കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരെ കാണാം

കേന്ദ്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്നവരെ കാണാം

കേന്ദ്രസര്‍വ്വകലാശാലകളിലും പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും എങ്ങനെ അഡ്മിഷന്‍ നേടാം? അവിടങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ, ഇന്‍റര്‍വ്യൂ, സിലബസ്, തയ്യാറെടുപ്പ് തുടങ്ങിയവ അധികമാര്‍ക്കും അറിയില്ല. രാജ്യത്തിന്‍റെ വിവിധ നഗരങ്ങളില്‍ ഇത്തരം കോഴ്സുകള്‍ക്ക് ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് അവിടങ്ങളില്‍ അഡ്മിഷന്‍ നേടിയെടുത്തത് എന്ന അന്വേഷണവുമായി നമുക്ക് അവരില്‍ ചിലരെ കണ്ടുനോക്കാം.

മുഹമ്മദ് അസ്ഹരി
എം ഫില്‍, ജെഎന്‍യു, ഡല്‍ഹി
“തിരൂരങ്ങാടി ബാപ്പു മുസ്ലിയാരുടെ അനുശോചന കവിതകള്‍ എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു)യിലെ അറബിക് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗവേഷണ പഠനം നടത്തുകയാണ് മുഹമ്മദ് അസ്ഹരി. കാരന്തൂര്‍ മര്‍കസില്‍ നിന്ന് “അസ്ഹരി ഒന്നാം റാങ്കോടെ പാസായ ശേഷം അലിഗഡ് യൂണിവേഴ്സിറ്റിയില്‍ എം എ അറബിക് ലിറ്ററേച്ചറിന് ചേര്‍ന്നു. 2011ല്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ജെആര്‍എഫ് ലഭിച്ചു. ശേഷമാണ് ജെഎന്‍യുവില്‍ എംഫിലിന് പ്രവേശനം നേടുന്നത്. അഡ്മിഷന്‍ സമയത്ത് കടുത്ത മത്സരമായിരുന്നു. ജെഎന്‍യു പ്രവേശന പരീക്ഷ കോഴിക്കോട് കേന്ദ്രത്തിലെഴുതി. ബിരുദാനന്തര ബിരുദ കോഴ്സിന് പഠിച്ച കാര്യങ്ങള്‍ തന്നെ വിശദമായി പഠിച്ചാണ് അസ്ഹരി പ്രവേശന പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷാ ചോദ്യപേപ്പറുകള്‍ ജെഎന്‍യു കാന്പസില്‍ ലഭിക്കുന്നതിനാല്‍ മുന്‍കാല ചോദ്യങ്ങള്‍ നന്നായി ശ്രദ്ധിക്കുകയും ചെയ്തു.

മുഅ്മിന മുംതാസ്
എം എ, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ, ഡല്‍ഹി
ഫാറൂഖ്കോളജില്‍ നിന്ന് ബിഎസ്സി ബോട്ടണി പാസായ മുംതാസ് സിവില്‍ സര്‍വ്വീസ് നേടണമെന്ന ലക്ഷ്യവുമായാണ് ഡല്‍ഹിയിലെത്തുന്നത്. ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയില്‍ എം എ പൊളിറ്റിക്കല്‍ സയന്‍സിന് അഡ്മിഷന്‍ നേടിയ മുംതാസ് തന്‍റെ സ്വപ്നം നേടിയെടുക്കുമെന്ന ദൃഢവിശ്വാസത്തിലാണ്. അതുകൊണ്ടു തന്നെയാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സിന് പ്രവേശനം ലഭിച്ചിട്ടും വേണ്ടെന്ന് തീരുമാനമെടുത്ത്, ഡല്‍ഹിയിലെ തന്നെ ജാമിഅയില്‍ ഉപരിപഠനത്തിന് ചേര്‍ന്നത്. അധ്യാപകരില്‍ നിന്നും സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രോത്സാഹനവും പിന്തുണയും ലഭിച്ച മുംതാസ് പൊളിറ്റിക്കല്‍ സയന്‍സുമായി ബന്ധപ്പെട്ട വിശദമായ വായന നടത്തിയാണ് എന്‍ട്രന്‍സ് എന്ന കടന്പ കടന്നത്. ലക്ഷ്യബോധത്തോടെയുള്ള വായനയാണ് പ്രധാനം. ആത്മവിശ്വാസം വിടാതെ നന്നായി തയ്യാറെടുത്താല്‍ പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും “കൂളായി വിജയിക്കാമെന്ന് മുഅ്മിന.

