ലോകത്തെ ഏറ്റവും വലിയ തൊഴില്‍ വിപണികളിലൊന്നായ സൗദി അറേബ്യ ചരിത്രം കണ്ട ഏറ്റവും വലിയ തൊഴില്‍ ശുദ്ധീകരണ പ്രക്രിയക്ക് സാക്ഷ്യം വഹിക്കുകയാണ് ഇപ്പോള്‍. അനധികൃത തൊഴിലാളികളെക്കൊണ്ട് നിറഞ്ഞ തൊഴില്‍വിപണിയിലെ ശുദ്ധികലശത്തിലൂടെ നിയമവിധേയമായ തൊഴിലും തൊഴിലാളികളെയും ഉറപ്പുവരുത്തുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ ഒഴിവാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങളാണ് സൗദിഅറേബ്യക്കുള്ളത്. മൂന്നാം ലോക രാജ്യങ്ങളില്‍നിന്ന് തൊഴില്‍ തേടിയുള്ള നിലയ്ക്കാത്ത പ്രവാഹത്തിന് തടയിടുന്നതിലൂടെ സ്വദേശിവത്കരണപ്രക്രിയക്ക് ആക്കം കൂട്ടാമെന്നും ഭരണാധികാരികള്‍ കണക്കുകൂട്ടുന്നുണ്ട്.
ഏതുസമയത്തും നടപ്പാകാമെന്ന് ഈ നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ തന്നെ തൊഴില്‍ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ മാറ്റങ്ങളാണ് സൗദി ഇപ്പോള്‍ നടപ്പാക്കുന്നത്. സൗദിയുടെ ചുവടുപിടിച്ച് ഇതര ജി സി സി രാജ്യങ്ങളും തൊഴില്‍രംഗത്തെ അമിത വിദേശിസാന്നിധ്യം കുറയ്ക്കാന്‍ നടപടി ആരംഭിച്ചുകഴിഞ്ഞു. സൗദിയിലേതിന് സമാനമായ തൊഴില്‍ സാഹചര്യങ്ങളും സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയും നിലനില്‍ക്കുന്ന കുവൈത്തിലാണ് ഇത് ഏറ്റവും പ്രകടമായി ദൃശ്യമായത്. സമീപഭാവിയില്‍തന്നെ സമാനമായ നടപടികള്‍ ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലും ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. തൊഴില്‍ വിപണിയിലെ വിദേശിസാന്നിധ്യത്തെക്കുറിച്ച് ഗള്‍ഫ് സര്‍ക്കാറുകള്‍ക്കുള്ള ആശങ്ക പുതിയതല്ല. ജി.സി.സി ഉച്ചകോടികളിലും വിദേശമന്ത്രിമാരുടെ സമ്മേളനങ്ങളിലും സ്ഥിരം ചര്‍ച്ചാവിഷയമാണ് ഇക്കാര്യം. പല ഗള്‍ഫ് രാജ്യങ്ങളിലെയും തൊഴില്‍മന്ത്രിമാരും ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പലപ്പോഴും പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. ബഹ്റൈന്‍ തൊഴില്‍മന്ത്രി ഈയിടെ നടത്തിയ രൂക്ഷമായ ചില അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകളായി.
സമീപകാലത്ത്, അറബ് രാജ്യങ്ങളില്‍ ദൃശ്യമായ രാഷ്ട്രീയചലനങ്ങളും സ്വദേശിവത്കരണം ശക്തിപ്പെടുത്താന്‍ ഗള്‍ഫ്രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ എണ്ണം പരമാവധി കുറയ്ക്കാനും അതുവഴി സ്വച്ഛമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കാനും ഭരണാധികാരികള്‍ ആഗ്രഹിക്കുന്നു. തെരുവുകള്‍ രോഷപ്രകടന വേദികളാവാനല്ല, സംതൃപ്തരായ യുവമനസ്സുകളുടെ താവളങ്ങളായി കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ രാഷ്ട്രീയ നിര്‍ബന്ധാവസ്ഥയും സ്വദേശിവത്കരണത്തിന്‍റെ കാര്‍ക്കശ്യം വര്‍ധിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. തൊഴില്‍ വിപണിയിലും വ്യവസായ മേഖലയിലുമുണ്ടാകുന്ന തിരിച്ചടികള്‍ വകവെക്കാതെ തന്നെ സ്വദേശിവത്കരണ പ്രക്രിയയുമായി മുന്നോട്ടുപോകാന്‍ അവരെ പ്രേരിപ്പിച്ചത് ഇതാണ്.
