ശാഹിദ് എഴുതിയ മുസ്ലിംകളെയും കോണ്‍ഗ്രസിനെയും കുറിച്ചുള്ള ലേഖനം വായിച്ചു. അടിമുടി കോണ്‍ഗ്രസിനോടുള്ള പുളി, കാര്യങ്ങളെപ്പറ്റി വ്യക്തതയില്ലായ്മ എല്ലാം ആ ലേഖനത്തിലുണ്ട്. ആദ്യം അതിന്റെ കൂടെ ചേര്‍ത്ത ചിത്രത്തിലേക്ക് വരാം.
ഇന്ദിരാഗാന്ധി ഒരു പൊതുവേദിയില്‍ പ്രസംഗിക്കുന്ന ഫോട്ടോ ആണ് കൊടുത്തിട്ടുള്ളത്. അതിന്റെ അടിക്കുറിപ്പില്‍ ‘മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പൂര്‍ണ ഹിജാബില്‍ ഇന്ദിരാഗാന്ധി’ എന്ന് പറയുന്നു. വടക്കെ ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലെ ഹിന്ദു (ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും) സ്ത്രീകളുടെ വേഷവിധാനം അറിയുന്നവരാരും മുസ്ലിംകളെ സോപ്പിടാനാണ് ആ വേഷം എന്ന അഭിപ്രായം നടത്തില്ല. ഇന്ദിരാഗാന്ധി കശ്മീര്‍ പണ്ഡിറ്റ് കുടുംബം ആയിരുന്നെങ്കിലും അലഹാബാദില്‍ വളര്‍ന്ന സ്ത്രീ ആയിരുന്നതു കൊണ്ട് ആ വേഷം അവരുടെ സാധാരണമായ വേഷം തന്നെയായിരുന്നു. ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് ചുരുങ്ങിയ പക്ഷം വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകളുടെ വേഷവിധാനമെങ്കിലും പഠിക്കേണ്ടിയിരുന്നു.
കോണ്‍ഗ്രസ് മുസ്ലിംകള്‍ക്കു വേണ്ടി ഉണ്ടാക്കിയതല്ല, ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അതില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ന്യൂനപക്ഷം വരുന്ന മുസ്ലിംകളും ഉണ്ട്. അവര്‍ക്കെല്ലാം വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പക്ഷേ, ആസാദിന് ശേഷം ഒരു പവര്‍ഫുള്‍ ആയ മുസ്ലിം നേതാവ് വന്നിട്ടില്ല. മുസ്ലിം സമുദായം ഒരു പ്രത്യേക ബ്ളോക്ക് ആയി നിന്ന് കോണ്‍ഗ്രസിന്റെ വോട്ട്ബാങ്ക് ആയി എന്നല്ലാതെ കോണ്‍ഗ്രസിന്റെ കൂടെ ദേശീയ മുഖ്യധാരയിലേക്ക് വരാന്‍ എന്നും വിമുഖത കാണിച്ചിട്ടുണ്ട്.
ആസാദിനെ ഇന്ന് പ്രകീര്‍ത്തിക്കുന്നവര്‍ ആസാദിനോട് അന്ന് (സ്വാതന്ത്യ്രത്തിനു മുമ്പും ശേഷവും) സമുദായം എങ്ങനെയായിരുന്നു പെരുമാറിയത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അന്ന് ആസാദിന്റെ കൂടെ സലഫി ചിന്താഗതി പുലര്‍ത്തിയിരുന്ന ദയൂബന്ദികളായ ചിലര്‍ ഉണ്ടായിരുന്നു എന്നതും സത്യം.
മുസ്ലിം സമുദായത്തിലെ ജീര്‍ണതകളെക്കുറിച്ചും അന്ധവിശ്വാസത്തെക്കുറിച്ചും എതിര്‍ത്തു സംസാരിക്കുമ്പോള്‍ സമുദായത്തിലെ പുരോഹിതന്മാര് എതിര്പക്ഷത്തുണ്ടാവും. (കേരളത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത മുസ്ലിം ഐക്യ സംഘത്തിന്റെ പിന്‍ഗാമികള്‍ പിന്നീട് മുസ്ലിംലീഗിന്റെ ഒരു അനൌദ്യോഗിക സംഘടനയായി മാറി എന്നത് വിസ്മരിക്കുന്നില്ല).
കോണ്‍ഗ്രസ് മുഴുവനും ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, അമ്പത് ശതമാനത്തിലധികം ശരിയെ നമ്മള് ശക്തിപ്പെടുത്തണം. കാരണം കോണ്‍ഗ്രസ് ക്ഷീണിച്ചാല്‍ വര്‍ഗീയ ശക്തികളും പ്രാദേശിക ശക്തികളും ശക്തിപ്രാപിക്കും. അത് നമ്മള് കണ്ടു കഴിഞ്ഞതാണ്.മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യം വിഭജിച്ചു പോയിട്ടും ഹിന്ദുക്കള്‍ ഭൂരിഭാഗം വരുന്ന രാജ്യത്ത് മതേതര ഭരണഘടന ഉണ്ടായത് കോണ്‍ഗ്രസ് മൂലമാണ്. അന്നും കോണ്‍ഗ്രസില്‍ ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ ഉണ്ടായിരുന്നു. പക്ഷേ, അവരെ മറികടന്നാണ് ഭരണഘടന രൂപം കൊണ്ടത്. അതുപോലെ എന്നും കോണ്‍ഗ്രസില്‍ എല്ലാ തരം ആളുകളും ഉണ്ടാകും. പക്ഷേ, മതേതര വാദത്തിനു പ്രാമുഖ്യം വേണമെങ്കില്‍ മുസ്ലിംകള് കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണം. ഒരു പ്രത്യേക ബ്ളോക്ക് ആയി വോട്ട് ബാങ്ക് ആകുകയല്ല വേണ്ടത്.
കോണ്‍ഗ്രസിന്റെ കാപട്യം പറയുന്ന ലേഖകന്‍ എന്താണ് മുസ്ലിം സമുദായം ചെയ്യേണ്ടത് എന്നുമാത്രം പറയുന്നില്ല. ബിജെപിയുടെ കൂടെ കൂടാനോ? അതോ ഒരിക്കലും വിജയിക്കാത്ത മൂന്നാം മുന്നണിയെ സ്വപ്നം കാണാനോ? ഇന്ത്യയില്‍ അഖണ്ഡതയും മതേതരത്വവും ഒരു മിനിമം ലെവലിലെങ്കിലും നിലനില്ക്കണമെങ്കില് കോണ്‍ഗ്രസ് ശക്തി പ്രാപിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടാന്‍ നമ്മുടെ സമുദായം കൂട്ട് നില്ക്കുകയാണെങ്കില് അത് നമ്മള് ചരിത്രത്തോട് ചെയ്യുന്ന അനീതി ആയിരിക്കും.
(Freedom at midnight – Dominique Lapierre, Larry Collins, India Wins Freedom – Maoulana Azad, Towards Freedom Pandit Nehru, Assorted articles by Maulana Azad in Al Hilal and Al Balag.
You must be logged in to post a comment Login