ശൈഖുല്‍ ഹദീസ്; മരണത്തെ വെല്ലുന്ന ഓര്‍മകള്‍

                                  അബ്ദുല്‍ സത്താര്‍ സഖാഫി അല്‍ഐന്‍.
NELLIKUTH USTHADപണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായി സാധാരണക്കാര്‍ക്കും പണ്ഡിതന്മാര്‍ക്കുമിടയില്‍ ഒരു പോലെ തിളങ്ങി ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍. ഉസ്താദിന്റെ മൂന്നാം ആണ്ടുവേളയില്‍ ഒരു ശിഷ്യന്‍റെ ഓര്‍മക്കുറിപ്പ്.

    വിഷയം എത്ര ആഴത്തിലുള്ളതാവട്ടെ, ലളിതമായും നര്‍മ്മരസം പുരട്ടിയും അവതരിപ്പിക്കാനുള്ള നെല്ലിക്കുത്ത് ഉസ്താദിന്റെ ഭാവുകത്വം അനിതരസാധാരണം തന്നെ. ഇമാം ഗസ്സാലി മറ്റൊരു തരത്തില്‍ ഉസ്താദിനെ ഓര്‍മിപ്പിക്കുന്നു; നാടന്‍ ഉപമകള്‍ കൊണ്ട്. ആ ഉപമകള്‍ കേട്ടാല്‍, എല്ലാ ചോദ്യങ്ങളും അസ്ഥാനത്തായി. ഇങ്ങനെ നാടന്‍ പ്രയോഗങ്ങളും നര്‍മരസവും കൊണ്ട് ഇസ്ലാമിനെ തലമുറകള്‍ക്ക് വിശദീകരിച്ച ആ വലിയ മനുഷ്യന്‍ വിടപറഞ്ഞിട്ട് മൂന്നാണ്ട്; റബീ.ആഖിര്‍ മുപ്പതിലേക്ക്.

  പുളിക്കല്‍ മുഖാമുഖം ഓര്‍മവരുന്നു. മുജാഹിദുകള്‍ പരിശീലനം കൊടുത്ത മൂന്ന് പേരായിരുന്നു പ്രധാന ചോദ്യകര്‍ത്താക്കള്‍. മുജാഹിദിന്റെ ആവനാഴി മുഴുവനും വഹിച്ചു കൊണ്ടുള്ള നില്പായിരുന്നു അവരുടേത്. കരുതിവച്ച പ്രധാന ചോദ്യം തന്നെ അവര്‍ വേദിക്ക് നേരെ തൊടുത്തു: “നിങ്ങള്‍ അവരെ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുകയില്ല. കേട്ടാല്‍ തന്നെ ഉത്തരം ചെയ്യുകയില്ല” എന്ന ആശയം വരുന്ന ഖുര്‍ആന്‍ വാക്യമായിരുന്നു അത്. ഇസ്തിഗാസവിരോധികളുടെ ഇമ്മിണി വലിയ അമ്പ് തന്നെ. അതിനെ ഉസ്താദ് നേരിട്ടത് ഇങ്ങനെയായിരുന്നു: “മരിച്ചവര്‍ കേള്‍ക്കില്ലെങ്കില്‍ പിന്നെ ചോദ്യം ചോദിക്കാന്‍ വരുന്ന മലക്കുകള്‍ക്കെന്താ അവിടെ കാര്യം? അവര്‍ക്കീ ആയത്ത് അറിയില്ലേ?” ഇതിന്ന് പിന്നെ മറുചോദ്യമില്ലായിരുന്നു. ഏകവഴി വിഷയം മാറ്റലായിരുന്നു. ആ വഴിക്കാണവര്‍ പിന്നീട് പോയത്.