സൗദി അറേബ്യ ഈയിടെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തന്നെ വലിയ ഉദാഹരണം. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് കുറയ്ക്കുക, പകരം സ്വദേശികളെ നിയമിക്കാന്‍ സ്വകാര്യ മേഖലയെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഓരോ വിദേശ തൊഴിലാളിക്കും വര്‍ഷം 2400 റിയാല്‍, കന്പനികള്‍ അല്ലെങ്കില്‍ സ്പോണ്‍സര്‍മാര്‍ ലെവി നല്‍കണമെന്ന നിബന്ധന കൊണ്ടുവന്നത്. ഇതിനോട് രൂക്ഷമായാണ് സൗദി വ്യവസായലോകം പ്രതികരിച്ചത്. തൊഴില്‍ രംഗത്തെ താല്‍ക്കാലിക സ്തംഭനത്തിന് പോലും ഇതിടയാക്കി. ഓരോ വിദേശ തൊഴിലാളിക്കുമേലും 2400 റിയാലിന്‍റെ അധികച്ചെലവ് തൊഴിലുടമകള്‍ക്ക് വലിയ ഭാരമാണ് സൃഷ്ടിച്ചത്. വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളാവട്ടെ, ഈ തുക സ്വന്തം ശന്പളത്തില്‍നിന്ന് നല്‍കേണ്ടിവന്നു. വില വര്‍ധന അടക്കമുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഇതിടയാക്കി. മാനുഷികമല്ലാത്ത നിബന്ധനയെന്ന പേരില്‍ മതനേതൃത്വം പോലും രംഗത്തുവന്നു. എന്നിട്ടും സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. കാരണം സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കുക കാലത്തിന്‍റെ അനിവാര്യതയായി അവര്‍ മനസ്സിലാക്കുന്നു.
എന്നാല്‍ തൊഴില്‍ വിപണിയില്‍നിന്ന് വിദേശികളെ പൂര്‍ണമായും ഒഴിവാക്കുക ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധ്യമല്ല. വര്‍ധിച്ചുവരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വന്‍കിട പ്രൊജക്ടുകളും മാത്രമല്ല, വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ തൊഴിലെടുക്കുന്നതിന് പര്യാപ്തരായ സ്വദേശികളുടെ അഭാവവും ഗള്‍ഫ് തൊഴില്‍വിപണിയെ വിദേശികള്‍ക്ക് മുന്നില്‍ തുറന്നിട്ടു. ഇത് തൊഴില്‍രംഗത്തെ ചൂഷണത്തിനും നിയമവിരുദ്ധമായ പ്രവണതകള്‍ക്കും വലിയൊരളവില്‍ സഹായകമായി എന്നതാണ് വസ്തുത. മൂന്നാംലോക രാജ്യങ്ങളില്‍നിന്നുള്ള പാവപ്പെട്ടവര്‍ക്ക് അതിനാല്‍ തന്നെ ഗള്‍ഫ് എന്നും പട്ടിണി മാറ്റാനുള്ള ഏറ്റവും വലിയ മൂലധനമായി മാറി. വികസ്വര രാജ്യങ്ങളാകട്ടെ, തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കേണ്ട ഏറ്റവും പ്രധാനപ്പെട്ട സേവനം, ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ലഭിക്കുന്നതു കണ്ട് ഈ തൊഴില്‍ വിപണിയെ പുഷ്ടിപ്പെടുത്തുന്ന നയങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍, മാനുഷികമായ പരിഗണനകളും ഇസ്ലാമിക മൂല്യങ്ങളിലുള്ള വിശ്വാസവും മുന്‍നിര്‍ത്തി, കഠിനമായ നിയമവ്യവസ്ഥകള്‍ അടിച്ചേല്‍പിച്ച് ഈ ഭാഗ്യാന്വേഷികളെ പ്രഹരിച്ചതുമില്ല. ഇതിന്‍റെ ആത്യന്തിക ഫലം, അനിയന്ത്രിതമായ രീതിയിലുള്ള കുത്തൊഴുക്കായിരുന്നു. പല ഗള്‍ഫ് രാജ്യങ്ങളിലും ജനസംഖ്യാപരമായ അസന്തുലിതത്വം സൃഷ്ടിക്കപ്പെടാന്‍പോലും വിദേശികളുടെ ഈ ഒഴുക്ക് കാരണമായി. ഇത് ഗള്‍ഫ് സര്‍ക്കാറുകള്‍ക്ക് സൃഷ്ടിച്ച ആശങ്ക അതിനാല്‍ തന്നെ അടിസ്ഥാനമുള്ളതാണ്.
ഏറ്റവും പുതിയ കണക്കുകളനുസരിച്ച് സൗദി അറേബ്യയില്‍ മാത്രം 90 ലക്ഷമാണ് വിദേശികളുടെ എണ്ണം. രാജ്യത്തെ സ്വദേശികളുടെ എണ്ണത്തിന്‍റെ പകുതിയോളം വരുമിത്. ഇതില്‍ നല്ലൊരു ശതമാനം നിയമവിധേയരായല്ല പ്രവര്‍ത്തിച്ചിരുന്നതെന്ന് ഈയിടെ നടന്ന ശുദ്ധീകരണ പ്രക്രിയയുടെ വ്യാപ്തിയില്‍നിന്ന് തെളിഞ്ഞിരുന്നു. രാജ്യത്തെ വിദേശികളില്‍ 60 ശതമാനവും നിയമവിരുദ്ധ തൊഴിലാളികളാണെന്ന യാഥാര്‍ഥ്യമാണ് ഈ പ്രക്രിയയിലൂടെ വെളിവായതെന്ന് ഉത്തരവാദപ്പെട്ട തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തന്നെ അത്ഭുതത്തോടെ പറഞ്ഞു. അതിനാല്‍ തന്നെ ഈ ശുദ്ധീകരണ പ്രക്രിയ ഉണ്ടാക്കുന്ന അനന്തര ഫലങ്ങളും കടുത്തതായിരിക്കും എന്ന് ഉറപ്പാണ്.
