ഇമാം ഗസ്സാലി(റ)യെക്കുറിച്ചും വിശ്രുതമായ ഇഹ്യാ ഉലൂമുദ്ദീനെക്കുറിച്ചും താങ്കള്‍ എഴുതിയ Gazzali; the poetics of imagination കണ്ടു. മുസ്ലിം പാരമ്പര്യത്തിന്‍റെ ആഴങ്ങളെ സൗന്ദര്യാത്മകമായി വിശകലനം ചെയ്യുന്ന ഈയൊരു വേറിട്ട രചനയിലേക്ക് നയിച്ച ഊര്‍ജം എന്താണ്?
ഇന്ത്യയില്‍ പഠിക്കുന്ന കാലത്താണ് മുംബൈ മുഹമ്മദലി റോഡിലെ തെരുവ് കച്ചവടക്കാരന്‍റെ കയ്യില്‍ ഇഹ്യാ ഉലൂമുദ്ദീന്‍റെ പഴയ ഒരു കോപ്പി കണ്ടത്. അന്ന് ഇഹ്യയെക്കുറിച്ചോ ഗസ്സാലിയെക്കുറിച്ചോ അറിവില്ലാത്ത കാലമാണ്. പക്ഷേ, എന്തോ ഒരു ഉള്‍വിളിയില്‍ ഞാനത് വാങ്ങി വായിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കയിലെ ഉപരിപഠന കാലത്തും ഗവേഷണ സമയത്തുമെല്ലാം ഇഹ്യ ഒരു വഴികാട്ടിയായി മാറി. ഇസ്ലാമിക പാരന്പര്യത്തിന്‍റെ രാസത്വരകമായിരുന്നു ഇഹ്യ. പാരന്പര്യത്തെ പ്രതിലോമപരതയുടെ വലിച്ചുനീട്ടലായി വ്യാഖ്യാനിച്ചിടത്തൊക്കെ ഇഹ്യ സംതൃപ്തമായ മറുവാക്ക് കുറിച്ചു. ഓരോ ഇഹ്യാ വായനയും ചിന്തയെ പുതിയ വഴിക്ക് നയിച്ചു. ഒരു മഹത്തായ ജീവിതം, ദര്‍ശനം, കര്‍മം എന്നിവയെ രൂപപ്പെടുത്തുന്നുണ്ട് ഇഹ്യ. ഇത്തരം ഗുരുതുല്യമായ ഒരു ധൈഷണിക സൃഷ്ടി വേറെ കണ്ടിട്ടില്ല. പടിഞ്ഞാറിനപ്പുറത്തേക്ക് ഒരു ധൈഷണികതയില്ല എന്നത് മിഥ്യയാണെന്ന് ഇഹ്യയുടെ ആദ്യവായനയില്‍ തന്നെ കണ്ടു. അങ്ങനെ ഇമാം ഗസ്സാലിയുടെ ജീവിതത്തിലേക്കും ദര്‍ശനത്തിലേക്കും ഉള്‍വഴികള്‍ തിരഞ്ഞുപോയാണ് Gazzali; the poetics of imagination രൂപപ്പെട്ടത്.
മുസ്ലിം സമൂഹത്തെക്കുറിച്ച് പഠിക്കുന്പോള്‍ പാരന്പര്യമുസ്ലിം, ആധുനിക മുസ്ലിം, റാഡിക്കല്‍ മുസ്ലിം, ലിബറല്‍ മുസ്ലിം തുടങ്ങിയ കാറ്റഗറികള്‍ കാണുന്നു. ഈയൊരു തരംതിരിക്കലിന്‍റെ യുക്തി എന്താണ്?
