തല്ലുകൊള്ളിച്ച തവളകള്‍

തല്ലുകൊള്ളിച്ച തവളകള്‍

1050വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പഴൂര്‍ എന്ന കൊച്ചുഗ്രാമത്തിലെ ഹയാത്തുല്‍ ഇസ്ലാം മദ്രസയിലായിരുന്നു എന്റെ തുടക്കകാല മതപഠനം. 1998 2004 വര്‍ഷങ്ങളിലായിരുന്നു അത്. ഉസ്താദുമാരില്‍ ഒരാള്‍ ഉപ്പ തന്നെയായിരുന്നു. അതിനാല്‍ ഉസ്താദുമാരുടെ നോട്ടത്തിനപ്പുറം ഉപ്പയുടെ ഒരു കണ്ണ് എപ്പോഴും എന്റെ നേര്‍ക്ക് ഉണ്ടായിരുന്നു. ഓര്‍ക്കുമ്പോള്‍ ഇന്നും മറക്കാനാവാതെ നില്‍ക്കുന്നത് അന്നത്തെ മൂന്നാം ക്ലാസ് ജീവിതമാണ്.
ഒരു ദിവസവും മുടങ്ങാതെ അന്ന് സായാഹ്ന ദര്‍സിനായി പള്ളിയില്‍ പോവും. കൂട്ടിന് അമ്മായിയുടെ മകന്‍ സുഹൈലും. മഗ്രിബ്നിസ്കാരം കഴിഞ്ഞാണ് ദര്‍സ്. അന്നന്ന് എടുത്ത പാഠങ്ങള്‍ അവിടെയിരുന്ന് പഠിക്കും. ഉസ്താദിനോട് സംശയം ചോദിക്കും.
ഒരു ദിവസം മഗ്രിബ് കഴിഞ്ഞ് പഠിക്കാനിരുന്നു. അപ്പോഴാണറിഞ്ഞത്, ഉസ്താദ് പള്ളിയിലില്ല. ഹാജ്യാരുടെ കടയില്‍ പോയിരിക്കുകയാണ്. പഠിത്തം നിര്‍ത്തി ഞങ്ങള്‍ കളിചിരിയിലേക്ക് കടന്നു. പുറത്താണെങ്കില്‍ നല്ല കാറ്റും മഴയും. ഒരു വിധം ഒച്ചയൊന്നും പുറത്തേക്ക് കേള്‍ക്കുകയില്ല. ദര്‍സ് ഹാളിലേക്ക് കയറിവന്ന ഒരു തവളയെക്കണ്ടിട്ടാണ് ചിരി തുടങ്ങിയത്. അതിന്റെ ചലനങ്ങള്‍ നോക്കി ഓരോന്ന് പറഞ്ഞായിരുന്നു കുലുങ്ങിക്കുലുങ്ങിയുള്ള ചിരി. അതിനിടയില്‍ ഇശാബാങ്ക് കൊടുത്തു. വുളൂഅ് എടുക്കാനായി ഹൗളിന്‍കരയില്‍ ചെന്നപ്പോള്‍ അവിടെയുമുണ്ട് ഒരു തവള. പിന്നെ ഹൗളിന്‍കരയിലും ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടി.
ഇതു കണ്ടായിരുന്നു ഉപ്പയുടെ വരവ്. ഉപ്പയെ കണ്ടതോടെ ഞങ്ങള്‍ പള്ളിയിലേക്ക് ഓടിക്കയറി. വേഗം കൈ കെട്ടി സുന്നത്ത് നിസ്കരിക്കാന്‍ തുടങ്ങി. എന്തു ചെയ്യാന്‍, ആ തവളകള്‍ എന്നെ വെറുതെ വിടില്ലെന്ന് മനസ്സിലായി. അവ ഓര്‍മയില്‍ കിടന്ന് എന്നെ കളിപ്പിച്ചു, ചിരിപ്പിച്ചു. ചിരിയൊതുക്കി ഞാന്‍ സുന്നത്ത് നിസ്കാരം പൂര്‍ത്തീകരിച്ചു. അതു കഴിഞ്ഞ് ഇശാനിസ്കാരം തുടങ്ങി. എന്നെ നാറ്റിക്കാന്‍ തന്നെയായിരുന്നു ആ തവളകളുടെ തീരുമാനം. ഇശാനിസ്കാരത്തില്‍ എന്റെ ചിരിയുടെ ചിറ തകര്‍ന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ ചിരി പള്ളിക്കുള്ളില്‍ തല തല്ലിവീണു. ഞാന്‍ നിസ്കാരത്തില്‍ ഏറെ നേരം കുലുങ്ങിച്ചിരിച്ചു. സുഹൈലിനും പിടിവിട്ടു. അവനും മതിയാവോളം ചിരിച്ചു. നിസ്കാരം കഴിഞ്ഞതോടെ ആളുകള്‍ തിരിഞ്ഞും മറിഞ്ഞും നോക്കി. പ്രതികളെ തിരിച്ചറിഞ്ഞു. ഉപ്പയാണെങ്കില്‍ ഇതു നേരത്തെ ഹൗളിന്‍കരയില്‍ നിന്നു തന്നെ കണ്ടതാണല്ലോ. അദ്ദേഹത്തിന് പ്രതികളെ തിരിച്ചറിയേണ്ട