കേരളത്തില്‍ സ്വയംഭരണ കോളജുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കം പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം സാധ്യമാകുമെന്ന് ചിലരെങ്കിലും കരുതുന്ന തീരുമാനം വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്ന ആക്ഷേപവും ശക്തമാണ്.
തുടക്കം
1973 ലാണ് യു ജി സി രാജ്യത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും സ്വയംഭരണ കോളജുകള്‍ തുടങ്ങാനുള്ള നിര്‍ദേശം നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉദ്ദേശിച്ചുള്ള ഈ നിര്‍ദേശത്തിന് ആദ്യ പ്രതികരണമുണ്ടായത് തമിഴ്നാട്ടില്‍ നിന്നാണ്. 1978 ല്‍ തമിഴ്നാട്ടില്‍ 16 ഒട്ടോണമസ് കോളജുകള്‍ക്ക് തുടക്കമായി. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വയംഭരണ കോളജുകളുള്ള സംസ്ഥാനവും തമിഴ്നാട് തന്നെയാണ്. 159 കോളജുകള്‍.
പന്ത്രണ്ടാം പദ്ധതിയില്‍ 10% കോളജുകളെങ്കിലും സ്വയംഭരണ കോളജുകളാക്കാനുള്ള യു ജി സി നിര്‍ദേശത്തിന്‍റെ ചുവടുപിടിച്ചാണ് കേരളത്തില്‍ സര്‍ക്കാര്‍ അതിന് പച്ചക്കൊടി കാട്ടിയത്. 2007 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയമിച്ച ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഇതേക്കുറിച്ച് പഠിക്കാന്‍ പ്രൊഫ. എന്‍ ആര്‍ മാധവമേനോന്‍ ചെയര്‍മാനായി 11 അംഗ കമ്മിറ്റിയെ നിയമിച്ചു. 2013 ഏപ്രിലില്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഒരു മാസത്തിനകം തീരുമാനം കൈക്കൊണ്ടു.
സ്വയംഭരണമെന്നാല്‍
കോളജുകള്‍ ഏതെങ്കിലുമൊരു സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോഴത്തെ രീതി. ആ കോളജുകളിലെ അക്കാദമിക് കാര്യങ്ങളില്‍ അന്തിമ തീരുമാനം സര്‍വകലാശാലയുടേതാണ്. 10 വര്‍ഷം പൂര്‍ത്തിയാക്കിയ, ഉന്നത അക്കാദമിക് നിലവാരം പുലര്‍ത്തുന്ന കോളജുകളെ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഡിസ് അഫിലിയേറ്റ് ചെയ്ത് അക്കാദമികവും സാന്പത്തികവും ഭരണപരവുമായ സ്വതന്ത്രാധികാരം നല്‍കുന്നതാണ് സ്വയംഭരണം. നിലവിലുള്ള സര്‍ക്കാര്‍ കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കാനും ഇതേ മാനദണ്ഡങ്ങളില്‍ പുതിയ കോളജുകള്‍ ആരംഭിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ചതിക്കുഴികള്‍
കേള്‍ക്കാന്‍ ഇന്പമുള്ളതെങ്കിലും സ്വയംഭരണ കോളജുകള്‍ക്കകത്ത് ഒട്ടേറെ ചതിക്കുഴികള്‍ ഒളിച്ചിരിപ്പുണ്ട്. പ്രധാന കുരുക്ക് ഇതിന്‍റെ ഗവേണിംഗ് കൗണ്‍സില്‍ തന്നെയാണ്. പന്ത്രണ്ട് അംഗങ്ങളുള്ള ഈ കൗണ്‍സിലാണ് ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇതില്‍ ഒന്പത് പേരും മാനേജ്മെന്‍റ് പ്രതിനിധികളാണ്. ആ നിലക്ക് ഈ സ്വയംഭരണ കോളജുകള്‍ മുതലാളിമാര്‍ക്ക് വിദ്യാഭ്യാസ രംഗത്ത് ഇറങ്ങിക്കളിക്കാനുള്ള മറ്റൊരു ചന്തയായി മാറുമെന്നത് മനസ്സിലാക്കാവുന്നതാണ്. ഒട്ടോണമസ് കോളജുകളില്‍ അധ്യാപകരെ നിയമിക്കുന്നതും അവരുടെ ശന്പളം നിശ്ചയിക്കുന്നതും മാനേജ്മെന്‍റായിരിക്കും. അധ്യാപകന്‍റെ പ്രാഗത്ഭ്യത്തേക്കാള്‍ മാനേജ്മെന്‍റിന്‍റെ പരിഗണന തുച്ഛമായ വേതനത്തിന് ജോലിയെടുക്കുമോ എന്നതാകും. എതിര്‍സ്വരം മുഴക്കുന്ന അധ്യാപകരെ നിര്‍ദാക്ഷിണ്യം പറഞ്ഞുവിടാനും മാനേജ്മെന്‍റിന് നിയമാനുസൃതം സാധിക്കും.