സൗദി അറേബ്യയില്‍ നടക്കുന്ന തൊഴില്‍ ശുദ്ധീകരണ പ്രക്രിയക്ക് രണ്ടു മുഖങ്ങളാണുള്ളത്. അതില്‍ പ്രധാനം രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ വിപണിയില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനുദ്ദേശിച്ചുള്ള നിതാഖാത് എന്ന പരിപാടിയാണ്. അഞ്ചുലക്ഷത്തോളം തൊഴില്‍ രഹിതരാണ് ഈ പരിപാടി ആരംഭിക്കുന്പോള്‍ സൗദിയിലുണ്ടായിരുന്നത്. ഫഹദ് രാജാവിന്‍റെ കാലത്ത് തന്നെ തുടക്കമിട്ട സൗദിവത്കരണ പ്രക്രിയ കൂടുതല്‍ മൂര്‍ത്തമായ പദ്ധതികളുമായി ഊര്‍ജിതമാക്കുകയും സര്‍ക്കാര്‍ കര്‍ക്കശമായ നടപടികളുമായി രംഗത്തുവരികയും ചെയ്തിട്ട് രണ്ടുവര്‍ഷത്തിലധികമായി. തൊഴില്‍ മന്ത്രിയായിരുന്ന ഖാസി അല്‍ ഖുസൈബി അന്തരിക്കുകയും ജിദ്ദ മേയറായിരുന്ന ആദില്‍ ഫഖീഹ് തൊഴില്‍ മന്ത്രിയായി അവരോധിതനാകുകയും ചെയ്തതോടെയാണ് തികച്ചും ശാസ്ത്രീയമായ രീതിയില്‍ സൗദിവത്കരണ പരിപാടികള്‍ ആവിഷ്കരിക്കുകയും നിതാഖാത് എന്ന പേരില്‍ അത് നടപ്പാക്കുകയും ചെയ്യാന്‍ ആരംഭിച്ചത്. രാജ്യത്തെ സ്വകാര്യമേഖലയില്‍ സ്വദേശി യുവാക്കള്‍ക്ക് മതിയായ തൊഴില്‍ പ്രാതിനിധ്യം നല്‍കുകയാണ് നിതാഖാത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ജോലികളും പൊതുമേഖലാ തൊഴിലുകളും ഏതാണ്ട് പൂര്‍ണമായിത്തന്നെ സ്വദേശിവത്കരിച്ച ശേഷമാണ് രാജ്യത്തെ തൊഴില്‍വിപണിയുടെ നട്ടെല്ലായ സ്വകാര്യ മേഖലയെ സര്‍ക്കാര്‍ പിടികൂടിയത്.
തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവണതകള്‍ തടയല്‍ ലക്ഷ്യമിട്ട് നടത്തിയ പദവി ശരിയാക്കല്‍ പ്രക്രിയയാണ് ഈ ശുദ്ധീകരണ പ്രക്രിയയുടെ രണ്ടാമത്തെ മുഖം. സ്വന്തം സ്പോണ്‍സറുടെ കീഴിലല്ലാതെ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ കീഴിലേക്ക് മാറാനുള്ള അവസരം നല്‍കുകയാണ് ഇതില്‍ പ്രധാനം. ഒന്നുകില്‍, വിസ നല്‍കിയ സ്പോണ്‍സറുടെ കീഴിലേക്ക് മാറി തൊഴിലെടുക്കുക, അല്ലെങ്കില്‍ തൊഴില്‍ ചെയ്യുന്ന സ്പോണ്‍സറുടെ പേരിലേക്ക് വിസ മാറ്റുക. മറ്റൊന്ന്, തങ്ങളുടെ വിസയിലുള്ള ജോലി ചെയ്യുക എന്നതാണ്. അല്ലെങ്കില്‍ ചെയ്യുന്ന ജോലി ഏതാണോ, അതിലേക്ക് വിസ മാറ്റുക. സൗദിവത്കരണം പൂര്‍ത്തിയാകാത്ത തൊഴില്‍ മേഖലകളില്‍ മാത്രമാണ് ഇത് സാധ്യമാകുക. മാത്രമല്ല, അപ്രകാരം സ്പോണ്‍സര്‍ഷിപ്പ് മാറ്റാനുദ്ദേശിക്കുന്ന കന്പനികളും സ്ഥാപനങ്ങളും നിതാഖാത് വ്യവസ്ഥപ്രകാരം സൗദിവത്കരണത്തോത് പൂര്‍ത്തിയാക്കിയവയുമായിരിക്കണം.
