ഒന്ന്
“ഹിന്ദുക്കളുടെ വിശുദ്ധ സാഹിത്യത്തോട് ബ്രഹ്മണ പണ്ഡിതന് ബഹുമാനാദരങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അബ്രാഹ്മണ പണ്ഡിതന് അതുണ്ടാവുക തികച്ചും അസ്വാഭാവികമത്രെ.’ (അംബേദ്ക്കര്‍)
സാമ്രാജ്യത്വ ശിങ്കിടികള്‍ക്കും, ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കും സിയോണിസ്റ്റുകള്‍ക്കും പിന്നെ അവരുടെ കല്‍പനകള്‍ക്ക് മുന്പില്‍ മുട്ടുവിറക്കുന്ന മറ്റുള്ളവര്‍ക്കും ഇബ്റാഹിം സുലൈമാന്‍ മുഹമ്മദ് അല്‍ റുബായിസിന്‍റെ ഇതിനകം പ്രശസ്തമായ കഴിഞ്ഞ “സാഗരഗീതം’ എന്ന കവിതയോട് സ്നേഹബഹുമാനങ്ങള്‍ വച്ചു പുലര്‍ത്തുക അസാധ്യമാണ്. സ്വന്തം യജമാനന്മാരുടെ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയാതെ പോവുന്ന പാവം മനുഷ്യരുടെ നിസ്സഹായത മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും.
അവരാദരിക്കുന്ന സാമ്രാജ്യത്വ യജമാനര്‍ക്കെതിരെ ധീരമായി പ്രതികരിക്കുന്നവര്‍ക്കെതിരെ, അവര്‍ നിശബ്ദരാവുന്നതും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, യജമാനനോടുള്ള കൂറ് കാണിക്കാന്‍, സാമ്രാജ്യത്വം പോലും ചെയ്യാനറക്കുന്ന “അല്പത്തരങ്ങള്‍’ നിര്‍വ്വഹിക്കുന്നത്, ആരായാലും അപമാനകരമാണ്. ഗുജറാത്തില്‍ മാത്രമല്ല, കേരളത്തിലും “ഇന്ത്യന്‍ ഫാസിസത്തിന്’, സാക്ഷാല്‍ സര്‍വ്വകലാശാലയെപ്പോലും “വരച്ചവര’യില്‍ നിര്‍ത്താന്‍ കഴിയുമെന്ന് വരുന്നത് ശുഭോദര്‍ക്കമായ ഒരു കാര്യമല്ല. ഒരു കവിത യാദൃശ്ചികമായിട്ടാണെങ്കിലും, സാമ്രാജ്യത്വ ഫാസിസ്റ്റ് പക്ഷവും, സാമ്രാജ്യത്വ ഫാസിസ്റ്റ് വിരുദ്ധ പക്ഷവും തമ്മിലുള്ള സംവാദത്തിന്‍റെ “നേര്‍സാക്ഷ്യമായിത്തീരുന്നു’ എന്നുള്ളത് സ്വാഗതാര്‍ഹമാണ്. ഫാസിസ്റ്റ് ചേരി സംശയരഹിതമാംവിധം, സാമ്രാജ്യത്വത്തിന് പരമാവധി ഉച്ചത്തില്‍ സിന്ദാബാദ് വിളിക്കാന്‍, മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നൊരു കവിതയെതന്നെ ഉപാധിയാക്കാന്‍ കഴിഞ്ഞതിലുള്ള ഉന്മത്തമായ ഉഷാറിലാണ്. ഇസ്രയേല്‍ ഭരണാധികാരി ഏരിയണ്‍ ഷാരോണ്‍ 2003ല്‍ ഇന്ത്യയില്‍ വന്ന് “യാസര്‍ അറഫാത്ത് ഞങ്ങളുടെ ബിന്‍ലാദനാണെന്ന്’ പറഞ്ഞത് കേട്ടപ്പോഴുണ്ടായതിലധികം, അവരിപ്പോള്‍ ആഹ്ലാദഭരിതരാണ്! “പഴയൊരു’ അമേരിക്കന്‍ പ്രസിഡന്‍റ് സാക്ഷാല്‍ ഭഗവാന് തുല്യനാണെന്ന്, ഐസ്ഐ മുദ്രയുള്ള ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ച പാര്‍ട്ടികള്‍ “സാഗരഗീതം’ എന്ന കവിതക്കു മുന്പില്‍ സ്തബ്ധരായിപ്പോയതിലും അത്ഭുതമില്ല.
