വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് മ്യാന്മറില് നിന്ന് ജമ്മുവിലേക്ക് അഭയാര്‍ത്ഥികളായി ഓടിപ്പോരേണ്ടി വന്ന ആയിരക്കണക്കിന് റോഹിങ്ക്യ മുസ്ലിംകുടുംബങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരന്വേഷണം.
ഇപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്നത് ജമ്മുവിന്റെ പ്രാന്തപ്രദേശമായ ഖാസിംനഗറിലെ യൂനുസിന്റെ തന്പിലാണ്. സാരേ ജഹാംസെ അച്ഛാ കേള്ക്കുന്പോള് ചിലപ്പോള്‍ ഞാന്‍ കരയാറുണ്ട്. ഞങ്ങള്‍ സഹിക്കുന്ന കഷ്ടപ്പാടുകള്‍ മറ്റൊരിടത്തും കാണില്ല. തീര്‍ച്ചയായും ഞങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങണം. പക്ഷേ, എങ്ങനെ? അഞ്ച് വര്‍ഷം മുന്‍പ് ജമ്മുവില്‍ സ്ഥിരതാമസമാക്കിയ റോഹിങ്ക്യ മുസ്ലിം അഭയാര്‍ത്ഥിയുടെ പ്രതിനിധിയായ മുഹമ്മദ് യൂനുസ് ചോദിക്കുന്നു.
അഭയാര്‍ത്ഥി ജീവിതത്തിന്റെ കയ്പ് യൂനുസ് വിവരിക്കുന്പോള് ചുറ്റും കൂടിയ റോഹിങ്ക്യ മുസ്ലിംകളുടെ കണ്ണുകള്‍ നിര്‍വികാരമായിരുന്നു. നിലത്ത് തറയില്‍ ഇരിക്കുന്നവരില്‍ ഒരാള്‍ അമര്‍ഷം അടക്കിവച്ചു പറഞ്ഞു: പോലീസിന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളും പീഡനങ്ങളും ഞങ്ങളെ പേടിപ്പിക്കുന്നു. അതുകൊണ്ടാണ് യുവാവായ യൂനുസിനെ ഞങ്ങളുടെ പ്രതിനിധിയാക്കി സംസാരിപ്പിക്കുന്നത്.
ജമ്മുവിലും സമീപ പ്രദേശങ്ങളിലുമായി 1700ലധികം റോഹിങ്ക്യ മുസ്ലിം കുടുംബങ്ങളാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്. പഞ്ചാബ്, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും റോഹിങ്ക്യകള്‍ അഭയം തേടിയിട്ടുണ്ട്. ജമ്മുവിലെ ഖാസിംനഗറിലുള്ള അഭയാര്‍ത്ഥി തന്പുകളുടെ സ്ഥിതി തന്നെ ശോചനീയം. മരക്കഷ്ണങ്ങള്‍, തകരം, ചാക്കുകള്‍, നൂലുകള്‍ എന്നിവയൊക്കെ ചേര്‍ത്ത് വലിച്ചുകെട്ടിയുണ്ടാക്കിയാണ് ഈ തന്പുകള്. ഇവിടെ പെയ്യുന്ന കനത്ത മഴയെ പ്രതിരോധിക്കാന്‍ പലപ്പോഴു ഈ തന്പുകള്ക്കാവുന്നില്ല. ഒരു പൊതു ബാത്റൂം പോലുമില്ല ഇവര്‍ക്ക്. ഓരോ തന്പിനോടും ചേര്‍ന്നുള്ള ഒഴിച്ചിട്ട സ്ഥലം കര്ട്ടന് കൊണ്ട് മറച്ച് ടോയ്ലറ്റായി ഉപയോഗിക്കുകയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുസ്ലിംകള്. ഒരു ദിവസം അരമണിക്കൂര്‍ കിട്ടുമായിരിക്കും സര്‍ക്കാര്‍ ടേപ്പുകളില്‍ നിന്ന് വെള്ളം. അതു കഴിഞ്ഞാല്‍ കുടിവെള്ളമില്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ 4 മുതല്‍ ഈ സൗകര്യവും നിന്നു. തന്പുകള് കെട്ടിയുണ്ടാക്കിയിരിക്കുന്ന ഭൂമിയുടെ ഉടമക്ക് തന്പൊന്നിന് 500 രൂപവച്ച് മാസവാടകയും കൊടുക്കണം.
