മറുചോദ്യം

മറുചോദ്യം

അഗതിമന്ദിരത്തിന്‍റെ ഇടുങ്ങിയ മുറിയുടെ ജനലഴിയും പിടിച്ച് നസീറ ആ നില്‍പ് തുടങ്ങിയിട്ട് നേരം ഒരുപാടായി. കഴിഞ്ഞ കാലങ്ങള്‍ അവളുടെ മനസ്സിലൂടെ കടന്നുപോയി. അഹങ്കാരിയായിരുന്നില്ലേ ഞാന്‍? 

എന്താ മോളേ, ഒരാലോചന? എന്തുപറ്റി? എങ്ങനെയാ ഇവിടെ എത്തിയത്?
കദീജത്തായുടെ ചോദ്യത്തിന് ഉത്തരമായി നസീറ തന്‍റെ ജീവിതകഥ പറഞ്ഞു തുടങ്ങി പ്രീഡിഗ്രിവരെ പഠിച്ചു. കുടുംബത്തിന്‍റെ ദാരിദ്ര്യം മൂലം പഠനം നിര്‍ത്തേണ്ടി വന്നു. സുന്ദരിയായതു കൊണ്ട് നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലേക്കായിരുന്നു കല്ല്യാണം. ഒന്നും വേണ്ട, പെണ്‍കുട്ടിയെ മാത്രം മതി എന്നവര്‍ പറഞ്ഞപ്പോള്‍ നിധികിട്ടിയ സന്തോഷമായിരുന്നു ഉപ്പക്ക്. പക്ഷേ, അവിടെ മരുമകളായി കയറിച്ചെന്ന ഞാന്‍ പതുക്കെ, ആ കുടുംബത്തിന്‍റെ സമാധാനവും സന്തോഷവും ഇല്ലാതാക്കി. ആ തറവാട്ടിലെ ഇളയ മകനായിരുന്നു ഭര്‍ത്താവ് നാസര്‍ക്ക. ഉമ്മയുടെയും വാപ്പയുടെയും പുന്നാര മകന്‍. നാസര്‍ക്കാക്ക് ജീവനായിരുന്നു ഞാന്‍. ആവശ്യപ്പെടുന്നതെന്തും സാധിച്ചുതരും. അതായിരിക്കാം, എന്‍റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തത്. ഒരു കുഞ്ഞ് ജനിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ തുടങ്ങി മാറിത്താമസിക്കാനുള്ള എന്‍റെ സമ്മര്‍ദ്ദം. നമ്മളാണ് തറവാട്ടില്‍ നില്‍ക്കേണ്ടവര്‍, മാത്രവുമല്ല ജ്യേഷ്ഠന്‍മാരാരും മാറിത്താമസിച്ചിട്ടുമില്ല. ഇങ്ങനെയൊക്കെ പറഞ്ഞ് ഇക്ക എന്‍റെ ഇഷ്ടം നിരസിച്ചു. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഞാന്‍ വീട്ടില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കി. കുടുംബത്തിന്‍റെ നന്മയെച്ചൊല്ലി ഏട്ടത്തിമാര്‍ പലതും കണ്ടില്ലെന്നു നടിച്ചു.
കാലങ്ങളൊരുപാട് അതിനിടയില്‍ കറങ്ങിത്തിരിഞ്ഞു. മകന്‍ പത്താം ക്ലാസ് പാസായപ്പോള്‍ എന്‍റെ നിര്‍ബന്ധം സഹിക്കവയ്യാതെ ഇക്ക വീടെടുക്കാന്‍ തീരുമാനിച്ചു.

വീടുമാറാനുള്ള തീരുമാനം നല്ലത്. അതു പക്ഷേ, ഉപ്പക്കും ഉമ്മക്കും വയ്യാത്ത സമയത്തായി. അതിന്നുവേണ്ടി ഞാനായിട്ട് വീട്ടില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി.
ലോണ്‍ എടുത്താണ് ഇക്ക വീട് പൂര്‍ത്തിയാക്കിയത്. കുടിയിരിക്കല്‍ ആര്‍ഭാടപൂര്‍വ്വമായിതന്നെ കഴിഞ്ഞു.
പിന്നെ അവിടെ തന്നെ കൂടി. വയ്യാതായ ബാപ്പയെയും ഉമ്മയെയും കാണാന്‍ പോയില്ല. എന്‍റെ കൈ കൊണ്ട് ഒരിറ്റ് വെള്ളം ആ വരണ്ട തൊണ്ടകളില്‍ ഇറ്റിച്ചു കൊടുക്കാന്‍ തോന്നിയില്ല.

