തെരുവില്‍നിന്ന് അപ്രത്യക്ഷരായ വഴിവാണിഭക്കാര്‍ അധികം ആരവമുയര്‍ത്താതെ പതുക്കെ തിരിച്ചെത്തിക്കഴിഞ്ഞു. അടച്ചിട്ട ബഖാലകളും ബൂഫിയകളും തുറക്കുന്നു. അധ്യാപകര്‍ സ്കൂളുകളില്‍ കൃത്യമായി എത്തുന്നതിനാല്‍ ക്ലാസ്സുകള്‍ ജോര്‍. സിഗ്നലുകളില്‍ ഒന്നും രണ്ടും വിറ്റു നടന്ന മൊബൈല്‍ സെയില്‍സ്മാന്‍മാര്‍ പൂര്‍വാധികം സജീവം. രേഖകള്‍ ശരിയാക്കാന്‍ കഴിയാതിരുന്ന, ഇനി കഴിയുകയില്ലാത്ത ഏതാനും ഡ്രൈവര്‍മാര്‍ നിര്‍ത്തിയിട്ട് പോയതൊഴിച്ചുള്ള ടാക്സികളൊക്കെ റോഡുകളില്‍ തിരിച്ചെത്തി. എന്തിന്, യാചകര്‍ പോലും പതിവു സ്ഥലങ്ങളില്‍ വന്നു കഴിഞ്ഞു.
സൗദി അറേബ്യന്‍ നഗരങ്ങളില്‍ തൊഴില്‍ പരിഷ്കരണ നടപടികള്‍ക്കായി നല്‍കപ്പെട്ട അന്ത്യശാസന സമയം കഴിഞ്ഞ് ഏതാനും ദിനങ്ങള്‍ നിശ്ചലാവസ്ഥയിലായിരുന്ന പൊതുജീവിതം ഒരാഴ്ച കൊണ്ട് തന്നെ ഏതാണ്ട് പൂര്‍വസ്ഥിതി പ്രാപിച്ചിരിക്കുന്നു. രണ്ടാഴ്ചക്കിടെ പിടിയിലായ നിയമലംഘകരില്‍ അറുപതിനായിരത്തിലധികം പേരെ നാടുകടത്തിയതായും ബാക്കിയുള്ളവരെ ഉടന്‍ രാജ്യത്തുനിന്ന് തിരിച്ചയക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലായതായും ഇതെഴുതുന്പോള്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. (ഇതില്‍ അധികവും എത്യോപ്യക്കാരടക്കമുള്ള ആഫ്രിക്കന്‍ രാജ്യക്കാരും യമനികളുമാണ്.) റെയ്ഡുകളുടെ പുരോഗതി വിലയിരുത്താന്‍ സൗദി ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, തൊഴില്‍ പരിഷ്കരണ നടപടികള്‍ ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനമാണെടുത്തത്. നിയമലംഘകര്‍ക്കായുള്ള റെയ്ഡുകള്‍ തുടരാനും തൊഴില്‍ പരിഷ്കരണം അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ എത്തിക്കാനും സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് നിര്‍ദേശിച്ചതായും ഈ അവലോകന യോഗത്തില്‍ വെളിപ്പെടുത്തപ്പെട്ടു.
തീവ്രമായ തൊഴില്‍ പരിഷ്കരണ നടപടികളില്‍ അസംതൃപ്തരായിരുന്ന വ്യവസായ ലോകം പൂര്‍ണമായും അതിനോട് സമരസപ്പെട്ടുകഴിഞ്ഞു. ഒഴിവാക്കാനാവാത്ത മാറ്റമാണിതെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനും അതനുസരിച്ച് ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും അവര്‍ തയാറായി. ലേബര്‍ റെയ്ഡുകളില്‍ പ്രതിഷേധിച്ച് മദീനയില്‍ ശുചീകരണത്തൊഴിലാളികള്‍ വിട്ടുനിന്നപ്പോള്‍ നഗരത്തിന്‍റെ മേയര്‍ തന്നെ ചൂലുമായി രംഗത്തിറങ്ങി തെരുവുകള്‍ വൃത്തിയാക്കാന്‍ നേതൃത്വം നല്‍കിയത് പുതിയൊരു സന്ദേശമാണ് നല്‍കിയത്. എല്ലാ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് തൊഴില്‍പരിഷ്കരണ നടപടികള്‍ യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്യുമെന്ന നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകാത്മക വിളംബരമായിരുന്നു ചൂലേന്തിയ മദീന മേയറുടെ ദൃശ്യം. ഞങ്ങളില്ലാതെ നിങ്ങള്‍ക്ക് ജീവിക്കാനാവില്ലെന്ന വിദേശതൊഴിലാളികളുടെ സ്വകാര്യമായ അഹങ്കാരത്തിനുള്ള മൃദുവായ ഒരു മറുപടി.
നിതാഖാത് എന്ന സൗദിവല്‍ക്കരണ പരിപാടിയും അതിന് അനുബന്ധമായി നടപ്പാക്കുന്ന പദവി ശരിയാക്കല്‍ പ്രക്രിയയും മുന്‍കാലങ്ങളില്‍ പല തവണ നടപ്പാക്കിയതുപോലെ പാതിവഴിയില്‍ അവസാനിപ്പിക്കില്ലെന്നും അതുണ്ടാക്കാന്‍ ലക്ഷ്യമിട്ട ഫലം പൂര്‍ണമായും ലഭ്യമാകുന്നതുവരെ തുടരുമെന്നുമുള്ള സൗദി സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയോടുകൂടിയ തീരുമാനം, ഇനിയും നിയമവിരുദ്ധരായി തുടരാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. എതോപ്യ പോലെയുള്ള വിദേശ രാജ്യങ്ങളിലെ തൊഴിലാളികള്‍ ജിദ്ദയിലും മക്കയിലും റിയാദിലും നടത്തിയ അക്രമാസക്തമായ പ്രതിഷേധങ്ങള്‍പോലും സൗദി സംയമനത്തോടെ നേരിടുകയും നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് നിയമവിരുദ്ധ തൊഴിലാളികളെ രാജ്യത്തിന് ആവശ്യമില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തത് സൗദി തൊഴില്‍ വിപണിയില്‍ ദൃശ്യമാകാന്‍ പോകുന്ന പുതുയുഗത്തിന്‍റെ തുടക്കമായി തന്നെ കാണാം.
