‘നാമുണരും മുമ്പേ വൃക്ഷച്ചില്ലകളിലിരുന്ന് വിടരുന്ന പുഷ്പം പരത്തുന്ന സുഗന്ധാന്തരീക്ഷത്തില്‍ സൂര്യോദയം വരെ സ്രഷ്ടാവായ നാഥനെ വാഴ്ത്തുന്ന പറവകള്‍ അശ്രദ്ധരായ മനുഷ്യരെ നോക്കി പാടുന്ന സങ്കീര്‍ത്തനങ്ങള്‍ എന്താണ്? ആന്ധ്യത ബാധിച്ച നയനങ്ങളും അടഞ്ഞ കര്ണപുടങ്ങളും മനുഷ്യനെ ആലസ്യത്തിന്റെ ആഴങ്ങളിലേക്കാഴ്ത്തുമ്പോഴും അവന് എത്രമേല്‍ ധാര്‍ഷ്ട്യത്തോടെയാണ് ഇതര ജന്തുക്കളെ പുഛിക്കുന്നതും സസ്യങ്ങളെ ചവിട്ടിമെതിക്കുന്നതും!
മുഹ്സിന് എളാട്
‘രക്തസാക്ഷിയുടെ ചെഞ്ചോരയെക്കാള്‍ അത്യുത്കൃഷ്ടമാണ് പണ്ഡിതന്റെ തൂലികയിലെ മഷിത്തുള്ളികള്’ എന്ന തിരുവചനം അത്യധികം അര്‍ത്ഥപൂര്‍ണതയോടെ ബോധ്യപ്പെടുന്നത്, ഇരുള്‍മുറ്റിയ ഒരാസുരകാല സന്ധിയില്‍ വിജ്ഞാന വെളിച്ചത്താല്‍ സ്വജനതയെ ഉത്ഥാനം ചെയ്തെടുത്ത പണ്ഡിത ജ്യോതിസ്സുകള്‍ അസ്തമിക്കുമ്പോഴാണ്. അത്തരം അകാല വിയോഗങ്ങള്‍ തീര്‍ക്കുന്ന ശൂന്യതയുടെ മഹാഗര്‍ത്തങ്ങള്‍ നോക്കി മാനവരാശി അന്ധാളിക്കുന്നത്, വില കൊടുത്തുപോലും വീണ്ടെടുക്കാനാവാത്ത ധൈഷണിക പ്രതിഭാത്വത്തിന്റെയും അതിന്റെ ജൈവികവും അനുസ്യൂതവുമായ വിനിമയത്തിന്റെയും നഷ്ടപ്രതാപങ്ങളോര്ത്താണ്. അങ്ങനെയുള്ള മഹാമനീഷികളുടെ ജീവിതമുദ്രകളെയാണ് ചരിത്രം ചുവരുകളില്‍ കൊത്തിവെക്കാനും ലോകം നിതാന്തം അനുസ്മരിക്കാനും ഔത്സുക്യം കാണിക്കാറുള്ളത്. തികഞ്ഞ പാണ്ഡിത്യത്തിന്റെ കിരീടത്തിനുമേല്‍ സ്വര്‍ഗ ലബ്ധിക്ക് നിദാനമായ രക്തസാക്ഷിത്വത്തിന്റെ പൊന്തൂവലുമേന്തി ഈയിടെ വിടപറഞ്ഞ സിറിയന്‍ സുന്നീപണ്ഡിതന്‍ ശൈഖ് റമളാന്‍ ബൂത്വിയുടെ വിയോഗം ലോകത്തിനു മുമ്പില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോഴും വിജ്ഞാനം തുളുമ്പുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ചിന്തോദ്ദീപകമായ പ്രഭാഷണങ്ങളും മറവിയുടെ ചതുപ്പുനിലങ്ങള്‍ക്കു മേല്‍ ഓര്‍മയുടെ അപ്രതിരോധ്യമായ ഗോപുരങ്ങള്‍ പണിയുന്നത് അതുകൊണ്ടാണ്.
ഇസ്ലാമിക പാരമ്പര്യത്തിന്റെ ഈറ്റില്ലമായിരുന്ന ഡമസ്ക്കസ് കേന്ദ്രമാക്കി, ആഗോള ഇസ്ലാമിക വൈജ്ഞാനിക പ്രബോധക മണ്ഡലത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തിയ സഈദ് റമളാന്‍ ബൂത്വി ശ്രദ്ധേയനായത് തന്റെ വ്യക്തിത്വത്തിന്റെ മൌലികമായ സവിശേഷതകളിലൊന്നായി മാറിയ ബഹുമുഖ ധൈഷണിക പ്രതിഭാത്വം കൊണ്ടായിരുന്നു. മതം, ആത്മീയത, കര്‍മശാസ്ത്രം, ആധുനിക ശാസ്ത്രം, സാഹിത്യം, തത്വചിന്ത, മാര്‍ക്സിസ്റ് വിമര്‍ശം എന്നിങ്ങനെ നാനാവിധത്തിലുള്ള ജ്ഞാനശാഖകള്‍ ആ പാണ്ഡിത്യത്തിന്റെ പ്രൌഢിയേറ്റി. വിവേകമുള്ള വിജ്ഞാനകുതുകികള്‍ക്ക് അനുഭൂതിദായകവും തമസ്സിന്റെ ഉപാസകരെ സംബന്ധിച്ചിടത്തോളം ആശങ്കാജനകവുമായ അദ്ദേഹത്തിന്റെ ചില രചനകളും പ്രഭാഷണങ്ങളും നല്കിയ നിര്‍വൃതി പങ്കുവെക്കാനും പരിചയപ്പെടുത്താനുമാണ് ഈ ലേഖനം ഉദ്യമിക്കുന്നത്.