എന്നാല്‍ ജനാധിപത്യ വാദികളില്‍ “ചിലര്‍’ ഇടറിപ്പോയി എന്നുള്ളത്, ഒരു തരംതാണ “മതേതര’ തമാശയായിമാത്രം ചുരുക്കി കാണാനാവില്ല. ഫാസിസ്റ്റ് ആക്രോശങ്ങള്‍ക്കു മുന്പില്‍ ഒരു വി സി വിരണ്ടു പോവുന്നത് പോലെയല്ല, മതേതര നിലപാട് പുലര്‍ത്തുന്നവരുടെ “മൗനം.’ കവിക്ക് ആരോപിക്കപ്പെടുന്നത് പോലെ അല്‍ഖ്വയ്ദാ എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് തന്നെ കരുതുക. എന്നാലും ആ കവിത വേണ്ടെന്നു വെക്കാനുള്ള നീക്കത്തെ ഒരു ജനാധിപത്യ വാദിക്ക് പിന്തുണക്കാന്‍ കഴിയില്ല. സാഹിത്യ വിമര്‍ശം കൃതിയെയും എഴുത്തുകാരനെയും കൃത്യമായി കോര്‍ത്തു ചേര്‍ക്കുന്നൊരേര്‍പാടല്ലെന്ന് മനസ്സിലാക്കാന്‍, റൊളാങ്ബാര്‍ത്തിന്‍റെ “എഴുത്തുകാരന്‍റെ മരണം’ വായിക്കേണ്ട കാര്യമില്ല. സത്യത്തില്‍ ഗ്വാണ്ടനാമോയില്‍ നിന്ന് വരുന്ന എന്തും പഠിക്കണം ജനാധിപത്യം! ഭാവഗീതം മാത്രമല്ല, പൂരതെറിപോലും!
ഗ്വാണ്ടനാമോ ഒരു തടവറയല്ല, മനുഷ്യാവകാശങ്ങളുടെ ശ്മശാനമാണ്. ചരിത്രത്തില്‍ എന്തിനോടെങ്കിലും അതിന് സാമ്യമുണ്ടെങ്കില്‍, രണ്ടായിരം വര്‍ഷം മുന്പ് റോമാ സാമ്രാജ്യത്വത്തിന്‍റെ ക്രൂരതയുടെ പ്രതീകമായി പരിലസിച്ച ആ പഴയ “കൊളോസിയ’ത്തോടായിരിക്കും! വിശന്ന് വലഞ്ഞ മൃഗങ്ങളുടെ വായിലേക്കു അടിമകളെ വലിച്ചെറിഞ്ഞും, പാവം അടിമകളുടെ ശരീരത്തില്‍ തുണിചുറ്റി കത്തിച്ച്, രാത്രിയിലെ വിനോദം കൊഴുപ്പിക്കാന്‍ വെളിച്ചമുണ്ടാക്കുകയും ചെയ്ത “ക്രൂരത’കളെയൊക്കെയും അന്ന് “കൊളോസിയം’ ആഘോഷിക്കുകയാണ് ചെയ്തത്. അതെല്ലാം റോമില്‍ എത്രയോ മുന്പാണ് നടന്നതെങ്കില്‍, ഗ്വാണ്ടനാമോയില്‍ അതൊക്കെ തന്നെയാണ് വലിയ വ്യത്യാസമൊന്നും കൂടാതെ ഇപ്പോള്‍ നടക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഒരു നോബല്‍ സമ്മാനമുണ്ടെങ്കില്‍ അത് ഒരെതിര്‍പ്പുമില്ലാതെ ലഭിക്കാന്‍ സാധ്യതയുള്ള ഗ്വാണ്ടനാമക്കെതിരെ പ്രതികരിക്കുന്നതിനു പകരം, അതിന്നെതിരെയുള്ള ഒരു കവിതക്കെതിരെയാണ് ചിലര്‍ ആര്‍ത്തു വിളിക്കുന്നത്. മനുഷ്യാവകാശങ്ങളില്‍ നിന്നല്ല, “അമേരിക്ക’യില്‍ നിന്നാണിവര്‍ ആവേശം ആവേശം കൊള്ളുന്നത്. തോറ്റവരുടെ കണ്ണീരില്‍ നിന്നല്ല, വിജയികളുടെ തേറ്റകളില്‍ നിന്നാണവര്‍ “കരുണ’ പഠിക്കുന്നത്!