യൂനുസിന്റെ പത്നി ഓംലറ്റ് ഉണ്ടാക്കുന്നതിനിടയില്‍ നെടുവീര്‍പ്പിട്ട് പറഞ്ഞു: നിങ്ങള്‍ക്ക് പൗരത്വം ഇല്ലെങ്കില്‍ ഒരു റെയില്‍വേ ടിക്കറ്റ് പോലും ബുക്ക്ചെയ്യാന്‍ കഴിയില്ല. അതിനിടയില്‍ ഒന്‍പത് വയസ്സുകാരനായ മകന് ചുടുവെള്ളം കൊണ്ടുവന്നു. വൃത്തിയായി അടുക്കിവച്ച ബര്‍മീസ് കാപ്പിയുടെ രണ്ട് ചെറിയ പാക്കറ്റുകളും അതോടൊപ്പം ഉണ്ടായിരുന്നു.
യൂനുസിന്റെ ഭാര്യ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. ഒരു നിര്‍ണിതമായ ഐഡന്റിറ്റിയില്ലാതെ, ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാതെ ജീവിച്ച് കാലം കഴിക്കുക എന്നത് ഭയാനകരമായ അനുഭവമാണ്. സ്വന്തം നിലനില്‍പ്പ് ഉറപ്പുവരുത്തുന്ന അടിസ്ഥാനപരമായ പൗരാവകാശങ്ങള്‍ പോലും റോഹിങ്ക്യ മുസ്ലിംകള്‍ക്കില്ല. അതൊരു പ്രശ്നസങ്കീര്‍ണമായ കാര്യം കൂടിയാണ്.
നിയമത്തില്‍ കാണാനില്ലാതായ ജനതയാണ് റോഹിങ്ക്യകള്‍. 1948ല്‍ ബര്‍മക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ രാജ്യത്തെ ഔദ്യോഗിക വിഭാഗമായി ഇവര്‍ക്ക് നിയമപരമായ അംഗീകാരം കിട്ടിയില്ല. 1982ല്‍ നിലവില്‍ വന്ന പൗരത്വ നിയമം റോഹിങ്ക്യ മുസ്ലിംകളെ വീണ്ടും എഴുതിത്തള്ളി. ഇന്നത്തെ ബംഗ്ലാദേശില്‍ നിന്നുള്ള ബംഗാളി മുസ്ലിംകള് ആയാണ് നിലവില്‍ ഇവര്‍ അറിയപ്പെടുന്നത്. ഫലത്തില്‍ ഒരു രാജ്യവും സ്വന്തമായി അവകാശപ്പെടാന്‍ കഴിയാത്തസ്വത്വ പ്രതിസന്ധിയുടെ സങ്കീര്ണതയില് ജീവിതം തളച്ചിടാന്‍ വിധിക്കപ്പെട്ട ജനവിഭാഗമായി.
ഇക്കാരണത്താല്‍ റോഹിങ്ക്യ മുസ്ലിംകള് നേരിടുന്ന പീഡനങ്ങള്‍ക്ക് കണക്കില്ല. അന്താരാഷ്ട്ര നിയമ സംവിധാനത്തില്‍ Stateless Persons ആയി ഗണിക്കപ്പെടുന്നവരെ വാക്കു കൊണ്ടുപോലും ദ്രോഹിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. എ്യെരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും റോഹിങ്ക്യകള്‍ തന്നെ വെളിപ്പെടുത്തിയ സത്യങ്ങളും വെച്ചു നോക്കിയാല്‍ ഇവര്‍ നിരന്തരം പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. നിര്‍ബന്ധിത വേല, സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുവെക്കല്‍, ഭീഷണി, പാര്‍ക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കല്‍, വിവാഹ നിയന്ത്രണം, ഭൂമി കയ്യേറ്റം, വിദ്യാഭ്യാസാവകാശം നിഷേധിക്കല്‍ തുടങ്ങിയ പൗരാവകാശ ലംഘനങ്ങള്‍ മൂലം ലോകത്തെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങളിലൊന്നാണ് റോഹിങ്ക്യകള്‍.