ശൈഖ് സഈദ് റമളാന്‍ ഭേദിച്ചു കടന്ന രണ്ടു സ്വാഭാവിക വെല്ലുവിളികള്‍ കാണാതെ പോവരുത്. ലോകത്തെ ഏറ്റവും ഉത്കൃഷ്ടമായ കാര്യം അറിവാണെന്ന കേവലമായ പൊതുധാരണയെ വകഞ്ഞുമാറ്റി അറിവിന്റെ സമൂലമായ പ്രയോഗവല്‍ക്കരണവും ഉപയോഗവുമാണെന്ന ആത്യന്തികമായി പണ്ടുകാലം മുതലേ പ്രചാരത്തിലുള്ള കാഴ്ച്ചപ്പാടുകള്‍ സജീവമാകുന്ന കാലമാണിത്. ആഗോളവല്‍ക്കരണാനന്തര ആധുനികതയുടെ ഉപോല്പ്പന്നങ്ങളായി വന്ന അതിവിസ്തൃതവും സീമാതീതവുമായ നവമാധ്യമസംസ്കാരം ഈ കാഴ്ച്ചപ്പാടുകള്‍ക്ക് ഊഷ്മളത പകരുന്നുണ്ട്. വിജ്ഞാനമെന്നാല്‍ വിപണനം ചെയ്യപ്പെടേണ്ടതാണെന്ന കോര്‍പ്പറേറ്റുകളുടെ വഴുക്കന്‍ നിര്‍വചനങ്ങള്‍ ആധിപത്യം നേടിയതും ഭിന്ന രൂപങ്ങളില്‍ രംഗം കൈയടക്കിയതും ഈ കാലത്താണ്. എന്നാല്‍ നവസാങ്കേതിക വിദ്യയൊരുക്കുന്ന വിനിമയോപാധികളുടെ അകമ്പടിയോടു കൂടെ തന്നെ പരമ്പരാഗത വൈജ്ഞാനിക വെളിച്ചത്തിന് മങ്ങലേല്ക്കാതെ വിനിമയത്തെയും പ്രബോധന പ്രവര്‍ത്തനങ്ങളെയും മത ജാതി വര്‍ണ വര്‍ഗ വൈജാത്യങ്ങള്ക്കപ്പുറമുള്ള ഒരു വിശാല വൃന്ദത്തിന് പകര്‍ന്നു നല്കുന്നിടത്താണ് സഈദ് റമളാന്‍ ബൂത്വി ഇതിഹാസമാകുന്നത്. അതു കൊണ്ടു തന്നെയാകണം രചനാ വൈഭവത്തെക്കാളേറെ സിറിയയിലെ ബദുവിയന്‍ സമൂഹങ്ങള്‍ക്ക് പോലും ഉള്‍ക്കൊള്ളാവുന്ന പ്രഭാഷണകലയെ അദ്ദേഹം വികസിപ്പിച്ചെടുത്തതും.
ജാമിഉല്‍ അസ്ഹറിലെ വര്‍ഷങ്ങള്‍ നീണ്ട പഠന സപര്യയിലൂടെ ആര്‍ജിച്ചെടുത്ത ഇസ്ലാമിക ജ്ഞാനത്തെ പിന്നീട് സെക്കുലര്‍ പാഠ്യശാസ്ത്രങ്ങളുമായി ചേര്‍ത്ത് വികസിപ്പിച്ചെടുത്ത് ഫലപ്രദമായി വ്യയം ചെയ്തു എന്നതാണ് സഈദ് റമളാന്‍ ബൂത്വിയുടെ ബൌദ്ധിക വിതാനങ്ങളെ വിഭിന്നമാക്കുന്ന മറ്റൊരു സംഗതി. നവലോകക്രമത്തിലെ ഇസ്ലാമിക പ്രബോധന ദൌത്യങ്ങള്‍ക്ക് മുഖ്യമായും പണ്ഡിതന്മാര് നേരിടുന്ന വെല്ലുവിളികളിലൊന്ന് ‘എങ്ങനെ പാരമ്പര്യ ഇസ്ലാമിക പാണ്ഡിത്യത്തെ ആധുനിക സെക്കുലര്‍ പാഠ്യപദ്ധതികളുമായി സംയോജനം ചെയ്യാം’ എന്നതായിരിക്കുമെന്ന നിരീക്ഷണം ശക്തമാണ്. ഇത്തരമൊരു സന്ദിഗ്ധതയിലാണ് അതാതുകാലങ്ങളില്‍ ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നു വരുന്ന സമസ്യകളെ വിശുദ്ധ ഖുര്‍ആന്റെയും ഹദീസുകളുടെയും വെളിച്ചത്തില്‍ സൂക്ഷ്മമായ അപഗ്രഥനങ്ങളിലൂടെ വ്യാഖ്യാനിച്ച് ശൈഖ് സഈദ് റമളാന്‍ ഉദ്ബോധനം ചെയ്തത്. മാര്‍ക്സിസവും ഡാര്വിനിസവുമെല്ലാം സഈദ് റമളാന്റെ വിശകലനങ്ങള്‍ക്ക് വഴങ്ങിയ വിഷയങ്ങളിലെ ഉദാഹരണങ്ങള്‍ മാത്രം.
