എന്തിന്‍റെയൊക്കെ പേരിലാണോ ഇന്ത്യയിലെ മുസ്ലിംകള്‍ വലതുപക്ഷ ഹൈന്ദവ ഫാസിസ്റ്റുകളെ കഴിഞ്ഞ ദശകങ്ങളില്‍ വിചാരണ ചെയ്തതും അവര്‍ക്ക് രാഷ്ട്രീയ അസ്പൃശ്യത കല്പിച്ചതും, അതെ പ്രവര്‍ത്തികള്‍ മുസ്ലിം സമുദായത്തിന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ചെയ്തു കൂട്ടുന്പോള്‍ മുസ്ലിം രാഷ്ട്രീയത്തിന്‍റെ അസ്തിത്വം തന്നെയാണ് റദ്ദായിപ്പോകുന്നത്.
കണ്ണൂരില്‍ നിന്ന്
എം ടി മുഹമ്മദലി
കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തില്‍ സവിശേഷമായ സ്വഭാവ വിശേഷങ്ങളെ പ്രകടിപ്പിക്കുന്ന ഭൂപ്രദേശമാണ് കണ്ണൂരിന്‍റേത്. സഹകരണ പ്രസ്ഥാനങ്ങള്‍ക്കും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും ഒരുപോലെ വളക്കൂറുള്ള മണ്ണ്, അതിനു സമാന്തരമെന്നോണം വളര്‍ന്നു പന്തലിച്ച അതിക്രമ രാഷ്ട്രീയത്തെയും എങ്ങനെ ഒരേ സമയം ഉള്‍ക്കൊള്ളുന്നുവെന്ന ജിജ്ഞാസ കണ്ണൂരിന്‍റെ രാഷ്ട്രീയ സ്വഭാവത്തെ കുറിച്ചും മാത്രമല്ല, അവിടുത്തെ സാമൂഹിക രസതന്ത്രത്തെ കുറിച്ചു കൂടുതല്‍ അറിയാന്‍ സഹായിക്കും. അത് കൊണ്ടു തന്നെ സാമൂഹിക ശാസ്ത്രജ്ഞരും രാഷ്ട്രീയ മീമാംത്സകരും കണ്ണൂരിനെ താല്‍പര്യപൂര്‍വം പഠിക്കാനും മനസ്സിലാക്കാനും ശ്രമിച്ചു പോരാറുണ്ട്. ഓരോരുത്തരുടെയും രാഷ്ട്രീയവും സാന്പത്തികവും തൊഴില്‍പരവുമായ താല്‍പര്യങ്ങള്‍ ഇത്തരം പഠന ഗവേഷണ നിരീക്ഷണങ്ങളെ വന്‍തോതില്‍ സ്വാധീനിക്കാറുമുണ്ട്. കണ്ണൂരിലെ അതിക്രമങ്ങളില്‍ നരവംശ ശാസ്ത്രപരമായ തായ്വേരുകള്‍ കണ്ടെത്തുന്നവരും കണ്ണൂര്‍ സമം മാര്‍ക്സിസ്റ്റ് ഭീകരത എന്ന സമവാക്യത്തിലേക്ക് ഈ ഭൂപ്രദേശത്തെ അതിക്രമങ്ങളെ ലളിവത്കരിക്കാന്‍ ശ്രമിക്കുന്നവരും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചു മറ്റുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പൈശാചികവത്കരിച്ചുകൊണ്ടാണ് അവരവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും ഇടപെടലുകള്‍ക്കും ന്യായവും അടിത്തറയും ഒരുക്കിപ്പോരാറുള്ളത്. ഇത്തരം പൈശാചികവത്കരണത്തിനു ഏറ്റവും ഇരയായത് സിപിഎമ്മാണെങ്കിലും, കണ്ണൂരിലെ അക്രമാസക്തമായ രാഷ്ട്രീയത്തിന്‍റെ ഗുണഭോക്താക്കള്‍ അവര്‍ മാത്രമല്ല. മാംഗ്ലൂര്‍ ഗണേഷ് ബീഡി കന്പനിയിലൂടെ ജില്ലയില്‍ പിടിമുറുക്കിയ സംഘപരിവാരവും കോണ്‍ഗ്രസ്സും മുസ്ലിംലീഗുമെല്ലാം തന്നെ കൂടിയോ കുറഞ്ഞോ കണ്ണൂരിലെ വേട്ടക്കാര്‍ തന്നെയാണ്. സാഹചര്യവും സൗകര്യവുമനുസരിച്ചു വേട്ടക്കാരുടെയും ഇരകളുടെയും പങ്കു ഈ പാര്‍ട്ടികള്‍ കൃത്യമായി നിര്‍വഹിച്ചു പോരാറുണ്ട്.
പാര്‍ട്ടി ഗ്രാമങ്ങളാണ് കണ്ണൂരിലെ അക്രമാസക്തമായ രാഷ്ട്രീയത്തെ പിടിച്ചു നിര്‍ത്തുകയും പൊലിപ്പിച്ചു വളര്‍ത്തുകയും ചെയ്യുന്ന പ്രധാനഘടകം. പാര്‍ട്ടികളുടെ ആള്‍ബലവും സംഘടനാ സംവിധാനങ്ങളുടെ മികവുമനുസരിച്ചു പാര്‍ട്ടി ഗ്രാമങ്ങളുടെ സ്വഭാവവും മാറുമെന്നു മാത്രം. ഇങ്ങനെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പകുത്തെടുത്ത ഭൂപ്രദേശമാണ് കണ്ണൂരിന്‍റേത്. രാഷ്ട്രീയ സംഘര്‍ഷങ്ങളെയും മത വിശ്വാസങ്ങളെയും കൂട്ടിക്കുഴച്ചു രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മതകീയ ഭാവം നല്‍കാനുള്ള പ്രവണത ഈയിടെയായി കൂടുന്നുണ്ടെങ്കിലും മത സംഘടനകളോട് ഏറ്റു മുട്ടല്‍ വേണ്ട എന്ന ഒരു തരം മതേതര സഹിഷ്ണുത ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പുലര്‍ത്തിപ്പോരാറുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്ത് 15ന് രാത്രി തളിപ്പറന്പ് പരിയാരം പഞ്ചായത്തിലെ ഓണപ്പറന്പിലെ മുസ്ലിം പള്ളിക്കും മദ്രസക്കുമെതിരെ നടന്ന അതിക്രമങ്ങള്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പ്രകടമാക്കുന്ന പുതിയ പ്രവണതയെ മാത്രമല്ല അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെ മുസ്ലിംകള്‍ അവരുടെ രാഷ്ട്രീയ ശത്രുക്കളായി കരുതുന്ന തീവ്രവലതുപക്ഷ ഹൈന്ദവ ഫാസിസ്റ്റുകള്‍ മുസ്ലിംകളുടെ ആരാധനാലയങ്ങളോടും മതസ്ഥാപനങ്ങളോടും പുലര്‍ത്തിപ്പോരുന്ന അക്രമാസക്തമായ അസഹിഷ്ണുത മുസ്ലിംകള്‍ക്കിടയിലെ തന്നെ ചില വിഭാഗങ്ങളെ കൂടി ബാധിച്ചിരിക്കുന്നു എന്ന വസ്തുത സമുദായത്തിനകത്തെ വ്യത്യസ്ത വിഭാഗങ്ങളോടു മുസ്ലിം സമുദായത്തിനകത്തു തന്നെ വര്‍ദ്ധിച്ചു വരുന്ന ആസുരതനിറഞ്ഞ പുതിയ രൂപ ഭാവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്തിന്‍റെയൊക്കെ പേരിലാണോ ഇന്ത്യയിലെ മുസ്ലിം വലതുപക്ഷ ഹൈന്ദവ ഫാസിസ്റ്റുകളെ കഴിഞ്ഞ ദശകങ്ങളില്‍ വിചാരണ ചെയ്തതും അവര്‍ക്ക് രാഷ്ട്രീയ അസ്പൃശ്യത കല്പിച്ചതും, അതെ പ്രവര്‍ത്തികള്‍ മുസ്ലിം സമുദായത്തിന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ചെയ്തു കൂട്ടുന്പോള്‍ മുസ്ലിം രാഷ്ട്രീയത്തിന്‍റെ അസ്തിത്വം തന്നെയാണ് റദ്ദായിപ്പോകുന്നത്.