റുബായിസിന്‍റെ സാഗരഗീതത്തിലെ ഒരു ബിംബം ഒരുവരി, ഒരു വാക്ക്, മാനവികതക്കെതിരാണെന്ന്, ഭീകരതക്കുള്ള സ്തുതിയാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പാഠപുസ്തകത്തില്‍ നിന്നും കവിത പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്ത ഏകാംഗകമ്മീഷന് “തലകുത്തി’ നിന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
“കവിത മനോഹരമാണ്. പക്ഷേ, പഠിപ്പിക്കാന്‍ കൊള്ളില്ല’ എന്ന വിചിത്രവാദമാണ് യൂണിവേഴ്സിറ്റി മുന്നോട്ടുവെക്കുന്നത്. റുബായിസിന്‍റെ അല്‍ഖ്വയ്ദബന്ധത്തെക്കുറിച്ച് കവിത പിന്‍വലിക്കാനാവശ്യപ്പെടുന്ന ഡോ. എം എം ബശീര്‍ കമ്മീഷനും ഉറപ്പില്ല. മനോഹരമായ കവിതയാണെങ്കിലും കവിക്ക് അല്‍ക്വയ്ദാ ബന്ധമുണ്ടെന്നും ഇല്ലെന്നും വിരുദ്ധാഭിപ്രായങ്ങള്‍ ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതില്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. ഇത്തരമൊരപമാനകരമായ അവസ്ഥ നമ്മുടെ അക്കാദമിക് ലോകത്ത് ഉണ്ടാക്കുന്നതിന് പിറകില്‍ കളിച്ചത് വലതുപക്ഷ ഹിന്ദുത്വ താല്‍പര്യങ്ങളാണെന്ന് സച്ചിദാനന്ദന്‍, എഴുത്തുകാര്‍ ഭീകരരായിരുന്നോ കൊള്ളക്കാരായിരുന്നോ എന്നുള്ളതാണ് ഒരു കൃതി തള്ളിക്കളയാന്‍ ന്യായമെങ്കില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി രാമായണം നിരോധിക്കുമോ എന്ന് പാറക്കടവ്, ഗ്വാണ്ടനാമോ സൃഷ്ടിച്ച അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ ഈ കവിത പഠിക്കുന്നുണ്ടെന്ന് ടി ടി ശ്രീകുമാര്‍….
കുറ്റവാളികളുടെ സങ്കടങ്ങളും അവരനുഭവിച്ച പീഡനങ്ങളും തടവറകളിലെ ഏകാന്തതകളും കുട്ടികള്‍ പരിചയപ്പെടാന്‍ പാടില്ലെന്നു വന്നാല്‍, സാഹിത്യം അതോടെ അപ്രസക്തമാകും. ദസ്റ്റോവ്സ്കി മുതല്‍ നിരവധി മഹാപ്രതിഭകള്‍ സിലബസ്സില്‍ നിന്നും പുറത്തു പോകേണ്ടി വരും.
“ഞാനൊരു ചെറിയ കപ്പലുമായി കടലില്‍ കൊള്ള ചെയ്യുന്പോള്‍ എന്നെ മോഷ്ടാവെന്ന് വിളിക്കുന്ന അങ്ങ്, വലിയൊരു സൈന്യവുമായി ലോകം മുഴുവന്‍ നടന്ന് കവര്‍ച്ച ചെയ്യുന്പോള്‍ അങ്ങയെ ചക്രവര്‍ത്തി എന്ന് വിളിക്കുന്നു’. അലക്സാണ്ടര്‍ ചക്രവര്‍ത്തിയോട് മുന്പൊരു കടല്‍കൊള്ളക്കാരനാണത്രേ ഇവ്വിധം പറഞ്ഞത്! അല്‍ഖ്വയ്ദ ഭീകരസംഘടനയാണ്. റുബായ്സും ഭീകരനാണെന്ന് കരുതുക. അപ്പോഴും “മുഖ്യപ്രതി’കളായ സാമ്രാജ്യത്വ ഭീകരര്‍ ന്യായധിപരുടെയും വാദികളുടെയും പ്രഛന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്പോള്‍, നമ്മള്‍ ആരുടെ പക്ഷത്ത് നില്‍ക്കും. “വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ?’ എന്ന് ഗ്വാണ്ടനാമോയിലേക്ക് വലിച്ചെറിയപ്പെട്ടവര്‍ ചോദിക്കുന്പോള്‍ നമ്മളെന്ത് പറയും?
