കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില് സുലഭ മെന്ന് കുഞ്ചന്‍ നന്പ്യാരെഴുതുന്പോള് ഉണ്ടാകാന്‍ പോകുന്ന പുകിലുകളെക്കുറിച്ച് അസാമാന്യമായ ദീര്ഘവീക്ഷണമുണ്ടായിട്ടുണ്ടാകണം. സൗരോര്‍ജ പദ്ധതി, കാറ്റാടിപ്പാടം എന്നിവ വാഗ്ദാനം ചെയ്ത് കേരളത്തില്‍ നടന്ന് പണം പിരിച്ച സംഘവും അതിലുള്‍പ്പെട്ട കാമിനിമാരും ഉയര്‍ത്തിവിട്ട കലഹത്തിന്റെ പൊടിപടലങ്ങളാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ തത്കാലത്തേക്കെങ്കിലും അടങ്ങിയത്. തട്ടിപ്പുകാരെന്ന് പറയുന്ന ഈ സംഘത്തിലെ അംഗങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും തമ്മിലുള്ള ടെലിഫോണ്‍ ബന്ധം, അവരുടെ പുറത്താക്കലും അതിലൊരാളുടെ അറസ്റ്റും തുടര്‍ന്ന് നിയമസഭയിലുണ്ടായ തര്‍ക്കങ്ങളുമായിരുന്നു ആദ്യ രംഗത്തില്‍. മന്ത്രിമാരും യു ഡി എഫ് നേതാക്കളും ആരോപണവിധേയരില്‍ ഒരാളായ സരിത എസ് നായരുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ കലഹമായിരുന്നു രണ്ടാം രംഗം. ഇതിനിടയില്‍ തട്ടിപ്പില്‍ പങ്കാളിയായെന്ന് ആരോപിക്കപ്പെടുന്ന നടി ശാലു മേനോനെ അറസ്റ്റ് ചെയ്യാത്തതിന്റെ പിറകില്‍ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധമാണെന്ന തര്‍ക്കം അരങ്ങിലെത്തി. സരിത എസ് നായര്‍ക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്ന ശ്രീധരന് നായരുടെ തുറന്ന് പറച്ചിലായിരുന്നു അടുത്ത രംഗത്തില്‍.
പിന്നെ സരിത കോടതിക്ക് മുന്‍പാകെ പറഞ്ഞത് എന്ത് എന്ന തര്‍ക്കമായി. പറഞ്ഞത് എഴുതിയെടുക്കാതിരുന്ന മജിസ്ട്രേറ്റ് അഭിഭാഷകന് മുഖേന എഴുതിത്തരാന്‍ ആദ്യം പറഞ്ഞു. വിദ്യാസന്പന്നയായ സരിത തന്നെ എഴുതിത്തന്നാല്‍ മതിയെന്ന് പിന്നീട് തിരുത്തി. ഇതേച്ചൊല്ലിയുള്ള തര്‍ക്കം കൊഴുപ്പേറ്റിയ രംഗമായിരുന്നു. സരിത എഴുതി നല്‍കിയതില്‍ പ്രതീക്ഷിച്ച വിഭവങ്ങളില്ലാതായതോടെ പരാതിയുടെ ഉള്ളടക്കം തിരുത്തിക്കാന്‍ ശ്രമം നടന്നുവെന്ന തര്‍ക്കമായി. ഇതിനെല്ലാമൊടുവിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുമായി തട്ടിപ്പുകാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കില്ലാതിരിക്കുമോ എന്ന ഗണിതശാസ്ത്രത്തിലെ കോറിലേഷന്‍ സിദ്ധാന്തം പ്രതിപക്ഷം സജീവമാക്കിയത്. ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച്, ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്ന ആവശ്യവുമായി അവര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു. വളയുന്നവരെ തടുക്കാന്‍ കേന്ദ്ര സേനയെ വിളിച്ച് സര്‍ക്കാര്‍ പലവിധ തര്‍ക്കങ്ങള്‍ക്ക് വഴി തുറന്നു. പ്രതിപക്ഷത്തിനൊപ്പം കോണ്‍ഗ്രസിലെ ഒരു വിഭാഗവും യു ഡി എഫിലെ ഘടകകക്ഷികളില്‍ ചിലതും കേന്ദ്ര സേനയുടെ സാന്നിധ്യത്തിന്റെ ന്യായം ചോദിച്ചപ്പോള്‍ കലഹം ഉഷാറായി.
