വി. റസൂല്‍ ഗഫൂര്‍,
ഹുര്‍ലിന്‍, കോഴിക്കോട്
മുസ്ലിംകളുടെ ആരാധനാലയങ്ങള്‍ ‘പള്ളി’ എന്നാണ് പൊതുവില്‍ വിളിക്കപ്പെടുന്നത്. ഈ പ്രയോഗം ഒരു പരമാബദ്ധമാണ്. ‘മസ്ജിദ്’ എന്ന അറബി പദത്തിനു പകരമെന്ന നിലയില്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ‘പള്ളി’ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന ഒരു ചരിത്ര സാംസ്കാരിക അര്‍ത്ഥമുണ്ട്. അതു പരിഗണിക്കുമ്പോള്‍ നമുക്കത് ഒഴിവാക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.
പ്രാചീന കേരളത്തില്‍ ജൈന-ബൌദ്ധ ധര്‍മങ്ങള്‍ക്ക് വലിയ സ്വാധീനമായിരുന്നു. ഇന്നത്തെ പല ഹൈന്ദവ ക്ഷേത്രങ്ങളും ഒരു കാലഘട്ടത്തില്‍ ബൌദ്ധ-ജൈന മതക്കാരുടെ ആരാധനാലയങ്ങളായിരുന്നു എന്നതും സത്യം. ആ ആരാധനലയങ്ങളും അവരുടെ ധര്‍മ്മകേന്ദ്രങ്ങളുമാണ് ‘പള്ളി’ എന്ന് പേരില്‍ അന്നറിയപ്പെട്ടിരുന്നത്. ഹൈന്ദവ സംസ്കാരത്തിനു പുറത്തു നില്‍ക്കുന്നവരെയെല്ലാം ബൌദ്ധന്മാര് എന്നും അഞ്ചാംവേദക്കാര്‍ എന്നും വിളിക്കുന്ന സമ്പ്രദായവും അക്കാലത്തുണ്ടായിരുന്നു.
ഇക്കൂട്ടത്തില്‍ ഇസ്ലാംമത വിശ്വാസികളെയും അഞ്ചാംവേദക്കാരെന്നോ ബൌദ്ധ•ാരെന്നോ വിളിക്കുന്ന ശീലത്തിന്റെ ഭാഗമായി പള്ളി എന്ന വിശേഷണം മുസ്ലിം ആരാധനലയങ്ങള്‍ക്കും ബാധകമാക്കുകയാണ് അവര്‍ ചെയ്തത്. മുസ്ലിംകളെ ബൌദ്ധന്മാരാക്കിയ സവര്‍ണ്ണ പാരമ്പര്യത്തിന്റെ സംഭാവനയായ പള്ളി എന്ന വാക്കിനെ ഇക്കാലത്തും മുസ്ലിംകള് ഏറ്റെടുത്തു കൊണ്ടു നടക്കുന്നതു ശരിയാണോ? ഇസ്ലാമിന്റെ സംസ്കാരികവും ആത്മീയവുമായ വ്യതിരിക്തതകളെക്കുറിച്ച് അവബോധം ഉരുത്തിരിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇക്കാലത്തും മസ്ജിദുകളെ പള്ളി എന്നു വിളിക്കുന്നത് ശരിയല്ല. മസ്ജിദ് എന്ന ഇസ്ലാമികവും സാംസ്കാരിക വ്യതിരിക്തതയുള്ളതുമായ പദം തന്നെ നാം ഉപയോഗിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.
‘അല്ലാഹുവിന്റെ ഭവനങ്ങള്‍’ എന്നാണ് മസ്ജിദുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ശാന്തിയും സമാധാനവും നല്‍കുകയും വിശ്വാസികളെ ആത്മീയ ചിന്തകളിലേക്ക് വഴിതിരിച്ചു വിടുകയും മനുഷ്യര്‍ക്കിടയില്‍ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും വികാര വിചാരങ്ങള്‍ പ്രസരിപ്പിക്കുകയും ചെയ്യുന്നവയാണ് ഇസ്ലാമിലെ മസ്ജിദുകള്‍. മുസ്ലിം സാംസ്കാരിക ജീവിതത്തിന്റെ വിവിധ തലങ്ങളിലേക്ക് പടര്‍ന്നു കിടക്കുന്ന വിപുലമായ ദൌത്യങ്ങളുടെ കേന്ദ്രസ്ഥാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ അവ. വിജ്ഞാന വ്യാപനത്തിനും, മതപരമായ അവബോധ വ്യാപനത്തിലുമൊക്കെ മസ്ജിദുകള്‍ക്ക് പരമപ്രധാന്യമുണ്ട്.