2011ലെ ഡചഒഇഞ റിപ്പോര്‍ട്ടനുസരിച്ച് റോഹിങ്ക്യകളുടെ പൂര്‍വ്വീകര്‍ ഏഴാം നൂറ്റാണ്ട് മുതല്‍ ബര്‍മയിലൂടെ യാത്ര ചെയ്തവരോ അവിടേക്ക് കുടിയേറിയവരോ ആണ്. അറബികള്‍, തുര്‍ക്കികള്‍, പേര്‍ഷ്യക്കാര്‍, പഠാന്മാര്, സ്പെയിനിലെ മുസ്ലിംകള് തുടങ്ങിയവരും തദ്ദേശീയരായ ബംഗാളികളുമാണ് ഇവരുടെ മുന്‍തലമുറക്കാര്‍. ബര്‍മയുമായി അനിഷേധ്യമായ പാരന്പര്യമുള്ള റോഹിങ്ക്യകളെ പിന്നീട് ബ്രിട്ടീഷ്ഭരണകാലത്താണ് ബംഗാളി മുസ്ലിംകളാക്കി തരം താഴ്ത്തുന്നത്. അതോടെ റോഹിങ്ക്യകള്‍ക്ക് രാഷ്ട്രീയപൗരത്വ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. വ്യക്തമായ അടിവേരുകള്‍ ഉണ്ടായിട്ടും ഒരവകാശവും സ്വന്തമായനുഭവിക്കാനില്ലാതെ കഴിയുന്നത് അസഹനീയമാണ്.
ഇവിടെ കൂടിയിരിക്കുന്നവര്‍ ഒരു കമ്മിറ്റിയിലെ അംഗങ്ങളാണ്. യൂനുസ് വീണ്ടും പറഞ്ഞു തുടങ്ങി. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ യോഗം ചേരും. നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. ഇന്ത്യയില്‍ സ്ഥിരതാമസമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായും. മിക്കപ്പോഴും ഡല്‍ഹിയിലാണ് കൂടാറുള്ളത്. കമ്മിറ്റിയുടെ മുഴുവന്‍ പേര് മ്യാന്മര് റോഹിങ്ക്യ റ്യെൂജിറിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍ കമ്മിറ്റി എന്നാണ്. ദിനേനയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക, ഭക്ഷണം എത്തിക്കുക, വെള്ളം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ, നിയമ സഹായം തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണുക തുടങ്ങിയവയാണ് സംഘത്തിന്റെ ലക്ഷ്യം. സമാന മനസ്കരായ ആളുകളെയും എന്‍ ജി ഒകളെയും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. എന്നാല്‍ ഈ കമ്മിറ്റിയുടെ രജിസ്ട്രേഷന് ആഭ്യന്തര മന്ത്രാലയം ഇതുവരെ അംഗീകരിച്ചിട്ടില്ല. റോഹിങ്ക്യ അഭയാര്‍ത്ഥി കാന്പിലെ പ്രഥമ രാഷ്ട്രീയ സംഘമാണിത്.
യൂനുസ് എഴുന്നേറ്റു. അടുത്തുള്ള ചരുവില്‍ പോയി ഒരു പേഴ്സ് കൊണ്ടു വന്നു. അതില്‍ നിന്ന് ജമ്മു കാശ്മീരിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ഉമശഹ്യ ഋഃരലഹശെീൃലെ ഒരു വാര്‍ത്തയുടെ ഫോട്ടോകോപ്പി പുറത്തെടുത്തു. ജമ്മുകാശ്മീരിലെ വിദേശികളെ തുരത്തണമെന്ന് ബിജെപി പാര്‍ട്ടി കണ്‍വീനറായ രാജീവ് ചരകിനെ പ്രസ്തുത വാര്‍ത്തയില്‍ ഉദ്ധരിച്ചിട്ടുമുണ്ട്: ഈ ജനങ്ങള്‍ കൊലപാതകം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവരാണ്. സംസ്ഥാനത്തിന്റെ സുരക്ഷ ഇല്ലാതാക്കുന്നവരും രാജ്യത്തിന് തന്നെ ഭീഷണിയുമാണ് ഇവര്‍.