കാലങ്ങള്‍ സന്തോഷത്തോടെ നീങ്ങി. അതിലേറെ വേഗത്തില്‍ എന്‍റെ മകന്‍ മുതിര്‍ന്നു. വീട് നിര്‍മാണത്തിന്‍റെ സൊല്ല തീര്‍ന്നപ്പോള്‍ അവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു പിറകെയായി ഞാന്‍. അവനെന്തും എന്നോട് വന്നു പറയും. ഞാനത് ഇക്കയോട് പറഞ്ഞു സാധിപ്പിക്കും. നന്മയില്ലാത്ത കാര്യങ്ങളൊന്നും ഇക്ക സമ്മതിക്കില്ല. അതിനാല്‍ അവന്ന് ഇക്കയോട് ഈറയാണ്; എന്നോട് അലിവും.
ഈ പെരുമാറ്റം ഇക്കക്കും വെറുത്തു തുടങ്ങി. ഇക്കയെ നിര്‍ബന്ധിച്ച് ഞാനവന് ഒരു ബൈക്കും വാങ്ങിച്ചു നല്‍കി. കാശു തരുന്പോള്‍ ഇതൊക്കെ വേണോ എന്ന് ഇക്ക ചോദിച്ചു; നമ്മുടെ മോനും ആളുകളുടെ കൂട്ടത്തില്‍ ചേരണ്ടേ എന്നായിരുന്നു എന്‍റെ മറുചോദ്യം. അതോടെ ഇക്ക ഒന്നും പറഞ്ഞില്ല. ബൈക്കിലേറിയുള്ള അവന്‍റെ ചീറിപ്പാച്ചില്‍ നാട്ടില്‍ സംസാരമായപ്പോള്‍ അസൂയ കൊണ്ടാവും എന്നാശ്വസിച്ചു.

ഒരു ദിവസം വെള്ളപുതപ്പിച്ച് ഒരു മയ്യിത്ത് പടിയും കടന്ന് ഞങ്ങളുടെ ഹാളില്‍ കൊണ്ടുവച്ചപ്പോള്‍ എന്‍റെ ചങ്കടഞ്ഞു പോയി. ഇക്ക ആര്‍ത്തു കരഞ്ഞു കൊണ്ടു ചോദിച്ചു നമ്മുടെ മോനിപ്പോ എല്ലാവരുടെയും കൂട്ടത്തിലായില്ലേ.
ഇതും പറഞ്ഞ് അദ്ദേഹം തളര്‍ന്നു വീണു. എന്നന്നേക്കുമുള്ള ഒരു വീഴ്ച. ഉള്ളതെല്ലാം പെറുക്കിവിറ്റു നാസര്‍ക്കയെ ചികിത്സിച്ചു നോക്കി. എന്തു ചെയ്യാന്‍; മോന്‍ പോയ വഴിക്ക് ബാപ്പയും പോയി; ഇന്നാലില്ലാഹ്…
തറവാട്ടില്‍ നിന്ന് എല്ലാവരും എന്നെ അങ്ങോട്ട് തിരിച്ചു വിളിച്ചു. ഞാന്‍ പോയില്ല. അവരുടെ സ്വസ്ഥത നശിപ്പിച്ചവളാണല്ലോ ഞാന്‍. അങ്ങനെയാണ് ഇവിടെ എത്തിയത്.

സങ്കടം കൊണ്ട് നസീറയുടെ തൊണ്ട വിങ്ങി. കണ്ണുകള്‍ നിറഞ്ഞൊഴുകി. നസീറയെ കദീജത്ത കെട്ടിപ്പിടിച്ചു. ഒന്നും മിണ്ടാതെ ഒരുപാട് നേരം അങ്ങനെ ഇരുന്നു. ഇവിടെ വന്നു കയറുന്ന ആരോടും ഒന്നും ചോദിക്കാറില്ല. എന്തൊക്കെയോ തുറന്നു വിടാനുള്ള ഒരു വിങ്ങല്‍ നിന്‍റെ മുഖത്ത് കണ്ടത് കൊണ്ടുമാത്രമാണ് ഞാന്‍ ചോദിച്ചത്. കദീജത്ത ആശ്വസിപ്പിച്ചു.

എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ കദീജത്ത സ്വയം ചോദിച്ചു സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി ഒരുപാടായി കേള്‍ക്കുന്നു. സ്വാതന്ത്ര്യം ഇല്ലാതിരുന്നിട്ടാണോ, നസീറയുടെ ജീവിതം ഇങ്ങനെയായത്? നസീറയുടേതിന് സമാനമായ എത്രയോ ജീവിതങ്ങള്‍ താന്‍ ഇവിടെ കണ്ടിരിക്കുന്നു.

താനിതൊക്കെ ചിന്തിച്ച് എന്തിന് സ്വസ്ഥത കളയണം. അതൊക്കെ കൊണ്ടറിയുന്ന കാലത്ത് എല്ലാവര്‍ക്കും ബോധ്യമാവും. സമൂഹത്തില്‍ നിന്ന് മനുഷ്യര്‍ അധികമൊന്നും പഠിക്കുന്നില്ല. സ്വാനുഭവങ്ങളാണ് മനുഷ്യരെ പലപ്പോഴും നന്നായി പഠിപ്പിക്കുന്നത്; വേദനയുറ്റ പാഠങ്ങള്‍ തന്നെ.
കദീജത്താത്ത തസ്ബീഹ് മാലയെടുത്ത് സ്വന്തം വിര്‍ദുകളിലേക്ക് പോയി.

ഫൗസിയ കബീര്‍

You must be logged in to post a comment Login