സുന്ദരിപ്പെണ്ണ്

othupalli

 

മദ്രസയില്‍ ആണ്‍കുട്ടികള്‍ രണ്ട് ഗ്രൂപ്പാണ്. അതിന് കാരണം ക്ളാസിലെ ഒരു സുന്ദരിപ്പെണ്‍കുട്ടിയാണ്. രണ്ട് ടീമിന്റെയും ക്യാപ്റ്റന്മാര്‍ക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നിയതാണ് കാരണം. അവളോ, ഇതൊന്നും കണ്ട പോലയല്ല നടപ്പ്, കുത്തിയിരുന്ന് പഠിപ്പാണ്.

അബ്ദുല്‍ സമദ്

   ഞാന്‍ ഒന്നാം ക്ളാസ് തൊട്ട് നാലാം ക്ളാസ് വരെ ഉമ്മയുടെ നാട്ടിലെ മദ്രസയിലായിരുന്നു. അതിന്നൊരു കാരണമുണ്ട്. എന്റെ ഉമ്മയും ഉപ്പയുടെ ഉമ്മയും തമ്മില്‍ എപ്പോഴും അലോസരം. പോരാത്തതിന് ഉപ്പ ഗള്‍ഫിലും. അതിനാല്‍ എന്റെ പഠനങ്ങള്‍ ഉമ്മയാണ് നോക്കിയിരുന്നത്. എനിക്ക് പഠിക്കാന്‍ വലിയ മടിയായിരുന്നു. ആവശ്യത്തിന് വികൃതിയും കൂടെയുണ്ടാവും. ഉമ്മയേയും ഉമ്മൂമ്മയേയും അനുസരിക്കുകയുമില്ല. വലിയുമ്മക്കാണെങ്കില്‍ ആണായിട്ടും പെണ്ണായിട്ടും ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാനല്ലാതെ അവിടെ മറ്റ് ആണുങ്ങള്‍ ഇല്ലാത്തതിനാല്‍ എന്നെ നിയന്ത്രിക്കാന്‍ അവര്‍ക്ക് വയ്യാതായി. അത്രക്ക് താലോലമായിരുന്നു.

   മദ്രസയിലും സ്കൂളിലും മടിയാണ് പോകാന്‍. ഒരു ദിവസം അടിയന്‍ ഉസ്താദ് ക്ളാസ് എടുക്കുന്ന സമയത്ത് എനിക്ക് ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അടിയന്‍ ഉസ്താദ് എന്ന് പറഞ്ഞത് എനിക്ക് മിക്ക ദിവസവും ഉസ്താദില്‍ നിന്ന് പഠിക്കാത്തതിന് അടിപതിവായിരുന്നു. ഉസ്താദിന്റെ കുറ്റമല്ല എന്റെ കുഴപ്പമാണ്. അന്ന് എനിക്കുണ്ടായ ബുദ്ധിമുട്ട് കേട്ടാല്‍ നിങ്ങള്‍ക്ക് ചിരിവരും. എനിക്ക് കാര്യം സാധിക്കാന്‍ പോകണമല്ലോ. അതിന് ഉസ്താദിനോട് അടുത്തുള്ള ‘കാര്യം’ കൂട്ടുകാരന്‍ ധരിപ്പിച്ചു. എന്നെ ഒന്നു സൂക്ഷിച്ചു നോക്കി ഉസ്താദ് എനിക്ക് അനുവാദം തന്നു. കാര്യം സാധിച്ചു തിരിച്ചെത്തിയപ്പോള്‍ ഞാന്‍ കണ്ടത് എല്ലാവരും ചിരി അടക്കി പിടിച്ചു എന്നെ നോക്കുന്നതാണ്. എനിക്ക് സങ്കടം കൊണ്ട് കരയാന്‍ വന്നു. ക്ളാസ് കഴിഞ്ഞു വീട്ടിലെത്തിയ ഞാന്‍ ഉണ്ടായ കാര്യം ഉമ്മാമ്മയോടും ഉമ്മയോടും പറഞ്ഞു. പിന്നീട് മദ്രസയില്‍ പോകാതിരിക്കാന്‍ എനിക്കൊരു കാരണവും കിട്ടിയല്ലോ. പിന്നെ ഞാനിടക്ക് ഈ കാരണം പറഞ്ഞ് മദ്രസയില്‍ പോകാറില്ല. ആ ഇടക്കാണ് ഉപ്പ ഗള്‍ഫില്‍ നിന്നും വന്നത്. ഉമ്മയെയും എന്നെയും ഉപ്പയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതും. ഞാന്‍ മദ്രസയില്‍ പോകാത്തത് അറിഞ്ഞ് ഉപ്പ എന്നെ ശകാരിക്കുകയും അടിക്കുകയും ചെയ്തു. എന്നെ അവിടെ നിന്നും മാറ്റി ഉപ്പയുടെ നാട്ടിലെ മദ്രസയില്‍ ചേര്‍ത്തു.

