ആറേഅമ്പതിന് കോഴിക്കോട് വിടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് പിടിക്കേണ്ടതിനാല്‍ നേരത്തെ പുറപ്പെടേണ്ടി വന്നു. വെളിച്ചം പരന്നുവരുന്നതേയുള്ളൂ. മാര്‍ക്കറ്റിലെ അവസാനത്തെ കോഴിക്കടയിലും ലോഡിറക്കി, കാലിക്കൂടുകളുമായി അണ്ണന്ലോറി തിരിച്ചു പായുകയാണ്. കൂടുകളില്‍ അങ്ങിങ്ങായി ഒന്നുരണ്ട് ചത്ത കോഴികള്‍ പറ്റിക്കിടപ്പുണ്ടായിരുന്നു.
എന്തിനും ഒരെതിരഭിപ്രായം പറയുന്ന സുഹൃത്താണ്, സഹയാത്രികനായി കൂടെയുള്ളത്.
അണ്ണന്മാരാണെങ്കിലും കച്ചവടത്തില്‍ ഇവര്‍ സത്യസന്ധരാണ് അല്ലേ? ചത്തവയെ വില്‍ക്കാതെ തിരിച്ചു കൊണ്ടുപോകുന്നത് കണ്ടോ?” സുഹൃത്തിന്റെ നിരീക്ഷണം.
പതിനഞ്ചെണ്ണം ചത്താല്‍ മൂന്നെണ്ണമേ ഇങ്ങനെ തിരിച്ചു കൊണ്ടുപോവൂ. ചത്തതിനെ വില്‍ക്കില്ല എന്ന് ആളുകളെ കപടമായി ബോധിപ്പിക്കാനുള്ള തന്ത്രമാണിത്.” ഞാന്‍ പറഞ്ഞു.
ഉടനെ കിട്ടി, അവന്റെ നീണ്ട നാക്കിട്ടടി. ഈ കോഴിച്ചര്ച്ച വേണ്ടിയില്ലായിരുന്നു എന്ന് തോന്നിയെങ്കിലും തെളിവുസഹിതമുള്ള അവന്റെ തുടര്‍പ്രസംഗം കേട്ടപ്പോള്‍ എനിക്കെന്റെ ധാരണ തിരുത്താതെ വയ്യെന്നായി. കല്യാണത്തിന്നും വീടുകൂടലിന്നും മറ്റ് ആള്ക്കൂട്ടത്തീറ്റയ്ക്കുമൊക്കെ ഇത്തരം ഫ്രഷ് ശവങ്ങള് നാലിലൊന്ന് വിലക്ക് രഹസ്യധാരണപ്രകാരം കച്ചവടക്കാര്‍ അടിച്ചെടുക്കുകയും മുളകും മസാലയും രാസരസക്കൂട്ടുകളുമൊക്കെ ചേര്‍ത്ത് സിക്സിറ്റിഫൈവ്, ഡ്രാഗണ്‍, ജിഞ്ചര്‍, ബട്ടര്‍, ബ്രോസ്റ്റ്, തന്തൂരി, അല്‍ഫാം എന്നിങ്ങനെ പല പര്യായങ്ങളായി നമുക്ക് വിളന്പിത്തരുകയും ചെയ്യുന്നുണ്ട്. (ചിലനാടുകളില്‍ ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു കോഴിരൂപമുണ്ട്. ചി.ചി. അഥവാ ചിക്കന്‍ ചില്ലി. പേരും നല്ല യോജിപ്പുണ്ട്., ഇച്ചീച്ചിച്ചിക്കന്.)