ഓണപ്പറമ്പില്‍ സംഭവിച്ചത്
നാലുവര്‍ഷങ്ങള്‍ക്കു മുമ്പാണ് പരിയാരം ഓണപ്പറന്പില്‍ സലാമത്ത് എഡ്യുക്കേഷണല്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നതും സെന്‍ററിന്‍റെ കീഴില്‍ പള്ളി നിര്‍മാണത്തിന് തുടക്കം കുറിക്കുന്നതും. പ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ മത ഭൗതിക പഠനത്തിനാവശ്യമായ പ്രോത്സാഹനവും സാഹചര്യവും ഒരുക്കുക, മികച്ച സംവിധാനങ്ങളോടു കൂടിയ മദ്രസ സംവിധാനം ആരംഭിക്കുക, സമീപവാസികള്‍ക്കു നിസ്കരിക്കാനുള്ള സൗകര്യത്തിന് പള്ളി നിര്‍മിക്കുക എന്നിവയായിരുന്നു സെന്‍ററിന്‍റെ പ്രാഥമികലക്ഷ്യങ്ങള്‍. പള്ളി നിര്‍മാണം തുടങ്ങിയപ്പോഴേ, പ്രദേശത്തെ മുസ്ലിംലീഗുകാരും, ചേളാരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമസ്തയിലെ വിഘടിത വിഭാഗവും എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. മഹല്ല് പരിധിയില്‍ കേന്ദ്ര പള്ളിക്കു പുറമെ മറ്റൊരു പള്ളി വരുന്നതിലുള്ള എതിര്‍പ്പായിരുന്നില്ല അവരുടെ പ്രതികരണങ്ങളില്‍. കാരണം മഹല്ലു പരിധിയില്‍ ഇപ്പോള്‍ തന്നെ മറ്റു മൂന്നു പള്ളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എതിര്‍പ്പിന്‍റെ മര്‍മ്മം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പും അസഹിഷ്ണുതയുമാണെന്ന് ചുരുക്കം. ഭീഷണിയും പ്രകോപനവുമായി ഇവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം പലപ്പോഴായി രംഗത്തെത്തിയിരുന്നുവെന്നും സെന്‍റര്‍ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അങ്ങേയറ്റം പ്രകോപനപരമായി മേല്‍ വിഭാഗത്തില്‍പെട്ട ഗുണ്ടകള്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനെത്തിയപ്പോഴൊക്കെയും ഞങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു. കാരണം അവര്‍ ആഗ്രഹിച്ചിരുന്നത് ഞങ്ങളും അവരെപ്പോലെ പ്രതികരിക്കണമെന്നായിരുന്നു. ഈ പ്രദേശത്തെ ഒരു സംഘര്‍ഷ ബാധിത മേഖലയാക്കി മാറ്റി അതില്‍ നിന്നും മുതലെടുപ്പ് നടത്താം എന്നതായിരുന്നു അവരുടെ ലക്ഷ്യം. സെന്‍റര്‍ സെക്രട്ടറിയായ ബശീര്‍ നദ്വി പറയുന്നു.
2012ല്‍ ഇവിടുത്തെ സുന്നി പള്ളിക്കെതിരെ ഈ വിഭാഗങ്ങള്‍ കൂട്ടം ചേര്‍ന്നു അക്രമം അഴിച്ചു വിടുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തുകയുമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റ പ്രസ്തുത സംഭവത്തില്‍ മുസ്ലിംലീഗിലെയും വിഘടിത വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തെങ്കിലും രാഷ്ട്രീയ ഇടപെടല്‍ കാരണം കേസുകള്‍ തേഞ്ഞുമാഞ്ഞു പോവുകയായിരുന്നു. പോലീസിന്‍റെയും അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായ ഇത്തരം ഉത്തരവാദിത്വ രഹിതമായ നിലപാടുകളാണ് അക്രമികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതും പ്രദേശത്തിന്‍റെ സ്വാസ്ഥ്യം കെടുത്തുമാര്‍ വളരാന്‍ അനുവദിച്ചതും. കെ കെ മുഹമ്മദലി എന്ന ലീഗ് പ്രവര്‍ത്തകനായിരുന്നു പള്ളിക്കെതിരെയും സുന്നി പ്രവര്‍ത്തകര്‍ക്കെതിരെയും നടന്ന അതിക്രമങ്ങള്‍ക്കു അന്നു നേതൃത്വം നല്‍കിയത്. ഇതേ മുഹമ്മദലിയാണ് പള്ളിയും മദ്രസയും അടിച്ചു തകര്‍ക്കുന്നതില്‍ കലാശിച്ച ഇപ്പോഴത്തെ അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.
