ചരിത്ര പഠനത്തിന്റെ രീതി ശാസ്ത്രം മാറിക്കൊണ്ടിരിക്കും. പണ്ടേ പഠിച്ചു വച്ചത് മാത്രമാണ് ശരി എന്ന് ധരിക്കുന്നത് ശരിയല്ല. ഇസ്ലാമിനേയും കമ്യൂണിസത്തേയും കുറിച്ച് അറബികളും ഓറിയന്റലിസ്റ്റുകളും സാമ്രാജ്യത്വവും ദേശീയ വാദികളും നല്കിയ പല വിവരങ്ങളും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പുരാവസ്തു പഠനങ്ങളുടേയും രേഖകളുടേയും വെളിച്ചത്തില്‍ ചരിത്രം പുനരാഖ്യാനം ചെയ്യപ്പെടുകയാണ്. പുതിയ രീതി ശാസ്ത്രങ്ങളുടെ വെളിച്ചത്തില്‍ മതങ്ങളേയും പ്രസ്ഥാനങ്ങളേയും നോക്കിക്കാണുന്നതില്‍ ആര്‍ക്കും വിരോധം തോന്നേണ്ടതില്ല. 1062ാം ലക്കത്തില്‍ ശാഹിദ് എഴുതിയ ലേഖനം കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയി.
ആധുനിക ലോകത്ത് ഇസ്ലാമിനെതിരെ പാശ്ചാത്യര്‍ നടത്തിയ വെല്ലുവിളികളെ അതിജയിക്കാന്‍ ഇസ്ലാമിനെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് വിശകലനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്. മാക്സിം റോഡിന്സണും, എം.എന്‍ റോയിയും എഴുതിയ ഇസ്ലാമിക പഠനങ്ങള്‍ യൂറോപ്യന്‍ എഴുത്തുകാരുടെ കണ്ണ് തുറപ്പിച്ചു. യൂറോപ്യരും സാമുദായിക വാദികളും ഇന്ത്യന്‍ മുസ്ലിംകളെക്കുറിച്ച് എഴുതി വച്ച കള്ളക്കഥകളെ പ്രതിരോധിക്കാനായതും കമ്യൂണിസ്റ്റ് ചരിത്രകാരന്മാരുടെ രചനകളിലൂടെയാണ്. റോമിലാ ഥാപര്‍, ഇര്ഫാന് ഹബീബ്, ബിപന്‍ ചന്ദ്ര തുടങ്ങിയ മാര്‍ക്സിയന്‍ ചരിത്രകാരന്മാര് ഇന്ത്യയുടെ മുസ്ലിം പര്‍വം വെളിച്ചത്ത് കൊണ്ടുവന്നു. ഇവരുടെ വിശകലനങ്ങളത്രയും അപ്പടി ശരിയാണെന്ന് അവകാശപ്പെടാനൊന്നും ഞാനില്ല. പക്ഷേ, ചരിത്ര പഠനത്തില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചു. മതപരമായ വിശ്വാസങ്ങളല്ല കമ്യൂണിസ്റ്റ് ചരിത്രകാരന്മാര് വിശകലനം ചെയ്യുന്നത്. ആ വിശ്വാസങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളാണ്. ആ നിലക്ക് പാവങ്ങളേയും അബലരേയും ഉദ്ധരിക്കുന്നതിലും സാമ്രാജ്യത്വത്തെ പ്രതിരോധിക്കുന്നതിലും ഇസ്ലാം ചാലക ശക്തിയായി എന്ന വസ്തുത കമ്യൂണിസ്റ്റ് വിശകലനം അടിവരയിടുന്നു. കമ്യൂണിസത്തെ സംബന്ധിച്ചേടത്തോളം ഇസ്ലാം വിജയം വരിച്ച ഒരു പ്രത്യയ ശാസ്ത്രമാണ്. കാള്‍ മാര്ക്സിന് ഇസ്ലാമിനെ അറിയില്ലെന്നും അദ്ദേഹം ഇസ്ലാമിനെ പറ്റി പറഞ്ഞില്ലെന്നുമൊക്കെ ആരോപിക്കുന്നത് വായിക്കാത്തതു കൊണ്ടാണ്. മാര്‍ക്സിന്റെ ഈസ്റ്റേണ്‍ ക്വസ്റ്റ്യന്‍, മാര്‍ക്സ് റ്റു എംഗല്‍സ്, മാര്‍ക്സ് ന്യൂയോര്‍ക്ക് ടൈംസിലും മറ്റും എഴുതിയ ലേഖനങ്ങള്‍ എന്നിവയില്‍ ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്. ദരിദ്രരായ ബദവികളെ പ്രവാചകന് ഉദ്ധരിച്ചതെങ്ങനെയെന്ന് മാര്‍ക്സ് പറയുന്നുണ്ട്. എംഗല്‍സാണ് ഇസ്ലാമിനെക്കുറിച്ചുള്ള വിവരങ്ങള്‍ മാര്ക്സിന് നല്‍കിയിരുന്നത്.. ഇയാന്‍ അല്‍മോണ്ട് എഴുതിയ മാര്‍ക്സ് ദി മൂര്‍ വായിക്കുന്നതും കൊള്ളാം.
