ശ്രദ്ധിക്കുക; സ്റാര്‍ ഹോട്ടലുകളിലെ പന്നിമാംസം

  ഖത്തറില്‍ താമസിക്കുന്ന ഒരു സിറിയന്‍ സുഹൃത്ത് കോഴിക്കോട്ടുവന്നപ്പോള്‍ താമസിച്ച ഏറ്റവും മുന്തിയ സ്റാര്‍ ഹോട്ടലിലെ റൂമിലുള്ള പോര്‍ട്രെയ്റ്റ് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ തല്‍ക്കാലം മാറ്റാന്‍ ഹോട്ടല്‍ മാനേജ്മെന്റിന് യാതൊരു സങ്കോചവും തോന്നിയില്ല. കാരണം, അതിഥിയുടെ ഇഷ്ടം.

  അദ്ദേഹം പക്ഷേ, ഒരു ഭക്ഷണവും അവിടെ നിന്ന് കഴിച്ചില്ല. വെള്ളവും അവിടത്തെ പാത്രത്തില്‍ കുടിച്ചില്ല. പിന്നീട് ഒരു മീറ്റിനു കൊച്ചിയില്‍ വന്നപ്പോള്‍ ഇതേപ്രകാരം മുന്തിയ സ്റാര്‍ ഹോട്ടല്‍ തന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പക്ഷേ, കോഴിക്കോട്ടെ അതെ കാര്‍ക്കശ്യം അവിടെയും കാണിച്ചു. എന്താണ് ഹോട്ടലില്‍ നിന്ന് വെള്ളം കുടിക്കുന്നതിനുപോലും ഇത്ര പ്രശ്നം എന്നു എനിക്കു മനസ്സിലായില്ല.

  തിരുവനന്തപുരത്ത് ഒരു പരിപാടിക്ക് പോയ സമയത്ത് ഒരു സുഹൃത്ത് ഞങ്ങള്‍ക്ക് സ്റാര്‍ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു. പാലക്കാട്ടുകാരനായ സുഹൃത്തും ഞാനും രാവിലെ പ്രാതല്‍ കഴിക്കാന്‍ വേണ്ടി ഇറങ്ങി. മിക്ക ഹോട്ടലുകളിലും പ്രാതല്‍ കോംപ്ളിമെന്ററിയാണ്.
വിവിധതരം പഴക്കഷ്ണങ്ങളും പലതരം റൊട്ടികളും നട്ട്സ്, ഇഡ്ലി തുടങ്ങിയവയൊക്കെ നിരത്തി വച്ചിട്ടുണ്ട്.

  എന്നോട് ഇരിക്കാന്‍ പറഞ്ഞിട്ട് സുഹൃത്തു പോയി കുറെ വിഭവങ്ങള്‍ എടുത്തു കൊണ്ടുവന്നു. കൂട്ടത്തില്‍ ഒരു ചുവന്ന മാംസത്തിന്റെ സ്ലെയ്സ് ചുരുട്ടിവച്ചതുകണ്ടു. എനിക്ക് പെട്ടെന്ന് സംശയം തോന്നി. മുമ്പ് ഗോഹട്ടിയില്‍ നിന്ന് ത്രിപുരയിലേക്ക് ബസ്മാര്‍ഗം യാത്ര ചെയ്യവെ മേഘാലയയിലെത്തിയപ്പോള്‍ റോഡരുകില്‍ നിറയെ കണ്ടി. ഭദ്രമായ ഗ്രില്‍ ജാലകങ്ങള്‍ തീര്‍ത്ത മദ്യഷാപ്പുകളും ചുവന്ന പന്നി മാംസം നിരത്തിവച്ച കടകളും മനസ്സിലെത്തി.
സുഹൃത്തിനോട് ചോദിച്ചു: ഇതെന്താണ്?
“എന്താ, ഇത് മീറ്റ്. ഉസ്താദ് മനുഷ്യനെ ഒന്നും തിന്നാന്‍ സമ്മതിക്കൂല.” കമന്റ്.
ഞാന്‍ പറഞ്ഞു: എന്താണവിടെ എഴുതിവച്ചതെന്നു ഒന്നു കൂടി നോക്കി വരൂ.
അദ്ദേഹം പോയി തിരിച്ചു വന്നു പറഞ്ഞു: നമുക്കെഴുന്നേല്‍ക്കാം പന്നിമാംസമാണ്. പിന്നെ അവിടെയുള്ള ഒരു പാത്രവും നമുക്ക് ഉപയോഗിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ ഒന്നും തൊടാതെ എഴുന്നേറ്റു.