ഇപ്പോഴത്തെ പ്രകോപനങ്ങളിലേക്കു മുസ്ലിംലീഗ്, സമസ്തയിലെ വിഘടിത വിഭാഗം പ്രവര്‍ത്തകരെ കൊണ്ടുചെന്നെത്തിച്ചത് സുന്നി സ്ഥാപനങ്ങള്‍ക്കു പ്രദേശത്തു കിട്ടിയ ജനകീയ സ്വീകാര്യതയും അവയുടെ അക്കാദമിക മികവുമാണ്. കേവലം രണ്ടു കുട്ടികളെ കൊണ്ട് ആരംഭിച്ച മതപഠന ശാലയില്‍ ഒരു വര്‍ഷം കൊണ്ട് തന്നെ പ്രദേശവാസികളായ നാല്‍പത്തിയഞ്ചിലധികം കുട്ടികള്‍ എത്തി. അതിക്രമികള്‍ക്കു പശ്ചാത്തല സൗകര്യമൊരുക്കിയ രാഷ്ട്രീയ, മത സംഘടനകളുടെ അനുഭാവികളില്‍ പെട്ടവര്‍ പോലും സുന്നി സ്ഥാപനങ്ങളുമായും പള്ളിയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥിതി വന്നു. ഇത് ഓണപ്പറന്പിലെ തങ്ങളുടെ മേധാവിത്വത്തിനു തടസ്സമാകുമോ എന്ന ആശങ്കയായിരുന്നു പ്രദേശത്തു ആക്രമം അഴിച്ചു വിടാന്‍ ഇവരെ പ്രേരിപ്പിച്ച ഘടകം.
ഒരു മഹല്ലില്‍ പുതുതായി പള്ളി ആരംഭിക്കുന്പോള്‍ പഴയ പള്ളിയില്‍ ആളുകള്‍ കുറഞ്ഞു പോകുമോ എന്ന ആശങ്ക പലരും പ്രകടിപ്പിക്കാറുണ്ട്. അതിന്‍റെ പേരില്‍ ചിലയിടങ്ങളിലെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകാറുമുണ്ട്. ഈ സംശയം ദൂരീകരിക്കുന്നതിനു വേണ്ടി സെന്‍ററിന്‍റെ കീഴില്‍ ആരംഭിക്കുന്ന പള്ളിയില്‍ ഇപ്പോള്‍ ജുമുഅ ആരംഭിക്കാന്‍ ഉദ്ദേശമില്ലെന്നു ഭാരവാഹികള്‍ നേരത്തെ തന്നെ മഹല്ലു കമ്മിറ്റിയെ അറിയിച്ചിരുന്നു.
ആഗസ്റ്റ് പതിനാറിന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മദ്റസയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നു നേരത്തെ തീരുമാനിച്ചതാണ്. അതോടെ ഉസ്താദിനെ ഓണപ്പറന്പില്‍ കാലുകുത്തിക്കില്ലെന്നായി ഈ വിഭാഗം. ഉസ്താദ് വരുമെന്നും പരിപാടി പ്രഖ്യാപിക്കപ്പെട്ടതു പോലെ നടക്കുമെന്നുമായപ്പോള്‍ ഈ ഗുണ്ടാ സംഘം അക്രമം അഴിച്ചു വിടുകയായിരുന്നു.