   ഇവിടെ ഞാന്‍ പുതുമുഖമാണ്. നാലാം ക്ളാസിലാണ് ചെന്നു ചേര്‍ന്നത്. നേരത്തെ നാലില്‍ മുക്കാകൊല്ലം പൂര്‍ത്തിയാക്കിയ വിവരം ഞാനാരോടും പറഞ്ഞില്ല. എന്റെ ക്ളാസിലെ കുട്ടികളെല്ലാവരും എന്നേക്കാളും ആരോഗ്യമുള്ള നല്ല തടിയുള്ളവരാണ്. ഇവിടെ ആണ്‍കുട്ടികള്‍ രണ്ട് ഗ്രൂപ്പാണ്. അതിന് കാരണം ക്ളാസിലെ ഒരു സുന്ദരിപ്പെണ്‍കുട്ടിയാണ്. രണ്ട് ടീമിന്റെയും ക്യാപ്റ്റ•ാര്‍ക്ക് അവളോട് വല്ലാത്ത ഇഷ്ടം തോന്നിയതാണ് കാരണം. അവളാണെങ്കില്‍ ഇതൊന്നും കാര്യമാക്കിയില്ല. കുത്തിയിരുന്ന് പഠിപ്പാണ്. അവളാണ് ആ ക്ളാസിലെ മികച്ച മാര്‍ക്ക് നേടുന്ന കുട്ടി എന്നു ഞാന്‍ മനസ്സിലാക്കി. ഞാനൊരു ഗ്രൂപ്പില്‍ മെമ്പര്‍ഷിപ്പെടുത്തു. അല്ലെങ്കില്‍ ഒറ്റപ്പെട്ടു പോകും. ഞാന്‍ പുതുമുഖമായതിനാല്‍ എല്ലാവര്‍ക്കും എന്നോട് പ്രത്യേക ഇഷ്ടമായിരുന്നു. ഞാന്‍ രണ്ട് കൂട്ടരോടും നല്ല നിലയില്‍ പെരുമാറി.

    അങ്ങനെ ക്ളാസ് നടക്കുമ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. മിക്കവരും ഉഴപ്പന്മാരാണ്. എന്റെ ഉമ്മയുടെ നാട്ടിലെ മദ്രസയില്‍ ഞാന്‍ ഏറ്റവും വലിയ ഉഴപ്പനായിരുന്നു. എന്നാല്‍ എന്നേക്കാളും വലിയ ഉഴപ്പന്മാരാണിവിടെ. ഇതെന്നെ വളരെ സന്തോഷിപ്പിച്ചു. കാരണം ഞാന്‍ ഒറ്റക്കല്ല. എന്നാല്‍ ചില അത്ഭുതങ്ങള്‍ അവിടെ സംഭവിച്ചു. ആ കൊല്ലത്തെ അരക്കൊല്ല പരീക്ഷയില്‍ മാര്‍ക്ക് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കായിരുന്നു. ഞാന്‍ തന്നെ ഒന്നു ഞെട്ടിപ്പോയി. ആ സുന്ദരിപ്പെണ്ണിനെ പിറകിലാക്കിയിരിക്കുന്നു. അവളെ ഇഷ്ടപ്പെടാത്തവര്‍ക്ക് എന്നോട് പ്രത്യേകം ഇഷ്ടം വരാന്‍ കാരണമായി. എന്നെ പൊക്കി എടുത്ത് അവളുടെ മുന്നിലൂടെ അവര്‍ മുദ്രാവാക്യം വിളിച്ചു. ആ അനുഭവം എനിക്ക് പഠിക്കാന്‍ പ്രചോദനമായി. അങ്ങനെ തുടര്‍ന്നങ്ങോട്ട് എല്ലാ ക്ളാസുകളിലും മികവ് കാട്ടാന്‍ എനിക്ക് കഴിഞ്ഞു.