നാം മലയാളികള്‍ മധുരമണിപ്രവാളമെന്ന് ലളിതമലയാളത്തെക്കുറിച്ച് പറയുന്നത് പോലെ ലളിതവും ബോധമണ്ഡലങ്ങളെ തഴുകിത്തലോടാന്‍ പാകത്തില്‍ സുഗ്രാഹ്യവുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ. അതിനിടയില്‍ കൌതുകകരമായ ഉപമകളും അറബി നാടന്‍ ചൊല്ലുകളും ഇംഗ്ളീഷ് പഴമൊഴികളും കടന്നുവരും. സദാ മന്ദഗതിയില്‍ ആരംഭിക്കുന്ന ആ ഭാഷണങ്ങളില്‍ വികാരഭേദങ്ങള്‍ അലിഞ്ഞുചേര്‍ന്നിരിക്കും. ദേശസ്നേഹത്തെയും അറബ് ഐക്യത്തെയും പറ്റി പറയുമ്പോള്‍ ഗൌരവമാകുന്ന ആ സ്വരം സാമ്രാജ്യത്വ വിരോധവും ഇസ്രായേല്‍ ആക്രമണങ്ങളും കടന്നു വരുമ്പോള്‍ ഇടിമുഴക്കം കണക്കെ പ്രക്ഷുബ്ധമാകും. ഒടുവില്‍ പ്രപഞ്ച നാഥന്റെ കാരുണ്യം തേടിയുള്ള കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളോടെ, നിറഞ്ഞ ശാന്തതയോടെ അവ പരിസമാപ്തി കുറിക്കും.നബിചര്യയുടെ തുടര്‍ച്ചയെന്നോണം ഡമസ്കസിലെ മസ്ജിദുല്‍ ഈമാനിലും മറ്റും നടത്തുന്ന ദിനേനയുള്ള ദര്‍സുകള്‍ക്കു പുറമെ സിറിയയിലെ പത്തോളം വരുന്ന ടെലിവിഷന്‍/ റേഡിയോ ചാനലുകളിലൂടെയും ആ ജ്ഞാനമുത്തുകള്‍ ഒരു പ്രവാഹം കണക്കെ ഒഴുകി. ഇഖ്റഅ് ചാനലിലെ ഖുര്‍ആന്റെ അമാനുഷികതയും ചരിത്രപഠനവും സംബന്ധിച്ചുള്ള അവതരണങ്ങള്‍, സിറിയയിലെ പ്രധാന ചാനലുകളിലൊന്നായ ഫളാഇലു സൂരിയ്യയിലെ ശര്‍ഹു ഹികമില്‍ അത്വാഇയ്യ, അസ്ഹരിയിലെ ജിഹാദ് പഠനം, രിസാല ചാനലിലെ സമകാലിക ഇസ്ലാമിക ചിന്തയെ കുറിച്ചുള്ള പഠനങ്ങള്‍ തുടങ്ങിയവ സഈദ് റമളാന്‍ ബൂത്വിയുടെ ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ ചിലതാണ്. ചര്‍ച്ചയും വിശകലനവും ചോദ്യോത്തരങ്ങളും ഒത്തു ചേരുന്ന ഈ പഠന ക്ളാസ്സുകള്‍ അനുഭവിക്കാന്‍ പണ്ഡിതരും വിദ്യാര്‍ത്ഥികളുമടക്കം സിറിയന്‍ ഗ്രാമീണര്‍ പോലും ജിജ്ഞാസയോടെ കാത്തിരിക്കാറുണ്ടത്രെ! ബൂത്വിയുടെ ഖുര്‍ആന്‍ പഠനങ്ങളാണ് ഏറെ ഹൃദ്യം. അര്‍ത്ഥ ഗര്ഭമായ ഒന്നോ രണ്ടോ ഖുര്‍ആന്‍ സൂക്തങ്ങളായിരിക്കും പഠന ക്യാമ്പുകളുടെ പ്രമേയമെങ്കിലും ആധുനിക ശാസ്ത്രവും സാഹിത്യവും പുതിയ കാല സംഭവവികാസങ്ങളുമെല്ലാം അതിലൂടെ കടന്നുവരും. ഖുര്‍ആന്റെ ആന്തരികാര്ത്ഥങ്ങളിലൂടെ ഊളിയിട്ട് പണ്ഡിതോചിതമായ ഔചിത്യ ബോധത്തോടെ സമസ്ത വിഷയങ്ങളെയും സമീപിക്കുന്ന അത്തരം ക്ളാസ്സുകള്‍ കേള്‍ക്കാനാണ് ഭൂരിപക്ഷം ശ്രോതാക്കള്‍ക്കും ഏറെ പ്രിയം. എന്നാല്‍ അദ്ധ്യാത്മിക വിചിന്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നതും സൂഫീ വിചാരങ്ങളില്‍ ലീനവുമായ സഈദ് റമളാന്‍ ബൂത്വിയുടെ തസ്വവ്വുഫ് ക്ളാസ്സുകളാണ് ഏറെ മികച്ചതെന്ന് മറ്റൊരു പക്ഷം.
മാനവിക മൂല്യങ്ങളായ സ്നേഹവും സഹിഷ്ണുതയും പരസ്പര ബഹുമാനവുമെല്ലാം കമ്പോളവല്‍ക്കരിക്കപ്പെട്ട പദങ്ങളായി മാറുന്ന ഇക്കാലത്ത് ഉടലെടുക്കുന്ന നാനാവിധത്തിലുള്ള പ്രതിസന്ധികളുടെയും അസ്വസ്ഥതകളുടെയുമെല്ലാം മൂലഹേതു മനുഷ്യന്റെ മൌലികമായ സ്വഭാവഗുണങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്ന് ബൂത്വി നിരീക്ഷിക്കുന്നുണ്ട്. ‘സ്വയം പരിവര്‍ത്തിതമാകാതെ ഒരു ജനതയെയും അല്ലാഹു പരിവര്‍ത്തിപ്പിക്കുകയില്ലെ’ന്ന തലവാചകത്തോടെ ആരംഭിക്കുന്ന ഒരു പ്രഭാഷണം ഹിജ്റാനന്തര കാലത്തെ മദീനയിലെ സാമൂഹ്യനിര്‍മിതിയുടെ പഠനങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ്. അറബ്വസന്തത്തെ സൈന്യം അടിച്ചമര്‍ത്തിയപ്പോള്‍ അഭയാര്‍ത്ഥികളായി ഡമസ്ക്കസ് തെരുവുകളിലെത്തിച്ചേര്ന്ന അനേകായിരങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് നമ്മുടെ ബാധ്യതയാണെന്ന് അനുവാചകരെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഒട്ടേറെ നിഷ്കളങ്ക ജീവനുകളും സ്വപ്നങ്ങളും അഭിമാനവും കവര്‍ന്നെടുക്കുകയും അലഞ്ഞു തിരിയാന്‍ കുറെ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുകയും ചെയ്യുകയല്ലാതെ വിപ്ളവം നിര്‍മാണാത്മകമായ ഒന്നും നല്‍കിയിട്ടില്ലെന്നാണ് ബൂത്വി ഈ പ്രഭാഷണത്തിലൂടെ സമര്‍ത്ഥിക്കുന്നത്. സാമ്രാജ്യത്വം താണ്ഡവ നൃത്തം ചവിട്ടിയ മാനുഷിക മൂല്യങ്ങളുടെയെല്ലാം പൊടി തട്ടിയെടുത്ത് പുനരുജ്ജീവിപ്പിച്ച് പാരസ്പര്യത്തിന്റെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മനുഷ്യമസ്തകത്തില് നാമ്പെടുത്തു വളര്‍ന്ന ആര്‍ദ്രമായ മാനുഷിക മൂല്യങ്ങളെ കുറിച്ച് ഖുര്‍ആന്റെ അവതരണം എത്രമാത്രം മനോഹരമാണ്: “തങ്ങളിലേക്ക് സ്വദേശം വെടിഞ്ഞെത്തുന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് നല്കപ്പെട്ട ധനം സംബന്ധിച്ച് തങ്ങളുടെ മനസ്സുകളില്‍ യാതൊരാവശ്യവും അവര്‍ കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും”’(59:9). ഭൂമിയിലെ സസ്യലതാദികളിലും പടുകൂറ്റന്‍ വൃക്ഷങ്ങളിലുമെല്ലാം ജീവന്റെ തുടിപ്പുകളുണ്ടെന്ന് ഖുര്‍ആന്റെ വെളിച്ചത്തില്‍ ശക്തമായി വാദിക്കുന്ന ഈജിപ്തിലെ ആധുനിക ഖുര്‍ആന്‍ പണ്ഡിതനായ അല്ലാമ മുതവല്ലി ശഅ്റാവിയുടെ വാദമുഖങ്ങള്‍ ബൂത്വിയുടെ പ്രഭാഷണങ്ങളിലും തെളിഞ്ഞു കാണാം. മദീനാ മസ്ജിദിലെ സ്ഥാനാന്തരം ചെയ്യപ്പെട്ട മിമ്പര്‍ കരഞ്ഞ സംഭവമാണ് ഇതിന് ഉപോല്‍ബലകമായി ബൂത്വി ഉദ്ധരിക്കുന്നത്. ബൂത്വി ചോദിക്കുന്നു: “നാമുണരും മുമ്പേ വൃക്ഷച്ചില്ലകളിലിരുന്ന് വിടരുന്ന പുഷ്പം പരത്തുന്ന സുഗന്ധാന്തരീക്ഷത്തില്‍ സൂര്യോദയം വരെ സ്രഷ്ടാവായ നാഥനെ വാഴ്ത്തുന്ന പറവകള്‍ അശ്രദ്ധരായ മനുഷ്യരെ നോക്കി പാടുന്ന സങ്കീര്‍ത്തനങ്ങള്‍ എന്താണ്? ആന്ധ്യത ബാധിച്ച നയനങ്ങളും അടഞ്ഞ കര്ണപുടങ്ങളും മനുഷ്യനെ ആലസ്യത്തിന്റെ ആഴങ്ങളിലേക്കാഴ്ത്തുമ്പോഴും അവന് എത്രമേല്‍ ധാര്‍ഷ്ട്യത്തോടെയാണ് ഇതര ജന്തുക്കളെ പുഛിക്കുന്നതും സസ്യങ്ങളെ ചവിട്ടിമെതിക്കുന്നതും! നിസ്സാരമെന്ന് നാം നിനച്ചുപോയ ഇത്തിരിക്കുഞ്ഞന് കാര്യങ്ങളില്‍ നിന്നെല്ലാം ചിന്തയുടെ നദിയൊഴുകുന്നത് നാമെന്ത് കൊണ്ട് കാണാതെ പോവുന്നു?”
ഇസ്റയേലാണ് അമേരിക്കയെക്കാള്‍ കൊടിയ വില്ലനെന്ന ബൂത്വിയുടെ പ്രഭാഷണങ്ങളിലെ പരാമര്‍ശങ്ങളോട് പ്രത്യക്ഷതലത്തില്‍ പലരും വിയോജിക്കുമെങ്കിലും ആത്യന്തികമായ അര്‍ത്ഥതലങ്ങളില്‍, ആശയക്കുഴപ്പത്തിന്റെ പതിരുകളെ പറത്തിക്കളയുന്ന വലിയ ശരികളുടെ വീര്യമുണ്ടെന്ന് അവര്‍ സമ്മതിക്കും. പിറന്ന ഭൂമിയില്‍ നിന്നൊരു ജനവിഭാഗത്തെ ആട്ടിയോടിച്ച് അഭയാര്ത്ഥികളാക്കിയതിന്റെ വേദനകളും യാതനകളും ഫലസ്തീനികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് അമ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞുപോയത് പല സെക്യുലര്‍ ബുദ്ധിജീവികളും അറിഞ്ഞ മട്ടില്ല. ഫലസ്തീനികള്‍ എന്നൊരു ജനവിഭാഗം നിലനില്ക്കുന്നില്ല എന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡാമെയര്‍ 1970ല്‍ നടത്തിയ പ്രസ്താവന ഫലസ്തീന് ജനതയെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് അറബ് ദേശീയതയെത്തന്നെ വ്രണപ്പെടുത്തുന്നുണ്ട്. ഒരു രാഷ്ട്രത്തെ തന്നെ ഭൂപടത്തില്‍ നിന്ന് നിഷ്ക്കാസനം ചെയ്യാനുള്ള ബോധപൂര്‍വമായ കുതന്ത്രങ്ങളുടെ ഭാഗമായാണ് അത് പുറത്തുചാടിയത്. പ്രസ്തുതാര്‍ത്ഥത്തില്‍, ഇസ്രായേലിനും അമേരിക്കക്കുമെതിരെ വിശുദ്ധയുദ്ധത്തിനൊരുങ്ങാനുള്ള സഈദ് റമളാന്‍ ബൂത്വിയുടെ വിളംബരങ്ങളില്‍ അതിശയോക്തിയില്ല. ഇത്തരം