പിണറായി വിജയന് ഇസ്ലാമിനെക്കുറിച്ച് സംസാരിച്ച കാര്യങ്ങള്‍ ചരിത്രത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടിന്റെ ഭാഗമാണ്. വിശ്വാസം സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് അതെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് ചരിത്ര പഠനത്തിന്റെ മര്‍മം. അധ്വാനിക്കുന്നവനോടൊപ്പം നില്ക്കുന്ന മതത്തെ കമ്യൂണിസം അംഗീകരിക്കുന്നു. മതവിശ്വാസികളെ മുതലാളിത്തം സ്വാധീനിക്കുന്പോള്‍ കമ്യൂണിസ്റ്റുകള്‍ മാത്രമല്ല മുസ്ലിം പണ്ഡിതന്മാര് പോലും ആ പ്രവണതയെ ചോദ്യം ചെയ്യുന്നു.
ചരിത്രത്തിലെ പുതുവായനകള്‍
ഇസ്ലാമിനെ ചില ചരിത്രകാരന്മാര് വിലയിരുത്തിയതില്‍ വൈരുധ്യങ്ങളും വ്യത്യാസങ്ങളുമുണ്ട്. പലതും ശരിയല്ല. റസൂലിന്റെ ജീവചരിത്രം (സീറ) ശേഖരിച്ച ഇബ്നു ഇസ്ഹാഖിന്റെ രീതിയല്ല മറ്റുള്ളവര്‍ സ്വീകരിച്ചത്. ഇസ്ലാമിന്റെ യുദ്ധ ചരിതങ്ങള്‍ എഴുതിയവര്‍ അതിന്റെ സാംസ്കാരിക ചരിത്രം വിട്ടുപോയി. പിന്നീട് തബ്രി രാജാക്കന്മാരുടെ ചരിത്രവുമായി വന്നു. എന്നാല്‍ ചരിത്രത്തെ ശാസ്ത്രീയമായി വിലയിരുത്താനുള്ള ശ്രമം ഇബ്നു ഖല്ദൂന് തുടങ്ങി വച്ചു. ഓരോ തിയറികളെ അവലംബിച്ചാണ് ഓരോരുത്തരും ചരിത്രമെഴുതിയത്. ഇബ്നു ഖല്‍ദൂന്റെ ചിന്തകളെ ആശ്രയിച്ചു കൊണ്ട് യൂറോപ്യന്‍ പണ്ഡിതന്മാര് യൂറോപിനെക്കുറിച്ചുള്ള പഴയ ചരിത്ര വ്യാഖ്യാനം തിരുത്തിക്കുറിച്ചു. അതോടെ യൂറോപ്പിലെ ക്രിസ്തീയ ചരിത്ര പഠനത്തിലും മാറ്റങ്ങളുണ്ടായി. അങ്ങനെയാണ് യൂറോപ്പില്‍ പ്രബുദ്ധ യുഗം (ഋിഹശഴവലേിലറ ുലൃശീറ) വരുന്നത്. പിന്നീട് യൂറോപ്പ് ചരിത്ര പഠനത്തില്‍ ഏറെ മുന്നോട്ട് പോയി. വോള്‍ട്ടയര്‍, നാമിയര്, റാങ്കെ, ഫുക്കോ, കോംറ്റെ, ഹെഗല്‍, മാര്‍ക്സ്, ഗ്രാംഷി തുടങ്ങിയവര്‍ പുതിയ വ്യാഖ്യാനങ്ങളുമായി വന്നു. മറ്റൊരു ഭാഗത്ത് മത വ്യാഖ്യാനങ്ങളും, കൊളോണിയല്‍ മുതലാളിത്ത, ദേശീയ വ്യാഖ്യാനങ്ങളും നില നിന്നു. ചരിത്ര പഠനം തന്നെ ശാഖകളും ഉപ ശാഖകളുമായി പ്പിരിഞ്ഞു.