   രാത്രികാല മദ്രസ ഒരു പ്രത്യേക അനുഭൂതി നല്‍കിയിരുന്നു. കരണ്ട് പോകുമ്പോള്‍ ഉസ്താദ് ഒരു ഗ്ളാസ്ലൈറ്റ് കൊണ്ടുവരും. ‘നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്’ അത് എന്ന് ഉസ്താദ് തന്നെ പറയും. ഉസ്താദ് അത് കത്തിച്ചു വെക്കും. ഒരു വിരുതന്‍ ഉസ്താദ് കാണാതെ അതിന്റെ റ്റ്യൂബ് പേന കൊണ്ട് പൊട്ടിച്ചു. അന്ന് പിന്നെ ക്ളാസ് ഫ്രീയാണ്. ഞങ്ങള്‍ക്ക് സൊറ പറഞ്ഞിരിക്കാം. നല്ല മഴയും ഇടിയും ഉണ്ടാവുകയും കൂടി ചെയ്താല്‍ ക്ളാസില്‍ മെഴുകുതിരി വെളിച്ചത്തില്‍ നല്ല ഹരമാണ്. കൂട്ടുകാര്‍ എന്തെങ്കിലും തിന്നാന്‍ കൊണ്ടു വരും. പുളിങ്ങയോ കടലയോ മറ്റൊ ഒക്കെ പുറത്തെടുക്കുന്നത് കറന്റ് പോകുമ്പോഴാണ്.

  അങ്ങനെയാണ് ഞങ്ങള്‍ ഗള്‍ഫ്ഉസ്താദിന്റെ ക്ളാസിലേക്ക് ഇരിക്കുന്നത്. ഗള്‍ഫുസ്താദ് എന്നു പറയുന്നത് അദ്ദേഹം ഒരുപാട് കാലം ഗള്‍ഫിലായിരുന്നു. ശേഷം മദ്രസയില്‍ ക്ളാസെടുക്കുമ്പോള്‍ ഉസ്താദ് അറിയാതെ ഗള്‍ഫിലെത്തും. അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിരുതന്‍ ഉസ്താദിന്റെ ഓര്‍മ്മയെ ഗള്‍ഫിലെത്തിക്കും.പിന്നെ ക്ളാസ് നല്ല രസമാണ്. ഉസ്താദ് ഗള്‍ഫിലെ ശൈഖിന്റെ കഥകളൊക്കെ വിവരിക്കും. ഞങ്ങളുടെ മനസ്സില്‍ ആദ്യമായി ഗള്‍ഫ് വരുന്നത് അങ്ങനെയായിരിക്കും. ഉസ്താദ് ഒരു സംഭവമാണ്. പഠിക്കാതെ വരുന്നവരെ ബെഞ്ചിനു മുകളില്‍ നിറുത്തും. അവരെ ഷര്‍ട്ട് അഴിപ്പിക്കും. വഷളാക്കും.

  മദ്രസ വിട്ടാല്‍ ആണ്‍കുട്ടികള്‍ പള്ളിയിലേക്ക് ഇശ നിസ്കരിക്കാന്‍ പോകണം. പെണ്‍കുട്ടികള്‍ക്ക് മദ്രസയില്‍ തന്നെ നിസ്കാര സ്ഥലമുണ്ട്. ഒരു ദിവസം ഞാനായിരുന്നു ഇമാം. ഇടക്ക് സൂറത്ത് ഓതാന്‍ മറന്നു. അതാ വരുന്നു ഗള്‍ഫ് ഉസ്താദിന്റെ അടി ചന്തിക്ക്. ഞാനൊന്നു മുരണ്ടു. ഇടക്കിടക്ക് എല്ലാവര്‍ക്കും അടികിട്ടുമായിരുന്നു.