പ്രതിരോധാത്മക സമരങ്ങളെ ടെററിസമെന്ന് വിളിക്കാനാണ് നിങ്ങള്‍ ഉത്സാഹിക്കുന്നതെങ്കില് അത്തരമൊരു വിശുദ്ധയുദ്ധത്തില്‍ ഞങ്ങള്ക്കഭിമാനമുണ്ടെന്ന് കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുദ്ധരിച്ച് പടിഞ്ഞാറിന്റെ മുഖത്തുനോക്കിപ്പറയാന്‍ ചങ്കൂറ്റം കാണിക്കുകയായിരുന്നു സഈദ് റമളാന്‍. മാതൃരാജ്യത്തെ ആക്രമിച്ചു കീഴടക്കാന്‍ കടന്നുവന്ന പറങ്കിപ്പടക്കെതിരെ യുദ്ധത്തിന് സജ്ജരാകാന്‍ ആഹ്വാനം ചെയ്ത് തുഹ്ഫതുല്‍ മുജാഹിദീനും തഹ്രീളും പോലുള്ള സമരോത്സുക ഗ്രന്ഥങ്ങള്‍ രചിച്ച മഖ്ദൂമുമാരുടെ പണ്ഡിതോചിതമായ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെ നോക്കിക്കണ്ട അതേ ആങ്കിളിലൂടെയാണ് ശൈഖ് സഈദ് റമളാന്‍ ബൂത്വിയുടെ പ്രഭാഷണങ്ങളെയും ഗ്രന്ഥങ്ങളെയും വിലയിരുത്തേണ്ടത്. ഫലസ്തീന്, വിമോചനസമരത്തില്‍ അക്ഷരക്കനലുകള്‍ കൊണ്ട് ഭാഗഭാക്കായ എഡ്വേഡ് സൈദിനും മഹ്മൂദ് ദര്‍വീശിനും പിന്നില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട് സഈദ് റമളാന്‍. ഇങ്ങനെ വെറുമൊരു ആശയ പ്രചാരകന് എന്ന പരികല്പ്പനക്കപ്പുറം സാന്ദര്‍ഭികമായി ആശയങ്ങള്‍ ഉല്പാദിപ്പിക്കാനും ആരോഗ്യകരമായ സംവാദങ്ങള്‍ സൃഷ്ടിക്കാനും കെല്പുള്ള ഒരു പ്രക്ഷോഭകാരിയായ പ്രഭാഷകനെയാണ് ശൈഖ് ബൂത്വിയില്‍ കാണാന്‍ സാധിക്കുന്നത്. സ്വയം പരുക്കേല്‍ക്കാന്‍ പോലും ഇടയുണ്ടെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ശരീരവും മനസ്സും അസ്വസ്ഥജനകമായ അന്വേഷണങ്ങള്‍ക്കും ആദര്ശബോധനങ്ങള്ക്കും പകുത്തുകൊടുക്കുമ്പോള്‍ പിറവി കൊള്ളുന്ന ഒരു പ്രക്ഷോഭ പ്രഭാഷകന്‍…
സദാ ജീവിക്കുന്ന ഗ്രന്ഥങ്ങള്‍
പ്രഭാഷണങ്ങള്‍, അവ എത്രമേല്‍ ഗാംഭീര്യമുറ്റതാണെങ്കില് പോലും, ധിഷണാശാലിയായ ഒരു പണ്ഡിതന് മരണാനന്തരവും അനുവാചകഹൃദയങ്ങളില്‍ ജീവിക്കുന്നത് നിത്യസ്മാരകങ്ങളായ ഗ്രന്ഥങ്ങളിലൂടെയാണ്. ഏകത്വത്തിന്റെ ആദര്‍ശപരതയില്‍ നിന്ന് ബഹുത്വത്തിന്റെ വിസ്തൃതവിതാനങ്ങളിലേക്ക് വികസിച്ച ശൈഖ് സഈദ് റമളാന്‍ ബൂത്വിയുടെ ബൌദ്ധിക മണ്ഡലം മുദ്രണം ചെയ്യപ്പെട്ടു കിടക്കുന്നതും പുനരന്വേഷണങ്ങള്‍ക്ക് വിധേയമാകുന്നതും, അറുപതോളം വരുന്ന ഹ്രസ്വ സൃഷ്ടികളിലൂടെയായിരിക്കുമെന്നത് തീര്‍ച്ചയാണ്. എല്ലാ ജ്ഞാന ശാഖകളും പരിസമാപ്തി കുറിക്കുന്നത് തസ്വവ്വുഫിലാണെന്ന പരമാര്‍ത്ഥത്തിലേക്ക് ശൈഖ് ബൂത്വിയുടെ സൂഫീ ഭാഷണങ്ങള്‍ വ്യംഗ്യമായും മാസ്റര്‍ പീസായി ഗണിക്കപ്പെടുന്ന ഇബ്നു അത്വാഇല്ലാഹിസ്സിക്കന്ദരിയുടെ അല്ഹികമിനെഴുതിയ വ്യാഖ്യാനമായ അല്‍ഹികമുല്‍ അത്വാഇയ്യ: ശര്‍ഹു വതഹ്ലീലില് വ്യക്തമായും സൂചന നല്‍കുന്നുണ്ട്. അഞ്ച് വാള്യങ്ങളിലായി രണ്ടായിരത്തിലധികം പേജുകളിലായി രചിക്കപ്പെട്ട ഈ ഗ്രന്ഥം, സമകാലിക ലോകത്ത് ഒരു ഫാഷനായി പരിണമിച്ച സൂഫിസത്തിന്റെ (തസ്വവ്വുഫിന്റെ) അസ്ഥിവാരം മുതല്‍ വിശദീകരിക്കുന്നുണ്ട്. തസ്വവ്വുഫ് തിരുനബിയുടെ കാലത്ത് കാണാത്തതും വെടക്കായ പുതിയകാര്യങ്ങളില്‍ പെട്ടതാണെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് അക്ഷരം പ്രതി മറുപടി നല്‍കിയാണ് വിശദീകരണങ്ങള്‍ക്കു നാന്ദി കുറിക്കുന്നത്. തസ്വവ്വുഫ് എന്ന നാമം അക്കാലത്ത് രൂപപ്പെട്ടു വന്നില്ലെങ്കിലും അല്ലാഹു ദൃഷ്ടി ഗോചരമാകുന്നില്ലെങ്കിലും അവന്റെ കണ്മുമ്പിലെന്ന പോലെ വഴങ്ങുക എന്ന തത്വത്തിലധിഷ്ഠിതമായ ഇഹ്സാനില്‍ നിന്നാത്രേ തസ്വവ്വുഫിന്റെ നാരായ വേരുകള്‍ പൊട്ടിമുളക്കുന്നത്. ഇഹ്സാന്രഹിതമായ ഇസ്ലാം ആത്മാവില്ലാത്ത ശരീരം പോലെ ജഡികമാണെന്ന് ശൈഖ് ആമുഖക്കുറിപ്പില്‍ കുറിച്ചുവെക്കുന്നു.