നൂറ്റാണ്ടുകളോളം വ്യത്യസ്തങ്ങളായ നാഗരികതകളിലൂടെ കയറിയിറങ്ങിയതാണ് പാരമ്പര്യ മുസ്ലിമിന്‍റെ വിശേഷണങ്ങള്‍. യഥാര്‍ത്ഥ ഇസ്ലാം/മുസ്ലിം എന്ന വിശേഷണം പൂര്‍ണമായും ഇസ്ലാമിന്‍റെ തനതായ പാരന്പര്യത്തെ ഉള്‍ക്കൊണ്ടവര്‍ക്കു മാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂ. വിശ്വാസം, കര്‍മം എന്നിവയിലെല്ലാം പാരമ്പര്യ മുസ്ലിംകള്‍ക്കിടയില്‍ പൊരുത്തം കാണാന്‍ സാധിക്കും. ഇസ്ലാം വിവിധ നാടുകളില്‍ വ്യത്യസ്ത സംസ്കാരങ്ങളുമായി ഇഴുകിച്ചേര്‍ന്നെങ്കിലും തലമുറകളായിട്ട് അനുവര്‍ത്തിച്ചു പോരുന്ന പ്രവൃത്തികള്‍ക്കോ വിശ്വാസത്തിനോ മാറ്റം വന്നിട്ടില്ല. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈയൊരു വ്യവസ്ഥിതിയെ നെഞ്ചേറ്റുന്നുവെന്നതാണ് പാരന്പര്യ മുസ്ലിം സമൂഹത്തിന്‍റെ സവിശേഷത. മറ്റുള്ളത് അവാന്തര വിഭാഗങ്ങളാണ്. അതില്‍ പലതും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി രൂപപ്പെട്ടവയുമാണ്. ഋജുവായ ഇസ്ലാമില്‍ നിന്ന് ഇത്തരം ഇസ്ലാമുകള്‍ തീര്‍ത്തും വ്യത്യസ്തമാണ്.
പലപ്പോഴും ആധുനികതയുടെ വിരുദ്ധ ചേരിയിലായി പാരന്പര്യത്തെ പ്രതിഷ്ഠിക്കുന്ന ഒരു പ്രവണത കണ്ടുവരാറുണ്ട്. ഇങ്ങനെയൊരു ധ്രുവീകരണത്തിന് എത്രത്തോളം സാധ്യതയുണ്ട്?
ആധുനികത ഒരു അമൂര്‍ത്തമായ സങ്കല്‍പമാണ്. എങ്കിലും പൊതുവെ പറയപ്പെടാറുള്ള യൂറോപ്യന്‍ ആധുനികത മുന്‍നിര്‍ത്തി പരിശോധിക്കുകയാണെങ്കില്‍ പാരമ്പര്യം/ആധുനികത എന്നീ ദ്വന്ദ്വങ്ങള്‍ എവിടെ വിഘടിക്കുന്നു, എവിടെവെച്ച് യോജിക്കുന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്. മുസ്ലിം ധിഷണാ പാരന്പര്യം ആധുനികതയുടെ യുക്തിബോധത്തെ തിരുത്താന്‍ മാത്രം ഉള്ളുറപ്പുള്ളതാണ്. ആധുനികതയുടെ ചിന്താസങ്കേതങ്ങളോട് മുസ്ലിം പാരന്പര്യ ധാര പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നത് അബദ്ധജടിലമായ പ്രചാരണമാണ്. എന്നല്ല, ഇവര്‍ക്കിടയില്‍ ഇത്തരം ആധുനികതയുടെ ചിന്താബോധം തികച്ചും യുക്ത്യാധിഷ്ഠിതമാണ്. ഈ യുക്തി മാനുഷികമൂല്യങ്ങളെ ഒരു പരിധിവരെ പടിക്കു പുറത്ത് നിര്‍ത്തുന്പോള്‍ പാരന്പര്യ മുസ്ലിം ബൗദ്ധികത അതിന്‍റെ മാനുഷിക ധര്‍മത്തെ അന്വേഷിക്കുക വഴി ആധുനികതക്കു കൂടി തിരുത്തെഴുതുകയാണ്.