നിയമപ്രകാരമുള്ള രേഖകളില്ലാതെ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പദവി ശരിയാക്കാനോ അല്ലെങ്കില്‍, സ്വന്തം നയതന്ത്ര കാര്യാലയങ്ങളുടെ സഹായത്തോടെ രാജ്യം വിടാനോ അവസരമൊരുക്കിയതാണ് ഈ ശുദ്ധീകരണ പ്രക്രിയയുടെ വലിയൊരു പ്രാധാന്യം. ഇതിലൂടെ ആയിരക്കണക്കിന് വിദേശി തൊഴിലാളികള്‍ക്ക് തങ്ങളുടെ വിദേശവാസം നിയമവിധേയമാക്കാന്‍ സാധിച്ചു. അതിന് കഴിയാത്ത ആയിരങ്ങള്‍ക്ക് പ്രത്യേക ശിക്ഷകളൊന്നും കൂടാതെ മാതൃരാജ്യത്തേക്ക് മടങ്ങാനും കഴിഞ്ഞു. സ്പോണ്‍സറില്‍നിന്ന് ഒളിച്ചോടി, പാസ്പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാതെ പലേടത്തായി ജോലി ചെയ്തുകഴിഞ്ഞിരുന്ന ഹുറൂബുകാരും തൊഴില്‍ തര്‍ക്കങ്ങളുടെ പേരില്‍ സ്പോണ്‍സര്‍ ഒളിച്ചോട്ടക്കാരുടെ പട്ടികയില്‍പെടുത്തി വിസ റദ്ദാക്കിയവരുമടക്കം ആയിരക്കണക്കിനാളുകള്‍ക്കാണ് ഇതിലൂടെ രാജ്യം വിടാനായത്. ഇവരില്‍ ഒട്ടുമിക്ക പേര്‍ക്കും പുതിയ വിസകളില്‍ തിരിച്ചുവരാനും ജോലിയെടുക്കാനും അനുമതി നല്‍കിയെന്ന സവിശേഷതയുമുണ്ട്. ഇപ്രകാരം ആയിരക്കണക്കിനാളുകള്‍ സ്വദേശത്തേക്ക് ഒറ്റയടിക്ക് തൊഴില്‍രഹിതരായി തിരിച്ചുവരുന്പോഴുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഈ ശുദ്ധീകരണ പ്രക്രിയയിലൂടെ നേരിടുന്നത്. ഇതിന്‍റെ പ്രത്യാഘാതം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കുകയും കൂടുതല്‍ ഉദാരമായ സമീപനം അഭ്യര്‍ഥിക്കുകയും ചെയ്തത്.
ഈ ശുദ്ധീകരണ പ്രക്രിയയുടെ വ്യാപ്തി ഇനി പറയുന്ന കണക്കുകളില്‍നിന്ന് തന്നെ വ്യക്തമാകുന്നതാണ്. സൗദി തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം നിശ്ചിത കാലയളവിനുള്ളില്‍ പദവി ശരിയാക്കിയവരുടെ എണ്ണം 40 ലക്ഷമാണ്. ഇവരില്‍ 11,83,022 പേര്‍ സ്പോണ്‍സര്‍ഷിപ്പ് ശരിയാക്കിയവരാണ്. 1,22,125 പേര്‍ തൊഴില്‍ സംബന്ധിച്ച ന്യൂനതകള്‍ പരിഹരിച്ചു. പുതുക്കുകയോ പുതുതായി ഇഷ്യു ചെയ്യുകയോ ചെയ്ത പെര്‍മിറ്റുകളുടെ എണ്ണം 16,17,779 ആണ്. വ്യത്യസ്ത തൊഴില്‍മേഖലകളെടുത്താല്‍ ഏറ്റവുമധികം പദവി ശരിയാക്കല്‍ നടന്നിട്ടുള്ളത് നിര്‍മാണ മേഖലയിലാണ്; 5,57,800 പേര്‍. ചില്ലറവില്‍പന മേഖലയിലും മൊത്തക്കച്ചവട മേഖലയിലുമായി 2,20,172 പേര്‍ പദവി ശരിയാക്കി. ഭക്ഷ്യസേവന മേഖലയിലും മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയിലും അറുപതിനായിരത്തില്‍പരം തൊഴിലാളികള്‍ വിസന്യൂനതകള്‍ പരിഹരിച്ച് നിയമവിധേയരായി. ജൂലൈ മൂന്ന് വരെ നല്‍കിയ അന്ത്യശാസന പരിധിക്കുള്ളില്‍ നടന്ന അതിവേഗ പ്രവര്‍ത്തനത്തിന്‍റെ ഫലമായാണ് ഈ ശുദ്ധീകരണ പ്രക്രിയ നടന്നത്. എങ്കിലും ഇനിയും ലക്ഷക്കണക്കിന് തൊഴിലാളികളുടെ പദവി ശരിയാക്കാനുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ആവശ്യപ്രകാരം നവംബര്‍ മൂന്നു വരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
