന കൃതിയെ താന്‍ നിരീക്ഷിക്കുന്നതെന്നാണ് പാമുക്കിന്റെ വിലയിരുത്തല്‍.ഒരു പാശ്ചാത്യവത്കൃത രാജ്യത്ത് ജീവിക്കുന്ന എഴുത്തുകാരന്‍ എന്ന നിലയിലും സെക്കുലര്‍ മുസ്ലിം എന്ന നിലയിലും സാമ്രാജ്യത്വത്തെക്കുറിച്ചും പടിഞ്ഞാറിനെക്കുറിച്ചുമുള്ള പാമുക്കിന്റെ വിശകലനങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്. മുതലാളിത്ത രാഷ്ട്രങ്ങള്‍ മൂന്നാം ലോക/ മുസ്ലിം രാജ്യങ്ങളോട് കാണിക്കുന്ന കടുത്ത അസഹിഷ്ണുതയും പുഛവും അവരെ പട്ടിണിയില്‍ നിന്നും പാപ്പരത്തത്തില്‍ നിന്നും കരകയറ്റാന്‍ തുനിയാതെ സ്വയം തടിച്ചുകൊഴുപ്പിക്കുന്നതുമാണ് അന്തര്‍ദേശീയ സംഘര്‍ഷങ്ങളുടെ മുഖ്യകാരണമെന്നാണ് പാമുക്കിന്റെ പക്ഷം. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അകലം ഇത്രമേല്‍ വിസ്തൃതി പ്രാപിച്ച മറ്റൊരു ചരിത്രസന്ധി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതിനാല്‍ ഇങ്ങനെ നിഗമിക്കാം: it is not islam that makes poeple side with terrorists, nor is it poverty, it is the crusifying humiliation felt through out the third world.
തന്റെ വിഖ്യാതമായ ഇസ്താംബൂള്‍ എന്ന ഗ്രന്ഥത്തില്‍ ഓട്ടോമെന്‍ സാമ്രാജ്യത്തിന്റെ തിരോധാനത്തെക്കുറിച്ച് നൊമ്പരപ്പെടുന്ന പാമുക്കിന്റെ തുര്‍ക്കിയുടെ യൂറോപ്യന്‍ ലയനത്തെക്കുറിച്ചുള്ള അഭിപ്രായമാണ് രസാവഹം. കിഴക്കും പടിഞ്ഞാറും ഇഴ ചേര്‍ന്ന, ഒരു സംസ്കാരത്തിന്റെ സങ്കലിത രൂപത്തെ ആശ്ളേഷിക്കുന്നത് തുര്‍ക്കിയുടെ ആത്മാവിനെ തെല്ലും ബാധിക്കില്ലെന്ന് പാരിസ് റിവ്യൂ നടത്തിയ അഭിമുഖത്തിനിടെ പറയുന്നു. അദര്‍ കളേഴ്സ് എന്ന ഈ ഗ്രന്ഥത്തിന്റെ സംഷിപ്തമെന്ന് വിളിക്കാവുന്ന ഒരഭിമുഖമാണത്. തുര്‍ക്കിയിലെ മഞ്ഞ് പുതച്ചു കിടക്കുന്ന പട്ടണമായ കാര്‍സിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ കേന്ദ്ര വിഷയങ്ങളാക്കി രചിച്ച നോവലായ ിീം, പടിഞ്ഞാറന്‍ നാഗരികതയാല്‍ സ്വാധീനിക്കപ്പെടുന്ന തുര്‍ക്കിയുടെ ഉത്കണ്ഠയും ഒടുവില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാനാവാതെ പരാജയപ്പെടുമ്പോള്‍ നാളിതുവരെ എടുത്തണിഞ്ഞ നാട്യങ്ങളെയും അനുകരണങ്ങളെയുമോര്‍ത്തുമുള്ള തുര്‍ക്കിയുടെ കുറ്റബോധവുമെല്ലാം സര്‍ഗാത്മകമായി ആവിഷ്ക്കരിക്കപ്പെട്ട നോവലായ the white castle തുടങ്ങിയ കൃതികളുടെ ആന്തരിക രാഷ്ട്രീയം തന്നിലെ അദൃശ്യനായ ആക്ടിവിസ്റിനെ രൂപാന്തരപ്പെടുത്തിയെന്ന് പാമുക്ക് പറയുന്നു.
ടര്‍ക്കിഷ് ജനതയുടെ ജീവല്‍ പ്രശ്നങ്ങളും നൊമ്പരങ്ങളും വേവലാതികളുമെല്ലാമാണ് പാമുക്കിന്റെ നോവലുകളിലെ ഇതിവൃത്തം. ചില കഥാപാത്രങ്ങളുടെ മുഖത്തു തീണ്ടിയ ദൈന്യതയും വിഷാദവുമെല്ലാം പൌര•ാരുടെ കാലങ്ങളായുള്ള വികാര ദീനതയെ അടയാളപ്പെടുത്തുന്നു. ഒന്നുകില്‍ ആധുനികതയുമായുള്ള പൊരുത്തക്കേടു കൊണ്ടാവാം; അല്ലെങ്കില്‍ പൊയ്പ്പോയ ആ പ്രതാപകാലത്തിന്റെ തികട്ടിവരുന്ന നോസ്റാള്‍ജിക് ഫീലിങ്ങുകളാകാം. വായനക്കാരില്‍ പലരും ഓര്‍ഹന്‍ പാമുക്കിന്റെ മുസ്ലിം ഐഡന്റിറ്റിയെക്കുറിച്ച് സംശയിക്കുന്നുണ്ടാവും. എന്നാല്‍ പാമുക്കിന് പറയാനുള്ളത് ഇത്രമാത്രം (ഫ്രാങ്ക്ഫര്‍ട്ട് ബുക്ഫെയര്‍ നടത്തിയ അഭിമുഖ വേളയില്‍ പറഞ്ഞത്): I am a muslim who associates historical and cultural identification with this religion (സാംസ്കാരികവും ചരിത്രപരവുമായി ഇസ്ലാമുമായി താദാത്മ്യം പുലര്‍ത്തുന്ന ഒരു മുസ്ലിമാണ് ഞാന്‍). മൌരിന്‍ ഫ്രീലിയുടെ ലളിതവും സുഗ്രാഹ്യവുമായ ഭാഷാന്തരം കൊണ്ട് കൂടുതല്‍ സൌന്ദര്യമാര്‍ജിച്ച ആത്മകഥാസ്പര്‍ശിയായ ഈ ‘കുറിപ്പുകൂട്ടങ്ങള്‍’ വിഷയസൂചികയടക്കം 432 പേജുകള്‍ക്കൊടുവില്‍ വിരാമമിടുന്നു.
You must be logged in to post a comment Login