ഇതിനിടയില്‍ കുറച്ചിട രംഗവേദി ഡല്‍ഹിയിലേക്ക് മാറ്റി. മന്ത്രിസഭയുടെ പ്രതിച്ഛായ തിരിച്ചെടുക്കാന്‍ പുനഃസംഘടനയും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവും ചര്‍ച്ച ചെയ്യപ്പെട്ടു. ദിവസങ്ങള്‍ നീണ്ട നാടകത്തിനൊടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്ക് താനില്ലെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതോടെ അവിടെ തിരശ്ശീല വീണു. പോലീസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സെക്രട്ടേറിയറ്റ് വളയല്‍ അവസാനിപ്പിച്ചുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിജയഘോഷം മുഴക്കി അറിയിച്ചതോടെ നാടകം പൂര്‍ത്തിയായെന്ന മണി നീളത്തില്‍ മുഴങ്ങി. ഈ നാടകത്തിലുടനീളം, കാണികള്‍ക്ക് മുഷിഞ്ഞുതുടങ്ങിയെന്ന് തോന്നിയപ്പോഴൊക്കെ സൂത്രധാരന്റെ വേഷത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് രംഗത്തെത്തിയിരുന്നു. തന്നാലാവും വിധം അദ്ദേഹം രസിപ്പിക്കുകയും ചെയ്തു.
പെരുമഴ കഴിഞ്ഞാലും മരം പെയ്യുന്നത് തുടരും. അതാണ് ഉപരോധം അവസാനിപ്പിച്ചതിന് പിറകിലെ ചരട് വലികളെക്കുറിച്ചുള്ള ആരോപണങ്ങള്‍. അനന്തരം സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി സര്‍ക്കാറിനെ അറിയിക്കും. ഈ സാഹചര്യത്തില്‍ ജില്ലാ ജഡ്ജിയെയോ വിരമിച്ച ജഡ്ജിയെയോ അന്വേഷണത്തിന് നിയോഗിക്കും. ഖജനാവില്‍ നിന്ന് കുറച്ചധികം പണം വ്യയം ചെയ്യും. അന്വേഷണ റിപ്പോര്‍ട്ട്, ഈ സര്‍ക്കാറിന്റെ കാലത്ത് ലഭിച്ചാല്‍, അതിലെ പരാമര്‍ശങ്ങള്‍ പ്രതികൂലമാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അത് തള്ളിക്കളയും.
ഈ സംക്ഷിപ്ത വിവരണത്തില്‍ നിന്ന് വേണം സോളാര്‍ തട്ടിപ്പെന്ന പേരില്‍ അറിയപ്പെടുന്ന ഈ കഥയുടെ എല്ലാവര്ക്കും അറിയാവുന്ന അന്തര്‍ധാരയിലേക്ക് കടക്കാന്‍. കടുത്ത വ്യൈുതി പ്രതിസന്ധി നേരിടുന്ന, പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്ന് ഉറപ്പുള്ളതിനാല്‍ പുതിയ ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കാന്‍ പഴുതില്ലാത്ത സാഹചര്യത്തില്‍ സൗരോര്ജമേ പോംവഴിയുള്ളൂ എന്ന് പ്രഖ്യാപിച്ചതില്‍ തുടങ്ങണം. സൗരോര്‍ജ പദ്ധതികളുടെ വ്യാപനത്തിനുള്ള ഏത് നിര്‍ദേശത്തെയും