ഗ്വാണ്ടനാമോയില്‍ നിന്നും വരുന്ന ഒരു കവിയുടെ പൊള്ളിപിടയുന്ന വാക്കുകളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചത് രോഷത്തിന്‍റെ വെള്ളച്ചാട്ടങ്ങളായിരുന്നു. അലസസ്വസ്ഥകളുടെ വേരുപിഴുതെറിയുന്ന കടന്നല്‍ വാക്കുകളുടെ വന്യതയായിരുന്നു. മെരുങ്ങാത്ത കടല്‍ക്ഷോഭങ്ങളുടെ കലഹമായിരുന്നു. കത്തിതീരാത്ത പ്രതിഷേധത്തിന്‍റെ പരുക്കന്‍ പാറക്കഷ്ണങ്ങളായിരുന്നു. ഉരുള്‍പൊട്ടലും ഭൂകന്പവും കാട്ടുതീയും കൊന്പുകുത്തി മറിയുന്ന പ്രകൃതിക്ഷോഭം പോലുള്ളൊരു സ്ഫോടന കവിതയായിരുന്നു. എന്നാല്‍ ഏകാന്തതയും സങ്കടവുമാണ് സാഗരഗീതത്തില്‍ നിന്നും നിലവിളിക്കുന്നത്! അതുപോലും സാമ്രാജ്യത്വ സഹൃദയമാന്യന്മാര്‍ക്ക് സഹിക്കുന്നില്ല! കവിത മരിച്ചാല്‍/ ആഴത്തില്‍ കുഴിച്ചിടണം/ ഭാഷയില്‍ ആകെ രോഗാണുക്കള്‍/ പടരും മുന്പേ/ മാലയല്ല, റീത്താണ് അതിന് വേണ്ടത്. (മരിച്ച കവിത: സച്ചിദാനന്ദന്‍). എന്നാല്‍ ജ്വലിച്ച് ജീവിക്കുന്നൊരു കവിതയെ, ഇന്നത്തെ അവസ്ഥയില്‍ ഏത് പ്രതിസന്ധിയിലും ജീവിക്കുന്നൊരു കവിതയെ, ഒരു സര്‍വകലാശാല കൊല്ലുന്പോള്‍, അതിനു റീത്ത് മതിയാവില്ല. യൂണിവേഴ്സിറ്റി പുറന്തള്ളിയ കവിതയെ സ്വീകരിക്കാന്‍ നമ്മുടെ മനസ്സും തെരുവും തയ്യാറാവണം. കലാശാലകള്‍ക്ക് പുറത്ത്, ജീവിതം തിളച്ചുമറിയുന്ന ശരിക്കുള്ള ക്ലാസുമുറിയില്‍ വച്ച്, അതാവര്‍ത്തിച്ച് വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യണം. ഏതര്‍ത്ഥത്തിലും യുദ്ധകുറ്റവാളിയായി വിചാരണചെയ്യപ്പെടേണ്ട സാക്ഷാല്‍ ബുഷും, “വംശഹത്യാധീരനായ’ മോഡിയും ഗ്വാണ്ടനാമോയിലെ പീഡനങ്ങള്‍ക്കെതിരെ, കവിതയെന്ന് വിളിക്കാനാവാത്ത രണ്ട് വരി എഴുതിയാല്‍, അതുപോലും ഇന്ന് പഠിപ്പിക്കാവുന്നതാണ്. പിന്നെയല്ലേ സുലൈമാന്‍ ഇബ്റാഹിം മുഹമ്മദ് അല്‍ റുബൈസിന്‍റെ ഭാവസാന്ദ്രമായ, “ഓഡ് ടു ദ സീ’ എന്ന കവിത?