ഇസ്ലാമിനെക്കുറിച്ച് മധ്യകാലഘട്ടത്തിലെഴുതിയത് മതി എന്ന് ധരിക്കുന്നത് അബദ്ധമാണ്. അങ്ങനെയെങ്കില്‍ ഇബ്നുഖല്ദൂന് തന്നെ ജനിക്കുമായിരുന്നില്ല. ലോകചരിത്ര പഠനത്തിന് വഴി കാട്ടാന്‍ ഇബ്നു ഖല്ദൂന് സാധിച്ചത് അദ്ദേഹം പുതിയ രീതിയില്‍ ചരിത്ര പഠനത്തെ സമീപിച്ചത് കൊണ്ടാണ്. മുസ്ലിംകളല്ലാതെ ഒട്ടേറെ പേര് ഇസ്ലാമിനെ പഠന വിധേയമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ പൗരോഹിത്യവും സാമ്രാജ്യത്വവും ഒരുമിച്ച് കൊണ്ട് ഇസ്ലാമിനെ വികലമാക്കിയപ്പോള്‍ യൂറോപ്പിലെ തന്നെ സാമ്രാജ്യത്വ വിരുദ്ധ ചരിത്രകാരന്മാരാണ് ഇസ്ലാമിന്റെ വസ്തുതാപരമായ ചിത്രം വരക്കാന്‍ മുന്നോട്ട് വന്നത്. അവയില്‍ ശരിയും തെറ്റുമുണ്ടാവാം. എന്നുവച്ച് അവയെ അപ്പടി തള്ളുന്നത് ക്ഷന്തവ്യമല്ല. അവരെഴുതിയതപ്പടി കൊള്ളണമെന്ന് പറയാനും നമ്മളില്ല. ഇസ്ലാമിനെതിരേയുള്ള ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങളെ പ്രതിരോധിച്ച കമ്യൂണിസ്റ്റ് വിശകലനങ്ങളെ അപ്പാടെ കല്ലെറിയുന്നതും ശരിയല്ല.
മുസ്ലിംകളും കമ്യൂണിസ്റ്റുകളും
മനുഷ്യരെല്ലാം അടിസ്ഥാന പരമായി ഏകദൈവ വിശ്വാസികളാണ്. അവരെ ബഹുദൈവ വിശ്വാസികളും മത നിഷേധികളുമാക്കി മാറ്റുന്നത് വ്യത്യസ്ത സാഹചര്യങ്ങളാണ്. വിശ്വാസ പ്രകാരം ഹൈന്ദവനും മുസല്‍മാനും അടിസ്ഥാനപരമായി തന്നെ അന്തരത്തിലാണ്. ക്രിസ്ത്യാനികള്‍ ത്രികേയത്വത്തില്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം മഹാ പാപമാണെന്ന് ഇസ്ലാം അടിവരയിടുന്നു. പരസ്പര വൈരുദ്ധ്യമുള്ള ഈ മതങ്ങള്‍ തമ്മില്‍ സൗഹൃദമാവാമെങ്കില് കമ്യൂണിസത്തെയും അങ്ങനെ കണ്ടാല്‍ മതി.