സ്വരക്ഷക്കായി ഡചഒഇഞന്റെ മിഷന് ചീഫിന് റോഹിങ്ക്യ മുസ്ലിംകള് ഒരു അപേക്ഷ കൊടുത്തു. തങ്ങള്‍ ഒരു ക്രിമിനല്‍ കേസില്‍ പോലും പെട്ടിട്ടില്ല എന്ന കാര്യവും ഈ കത്തില്‍ പരാമര്‍ശിച്ചു. ഇടക്കിടെ അഭയാര്‍ത്ഥി ക്യാന്പ് സന്ദര്‍ശിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ഇന്റലിജന്‍സ് ബ്യൂറോ, സിഐഡി ഓഫീസര്‍മാര്‍ എന്നിവരും അഭയാര്ത്ഥികാന്പില് കഴിയുന്നവര്‍ കുറ്റ കൃത്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ചുറ്റും കൂടിയവരില്‍ നിന്ന് മറ്റൊരാള്‍ പറഞ്ഞതിങ്ങനെ: വേറൊരു പത്രം ഞങ്ങളെക്കുറിച്ചെഴുതിയത് ഇവിടെയുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും സമരം ചെയ്യാനുമാണ് ഞങ്ങള്‍ ഇവിടെ എത്തിയത് എന്നാണ്. അതു കൊണ്ടു തന്നെ ഞങ്ങള്‍ നിരന്തരം നിരീക്ഷണത്തിലാണ്. എവിടെ പോവുന്നു, എന്തു ചെയ്യുന്നു എന്നൊക്കെ നോക്കി പോലീസ് കൂടെത്തന്നെയുണ്ട്. ഞങ്ങളുടെ പ്രശ്നങ്ങള്‍ അറിയിക്കാന്‍ ഒരു സംഘടിത ശക്തിയുമില്ലാതെ ഞങ്ങള്‍ എങ്ങനെയാണ് എ്യെരാഷ്ട്ര സഭയില്‍ സമ്മര്‍ദ്ദം ചെലുത്തുക? ഒരു അഭയാര്‍ത്ഥി സ്റ്റാറ്റസ് കിട്ടാന്‍ വേണ്ടി ഞാന്‍ അപേക്ഷ നല്‍കിയിട്ട് അഞ്ച് വര്‍ഷമായി. എന്നാല്‍ അവര്‍ തന്നത് മ്യെഹൗാലെലസലൃ കാര്‍ഡാണ്. അപകടകാരികളാണ് എന്ന കാരണത്താല്‍ സ്വന്തം രാഷ്ട്രത്തില്‍ നിന്ന് ബലപ്രയോഗത്തിലൂടെ ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് നല്കുന്ന കാര്‍ഡാണിത്. ഞങ്ങളെ നോക്കാന്‍ ഇവിടെ ആരുമില്ല.
യൂനുസ് വീണ്ടും സംസാരിച്ചു തുടങ്ങി: 2005ല്‍ ഒരു ഇംഗ്ലീഷ് റിപ്പോര്‍ട്ടര്‍ ഇവിടെ വന്നു. ജനീവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രശ്നം പഠിക്കാന്‍ വേണ്ടി വന്നു കൊണ്ടിരുന്ന സമയമായിരുന്നു അത്. ബര്‍മയിലെ ഞങ്ങളുടെ ദുരിത ജീവിതം വിവരിക്കുന്ന ഒരു കത്ത് ഞാന്‍ ആ പത്രപ്രവര്‍ത്തകക്ക് കൈമാറി. ഒരുപാട് സുരക്ഷാ പ്രശ്നങ്ങള്‍ അതിനെ തുടര്‍ന്നുണ്ടായി. ഇതുകേട്ട് കുറച്ച് ആളുകള്‍ എന്നെ കൊല്ലാന്‍ വേണ്ടി വന്നു. ഞാന്‍ മദ്രസയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ആദ്യം ഞാന്‍ പോയത് ബംഗ്ലാദേശിലേക്കാണ്. പിന്നീട് സഊദി അറേബ്യയിലേക്കും. 2008ല്‍ ഞാന്‍ ഭാര്യയേയും കുട്ടിയെയും ഇന്ത്യയില്‍ കൊണ്ടുവന്നു. അതിനു ശേഷം ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ കുട്ടികള്‍ക്ക് ജീവിക്കാനുള്ള സൗകര്യങ്ങളും വിദ്യാഭ്യാസത്തിനുള്ള ആവശ്യങ്ങളും ഉള്‍പ്പെടുത്തി ഡചഒഇഞ ന്റെ ഹെഡ് ക്വാട്ടേഴ്സില്‍ നിരവധി അപേക്ഷകള്‍ കൊടുത്തു. എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാനോ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
