ഭൂപടത്തിലുണ്ടാവില്ലിനി
പച്ച തഴച്ച ഈ ദേശം
കണ്ണടയും മുന്പ് വന്നു കണ്ടോളൂ
ആസിഡ് പൊള്ളി വീര്‍ത്ത ഉടല്‍ക്കാഴ്ചകള്‍.
തലയുയര്‍ത്തി നില്‍ക്കും മുന്പ്,
കരിച്ചു കളഞ്ഞ ഇലമണങ്ങള്‍.
ഉമിനീരുപോലെ വറ്റിയ പുഴയില്‍
ശ്വാസം മുട്ടി മരിച്ച സ്വപ്നങ്ങള്‍.
പൂക്കളെ പെറാതെ നൊന്ത ചെടികള്‍.
മഞ്ഞിന്‍റെ മുത്തം കിട്ടാതെ നോവും
ഇത്തിരിയുള്ള പുല്ലില്‍ ഞരന്പുകള്‍
ഉഷ്ണം കുടിച്ചു മരിച്ച കുന്നുകള്‍.
അമ്ലമഴയില്‍ വെന്ത കാടുകള്‍
തുറിച്ച കണ്ണുമായ് ചത്തുമലച്ച
വയലിലെ പരല്‍മീന്‍കൂട്ടങ്ങള്‍.
പ്രായം തികഞ്ഞിട്ടും വേയ്ക്കുന്ന കാലുകള്‍
തൊണ്ട പൊട്ടി മഞ്ചാടി തുപ്പും
കുഴന്പു മണമുള്ള വാര്‍ദ്ധക്യച്ചുമകള്‍
ചുരത്താത്ത മുലയില്‍
ചപ്പിവലിക്കും പൈതല്‍ക്കരച്ചില്‍
തൊലിയടര്‍ന്നു സഹികെട്ടുവിളിക്കും
സഹനമല കയറിയ ബാല്യങ്ങള്‍
ഒക്കെയും വന്നു കണ്ടോളൂ ലോകമേ
പച്ചമാഞ്ഞ് ഒടുങ്ങുന്നതിന്‍ മുന്പ്.
ഭൂപടത്തിലുണ്ടാവില്ലിനി
ചരിത്രം രചിച്ച പി*യുടെ ദേശം.
* മഹാകവി പി കുഞ്ഞിരാമന്‍നായര്‍
അബ്ദുല്ല പേരാമ്പ്ര
You must be logged in to post a comment Login