ഇരയാവാന്‍ ഇടയുണ്ട്

 no_victim  സ്ത്രീ പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരിക്കല്‍ നായനാര്‍ പറഞ്ഞത്; സ്ത്രീ എവിടെയുണ്ടോ അവിടെ സ്ത്രീ പീഡനമുണ്ടെന്നാണ്. ഇന്നത്തെ കോലം കാണുമ്പോള്‍ അദ്ദേഹം പറഞ്ഞതു ശരി തന്നെ. അന്നത് സ്ത്രീകളെ മോശമാക്കാനാണ് എന്നുപറഞ്ഞ് നമ്മളെല്ലാവരും കൂടി അദ്ദേഹത്തോട് ഈറ തീര്‍ത്തു ഇന്ന്. എത്ര ലാഘവത്തിലാണ് പീഡനങ്ങള്‍ നടക്കുന്നതും പത്രങ്ങളില്‍ നാമത് വായിച്ചു തീര്‍ക്കുന്നതും. എങ്ങുമത് നിത്യസംഭവമായി. ശരിക്കു പറഞ്ഞാല്‍ അതൊരു ഫാഷനായി. പീഡിപ്പിക്കാത്തവന്‍ ഒന്നിനും കൊള്ളാത്ത പോഴനാവുമോ എന്നിടത്തേക്കാണ് പോക്ക്. മുഖത്ത് മൂടിയിട്ട് കൊണ്ടുപോകുന്നവര്‍ മാത്രമാണോ പീഡിതര്‍?

   പത്രമാധ്യമങ്ങളും മീഡിയകളും ആഘോഷമാക്കുന്നത് മാത്രമാണോ പീഡനക്കേസുകള്‍? അല്ല. പലജാതി പ്രതിസന്ധികളില്‍ പെട്ട് മാനം വില്‍ക്കേണ്ടി വരുന്നവരുണ്ട് നമുക്കിടയില്‍. മറക്കപ്പുറം കഴിഞ്ഞിരുന്ന പെണ്ണിനെ പുറത്തിറക്കി കൊണ്ടുവരാന്‍ ചിലര്‍ കളിച്ചു. ആദ്യം മറകളില്‍ നിന്ന്. പിന്നെ മറ നീക്കി പുറത്തുവന്നു.സ്ത്രീസമത്വം, സ്ത്രീസ്വാതന്ത്യ്രം എന്നൊക്കെ അവര്‍ ആ മറ പൊളിക്കലിന് പേരു കൊടുത്തു. അങ്ങനെ പെണ്ണിറങ്ങി വന്നു. ചൂഷണം തുടങ്ങി. തുടങ്ങിയ സ്ഥിതിക്ക് പുറത്തിറങ്ങിയ പെണ്ണിന് പിന്നെ തിരിച്ചു പോവാനൊക്കില്ല. നേടിയെടുക്കാനോ നഷ്ടപ്പെടുത്താനോ വേണ്ടി അവള്‍ പുറത്തു തന്നെ നിന്നു. ഇന്നവള്‍ക്ക് മാത്രമല്ല, തൊട്ടില്‍ പ്രായത്തിലുള്ള പെണ്ണിനു പോലും രക്ഷയില്ല. ലജ്ജ പോയി. അതോടെ എന്തുമാവാം എന്നു വന്നു. നായനാര്‍ പറഞ്ഞത് എപ്പടി; അപ്പടി തന്നെയായി കാര്യങ്ങള്‍.കൊഞ്ചിക്കുഴഞ്ഞും ചാഞ്ഞും ചെരിഞ്ഞും കാഴ്ചക്കാരായ ആണുങ്ങളെ ആകര്‍ഷിച്ച് അര്‍ദ്ധ നഗ്നകളായി അങ്ങാടിയിലൂടെ നടക്കും. പക്ഷേ പീഡനം സഹിക്കാനാവില്ല. സ്ത്രീകളുടെ അഴിഞ്ഞാട്ടവും പീഡനവും രണ്ടാണെന്ന് സ്ത്രീകള്‍ക്കേ അറിയൂ. വേട്ടക്കാര്‍ക്കെന്ത്? ഇങ്ങനെ അഴിഞ്ഞാടുന്നവരെ പീഡിപ്പിച്ചു വിട്ടില്ലെങ്കില്‍ അവരെന്തു വിചാരിക്കും എന്ന മട്ടിലാണ് വേട്ടക്കാരുടെ തള്ളിക്കയറ്റം.