തളിപ്പറമ്പ് ആലക്കോട് ഭാഗത്തുള്ള അന്ത്രുക്കാന്റെ വീട്ടില്‍ പലപ്പോഴായി പലജാതി കാലികളെ കാണാറുണ്ട്. കറന്നുകറന്നു പിണ്ടിയായ പശുക്കള്‍, കുളന്പു പഴുത്ത മൂരികള്, മുതുകുപൊട്ടി ഇറച്ചിതുറുത്തിയ എരുമകള്‍, പെന്ഷന് പറ്റിയ വണ്ടിക്കാളകള്‍, പുണ്ണില്‍ ഈച്ചയാര്‍ക്കുന്ന ഉണ്ണിപ്പോത്തുകള്, കണ്ണുചോരച്ച കുട്ടിമൂരികള് തുടങ്ങിയവയെയെല്ലാം കാണാം. പക്ഷേ, ഒരിക്കല്‍ കണ്ടതിനെ രണ്ടാമത് കാണുകയില്ല എന്നതാണ് അവിടുത്തെയൊരു മറിമായം. ഹ!
ഒരിക്കല്‍ പരിചയം പുതുക്കാന്‍ അയല്ക്കാരന് മെല്ലെ ഒന്നങ്ങ് കയറിച്ചെന്നതാണ്. അന്ത്രുക്ക വെറ്റില മുറുക്കി മുറ്റത്ത് തന്നെ നില്ക്കുന്നു. തൊട്ടുതന്നെ, ഒരുശിരന്‍ പശുവും എല്‍കെജിയില്‍ പറഞ്ഞയക്കാന്‍ പോലും പ്രായമായിട്ടില്ലാത്ത ഒരു കിടാവും. കുശലങ്ങള്‍ക്കിടെ അയല്ക്കാരന് സങ്കടത്തോടെ ചോദിച്ചു
അല്ല അന്ത്രുക്കാ, ഈ പയ്യിനെയും ഈ കടച്ചിക്കുട്ടിയെയും നിങ്ങള്‍ അറുക്കാനല്ലേ കൊടുക്കുക?”
പയ്യോ? എവിടെ പയ്യ്? എവിടെ കടച്ചിക്കുട്ടി?”
പശുവിനെ തൊട്ട് അയാള്‍ പറഞ്ഞു
ഇത് പോത്ത്”!
കിടാവിനെ തടവിയിട്ട് പറഞ്ഞു
ഇത് ആട്”
പശുവിനെ പോത്തും, കിടാവിനെ ആടുമാക്കുന്ന ഈ ശാസ്ത്രശാഖക്ക് അന്ത്രുവോളജി’ എന്നു വിളിക്കാം. അന്ത്രോപ്പോളജി’യുടെ ഒരു മച്ചുനന്‍ ആയി വരും ഇത്.
ബിഎഡിന് കൂടെപഠിച്ച ഒരു സുഹൃത്ത് ഈയ്യിടെ എന്നെ കാണാന്‍ വന്നു അതിലാഭ സാധ്യതയുള്ള ഒരു ബിസിനസ്പോളിസിയുമായി. വളരെ വിശ്വസ്തനായ ഒരാളാണത്രെ ഇത് നടത്തുന്നത്. അയാളെ എനിക്ക് പരിചയപ്പെടുത്താന്‍ സുഹൃത്ത് പലതും പല വിധത്തിലും പറഞ്ഞു. പള്ളിക്കമ്മിറ്റി വൈ. പ്രസിഡന്റാണ്, മദ്രസാ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയാണ്. ട്രസ്റ്റിന്റെ ട്രഷററാണ് എന്നിങ്ങനെ പലതും. പക്ഷേ, എനിക്കയാളുടെ ഒരു രോമം പോലും ഊഹിച്ചെടുക്കാനായില്ല. അയാള്‍ക്ക് നിങ്ങളെ നല്ലോണം അറിയാമെന്നും എന്നെപ്പറ്റി നല്ല മതിപ്പാണെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഞാന്‍ വീണു പോയി.