കാര്യമില്ലായിരുന്നു. ദിക്റും സുന്നത്ത് നിസ്കാരവും കഴിഞ്ഞതോടെ ഉപ്പ ഉസ്താദിന്റെ റൂമില്‍ ചെന്ന് ആ കനപ്പെട്ട ചൂരലുമെടുത്തുവന്നു. കൈ പിടിച്ചുമാറ്റിയിട്ട് ചന്തിക്ക് തന്നെ സമ്മാനിച്ചു രണ്ടു മൂന്നെണ്ണം. ഹാജ്യാരും ഉസ്താദും ഇടപെട്ട് ഉപ്പയെ പിന്തിരിപ്പിച്ചു; ഇനി ചിരിക്കൂല അവര്‍. നല്ല കുട്ടികളല്ലേ. ഇനി തല്ലണ്ട. ഉപ്പ തല്‍ക്കാലം നിര്‍ത്തി.
പരിപാടി പുരയില്‍ തുടരും എന്ന മട്ടിലുള്ള ഒരു താല്‍ക്കാലിക വെടി നിര്‍ത്തലായിരുന്നു അത്. ഞാനും സുഹൈലും ഉപ്പയുടെ പിന്നാലെ വീട്ടിലേക്ക് നടന്നു. ഉപ്പയെ അനുനയിപ്പിക്കാനുള്ള സുഹൈലിന്റെ ശ്രമങ്ങളൊക്കെ പരാജയമായിരുന്നു. വീട്ടിലെത്തി. ഉപ്പയും ഞങ്ങളും ഭക്ഷണം കഴിക്കാനിരുന്നു. കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഉപ്പ പെങ്ങളോട് എന്തോ സ്വകാര്യം പറഞ്ഞു. എന്താണു പറഞ്ഞതെന്ന് അവള്‍ വടിയൊടിക്കുന്ന ഒച്ച കേട്ടപ്പോള്‍ എനിക്ക് ശരിക്കും മനസ്സിലായി. എന്തുകൊണ്ടാണെന്നറിയില്ല, വടിയെടുത്തുകൊടുക്കാന്‍ അവള്‍ക്ക് എന്തെന്നില്ലാത്ത ആവേശമായിരുന്നു. ഞാന്‍ നന്നാവാനാണ് ഉപ്പ അടിക്കുന്നതെന്ന് എന്നെക്കാളധികം അവള്‍ക്കറിയാമായിരിക്കും. ആ വടിയൊടിക്കുന്ന ഒച്ചകേട്ടതോടെ ചോറ് ഇറങ്ങാതായി. വെള്ളം കുടിച്ചെണീറ്റു. ഉപ്പ കൈ കഴുകിയതോടെ എന്റെ വിധിയെത്തി. ചന്തിയില്‍ പിന്നെയും വടി ആഞ്ഞു പതിഞ്ഞു. പിന്നെ ചോദ്യങ്ങളായിരുന്നു:
ഇന്ന് ളുഹ്ര്‍ നിസ്കരിച്ചോ?
ഇല്ല.
അസറോ?
ഇല്ല.
കഷ്ടകാലത്തിന് അന്ന് അതു രണ്ടും നിസ്കരിച്ചിട്ടില്ലായിരുന്നു.
പിന്നെ ഞങ്ങളോട് വുളൂഅ് എടുത്തു വരാന്‍ പറഞ്ഞു. എന്നിട്ട് ഉപ്പ കേള്‍ക്കുകയും കാണുകയും ചെയ്യും വിധത്തില്‍ നിസ്കാരത്തിലെ വാക്കുകളും കര്‍മങ്ങളും വ്യക്തമാക്കിതന്നെ നിസ്കരിക്കാനാവശ്യപ്പെട്ടു. ചിരിയില്‍ മുങ്ങിപ്പോയ ആ ഇശാഉം നിസ്കരിക്കണം. അങ്ങനെ കരഞ്ഞുകൊണ്ട് ഞങ്ങള്‍ നിസ്കരിക്കാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ അത്തഹിയ്യാത്ത് നേരാം വണ്ണം പിടുത്തമില്ല. എന്റെ വജ്ജഹ്തുവും കട്ടപ്പൊക.
നിസ്കാരം തുടങ്ങിയതും തല്ല് തുടര്‍ന്നു. വേദനയും നീറ്റലും സഹിച്ച് കരഞ്ഞായിരുന്നു ഞങ്ങള്‍ രണ്ടാളും അന്ന് കിടന്നുറങ്ങിയത്.
പക്ഷേ, ആ തല്ലുകളെല്ലാം പില്‍ക്കാല ജീവിതത്തില്‍ ഏറെ പ്രയോജനപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അടികൊണ്ട് കരുവാളിച്ച തുടകള്‍ ഒരുപാട് നല്ല പാഠങ്ങള്‍ തന്നു. ഒരു നെല്ലിക്കയുടെ മധുരം പോലെ ഞാന്‍ ആ വേദനയും നീറ്റലുമെല്ലാം ഇപ്പോള്‍ ഹൃദ്യമായി ഓര്‍ക്കുകയാണ്.

ശിബ്ലി ചിറക്കമ്പം, ഖുതുബുല്‍ ആലം ദഅ് വ, മടവൂര്‍

You must be logged in to post a comment Login