റാഡിക്കല്‍ ഇസ്ലാം പടച്ചുവിടുന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഇസ്ലാം ഒരു ജീവിത വ്യവസ്ഥിതിയാണ്. ഇതിനപ്പുറം മതം ഒരു രാഷ്ട്രീയ സ്വത്വത്തെ രൂപീകരിക്കാനുള്ള ഇടമാണ് എന്നതിലേക്ക് ചിന്തിക്കുന്പോഴാണ് ഒരു ഇസ്ലാമിസ്റ്റ് ജനിക്കുന്നത്. മതബോധമില്ലാത്ത, എന്നാല്‍ മതബോധത്തിന്‍റെ മേലങ്കിയണിയുന്നവരാണ് പൊതുവെ ഇസ്ലാമിസ്റ്റുകള്‍. അല്‍പ ജ്ഞാനത്തില്‍ നിന്ന് അവര്‍ ഒരു പ്രത്യേകതരം ശരീഅത്തിനെ നിര്‍മിച്ചെടുക്കുന്നു. ക്രൂരമായ ശിക്ഷാവിധികളും ഹിംസാത്മകമായ സമീപനവും കൂടിയാവുന്പോള്‍ അതൊരു പ്രഹേളികയായി മാറുന്നു. നിലവില്‍ പാകിസ്താന്‍, തുനീഷ്യ, ഈജിപ്ത്, സിറിയ, നോര്‍ത്ത് ആഫ്രിക്ക തുടങ്ങിയ നാടുകളില്‍ ഇസ്ലാമിസം ശക്തമായി കാണുന്നുണ്ട്. പക്ഷേ, എവിടെയും കൂടുതല്‍ ഭാവി പ്രതീക്ഷിക്കേണ്ടതില്ല.
ഇസ്ലാമിസ്റ്റുകള്‍ നിര്‍മിച്ചെടുക്കുന്ന ശരീഅത്തിനെക്കുറിച്ച് പറഞ്ഞുവല്ലോ. വിശദീകരിക്കാമോ?
ശരീഅത്തിനെ ആധുനിക ദേശരാഷ്ട്ര സങ്കല്‍പത്തിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചതാണ് ഇസ്ലാമിസത്തിന്‍റെ ശരീഅത്ത്. ഇസ്ലാമിന്‍റെ ശിക്ഷാമുറകള്‍ നടപ്പിലാക്കാനും മറ്റു ചില ശരീഅത്ത് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനും വ്യത്യസ്തമായ സാമൂഹ്യരാഷ്ട്രീയ സാഹചര്യമുണ്ട്. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ശരീഅത്തിനെ പൂര്‍ണമായി സംയോജിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഒരു ഭരണവ്യവസ്ഥിതിയെ എങ്ങനെ നേരിടണം, എപ്പോള്‍ ഇടപെടണം എന്നതിനെക്കുറിച്ച് ശരീഅത്ത് നന്നായി പ്രതിപാദിക്കുന്നുണ്ട്. അത് വിശാലമായ വിഷയമാണ്. ഇത്തരം കാര്യങ്ങള്‍ പഠിക്കാതെയും ഉള്‍ക്കൊള്ളാതെയുമാണ് ഇസ്ലാമിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏതു സമൂഹത്തിലും വര്‍ഗത്തിലും ഇത് രൂപപ്പെട്ടുവരാം. ന്യൂനപക്ഷത്തിലും ഭൂരിപക്ഷത്തിലും ഉണ്ടാവാം. പൊതുവെ നഗരപരിസരത്തു നിന്നാണ് ഇതുണ്ടാവാറുള്ളത്.
The Debts And Burdens Of Critical Islam എന്ന താങ്കളുടെ എഴുത്തില്‍ പാരന്പര്യത്തിന്‍റെ വേരുകളില്‍ നിന്നും ആധുനികതയുടെ വേരുകളില്‍ നിന്നും മുളപൊട്ടിയ മുസ്ലിം ധാരകളെ പരിചയപ്പെടുത്തുന്നുണ്ടല്ലോ. ഇസ്ലാമിസം ഇതില്‍ ഏതിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?