ലാഭവിഹിതം ഇത്രയെന്ന് കണക്കുപറയില്ല പറയാന്‍ പാടില്ല. പലിശയാവും, ഹറാമാവും. പ്രൊപോഷനില്‍ ഏറ്റവ്യത്യാസം ഉണ്ടാവാം. കഴിഞ്ഞ ഏഴുമാസക്കാലമായി ഇതില്‍ ചേര്‍ന്ന എല്ലാവര്ക്കും ഒരു ലക്ഷത്തിന് മുവായിരത്തില്‍ കുറയാത്ത ടേണോവര്‍ കൊടുത്തു പോരുന്നുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ അത് മൂന്നേ തൊള്ളായിരം വരെ എത്തിയിട്ടുണ്ട്. ഏതായാലും മൂന്നില്‍ കുറയുകയേ ഇല്ല.
അപ്പോള്‍, കരളില്‍ ഒരു തേന്മഴ പൊടിഞ്ഞു. നാക്കിലൂടെ ഒരു പഞ്ചാരലായനി ഒഴുകി. വയറ്റില്‍ ഒരു പായസക്കടല് പതഞ്ഞു. നല്ല പരിപാടി അല്ലേ?” ഞാനറിയാതെ അവനോട് ചോദിച്ചുപോയി.
പക്ഷേ, എന്തൊക്കെയാണ് നിങ്ങളുടെ ബിസിനസ്? അതറിയണമല്ലോ.”
പലതരം ബിസിനസ്സ് ഉണ്ട്. ജ്വല്ലറി ഉണ്ട്. റസ്റ്റോറന്റുണ്ട്. പിന്നെ ചൈനയിലേക്ക് വനസ്പതി അരി എക്സ്പോര്ട്ടുണ്ട്. സൈപ്രസില്‍ നിന്ന് ഇലക്ട്രോണിക്സ് ഇംപോര്ട്ടുണ്ട്. സൂറത്തില്‍ നിന്ന് ബള്‍ക്കായി ഡ്രസ്മെറ്റീരിയല്സ് പര്‍ച്ചേസുണ്ട്. സേലത്തും കാര്ക്കോണത്തും ഈറോഡിലും കോഴിഫാമുകളുണ്ട്.”
വിശദീകരണമഴ ചോര്‍ന്നപ്പോള്‍ എനിക്ക് രണ്ട് സംശയങ്ങള്‍ ബാക്കിയായി ഒന്ന്, ഞാന്‍ പലജാതി അരികളെപ്പറ്റി കേട്ടിട്ടുണ്ട്. കുറുവ, ബോധന വൈറ്റ്, പൊന്നി, ജയ അങ്ങനെ പലതും. പക്ഷേ, ഏതാണീ വനസ്പതി അരി?
എന്തോ പന്തികേട് തോന്നിയ സുഹൃത്ത് പോക്കറ്റില്‍ നിന്ന്, ഇപ്പോള്‍ പെറ്റുവീണതുപോലുള്ള ഒരു കുട്ടിനോട്ടുബുക്ക് വലിച്ചെടുത്ത്, മറിച്ചുനോക്കി.
സോറി, വസുമതി അരി” എന്ന് തിരുത്തിപ്പറഞ്ഞു.
ഈ തരുന്ന പണം നിങ്ങള്‍ ഏത് ബിസിനസ്സിലാണ് ഇടുക?” രണ്ടാമത്തെ സംശയം അതായിരുന്നു.
എല്ലാറ്റിലും കൂടി”.
ഒരു മൂന്നാഴ്ച കഴിഞ്ഞുണ്ട് ഒരു ഫോണ്‍. പേരല്ല നന്പറാണ് സ്ക്രീനില്‍ തെളിയുന്നത്. അപരിചിതമായ അക്കങ്ങള്‍.
ഒന്ന് രണ്ട് സംശയം ചോദിക്കാന്‍ വിളിച്ചതാണേ.”