തൊഴില്‍ ശുദ്ധീകരണ പ്രക്രിയക്ക് അനുബന്ധമായി വിവിധ എംബസികളുടെ സഹായത്തോടെ, തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട കാര്യം. പുതിയ ജോലികള്‍ കണ്ടെത്താനും സൗകര്യപ്രദമായി വിസ മാറ്റാനും ഇത് തൊഴിലാളികള്‍ക്ക് സഹായകമായി. നൂറുകണക്കിന് കന്പനികളാണ് തൊഴില്‍ വാഗ്്ദാനവുമായി രംഗത്തുവന്നത്. ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളുടെ എംബസികള്‍ തൊഴില്‍മേള അടക്കം സംഘടിപ്പിച്ചാണ് ഇതില്‍ ഭാഗഭാക്കായത്. വലിയ തോതില്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നത് ഒഴിവാക്കാന്‍ ഇത് സഹായിച്ചു. സ്വന്തം നിലയില്‍ തൊഴില്‍ കണ്ടുപിടിക്കാനുള്ള നെട്ടോട്ടം ഒരു പരിധിവരെ കുറയ്ക്കാനും ഇതിടയാക്കി. അതേസമയം, സ്വകാര്യ കന്പനികള്‍ ഈ അവസരം മുതലെടുക്കുകയും ചെയ്തു. കുറഞ്ഞ ശന്പളത്തിന് തൊഴിലാളികളെ ലഭിക്കാനുള്ള സുവര്‍ണാവസരമായാണ് അവരിതിനെ കണ്ടത്. പദവി ശരിയാക്കുന്നതിന്‍റെ ഭാഗമായി പുതിയ തൊഴിലോ, കന്പനിയോ കണ്ടെത്താന്‍ നിര്‍ബന്ധിതരായവര്‍ക്ക്, വലിയ വരുമാന നഷ്ടത്തിന് ഇതിടയാക്കി. സ്പോണ്‍സറില്‍നിന്ന് മാറി, അദ്ദേഹത്തിന്‍റെ അനുമതിയോടെയോ അല്ലാതെയോ പ്ലംബിംഗ് ജോലിയെടുത്ത് മാസം 3500 റിയാലിലധികം സന്പാദിച്ചിരുന്ന ഒരാള്‍, തൊഴില്‍ നിയമവിധേയമാക്കുന്നതിന്‍റെ ഭാഗമായി ഒരു കന്പനിയില്‍ പ്ലംബറായി ചേരുന്പോള്‍ വാഗ്്ദാനം ചെയ്യപ്പെടുന്നത് ഇതിന്‍റെ പകുതി ശന്പളം മാത്രമാണ്. അത് സ്വീകരിക്കാന്‍ തൊഴിലാളി നിര്‍ബന്ധിക്കപ്പെടുന്നു. അല്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. ഈയവസ്ഥയില്‍ കുറഞ്ഞ ശന്പളത്തില്‍ പുതിയ ജോലി തെരഞ്ഞെടുത്തവര്‍ ആയിരക്കണക്കിന് വരും. വന്‍തോതിലുള്ള മടങ്ങിവരവ് ഉണ്ടാകില്ലെന്നും മറ്റും നമ്മുടെ മന്ത്രിമാര്‍ ആശ്വാസം കൊള്ളുന്നത് ഈയടിസ്ഥാനത്തിലാണ്. എന്നാല്‍ തല്‍ക്കാലം ഈ കന്പനികളുടെ കുറഞ്ഞ ശന്പളത്തിലുള്ള ജോലി സ്വീകരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുമെന്ന് തന്നെയാണ് ഒരുവിഭാഗം കണക്കുകൂട്ടുന്നത്. നിലവിലെ അനിശ്ചിതാവസ്ഥ മാറുകയും വേണ്ടത്ര തൊഴിലാളികളെ നിയമപ്രകാരം ലഭിക്കാതെ വരുകയും ചെയ്യുന്പോള്‍, തങ്ങളെത്തന്നെ കമ്പനികള്‍ക്ക് ആശ്രയിക്കേണ്ടിവരുമെന്നും ഇത് ശന്പളവര്‍ധന അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുമെന്നും കരുതുന്നവരാണ് ഈ ശുഭാപ്തിവിശ്വാസക്കാര്‍. ഇത് വലിയൊരളവില്‍ ശരിയാണ് താനും. വിദേശ റിക്രൂട്ട്മെന്‍റുകള്‍ക്ക് ചെലവേറുന്ന പശ്ചാത്തലത്തില്‍ പ്രാദേശിക തൊഴില്‍വിപണിയെ തന്നെ സ്വദേശികള്‍ ആശ്രയിക്കാനുള്ള സാധ്യത വളരെയേറെയാണ്.