ഇസ്ലാമിസം പൂര്‍ണമായും ആധുനികതയുടെ ഉത്പന്നമാണ്. ശരിയായ പന്ഥാവിലൂടെ കടന്നുവന്ന, കര്‍മം കൊണ്ടും ധര്‍മം കൊണ്ടും ചേതോഹരമായ ഇസ്ലാമിന്‍റെ നികൃഷ്ടമായ ബദലാണ് ഇസ്ലാമിസം. പാരന്പര്യവുമായി ഇതിന് കൂടുതല്‍ ബന്ധങ്ങള്‍ ഇല്ല എന്നുതന്നെ പറയാം.
ഇസ്ലാമിസത്തിന്‍റെ മതേതരത്വം?
മതേതര സംവിധാനത്തിന്‍റെ ശത്രുവായ മതമൗലിക വാദമാണ് ഇസ്ലാമിസത്തിന്‍റെ അജണ്ട. വര്‍ത്തമാന കാലത്തെ ഭരണസംവിധാനങ്ങള്‍ ജനാധിപത്യത്തിന്‍റെ പ്രേതപ്പുരകളാണെന്നുള്ള വീക്ഷണമാണ് ഇവര്‍ പങ്കുവെക്കുന്നത്. ദക്ഷിണേന്ത്യയിലെ ഇസ്ലാമിസ്റ്റ് മൂവ്മെന്‍റിന്‍റെ വക്താവായ അബുല്‍ അഅ്ലാ മൗദൂദിയും മധ്യ പൗരസ്ത്യ ദേശത്തുള്ള ഹസനുല്‍ ബന്നയും സയ്യിദ് ഖുത്ബും നിലവിലുള്ള ഭരണ വ്യവസ്ഥയില്‍ വൈകൃതം ആരോപിച്ചവരാണ്.
ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന്‍റെ നിലപാടുകളെ എങ്ങനെ നിരീക്ഷിക്കുന്നു?
പ്രാകൃതമായ നടപടികളാണ് ബ്രദര്‍ഹുഡിന്‍റേത്. വിപ്ലവകരമായൊരു മാറ്റം സൃഷ്ടിക്കാന്‍ ബ്രദര്‍ഹുഡിന്‍റെ ആശയങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഈജിപ്തിന്‍റെ ഗ്രാമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് പാരന്പര്യത്തില്‍ നിന്ന് ഊര്‍ജം സ്വീകരിച്ച ആത്മീയധാരയാണ്. സന്പന്നമായ നാഗരികതയുടെ ഉടയാത്ത ശേഷിപ്പുകളായി മുസ്ലിം പാരന്പര്യത്തിന്‍റെ അടയാളങ്ങള്‍ ഈജിപ്തില്‍ ഇന്നും നിലവിലുണ്ട്. ഇത്തരം പാരന്പര്യാധിഷ്ഠിതമായ ചലനങ്ങളെ തകര്‍ക്കാനും തുടച്ചുനീക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുകയും പ്രാകൃതമായ നടപടികളെ വരേണ്യതയുടെ മുഖംമൂടിയിലൊളിപ്പിച്ചു കടത്തുകയും ചെയ്യുന്നവര്‍ക്ക് ഈജിപ്തിന്‍റെ ശുഭകരമായ ഭാവി നിര്‍ണയിക്കാന്‍ കഴിയില്ല.
പടിഞ്ഞാറന്‍ ലോകത്ത് ഇസ്ലാമിസത്തിന്‍റെ വളര്‍ച്ച എങ്ങനെയാണ്?
ഇസ്ലാമിസത്തിനെതിരായ അഭിപ്രായ രൂപീകരണം യൂറോപ്പിലും അമേരിക്കയിലുമെല്ലാം സജീവമാണ്. ശക്തമായ മിലിറ്റന്‍റ് മനോഭാവം വച്ചുപുലര്‍ത്തിയിരുന്ന തീവ്ര ഇസ്ലാമിസ്റ്റുകള്‍ മിതവാദത്തിലേക്ക് ചുവടുമാറുന്നത് ഇന്ന് വ്യാപകമാണ്. ഏകാത്മകമായ തീവ്രതയില്‍ നിന്ന് ഉദാര സംയമനത്തിലേക്കുള്ള ഇത്തരം മാറ്റങ്ങള്‍ പ്രതീക്ഷാവഹം തന്നെയാണ്. നാസിസ്റ്റ്, ഫാസിസ്റ്റ് തീവ്രവാദം ലോകത്തുനിന്ന് തുടച്ചുമാറ്റിയതുപോലെ ഇസ്ലാമിസവും വളരെ വേഗത്തില്‍ കുറ്റിയറ്റു പോകും എന്നത് തീര്‍ച്ചയാണ്.