ദൈവ നിഷേധത്തില്‍ നിന്നാണ് ദേശീയതയും സോഷ്യലിസവും ജനിക്കുന്നത്. യൂറോപ്പില്‍ മതം മുതലാളിത്തത്തിന് അടിമപ്പെട്ടപ്പോഴാണ് അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഇത്തരം ആശയങ്ങള്‍ വന്നത്. അതേ സമയം മര്‍ദ്ദിതര്‍ക്ക് വേണ്ടി മതങ്ങള്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ക്ക് ദേശീയതയും സോഷ്യലിസവും എതിരാവുന്നുമില്ല. സാര്‍ ദുര് ഭരണത്തിനെതിരെ കമ്യൂണിസത്തോടൊപ്പം മുസ്ലിംകള് വിപ്ലവത്തിനിറങ്ങി. പല അറബ് രാജ്യങ്ങളിലും മുസ്ലിംകളും സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ഗ്രൂപ്പുകളും സൗഹൃദത്തില്‍ തന്നെയാണ്. ഇന്ത്യയിലും സാമ്രാജ്യത്വത്തിനെതിരെ കമ്യൂണിസ്റ്റുകളും മുസ്ലിംകളും ഒന്നിച്ച ചരിത്രമുണ്ട്. ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ചത് തന്നെ തികഞ്ഞ ഇസ്ലാം വിശ്വാസിയായ മൗലാനാ ഹസ്രത് മൊഹാനിയായിരുന്നു. എന്ത് കൊണ്ട് ഗാന്ധിജിയെപ്പോലെ ചര്‍ക്കയില്‍ നൂല് നൂറ്റും കൊണ്ടിരിക്കുന്നു? എന്ത് കൊണ്ട് ലെനിനെപ്പോലെ ലോകത്തെ വിറപ്പിച്ച് കൂടാ എന്ന് ചോദിച്ചയാളാണ് ഹസ്രത്ത് മൊഹാനി. 1721 മുതല്‍ 1917 വരെ നീണ്ട ഇരുനൂറ് വര്‍ഷം റഷ്യഭരിച്ച സാര്‍ ചക്രവര്‍ത്തിമാര്‍ മുസ്ലിംകളെ നാനാ വിധേന ദ്രോഹിച്ചു. അവരുടെ പള്ളികള്‍ അടച്ചു പൂട്ടി. മത സ്വാതന്ത്ര്യം തടഞ്ഞു. ക്രിസ്ത്യാനികളെ മുസ്ലിം പ്രദേശങ്ങളില്‍ താമസിപ്പിച്ചു. പള്ളികള്‍ ചര്‍ച്ചുകളും ഗോഡൗണുകളുമാക്കി. പരസ്യമായ മത കര്‍മങ്ങള്‍ നിരോധിച്ചു. പുണ്യവാളന്മാരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നത് വിലക്കി. റഷ്യന്‍ പേരുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചു. ഈ ക്രൂരതകള്‍ക്കൊക്കെ അറുതി വരുത്തിയാണ് കമ്യൂണിസ്റ്റ് വിപ്ലവം വന്നത്. കമ്യൂണിസ്റ്റ് ഭരണം മുസ്ലിംകള്ക്ക് ക്രിസ്ത്യാനികളെപ്പോലെ സ്വാതന്ത്ര്യം നല്കി. ഒരു കമ്യൂണിസ്റ്റ് രാജ-്യ്രമെന്ന നിലക്കുള്ള മത സ്വാതന്ത്ര്യം എല്ലാ മതക്കാര്‍ക്കും ലഭിച്ചു. കമ്യൂണിസ്റ്റ് റഷ്യയുടെ കാര്യത്തില്‍ അടുത്ത കാലത്ത് വന്ന പഠനങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അലക്സാണ്ടര്‍ ബെന്നിങ്ങ്സന്റെ മുസ്ലിം നാഷണല്‍ കമ്യൂണിസം, , താഷ്കന്റ് മുഫ്തിയ്യത്തിലെ ഫത്വകള്, ബാബാ ഖാന് എഴുതിയ മുസ്ലിംസ് ഇന്‍ ദി സോവിയറ്റ് യൂണിയന്, മുസ്ലിംസ് ഇന്‍ സോവിയറ്റ് ഈസ്റ്റ് തുടങ്ങിയ പുസ്തകങ്ങള്‍ പുതിയ വിവരങ്ങളാണ് തരുന്നത്.