    ഉസ്താദിന്റെ മര്‍കസിലെ ക്ളാസുകള്‍ തന്നെ പലപ്പോഴും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന സംവാദമായിരുന്നു. ആവേശം നിറഞ്ഞു നില്‍ക്കുന്ന അനുഭവമാണ് ആ ക്ളാസുകള്‍. ഖണ്ഡന പ്രസംഗത്തിന് പോകുന്ന ഒരു വിദ്യാര്‍ത്ഥിയുമായി ഏറ്റുമുട്ടി. മുജാഹിദുകള്‍ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണവന്‍ ഉന്നയിച്ചത്. “അല്ലാഹുവിന്റെ അടിമകള്‍ക്ക് അവന്‍ മതിയായവനല്ലേ. പിന്നെന്തിനാണ് ഔലിയാക്കളോട് ഇസ്തിഗാസ നടത്തുന്നത്? ഉസ്താദിന്റെ മറുപടി. “എന്തിനാണ് ഭാര്യയോട് ഭക്ഷണം ചോദിക്കുന്നത്? അല്ലാഹുവിനോട് ചോദിച്ചാല്‍ പോരേ?” ഉടനെ ശിഷ്യന്റെ മറുപടി : “അതൊക്കെ മനുഷ്യകഴിവില്‍ പെട്ട കാര്യങ്ങളാണ്. അത് അവരോട് തന്നെയാണ് ചോദിക്കേണ്ടത്. മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ സൃഷ്ടികളോട് ചോദിക്കുമ്പോഴാണ് ശിര്‍ക്കാവുന്നത്.” സദസ്സ് ഒന്നിളകി. ഉസ്താദിന്റെ മറുപടി എന്തായിരിക്കും? ഉസ്താദ് ശിഷ്യന്റെ വാദം ഒന്നുകൂടെ ഉറപ്പുവരുത്തി. “മനുഷ്യകഴിവില്‍ പെടാത്ത കാര്യങ്ങള്‍ സൃഷ്ടികളോട് ആവശ്യപ്പെട്ടാല്‍ ശിര്‍ക്കാവും അല്ലേ?”
“അതെ.”
യാതൊരു ഭാവഭേദവുമില്ലാതെ ശിഷ്യന്റെ മറുപടി.
“അപ്പോള്‍ മരത്തടി വലിച്ചു മാറ്റാന്‍ ആനയുടെ സഹായം തേടിയാല്‍ ശിര്‍ക്കായി അല്ലേ?”
“അല്ലാഹു അക്ബര്‍! സദസ്സ് ഇളകി മറിഞ്ഞു. ഉസ്താദ് കസേരയില്‍ ഒന്നുകൂടി നിവര്‍ന്നിരുന്നു.

    വട്ടം കറക്കാനുള്ള ചോദ്യമാണെന്ന് മനസ്സിലായാല്‍ അവന്റെ ആവേശം തണുപ്പിച്ചേക്കണമെന്ന് ഉസ്താദ് പറയും. ഖളാഅ് ഖദ്റിനെക്കുറിച്ച് സംസാരിക്കുന്ന ഒരു ക്ളാസില്‍ ഉസ്താദ് ഒരു ഉദാരണം പറയുകയാണ്; സ്ഥലപരിമിതികാരണം അത് വിശദീകരിക്കുന്നില്ല. ഉസ്താദിന്റെ ഉദാഹരണത്തിന് എന്റെ വക ഒരു ചോദ്യം: “…. അപ്പോള്‍ അതിന് വല്ല ‘കൊയപ്പ’വും സംഭവിച്ചാലോ” എന്ന്. അതോടെ ചോദിക്കാനുള്ള എന്റെ ആവേശം കെട്ടു. പിന്നീട് റൂമില്‍ ചെന്നു കണ്ടപ്പോള്‍ ഉസ്താദ് പറഞ്ഞു: “നിങ്ങളെ (അത് ഉസ്താദിന്റെ ഒരു ശൈലിയാണ്. എത്ര ചെറിയവരേയും അങ്ങനെയാണ് ഉസ്താദ് സംബോധന ചെയ്യുക) ഞാന്‍ ക്ളാസില്‍ വച്ച് വഷളാക്കിയതല്ല. വട്ടം കറക്കുന്നവരുടെ ആവേശം നമ്മള്‍ ആദ്യം കുറയ്ക്കണം. അപ്പോള്‍ അയാള്‍ ഒന്നു പരുങ്ങും. അത് ഉള്ള തെറ്റുകള്‍ പറഞ്ഞു കൊണ്ടാവണം. ‘കുഴപ്പം’ എന്ന് പറയേണ്ട സ്ഥലത്ത് ‘കൊയപ്പം’ എന്ന് പറയുമ്പോള്‍ മലയാളം തെറ്റിയില്ലേ? ഞാനത് പറഞ്ഞപ്പോള്‍ നിങ്ങളുടെ ആദ്യമുള്ള ആവേശം ഒന്ന് കുറഞ്ഞില്ലേ? അത് തന്നെയാണ് വേണ്ടത്.