  ഒരു ദിവസം ഉസ്താദ് ലീവായിരുന്നു. അന്ന് എല്ലാ കൂട്ടുകാരും ഹാജരായിരുന്നു. ഉസ്താദിന്റെ ലീവ് മുന്‍കൂട്ടി ഒരു വിരുതന്റെ ചെവിയില്‍ എത്തിയതാണ് കാരണം. അന്ന് അവനും വന്നിരുന്നു. മുഫത്തിശിനെപ്പോലെ എപ്പോഴെങ്കിലുമായിരിക്കും അവന്റെ വരവ്. പാവം കുടുംബം നോക്കണം. ഉപ്പ മരിച്ചിരുന്നു. പറഞ്ഞു വരുന്നത് അന്ന് ഞങ്ങളെല്ലാവരും ക്ളാസില്‍ നല്ല കളിയിലായിരുന്നു. ഒരുത്തന്‍ മേല്‍ക്കൂരയുടെ മോന്തായത്തില്‍ കയറി വീമ്പിളക്കുന്നു. ചിലര്‍ ജനാലിലൂടെ പുറത്ത് ചാടിക്കളിക്കുന്നു. ആകെ ബഹളം. അപ്പോഴാണ് ഗള്‍ഫ് ഉസ്താദ് പെട്ടെന്ന് കയറി വന്നത്. രംഗം കണ്ട ഉസ്താദ് കോപാകുലനായി. മോന്തായത്തിലുള്ളവനെ ഉസ്താദ് കണ്ടിട്ടില്ല. ഉസ്താദ് ഞങ്ങളെ ചീത്ത പറയുമ്പോഴാണ് ആ വിരുതന്‍ ഇന്ന് വന്നിട്ടില്ലേ എന്ന് ചോദിച്ചത്. അപ്പോള്‍ എന്റെ മുഖം അറിയാതെ മുകളിലേക്ക് പൊങ്ങി. അതോടെ അവനെ ഉസ്താദ് കണ്ടു. ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചു. ഉസ്താദ് അവനോട് ഇറങ്ങി വരാന്‍ കല്‍പിച്ചു. മധുരിച്ചിട്ട് തുപ്പാനും വയ്യ ഇറക്കാനും വയ്യ എന്ന പറഞ്ഞ മാതിരി ഇറങ്ങിയാല്‍ തല്ല് ഉറപ്പ്. ഇറങ്ങിയില്ലെങ്കിലും തല്ല് ഉറപ്പ് എന്നമട്ടില്‍ രണ്ടും കല്‍പിച്ച് പതുക്കെ അവന്‍ ഇറങ്ങിയതും, ഉസ്താദ് ഓടിച്ചു …. നിക്കാഹിന്റെ അധ്യായം എടുക്കുന്ന സമയത്ത് ഫുള്‍ ഹാജറായിരിക്കും. ഇന്നും ആ ഓത്തു പള്ളിയിലെ ഓര്‍മകള്‍ മിന്നി മായുന്നില്ല. ഉസ്താദ് ഇന്നും അവിടെ ക്ളാസെടുക്കുന്നു. ഞാന്‍ ഇവിടെ പ്രവാസ ജീവിതത്തിലും. അവസരം കിട്ടിയാല്‍, നാട്ടിലെത്തുമ്പോള്‍ ദര്‍സില്‍ പോകണം. അറിവ് നേടണം. അവിടുത്തെ ബഹളത്തില്‍ ലയിക്കണം.

2 Responses to "സുന്ദരിപ്പെണ്ണ്"

  1. Faisal Abdul Majeed  April 10, 2013 at 11:49 am

    ഇഷ്ടായി…

  2. NISHTHAR KK SHARJAH  November 10, 2013 at 4:27 pm

    സംഗതി പാളിപ്പോയി !

You must be logged in to post a comment Login