ആഗസ്റ്റ് 15ന് രാത്രി ഉദ്ഘാടന പരിപാടിയുടെ തയ്യാറെടുപ്പിലായിരുന്നു പ്രദേശത്തെ സുന്നി പ്രവര്‍ത്തകര്‍. പള്ളിയുടെയും മദ്രസയുടെയും ബാക്കിയുള്ള മിനുക്കു പണികള്‍ നടത്താനെത്തിയ ജോലിക്കാരും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടയിലേക്കാണ് കെ കെ മുഹമ്മദലിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ലീഗ്, വിഘടിത വിഭാഗം പ്രവര്‍ത്തകര്‍ സോഡക്കുപ്പിയും കല്ലും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടര്‍ന്ന് പള്ളിക്കും മദ്രസക്കും നേരെയായി അതിക്രമം. ജനല്‍ പാളികളും ചില്ലുകളും തകര്‍ത്ത സംഘം പള്ളിയില്‍ നിസ്കരിക്കുകയായിരുന്ന അഞ്ചാംപീടികയില്‍ മുഹമ്മദ് മുസ്ലിയാരുടെ കാര്‍ അടിച്ചു തകര്‍ത്തു. ഉദ്ഘാടന പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി റഷീദ് നരിക്കോടിന്‍റെ വാഹനവും തകര്‍ത്തു. തുടര്‍ന്ന് മദ്രസയില്‍ നരനായാട്ട് തന്നെ നടത്തി. ബില്‍ഡിംഗിന്‍റെ സ്റ്റീല്‍ കൈവരികള്‍ തകര്‍ക്കുകയും പുതുതായി നിലത്തു പാകിയ ടൈല്‍സുകള്‍ കുത്തിപ്പൊളിക്കുകയും ചെയ്തു. ജനാലകള്‍ തകര്‍ത്ത സംഘം തൊട്ടടുത്ത് നിര്‍ത്തിയ വാഹനങ്ങള്‍ക്കു മുകളില്‍ വലിയ കല്ലുകള്‍ വലിച്ചെറിഞ്ഞു കേടുപാടു വരുത്തി. അക്രമം തടയാനെത്തുന്ന പോലീസിനെയും നാട്ടുകാരേയും തടയാനായി റോഡില്‍ നിറയെ മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിച്ച ശേഷമായിരുന്നു ഈ തേര്‍വാഴ്ച. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന താണ്ഡവത്തിനു ശേഷം സ്ഥലംവിട്ട സംഘം മടങ്ങിപ്പോകുന്ന വഴിക്കാണ് സകരിയ്യ എന്ന സുന്നി പ്രവര്‍ത്തകനെ മൃഗീയമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സകരിയ്യ ഇപ്പോഴും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആറു പ്രതികളെ ഇതിനകം അറസ്റ്റു ചെയ്തു. അതിലൊരാള്‍ ഗുണ്ടാ നിയമപ്രകാരം കണ്ണൂരില്‍ നിന്നും നാടുകടത്തിയ കൊറാന്‍പീടികയില്‍ എം പി അബ്ദുല്‍ലത്തീഫാണ്. വീട്ടിലെ അലമാരിയില്‍ ഒളിച്ചിരിക്കുന്പോള്‍ വീടു വളഞ്ഞാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കെ കെ മുഹമ്മദലി ഉള്‍പ്പടെയുള്ള കൂട്ടുപ്രതികളില്‍ പലരും ഒളിവിലാണ്. പള്ളിയും മദ്രസയും അക്രമിച്ച സംഭവവുമായി ബന്ധമില്ലെന്നു പ്രാദേശിക ലീഗ് നേതാക്കള്‍ പ്രസ്താവന നടത്തിയെങ്കിലും പ്രതികളില്‍ പലരെയും സംരക്ഷിക്കുന്നത് ലീഗ് നേതൃത്വവും വിഘടിത വിഭാഗവും തന്നെയാണെന്നു നാട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നു. അക്രമികള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും നല്‍കി വളര്‍ത്തുകയും കൊണ്ടു നടക്കുകയും ചെയ്യുന്നവര്‍, പള്ളിയും മദ്രസയും അക്രമിക്കപ്പെട്ട ശേഷം സമൂഹത്തില്‍ ഒറ്റപ്പെടും എന്നു കണ്ട് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് രാഷ്ട്രീയ ഭീരുത്വം മാത്രമല്ല, രാഷ്ട്രീയ നപുംസകത്വം കൂടിയാണ്.