കലവറ കൂടാതെ പ്രോത്സാഹിപ്പിക്കാന്‍ നയപരമായ തീരുമാനമെടുത്തു സര്‍ക്കാര്‍. പദ്ധതികളുമായിറങ്ങിയവരുടെ ഉദ്ദേശ്യശുദ്ധിയില്‍ ആര്‍ക്കുമുണ്ടായില്ല സംശയങ്ങള്‍. ഇന്ന് ലക്ഷങ്ങള്‍ മുടക്കിയാല്‍ നാളെ കോടികള്‍ മടക്കി നല്‍കുന്നതാണ് സൗരോര്‍ജ പദ്ധതികളെന്ന് തട്ടിപ്പ് നടത്തിയെന്ന ആരോപണം ഇപ്പോള്‍ നേരിടുന്ന ടീം സോളാര്‍ പ്രചരിപ്പിച്ചു. അതിന് സാധൂകരണമായി മുഖ്യമന്ത്രിയുടെ ഓഫീസുമായും മറ്റ് മന്ത്രിമാരുമായും ഉള്ള ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടി. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ഏത് വഴിയും ഒന്ന് പരീക്ഷിക്കാതെ വിടാന്‍ മടിക്കുന്നവരാണ് മലയാളികള്‍. നാണം കെട്ടും പണമുണ്ടാക്കിയാല്‍ നാണക്കേടാ പണം മാറ്റിക്കൊള്ളുമെന്ന് പൂര്‍ണ ബോധ്യമുള്ളവര്‍. ഇ മെയിലിലൂടെയും എസ് എം എസ്സിലൂടെയുമെത്തുന്ന സമ്മാന വാഗ്ദാനങ്ങളുടെ പിറകെപോയി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്താന്‍ മടിയില്ലാത്തവര്‍. പണമിരട്ടിക്കാന്‍ വഴിയുണ്ടെന്ന് വാഗ്ദാനം നല്‍കിയത് കാമിനീമണി കൂടി ആകയാല്‍, മടിശ്ശീല വേഗത്തിലഴിഞ്ഞു, പണമൊഴുകി.
നിത്യവൃത്തിക്ക് വകയില്ലാതെ വട്ടിപ്പലിശക്കാരന്റെ കക്ഷത്തിലേക്ക് തലതിരുകിയവരാരും ഈ തട്ടിപ്പിന് (ഇത് തട്ടിപ്പാണെങ്കില്‍) വശംവദരായിട്ടില്ല. അംഗലാവണ്യത്തിന്റെ അകന്പടിയോടെ മുന്നോട്ടുവെക്കപ്പെട്ട പദ്ധതി പ്രായോഗികമാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ യാതൊരു പ്രയാസവും ഇവര്‍ക്കാര്‍ക്കും ഉണ്ടായിരുന്നിട്ടുമില്ല. ടീം സോളാര്‍ എന്ന കന്പനിയെക്കുറിച്ചോ അത് മുന്നോട്ടുവെക്കുന്ന നിക്ഷേപാവസരത്തിന്റെ സത്യസന്ധതയെക്കുറിച്ചോ അന്വേഷിക്കാന്‍ തയ്യാറാകാതെ പണം മുടക്കിയവരാണ് ഇന്ന് തട്ടിപ്പിനിരയായെന്ന പരാതിയുമായി എത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായും മന്ത്രിമാരും നേതാക്കളുമായുമുള്ള ബന്ധത്തിന്റെ നിറം പിടിപ്പിച്ച കഥകള്‍ ഒരുപക്ഷേ, ഇവിടെ മറയായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടാകാം. എന്തായാലും കനകത്തിലും കാമിനിയിലും ദുരമൂത്ത സമൂഹം സ്വാഭാവികമായി എങ്ങനെ പ്രതികരിക്കുമോ അവ്വിധം തന്നെയാണ്, പണം