   കോഴിക്കോട്ടെ ഒരു വലിയ സ്റാര്‍ ഹോട്ടലിലും ഇതേ അനുഭവമുണ്ടായി. കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദും സംഘവും മര്‍കസ് ഗാര്‍ഡനിലെ മിലാദ് കോണ്‍ഫ്രന്‍സിനു വന്നപ്പോള്‍ കോഴിക്കോട്ടെ ഒരു പ്രമുഖ ഹോട്ടലില്‍ കയറി. ലഞ്ചിനു സമയമില്ല. നിസ്കാരം കഴിഞ്ഞു വരുമ്പോഴേക്ക് സാന്റ്വിച്ച് ഓര്‍ഡര്‍ ചെയ്തു. ഉടനെ ഗാര്‍ഡനിലേക്ക് പുറപ്പെടേണ്ടതുണ്ട്.
സാന്റ്വിച്ചും ജ്യൂസുമായി വരുന്ന വെയ്റ്റര്‍ എന്നോട് ചോദിച്ചു: ‘സര്‍, ഇതവര്‍ കഴിക്കുമോ…
“എന്താ?”
“സര്‍, ദേര്‍ ഇസ് ഹാം ഇന്‍ ഇറ്റ്…!”
(ഹാം എന്നാല്‍ പന്നിക്കൊറുക്.)
എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഇവര്‍ മാപ്പിളമാരാണെന്നറിയില്ലേ? ഞാന്‍ ദേഷ്യപ്പെട്ടു. അവന്‍ പാത്രവുമായി പെട്ടെന്ന് സ്ഥലം വിട്ടു.
മാനേജറോട് ഞാന്‍ അതൃപ്തി അറിയിച്ചു.

  എന്നാല്‍ മാനേജര്‍ വെയ്റ്ററെ ഒരു തൂണിന്റെ മറവിലേക്ക് വിളിച്ചു ശകാരിക്കുന്നത് പിന്നെ ഞാന്‍ കണ്ടു. (എന്തിനാ പഹയാ നീയതു പറഞ്ഞത്?). എല്ലാ സ്റാര്‍ ഹോട്ടലുകളിലേയും സ്ഥിതി ഇതു തന്നെയായിരിക്കണം. കള്ള് വിളമ്പുന്ന പാത്രം വെള്ളമുപയോഗിച്ച് കഴുകിയാല്‍ ശുദ്ധിയായെന്നു വരും. പക്ഷേ, പന്നി മാംസം ഉപയോഗിക്കുന്ന സ്ഥലം, മുറിക്കുന്ന കത്തി, വേവിക്കുന്ന പാത്രം, വിളമ്പുന്ന പാത്രം ഇങ്ങനെ എല്ലാമെല്ലാം മണ്ണ് കലക്കിയതടക്കം ഏഴുപ്രാവശ്യം കഴുകിയാല്‍ മാത്രമേ ശുദ്ധിയാവുകയുള്ളൂ.