പ്രത്യാഘാതങ്ങള്‍
ഓണപ്പറന്പില്‍ നടന്നത് ഒറ്റപ്പെട്ട ഒരക്രമ സംഭവമല്ല. അങ്ങിനെ അതിനെ കാണാന്‍ ശ്രമിക്കുന്നത് സമുദായ രാഷ്ട്രീയത്തെ ബാധിച്ച പുഴുക്കുത്തുകള്‍ വളര്‍ന്നു വലുതാകാനെ ഉപകരിക്കുകയുള്ളൂ. ഒറ്റപ്പെട്ട അക്രമസംഭവം എന്നതിലുപരി ഗൗരവതരമായ ചില ആലോചനകള്‍ക്ക് ഓണപ്പറന്പ് വിഷയീഭവിക്കേണ്ടതുണ്ട്. അതിക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയതും അറസ്റ്റിലായവരും മുസ്ലിം ലീഗിന്‍റെയും വിഘടിത വിഭാഗം സമസ്തയുടെയും പ്രവര്‍ത്തകരാണ്. ഒന്നു ഒരു സമുദായിക രാഷ്ട്രീയ പ്രസ്ഥാനവും മറ്റേത് മതത്തിന്‍റെ ലേബലില്‍ പ്രവര്‍ത്തിക്കുന്നവരും. ഇവരുടെ അക്രമങ്ങള്‍ക്കു ഇരകളായത് സുന്നി പ്രവര്‍ത്തകരോ അവരുടെ വാഹനങ്ങളോ മാത്രമല്ല, മുസ്ലിംകള്‍ പരിശുദ്ധം എന്നു കരുതിപ്പോരുന്ന പള്ളിയും മദ്രസയുമാണ്. പള്ളികള്‍ അല്ലാഹുവിന്‍റെ ഭവനമാണ്. അതിന്‍റെ പരിശുദ്ധിയും പവിത്രതയും കാത്തു സൂക്ഷിക്കാന്‍ മുസ്ലിംകള്‍ മാത്രമല്ല, അന്യ മതസ്ഥരും ശ്രദ്ധിക്കാറുണ്ട്. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ മുസ്ലിംകളോടൊപ്പം വേദനിച്ച അമുസ്ലിംകളും ഉണ്ടായിരുന്നു. പള്ളിയോട് അവര്‍ പുലര്‍ത്തിപ്പോന്ന ആദരവായിരുന്നു ബാബരി പള്ളി തകര്‍ത്തപ്പോള്‍ മുസ്ലിംകളുടെ വേദനയോടൊപ്പം നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ച പ്രധാന ഘടകം.
ഇങ്ങനെ പവിത്രത കല്‍പിച്ചു പോരുന്ന പള്ളിയും മത സ്ഥാപനങ്ങളും മുസ്ലിംകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ അക്രമിച്ചു തുടങ്ങിയാലോ? ആര്‍എസ്എസിനും അവര്‍ അയോധ്യയില്‍ നടത്തിയ കര്‍സേവക്കുമെതിരെ സമുദായം കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലം എഴുതിയും പറഞ്ഞും പ്രാര്‍ത്ഥിച്ചും തീര്‍ത്ത രോഷത്തിനും വേദനക്കും മുന്നില്‍ സമുദായത്തിനകത്തെ കര്‍സേവകരുടെ അതിക്രമങ്ങളെ നാം എങ്ങിനെ ഒളിപ്പിച്ചു വെക്കും? വിശ്വാസപരമായി മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ബാബരി പള്ളിക്കും ഓണപ്പറന്പിലെ പള്ളിക്കും ഒരേ സ്ഥാനമാണുള്ളത്. അങ്ങനെയെങ്കില്‍ ഓണപ്പറന്പിലെ പള്ളി തകര്‍ത്തവരും ബാബരി പള്ളി തകര്‍ത്തവരും തമ്മില്‍ എന്താണു വ്യത്യാസം? സമുദായത്തിനകത്തുള്ളവര്‍ തന്നെ ഇത്തരം ചെയ്തികള്‍ തുടരുന്പോള്‍ മുസ്ലിം ആരാധനലായങ്ങള്‍ക്ക് നേരെ കയ്യോങ്ങാന്‍ സംഘപരിവാറിനു സമുദായം തന്നെ ഊര്‍ജ്ജം നല്‍കുകയല്ലേ ചെയ്യുന്നത്? അതോ ആര്‍എസ്എസ് പള്ളി തകര്‍ക്കുന്പോള്‍ മാത്രമാണ് മുസ്ലിംകളെ വേദനിപ്പിക്കുന്നത് എന്നാണോ?