നഷ്ടപ്പെട്ടവര്‍ പ്രതികരിച്ചത്. അവരിപ്പോള്‍ തട്ടിപ്പിനിരയായെന്ന് വിലപിക്കുന്നുവെന്ന് മാത്രം. അങ്ങനെ വിലപിക്കാന്‍ പോലും കഴിയാത്തവര്‍ നിരവധിയുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍, തനിക്ക് നഷ്ടമായത് ലക്ഷങ്ങളാണെന്ന് പരാതിപ്പെട്ടാല്‍, ഈ ലക്ഷങ്ങള്‍ എങ്ങനെ സന്പാദിച്ചുവെന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരും. അത്തരക്കാര്‍ പരസ്യവിലാപത്തിന് മുതിരുന്നില്ലെന്ന് മാത്രം. ഈ വിലാപങ്ങളോടും ആരോപണവിധേയര്‍ക്ക് ഉന്നതരുമായി സന്പര്ക്കമുണ്ടായിരുന്നുവെന്ന ആക്ഷേപത്തോടും ഉയര്‍ന്ന് വരുന്ന രോഷത്തിന് പിറകിലും ഈ ദുരയുടെയും അസൂയയുടെയും അംശമുണ്ടെന്നത് കാണാതിരുന്നു കൂടാ. കനകത്തിലും കാമിനിയിലുമുള്ള ദുര ഇപ്പോള്‍ പണം നഷ്ടപ്പെട്ടവരില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ലല്ലോ! അതുകൊണ്ടാണ് കേസില്‍ ഒന്നാം ആരോപണവിധേയനായി ചേര്‍ക്കപ്പെട്ട ബിജു രാധാകൃഷ്ണന്റെ സന്പര്‍ക്ക വിവരങ്ങളേക്കാള്‍ താത്പര്യം സരിത എസ് നായരുടെ സന്പര്‍ക്ക വിവരങ്ങള്‍ക്ക് ലഭിക്കുന്നത്. സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങള്‍ക്കും സാരിത്തുന്പ് തലക്കുമേലേക്ക് പിടിച്ചിടുന്ന സ്ത്രീയുടെ ചിത്രമോ ദൃശ്യമോ അകന്പടിയാകുന്നത്. അത് ടെലിവിഷന്‍ സ്ക്രീനിലോ പത്രത്താളുകളിലോ മാത്രമല്ല, സമൂഹ മനസ്സില്‍ കൂടി അങ്ങനെയാണെന്ന് കരുതണം.
യു ഡി എഫിനെയും കോണ്‍ഗ്രസിനെയും സംബന്ധിച്ച് സോളാര്‍ തട്ടിപ്പെന്നത് ആഭ്യന്തര വൈരം തീര്‍ക്കാനുള്ള ഉപാധി മാത്രമാണ്. ഭാര്യയെ തല്ലിയെന്നോ ഭാര്യ തല്ലിയെന്നോ ഉള്ള തര്ക്കത്തിനാല് സ്ഥാനം നഷ്ടപ്പെട്ട മന്ത്രി പുംഗവനെ തിരികെ പ്രവേശിപ്പിക്കാന്‍ തനിക്ക് ജീവനുള്ള കാലം സമ്മതിക്കില്ലെന്ന് വാശി പിടിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് ഇതിനെ നല്ലൊരു വടിയായി ഉപയോഗിച്ചു. താനുള്‍പ്പെടുന്ന പാര്‍ട്ടി, കളമൊന്ന് മാറ്റിച്ചവിട്ടിയാല്‍ മന്ത്രിസ്ഥാന ലബ്ധിയുണ്ടാകുമെന്ന തോന്നലും അദ്ദേഹമൊരു രാസത്വരകമായതിന് ഹേതുവാണ്. ആ സാധ്യത തള്ളിക്കളയുന്നില്ല എന്നത് കൊണ്ടുതന്നെയാണ് പാലായുടെ പ്രഥമന്‍ ചീഫ് വിപ്പിന്റെ വാമൊഴി വഴക്കത്തിന് തടയിടാന്‍ ശ്രമിക്കാത്തതും.