സാമൂതിരി ഭരിച്ച മലബാറില്‍ ഹിന്ദു മതത്തിന് ലഭിച്ചിരുന്ന ഭരണപരമായ ആനുകൂല്യം മുസ്ലിംകള്ക്ക് ലഭിച്ചിരുന്നില്ല. അത് പോലെ കമ്യൂണിസം അടിസ്ഥാനപരമാക്കി ഭരിച്ചിരുന്ന റഷ്യയില്‍ മുസ്ലിംകളുടെ മത സ്വാതന്ത്ര്യത്തിന് നിയന്ത്രണമുണ്ടായിരുന്നു. അറബ് ലോകത്ത് ഇസ്രയേല്‍ നില നില്ക്കുന്നേടത്തോളം കാലം സാമ്രാജ്യത്വത്തിന് കമ്യൂണിസ്റ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു മേന്മയും ഇല്ല. അറബികള്‍ക്ക് എന്നും തുണയായി മാത്രമേ കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ വര്‍ത്തിച്ചിട്ടുള്ളു. ഇസ്ലാമിന്റെ നന്പര് വണ്‍ ശത്രു സാമ്രാജ്യത്വം തന്നെയാണ്. റഷ്യയില്‍ ഉണ്ടായിരുന്ന മത സ്വാത്രന്ത്രത്തെപ്പറ്റി അറിയാന്‍ മലയാളികള്‍ക്ക് നല്ലത് അവിടെ സന്ദര്‍ശിച്ച സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പുസ്തകമാണ്.
റസൂല്‍ വിമോചകന്
അറേബ്യയിലുണ്ടായിരുന്നത് ഗോത്ര വിഭജനമാണെന്നും അതിനപ്പുറം അവിടെ ഒന്നുമുണ്ടായിരുന്നില്ലെന്നും പറയുന്നത് ശരിയല്ല. ലോകത്തെവിടേയും ജനങ്ങള്‍ ജീവിക്കുന്നത് വംശീയമോ, വര്ഗീയമേ ജാതീയമോ ആയ അടിത്തറകളിലായിരിക്കാം. അത് കൊണ്ട് അവയിലൊന്നും സാന്പത്തികമായ വിഭജനങ്ങള്‍ ഇല്ലാ എന്ന് എങ്ങനെ പറയാനാവും? ഏത് സമൂഹങ്ങളിലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നില നിന്നിരുന്നു. ഇല്ലാത്തവര്‍ പലപ്പോഴും മര്‍ദ്ദിതരാണ്. അതേ സമയം ഉള്ളവരില്‍ തന്നെ ഇല്ലാത്തവരോട് അനുകന്പ കാണിക്കുന്നവരുമുണ്ട്. അനുകന്പ വളര്‍ത്തിക്കൊണ്ടാണ് വിവിധ സമൂഹങ്ങളില്‍ പ്രവാചകന്മാരും ഉദ്ധാരകന്മാരും വന്നിട്ടുള്ളത്. ഈ കാര്യങ്ങളൊക്കെ ആധുനിക ചരിത്രകാരന്മാര് വിലയിരുത്തിയിട്ടുണ്ട്. ആ നിലക്ക് റസൂലിനെ വിമോചകനെന്നോ, അധ്വാനിക്കുന്നവരുടെ നേതാവ് എന്നോ പരിചയപ്പെടുത്തിയാല്‍ അങ്ങനെയൊരു വായന പാടില്ലെന്ന് വിധിക്കാന്‍ പറ്റുമോ?
മലബാര്‍ കലാപങ്ങളുടെ ആശയ പ്രചോദനം ഇസ്ലാമാണെന്നതില് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. അതിന് സാഹചര്യമൊരുക്കിയത് കാര്‍ഷിക പ്രശ്നങ്ങളാണ്. ഇസ്ലാം അധ്വാനിക്കുന്നവര്‍ക്കൊപ്പം നില്ക്കുന്നു എന്നതാണ് കാരണം. ആ അര്‍ഥത്തിലാണ് മുസ്ലിം വിപ്ലവകാരികളെ ഇടതുപക്ഷം വാഴ്ത്തുന്നത്. ആ നിലക്ക് മലബാര്‍ കലാപം കാര്‍ഷിക സമരമാണെന്നും അതിന്റെ നേതാക്കള്‍ വിപ്ലവകാരികളാണെന്നും കമ്യൂണിസ്റ്റുകാര്‍ പറഞ്ഞ് പോയാല്‍ എവിടെയാണ് അപരാധം?