മുഹമ്മദ് ശാഫി
എംബിഎ, മൗലാനാ ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്സിറ്റി, ഹൈദരാബാദ്
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഡിസ്റ്റന്‍സ് ആയി ബികോം പഠിക്കുന്ന കാലത്തേ ശാഫിയുടെ ഒരേയൊരു ലക്ഷ്യം മാനേജ്മെന്‍ര് പഠനമായിരുന്നു. കേന്ദ്രസര്‍വ്വകലാശാലകളിലെ എംബിഎ പ്രവേശനം ഓരോ വര്‍ഷവും ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് നടക്കുക. അതിനാല്‍ വിവിധ യൂണിവേഴ്സിറ്റികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവേശന പരീക്ഷയുടെ മുഴുവന്‍ ചോദ്യപേപ്പറുകളും ശേഖരിച്ച് പഠനം തുടങ്ങി. അലിഗഢിലെയും ജാമിഅ മില്ലിയ്യയിലെയും എംബിഎ എന്‍ട്രന്‍സ് എഴുതി. കിട്ടിയില്ല. സ്ഥിരോത്സാഹിയായ ശാഫി മാനേജ്മെന്‍റ് പഠന സ്വപ്നം മാറ്റിവെക്കാതെ ശ്രമം തുടര്‍ന്നു. മാത്സ് ആയിരുന്നു അല്‍പം പ്രയാസം. എംബിഎ പ്രവേശന പരീക്ഷകളിലെ ഒരു മുഖ്യ ഇനം ശുദ്ധ ഗണിത ചോദ്യങ്ങളാണ്. അതിനാല്‍ അലിഗഢ് മലപ്പുറം ഓഫ് കാന്പസിലെ കോച്ചിംഗിന് ചേര്‍ന്ന് മാത്സ്, റീസണിംഗ്, എന്നീ ഭാഗങ്ങള്‍ നന്നായി പഠിച്ചു. ശേഷം ഹൈദരാബാദിലെ ങഅചഡഡവില്‍ അഡ്മിഷന്‍ നേടുകയും ചെയ്തു.

മുഹമ്മദ് ആസിഫ്
എം എ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, യു പി
ബിഎ ഹിസ്റ്ററി കഴിഞ്ഞാണ് എറണാകുളത്തെ മുഹമ്മദ് ആസിഫ് അലിഗഢില്‍ എം എ പബ്ലിക് അഡ്മിനിസ്ട്രേഷന് ചേര്‍ന്നത്. പൊതു ഭരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ ലഭ്യമായതെല്ലാം വായിച്ചു പഠിച്ചാണ് അലിഗഢിലെ എന്‍ട്രന്‍സ് എഴുതിയത്. അലിഗഡ് കാന്പസില്‍ ഇതേ കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുന്നവരെ സമീപിച്ച് പരിശീലനം നേടാനും ആസിഫ് സമയം കണ്ടെത്തി. ഇംഗ്ലീഷ് ഭാഷ, പൊതുവിജ്ഞാനം, റീസണിംഗ് തുടങ്ങി പൊതുവെ പ്രവേശന പരീക്ഷകളില്‍ ചോദിക്കുന്ന ഭാഗങ്ങള്‍ സ്വന്തം വീട്ടിലിരുന്ന് പഠിച്ചു.

