തൊപ്പിയും ജുബ്ബയും ധരിച്ച് ആദ്യമായി അറിവിന്‍റെ ലോകത്തേക്ക് കടന്നത് 2007ലായിരുന്നു. ദര്‍സിനു പുറമെ മതേതര വിദ്യാഭ്യാസവുമുള്ളതിനാല്‍ ഞങ്ങള്‍ക്ക് റമളാനില്‍ അവധിയുണ്ടായിരുന്നില്ല.
ആ റമളാനിലെ ഒരു ശനിയാഴ്ച ഉസ്താദ് എന്നെ വിളിച്ച് പറഞ്ഞു നന്നായി പഠിക്കണം, പ്രസംഗിക്കുകയും വേണം. ഞാന്‍ തലകുലുക്കി. ഞായറാഴ്ചകളിലെ സാഹിത്യ സമാജങ്ങളില്‍ ഞാന്‍ നടത്തിയിരുന്ന കൊച്ചു പ്രസംഗങ്ങള്‍ ഉസ്താദിനെ സ്വാധീനിച്ചോ എന്നറിയില്ല. ഉസ്താദ് തുടര്‍ന്നു മോനേ, ഇത് റമളാന്‍ മാസമാ. അടുത്ത പള്ളികളില്‍ പോയി ഉറുദിയൊക്കെ പറയണം. ഞാന്‍ ഒന്ന് ഞെട്ടി ഞാന്‍ ഉറുദി പറയുകയോ..? മുന്‍വര്‍ഷങ്ങളില്‍ ജ്യേഷ്ഠനുമൊത്ത് പള്ളികളില്‍ പോകുന്പോള്‍ താടിയും തലപ്പാവുമുള്ള വലിയ ഉസ്താദുമാര്‍ ഉറുദി പറയുന്നത് കേട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞു ഉസ്താദേ, എനിക്ക് താടിയില്ലല്ലോ…? ഒരു പുഞ്ചിരിയോടെ എന്‍റെ പുറത്ത് തട്ടി എന്നെയും കൊണ്ട് ഊസ്താദ് റൂമിലേക്ക് പോയി. എന്നിട്ട് ചോദിച്ചു
ആളുകള്‍ക്ക് മുന്നില്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാന്‍ പേടിയുണ്ടോ? ഞാന്‍ പറഞ്ഞു ഒരിക്കലുമില്ല. എന്‍റെ മറുപടി ഇഷ്ടപ്പെട്ട ഉസ്താദ് ആദം നബി(അ)ന്‍റെയും ഹവ്വ ബീവിയുടെയും ചരിത്രമുള്‍ക്കൊള്ളിച്ച് ഒരുപ്രസംഗം തയ്യാറാക്കി തന്നു. അതു ഞാന്‍ ഉസ്താദിന് മുന്പില്‍ അവതരിപ്പിച്ചു കൊടുത്തു.
ശേഷം ഫോണെടുത്ത് ഉസ്താദ് ആര്‍ക്കോ വിളിച്ചു. എന്നിട്ടെന്നോട് പറഞ്ഞു ഇന്ന് ളുഹര്‍ നിസ്കാരത്തിന് അടുത്ത മഹല്ലിലെ പള്ളിയിലെത്തണം. ഞാനവിടെ ബുക്ക് ചെയ്തിട്ടുണ്ട്.
സമയം 9.00 മണിയായിരുന്നു. ഞാന്‍ ഉറുദിക്കു പോകുന്നകാര്യം കൂട്ടുകാരോട് പറഞ്ഞു. അവര്‍ എല്ലാവരും എന്നെ വളഞ്ഞു. ഒരുപാട് പ്രോത്സാഹനം തന്നു. കൂടെ ഇതും പറഞ്ഞു നന്നായി പ്രസംഗിക്കണം. എങ്കിലേ കൂടുതല്‍ കൈമടക്ക് കിട്ടൂ. പക്ഷേ, ഞാനത് കാര്യമാക്കിയില്ല. ഞാന്‍ തീവ്ര പരിശീലനം നടത്തിക്കൊണ്ടിരുന്നു. പലരുടെ കയ്യിലും പ്രസംഗത്തിന്‍റെ കോപ്പിനല്‍കി പിഴവുകള്‍ വരുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. പക്ഷേ, കഥയിലെ ഹവ്വാബീവി(റ)ക്കു പകരം പലപ്പോഴും ആഇശാബീവി(റ) കടന്നുവരുന്നു. ഒരുപാട് തവണ പരിശ്രമിച്ചു. പതിയെ ഹവ്വാബീവി എന്‍റെ നാവിലുറച്ചു. തീവ്ര പരിശീലത്തിനിടയിലും എന്‍റെ ഹൃത്തടത്തില്‍ ഇതെങ്ങാനും പിഴക്കുമോ എന്നൊരാശങ്ക ബാക്കിയുണ്ടായിരുന്നു.