ഡാനിയല്‍ പൈപിനെ പോലുള്ളവര്‍ പാരമ്പര്യ ഇസ്ലാമിനെ ശക്തമായി പ്രമോട്ട് ചെയ്യുന്നുണ്ടല്ലോ?
അത് തികച്ചും ഉപരിപ്ലവമാണ്. ഇസ്ലാമിനോടുള്ള സമീപനത്തില്‍ പൈപിന് ഇരട്ടത്താപ്പ് നയമാണുള്ളത്. പൂര്‍ണമായ ഒരു മുസ്ലിം വിരോധിയല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം ചിലരെ സൗഹൃദത്തിലാക്കുന്നുണ്ട്. അതേസമയം ഇസ്ലാമോഫോബിയ പോലെയുള്ള മാരകമായ അര്‍ബുദത്തെ ഇല്ലായ്മയില്‍ നിന്ന് പടച്ചുണ്ടാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷമായ തീവ്ര മിലിറ്റന്‍റ് ഇസ്ലാമിസ്റ്റുകളുടെ നികൃഷ്ടമായ പ്രവണതകള്‍ മാറ്റിനിര്‍ത്തിയാല്‍ പടിഞ്ഞാറന്‍ ദേശത്തെ ഇസ്ലാമും മുസ്ലിംകളും സഹിഷ്ണുതയുള്ളവരാണ്.
താങ്കള്‍ ഈയടുത്തായി ദക്ഷിണേഷ്യന്‍ മദ്റസാ പ്രസ്ഥാനത്തെക്കുറിച്ചും മുസ്ലിം സെമിനാരികളെക്കുറിച്ചും പഠനം നടത്തിയിരുന്നല്ലോ. പാരന്പര്യ ഇസ്ലാമിന്‍റെ ശക്തികേന്ദ്രം സന്പന്നമായ ജ്ഞാന പരന്പരയെ നിലനിര്‍ത്തുന്ന ഇത്തരം മദ്റസകളാണ്. എന്താണ് താങ്കളുടെ പഠനത്തില്‍ മനസ്സിലായത്?
മുസ്ലിം മദ്റസകള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് നിര്‍വഹിക്കുന്നത്. ഒന്ന്; ജ്ഞാന പ്രസരണം. രണ്ട്; പ്രസ്തുത ജ്ഞാനമുപയോഗിച്ച് പാരന്പര്യാധിഷ്ഠിതവും നിലനില്‍ക്കുന്ന സാമൂഹ്യധാരയോട് പൊരുത്തപ്പെടുന്നതുമായ ഒരു സംസ്കാരം രൂപപ്പെടുത്തല്‍. മുസ്ലിം ലോകത്ത് നല്ലൊരു ശതമാനം ആളുകളും മദ്റസാ സന്പ്രദായം ഉപയോഗപ്പെടുത്തുന്നവരാണ്. ഒരു പ്രദേശത്തെ മുസ്ലിം ജാഗരണം അവിടെയുള്ള മദ്റസകളെ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. അതുകൊണ്ടു തന്നെ മദ്റസകള്‍ നിര്‍മിക്കുന്ന സാമൂഹികത തീര്‍ത്തും വിലക്ഷണ രഹിതമായിരിക്കും. അറിവാണ് അധികാരത്തെ നിര്‍ണയിക്കുന്നത്. മുസ്ലിം നാഗരികത അപ്രമാദിത്വം നേടിയത് അറിവധികാരത്തെ ഉപയോഗപ്പെടുത്തിയാണ്. മുസ്ലിം ചരിത്രത്തിലെ സന്പന്നമായിരുന്ന ബഗ്ദാദും കൊര്‍ദോവയും ശക്തമായ മദ്റസാ സംവിധാനത്തെ ഉപയോഗപ്പെടുത്തിയവരായിരുന്നു. മുസ്ലിം മദ്റസകള്‍ ഒരേസമയം അന്തേവാസികള്‍ക്ക് ജ്ഞാനം പകര്‍ന്നു കൊടുക്കുകയും പഠിച്ചവര്‍ തദനുസാരം തന്നെ സാമൂഹ്യധാരയുടെ വൈവിധ്യങ്ങളായ തലങ്ങളിലേക്ക് അതിനെ വ്യാപിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മദ്റസയെ കേന്ദ്രീകരിച്ച് നീങ്ങുന്ന ഒരു സമൂഹം ചലനാത്മകവും പുരോഗമനാത്മകവുമായിരിക്കും. ജ്ഞാനകേന്ദ്രീകൃത വലയത്തില്‍ നിന്ന് മാറി നില്‍ക്കുന്ന വ്യവസ്ഥിതിക്ക് ഏതു തരത്തിലുള്ള ദുരന്തം സംഭവിക്കാനും ഇടയുണ്ട്.