   വിശുദ്ധ ഖുര്‍ആന്‍ അവളോട് ഓര്‍മപ്പെടുത്തിയത് സ്ത്രീകള്‍ അവരുടെ വീടുകളില്‍ അടങ്ങിയിരിക്കാനാണ്.
പുരുഷനോട് പറഞ്ഞു: അന്യ സ്ത്രീയെ നോക്കാന്‍ പാടില്ല. ആ നോട്ടം വിഷത്തിലൂട്ടിയ പിശാചിന്റെ അസ്ത്രമാണെന്ന്.
അതിനാല്‍ സ്ത്രീ അവസരമൊരുക്കരുത്. ഖുര്‍ആന്‍ പറയുന്നു: “ഓ പ്രിയപ്പെട്ട പ്രവാചകരേ, തങ്ങളുടെ ഭാര്യമാരോട് പെണ്‍മക്കളോട് വിശ്വാസിനികളായ മറ്റു സ്ത്രീകളോട് പറഞ്ഞുകൊടുക്കുക. അവര്‍ അവരുടെ മുഖമക്കനകള്‍ താഴ്ത്തിയിടട്ടെ. അതാണ് അവരെ തിരിച്ചറിയാനും പീഡിപ്പിക്കപ്പെടാതിരിക്കാനും ഉത്തമം. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ഇന്നത്തെ തെറ്റ്. എന്തു ചെയ്യാന്‍ കഴിഞ്ഞു സ്ത്രീസ്വാതന്ത്യ്രവാദികള്‍ക്ക്? മതത്തിന് തീര്‍ച്ചയായും പറയാം, മതം അവഗണിച്ചതു കൊണ്ടാണെന്ന്.

   ആണിന് ഒളിച്ചോടാം. പക്ഷേ പെണ്ണിന് ഒറ്റക്കോടാന്‍ പറ്റില്ല. കൂടെ ഗര്‍ഭപാത്രമുണ്ട്. അതിനകത്ത് അവള്‍ കുഞ്ഞിനെ എടുക്കേണ്ടി വരും. ഈ ഓര്‍മയില്ലാതെയാണ് പുറത്തിറങ്ങിപ്പായുന്നത്. റാഞ്ചിക്കൊണ്ട് പോവുന്ന വേട്ടക്കാരന്‍ ഒരിക്കലും രക്ഷിക്കാനല്ല കൊണ്ടുപോവുന്നത്. എല്ലാ രക്ഷക•ാരെയും സംശയിക്കണം. പ്രകൃതിപരമായി അവളെ അങ്ങനെ ബലവത്തായ രീതിയിലല്ല സൃഷ്ടിച്ചിട്ടുള്ളത്. അത് പളുങ്കു പാത്രമാണ്. വീണാല്‍ ഉടയും.ആദം നബിയെ പടച്ച പോലെ വേറെയായിട്ടു തന്നെ പടച്ചതല്ല ഹവ്വാഅ് ബീവിയെ. ആ കുറവ് കാണും. അത് കുറെയാളുകള്‍ കൂവി വിളിച്ച് മൂടിവച്ചിട്ട് കാര്യമില്ല.

   അതേസമയം സ്ത്രീക്ക് വലിയ മഹത്വമാണ് ഇസ്ലാം കല്‍പിച്ചിട്ടുള്ളത്. പുരുഷനെപ്പോലെ അവളെപ്പോഴും പള്ളിയില്‍ വരേണ്ട. അവനത് നിര്‍ബന്ധമാണ്. എന്നാല്‍ പള്ളിയില്‍ പുരുഷന് കിട്ടുന്ന അതേ സംതൃപ്തി അവള്‍ക്ക് വീട്ടിന്റെ ഉള്ളിന്റെ ഉള്ളില്‍ കൊടുക്കും. പ്രസവിച്ചു കഴിഞ്ഞാല്‍ കുട്ടിയുടെ എല്ലാ ഉത്തരവാദിത്തവും പുരുഷന് തന്നെയാണ്. അനന്തരവകാശത്തില്‍ പെണ്ണിന് കിട്ടുന്ന പാതി അവര്‍ക്ക് മാത്രമുള്ളതാണ്. എന്നാല്‍ പുരുഷന് കിട്ടുന്ന പാതി എല്ലാവര്‍ക്കും കൂടിയുള്ളതും. പുരുഷന്‍ ചുമതലക്കാരനാണ്. അവളെ സംരക്ഷിക്കേണ്ടത് അവനാണ്. ഒരു സ്ത്രീക്ക് ഒരിക്കലും സ്വന്തമായി നിലനില്‍ക്കാന്‍ കഴിയില്ല. അവള്‍ക്കൊരു തണല്‍ വേണം. ഇപ്പോഴും അന്തിയായാല്‍ പെണ്ണിന് പേടിയാണ്.

   ഒരു അമൃതയില്ലേ? നല്ല അടിക്കാരിയെന്ന പേരില്‍ ആഘോഷിച്ച ആ കുട്ടി ഇപ്പോള്‍ സ്വന്തം പേരിലുള്ള കേസുമായി നടക്കുകയാണ്. ഷൈന്‍ ചെയ്യാന്‍ വേണ്ടി അവര്‍ ആണുങ്ങളെയും കൂട്ടി തങ്ങളെ അടിച്ചുവെന്നാണ് ആ ചെറുപ്പക്കാര്‍ പരാതി കൊടുത്തിരിക്കുന്നത്. അവള്‍ക്ക് കായികാഭ്യാസം അറിയുമായിരിക്കും. പക്ഷേ അവള്‍ പെണ്ണാണ്.
ഹാഫിസ് ശംസുദ്ദീന്‍
എരഞ്ഞിമാവ്

You must be logged in to post a comment Login