വലിയ ഷോപ്പിംഗ് സമുച്ചയങ്ങള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങിയമര്‍ന്ന് നില്ക്കുന്ന മസ്ജിദുകള്‍ ഇന്ന് കേരളത്തിലെ ദയനീയ കാഴ്ചയാണ്. മസ്ജിദുകളോടു ചേര്‍ന്ന് ഷോപ്പിംഗ് കോപ്ളക്സുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നത് നടത്തിപ്പിനായുള്ള പണം കണ്ടെത്താനായിരിക്കാം. പക്ഷേ, അത് പള്ളിയുടെ പ്രൌഢികുറച്ചും അനുബന്ധ കെട്ടിടങ്ങളുടെ പ്രൌഢി കൂട്ടിയുമാവുന്നത് ശരിയല്ല. മസ്ജിദുകള്‍ സ്വതന്ത്രമായി വേറിട്ടു തന്നെ നില്‍ക്കണം. അവയ്ക്ക് ചുറ്റും ധാരാളം തുറസ്സായ സ്ഥലങ്ങളും, പച്ചപ്പുകളും, ശുദ്ധവായു ലഭിക്കുന്നതിനുള്ള അന്തരീക്ഷവുമാണ് ഉണ്ടായിരിക്കേണ്ടത്. കച്ചവടത്തിന്റെയും വ്യാപാരത്തിന്റെയും അന്തരീക്ഷ- സാഹചര്യങ്ങളില്‍ നിന്ന് മസ്ജിദുകളെ മാറ്റി നിര്‍ത്തി അവയുടെ പവിത്രതയും സാംസ്കാരിക ഗൌരവവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
പ്രാചീന മുസ്ലിംചരിത്രത്തിലെ വൈജ്ഞാനിക- അദ്ധ്യാത്മിക വിനിമയങ്ങളുടെ കേന്ദ്രബിന്ദുക്കളായിരുന്നു മസ്ജിദുകളെങ്കില്‍ ആ സാംസ്കാരിക ഔന്നത്യത്തിലേക്കവയെ തിരികെ കൊണ്ടുപോവേണ്ടതാവശ്യമാണ്.
മസ്ജിദുകള്‍ നിര്‍മിക്കുന്നത് വലിയ പുണ്യപ്രവൃത്തിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. മസ്ജിദുകള്‍ നിര്‍മിക്കുന്ന ഒരാള്‍ സ്വര്‍ഗത്തില്‍ ഒരിടം നേടി’യെന്നാണ് പ്രവാചക അധ്യാപനം. എന്നാല്‍ അറബികളുടെയും മറ്റും പണം കൊണ്ട് നിര്‍മിക്കപ്പെടുന്ന മുസ്ലിം ആരാധനാലയങ്ങള്‍ക്ക് സ്പോണ്‍സറുടെ പേര് നല്‍കുകയും ആ പേരിലവ അറിയപ്പെടുകയും ചെയ്യുന്നത് കണ്ടുവരുന്നു. അല്ലാഹുവിന്റെ ഗേഹങ്ങളായ മസ്ജിദുകള്‍ വ്യക്തികളുടെ പേരില്‍ അറിയപ്പെടുന്നത് ശരിയാണോ എന്നു ചിന്തിക്കണം. പ്രവാചകന്മാരുടെയും ഖുലഫാഉര്‍റാശിദുകളുടെയും മറ്റ് പുണ്യാത്മാക്കളുടെയും പേരുകള്‍ മസ്ജിദുകള്‍ക്ക് നല്കപ്പെടുന്നത് പഴയകാല മുസ്ലിം സാമൂഹികതയിലെ പതിവായിരുന്നു. അത് അംഗീകൃതവുമാണ്. എന്നാല്‍ കുബേരന്മാരുടെ പ്രൌഢി കൂട്ടാന്‍ ആരാധനലായങ്ങള്‍ നിമിത്തമാവുന്നതിലെ സാംസ്കാരികമായ അപചയം തിരിച്ചറിയപ്പെടേണ്ടതുണ്ട്.
പ്രാര്‍ത്ഥനാലയങ്ങള്‍ എന്ന നിലയില്‍ മസ്ജിദുകള്‍ വൃത്തിയുടെയും വിശുദ്ധിയുടെയും കേന്ദ്രങ്ങളായിരിക്കണമല്ലോ. അംഗശുദ്ധി വരുത്തുക എന്നതില്‍ മാത്രമൊതുങ്ങുന്ന ഒരു ശുദ്ധി സങ്കല്പമാണ് ഇന്ന് പലര്‍ക്കുമുള്ളത്. എന്നാല്‍ നിസ്കാരത്തിനു വേണ്ടി വന്നെത്തുന്ന ഒരു വ്യക്തി എല്ലാത്തരം അസ്വസ്ഥതകളില്‍ നിന്നും മുക്തനായിരിക്കേണ്ടതാണ്. ആ നിലക്ക് മൂത്രമൊഴിക്കുവാനും, അംഗശുദ്ധി വരുത്താനുമുള്ള സൌകര്യത്തോടൊപ്പം തന്നെ മലവിസര്‍ജനത്തിനുള്ള സൌകര്യം കൂടി പള്ളികളില്‍ അത്യാവശ്യമാണ്. മനുഷ്യന്റെ നിയന്ത്രണത്തിനും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തുള്ള ശാരീരികമായ ആവശ്യങ്ങള്‍ എന്ന നിലയില്‍ മല-മൂത്ര വിസര്‍ജനത്തിനുള്ള സൌകര്യങ്ങള്‍ നിസ്കരിക്കാന്‍ എത്തുന്നവര്‍ക്കായി ഒരുക്കണം. മലവിസര്‍ജനത്തിന്റെ ആവശ്യകത നേരിടുന്ന ഒരാള്‍ക്ക് അസ്വസ്ഥത സഹിച്ചുകൊണ്ട് നിസ്കരിക്കേണ്ടി വരികയോ, അല്ലെങ്കില്‍ നിസ്കാരം മാറ്റിവച്ച് ഒരു കാര്യം നിര്‍വഹിക്കാനായി ഓടേണ്ടി വരികയോ ചെയ്യുന്നത് ദുരവസ്ഥയാണ്. ഇക്കാര്യം നമ്മുടെ മസ്ജിദുകള്‍ അക്കാര്യം ചെയ്യുന്നവരും മതപണ്ഡിത•ാരും മറ്റും ഗൌരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.
You must be logged in to post a comment Login