പാതി തുറന്നും
പാതി ചാരിയും
മധ്യസ്ഥനായി നില്‍ക്കും
നിരാശകള്‍ക്കു നേരെ
മലര്‍ക്കെ തുറന്നിടും
പ്രതീക്ഷകളെയെല്ലാം
കൊട്ടിയടക്കും
പ്രലോഭനങ്ങളില്‍പെട്ട്
താനേ തുറന്നു പോകും
സമ്മര്‍ദ്ദങ്ങള്‍ക്കു നേരെ
പുറംതിരിഞ്ഞു നില്‍ക്കും
ചിലപ്പോഴെങ്കിലും
ഉള്ളിലെ സ്വകാര്യതകള്‍
ഒളിഞ്ഞു കേള്‍ക്കും
അകത്തെ രഹസ്യങ്ങളിലേക്ക്
മുന്നറിയിപ്പില്ലാതെ കയറിവരും.
അടഞ്ഞും തുറന്നും
ഇടയ്ക്കൊന്ന് ഞരങ്ങിയും
പ്രതിഷേധങ്ങളില്ലാതെ
കാലം തീര്‍ക്കും.
കുറ്റിയും കൊളുത്തും
ചേര്‍ന്നിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും പിരിയുകയില്ലെന്ന്
പിരിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും
ഇനിയൊരിക്കലും തമ്മില്‍ ചേരില്ലെന്ന്.
താക്കോല്‍
എത്ര കനവുകളും
എത്ര കനകവുമാണ്
പൂട്ടിവച്ചിരിക്കുന്നത്,
ചെറിയൊരിരുന്പ് തുണ്ടിന്‍റെയുറപ്പില്‍!
റഹീം പൊന്നാട്
good one “vijagiri”