ഇസ്ലാമിക അന്തരീക്ഷമുള്ള ഒരു സ്ഥാപനത്തില്‍ പഠനം കഴിഞ്ഞ് നാട്ടില്‍ നില്‍ക്കുന്പോഴാണ് എന്‍റെ നാട്ടുകാരനായ ഉസ്താദ് ദര്‍സ് തുടങ്ങുന്നത്. എന്നെയും ക്ഷണിച്ചു. ഓരോന്ന് പറഞ്ഞ് ഒഴിവാകാന്‍ നോക്കിയെങ്കിലും ഫലിച്ചില്ല.
ഉസ്താദിന്‍റെ ഉപദേശങ്ങള്‍ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റുന്നതായിരുന്നില്ല. ഏതായാലും ആറു മാസത്തേക്ക് വന്നുനോക്കട്ടെ എന്നായി ഞാന്‍. ഉസ്താദ് ഒറ്റയടിക്ക് കാര്യമേറ്റു. അതോടെ എന്‍റെ മേല്‍ പിടി വീണു.
അതുകഴിഞ്ഞ് ഉസ്താദിന്‍റെ അടുത്ത ചോദ്യം; വെള്ളവസ്ത്രം ധരിക്കുന്നതിന് വിഷമമുണ്ടോ? ഞാന്‍ ഇല്ലെന്ന് മറുപടി പറഞ്ഞു. വിഷമമുണ്ടെങ്കില്‍ അത് ശ്വൈാന്‍റെ തോന്നിപ്പിക്കലാണെന്ന് ഉസ്താദ് പറഞ്ഞതോടെ അവിടെയും ഒഴികഴിവിനുള്ള അവസരം പോയി. പാന്‍റും ഷര്‍ട്ടുമിട്ട് ചുള്ളനായി നടന്നിട്ട് ഇപ്പോള്‍ വെള്ളയിലേക്ക് മാറാന്‍ വല്ലാത്തൊരു വിഷമം തോന്നി.
ദര്‍സ് ഉദ്ഘാടനം ചെയ്ത ഉസ്താദ് നല്ലൊരു ഉറുദി തന്നെ പറഞ്ഞു. അതില്‍ ഇല്‍മ് തേടുന്നവന് സ്വര്‍ഗത്തിലേക്കുള്ള വഴി എളുപ്പമാണ് എന്നു പറഞ്ഞു കേട്ടപ്പോള്‍ വലിയ ആശ്വാസം തോന്നി.
എടുത്തുപറയേണ്ടതാണ് അന്നാട്ടുകാരുടെ സ്നേഹം. അത് വാക്കിലൊതുക്കാനാവില്ല. മുതഅല്ലിമീങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ അവര്‍ക്ക് നല്ല ഉത്സാഹം കണ്ടു. നാട്ടിലെ എണ്‍പതു വയസ്സ് കഴിഞ്ഞ ഒരു ഹാജിയുടെ വീട്ടിലായിരുന്നു എനിക്ക് ഭക്ഷണം. ഈമാന്‍ സ്ഫുരിക്കുന്ന മുഖമാണ് ഹാജിയുടേത്.
പിറ്റേന്ന് മീസാന്‍ സബ്ഖ് തുടങ്ങി.
നിസ്കാരം അഞ്ച് വഖ്തും ജമാഅത്തായി നിസ്കരിക്കാന്‍, സുന്നത് നിസ്കാരങ്ങള്‍, ഹദ്ദാദ്, തസ്ബീഹ്, ഖുര്‍ആന്‍ പാരായണം, സ്വലാത്, ഇഅ്തികാഫ് തുടങ്ങിയവ പതിവാക്കാന്‍ ദര്‍സ് പഠനം കൊണ്ട് സാധിച്ചു.
ഇടക്ക് ഉസ്താദ് ഇമാമത് നിന്ന് ശീലിക്കാന്‍ നിര്‍ദേശിച്ചു. നെഞ്ചില്‍ പേടി കനത്തു. അഞ്ചു വഖ്തിനും ഉപയോഗിക്കാവുന്ന ഒരു ദുആ ഉസ്താദ് പഠിപ്പിച്ചു തന്നിരുന്നു. ളുഹര്‍, അസ്വര്‍ എന്നിവക്കായിരുന്നു ആദ്യഘട്ടത്തില്‍ ഇമാമത്ത് നിന്നത്. പേടിമാറിയപ്പോള്‍ ഇശാഅ്, സുബ്ഹി നിസ്കാരത്തിലേക്കും കൂടി പ്രമോഷന്‍ കിട്ടി. പിന്നെ ജനസാന്നിധ്യം കൂടുതലുണ്ടാവുന്ന മഗ്രിബിനും നിന്നു തഴങ്ങി.
ഉസ്താദിന്‍റെ ഓരോ നിര്‍ദേശവും ഉള്ളില്‍ തട്ടുന്നതായിരുന്നു. ആ വാക്കുകളുടെ പരിധിയില്‍ നിന്ന് കുതറാന്‍ എനിക്കായില്ല. പേടിയുള്ള മറ്റൊരു രംഗം സാഹിത്യസമാജമായിരുന്നു. ഇപ്പോള്‍ അതും വഴങ്ങിത്തുടങ്ങി. അന്ന് ഉസ്താദുമായി ചെയ്ത ആറു മാസത്തെ കരാറൊക്കെ കഴിഞ്ഞ് ഇപ്പോള്‍ ആറു കൊല്ലമായി. ഇന്നിത് ഒഴിവാക്കിപ്പോവാന്‍ കഴിയാത്ത അത്രയും ഞാനതുമായി ഇണങ്ങിക്കഴിഞ്ഞു.
മുഹമ്മദ് ഫൈസല്‍ മേപ്പള്ളി
ഉരുളിക്കുന്ന് ദര്‍സ്, കൊടുവള്ളി
You must be logged in to post a comment Login