കോണ്‍ഗ്രസിനെ സംബന്ധിച്ചാണെങ്കില്‍ ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തരമന്ത്രി സ്ഥാനമോ ലഭിക്കാതെ വന്നപ്പോള്‍ രമേശ് ചെന്നിത്തലക്കുണ്ടായ ഇച്ഛാഭംഗത്തിന്റെ ബാക്കി പത്രമാണ് സോളാര്‍ കേസ്. കേരളയാത്രയുടെ അവകാശപ്പെടുന്ന വിജയത്തിന്റെ ലഹരിയില്‍ മന്ത്രിസഭയിലേക്ക് പിച്ചവെക്കാന്‍ ശ്രമിച്ച രമേശിനെ, ഒരക്ഷരം മറുത്തുരിയാടാതെ പുറത്തിരുത്തിയ ഉമ്മന്‍ ചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള വൈരം ഐ വിഭാഗം തീര്‍ത്തത്, മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് ആരോപണ വിധേയരുമായുള്ള ബന്ധത്തിന്റെ കഥ, തെളിവ് സഹിതം ചോര്‍ത്തി നല്‍കിയായിരുന്നു. ക്ഷീണിതനാകുന്ന മുഖ്യമന്ത്രി, പ്രതിച്ഛായാഭംഗം തീര്‍ക്കാന്‍ രമേശിനെ മന്ത്രിസഭയിലുള്‍പ്പെടുത്തുമെന്ന് മോഹിച്ചവരെ തകര്‍ത്തുകൊണ്ടാണ് സോളാര്‍ കേസ് പിന്നീട് പുരോഗമിച്ചത്. ഈ കേസില്‍ ആരോപണ വിധേയരായവരുമായി ബന്ധം സ്ഥാപിച്ചവരില്‍ ഗ്രൂപ്പ് ഭേദമില്ലാതെ മന്ത്രിമാരും നേതാക്കളുമുണ്ടെന്ന് സ്ഥാപിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എ ഗ്രൂപ്പിന്റെ മാനം കാത്തു. അതിന് വേണ്ടി, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മില്‍ തെറ്റിയെന്ന് വരെ സ്ഥിരീകരിച്ചെടുത്തു. ആ ബന്ധത്തില്‍ ഉലച്ചിലുണ്ടായില്ലെന്ന് ഐ വിഭാഗം പോലും മനസ്സിലാക്കിയത് പുനഃസംഘടനാ ചര്‍ച്ചക്ക് ഡല്‍ഹിയിലെത്തിയപ്പോള്‍ ആഭ്യന്തരം തിരുവഞ്ചൂരില്‍ നിന്നെടുത്തിട്ടുള്ള കളിയില്ലെന്ന് ഉമ്മന്‍ ചാണ്ടി ഖണ്ഡിതമായി പറഞ്ഞപ്പോഴാണ്. സോളാര്‍ ചോര്‍ച്ച സംഘടിപ്പിച്ച് മുഖ്യമന്ത്രിയെ ഒന്നിരുത്താന്‍ ശ്രമിച്ചപ്പോള്‍, അണമുറിച്ച് ആകെ മുക്കുന്നതായി ചോര്‍ച്ച മാറുമെന്ന് ഐ വിഭാഗം കരുതിയിട്ടേ ഉണ്ടാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ നേതൃമാറ്റമോ പുനഃസംഘടനയോ രമേശിന്റെ മന്ത്രിസഭാ പ്രവേശമോ ഇല്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതിനാല്‍ തത്കാലം അടങ്ങിയിരിക്കാം. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം സാധ്യമാകണമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകേണ്ടതുണ്ടെന്നതിനാല് അതിനായി കരുക്കള്‍ നീക്കാം.
ഇടത് പക്ഷത്ത്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിന് അധികാരം നഷ്ടപ്പെട്ട (നഷ്ടപ്പെട്ടതോ നഷ്ടപ്പെടുത്തിയതോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ട്) ശേഷം ടി പി ചന്ദ്രശേഖരന് വധമുള്‍പ്പെടെ പലകാരണങ്ങളാല്‍ പ്രതിരോധത്തില്‍ നില്‍ക്കെ, ലഭിച്ച കായകല്പ്പമായി സോളാര്‍ തട്ടിപ്പെന്ന ആരോപണവും അതിന്റെ മേന്പൊടിയായ കാമിനിയും. അവരത് ഫലപ്രദമായി ഉപയോഗിച്ചു. തളര്‍ന്ന് കിടന്ന സംഘടനാ സിരകളില്‍ സൗരോര്ജമൊഴുകി. അതിന്റെ പ്രകടനമായിരുന്നു 29 മണിക്കൂര്‍ നേരത്തെ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ കണ്ടത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയുടെ രാജിയെന്ന ആവശ്യം പിന്‍വലിക്കാതെ ഉപരോധം അവസാനിപ്പിച്ചപ്പോള്‍ ദ്വന്ദ്വയുദ്ധത്തില്‍ പരാജയപ്പെട്ടു ഇടതുപക്ഷം. പക്ഷേ, പൊതുമുതല്‍ നശിപ്പിക്കാതെയും അക്രമത്തിലേക്ക് വഴുതാതെയും സമരം നടത്തിയെന്നതും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കാതെ അത് അവസാനിപ്പിച്ചുവെന്നതും ഭാവിയില്‍ ഗുണം ചെയ്തേക്കും. തലസ്ഥാനത്ത് ഇരന്പിയ സമരത്തെ, ഒരു ദിനത്തിനപ്പുറം നീളാതെ അവസാനിപ്പിച്ച്, താനിപ്പോഴും കരുത്തനെന്ന് തെളിയിച്ച ഉമ്മന്‍ ചാണ്ടി, യഥാര്‍ഥത്തില്‍ തോല്‍പ്പിക്കുന്നത് കോണ്‍ഗ്രസിനുള്ളിലെ എതിരാളികളെയാണ്.