സംസാരിച്ചുവന്നപ്പോള്‍ നമ്മുടെ പ്രതിശ്രുത ബോസ്സവര്കള്. ബിഎഡ് സുഹൃത്ത് നന്പര് കൊടുത്തതു പ്രകാരം വിളിക്കുകയാണ്. രണ്ട് കാര്യത്തില്‍ ഫത്വ വേണം ഓര്ക്ക്. പുരുഷന് സ്വര്‍ണം ധരിക്കല്‍ ഹറാമല്ലേ. പക്ഷേ, അന്യമതസ്ഥര്‍ക്ക് റിംഗ്, ചെയ്ന്‍ പോലുള്ള ആഭരണങ്ങള്‍ വില്ക്കുന്നതില് തെറ്റുണ്ടോ?” ഇതാണൊന്ന്.
നമ്മള് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുന്പോള്‍ മേശപ്പുറത്തു നിന്ന് ജീരകം പെറുക്കിക്കൊറിക്കാറില്ലേ? സത്യത്തില്‍ നമ്മളതിന്റെ പൈസ കൊടുക്കുന്നില്ലല്ലോ? ശരിക്കു പറഞ്ഞാല്‍ ഹലാലാവുമോ അത്?” ചോദ്യം നന്പര് രണ്ട്.
ഒരു പണ്ഡിതനോ സംഘടനാ പ്രവര്‍ത്തകനോ അല്ല ഇത് ചോദിക്കുന്നത്. ഒരു തനിക്കച്ചവടക്കാരന്. നാടന്‍. ഇതെന്തൊരു സൂക്ഷ്മത.
ചികഞ്ഞും ചൂഴ്ന്നും അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്, നഗരത്തിലെ വന്പന് പലിശ വിപണിയുടെ മൂത്താപ്പയാണ് ഈ കാട്ടുകള്ളന്!! ലക്ഷത്തിന് അയ്യായിരം വച്ച് പലിശ എണ്ണി വാങ്ങുന്ന, പട്ടണത്തിലെ തെണ്ടികളെയും ഗുണ്ടകളെയും തീറ്റിപ്പോറ്റുന്ന കറുത്ത ശൃംഖലയുടെ തലച്ചോറാണീ ഇഷ്ടന്. ലാഭമെന്ന പേരില്‍ മുവ്വായിരം നിങ്ങള്‍ക്ക് എണ്ണിത്തന്നാലും രണ്ടായിരം മിച്ചമല്ലേ? ആത്മീയ സൂക്ഷ്മത എന്ന വ്യാജേന ഇവന് ചോദിച്ച ചോദ്യം അണ്ണാച്ചിലോറിയിലെ ചന്തക്കോഴികളെപ്പോലെ, പശുഅറവുകാരന്റെ പോത്തിന്‍തല പോലെ ആളെപ്പറ്റിക്കാനുള്ള കള്ളച്ചോദ്യമായിരുന്നു.
പക്ഷേ, പിന്നെയും തുറന്നന്വേഷിച്ചു നോക്കുന്പോള്‍, കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും അജ്ഞത അഭിനയിച്ചു കൊണ്ട് പണമിടുകയും ലാഭപ്പലിശ’ തിന്നുകയും ചെയ്യുന്ന കുറേ നല്ലവരും’ ഇക്കൂട്ടത്തിലുണ്ട് എന്ന് മനസ്സിലായി. ഇത്ര സംഖ്യ’ എന്ന് തീര്‍ത്തു പറയുന്നില്ല എന്ന ഒരു വഴുതല്വാക്യത്തില് ഊന്നിനിന്നാണ് ഈ നല്ലവര്‍ പോലും ഈ പച്ചപ്പലിശയുടെ പങ്കുപറ്റുന്നവരായിപ്പോകുന്നത്.
ആര്‍ത്തി പെരുകുക, കപടതന്ത്രങ്ങള്‍ കൂട്ടുക, കള്ളക്കച്ചവടമേറ്റിപ്പറയുക ഇതെല്ലാം ഇന്നത്തെ പൊതുപ്രവണതയായി മാറിയിരിക്കുന്നു. നല്ല അന്തസ്സില്‍ ജീവിക്കണം നമുക്ക്. ആയതിന് പണം നേടുകയും ആവാം. പക്ഷേ, ഇത് തീര്‍ത്തും നല്ല വഴിക്കായിരിക്കണം. ആളുകളെ കബളിപ്പിച്ച് നേടുന്ന പണം തല്ക്കാലം വയറ് നിറച്ചുതരുമെങ്കിലും പിറകെ അത് നമ്മുടെ ഉദരത്തില്‍ തീ കോരിയിടും.