അല്‍ അസ്ഹറില്‍ നിന്ന് 1965ല്‍ ഡോക്ടറേറ്റ് നേടിയത് ഇസ്ലാമിക ശരീഅതിന്റെ മൌലിക തത്വങ്ങളിലാണെങ്കിലും കാലാന്തരങ്ങളില്‍ ഉയര്‍ന്നുവന്ന വെല്ലുവിളികളെയും (വരും വരായ്കകളെ തെല്ലും കൂസാതെ) ഭാവിലേക്കുള്ള കണിശമാര്‍ന്ന വിഷയങ്ങളെയും സമാനാര്‍ത്ഥത്തില്‍ സമീപിക്കാന്‍ സഈദ് റമളാന്‍ ബൂത്വിയെ പ്രേരിപ്പിച്ചിരിക്കുക ആ ശേഷികളായിരിക്കും. ലോകോത്തര ചരിത്രകാരനും ദാര്‍ശനികനുമായ ഇബ്നു ഖല്ദൂന് വിഭാവനം ചെയ്ത ചരിത്ര പഠന ശാസ്ത്രത്തിന്റെ തുടര്‍ച്ചയായാണ് ബൂത്വിയുടെ പ്രമുഖ ഗ്രന്ഥങ്ങളിലൊന്നായ ഫിഖ്ഹുസ്സീറയെ വിശകലന വിധേയമാക്കേണ്ടത്. തിരു നബി(സ്വ)യുടെ പ്രകാശപൂര്‍ണമായ ജീവിതാധ്യായങ്ങളിലൂടെ കടന്നുപോകുന്ന ഒരു ചരിത്രവായനയാണ് ഗ്രന്ഥത്തിന്റെ പ്രമേയമെങ്കിലും ഇതര കൃതികളില്‍ നിന്നും സമൂലമാം വിധം വ്യതിരിക്തമായ മൂന്ന് അധ്യായങ്ങള്‍ ഇതില്‍ ദൃശ്യമാകും. അറേബ്യന്‍ ഉപഭൂഖണ്ഡത്തെ ഇസ്ലാമിന്റെ വളര്‍ച്ചക്കുള്ള വികാസത്തൊട്ടിലായി തെരെഞ്ഞെടുത്തതിനു പിന്നിലെ നിഗൂഢതകളെ പ്രതിപാദിക്കുന്ന മൂന്നാം അധ്യായമാണ് ഏറെ പുതുമയുള്ളതും ഹൃദ്യവും. ഇസ്ലാമോഫോബിയയുടെ വ്യാപനത്തിന് നല്ല വളക്കൂറുള്ള മണ്ണാക്കി അറേബ്യയെ ഉഴുതുമറിക്കും വിധമാണ് ഓറിയന്റലിസ്റ് ചരിത്രകാര•ാര്‍ അവ്വിഷയത്തെ വ്യാഖ്യാനിക്കുന്നതെങ്കില്‍, അക്കാലത്ത് നിലവിലുണ്ടായിരുന്ന പ്രധാന സംസ്കൃതികളായ റോമ, ഗ്രീക്ക്, ഇന്ത്യന്‍ സംസ്കൃതികളുമായി താരതമ്യത്തിലൂടെ ഒരു നിഗമനത്തിലെത്തിച്ചേരാന്‍ നിര്‍മത്സരബുദ്ധ്യാ ശൈഖ് ശ്രമിക്കുന്നുണ്ട്. പുരുഷന് തന്റെ മാതാവിനെയോ സഹോദരിയെയോ സ്വന്തം മകളെയോ വിവാഹം ചെയ്യാനനുവാദം നല്കുന്ന ദുരാചാരങ്ങളും ഫിലോസഫിയെ മതമായി കാണുമ്പോള്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളും കൊടികുത്തിവാണിരുന്ന വൃത്തികെട്ട ചേഷ്ടകളുടെ നാടായിരുന്നു ഗ്രീസെങ്കില് മതങ്ങളും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ രണഭൂമിയായിരുന്നു റോം. വിഖ്യാത ഇന്തോ അറബ് പണ്ഡിതനായ അബൂഹസന് നദ്വി നിരീക്ഷിക്കുന്നതു പോലെ, മുച്ചൂടും വികൃതമായ അനേകം സംസ്കാരങ്ങള്‍ തമ്മിലുള്ള തര്ക്കവിതര്ക്കങ്ങളായിരുന്നു ഭാരതത്തെ അസ്വസ്ഥഭരിതമാക്കിയത്. എന്നാല്‍ പൊതുവെ ശാന്തമാണെങ്കിലും അജ്ഞത മൂലം തല പൊക്കിയ അനാചാരങ്ങളുടെ നാടായിരുന്നു അറേബ്യ. “അവന് നിങ്ങള്‍ക്ക് വഴികാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍, മുമ്പ് നിങ്ങള്‍ അജ്ഞരില്‍ പെട്ടവരായിരുന്നെങ്കില്‍ പോലും” (2:198) എന്ന സൂക്തത്തിലൂടെ അല്ലാഹു ആവിഷ്ക്കരിച്ചത് അറേബ്യയുടെ പൂര്വാവസ്ഥയാണെന്ന് സഈദ് റമളാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇസ്ലാമിനെ നിര്‍വചിക്കുന്നതില്‍ പ്രവാചക ചരിത്രത്തിനുള്ള പ്രാധാന്യവും പ്രസ്തുത ചരിത്രത്തിന്റെ വളര്‍ച്ചയും വികാസവുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്നതാണ് ഈ ഗ്രന്ഥത്തിലെ ഒന്നും രണ്ടും അധ്യായങ്ങള്‍. 