അന്‍വര്‍
എംടെക്, ഐഐടി, ഹൈദരാബാദ്
കോട്ടയത്തെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആര്‍ഐടി)യില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഉയര്‍ന്ന മാര്‍ക്കോടെ പാസായ അന്‍വര്‍ എം ടെക് പഠിക്കണമെന്ന മോഹവുമായാണ് ഏമലേ എഴുതുന്നത്. യോഗ്യത നേടിയെങ്കിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യില്‍ തന്നെ അഡ്മിഷന്‍ ലഭിക്കണമെന്ന ആഗ്രഹവുമായി ഹൈദരാബാദിലെ ഒരു കോച്ചിംഗ് സെന്‍ററില്‍ ചേര്‍ന്നു. ഇപ്പോള്‍ ഐഐടി ഹൈദരാബാദില്‍ എംടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അന്‍വര്‍. എന്‍ട്രന്‍സിനു വേണ്ടി എന്താണ് പഠിക്കേണ്ടതെന്നറിഞ്ഞ ശേഷം നടത്തുന്ന സ്വയം പരിശീലനം വളരെ പ്രധാനപ്പെട്ടതാണ്. ആവശ്യമെങ്കില്‍ മാത്രം കോച്ചിംഗിന് പോയാല്‍ മതി. എഞ്ചിനീയറിംഗില്‍ പഠിക്കുന്ന സ്ട്രീമിലെ അടിസ്ഥാന കാര്യങ്ങള്‍ വളരെ നന്നായി പഠിച്ചാല്‍ തന്നെ ഒരു കോച്ചിംഗിനും പോവാതെ ഐഐടിയില്‍ അഡ്മിഷന്‍ നേടാന്‍ കഴിയുമെന്ന് അന്‍വര്‍ പറയുന്നു. പക്ഷേ, ഉറച്ച ലക്ഷ്യബോധവും സ്ഥിരോത്സാഹത്തോടെയുള്ള പരിശീലനവും വേണം.

അബ്ദുസ്സലാം, എംബിബിഎസ്
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹി
ചിട്ടയായ പഠനം, സ്ഥിരോത്സാഹം, സമര്‍പ്പണം, പ്രാര്‍ത്ഥന തുടങ്ങിയവയിലൂടെ എംബിബിഎസ് അഡ്മിഷന്‍ നേടിയെടുത്ത വിദ്യാര്‍ത്ഥിയാണ് അകകങടലെ അബ്ദുസ്സലാം. നാട്ടില്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്തു തന്നെ എന്‍ട്രന്‍സിനുള്ള സ്വയം പരിശീലനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞയുടന്‍ ടെസ്റ്റെഴുതിയപ്പോള്‍ ലഭിച്ച റാങ്ക് 2000. ബിഡിഎസിന് ചേര്‍ന്ന് തൃപ്തിയടയാന്‍ ഈ മിടുക്കന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് ഒരു വര്‍ഷത്തെ കോച്ചിംഗിനായി പാലായിലെ കോച്ചിംഗ് സെന്‍ററില്‍ ചേരുന്നത്. ദിനേന ചുരുങ്ങിയത് ആറു മണിക്കൂര്‍ പഠനം. കോച്ചിംഗില്‍ പോയപ്പോള്‍ സലാം മനസ്സിലാക്കിയ പ്രധാനപ്പെട്ട ഒരു കാര്യം കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇന്ത്യയില്‍ നടക്കുന്ന ഏതൊരു മെഡിക്കല്‍ എന്‍ട്രന്‍സിലും സിബിഎസ്ഇ പ്ലസ്ടുവിന് പഠിപ്പിക്കുന്ന ചഇഋഞഠ ടെക്സ്റ്റ് ബുക്കുകള്‍ കേന്ദ്രീകരിച്ചാണ് ചോദ്യങ്ങള്‍ വരുന്നത് എന്നാണ്. എത്രത്തോളം നന്നായി ഈ പാഠ പുസ്തകങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) പഠിക്കുന്നുവോ അത്രത്തോളം മികച്ച റാങ്ക് എന്‍ട്രന്‍സില്‍ നേടിയെടുക്കാമെന്ന് അബ്ദുസ്സലാം പറയുന്നു. അകകങടലെ പ്രവേശന പരീക്ഷയില്‍ 102ാം റാങ്കും (ഒബിസി 19) ഓള്‍ഇന്ത്യാ എന്‍ട്രന്‍സില്‍ 150ാം റാങ്കും കേരള ടെസ്റ്റില്‍ 23ാം റാങ്കും നേടി. ഇപ്പോള്‍ എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

