മലപ്പുറം ജില്ലയിലെ വെന്നിയൂരിലാണ് ഉനൈസിന്റെ വീട്. സാന്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തില്‍ നിന്നുള്ള മിടുക്കനായ വിദ്യാര്‍ത്ഥിയാണ് അവന്. ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ ഇസ്ലാമിക്സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് എം എ കഴിഞ്ഞപ്പോള്‍ ഉനൈസ് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യുജിസി) നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) എഴുതി. ഉയര്‍ന്ന മാര്‍ക്കോടെ നെറ്റ് പാസായ അവന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെആര്‍എഫ്) നേടുകയും ചെയ്തു. അവന്റെ നാട്ടില്‍ ജെആര്‍എഫ് നേടുന്ന ആദ്യത്തെ ആള്. ഇനി അവന് ഗവേഷണപഠനം നടത്താന്‍ മാസത്തില്‍ വലിയൊരു തുക (അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാസത്തില്‍ ചുരുങ്ങിയത് 25,000 രൂപ) കേന്ദ്രസര്‍ക്കാര്‍ നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉത്ഭവവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ പിഎച്ച്ഡി ചെയ്യാന്‍ പോകുന്ന ഉനൈസ് തനിക്ക് ലഭിച്ച ഫെല്ലോഷിപ്പിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ഒരു വലിയ പ്രോത്സാഹനമാണിത്. നമുക്കും എന്തൊക്കെയോ നേടിയെടുക്കാനാവുമെന്നും ഇനിയും ഒരുപാട് മുന്നേറേണ്ടതുണ്ടെന്നും ഓര്‍മപ്പെടുത്തുന്ന ഒരുതരം ആത്മവിശ്വാസമാണ് ഈ ഫെല്ലോഷിപ്പ് നല്‍കുന്നത്.
സാന്പത്തിക സഹായം വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസ നിര്‍മാണത്തിലെ വലിയൊരു ഘടകമായി മാറുന്നു. പണം വലിയൊരു ഘടകമാണ്. ഇതു നമ്മള് ശ്രദ്ധിക്കാറില്ല. പണമില്ലായ്മയാണ് പലപ്പോഴും വഴിമുടക്കുന്നത്. വഴിമുടങ്ങുന്പോള് പണി മുടങ്ങും.
സ്കോളര്‍ഷിപ്പ് വാങ്ങി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ പൊതുവേ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് ഉണ്ടാവാറുണ്ട്. അങ്ങനെ തോന്നേണ്ടതില്ല. സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അവന്റെ നേട്ടമാണ്; ബലഹീനതയല്ല. ബുദ്ധിയുണ്ടായതു കൊണ്ടാണ് അവനതിന് അര്‍ഹനായത്.
പ്രശസ്തരായ രണ്ടുവ്യക്തികളെ പരിചയപ്പെടാം. ഒന്ന് ഇന്ത്യയുടെ പ്ലാനിംഗ് കമ്മീഷന് ഡ്യെൂട്ടി ചെയര്മാന് ഡോ. മൊണ്ടേക് സിംഗ് അഹ്ലുവാലിയ. രണ്ട്. കന്നട സാഹിത്യത്തിന് നല്കിയ സംഭാവനകള്‍ കൊണ്ട് ജ്ഞാനപീഠം നേടിയ ഗിരീഷ് കര്‍ണാട്. ഇവര്‍ രണ്ടുപേരും സ്കോളര്‍ഷിപ്പ് നേടി പഠിച്ചവരാണ്! ലോകപ്രശസ്തമായ റോഡ്സ് സ്കോളര്‍ഷിപ്പാണ് ഇവര്‍ നേടിയത്. അതൊരു താണ ഏര്‍പ്പാടല്ല. അര്‍ഹതയുടെയും കഴിവിന്റെയും അംഗീകാരമാണത്. സ്കോളര്‍ഷിപ്പ് നേടി പഠിക്കുന്നവരില്‍ നടത്തിയ മനഃശാസ്ത്ര പഠനങ്ങളില്‍ അത്തരക്കാരില്‍ കൂടുതല്‍ വീറും വാശിയും ഉണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തല്‍ഫലമായി, മറ്റു വിദ്യാര്‍ത്ഥികളില്‍ കാണാന്‍ കഴിയാത്ത വിധം വലിയ നേട്ടങ്ങള്‍ കൊയ്യാനും ഇവര്‍ക്കാവും. സാമൂഹ്യപ്രതിബദ്ധതയും അര്‍പ്പണ ബോധവും ഇവരില്‍ താരതമ്യേന കൂടുതലായിരിക്കുമെന്നും മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ഇനി ഇപ്പോള്‍ അപേക്ഷിക്കാവുന്ന സ്കോളര്‍ഷിപ്പുകള്‍ പരിചയപ്പെടാം :
പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് 2013-14
ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ന്യൂനപക്ഷ വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പോസ്റ്റ് മെട്രിക് സ്കോളര്ഷിപ്പിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.www.dcesholarship.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോം ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹയര്‍ സെക്കന്ററി, യുജി, പിജി, പിഎച്ച്ഡി എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപേക്ഷിക്കേണ്ടത്. വര്‍ഷത്തില്‍ 10000 രൂപ വരെ ലഭിക്കും. പ്രീവിയസ് ബോര്‍ഡ്/ യൂണിവേഴ്സിറ്റി എക്സാമില്‍ അമ്പത് ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ കവിയരുത്. അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിക്ക്SBT,SBI,Federal Bank,South Indian Bank എന്നിവയിലേതെങ്കിലും ഒരു ബാങ്കില്‍ സ്വന്തമയി ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. ആധാര്‍ കാര്‍ഡ് നന്പര് നിര്‍ബന്ധമാണ്. ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് മാത്രമേ ഈ സ്കോളര്‍ഷിപ്പ് ലഭിക്കൂ. സ്കോളര്‍ഷിപ്പിന്റെ മുപ്പത് ശതമാനം പെണ്‍കുട്ടികള്‍ക്കു സംവരണമാണ്. താഴ്ന്ന വരുമാനമുള്ള ബിപിഎല്‍ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന. ഓണ്‍ലൈനായി ആഗസ്റ്റ് 24 വരെയും ഓഫ് ലൈനായി സപ്തംബര്‍ 3 വരെയും അപേക്ഷിക്കാം.