1993ല്‍ രചിച്ചതും ജിഹാദിനെ സമഗ്രാര്‍ത്ഥത്തില്‍ സമീപിക്കുന്നതുമായ അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന ഗ്രന്ഥം പുതിയ കാലത്ത് സാമ്രാജ്യത്വം മെനഞ്ഞുണ്ടാക്കുന്ന ജിഹാദിയന്‍ പരികല്പനകള്ക്കെതിരെ കാലേക്കൂട്ടി രചിച്ച ഒരു വിമര്‍ശമാണ്. ഭരണാധികാരികള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടല് ജിഹാദാണോ ഭീകരവാദമാണോ അക്രമമാണോ എന്നീ ചോദ്യശരങ്ങളുയര്‍ത്തുന്ന ഈ ഗ്രന്ഥത്തിലെ ഒരദ്ധ്യായം അറബ് വിപ്ളവത്തെ സംബന്ധിച്ചുള്ള സഈദ് റമളാന്റെ നിലപാടുകളുടെ പൂര്‍വകാല പ്രതിനിധാനമാണ്. മദ്ഹബ് നിരാകരണ വാദം മുന്നോട്ടു വെച്ച് സലഫിയ്യ എന്ന ലേബലില്‍ രംഗപ്രവേശം ചെയ്ത നവഖവാരിജുകള്ക്കെതിരെ ആദര്‍ശ ബദ്ധവും ചിന്താജന്യവുമായ രണ്ട് ഗ്രന്ഥങ്ങള്‍ സഈദ് റമളാന്‍ ബൂത്വി രചിച്ചിട്ടുണ്ട്. സലഫിയ്യഃ മര്ഹലതുന് സമനിയ്യതുന് എന്ന ഗ്രന്ഥം മുന്‍ഗാമികളെ പ്രതിനിധീകരിക്കുന്ന പദമായ സലഫ് എ
ന്ന പദം വൈരുദ്ധ്യാത്മക വാദങ്ങളുമായി കടന്നുവന്ന അവാന്തര വിഭാഗങ്ങള്‍ക്ക് ചാര്‍ത്തുന്നതിലെ അനൌചിത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ആഗോളതലത്തില്‍ ഇസ്ലാമിന്റെ ഐക്യബോധത്തിന് തുരങ്കം വെക്കുന്നതില്‍ പ്രധാന കാരണം മദ്ഹബ് നിരാകരണ വാദമാണെന്ന തന്റെ സൂക്ഷ്മ നിരീക്ഷണങ്ങളുടെ പ്രതിപാദ്യമാണ് ലാ മദ്ഹബിയ്യ അക്സറു ബിദ്അതന് തുഹദ്ദിദു ശരീഅതല് ഇസ്ലാമിയ്യ എന്ന ഗ്രന്ഥം. അക്കാലത്തെ മുജാഹിദ് പണ്ഡിതരില്‍ പ്രമുഖനായിരുന്ന ശൈഖ് അല്ബാനിക്കെതിരെയുള്ള വിമര്ശനങ്ങളായ ഈ രണ്ടു ഗ്രന്ഥങ്ങളും ഇരുനൂറിലധികം പേജുകള്‍ വരും. വിശുദ്ധഖുര്ആനെതിരെ പാശ്ചാത്യരും ക്രിസ്ത്യാനികളും ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ ഖണ്ഡിച്ചെഴുതിയ ലാ യഅ്തീഹില് ബാത്വില്, ഖുര്‍ആനോടുള്ള പ്രണയത്തിലൂടെ മാനുഷിക ജീവിതത്തോടുള്ള സ്നേഹ വിശേഷണങ്ങളെ കണ്ടെത്തുന്ന അല്‍ഹുബ്ബു ഫില്‍ ഖുര്‍ആന്‍ വദൌറുല് ഹുബ്ബി ഫീ ഹയാത്തില്‍ ഇന്സാന്, മന്‍ഹജുല്‍ ഹളാറതില്‍ ഇന്സാനിയ്യതി ഫില്‍ ഖുര്‍ആന്‍ തുടങ്ങിയവ ബൂത്വിയുടെ അഗാധമായ അപഗ്രഥനങ്ങളുടെ പ്രതിഫലനങ്ങളാണ്. 1989ല്‍ പ്രസിദ്ധീകൃതമായതും ഇസ്ലാമിക വിശ്വാസത്തെ സമകാലിക സംഭവങ്ങളോട് ചേര്ത്തുവായിക്കുന്നതുമായ അല്‍ അഖീദത്തുല്‍ ഇസ്ലാമിയ്യ വല്‍ ഫിഖ്ഹുല്‍ മുആസിര്‍, ഡോ. ത്വീബു തീസീനിയോടൊത്ത് എഴുതിയ അല്‍ ഇസ്ലാമു വഅസ്ര് എന്നീ ഗ്രന്ഥങ്ങളും സമകാലീന ഇസ്ലാമിക സമൂഹത്തിന്റെ വെല്ലുവിളികളെയും പ്രത്യാശകളെയും അനാവരണം ചെയ്യുമ്പോള്‍ അവയോട് ചേര്‍ത്തുവായിക്കേണ്ട മറ്റൊരു ഗ്രന്ഥമാണ് മാനവിക സമൂഹങ്ങള്‍ക്ക് ഇസ്ലാം എങ്ങനെ ഒരഭയകേന്ദ്രമായി മാറുന്നു എന്ന ചരിത്ര പ്രാധാന്യമുള്ള പ്രമേയത്തിലൂന്നുന്നതും 284 പേജോളം വരുന്നതുമായ അല്‍ ഇസ്ലാം; മലാദു കുല്ലി മുജ്തമിആത്, തന്റെ ഡോക്ടറല്‍ തിസീസിനെ കേന്ദ്രമാക്കി രചിച്ച ള്വവാബിതുല് മസ്ലഹ: ഫിശ്ശരീഅതില് ഇസ്ലാമിയ്യ, സ്രഷ്ടാവിന്റെ ഉണ്മയും സൃഷ്ടികളുടെ കടപ്പാടുകളും എന്ന കേന്ദ്ര വിഷയത്തില്‍ അധിഷ്ഠിതമായ കുബ്റല്‍ യഖീനിയ്യാതുല് കൌനിയ്യ, സ്രഷ്ടാവിനു കീഴെയുള്ള അടിമത്തത്തിന്റെ വെളിച്ചത്തില്‍ മനുഷ്യകുലത്തിന്റെ വിശിഷ്ട സ്വാതന്ത്യ്രത്തെ അടയാളപ്പെടുത്തുന്ന ഹുരിയത്തുല് ഇന്സാന് ഫീ ളന്നി ഉബൂദിയ്യത്ല്ലാഹ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ശൈഖ് സഈദ് റമളാന്‍ ബൂത്വിയുടെ ഇസ്ലാമിക ശരീഅതിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ പ്രബന്ധങ്ങളുടെ വികസിത രൂപങ്ങളാണ്.
ഒട്ടനേകം ചെറു ഗ്രന്ഥങ്ങളും ബൂത്വി രചിട്ടുണ്ട്. അവയെല്ലാം സാഹചര്യങ്ങള്‍ക്കനുസൃതമായി നിര്‍വഹിക്കപ്പെട്ട പ്രഭാഷണങ്ങളില്‍ നിന്ന് സ്വയം ഉരുത്തിരിഞ്ഞു വന്നവയാണെന്നു വേണം അനുമാനിക്കാന്‍. ഇന്റര്‍നെറ്റ് ഉയര്‍ത്തുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ മുതല്‍ മാര്‍ക്സിസ്റ് വിമര്‍ശം, ഓറിയന്റലിസം, നഗ്നത ആദര്ശവല്ക്കരിക്കപ്പെട്ട ആഗോളവല്കൃതാന്തരീക്ഷത്തില് മുസ്ലിം സ്ത്രീ സമൂഹത്തോടുള്ള ഉപദേശം(ഇലാ കുല്ലി ഫതാതിന്‍ തുഅ്മിനു ബില്ലാഹ്) എന്നിങ്ങനെ അത്യധികം വിപുലമാണ് സഈദ് റമളാന്‍ ബൂത്വിയുടെ ഗ്രന്ഥ ലോകം. ബൈറൂത്ത് ആസ്ഥാനമാക്കിയുള്ള പ്രസാധകരായ ദാറുല്‍ ഫിക്റുല്‍ ഇസ്ലാമിയ്യ ബൂത്വീ ഗ്രന്ഥങ്ങളെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്: ‘സൂക്ഷ്മമാര്‍ന്ന നിരീക്ഷണങ്ങളാലും നേര്‍മയുള്ള ഭാഷയാലും വ്യതിരിക്തമായ രചനകള്‍!’
വൈജ്ഞാനിക രംഗത്ത് മാത്രം തന്റെ വ്യക്തിത്വത്തെ പരിമിതപ്പെടുത്തുന്നതിനു പകരം അറബ് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തിയ സഈദ് റമളാന്‍ ബൂത്വി ചില പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്കും മിഡില്‍ ഈസ്റിലെ ചില മുഖ്യധാരാ പത്രങ്ങള്‍ക്കും അനഭിമതനായത് എന്തുകൊണ്ടണെന്ന സ്വാഭാവിക സന്ദേഹങ്ങള്‍ക്ക് ഉത്തരം തേടേണ്ടത് എഡ്വാര്‍ഡ് സൈദില്‍ നിന്നാണ്. 1993ല്‍ നടന്ന ഒരഭിമുഖ വേളയില്‍ സമാനാര്‍ത്ഥത്തിലുള്ള ചോദ്യമുന്നയിച്ച നബീല്‍ അബ്രഹാമിനോട് സൈദ് പ്രതിവചിച്ചതിങ്ങനെയാണ്:”This is a real cultural war. It has little to do with truth; it has little to do with the seriousness of scholarship. It has little to do with ideological interests”. യാഥാര്ത്ഥ്യബോധവുമായോ അഗാധ പാണ്ഡിത്യവുമായോ തീരെ ബന്ധമില്ലാത്ത ചില നിക്ഷിപ്ത താല്പര്യങ്ങളൊരുക്കുന്ന അദൃശ്യമായ സാംസ്കാരിക സംഘട്ടനത്തിന്റെ പരിണിതികളത്രെ ഈ അവഗണനയും ഭര്ത്സനങ്ങളുമെല്ലാം. എങ്കിലും ബഹുമുഖ ധൈഷണിക പ്രഭാവത്തിന്റെ മായാമുദ്രകളായ തന്റെ ഗ്രന്ഥങ്ങളുടെ വായനകളും മനനങ്ങളും ഗവേഷണങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം; അവിരാമാഞ്ജലികളായി ആ ഖബറിടത്തിലെത്തുമെന്ന് ഉറപ്പ്. (തുടരും)
You must be logged in to post a comment Login