അധികാരവും ആള്‍ബലവും കിട്ടുന്പോള്‍ സമുദായത്തിനകത്തെ വിവിധ വിശ്വാസധാരകളെയും ചിന്താരീതികളെയും പിന്തുടരുന്നവരോട് മുസ്ലിം സാമുദായിക ശക്തികള്‍ സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം നാം പലയിടത്തും കണ്ടതാണ്. അറബ് വസന്തത്തിന്‍റെ മറവില്‍ ഈജിപ്തിലെയും ടുണീഷ്യയിലെയും ലിബിയയിലെയും സൂഫി മസാറുകള്‍ തകര്‍ത്ത ബ്രദര്‍ഹുഡുകാരില്‍ നിന്നും സലഫികളില്‍ നിന്നും, ബാബരി പള്ളി തകര്‍ത്ത സംഘപരിവാരത്തില്‍ നിന്നും രാഷ്ട്രീയമായി ഒട്ടും വ്യത്യസ്തമല്ല ഓണപ്പറന്പിലെ പള്ളി തകര്‍ത്തവര്‍. സമുദായത്തിനകത്തെ വ്യത്യസ്തതകളോടും വൈവിധ്യങ്ങളോടും സഹിഷ്ണുതാപരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് സമുദായത്തിനു പുറത്ത് വേട്ടക്കാരെ എതിരിടാനും അതില്‍ നിന്നും രാഷ്ട്രീയ ലാഭം കൊയ്യാനും യാതൊരു വിധ ധാര്‍മിക അവകാശവും ഇല്ല. കാരണം രണ്ടുപേരും വേട്ടക്കാര്‍ ആണെന്നതു തന്നെ. ഓണപ്പറന്പില്‍ കര്‍സേവക്കു ഓശാന പാടുന്നവരും അവരെ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നവരും ആത്യന്തികമായി സമുദായത്തിന് പുറത്തെ കര്‍സേവകര്‍ക്കു രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് ചെയ്യുന്നത്.
ബാബരി മസ്ജിദിന്‍റെ തകര്‍ച്ചയും അതിന്‍റെ മുന്നൊരുക്കങ്ങളും തങ്ങളുടെ പത്രത്തിന്‍റെ വിജയത്തിനും വ്യാപാരത്തിനും വിദഗ്ധമായി ഉപയോഗിച്ചവരാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. ബാബരി തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമുദായിക രാഷ്ട്രീയത്തെ വിചാരണ ചെയ്യാനും, അതു വഴി വൈകാരികമായ രാഷ്ട്രീയ സമീപനങ്ങള്‍ക്കു വഴിയൊരുക്കാനും മാധ്യമത്തിന്‍റെ നിലപാടുകള്‍ സഹായിച്ചു. സംഘപരിവാര്‍ എന്ന മുസ്ലിംകളുടെ പൊതുശത്രുവിനെ ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമത്തിന്‍റെ ഈ രാഷ്ട്രീയ നീക്കങ്ങള്‍. പക്ഷേ, ഓണപ്പറന്പില്‍ എത്തിയപ്പോള്‍ മാധ്യമത്തിനു പള്ളിയും മദ്രസയും അക്രമിച്ചവര്‍ ആരാണെന്ന് ഒട്ടും വ്യക്തമല്ലാതായി! പള്ളി പൊളിച്ചവരുടെ പേരോ മേല്‍വിലാസമോ തിരിച്ചറിയാനാവാതെ അവര്‍ വെറും ഒരു സംഘം മാത്രമായി മാധ്യമത്തിന്. സമുദായത്തിനു പുറത്തെ കര്‍സേവകരെ കാണാനുള്ള ഭൂതക്കണ്ണാടിയും രാഷ്ട്രീയ ജാഗ്രതയും ഓണപ്പറന്പിലെത്തുന്പോള്‍ ഇല്ലാതെ പോകുന്നത് താല്‍ക്കാലികമായി മാധ്യമത്തിനും ജമാഅത്തെ ഇസ്ലാമിക്കും ചില സുഖ സൗകര്യങ്ങള്‍ നല്‍കുമായിരിക്കും. പക്ഷേ ആത്യന്തികമായി അതു ശക്തിപ്പെടുത്തുക സമുദായത്തിനു പുറത്തെ സംഘപരിവാരത്തെ തന്നെയായിരിക്കും എന്ന് മനസ്സിലാക്കാനുള്ള കാലം അതിവിദൂരമൊന്നുമല്ല. പള്ളി പൊളിച്ചവര്‍ ആരായാലും അവരെ തുറന്നു കാണിക്കലാണ് രാഷട്രീയ മര്യാദ. അതു ലീഗുകാരോ വിഘടിത വിഭാഗം സമസ്തക്കാരോ ആകുന്പോള്‍ പറയാതിരിക്കലും ആര്‍എസ്എസ് ആകുന്പോള്‍ മാത്രം തെളിച്ചു പറയലും മാന്യന്മാര്‍ക്കു ചേര്‍ന്ന പരിപാടിയല്ല. അതല്ല നേരും നന്മയും ചേര്‍ന്ന പത്രപ്രവര്‍ത്തനം.
You must be logged in to post a comment Login