സിബിഎസ്ഇ പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്
കോളജ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഏര്‍പ്പെടുത്തിയ സെന്റര്‍ സെക്ടര്‍ സ്കീം ഓഫ് സ്കോളര്ഷിപ്പിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടുവിന് സയന്‍സ് സ്ട്രീമില്‍ ചുരുങ്ങിയത് 418, കൊമേഴ്സില്‍ 401, മറ്റുള്ളവയില്‍ 338 എന്നിങ്ങനെ മാര്‍ക്ക് നേടിയിരിക്കണം. കൂടാതെ ഏതെങ്കിലും റെകഗ്നൈസ്ഡ് യൂണിവേഴ്സിറ്റിയിലോ സ്ഥാപനത്തിലോ യുജി കോഴ്സിന് ചേര്‍ന്നിരിക്കുകയും വേണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 4.5 ലക്ഷത്തില്‍ കവിയരുത്. എസ്സിഎസ്ടി ഒബിസി വിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ ഗൈഡ്ലൈനനുസരിച്ചുള്ള സ്കോളര്‍ഷിപ്പ് സംവരണവും ഉണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ Assistant Secretary (Scholarship),7th Floor,CBSE ,Shiksha Kendra,2 Community Center ,Preet Vibar,Delhi – 110092 എന്ന വിലാസത്തില്‍ സപ്തംബര്‍ 30ന് മുന്‍പായി അയക്കുക. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സപ്തംബര്‍ 15. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.cbse.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക് 01122526745 എന്ന നമ്പറിലോ antrikh.cbse@nic.in, kamalcbse@gmail.com എന്നീ ഇമെയിലുകളിലോ ബന്ധപ്പെടാം. പത്താം ക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കുള്ള സിംഗ്ള്‍ ഗേള്‍ ചൈല്‍ഡ് സ്കോളര്‍ഷിപ്പിലേക്കും ഇതോടൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.
ഇന്ത്യന്‍ ഓയില്‍ സ്കോളര്‍ഷിപ്പുകള്‍
അക്കാദമിക കായിക രംഗങ്ങളില്‍ മികവുറ്റ സേവനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ഐടിഐ എഞ്ചിനീയറിംഗ്, എംബിബിഎസ്, എംബിഎ തുടങ്ങിയ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപയും മറ്റുള്ളവര്‍ക്ക് 2000 രൂപയുമാണ് സ്കോളര്‍ഷിപ്പായി ലഭിക്കുക. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ചെസ്, ക്രിക്കറ്റ്, ഗോള്‍ഫ്, ഹോക്കി, ടേബ്ള്‍ ടെന്നീസ്, ടെന്നീസ്, ബില്യാര്‍ഡ്, സ്നൂക്കര്‍ തുടങ്ങിയ മത്സരയിനങ്ങളിലെ യുവപ്രതിഭകള്‍ക്കാണ് കായിക സ്കോളര്‍ഷിപ്പ് ലഭിക്കുക. 14നും 19നും ഇടയിലായിരിക്കണം പ്രായം. അക്കാദമിക് സ്കോളര്‍ഷിപ്പുകള്‍ക്ക് സപ്തംബര്‍ 30 വരെയും കായിക സ്കോളര്‍ഷിപ്പുകള്‍ക്ക് ഒക്ടോബര്‍ 15വരെയും അപേക്ഷിക്കാം. കൂടുതലറിയാന്‍ www.iocl.com സന്ദര്‍ശിക്കുക.