പെട്ടെന്ന് പുറത്ത് മഴപെയ്തു തുടങ്ങി. കുറേ കുട്ടികള്‍ വസ്ത്രങ്ങളുരിഞ്ഞ് മഴയത്ത് കുളിക്കാനായി ഇറങ്ങി. റൂമിനുള്ളിലെ പുരുഷന്മാര് തീര്‍ത്തും നിശ്ബദരാണിപ്പോള്. കുറേ നേരത്തേക്ക് വെള്ളം വീഴുന്ന ശബ്ദം മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങി. മുഹമ്മദ് യൂനുസ് വീണ്ടും ഓര്‍ത്തെടുത്തു. ഞങ്ങളുടെ കഴിഞ്ഞ റമളാന്‍ ഇതുപോലൊരു മഴക്കാലത്തായിരുന്നു. ഒരു പാന്പ് ഒരു തന്പില്‍ കയറി രണ്ടു കുഞ്ഞുങ്ങളെ കടിച്ചു. ആറ് വയസ്സും ഒന്‍പത് വയസ്സുമുള്ള ആ രണ്ട് കുട്ടികള്‍ പൊടുന്നനെ മരിച്ചു.
ഒരുപാട് കാലമായി റോഹിങ്ക്യകള്‍ക്ക് ഒരു ഖബ്ര്സ്ഥാന് ഉണ്ടായിരുന്നില്ല. ഉപേക്ഷിക്കപ്പെട്ട ഒരു കശ്മീരി സെമിത്തേരി പിന്നീട് വൃത്തിയാക്കിയാണ് മയ്യിത്തുകള്‍ അടക്കം ചെയ്തിരുന്നത്. അങ്ങനെയിരിക്കെ ഒരു മൂന്നു വയസ്സുകാരി മരിച്ചു. അവിടെയാണ് അവളെ സംസ്കരിച്ചത്. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ സ്ഥിതിമാറി. ഒരു കൂട്ടമാളുകള്‍ സംഘടിച്ചുവന്ന് ബലം പ്രയോഗിച്ച് ഞങ്ങളെക്കൊണ്ട് ആ മയ്യിത്ത് പുറത്തെടുപ്പിച്ചു. ഞങ്ങളുടെ തന്പില്‍ കൊണ്ടു വന്നു. ഇപ്പോള്‍ റോഹിങ്ക്യകള്‍ക്ക് അടുത്തുള്ള കാട്ടിലാണ് ഖബ്റിടം. തദ്ദേശീയരായ ആളുകള്‍ ഫോറസ്റ്റ് ഗാര്‍ഡുകളോട് കെഞ്ചിയാണ് അതനുവദിച്ചു കിട്ടിയത്. താമസിക്കാന്‍ ഒരിടമില്ലാത്ത ഇവര്‍ക്ക് മരിച്ചുകിടക്കാനെങ്കിലും മണ്ണില്‍ ഒരിടം കൊടുക്കൂ എന്ന് വാദിച്ചാണ് അത് ശരിപ്പെടുത്തിയത്.
അടുത്ത ദിവസം ഞങ്ങള്‍ അഭയാര്‍ത്ഥി ക്യാന്പിലെ ഒരു കല്യാണാഘോഷത്തില്‍ പങ്കെടുത്തു. ഒരു റോഹിങ്ക്യ പെണ്‍കുട്ടിയെ തൊട്ടടുത്ത ക്യാന്പിലെ ഒരു റോഹിങ്ക്യ യുവാവിന് വിവാഹം ചെയ്തു കൊടുക്കുകയാണ്. നിറം മങ്ങിയ ഒരു കൊച്ചു ടെന്റാണ് വിവാഹ വേദി. ഉരുളക്കിഴങ്ങ് ബിരിയാണി, കോഴിമുട്ട, ചിക്കന്‍ വിഭവങ്ങള്‍ എന്നിവയാണ് വിവാഹസദ്യ. റോഹിങ്ക്യ സ്ത്രീകളാണ് ബിരിയാണി വച്ചത്. മണവാട്ടിയുടെ ഉപ്പ ഞങ്ങളെ സ്വീകരിച്ചു. നിലത്ത് കൂട്ടിയിട്ടിരിക്കുന്ന സമ്മാനക്കിടയില് ഇരുന്ന് അയാള്‍ ചില രേഖകളുടെ പകര്‍പ്പ് ഞങ്ങളെ കാണിച്ചു. വിവാഹിതയാവാന്‍ പോവുന്ന പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡാണ് അവയിലൊന്ന്. 1992 ഇഷ്യു ചെയ്തതാണത്. കൂട്ടത്തില്‍ മറ്റൊരു കാര്‍ഡ് ഉയര്‍ത്തിക്കാട്ടി നിരാശയോടെ ആ ഉപ്പ പറഞ്ഞു: ഇതാണ് ഞങ്ങളുടെ എക്സിറ്റ് പാസ്. ബര്‍മീസ് സര്‍ക്കാര്‍ ഔദ്യോഗികമായി നല്കുന്ന ഈ കാര്‍ഡ് രാജ്യം വിടാന്‍ സമ്മതിക്കുന്നു. പക്ഷേ, തിരിച്ച് ചെല്ലാന്‍ അനുവദിക്കുന്നുമില്ല.