സമയം ഏകദേശം അടുക്കാറായപ്പോള്‍ ഞാന്‍ ആ പള്ളിലക്ഷ്യമിട്ടിറങ്ങി. തൊട്ടടുത്ത മഹല്ലായതിനാല്‍ വലിയ ദൂരമില്ല. വുളു ചെയ്ത് ഞാന്‍ ഉസ്താദിന്‍റെ റൂമില്‍ ചെന്നു. സലാം ചൊല്ലി. അദ്ദേഹം എന്നെ സ്വീകരിച്ചിരുത്തി. ഉറുദി ഉഷാറാക്കൂലേ…? ആളൊക്കെ നല്ലോണം ഉണ്ടാകും. ഉസ്താദ് എന്നോട് പറഞ്ഞു. പൂര്‍ണ സമ്മതം എന്ന മട്ടില്‍ ഞാന്‍ ഇരു വശത്തേക്കും അഞ്ചാറുതവണ തലയാട്ടി. പള്ളിയുടെ രണ്ടാം നിലയില്‍ പോയി പ്രസംഗം ഞാന്‍ ഒന്നുകൂടി ആവര്‍ത്തിച്ചു. ഹവ്വ(റ) എനിക്കു അനുകൂലം തന്നെ.
ബാങ്കിന്‍റെ സമയം അടുത്തു. ഒറ്റയും കൂട്ടമായും ആളുകള്‍ വന്നുതുടങ്ങി. ശുഭ്രവസ്ത്രധാരികളാണധികവും. ബാങ്കു വിളിച്ചു. ആളുകള്‍ ഒഴുകിയെത്തി. ഒന്നാംനില നിറഞ്ഞു. ഒരു ളുഹ്ര്‍ നിസ്കാരത്തിന് തന്നെ ഇത്രയും ജനങ്ങളോ…? ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം എല്ലാവരും ദിക്റിലും ഖുര്‍ആന്‍ പാരായണത്തിലും സജീവമായിരുന്നു. എന്നാല്‍ ഞാന്‍ എന്‍റെ പ്രസംഗം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ഹവ്വ(റ)യും കൈമടക്ക് വിഷയവും എന്നെ അലോസരപ്പെടുത്തി. വെറുതെ ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടുമൂന്ന് മുതഅല്ലിമുകള്‍ ഒരു വശത്ത് നിസ്കരിക്കുന്നു. മറു വശത്ത് രണ്ട് ഉസ്താദുമാരും.
ജമാഅത്ത് തുടങ്ങി. എത്ര പെട്ടെന്നായിരുന്നു ആ ജമാഅത്ത് അവസാനിച്ചത്. ദുആയും കഴിഞ്ഞ് പ്രസംഗം ആരംഭിച്ചോളൂ എന്ന സൂചന തന്ന് ഇമാം എഴുന്നേറ്റ് പോയി. ഞാന്‍ എഴുന്നല്‍ക്കാന്‍ ശ്രമിച്ചു. ഭയം കാരണം ഒന്നിനും സാധിക്കുന്നില്ല. പെട്ടെന്ന് ഉസ്താദ് ഉറക്കെ പറഞ്ഞു. ആരും പോകരുത്. ഒരു മുതഅല്ലിം ഉറുദിക്കു വന്നിട്ടുണ്ട്. സര്‍വ്വധ്യൈവും സംഭരിച്ച് ഞാന്‍ എഴുന്നേറ്റ് നിന്നു. ഉറക്കെ സലാം ചൊല്ലി ഇടറുന്ന സ്വരത്തിലാണ് ആ സലാം പൂര്‍ത്തീകരിച്ചത്. ബിസ്മിയും ഹംദുമൊക്കെ ചൊല്ലി, ഞാന്‍ തുടങ്ങി. അതിവേഗത്തില്‍ കറങ്ങുന്ന ഫാനിനെ നോക്കി ഞാന്‍ അടിച്ചുവിട്ടു. ചരിത്രത്തിലേക്ക് കടന്ന് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ പലരും