ദക്ഷിണേഷ്യന്‍ മദ്റസകളുടെ സവിശേഷതയായി വല്ലതും താങ്കള്‍ ഗവേഷണത്തിനിടയില്‍ കണ്ടെത്തിയിട്ടുണ്ടോ?
തീര്‍ച്ചയായും. മുസ്ലിംകളുടെ ജ്ഞാന സപര്യക്ക് വിഘ്നം വരുത്താന്‍ പടിഞ്ഞാറന്‍ ശക്തികള്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്തെ മദ്റസാ സന്പ്രദായത്തെ പഴഞ്ചനായി മുദ്രകുത്തി പടിഞ്ഞാറന്‍ ധൈഷണിക വലയത്തില്‍ നിര്‍മിച്ചെടുത്ത വിദ്യാഭ്യാസ സന്പ്രദായം അവതരിപ്പിച്ചിരുന്നു. ഈജിപ്ത് പോലെയുള്ള നാടുകളില്‍ ഇതിന് സ്വീകാര്യതയും കൈവന്നു. പക്ഷേ കൊളോണിയല്‍ പാരന്പര്യത്തിലുരുവപ്പെട്ട വിദ്യാഭ്യാസ സംവിധാനത്തെ ദക്ഷിണേഷ്യന്‍ മുസ്ലിംകള്‍ ഗൗനിച്ചില്ല. മദ്റസകളെ അടച്ചാക്ഷേപിച്ച് അവതരിപ്പിച്ച സംവിധാനത്തെ അവര്‍ വെല്ലുവിളിക്കുകയും അതിനു പുറമെ ദക്ഷിണേഷ്യയിലെ നിരവധി സ്ഥലങ്ങളില്‍ പുതിയ മദ്റസകള്‍ സ്ഥാപിക്കുകയും ചെയ്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് മദ്റസകളുടെ പങ്ക് എന്തായിരുന്നു?
കൊളോണിയല്‍ ശക്തികളെ പ്രതിരോധിക്കുന്നതില്‍ മദ്റസകള്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാധാരണക്കാരായ വിശ്വാസികളെ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്‍പന്തിയിലെത്തിക്കുന്നതില്‍ മദ്റസകള്‍ നിര്‍വഹിച്ച ദൗത്യം പ്രധാനപ്പെട്ടതാണ്. പക്ഷേ അത്തരം ഒരു ശക്തിവിശേഷം പോസ്റ്റ് കൊളോണിയല്‍ ദേശ രാഷ്ട്ര വ്യവസ്ഥിതിയില്‍ കാണാനിടയായിട്ടില്ല. പുറം പോക്കിലേക്കുള്ള എടുത്തുമാറ്റവും മറ്റും ഇതിനെ സ്വാധീനിച്ചിട്ടുണ്ടാവാം.
മദ്റസകള്‍ എത്രത്തോളം മതേതരമാണ്?