ഈ രംഗത്ത് സൗദി വ്യവസായ ലോകവും ആശ്വാസകരമായ ചില പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പദവി ശരിയാക്കുന്ന അഞ്ചുലക്ഷം വിദേശികള്‍ക്ക് തൊഴില്‍ അവസരമൊരുക്കാന്‍ ഈയിടെ ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് തീരുമാനിക്കുകയും അതിനുളള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ നടപ്പാക്കുന്ന ശുദ്ധീകരണ പ്രക്രിയയെ സഹായിക്കുക എന്നതിനൊപ്പം, തൊഴില്‍ വിപണിയില്‍ കൂടുതല്‍ മാനവശേഷി ലഭ്യമാക്കുക എന്ന വ്യവസായികളുടെ താല്‍പര്യവും ഈ തീരുമാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ലേബര്‍ ഓഫീസിന്‍റെയും പാസ്പോര്‍ട്ട് വകുപ്പിന്‍റെയും സഹായത്തോടെയാണ് ചേംബര്‍ ഈ പരിപാടി നടപ്പാക്കുന്നത്.
പദവി ശരിയാക്കുന്ന തൊഴിലാളികളില്‍നിന്ന് പ്രത്യേക വെബ്സൈറ്റിലൂടെ തൊഴില്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട കോണ്‍സുലേറ്റുകള്‍ വഴി അവര്‍ക്ക് തൊഴില്‍ നല്‍കാന്‍ നടപടി സ്വീകരിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലും പങ്കെടുക്കുകയുണ്ടായി. വിദേശികള്‍ക്കു മുന്പില്‍ സൗദിയുടെ തൊഴില്‍ വിപണി അടയില്ല എന്നു തന്നെയാണ് ഇത് തെളിയിക്കുന്നത്.
നിരവധി വികസന പദ്ധതികളാണ് സൗദി അറേബ്യയില്‍ ഇപ്പോള്‍ നടന്നുവരുന്നത്. മക്ക, മദീന ഹറമുകളുടെ വികസനം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്. മക്കമദീന റെയില്‍ പ്രൊജക്ട് സമീപകാലത്ത് സൗദി അറേബ്യ കണ്ട ഏറ്റവും വലിയ വികസന പരിപാടിയാണ്. റിയല്‍ എസ്റ്റേറ്റ് രംഗവും വന്‍ വികസനത്തിന്‍റെ പാതയിലാണ്. ജിദ്ദ അടക്കമുള്ള വിമാനത്താവളങ്ങളുടെ വികസനം. എണ്ണ രംഗത്തെ വികസന പ്രൊജക്ടുകള്‍, പുതിയ സാന്പത്തിക നഗരങ്ങളുടെയും സര്‍വകലാശാലകളുടെയും നിര്‍മാണം, വാഹന വ്യവസായ രംഗത്തെ വന്‍കിട പദ്ധതികള്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സൗദി അറേബ്യക്ക് ലക്ഷക്കണക്കിന് തൊഴിലാളികളെ ആവശ്യമുണ്ട്. ഒന്പതുലക്ഷത്തോളം വനിതകളടക്കം 12 ലക്ഷത്തോളം സൗദികള്‍ തൊഴില്‍രഹിതരാണ് എന്നാണ് ജിദ്ദ ചേംബറിന്‍റെ ഏറ്റവും പുതിയ കണക്ക്. വനിതകളില്‍ ബഹുഭൂരിഭാഗവും തൊഴില്‍ ആഗ്രഹിക്കുന്നവരല്ല. ആകയാല്‍ അഞ്ചുലക്ഷത്തോളം സൗദികള്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി കണ്ടെത്താന്‍ കഴിഞ്ഞാല്‍ തന്നെ സൗദിവത്കരണ പ്രക്രിയ ഏതാണ്ട് പൂര്‍ത്തിയാകും. എന്നാല്‍ 30 ലക്ഷത്തോളം പേരെ സൗദി തൊഴില്‍വിപണിക്ക് ആവശ്യമായി വരും. നിയമവിധേയരായി മാറുന്ന വിദേശികളില്‍നിന്ന് തന്നെ അവരെ കണ്ടെത്താനുമാകും.
വൈറ്റ് കോളര്‍ ജോലികളാണ് സൗദി യുവാക്കള്‍ ആഗ്രഹിക്കുന്നതെന്നതിനാല്‍ ഈ രംഗത്ത് കടുത്ത മത്സരം ഉണ്ടാകാനുള്ള സാധ്യത തൊഴില്‍ വിദഗ്ധര്‍ മുന്നില്‍ കാണുന്നുണ്ട്. എന്‍ജിനീയറിംഗ്, മെഡിസിന്‍, മാനേജ്മെന്‍റ് തുടങ്ങിയ രംഗങ്ങളില്‍ വേണ്ടത്ര യോഗ്യതയുള്ള സൗദി യുവാക്കളുടെ എണ്ണം കുറവായതിനാല്‍ ഈ രംഗങ്ങളില്‍ വിദേശികള്‍ക്ക് വലിയ സാധ്യതകളുണ്ട്; പ്രത്യേകിച്ച് എന്‍ജിനീയറിംഗ് മേഖലയില്‍. അതേസമയം, മാര്‍ക്കറ്റിംഗ്, സെയില്‍സ് തുടങ്ങിയ രംഗങ്ങളിലും അഡ്മിനിസ്ട്രേഷന്‍ ജോലികളിലും സൗദി യുവാക്കളുടെ വലിയ തോതിലുള്ള പങ്കാളിത്തം ദൃശ്യമാകുന്നുണ്ട്. ഇത് മധ്യവര്‍ഗ തൊഴില്‍ അന്വേഷകരെ നിരാശരാക്കിയേക്കും.
ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് ഈ ശുദ്ധീകരണ പ്രക്രിയ ഏറ്റവും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നത് ചില്ലറ വില്‍പന മേഖലയിലും ചെറുകിട സ്ഥാപനമേഖലയിലുമായിരിക്കും എന്നതാണ് മറ്റൊരു വസ്തുത. നമ്മുടെ സര്‍ക്കാരുകള്‍ ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ടതും ഇവിടെത്തന്നെ. സൗദികളായ സ്പോണ്‍സര്‍മാരുടെ പേരില്‍ മുതലിറക്കി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന ആയിരങ്ങളാണ് സൗദിയിലുള്ളത്. പലചരക്ക്, ഹോട്ടല്‍ മുതലായ രംഗങ്ങളില്‍ ഇവരുടെ സാന്നിധ്യം വളരെയധികമാണ്. ഇത്തരം സ്ഥാപനങ്ങള്‍ പലപ്പോഴും സ്വന്തം സ്പോണ്‍സറുടെ കീഴിലായിക്കൊള്ളണമെന്നില്ല. സ്ഥാപനത്തിന്‍റെ ലൈസന്‍സ് ഏതെങ്കിലും സൗദി പൗരന്‍റെ കീഴിലായിരിക്കും. മുതലിറക്കുന്നതും വ്യാപാരം നടത്തുന്നതും വിദേശി. ലാഭവിഹിതം സൗദി പൗരന് നല്‍കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് വിലക്കുവരുന്നത് ആയിരങ്ങളെയാണ് ബാധിക്കുക. മികച്ച രീതിയില്‍ കച്ചവടം നടത്തി നല്ല വരുമാനമുണ്ടാക്കുന്ന വിദേശികള്‍ക്ക് ഈ രംഗത്തെ പരിഷ്കാരങ്ങള്‍ വലിയ തിരിച്ചടി സൃഷ്ടിക്കും. സൗദികളെ മറയാക്കി, വിദേശികള്‍ ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതും വലിയ തോതില്‍ പണം സന്പാദിക്കുന്നതും വലിയ രോഷത്തിനും വിമര്‍ശത്തിനും കാരണമായിട്ടുണ്ട്. സൗദി വ്യവസായലോകവും ഇത്തരം പരിപാടികള്‍ക്ക് എതിരാണ്. അതിനാല്‍ തന്നെ ഈ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനുള്ള സാധ്യത എല്ലാവരും മുന്നില്‍ കാണുന്നുണ്ട്.
സൗദിവത്കരണ പ്രക്രിയ നടപ്പാക്കുന്പോഴുണ്ടാകുന്ന തിരിച്ചടികളെയും പ്രശ്നങ്ങളെയും കുറിച്ച് ഉറച്ച ബോധ്യമുള്ള ഒരു മാധ്യമ സമൂഹം സൗദിയിലുണ്ട് എന്നത് കാണാതിരുന്നുകൂടാ. വിദേശ തൊഴിലാളികള്‍ക്കും സൗദി വ്യവസായ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുന്ന ലെവി നിബന്ധനയെക്കുറിച്ച് സൗദി മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്ന ആശങ്ക ഇപ്പോഴും തുടരുകയാണ്. രോഗത്തിന് ഔഷധം കഴിക്കുന്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുകൂടി നാം ബോധവാന്മാരാകണമെന്നാണ് പ്രമുഖ പത്രമായ അറബ് ന്യൂസ് മുഖപ്രസംഗത്തിലൂടെ ഓര്‍മിപ്പിച്ചത്. ഉപകാരത്തെക്കാള്‍ ഉപദ്രവമാണ് അതുണ്ടാക്കുകയെന്നും പത്രം ഓര്‍മിപ്പിക്കുന്നു. കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് ഈയിടെ നടത്തിയ പഠന പ്രകാരം, രാജ്യത്ത് അടുത്ത കാലത്തുണ്ടായ വിലക്കയറ്റത്തിന് കാരണം ലെവിയാണ്. സൗദി സന്പദ് രംഗത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ വളരെയേറെ ദോഷകരമായി ഇത് ബാധിച്ചുകഴിഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശുചീകരണ തൊഴിലാളികളെയും കരാര്‍ ജോലിക്കാരെയും വാടകക്കെടുക്കുന്ന ഇടത്തരം സ്ഥാപനങ്ങള്‍ ലെവി മൂലം പ്രതിസന്ധിയിലായി. ഇക്കാരണങ്ങളെല്ലാം കൊണ്ട് സൗദിവത്കരണ പ്രക്രിയ തൃപ്തികരമാം വിധം പൂര്‍ത്തിയാകുന്ന മുറക്ക്് ലെവി സന്പ്രദായം എടുത്തുകളയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വലിയൊരു വിഭാഗം സൗദി വ്യവസായികള്‍.