   പിന്നീടൊരിക്കല്‍ കൊളത്തൂര്‍ അലവി സഖാഫി ഒരു മുഖാമുഖത്തില്‍ ഇതേ ശൈലി ഉപയോഗിച്ചപ്പോള്‍ ഞാന്‍ ഈയനുഭവം ഓര്‍ത്തു. മുജാഹിദുകള്‍ സാധാരണ ഓതാറുള്ള ആയതുകളുമായി ഒരാള്‍ മുഖാമുഖത്തിന് വന്നു. വളരെ ആവേശത്തോടെ അയാള്‍ ആയത്ത് ഓതി. “ഇന്‍ തദ്ഹും”. അയ്ന്‍ മൊഴിയേണ്ടതിന് പകരം ഹാഅ് ആണ് മൊഴിഞ്ഞത്. ഉടനെ കൊളത്തൂര്‍ ഉസ്താദ് പറഞ്ഞു : “തദ്ഹൂഹും അല്ല; ഹാഅ് അല്ല; തദ്ഊഹും – അയ്ന്‍ ആണ് പറയേണ്ടത്.”

   “അപ്പോള്‍ അയാള്‍ മൌലവിമാര്‍ എഴുതിക്കൊടുത്ത പേപ്പറിലേക്കു നോക്കി ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. സദസ്സില്‍ ചിരിപൊട്ടി. അയാള്‍ പറഞ്ഞു ;”ഇതില്‍ ഇത്രമാത്രം ചിരിക്കാനൊന്നുമില്ല. ഒരു വിദ്യാര്‍ത്ഥിയുടെ തെറ്റ് ഉസ്താദ് തിരുത്തി എന്ന് മാത്രമേയുള്ളൂ.” ഉടനെ അലവി സഖാഫിയുടെ മറുപടി : “മുജാഹിദ് എന്ന ആശയം തന്നെ തെറ്റാണ്. അത് തിരുത്താന്‍ തന്നെയാണിപ്പോള്‍ ഞങ്ങള്‍ വന്നത്. നിങ്ങള്‍ ചോദിക്കൂ. ഇതുപോലെ എല്ലാം തിരീപ്പിച്ച് തരാം.” പ്രസ്ഥാനത്തിന് വേണ്ടി തന്ത്രപൂര്‍വ്വം ആര് ഇടപെട്ടാലും അതില്‍ പലതും ഉസ്താദിന്റെ അക്കൌണ്ടിലേക്ക് ചെല്ലാതിരിക്കില്ല.

   എ പി ഉസ്താദും നെല്ലിക്കുത്ത് ഉസ്താദും ഒരേ വേദിയില്‍ ഇരിക്കുന്നത് എല്ലാവര്‍ക്കും ഹരമായിരുന്നു. മര്‍കസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ വേണ്ടി കൂടിയ ഒരു സദസ്സില്‍ രണ്ടു പേരും ഒരിക്കല്‍ വന്നു. ഉപദേശങ്ങള്‍ കൊടുത്ത കൂട്ടത്തില്‍ എ പി ഉസ്താദ് പറഞ്ഞു: “മക്കളേ… നിങ്ങള്‍ എല്ലാവരും ശരിക്ക് പഠിക്കണം. ബിരുദധാരി ആയിട്ട് പോലും വെള്ളിയാഴ്ച ഖുതുബക്ക് മുമ്പുള്ള മആശിറ വിളി തെറ്റിപ്പോകുന്നു എന്നു പറഞ്ഞാല്‍ എന്താ ചെയ്യുക. ശരിക്ക് പഠിക്കാത്തതു കൊണ്ടല്ലേ. നെല്ലിക്കുത്ത് ഉസ്താദ് ഇവിടെ ഇരിക്കുന്നതു കൊണ്ട് ഏത് ജില്ലക്കാരനാണ് എന്നു ഞാന്‍ പറയുന്നില്ല.”