അഫീഫ
ബിഎസ്സി, ഡല്‍ഹി യൂണിവേഴ്സിറ്റി, ഡല്‍ഹി
അധ്യാപനത്തിലും ഗവേഷണത്തിലും താല്‍പര്യമുള്ള അഫീഫ ബിഎസ്സി സുവോളജി വിദ്യാര്‍ത്ഥിനിയാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ തന്നെ പഠിക്കുന്ന സ്വന്തം സഹോദരിയാണ് ഈ മിടുക്കിക്ക് വഴികാട്ടിയായത്. പ്ലസ്ടു കഴിഞ്ഞപ്പോള്‍ അഫീഫ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇഷ്ട വിഷയമായ സുവോളജിക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ബിരുദ കോഴ്സുകള്‍ക്ക് എന്‍ട്രന്‍സ് ടെസ്റ്റില്ല മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ലോക പ്രശസ്ത വിദേശ യൂണിവേഴ്സിറ്റികളില്‍ പിജി/ പിഎച്ച്ഡി കോഴ്സുകള്‍ക്ക് പ്രവേശന മാനദണ്ഡമായി വരുന്ന നാലു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് ഡിഗ്രിയാണ് ഇവിടെയുള്ളത്. വിദേശ യൂണിവേഴ്സിറ്റിയില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി ഓരോ വര്‍ഷവും ഡിയുവില്‍ നിന്ന് അര്‍ഹരാവുന്നത്. പ്ലസ്ടുവിന് നല്ല മാര്‍ക്ക് വാങ്ങിയാല്‍ ഡിയുവില്‍ ഡിഗ്രിക്ക് അഡ്മിഷന്‍ നേടാം.

ഈ നിര നീണ്ടതാണ്. ഇവരില്‍ എല്ലാവരിലും കാണാവുന്ന ചില പൊതുസ്വഭാവങ്ങള്‍ (Common Factors) ഉണ്ട്. ആ ഘടകങ്ങള്‍ കൂട്ടിയിണക്കി മികച്ച പരിശീലനം നേടിയാല്‍ ഏതൊരാള്‍ക്കും ഇത്തരം നല്ല കോഴ്സുകള്‍ക്ക് അഡ്മിഷന്‍ നേടിയെടുക്കാം. പ്രഥമ പ്രധാനം ലക്ഷ്യബോധമാണ്. ഏത് കോഴ്സ് എവിടെ ചെയ്യണമെന്ന വ്യക്തമായ ഒരു ലക്ഷ്യം ഇവരില്‍ എല്ലാവര്‍ക്കുമുണ്ട്. രണ്ടാമതായി സ്ഥിരോത്സാഹം. ഒരു മോട്ടിവേഷന്‍ ക്ലാസില്‍ കേട്ട കാര്യങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ തണുത്തു പോവുന്ന ആവേശമല്ല ഇവര്‍ക്കുള്ളത്. മറിച്ച്, നിരന്തരം അധ്വാനിച്ച് പഠിക്കാനുള്ള ആവേശം ജ്വലിച്ചു നില്‍ക്കുന്നു. ഒരു ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ തോല്‍വി സമ്മതിക്കാതെ വീണ്ടും ശ്രമിച്ച് ഇവര്‍ വിജയികളാവുന്നു. മൂന്നാമത്, മികച്ച പരിശീലനം, സ്വയം പരിശീലനം, കോച്ചിംഗ് സെന്‍ററുകളിലെ പരിശീലനം, വിദഗ്ധര്‍ അധ്യാപകര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നുള്ള പരിശീലനം തുടങ്ങി ആവശ്യാനുസരണം മികച്ച കോച്ചിംഗ് നേടിയാണ് ഇവര്‍ അഭിരുചിക്കിണങ്ങിയ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ നേടിയെടുത്തത്.
യാസര്‍ അറഫാത്ത്

You must be logged in to post a comment Login