സ്വയംഭരണ കോളജുകളില്‍ പാഠ്യപദ്ധതി തയ്യാറാക്കുന്നതും പഠിപ്പിക്കുന്നതും പരീക്ഷയില്‍ മൂല്യനിര്‍ണയം നടത്തുന്നതും അതേ കോളജിലെ അധ്യാപകരായിരിക്കും. ഇവിടെ മൂന്നു പ്രശ്നങ്ങളുണ്ട്. ഒന്ന്, അധ്യാപകന്‍റെ അറിവിന്‍റെ പരിമിതി വിദ്യാര്‍ത്ഥിയുടെയും പരിമിതിയായി തുടരും. ഗവേഷണ പടുക്കളോ അന്വേഷണ കുതുകികളോ അല്ല പാഠ്യപദ്ധതി തയാറാക്കുന്ന ടീമില്‍ ഉള്‍പ്പെട്ടതെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കേണ്ടിവരും. രണ്ട്, പാഠ്യപദ്ധതി തയാറാക്കുന്നവരുടെ മത, രാഷ്ട്രീയ താത്പര്യങ്ങള്‍ പാഠഭാഗങ്ങളില്‍ പ്രതിഫലിക്കുമെന്നതാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഒരു വര്‍ഗീയ മനസ്സിന് തന്‍റെ ചിന്തകളെ മതേതരച്ചെലവില്‍ വിപണനം ചെയ്യാന്‍ അവസരമൊരുങ്ങുകയാണിവിടെ. മൂന്ന്, വിദ്യാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കാനുള്ള അന്തിമാധികാര കേന്ദ്രം അധ്യാപകനാണെന്നിരിക്കെ, വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യാനുള്ള പഴുതായി ഇതു മാറിക്കൂടായ്കയില്ല. ഇന്‍റേണല്‍ അസെസ്മെന്‍റിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരാല്‍ പലവിധ ചൂഷണങ്ങള്‍ക്കിരയായ സംഭവം കേരളത്തിലുണ്ടായിട്ടുണ്ടെന്നത് മറക്കാതിരിക്കുക. അധ്യാപക സമൂഹത്തെ അപഹസിക്കാനുദ്ദേശിച്ചല്ല ഇതെഴുതുന്നത്. എവിടെയുമെന്നപോലെ ഈ മേഖലയിലും വക്രബുദ്ധികളുണ്ടായേക്കാം എന്ന ആശങ്ക പങ്കുവെക്കുകയാണ്.
സ്വയംഭരണ കോളജുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന്‍റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് മാനേജ്മെന്‍റായിരിക്കും. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രം പ്രവേശിപ്പിക്കാനാവും മാനേജ്മെന്‍റ് സ്വാഭാവികമായും താത്പര്യപ്പെടുക. അങ്ങനെയെങ്കില്‍ എല്ലാ സംവരണ തത്വങ്ങളും അട്ടിമറിക്കപ്പെടുമെന്നറുപ്പ്. മത സാമുദായികാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട തുരുത്തുകളായി കാന്പസുകള്‍ മാറുമെന്നത് നമ്മുടെ സാമൂഹ്യാവസ്ഥകളെ എത്രമേല്‍ ദോഷകരമായി ബാധിക്കുമെന്നത് ചിന്തനീയമാണ്. ചുരുക്കത്തില്‍, ജനാധിപത്യമതേതര സ്വഭാവം നഷ്ടപ്പെട്ട അറിവിന്‍റെ തടവറകളാണ് സ്വയംഭരണ കോളജുകളിലൂടെ സൃഷ്ടിക്കപ്പെടാനിരിക്കുന്നത്.
പഠന ചെലവുകള്‍ പൂര്‍ണമായി വിദ്യാര്‍ത്ഥികള്‍ വഹിക്കണമെന്ന യു ജി സിയുടെ നിര്‍ദേശം വിദ്യാഭ്യാസക്കച്ചവടത്തിന് വേഗം പകരുന്നതും പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നതുമാണ്. സേവന മേഖലകളില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റം അതിന്‍റെ മൂര്‍ധന്യതയിലേക്കെത്തുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് സ്വയംഭരണ കോളജുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തില്‍ തെളിയുന്നത്. ലാഭകേന്ദ്രീകൃതമായ വിദ്യാഭ്യാസ സന്പ്രദായം ആത്യന്തികമായി ഒരു രാജ്യത്തിന് തന്നെ ദോഷമായി ഭവിക്കും.