ഭാവനാസമ്പന്നതയുടെ പരകോടിയിലാണ് കവിത്വം. കവിത്വത്തിന്റെ ഔന്നത്യത്തില്‍ നാടകവും. അതാണ് നാടകാന്തം കവിത്വമെന്ന് വ്യവഹാര വിവക്ഷ. രാഷ്ട്രീയാന്തം വിവാദമെന്ന് തിരുത്തി വായിക്കാം. വിവാദങ്ങളുടെ സൃഷ്ടിയില്‍ ഭാവനാ സന്പന്നരാണ് നമ്മുടെ നേതാക്കള്‍. അതിന്റെ പരകോടിയിലാണ് രാഷ്ട്രീയമുടലെടുക്കുന്നത്. ജനങ്ങളുടെ പരമപ്രധാന ആവശ്യങ്ങളോ പ്രശ്നങ്ങളോ ഈ രാഷ്ട്രീയത്തിന്റെ പരിഗണനാ വിഷയങ്ങളല്ല. അതിന് മറ്റൊരു ഉത്തമ ഉദാഹരണമായി മാറുകയാണ് ഇടത്, വലത് പക്ഷങ്ങളിലൂടെ നോക്കുന്പോള്‍ സോളാര്‍ കേസ്. മര്‍മ പ്രധാനമായ ചോദ്യങ്ങള്‍ പലത് ബാക്കി നില്ക്കുന്നു. ഓഫീസിലെ ജീവനക്കാര്‍ വഴിവിട്ട പ്രവൃത്തിയിലേര്‍പ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കില്ലേ? സ്വന്തം ഓഫീസ് സംശുദ്ധമെന്ന് ഉറപ്പാക്കാന്‍ കഴിയാത്ത ഒരാള്‍ എങ്ങനെ സര്‍ക്കാറിനെ നയിക്കും? മുഖ്യമന്ത്രിയുടെ ഉപഗ്രഹങ്ങളായി നിന്ന് ഇപ്പോള്‍ ആരോപണ വിധേയരായിരിക്കുന്നവര്‍ വലിയ സ്വത്തിന് ഉടമകളായത് എങ്ങനെ? ഇപ്പോള്‍ പുറത്ത് വന്നതിനപ്പുറം വലിയ തട്ടിപ്പിന് കളമൊരുങ്ങിയിരുന്നോ? മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ആരോപണ വിധേയരുമായുണ്ടായ അടുത്ത ബന്ധം അതിന്റെ സൂചനയാണോ? ഈ ചോദ്യങ്ങളുടെ ഉത്തരമൊന്നും പരസ്പര സഹായ സഹകരണ സംഘം നിലനില്‍ക്കെ ലഭിക്കാനിടയില്ല. കേരളത്തിലുയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ എത്രയെണ്ണം തെളിയിക്കപ്പെട്ടുവെന്ന കണക്ക് മാത്രം മതി, പരസ്പര സഹായ സഹകരണ സംഘത്തിന്റെ ഉറപ്പ് മനസ്സിലാക്കാന്‍. അതിനാല്‍ അരങ്ങേറുന്ന നാടകം ആവോളം ആസ്വദിക്കാം. ദുരയൊട്ടും കുറവല്ലാത്ത സമൂഹത്തിന് കാമിക്കാവുന്നതും അതൊക്കെ തന്നെ. തത്കാലത്തേക്ക് മംഗളം ശുഭം. അടുത്ത നാടകത്തിന് തുടക്കം കുറിക്കുന്ന നീണ്ട ബെല്ല് ഉടനുണ്ടാകും. പിന്നണിയില്‍ പാട്ട് ഇപ്പോഴത്തേത് തന്നെ. കനകം മൂലം കാമിനി മൂലം.
രാജീവ് ശങ്കരന്
You must be logged in to post a comment Login