മധ്യാഹ്നം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ വിവാഹ സമ്മാനങ്ങള്‍ ടെന്റിന്റെ നടുവിലായി അടുക്കി വച്ചു. ളുഹര്‍ നിസ്കാരാനന്തരം വരന്റെ തന്പിലേക്ക് പോവുന്പോള് ഗിഫ്റ്റുകളുമായി ഈ കുട്ടികള്‍ മണവാട്ടിയെ അനുഗമിക്കും. ഇവിടെ കല്ല്യാണം ഒരു ദിവസം മുഴുവനും ഉണ്ടാവും. അടുത്തിരുന്ന ഒരു അതിഥി ഞങ്ങളോട് പറഞ്ഞു: മാതാപിതാക്കളാണ് പൊതുവേ വരനെ കണ്ടുപിടിക്കാറ്. അതേ സമയം, സ്വന്തം ജീവിത പങ്കാളിയെ തീരുമാനിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
വൈകീട്ട് 4.45 ആയപ്പോള്‍ ആണുങ്ങള് പ്രാര്‍ത്ഥനക്കായി പള്ളിയിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മണവാട്ടിയും മറ്റ് സ്ത്രീകളും തന്പിന് പുറത്തു വന്നു. വാടകക്കെടുത്ത ഒരു പഴയ കാര്‍ പുറത്ത് അവരെ കാത്തിരിപ്പുണ്ട്. ഒരു കൗമാര പ്രായക്കാരന് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. വിവാഹത്തിന്റെ സമാപനം വിളിച്ചറിയിച്ച് ഇശാ നിസ്കാര ശേഷം രാത്രി ഒന്‍പത് മണിക്കാണ് നികാഹ്.
***
രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്ന് ഒരു രാജ്യത്തെയും ആളുകളല്ലാതായിപ്പോയ ജൂതന്മാരെക്കുറിച്ച് ജെര്‍മന്‍ അമേരിക്കന്‍ സൈദ്ധാന്തികയായ ഹെന്ന എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. മനുഷ്യാവകാശങ്ങളൊന്നും ലഭിക്കാത്ത മനുഷ്യര്‍. മനുഷ്യന് എന്ന യോഗ്യത മാത്രം അവശേഷിക്കുകയും മറ്റെല്ലാം നഷ്ടപ്പെട്ട് ജീവിതം ഭാണ്ഡം പോലെ പേറുകയും ചെയ്യുന്ന ഒരു പ്രത്യേക വിഭാഗമാണ് ഒരു രാജ്യത്തും പൗരത്വമില്ലാത്ത സ്റ്റേറ്റ്ലെസ് പേഴ്സണ്‍സ് എന്ന് അഭയാര്‍ത്ഥി ജീവിതം നയിച്ച എഴുത്തുകാരി രേഖപ്പെടുത്തുന്നു. എഴുതപ്പെട്ടതിലേറെ ഭീതിതമാണ് റോഹിങ്ക്യ മുസ്ലിംകളുടെ ഇപ്പോഴത്തെ അവസ്ഥ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഗമങ്ങളിലും കണ്‍വെന്‍ഷനുകളിലും ഇവരുടെ അവകാശങ്ങളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആര്‍ട്ടിക്ക്ള്‍ 15ല്‍ ഏതെങ്കിലും രാജ്യത്തെ പൗരനാവാനുള്ള അവകാശം ഈ വിഭാഗത്തിനുണ്ട്. 1979ല്‍ ഇന്ത്യ ഒപ്പ് വച്ച International Convenant on civil and political Rights ഓരോ കുഞ്ഞിനും ഏതെങ്കിലും രാജ്യക്കാരാവാനുള്ള അവകാശം വ്യക്തമായി അനുശാസിക്കുന്നുണ്ട്. കൂടാതെ Jus Soli തത്വപ്രകാരം Stateless Persons ജനിച്ച ഭൂപ്രദേശത്ത് പൗരനായി അംഗീകാരം കൊടുക്കാന്‍ അവിടുത്തെ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും പറയുന്നുണ്ട്.