  അത്തരം ഹോട്ടലുകളില്‍ നിന്ന് വെള്ളം പോലും കുടിക്കാന്‍ പറ്റില്ല. ഇതൊന്നും പലരുടെയും ശ്രദ്ധയില്‍ പെടുന്നില്ല. ജിദ്ദയില്‍ ദീര്‍ഘകാലം മര്‍കസ് കമ്മിറ്റിയുടെ ജന.സെക്രട്ടറി ആയിരുന്ന മര്‍ഹൂം കുഞ്ഞഹമ്മദ് ഹാജി (വേങ്ങാട്, മാതമംഗലം) ഒരിക്കല്‍ എന്നോട് പറഞ്ഞു: അദ്ദേഹം ഒരു ക്രിസ്ത്യന്‍ സ്ഥാപനത്തില്‍ ബികോമിനു ചേര്‍ന്നിരുന്നു. താമസം ഹോസ്റലില്‍ തന്നെ. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നോട്ടീസ് ബോര്‍ഡില്‍ ഒരു നോട്ടീസ്. എല്ലാ ഞായറാഴ്ചയും പന്നിമാംസക്കറി ഉണ്ടാവുന്നതാണ്. അന്ന് തന്നെ അദ്ദേഹം ഹോസ്റലില്‍ നിന്ന് പിന്‍മാറിയത്രെ. കാരണം ആ പാത്രത്തിലാണല്ലോ, അല്ലെങ്കില്‍ ആ മാംസം പാകം ചെയ്യാനുപയോഗിക്കുന്ന ഉപകരണങ്ങളും ഇടവും വെള്ളവും തന്നെയാണല്ലോ മറ്റുള്ളതിനും എടുക്കുന്നത്. അത്തരം ഹോട്ടലുകളില്‍ നിന്ന് സസ്യാഹാരം കഴിച്ചാലും ജ്യൂസ് കുടിച്ചാലുമൊക്കെ പന്നിമാംസത്തിന്റെ പ്രശ്നം വരും.

   നമ്മുടെ മക്കള്‍ എത്ര അന്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റലുകളിലും പഠിക്കുന്നുണ്ട്.
പന്നിമാംസത്തിന്റെ കാര്യത്തില്‍ ഇതാണ് കഥയെങ്കില്‍ സാധാരണ ഗതിയിലുള്ള മാലിന്യങ്ങളുടെ കാര്യത്തില്‍ ഇവരൊക്കെ എത്ര ശ്രദ്ധിക്കുന്നുണ്ടാവും. കള്ളും കഞ്ചാവും ചില മയക്കുമരുന്നുകളും ചേര്‍ത്ത് ടേസ്റിയാക്കുന്ന വിഭവങ്ങളുണ്ടത്രെ.
‘ഹലാല്‍’ എന്ന് എഴുതിവച്ചാലേ മുസ്ലിംകള്‍ എന്തും തിന്നുകയുള്ളൂ എന്നു മനസ്സിലാക്കിയ പാശ്ചാത്യര്‍ പന്നിമാംസത്തിലും ‘ഹലാല്‍’ എന്നെഴുതാന്‍ മറക്കാറില്ല.
മുസ്ലിം രാജ്യങ്ങളില്‍ പക്ഷേ, ഇന്റര്‍നാഷണല്‍ ഹോട്ടലുകളില്‍ പോലും ഇതു നിഷിദ്ധമാണ് എന്നാണറിയുന്നത്.
മലേഷ്യയില്‍ ചൈനക്കാരുടെയും മറ്റു പ്രത്യേക ഭക്ഷണശാലകളില്‍ പന്നിമാംസമുണ്ട്. പക്ഷേ, ഹലാല്‍ അല്ലെങ്കില്‍ ‘നോണ്‍ഹലാല്‍’ എന്നു പ്രത്യേകം എഴുതി വ്യക്തത വരുത്തണം എന്നുണ്ട്. ഇതുകൊണ്ട് എല്ലാം ഹലാലായി എന്നല്ല പറയുന്നത്. എന്നാലും അത്തരം ഹോട്ടലുകളില്‍ നിന്ന് ഇറങ്ങിപ്പോരുകയെങ്കിലും ചെയ്യാം.
അബൂയാസീന്‍,
abuyaseen21@hotmail.com

You must be logged in to post a comment Login