സൗദി തൊഴില്‍മേഖലയിലെ ശുദ്ധീകരണത്തോടനുബന്ധിച്ച് നാം ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു കാര്യം റിക്രൂട്ട്മെന്‍റിലെ സുതാര്യതയും സത്യസന്ധതയും ഉറപ്പുവരുത്തുകയാണ്. സൗദിയിലേക്ക് കയറി വരുന്ന സാധാരണക്കാരായ തൊഴിലാളികള്‍ മിക്കവരും ഫ്രീ വിസയിലാണ് വരാറ്. സൗദിയില്‍ വന്നിറങ്ങിയ ശേഷം ഇഷ്ടമുള്ള തൊഴിലെടുക്കാന്‍ സ്വാതന്ത്ര്യമുള്ള വിസ എന്നാണ് ഫ്രീ വിസയെ റിക്രൂട്ട്മെന്‍റ് ഏജന്‍റുമാര്‍ പരിചയപ്പെടുത്താറ്. എന്നാല്‍ അപ്രകാരമുള്ള ഓപണ്‍ വിസ സൗദിയില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഏതെങ്കിലും ഒരു സ്പോണ്‍സറുടെ പേരില്‍ നിശ്ചിത തൊഴിലുകള്‍ക്കാണ് വിസ അനുവദിക്കുക. ഇത്തരം വിസകളില്‍ എത്തിയ ശേഷം സ്പോണ്‍സറുടെ അനുമതിയോടെ പുറത്ത് ജോലിയെടുത്ത് പണമുണ്ടാക്കുക, അതിലൊരു വിഹിതം സ്പോണ്‍സര്‍ക്ക് നല്‍കുക എന്ന രീതിയാണ് പൊതുവേ നിലനില്‍ക്കുന്നത്. സ്പോണ്‍സര്‍ക്ക് പണം നല്‍കി സ്പോണ്‍സര്‍ഷിപ്പ് കന്പനികളിലേക്കോ മറ്റ് സൗദി പൗരന്മാരിലേക്കോ മാറ്റി ജോലി ചെയ്യുന്നവരുമുണ്ട്. ഒരു നിവൃത്തിയുമില്ലാതെ വരുന്പോഴോ സ്പോണ്‍സറുടെ അടുക്കല്‍ നിന്നിട്ട് സാന്പത്തിക ലാഭമില്ലാതെ വരുന്പോഴോ തൊഴില്‍ പീഡനം അസഹ്യമാകുന്പോഴോ സ്പോണ്‍സറെ വിട്ട് ഓടിപ്പോയി പുറത്ത് ജോലിയെടുക്കുന്നവരുമുണ്ട്. ഇത്തരം സാധ്യതകളെല്ലാം കൊട്ടിയടക്കുകയാണ് പുതിയ തൊഴില്‍ ശുദ്ധീകരണ പ്രക്രിയ. അതിനാല്‍, നാട്ടില്‍ ഇതേക്കുറിച്ച് വ്യാപകമായ ബോധവത്കരണം അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇനിയും നിയമവിരുദ്ധരായ തൊഴിലാളികള്‍ ധാരാളമായി ഉണ്ടാകും.
ഒരു പതിറ്റാണ്ടായി സൗദിയില്‍ തുടരുന്ന സ്വദേശിവത്കരണവും അനുബന്ധമായി വന്ന തൊഴില്‍ ശുദ്ധീകരണ പ്രക്രിയയും ഇന്ത്യയെപ്പോലുള്ള വളരുന്ന സാന്പത്തിക ശക്തികള്‍ക്ക് വലിയ പാഠവും മുന്നറിയിപ്പും ആകേണ്ടതാണ്. വലിയ സാന്പത്തിക വളര്‍ച്ച അവകാശപ്പെടുന്പോള്‍ തന്നെ, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന പട്ടിണിയും തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയുമാണ് ബഹുഭൂരിഭാഗം ഇന്ത്യക്കാരെയും രാജ്യത്തിനു പുറത്ത് തൊഴിലന്വേഷിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. ഗ്രാമീണ മേഖലയില്‍ തൊഴില്‍ രംഗവും സാന്പത്തിക രംഗവും പുഷ്ടിപ്പെടുത്തുകയാണ് സ്വന്തം പൗരന്മാരെ ഇപ്രകാരം അഭയാര്‍ഥികളാക്കുന്നത് തടയാന്‍ മികച്ച മാര്‍ഗം. നഗരകേന്ദ്രീകൃതമായ വികസനവും വളര്‍ച്ചയും മാത്രം ലക്ഷ്യമിടുന്നവരെ ഗള്‍ഫ് തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ വലിയ ചിന്താമാറ്റത്തിന് പ്രേരിപ്പിക്കേണ്ടതാണ്.
എ എം സജിത്ത്
You must be logged in to post a comment Login