ഗ്വാണ്ടനാമോ ജയിലില്‍കിടന്ന് കൊടിയ പീഢനങ്ങള്‍ അനുഭവിച്ചവര്‍ ഭൂരിപക്ഷവും മുസ്ലിംകളായതു കൊണ്ടുമാത്രമാണ് അതനുഭവിക്കേണ്ടി വന്നത് എന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവുമോ? എന്താണ് തീവ്രവാദത്തിന്‍റെ മാനദണ്ഡം? ആരാണ് തീവ്രവാദിയെ നിശ്ചയിക്കുന്നത്? മുസ്ലിംകളെന്താ മനുഷ്യരല്ലേ? അങ്ങനെ ഭരണകൂടം വിലക്കിയവരും തീവ്രവാദികളെന്ന് മുദ്രകുത്തിയവരുമായ അനേകം കവികള്‍ ലോകത്തുണ്ട്. അവരുടെ പലരുടെയും കവിതകള്‍ പഠിക്കാനുമുണ്ട്. അവയൊക്കെ വിലക്കുമോ? നമ്മുടെ തൊട്ടയല്‍പക്കത്തെ ഗദ്ദറിന്‍റെയും വരവരറാവുവിന്‍റെയും കവിതകള്‍ വിലക്കേണ്ടതാണെന്ന് ഇത്തരം സ്മാര്‍ത്ത വിചാരണക്കാര്‍ പറയില്ലേ?
ഗുജറാത്ത് വംശഹത്യയുടെ ചോരക്കറ ഉണങ്ങാത്ത സംഘപരിവാറിനെ സാംസ്കാരിക സംഘടനയെന്നു വിശേഷിപ്പിച്ച കവിയുടെ കവിതകള്‍ മലയാളത്തില്‍ പഠിപ്പിക്കുന്നുണ്ട്. അതിന്‍റെ വിലക്കണമെന്ന് ഇവര്‍ പറയുമോ? (ഗ്വാണ്ടനാമോ എന്ന കവിത: പി കെ ശ്രീകുമാര്‍ ട്രൂകോപ്പി, മാതൃഭൂമി വാരിക. 2013 ആഗ.4)
“കവിത നല്ല ഗംഭീരന്‍ കവിതയാണ്. ഞാനത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. എം എം ബശീര്‍ എന്ന വ്യക്തിയുടെ സ്വകാര്യ സംഗതിയായിരുന്നെങ്കില്‍ ഈ കവിത നിരോധിക്കുകയുമില്ല. പഠിപ്പിക്കുകയും ചെയ്തേനെ. അതില്‍ യാതൊരു സംശയത്തിന്‍റെയും സാഹചര്യമില്ല. ഈ കവിതയ്ക്കെതിരായ പരാതി വരുന്നത് ഡല്‍ഹിയില്‍ നിന്നാണ്. ഒരു പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നാണ് ഇത്തരത്തിലൊരു ആക്ഷേപം ഉയരുന്നത്. ഈ കവിതയുടെ പേരില്‍ യൂണിവേഴ്സിറ്റിയും അവിടുത്തെ ജീവനക്കാരും അക്രമിക്കപ്പെടരുതെന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ശുപാര്‍ശ മുന്നോട്ടു വച്ചത്.
(ഒടുവില്‍ കവി തടവറയില്‍, ദിപിന്‍ മാനന്തവാടി, കലാകൗമുദി 2013, ആഗ.4)
കവിത പഠിക്കാന്‍ കവിയെ അറിയല്‍ പ്രസക്തമല്ല. പല പ്രാചീന കവികളും, ഏത് നൂറ്റാണ്ടിലാണ് കൃത്യമായി ജീവിച്ചതെന്ന് സാഹിത്യ ഗവേഷകര്‍ക്കുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നെയല്ലെ അവര്‍ ഏതൊക്കെ കേസില്‍ പ്രതിയായിരുന്നു എന്നുള്ളത്. “കവിത വായിച്ചാല്‍ അല്‍ഖ്വയ്ദ പശ്ചാത്തലത്തിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെടും’ എന്നാണ് പ്രശസ്ത പത്രപ്രവര്‍ത്തകയായ ലീലാമേനോന്‍ പറയുന്നത്. മറ്റു ചിലര്‍ കവിതാവിവാദത്തില്‍ ഇടപെട്ട് വാദിച്ചത്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ ഭീകരവാദികള്‍ കീഴടക്കി കഴിഞ്ഞിരിക്കുന്നുവെന്നാണ്! അസംബന്ധങ്ങളും അതിശയോകതികളും പ്രചരിപ്പിക്കാനുള്ള ആജീവനാന്ത അവകാശമാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്! (അപൂര്‍ണം)
കെ ഇ എന്‍
You must be logged in to post a comment Login