ബിരുദ ബിരുദാനന്തര ശാസ്ത്ര പഠനത്തിനുള്ള സ്കോളര്‍ഷിപ്പുകള്‍
കേന്ദ്രസര്‍ക്കാറിന്റെ ഇന്‍സ്പയര്‍ പദ്ധതിയുടെ ഭാഗമായി ബിരുദബിരുദാനന്തര ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസ് പാസായി ബിഎസ്സി, ബിഎസ്സി ഓണേഴ്സ്, നാല് വര്‍ഷത്തെ ബിഎഡ്, അഞ്ച് വര്‍ഷത്തെ ഇന്‍ഗ്രേറ്റഡ് എംഎസ്സി, എംഎസ് കോഴ്സുകള്‍ക്ക് ചേര്‍ന്നിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്ഷിപ്പിനര്ഹതയുള്ളത്. ശാസ്ത്ര വിഷയങ്ങള്‍ക്കാണ് ഈ സ്കോളര്‍ഷിപ്പുകള്‍. മെഡിസിന്, എഞ്ചിനീയറിംഗ്, ടെക്നോളജി പഠനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് ബാധകമല്ല. അര്‍ഹരായ ഓരോ വിദ്യാര്‍ത്ഥിക്കും വര്‍ഷം തോറും 80,000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും. പണമായി 60,000 രൂപയും സമ്മര്‍ അറ്റാച്ച്മെന്റായി 20,000 രൂപയും ഇതിലുള്‍പ്പെടുന്നു. കോഴ്സിന് ചേരുന്ന ആദ്യവര്‍ഷം മുതല്‍ 5 വര്‍ഷത്തേക്കോ അല്ലെങ്കില്‍ കോഴ്സ് തീരുന്നതു വരെയോ ആണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും inspire-dot.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30.
ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് കിഷോര്‍ വൈജ്ഞാനിക് ഫെല്ലോഷിപ്പ്
സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികളിലെ ശാസ്ത്ര പ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ് ആവിഷ്കരിച്ച കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (ഗഢജഥ) ഫെല്ലോഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുഖേനയാണ് ഫെല്ലോഷിപ്പ് നല്‍കുന്നത്.
അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ പഠിക്കാനും അവയില്‍ ഗവേഷണം നടത്താനും താല്പര്യമുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഫെല്ലോഷിപ്പ്. പ്രതിമാസം 5000 മുതല്‍ 7000വരെ രൂപ അലവന്‍സും നാലു മാസത്തെ അലവന്‍സിന് തുല്യമായ തുക വാര്‍ഷിക കണ്ടിജന്‍സി ഗ്രാന്റും ഉള്‍പ്പെട്ടതാണ് ഫെല്ലോഷിപ്പ്. ശാസ്ത്ര വിഷയങ്ങളെടുത്ത് ഹയര്‍സെക്കന്ററി, ബിഎസ്സി, എംഎസ്സി കോഴ്സുകളുടെ ഒന്നാം വര്‍ഷം പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. 201314 അധ്യയന വര്‍ഷം പ്ലസ്വണ്ണിന് ചേര്‍ക്കുന്നവരാണ് എസ്.എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പത്താം ക്ലാസില്‍ മാത്സ്, സയന്‍സ് വിഷയങ്ങള്‍ക്ക് കുറഞ്ഞത് എണ്‍പത് ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് ഈ വിഭാഗത്തിലെ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. ഇവര്‍ക്ക് തുടര്‍ന്നുള്ള പരീക്ഷകളിലെ മികവിന്റെ അടിസ്ഥാനത്തില്‍ പിജി തലം വരെ ഫെല്ലോഷിപ്പ് തുടര്‍ന്ന് ലഭിക്കും. പ്രാദേശിക തലത്തിലും ദേശീയ തലത്തിലും നടത്തുന്ന സയന്‍സ് ക്യാന്പുകള്‍ക്ക് ഇവരെ ക്ഷണിക്കുകയും അതിന്റെ ചെലവ് സ്കോളര്‍ഷിപ്പില്‍ ലഭിക്കുകയും ചെയ്യും. 201314 അധ്യയന വര്‍ഷം സയന്‍സ് വിഷയങ്ങളില്‍ പ്ലസ്ടുവിന് പഠിക്കുകയും 201415ല്‍ ബിഎസ്സിക്ക് ചേരാനാഗ്രഹിക്കുകയും ചെയ്യുന്നവര്‍ എസ്എക്സ് വിഭാഗത്തില്‍ പെടുന്നു. ഇവരും പത്താം ക്ലാസില്‍ മാത്സിനും സയന്‍സിനും എണ്‍പത് ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവരാകണം. എസ്.ബി വിഭാഗത്തിലുള്ളത് 201314 അധ്യയന വര്‍ഷം ബിഎസ്സി എംഎസ്സി കോഴ്സുകളുടെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്ക് പ്ലസ്ടുവിന് സയന്‍സ് വിഷയങ്ങളില്‍ അറുപത് ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. വൈകല്യമുള്ളവര്‍ക്ക് ഏതാനും ഫെല്ലോഷിപ്പുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഓരോ വിഭാഗവും പ്രത്യേക ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്.www.kvpy.org.inൽ ഓണ്‍ലൈനായോ ഓഫ് ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിക്കേണ്ട അവസാന തിയതി സപ്തംബര്‍ 2.
യാസര്‍ അറഫാത്ത്
You must be logged in to post a comment Login