കോഴ്സുകള്‍ കാലാനുസൃതം പരിഷ്കരിക്കാനും കാലഹരണപ്പെട്ടത് ഒഴിവാക്കാനും സ്വയംഭരണത്തില്‍ വകുപ്പുണ്ട്. വിദ്യാഭ്യാസ തത്പരരെ സന്തോഷിപ്പിക്കുന്ന നിര്‍ദേശമായി പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഒരു അപായ സൂചന ഇതിനകത്തും കാണാവുന്നതാണ്. ഒരു അധ്യാപകനെ മാനേജ്മെന്‍റിനു പുറത്താക്കണമെന്ന് തോന്നുകില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയം കാലാഹരണപ്പെട്ടതിന്‍റെ ലിസ്റ്റില്‍ ചേര്‍ത്ത് വെട്ടിമാറ്റുകയേ വേണ്ടൂ.
കാന്പസിനകത്ത് ന്യായമായ ആവശ്യങ്ങള്‍ക്കു പോലും മുഷ്ടിചുരുട്ടാത്ത വിധം വിദ്യാര്‍ത്ഥികള്‍ അച്ചടക്കമുള്ളവരായി തീരുമെന്നതാണ് സ്വയംഭരണത്തിന്‍റെ മറ്റൊരു സവിശേഷത. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത മാനേജ്മെന്‍റുകളുടെ അരുമകളായി വളരുന്ന തലമുറ ജീവിത ചുറ്റുപാടുകളിലെ അധര്‍മങ്ങളോടു രാജിയാകും. അവര്‍ക്ക് പ്രതികരിക്കാനറിയില്ല; മുദ്രാവാക്യം വിളിക്കാനറിയില്ല. സാമ്രാജ്യത്വം വിഭാവനം ചെയ്യുന്ന അരാഷ്ട്രീയ വിദ്യാര്‍ത്ഥിത്വം മറ്റൊന്നല്ലല്ലോ.
സര്‍വകലാശാലയെന്തിന്?
വിദ്യാഭ്യാസ രംഗത്തെ ചില പരിഷ്കരണങ്ങള്‍ പ്രഥമ ദൃഷ്ട്യാ പ്രയോജനപ്രദമെന്ന് തോന്നാമെങ്കിലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കും. സ്വയംഭരണ കോളജുകള്‍ മികച്ച ഉദാഹരണമാണ്. ഓട്ടോണമസ് കോളജുകള്‍ വരുന്നതോടെ വാഴ്സിറ്റികള്‍ അപ്രസക്തമാകും. പുതിയ സംവിധാന പ്രകാരം സ്വയംഭരണ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ധര്‍മം മാത്രമേ വാഴ്സിറ്റികള്‍ക്ക് നിര്‍വഹിക്കാനുള്ളൂ. പതിയെപ്പതിയെ എല്ലാ കോളജുകളെയും മികവിന്‍റെ കേന്ദ്രങ്ങളെന്ന സ്ഥാനപ്പേര് നല്‍കി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിസ് അഫിലിയേറ്റ് ചെയ്യുന്പോള്‍ സര്‍വകലാശാലകള്‍ വെറും നോക്കുകുത്തികളായി മാറും. സ്വയംഭരണാധികാരമുണ്ടെങ്കിലും സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാണ് നമ്മുടെ സര്‍വകലാശാലകള്‍. അതുകൊണ്ടു മാത്രമാണ് അവ ജനാധിപത്യ, മതേതര സ്വഭാവങ്ങള്‍ നിലനിര്‍ത്തുന്നത്. ഇവ്വിധ നിയന്ത്രണങ്ങളൊന്നും ബാധകമാകാത്ത ഓട്ടോണമസ് കോളജുകള്‍ അപ്രഖ്യാപിത സര്‍വകലാശാലകളായി മാറുന്ന കാഴ്ചക്ക് നാം സാക്ഷികളാകാനിരിക്കുന്നു. നിലവിലുള്ള സര്‍വകലാശാലകള്‍ അപ്രസക്തമാകുന്നതോടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ സംജാതമാകും. തെളിച്ചു പറഞ്ഞാല്‍, ഉന്നത വിദ്യാഭ്യാസ മേഖല നാഥനില്ലാ കളരിയായിമാറും. ആ സൗകര്യം വിദ്യാഭ്യാസ കച്ചവടക്കാര്‍ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്യും.
കെ അബ്ദുല്‍കലാം
You must be logged in to post a comment Login