ഉപ്പില്ലാത്ത കഞ്ഞി

ഉപ്പില്ലാത്ത കഞ്ഞി

വിവാഹമോചനം ചെയ്ത ഭര്‍ത്താവിനെതിരെ കേസുകൊടുക്കാന്‍ ഖാളിയില്‍ നിന്നൊരു കത്തുവേണം; വിവാഹ സാക്ഷ്യപത്രം. അതിനാണവള്‍ വന്നത്.
തലയുയര്‍ത്തി വല്ലതും പറയാന്‍ ഖാളിക്കു കഴിഞ്ഞില്ല. പറയേണ്ടതു പറയാന്‍ പറ്റിയതുമില്ല.
കാരണം രണ്ട്.
ഒന്ന് അങ്ങനെ തലപൊക്കാന്‍ കഴിയാത്ത വിധമാണവളുടെ വസ്ത്രധാരണം.
രണ്ട് അങ്ങനെ പറയാന്‍ സമയം കൊടുക്കാത്ത വായാടിത്തം. ഭര്‍ത്താവ് വിവാഹമോചനം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നു തോന്നി.
ലജ്ജയില്ലാത്തവരുടേതാണിന്നു ലോകം. നാണവും മാനവും എന്താണെന്നറിയാതായിരിക്കുന്നു ആണിനും പെണ്ണിനും. പക്ഷേ, ആണിന്‍റെ ലജ്ജയില്ലായ്മയെക്കാള്‍ അരോചകമാണ് പെണ്ണിന്‍റേത്; കൂടുതല്‍ അപകടകരവും. പെണ്ണിന് അന്യന്‍റെ മുന്നില്‍ ചെല്ലേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാവാം. ഭര്‍ത്താക്കന്മാര്‍ നാട്ടിലില്ലാത്തവരാണ് ഇന്ന് ഒട്ടേറെ. മുതിര്‍ന്ന മക്കളോ വിശ്വസ്തരായ ബന്ധുക്കളോ ഇല്ലെങ്കില്‍ ഭാര്യ തന്നെ എല്ലാം കൈകാര്യം ചെയ്യേണ്ടി വരും. സാഹചര്യം അതെങ്കില്‍ അതു പാടില്ലെന്നു പറയുന്നില്ല. പക്ഷേ, അതിരുകള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധ ഏറെ വേണം.
വസ്ത്ര ധാരണം, സംസാരം എന്നിവയില്‍ സൂക്ഷ്മത ഏറെ പുലര്‍ത്തേണ്ടവളാണ് സ്ത്രീ.
വീട്ടിനകത്തും സ്ത്രീസദസ്സിലും ആകാവുന്ന വേഷത്തില്‍ അവള്‍ ഒരിക്കലും പുരുഷനു മുന്പിലെത്തരുത്. ആരും കാണാത്ത ഇരുട്ടുമുറിയില്‍ വച്ചു നിസ്കരിക്കുന്പോള്‍ പോലും മുഖവും മുന്‍കൈയുമൊഴിച്ചെല്ലാം മറക്കണമെങ്കില്‍ പടപ്പുകള്‍ക്കിടയില്‍ വരുന്പോള്‍ അതിനപ്പുറവും തുറന്നിടാമെന്നാണോ കരുതുന്നത്?
ഖിയാമത്തുനാളിന്‍റെ ലക്ഷണങ്ങളിലൊന്നായി നബി(സ്വ) എണ്ണിയത് സ്ത്രീകളില്‍ നിന്നു ലജ്ജ പോവുമെന്നാണ്. കൃത്യമായി പുലര്‍ന്ന് അന്ത്യനാളിന്‍റെ പെരുന്പറ മുഴക്കം കേള്‍ക്കുകയാണിന്നു പെണ്ണിലൂടെ.
മുന്പു മാനക്കേടായി കണ്ടിരുന്ന പലതും ഇന്ന് അങ്ങനെയല്ലാതായില്ലേ?
ഇരു ചക്രവാഹനത്തിന്‍റെ പിന്നില്‍ സ്ത്രീകള്‍ വശം തിരിഞ്ഞല്ലാതെ ഇരിക്കുന്ന കാഴ്ച അത്യപൂര്‍വമായിരുന്നു ഏതാനും വര്‍ഷം മുന്പുവരെ. പട്ടണത്തില്‍ ഒന്നും രണ്ടുമൊക്കെ കണ്ടേക്കാമെങ്കില്‍ നാട്ടിന്‍പുറങ്ങളില്‍ കാണാനേ കഴിഞ്ഞിരുന്നില്ല. ഒരു ആണിനെപ്പോലത്തെ പെണ്ണായി അവളെ കണ്ടിരുന്നോ അന്ന്?