ചിരിക്കുന്നു. മറ്റുചിലര്‍ എഴുന്നേറ്റ് പോകുന്നു. ഹവ്വ(റ) ആഇശാബീവിയായോ? എന്താണ് പറഞ്ഞതെന്ന് വ്യക്തമായ ഓര്‍മപോലും എനിക്കില്ലായിരുന്നു. അതിനിടയില്‍ ഞാനതുകണ്ടു. മുക്രിഉസ്താദ് ഒരു വലത്തൊപ്പിയുമായി ആളുകള്‍ക്കിടയിലൂടെ നടക്കുന്നു. ഭയം എന്നെ വിട്ടകന്നു. പ്രസംഗത്തിനിടയില്‍ എന്‍റെ മുന്നിലൂടെ കടന്ന്പോയ ആ തൊപ്പിയിലെ നൂറിന്‍റെയും അന്പതിന്‍റെയും നോട്ടുകള്‍ കണ്ട് ഞാന്‍ ആവേശഭരിതനായി. പ്രോത്സാഹനവേളയില്‍ കൈമടക്ക് വിഷയം എടുത്തിട്ട എട്ടാം തരക്കാരന്‍ കൂട്ടുകാരന്‍ എന്‍റെ മനസ്സില്‍ മിന്നി മറഞ്ഞു. ഒരു കൊച്ചു ദുആയും നടത്തി ഞാന്‍ പ്രസംഗം അവസാനിപ്പിച്ചു. പള്ളിയുടെ മൂലയില്‍ അപ്പോഴും ആ മുതഅല്ലിമീങ്ങളും ഉസ്താദുമാരും ഉണ്ടായിരുന്നു.
പലരും വന്ന് കൈപിടിച്ച് സലാം പറഞ്ഞ് പോയി. അതിനിടയില്‍ കുറച്ച് പ്രായമായ ഒരാള്‍ വന്ന് പറഞ്ഞു ആദം നബിയുടെ ഭാര്യ ഹവ്വാ ബീവിയാണ്, ആഇശാബീവിയല്ല. ഏതുസ്താദാണ് പഠിപ്പിച്ചത്..? ഞാന്‍ തരിച്ചുപോയി. എനിക്കത് വലിയൊരു വേദനയാണ് സമ്മാനിച്ചത്. ഹൃദയത്തിന്‍റെ ഏതേ കോണില്‍ നിന്നും ഹവ്വബീവി(റ) എന്ന വാക്ക് എന്നെ നോക്കി കളിയാക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ കൈയില്‍ മടക്കിപ്പിടിച്ച കറന്‍സി മടക്കി ദിനേശ് ബീഡിപോലെയാക്കി എന്‍റെ ജുബ്ബക്കീശയിലേക്ക് മുക്രി ഇട്ടുതന്നു. ആളുകള്‍ ഓരോരുത്തരായി പള്ളിയില്‍ നിന്നും പോയിത്തുടങ്ങി. മുതഅല്ലിമുകളും മുഅല്ലിമുകളും അപ്രത്യക്ഷരായിരിക്കുന്നു. പതിയെ ഞാന്‍ രണ്ടാം നിലയില്‍ പോയി കൈ മടക്ക് എത്രയാണെന്ന് നോക്കി. കേവലം 55 രൂപ. ഉറുദിയുടെ പേരുപറഞ്ഞ് പിരിവെടുത്ത ഓലത്തൊപ്പിയിലെ അന്പതിന്‍റെയും നൂറിന്‍റെയും നോട്ടുകള്‍ എവിടെപ്പോയി! ദ്യേവും സങ്കടവും എന്നെ പൊതിഞ്ഞു. ചിലപ്പോള്‍ പള്ളിയുടെ മൂലയിലിരുന്ന മുതഅല്ലിമുകള്‍ക്ക് നല്‍കിയിട്ടുണ്ടാകും എന്നു സമാധാനിച്ചു ഞാന്‍ പുറത്തേക്കിറങ്ങി. അപ്പോഴാണ് ഞാനാ നോട്ടീസ് ശ്രദ്ധിച്ചത്. ഇവിടെ ഉറുദി ബുക്കിംഗും തഖ്സീം വ്യവസ്ഥയും ഇല്ല.
അബ്ദുല്‍ബാരി, കെ ഒളുവട്ടൂര്‍
???????????????????????/