മുസ്ലിം മദ്റസകള്‍ പൂര്‍ണമായും മതാധിഷ്ഠിതമാണ്. പക്ഷേ അതൊരിക്കലും മതേതരത്വത്തിന് എതിരല്ല. മതം പഠിപ്പിക്കുന്ന സഹിഷ്ണുതയെയും ബഹുസ്വരതയെയും വിശ്വാസികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് മദ്റസകള്‍ ചെയ്യുന്നത്. പക്ഷേ, പാകിസ്താനിലെ ചില ഗോത്ര പ്രവിശ്യകളിലും മറ്റും നിലകൊള്ളുന്ന താലിബാനി മദ്റസകള്‍ ഇത്തരത്തിലുള്ളതല്ല. നേരത്തെ നാം ചര്‍ച്ച ചെയ്ത മിലിറ്റന്‍റ് റാഡിക്കല്‍ വാദത്തെ ശക്തിപ്പെടുത്തുന്ന കേന്ദ്രങ്ങളാണ്. ചില മദ്റസകള്‍ സാമ്രാജ്യത്വ നിലപാടുകളെ ശക്തമായി എതിര്‍ത്തു വരുന്നുണ്ട്. ഇങ്ങനെയുള്ളതെല്ലാം മതമൗലിക വാദമാണ് എന്ന് പറയാന്‍ കഴിയില്ല.
കേരളത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതു പോലെയുള്ള ആധുനിക മദ്റസ സംവിധാനങ്ങള്‍ സജീവമാണ്?
നിങ്ങള്‍ നല്ലൊരു മാതൃകയാണ്. ദക്ഷിണേഷ്യന്‍ ചരിത്രത്തില്‍ തന്നെ ദക്ഷിണേന്ത്യയുടെ മുസ്ലിം അവസ്ഥകള്‍ ഇപ്പോഴും വായിക്കപ്പെട്ടിട്ടില്ല. ക്രിയാത്മകമായ സംവിധാനം ഉപയോഗിക്കുന്നതോടൊപ്പം അതിനെ മറ്റു നാടുകള്‍ക്ക് പരിചയപ്പെടുത്തുകയും വേണം.
ഡോ. ഇബ്റാഹിം മൂസ/ നൂറുദ്ദീന്‍ മുസ്തഫ
noorudheenmusthafa@gmail.com
ഡോ ഇബ്റാഹീം മൂസ
അമേരിക്കയിലെ ഡ്യൂക് സര്‍വകലാശാലയില്‍ റിലീജ്യസ് സ്റ്റഡീസിലെ സീനിയര്‍ ഫെല്ലോ ആണ് ഇബ്റാഹീം മൂസ. പാരന്പര്യ ഇസ്ലാം, മുസ്ലിം മദ്റസാ മൂവ്മെന്‍റ്, ഇസ്ലാമിക ശരീഅത്ത്, ഇസ്ലാമിക് ഫണ്ടമെന്‍റലിസം തുടങ്ങിയ വിഷയങ്ങളിലായി നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. വിശ്രുതമായ ഇഹ്യാ ഉലൂമിദ്ദീനെയും ഇമാം ഗസ്സാലി(റ)നെയും മുന്‍നിര്‍ത്തി എഴുതിയ Gazzali; the poetics of imagination 2006 ല്‍ യു എസിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായിരുന്നു. hat is Madrassa?, Muslim Self Revival; Ethics Rights and Technology After Empire, Between Right and Wrong; Debating Muslim Ethics തുടങ്ങിയവ പ്രധാന രചനകളാണ്. Newyork Times, The Boston Review, Atlanda Journal- Constituition, Middle East Economic Journal, Cape Times തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് ഡോ മൂസ. ദക്ഷിണേന്ത്യന്‍ മദ്റസകളെക്കുറിച്ചും മുസ്ലിം സെമിനാരികളെക്കുറിച്ചും നടത്തിയ പഠനത്തിന് 2005 ല്‍ യു എസിലെ Carnegic Scholor പദവി ലഭിച്ചു.
You must be logged in to post a comment Login