പെരുന്നാളിന് നാമെല്ലാവരും പള്ളിയില്‍ പോവാറുണ്ട്. എന്നാല്‍ പള്ളി പുതുക്കിപ്പണിയാറുണ്ടോ? അതെ, പള്ളി പണിതുകൊണ്ട് പെരുന്നാള്‍ ആഘോഷിക്കുന്നത് സബ് സഹാറന്‍ രാഷ്ട്രമായ മാലിയിലെ ഡിജന്നി മലമ്പട്ടണത്തിലെ ഇസ്ലാം മതവിശ്വാസികളാണ്. ആഫ്രിക്കയിലെ ഈ വിചിത്ര പെരുന്നാളിന്റെ അകം പൊരുള്‍ അറിയുക കൗതുകകരമാണ്.
വിശുദ്ധ റമളാന്റെ പരിസമാപ്തിയിലെത്തുന്ന ചെറിയ പെരുന്നാള്‍ നിസ്കാരത്തിനു ശേഷം ഡിജന്നയിലെ മുസ്ലിം പുരുഷന്മാരും കുട്ടികളുമെല്ലാം ചേര്‍ന്ന് തങ്ങളുടെ പുരാതനമായ, മണ്ണുകൊണ്ട് നിര്‍മിച്ച പള്ളിക്ക് പുതിയ കോട്ടിംഗ് നല്കുന്നു. ഈ പ്രവൃത്തി ചെയ്യുന്നത് രാവിലെ മുതല്‍ ഉച്ചവരെ ഒരാഘോഷപ്പൊലിമയോടെയാണ്. അത്യുഷ്ണത്തിന്റെ ഫലമായി ഈ മണ്പള്ളിയുടെ മുകള്‍ഭാഗത്തെയും മറ്റും പാളികള്‍ അടര്‍ന്നു പോവുകയും അതിനുള്ളിലെ ഇരുന്പാണികള് പുറത്തു വരികയും ചെയ്ത ഭാഗങ്ങള്‍ ശരിപ്പെടുത്തി ഒരു പുതിയ പള്ളി പണിത സംതൃപ്തിയില്‍ ളുഹര്‍ ബാങ്ക് കൊടുക്കുന്നതോടെ ഈ ആഘോഷം സമാപിക്കുന്നു.
പള്ളി മൈതാനത്ത് രണ്ടായിരത്തഞ്ഞൂറോളം വരുന്ന മുസ്ലിംകള് ഈദുല്‍ ഫിത്വര്‍ ദിവസം രാവിലെ ഒത്തുകൂടുന്നു. അവരില്‍ വൃദ്ധരും യുവാക്കളും കുട്ടികളുമുണ്ട്. പെരുന്നാള്‍ നിസ്കാരത്തിനും ഇമാമിന്റെ ഖുതുബക്കും ശേഷം ഒരാള്‍ ഒരു വലിയ ചാട്ടവാര്‍ കൊണ്ട് നിലത്ത് മൂന്നുതവണ ഉറക്കെ അടിക്കുന്നു. അതോടെ അവിടെ കൂടിയ ആബാലവൃദ്ധം ജനങ്ങളും കുട്ടികളും ചെമ്പു പാത്രങ്ങളും വട്ടികളുമായി പുറപ്പെടുന്നു. നേരത്തെ പള്ളിയങ്കണത്തില്‍ തയ്യാറാക്കിവച്ച പൊടിച്ച അരിയും ചോളത്തിന്റെ തവിടും ഉമിയും കലര്‍ത്തിയ കളിമണ്ണ് അവര്‍ നഗ്നപാദങ്ങള്‍ കൊണ്ട് ചവിട്ടിമെതിച്ച് ശരിയാക്കുന്നു. ശേഷം അത് പാത്രങ്ങളിലും വട്ടികളിലുമാക്കി മസ്ജിദിന്റെ മുന്‍ഭാഗത്തേക്ക് കുതിക്കുന്നു.
വിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് ആവേശം പകരാന്‍ താളമേളങ്ങളുടെ അകമ്പടിയുമുണ്ട്. അവര്‍ പള്ളിയുടെ എല്ലാ ഭാഗങ്ങളിലും വ്യാപിക്കുന്നു. കാല്പ്പലകയും വടികളും ഉപയോഗിച്ചു കൊണ്ട് കളിമണ്ണുകൊണ്ട് അവര്‍ പള്ളിയുടെ മേല്‍ഭാഗത്തെ എല്ലാ വിള്ളലുകളും വിടവുകളും അടയ്ക്കുന്നു, ദ്വാരങ്ങള്‍ നികത്തുന്നു. ജോലിക്കിടയില്‍ കയ്യില്‍ കരുതിയ ചെറിയ കുട്ടയിലെ പാലിന്റെയും മാംസത്തിന്റെയും കള്ളികളാണ് അവര്‍ ഭക്ഷിക്കുന്നത്. മണ്‍തൂണിന്റെ മുകള്‍തട്ടിലും മിനാരങ്ങളിലും വരെ കടന്നുചെന്ന് അവര്‍ മണ്ണ് തേക്കുന്നു. കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടിനെപ്പോലും വകവെക്കാതെ ആ വിശ്വാസികള്‍ പള്ളിയുടെ പുതിയ കോട്ടിങ്ങിന്റെ ഓരോ ഇഞ്ചിലും ശ്രദ്ധപതിപ്പിക്കുന്നു. കാലുകള്‍ ചരിച്ചുവച്ച്, കൈകള്‍ വളച്ചുവെച്ച് അവര്‍ പണി പൂര്‍ണതയിലെത്തിക്കുന്നു. കനത്ത ചൂട് സഹിക്കാനാകാതെ ഇളകിപ്പോയ മണ്‍കൂനകള്‍ ശരിപ്പെടുത്തുന്നു. കുട്ടികള്‍ ഡബ്ബകളില്‍ ആവശ്യക്കാര്‍ക്ക് കളിമണ്ണ് എത്തിച്ചുകൊടുക്കുന്നു. ചെറിയ കുട്ടികള്‍ ചെണ്ടക്കാരോടും ഓടക്കുഴല്‍ വിളിക്കാരോടുമൊപ്പം ബംബാറന് ഭാഷയില്‍ പാട്ടുകള്‍ പാടുന്നു. ഓരോരുത്തരും അവര്‍ മണ്ണ് തേക്കുന്ന ഭാഗം പരമാവധി ഭംഗിയാക്കാന്‍ ശ്രദ്ധിക്കുന്നു. പുറത്തേക്ക് തള്ളിനിന്നിരുന്ന ഇരുന്പാണികളും കൊളുത്തുകളുമെല്ലാം ഉള്ളിലാക്കി മണ്ണുകൊണ്ട് അവര്‍ വിശുദ്ധ ആരാധനാലയത്തെ പൊതിയുന്നു. നീണ്ട നാലുമണിക്കൂര്‍ കൊണ്ട് അവര്‍ ആകെ പതിനായിരം ചതുരശ്രമീറ്റര്‍ വരുന്ന പുറം പള്ളിക്ക് പുതിയ മിനുക്കുപണികള്‍ പൂര്‍ത്തിയാക്കുന്നു. ഉച്ചക്ക് 12 മണിക്ക് പണി അവസാനിപ്പിക്കാനുള്ള ഓടക്കുഴല്‍ മുഴങ്ങുമ്പോള്‍ പാത്രങ്ങളുമായി മൈതാനത്ത് മടങ്ങിയെത്തുന്നു.
പണിനിര്ത്തിയവര് എല്ലാവരും പള്ളി മൈതാനത്തെ പ്രത്യേക സ്ഥലത്തെത്തി മുകളിലേക്ക് നോക്കുന്നു. ഡിജന്നി മസ്ജിദിന്റെ പുതിയ കോട്ടിംഗ് കണ്‍കുളിര്‍ക്കെ കാണുന്നു. വിശ്വാസികളുടെ മുഖത്ത് പുനര്‍നിര്‍മ്മാണത്തിലെ തന്റെ പങ്കാളിത്തത്തിലുള്ള അഭിമാനം തെളിഞ്ഞു കാണാം. എട്ടു വലിയ സ്തംഭങ്ങളോട് കൂടിയ ഈ വലിയ പള്ളി ഓരോ കോട്ടിംഗിന് ശേഷവും നിത്യയൗവ്വനം നേടുന്നു. പള്ളിപ്പണിയുടെ പരിസമാപ്തിക്കുശേഷം വിശാലമായ പള്ളി മൈതാനത്തൊരുക്കിയ വിഭവ സമൃദ്ധമായ സദ്യയുണ്ട് മധ്യാഹ്നനിസ്കാരവും നിര്‍വ്വഹിച്ച ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിക്കുന്നു.
സാവന്ന പുല്‍മൈതാനത്തിന്റെയും മരുഭൂമിയുടെയും നടുവിലാണ് ഡിജന്നി പള്ളി സ്ഥിതിചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് ഉണ്ടാക്കിയത്. പെരുന്നാളിന് പള്ളിക്ക് പുതിയ കോട്ടിംഗ് നടത്തുന്ന സന്പ്രദായം തുടങ്ങിയത് 1876ലാണ്. കനത്ത ചൂട് കാരണം പള്ളി വിള്ളുന്നത് ഇല്ലാതാക്കാന്‍ മതപണ്ഡിതനായ ഉമര്‍ കീറ്റയാണ് പെരുന്നാളിന് കോട്ടിംഗ് നടത്താന്‍ തീരുമാനമെടുത്തത്. ഇന്നും ആ ചടങ്ങ് അഭംഗുരം തുടരുന്നു. ലോകത്തൊരിടത്തും ഇല്ലാത്ത ഈ പെരുന്നാള്‍ ആചാരം ഡിജന്നിയെ സംസ്കാര സമ്പന്നമാക്കുന്നു.
അറബ് വ്യാപാരികള്‍ വഴിയാണ് 1410ല്‍ ഡിജന്നിയില് ഇസ്ലാം മതം എത്തിയത്. അതിന്റെ ഫലമായി ഇന്നും അറബ് അലങ്കാരങ്ങളുള്ള വീടുകള്‍ ഇവിടെ കാണുന്നുണ്ട്. ഈ പ്രദേശത്തിലൂടെ ഒഴുകുന്ന ദാനി, നൈഗര്‍ നദികളിലെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടാനായി ഉയര്‍ന്ന കുന്നുകളിലാണ് ഈ അറബ് വീടുകള്‍ നിര്‍മിച്ചിട്ടുള്ളത്.
വെള്ളപ്പൊക്കമെല്ലാം കടങ്കഥയായിട്ടും കടുത്ത വരള്‍ച്ച വന്നിട്ടും ഡിജന്നിയിലെ മുസ്ലിംകള് ഈ അറബ് വീടുകളില്‍ തന്നെ കഴിയുന്നു. ഓരോ ഈദുല്‍ ഫിത്വറും തങ്ങളുടെ ചിരപുരാതന പള്ളിക്ക് പുതിയ മണ്തേപ്പ് നടത്തി ആഘോഷിക്കാന്‍ അവര്‍ കാത്തിരിക്കുന്നു.
കെ പി ഒ റഹ്മത്തുല്ല
You must be logged in to post a comment Login