മുസ്ലിം ലീഗും മലബാര്‍ കലാപവും
മുസ്ലിം ലീഗിന്റെ കാര്യം കൂടി. മുസ്ലിം ലീഗ് മലബാര്‍ സമരത്തെ എവിടേയും തള്ളിപ്പറഞ്ഞില്ലെന്നും ലീഗിന് മലബാര്‍ സമരമാണ് ആവേശമായതെന്നും ശാഹിദ് പറയുന്നത് എവിടത്തെ വിവരം വച്ചാണ്? മുസ്ലിം ലീഗ് എപ്പോഴെങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരം നയിച്ചിട്ടുണ്ടോ? പാര്‍ട്ടി മുസ്ലിം വ്യക്തിത്വത്തിന് വേണ്ടി നില കൊണ്ടു എന്നത് ശരി. കോണ്‍ഗ്രസിന്റെ മുസ്ലിം അവഗണനയില്‍ നിന്ന് സമുദായത്തെ രക്ഷപ്പെടുത്തുന്നതിലും പാര്‍ട്ടി വലിയ പങ്കു വഹിച്ചു. പക്ഷേ ബ്രിട്ടീഷുകാര്ക്കിഷ്ടമില്ലാത്ത ഒരു കാര്യവും അവര്‍ ചെയ്തില്ല. മലബാര്‍ കലാപത്തെപ്പറ്റി അവര്‍ മിണ്ടിയിട്ടേ ഇല്ല. ലീഗിന്റെ ആദ്യ കാല നേതാക്കളായ സത്താര്‍ സേട്ടുവും സീതി സാഹിബും ഖാന് ബഹാദൂര്മാരല്ലെങ്കിലും ബ്രിട്ടീഷ് ഭക്തന്മാര് തന്നെയായിരുന്നു. അബ്ദു റഹ്മാന് സാഹിബിന്റെ വിപ്ലവ വീര്യം ഇവര്‍ക്കൊന്നുമുണ്ടായിരുന്നില്ല. ലീഗില്‍ ഖാന് ബഹാദൂര്മാര്ക്കായിരുന്നു ആധിപത്യം. ജിന്നാ സാഹിബടക്കമുള്ളവര്ക്ക് ഭരണഘടനാപരമായ മാര്ഗങ്ങളിലേ വിശ്വാസമുണ്ടായിരുന്നുള്ളു. സമരങ്ങളെ അവര്‍ അവഞ്ജയോടെ മാത്രമാണ് കണ്ടത്. അതാണ് ബ്രിട്ടീഷുകാര്‍ പോകും വരെ മലബാര്‍ കലാപത്തെക്കുറിച്ചോ അതിന്റെ നേതാക്കളെക്കുറിച്ചോ അവര്‍ മിണ്ടാതിരുന്നത്. കോണ്‍ഗ്രസും മുസ്ലിം ലീഗും കലാപത്തെ അവഗണിച്ചിട്ടേ ഉള്ളു. കലാപം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കണമെന്ന് ദേശാഭിമാനികള്‍ പലവുരു ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ചെവികൊടുത്തില്ല. അതിന് 1957ല്‍ ഇ.എം.എസ് മുഖ്യമന്ത്രിയാവും വരെ കാത്തിരിക്കേണ്ടി വന്നു. ഇ.എം.എസാണ് മലബാര്‍ കലാപത്തെ അക്കാദമിക രംഗത്തേക്കുയര്ത്തിയതും മലബാര്‍ സമരക്കാരെ സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിച്ചതും അവര്‍ക്ക് സ്വാതന്ത്ര്യ സമര പെന്ഷന് പ്രഖ്യാപിച്ചതും.
ഡോ. ഹുസൈന് രണ്ടത്താണി
You must be logged in to post a comment Login