ഇന്നോ?
ഈ ഇരുത്തം ഹറാമോ കറാഹത്തോ എന്നൊന്നും വിധി പറയുകയല്ല. അന്നുണ്ടായിരുന്ന മടി ഇന്നില്ലാതായില്ലേ എന്നു സൂചിപ്പിക്കുകയാണ്. (ഇനിയിപ്പോള്‍ നിയമം തന്നെ ഇരുത്തം അങ്ങനെയാക്കുകയാണ്. ബാലന്‍സ് ശരിയാവുന്നില്ലത്രെ). യുഗം പരിഷ്കൃതമാകുന്പോള്‍ അങ്ങനെയാണ്. ശീലങ്ങള്‍ ശീലക്കേടുകളാകും; തിരിച്ചും.
വീഥിയിലും വിദ്യാലയത്തിലുമൊക്കെ ആണ്‍, പെണ്‍ കൂട്ടങ്ങള്‍ വെവ്വേറെയായിരുന്നു. ഇന്ന് എല്ലാം ഒരു കൂട്ടം; ഇടകലര്‍ന്നു തോളോടു തോളുരുമ്മി!
വേലികള്‍ ഇല്ലാതായി. ഫലം വയ്യാവേലി.
വിയോജിപ്പുണ്ടായിട്ടും ചിലരൊക്കെ ചിലതു ചെയ്യുന്നത് കാലം അങ്ങനെയല്ലേ എന്നു പരിഭവിച്ചു കൊണ്ടാണ്.
സത്യവിശ്വാസി അങ്ങനെയല്ല ആകേണ്ടത്. നൂറു രക്തസാക്ഷികളുടെ പ്രതിഫലം തിരുമേനി വാഗ്ദാനം ചെയ്തത്, സമൂഹം നാശത്തിലാകുന്പോള്‍ നബിയുടെ മാര്‍ഗം മുറുകെ പിടിക്കുന്നവര്‍ക്കാണ്; ഒഴുക്കിനെതിരെ നീന്തുന്നവര്‍ക്ക്.
നാണംകെട്ട ലോകത്ത് നാണമില്ലായ്മയാണ് അലങ്കാരമെന്നു കരുതുന്നവര്‍ക്ക് വഴിയെ വരുന്നുണ്ട് വന്‍ വിപത്ത്. ഇസ്ലാമിന് എല്ലാറ്റിലുമുണ്ട് ഒരു വ്യതിരിക്തത. ആണിലും പെണ്ണിലും അതുണ്ടാകണം. കണ്ടാലറിയണം പുണ്യദീനിലെ പെണ്ണിനെ.
വേഷം വിശേഷമായിരിക്കും. ഭാഷയും മോശമാവില്ല; സൗമ്യമൊഴിയേ ഉണ്ടാകൂ. എടുപ്പും നടപ്പുമൊക്കെ പെണ്ണിനു ചേര്‍ന്നത്. ആണത്തം അവളില്‍ കാണില്ല.
സ്ത്രീക്കു താന്‍ സ്ത്രീയാണെന്ന ബോധവും തനിക്ക് എന്ത്, എത്രത്തോളമാകാമെന്ന അറിവും ഇല്ലാതിരുന്നാല്‍ അതൊരു വിപത്തു തന്നെയാണ്. നാരി നാശകാരിയാകാന്‍ അതു മതി.
ലജ്ജ പെണ്ണിന് ഒരലങ്കാരം തന്നെയാണ്. അതുമാത്രമല്ല അനിവാര്യവുമാണ്.
നബി വചനത്തില്‍ നിന്നു ചില ഉപമകള്‍ നോക്കൂ കര്‍മമില്ലാത്ത പണ്ഡിതന്‍ മഴയില്ലാത്ത മേഘം പോലെയാണ്. ധര്‍മമില്ലാത്ത ധനികന്‍ പഴമില്ലാത്ത മരം പോലെ. ക്ഷമയില്ലാത്ത ദരിദ്രന്‍ വെള്ളമില്ലാത്ത പുഴപോലെയും നീതിയില്ലാത്ത രാജാവ് ഇടയനില്ലാത്ത ആടുപോലെയും. പശ്ചാത്താപമില്ലാത്ത യുവാവ് മേല്‍ക്കൂരയില്ലാത്ത വീടുപോലെ. ലജ്ജയില്ലാത്ത സ്ത്രീ ഉപ്പില്ലാത്ത ഭക്ഷണം പോലെ.
സ്വാദിഖ് അന്‍വരി

You must be logged in to post a comment Login