പൊലിപ്പിക്കണമെന്നും പറപറപ്പിക്കണമെന്നും, ഞെട്ടിക്കണമെന്നുമൊക്കെയുള്ള ഉള്ളളിഞ്ഞ അതിവിചാരങ്ങള്ക്ക് അടിമപ്പെടുന്നതു കൊണ്ടാണ്, നമ്മെ നരകത്തിലേക്ക് തള്ളുന്ന തീപ്പണം നമുക്ക് പ്രിയങ്കരമായി ത്തോന്നുന്നത്.
ഓര്‍മവേണം, ആത്മീയ ഉന്നതിക്ക് ഉതകുന്ന ആരാധനാകര്‍മ്മം കൂടിയാണ് കച്ചവടം. സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരന്, നബിമാര്‍, സ്വിദ്ദീഖുകള്‍, ശഹീദുകള്‍ എന്നിവര്‍ക്കൊപ്പമാണ് അന്ത്യനാളില്‍ ഉണ്ടാവുക’ എന്ന ഹദീസ് അതിലേക്കുള്ള സൂചനയാണ്. ഏറ്റവും നല്ല ജീവിതോപാധി ഏതാണ് തിരുദൂതരേ’ എന്ന ചോദ്യത്തിന് ത്വാഹാറസൂല്‍(സ്വ) നല്കിയ ഉത്തരം നല്ല കച്ചവടം’ (ബൈഅ് മബ്റൂര്) എന്നാണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. അളവു തൂക്കങ്ങളില്‍ അണുമണിക്കണിശത പാലിക്കണമെന്ന് പലയിടത്തായി പറയുന്ന ഖുര്‍ആന്‍, അതില്‍ ചതികാണിക്കുന്നവരെ ജീവനോടെ ചുടുന്ന വൈല്’ എന്ന നരകച്ചിതയെപറ്റി അഗ്നിഭാഷയില് അറിയിപ്പുതരുന്നുമുണ്ട്.
ഒരു കാലത്ത്, സത്യസന്ധമായ കച്ചവടത്തിന് പേരുകേട്ടവരായിരുന്നു മാപ്പിളമാര്‍. അന്യമത സുഹൃത്തുക്കള്‍ക്ക് മാപ്പിളയെന്നാല് മഹാപിള്ള തന്നെയായിരുന്നു. നമ്മുടെ മതം നമുക്കു തന്ന മുന്തിയ കച്ചവടസംസ്കാരം വെടിയുകയും, വഞ്ചനകളുടെ ചീഞ്ഞ ചന്തക്കുപ്പായം എടുത്തണിയുകയും ചെയ്തപ്പോള്‍, ചന്തുമേനോന്റെ ഇന്ദുലേഖയി’ലും എംടിയുടെ നാലുകെട്ടിലു’മെല്ലാം കള്ളന്മാരായ മാപ്പിളകഥാപാത്രങ്ങള് അരങ്ങുവാഴാന്‍ തുടങ്ങി. മനുഷ്യനനുഭവിക്കുന്ന പീഡനങ്ങള്‍ക്കും, നിന്ദ്യതകള്ക്കും ഹേതു ചീത്ത സാന്പത്തിക വ്യവഹാരങ്ങള്‍ തന്നെയാണ്’ എന്ന് ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) കടുത്ത ഭാഷയില്‍ തുറന്നടിക്കുന്നുണ്ട്. (അസ്സവാജിര്‍ അനിഖ്തിറാഫില്‍ കബാഇര്‍).
ഫൈസല്‍ അഹ്സനി ഉളിയില്‍
You must be logged in to post a comment Login