എന്നാല്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ ഈ അന്താരാഷ്ട്ര നിയമങ്ങളൊന്നും നടപ്പിലാകുന്നില്ല. അതുകൊണ്ടു തന്നെ റോഹിങ്ക്യ മുസ്ലിംകള് നീറുന്ന ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ്.
അതേ സമയം, ജമ്മുവില്‍ വളര്‍ന്നു വരുന്ന ആയിരക്കണക്കിന് റോഹിങ്ക്യ കുട്ടികളുടെ ഭാവി ഇതിനേക്കാള്‍ ഭയാനകമായിരിക്കും. അഭയാര്‍ത്ഥികളില്‍ മൂന്നിലൊന്ന് കുട്ടികളാണ്. സര്‍ക്കാര്‍ ആതുരാലയങ്ങള്‍ പ്രാപ്യമല്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. നിലവിലുള്ള പ്രശ്നങ്ങളോടൊപ്പം വേണ്ട രേഖകളൊന്നുമില്ലാതെ അഭയാര്‍ത്ഥികളായി ചെല്ലുന്ന രാഷ്ട്രങ്ങളില്‍ ഭീതിയില്‍ കഴിയേണ്ടി വരുന്ന ഒരു തലമുറയായി ഇവര്‍ നരകിക്കേണ്ടി വരും. നിയമവിധേയമായി ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശം, സഞ്ചാരം, ആരോഗ്യം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ അവകാശങ്ങളൊക്കെയും ഇവര്‍ക്ക് നിഷേധിക്കപ്പെടാനും ഇത് കാരണമാവും.
വിവാഹച്ചടങ്ങ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നഗരം ലക്ഷ്യമാക്കി നടന്നു. തിരിച്ച് നടക്കുന്പോള് പിന്നിലെ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു: എന്റെ ജീവിതം കഴിഞ്ഞു. ഞങ്ങള്‍ക്കൊരു നല്ല ജീവിതം വേണം, ഞങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി.
വിവ. യാസര്‍ അറഫാത്ത് നൂറാനി
കടപ്പാട്: തെഹല്‍ക്ക
ജമ്മുവില്‍ നിന്ന് ലോറ തോമസ്
രോഹിങ്യ മുസ്ലിങ്ങളുടെ ദുരിത ജീവിതം വരച്ചു കാണിക്കാന്‍ തന്റേടം കാട്ടിയ രിസാല വാരികയ്ക്ക് ഒരായിരം അഭിവാദ്യങ്ങള്‍ .ഒരു രാജ്യത്തും നിര്‍ണ്ണിതമായ ഒരു ഐഡന്റിറ്റിയും ഒരു രാജ്യത്തിന്റെയും പൌരത്വവും ഇല്ലാതെ ,,,,എവിടേയും ഔദ്യോഗിക വിഭാഗമായി ഇവര്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കാതെ അവര്‍ സഹിക്കുന്ന കഷ്ടപ്പാടുകള്‍ അവര്‍ക്കിടയില്‍ നിന്നുള്ള യൂനുസിന്റെ വാക്കുകളിലൂടെ മലയാളി വായനക്കാരുടെ മുന്‍പിലേക്ക് എത്തിച്ച രിസാലയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ഇനിയും ഇത്തരം വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാനും നേരിന്റെ പക്ഷത്ത് നെഞ്ചുറപ്പൊടെ മുന്നേറാനും കഴിയട്ടെ എന്നാശംഷിക്കുന്നു
മുസ്തഫമാനിപുരം