   എ പി ഉസ്താദിന്റെ പ്രസംഗം കഴിഞ്ഞ് നെല്ലിക്കുത്ത് ഉസ്താദ് എഴുന്നേറ്റു. ആമുഖങ്ങളൊന്നുമില്ലാതെ ഉസ്താദ് പറഞ്ഞു : “കുട്ടികളേ എ പി ഉസ്താദ് പറഞ്ഞത് പോലെ നിങ്ങള്‍ ശ്രദ്ധിച്ച് പഠിക്കണം. ഇപ്പോഴത്തെ ഈ കാലഘട്ടം എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് അറിയുമോ? കോഴിക്കോട് ജില്ലയില്‍ നിന്നു വരെ മലപ്പുറം ജില്ലയിലേക്ക് മആശിറ വിളി പഠിക്കാന്‍ വരുന്ന കാലമാണിത്.” ഇതും പറഞ്ഞ് എ പി ഉസ്താദിന്റെ ഭാഗത്തേക്ക് ഒരു ചെരിയലും. ഇത് നേരത്തെ തന്റെ ജില്ലക്കിട്ട് തന്നതിനുള്ളതാണ് എന്ന രൂപത്തില്‍. ഇങ്ങനെ എത്ര രസകരമായ അനുഭവങ്ങള്‍. എഴുതിയാലും പറഞ്ഞാലും തീരുകയില്ല.
ഓര്‍ക്കാനും പഠിക്കാനുമായി ധാരാളം കാര്യങ്ങള്‍ ബാക്കിയാക്കിയാണ് ഉസ്താദ് പിരിഞ്ഞത്. ഉസ്താദിന്റെ അമൂല്യമായ സംഭാവനകളില്‍ ഒന്നാണ് ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ മിശ്കാത്തുല്‍ മസാബിഹ് എന്ന ഹദീസ് ഗ്രന്ഥത്തിനുള്ള വ്യാഖ്യാനം. ഉസ്താദ് ക്ളാസ് എടുക്കുന്ന സമയത്ത് പറയുമായിരുന്നു: ഈ മുജാഹിദ് പ്രസ്ഥാനം എന്നത് മൌലവിമാര്‍ ഒരു മേശക്കു ചുറ്റം കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണെന്ന്. എന്നിട്ട് ഇനി ഇങ്ങനെ പറയാമെന്ന് പാസ്സാക്കും. അതു തന്നെയാണ് അവരുടെ മതം. ഇന്ന് അവര്‍ തമ്മില്‍ പിരിഞ്ഞപ്പോള്‍ അക്കാര്യം പുറത്തായി. ഉസ്താദ് അന്നേ മനസ്സിലാക്കിയിരുന്നു ഇതൊക്കെ.

  ഉസ്താദിന്റെ അവസാനനാളുകളിലെ ഓരോ ക്ളാസുകളും വിയോഗം അടുത്തിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതായിരുന്നു എന്ന് ശിഷ്യന്മാര്‍ ഓര്‍ക്കുന്നു. അവസാനം, അല്‍ ഐനില്‍ ജോലി ചെയ്യുന്ന ഉസ്താദിന്റെ നാട്ടുകാരനായ മുസ്തഫ സഖാഫി ലീവ് കഴിഞ്ഞ് പോകാന്‍ ഒരുങ്ങുമ്പോള്‍ ഉസ്താദിനെ കാണാന്‍ ചെല്ലുന്നു. സഖാഫി വന്ന കാര്യം പറഞ്ഞു : “ഞാന്‍ പോവുകയാണ്, ഇനി ഇന്‍ശാഅല്ലാഹ് ഒരു വര്‍ഷം കഴിഞ്ഞിട്ടു കാണാം.” ഉസ്താദ് പറഞ്ഞു: “ഇല്ല, ഇനി കാണലുണ്ടാവില്ല.” അത് യഥാര്‍ത്ഥ്യമായി. പിന്നീട് മുസ്തഫ സഖാഫി അറിയുന്നത് ഉസ്താദ് വിടപറഞ്ഞ വിവരമാണ്.

   നെല്ലിക്കുത്ത് തന്നെയാണ് ഉസ്താദിന്റെ മഖ്ബറ. മഖ്ബറയുടെ ചാരത്തു തന്നെ വലിയ ലൈബ്രറിയും ഉസ്താദിന്റെ മകന്‍ ഫാറൂഖ് സഖാഫിയുടെ നേതൃത്വത്തില്‍ ദര്‍സും നടന്നു വരുന്നു. ഉസ്താദ് പോയി ഏതാനും മാസങ്ങള്‍ക്കു ശേഷം ഉസ്താദിന്റെ സഹധര്‍മ്മിണിയും പോയി. ഉസ്താദിന്റെ ചാരത്ത് തന്നെ അവരും വിശ്രമിക്കുന്നു.

You must be logged in to post a comment Login