എന്നും രാവിലെ കുളിച്ചൊരുങ്ങി സലാം ചൊല്ലി മദ്റസയില്‍ പോവുന്ന ഇക്കാക്കയെയും ഇത്താത്തയെയും കണ്ട് പൂതിപെരുത്താണ്, നാലാം ക്ലാസില്‍ പഠിക്കുന്ന പെങ്ങളുടെ കൂടെ ശാഠ്യം പിടിച്ച് അന്നാദ്യമായി മദ്റസയില്‍ പോയത്. ഒരാഴ്ചയോളം ഈ പതിവ് തുടര്‍ന്നപ്പോള്‍ നാലാം ക്ലാസിലെ ഉസ്താദ് എന്നെ ഒന്നാം ക്ലാസില്‍ കൊണ്ടുപോയി ഇരുത്തി. ഖാരിഅ് അബൂബക്കര്‍ കുട്ടി ഉസ്താദായിരുന്നു വര്‍ഷങ്ങളായി മദ്റസയില്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയിരുന്നത്. നീണ്ട താടിയും തലപ്പാവും മേശപ്പുറത്ത് ഒരു വടിയും, കൂടെ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ വക ഉസ്താദിനെക്കുറിച്ചുള്ള വീര കഥകളും കൂടിയായപ്പോള്‍ അതൊരു ഭയത്തിന്റെ ലോകമായി മാറി. പക്ഷേ ഉസ്താദിനെ അടുത്തറിഞ്ഞപ്പോള്‍ അദ്ദേഹം സ്നേഹത്തിന്റെയും വാല്സല്യത്തിന്റെയും പര്യായമാണെന്ന് ബോധ്യമായി,
പഠനത്തിന്റെ കാര്യത്തില്‍ ഉസ്താദിന് വളരെയേറെ കണിശതയുണ്ടായിരുന്നു. തന്റെ കീഴില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ അക്ഷരം പിഴക്കാതെ പാരായണം ചെയ്യാന്‍ കഴിയണമെന്നത് ഉസ്താദിന്റെ ഒരു വാശിയായിരുന്നു, അതിനായി കുട്ടികളെയും അതിലുപരി രക്ഷിതാക്കളെയും ഉദ്ബുദ്ധരാക്കാന്‍ ഉസ്താദ് പരമാവധി ശ്രമിക്കും. മദ്റസ കഴിഞ്ഞ് രക്ഷിതാക്കളെ നേരില്‍ കാണും. നാട്ടിലെ അന്‍പതു വയസ്സിന് താഴെയുള്ളവരെല്ലാം തന്റെ ശിഷ്യരായതിനാല്‍ ഉസ്താദിന് അതിനുള്ള അവകാശവുമുണ്ടായിരുന്നു. പാഠം വായിച്ചുനോക്കാതെ കള്ളക്കരച്ചിലുമായി മദ്റസയില്‍ വന്നാല്‍ ഉസ്താദ് പറയും വേണേല്‍ നിന്റെ വാപ്പനെയും കൂട്ടിവന്നോ, ഓനെയും ഞാന്‍ കുറേ അടിച്ചതും പഠിപ്പിച്ചതുമാ,’” അതോടെ ആ കരച്ചിലിന് അന്ത്യമാവും. ഒന്നാം ക്ലാസിലെ ശിക്ഷാമുറകള്‍ വ്യത്യസ്തവും ഇന്ന് ചിന്തിക്കുന്പോള് വിസ്മയവുമാണ്. ആരെങ്കിലും സ്ലേറ്റോ പെന്‍സിലോ കൊണ്ട് വന്നിട്ടില്ലെങ്കില്‍ അവന് ഒരടി കൊടുക്കും. ശേഷം ഉസ്താദിന്റെ പച്ചബെല്‍റ്റില്‍ നിന്നു പണമെടുത്തു കൊടുത്ത് കടയില്‍പോയി വാങ്ങി വരാന്‍ പറയും. ഇങ്ങനെ നല്കിയ പണം തിരിച്ചടച്ചതായി ഓര്‍ക്കുന്നില്ല. അടിക്കുന്പോള്‍ പെണ്‍കുട്ടികളുടെ കുപ്പിവള പൊട്ടിയാലും ഇങ്ങനെ പണം നല്‍കും. വ്യത്യസ്തമായ പഠനശിക്ഷണ രീതികള്‍ കൊണ്ട് ഉസ്താദ് രക്ഷിതാക്കളുടെയും മുഫത്തിശുമാരുടെയും സ്നേഹഭാജനമായി മാറി.
അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ക്കു പുറമെ വിശുദ്ധ റമളാനില്‍ മദ്റസയിലെ എല്ലാ വിദ്യാര്‍ഥികളെയും ഒരുമിച്ചുകൂട്ടി ഉസ്താദ് ഹിസ്ബ് ക്ലാസെടുക്കുമായിരുന്നു. ഈ ക്ലാസില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ ഉസ്താദിന്റെ സഹപാഠികളുള്‍പ്പെടെ നാട്ടുകാരും പങ്കെടുക്കുമായിരുന്നു. തജ്വീദ് പഠിപ്പിക്കുന്നതിലും ഉസ്്താദിന് തന്റേതായ രീതികളുണ്ടായിരുന്നു. രസകരമായ പ്രയോഗങ്ങളും കവിതകളും കൊണ്ട് സന്പന്നമായിരുന്നു ആ ക്ലാസുകള്‍. റമളാനില്‍ ക്ലാസിനു വരാതെ കളികളിലേര്‍പ്പെട്ടിരുന്ന കുട്ടികളെ ഹിസ്ബ് ക്ലാസിലെത്തിക്കുന്നതില് ഉസ്താദ് നിര്‍ബന്ധം പിടിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അനുസരിച്ചില്ലെങ്കില്‍ അവരുടെ രക്ഷിതാക്കളെ വിവരം ധരിപ്പിക്കും. മട്ടലും പന്തുമായി നടന്നാല്‍ നീ മരിച്ചിട്ട് നിന്റെ മേല്‍ തെറ്റില്ലാതെ ഖുര്‍ആനോതാന്‍ അവനെക്കൊണ്ട് പറ്റില്ല’. ഉസ്താദ് താക്കീത് നല്‍കും.
ഉസ്താദിന്റെ റമളാന്‍ ഹിസ്ബ് ക്ലാസുകളില്‍ തുടര്‍ച്ചയായി എട്ടുവര്‍ഷത്തോളം പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചു, വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനായി കയ്യിലെടുക്കുന്പോഴെല്ലാം ആ ജ്ഞാനതേജസ്വി ഓര്‍മ്മയിലേക്ക് ഓടിയെത്തും. ജീവിതം മുഴുവന്‍ ഖുര്‍ആന്‍ അദ്ധ്യാപനത്തിനായി ചെലവഴിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയ ഉസ്താദ് ഖുര്‍ആന്റെ മാസമായ വിശുദ്ധ റമളാനില്‍ തന്നെ ഈ ലോകത്തോട് വിടപറഞ്ഞു. അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കട്ടെ.
മുഹമ്മദ് ആശിഖ്
മദീനതുന്നൂര്‍ കോളേജ്
You must be logged in to post a comment Login