നിയമലംഘകരെ പിടികൂടാനുള്ള റെയ്ഡുകള്‍ സാവധാനമാണ് മുന്നേറുന്നത്. കൃത്യമായ ആസൂത്രണത്തോടെയും പരിശീലനം സിദ്ധിച്ച തൊഴില്‍ പരിശോധകരെ ഉപയോഗപ്പെടുത്തിയുമാണിത്. ബഹളങ്ങളില്ലാതെ, പരിഭ്രാന്തി സൃഷ്ടിക്കാതെ മെല്ലെ മെല്ലെ ഒരു മുന്നേറ്റം. സ്കൂളുകള്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്ന് തൊഴില്‍ മന്ത്രാലയം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ റെയ്ഡുകള്‍ക്ക് നിശ്ചിത കാലാവധിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. റെയ്ഡുകള്‍ തുടര്‍ച്ചയായുള്ള ഒരു പ്രക്രിയയായിരിക്കുമെന്നാണ് അറിയിപ്പ്. അതോടൊപ്പം നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് ഇനിയും തങ്ങളുടെ പദവി ശരിയാക്കാം. സ്പോണ്‍സറുടെ കീഴിലല്ലാത്തവര്‍ക്ക് മാറാം. പ്രൊഫഷന്‍ മാറ്റാം. പക്ഷേ നിശ്ചിത ഫീസും പിഴയും അടക്കേണ്ടി വരുമെന്ന് മാത്രം. പൊതുമാപ്പ് കാലാവധിയില്‍ ഇതെല്ലാം സൗജന്യമായി ചെയ്തിരുന്നു. പദവി ശരിയാക്കുന്നതിന് മുന്പായി തൊഴില്‍ പരിശോധകരാല്‍ പിടിക്കപ്പെടുകയാണെങ്കില്‍ നാട്ടിലേക്ക് മടങ്ങുക മാത്രമാണ് മാര്‍ഗം. എന്നാല്‍ പദവി ശരിയാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള രേഖകള്‍ കാണിച്ചാല്‍ തുടരാം. ഇങ്ങനെ വളരെ പ്രായോഗികമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് സൗദി അറ്യേ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഈ നീക്കമെന്ന് വ്യക്തം.
ഇന്ത്യക്കാരുടെ അവസ്ഥ
സൗദിയിലെ തൊഴില്‍ പരിഷ്കരണ നടപടികള്‍ അതിന്‍റെ പൂര്‍ണമായ ഗൗരവത്തോടെ ഉള്‍ക്കൊള്ളാനും യാഥാര്‍ഥ്യബോധത്തോടെയുള്ള നടപടികളുമായി അതിന്‍റെ ആഘാതം പരമാവധി കുറക്കാനും ഇന്ത്യന്‍ സമൂഹത്തിന്നായി എന്നുള്ളത്, നമ്മുടെ നയതന്ത്രചരിത്രത്തിലെ ഏറ്റവും ശോഭയുള്ള അധ്യായമായി പരിലസിക്കും. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ അനാസ്ഥയെയും കൃത്യനിര്‍വഹണത്തിലെ വീഴ്ചകളെയും പറ്റി നിരന്തരം കേള്‍ക്കുന്ന പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടിയായിരുന്നു സന്ദര്‍ഭത്തിന്‍റെ ഗൗരവവും പ്രാധാന്യവും പരിഗണിച്ചുകൊണ്ടുള്ള ഈ ഉയിര്‍ത്തെഴുന്നേല്‍പ്. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, നയതന്ത്രകാര്യാലയത്തിലെ രണ്ടാമനും മലയാളിയുമായ സിബി ജോര്‍ജ്, ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായി എന്നിവര്‍ ഈ വലിയ ദൗത്യത്തിന്‍റെ ചുക്കാന്‍ പിടിച്ചു.
നിയമവിരുദ്ധ തൊഴിലാളികളെന്ന നിലയില്‍ പിടിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യുന്നവരില്‍ ഇന്ത്യക്കാരില്ല എന്നു തന്നെ പറയാം. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വലുപ്പവുമായി താരതമ്യം ചെയ്യുന്പോള്‍ അങ്ങേയറ്റം കുറവാണ് അവരുടെ എണ്ണം. ഇത് രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തുക മാത്രമല്ല, ഭരണാധികാരികള്‍ക്കും നയതന്ത്ര കാര്യാലയത്തിനും വലിയൊരു തലവേദന ഒഴിവാക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് നിയമവിരുദ്ധ തൊഴിലാളികള്‍ പിടിക്കപ്പെടുകയും ഇവരെയെല്ലാം നാട്ടിലേക്ക് കയറ്റിയയക്കുകയും ചെയ്യുന്ന അവസ്ഥ സങ്കല്‍പിച്ചുനോക്കൂ. എന്തുമാത്രം സങ്കീര്‍ണമായ ഒരു പ്രക്രിയയാകും അത്. ഇവിടെ മാത്രമല്ല, നാട്ടിലും അതുണ്ടാക്കുന്ന അനുരണനങ്ങള്‍ ഭീകരമായിരിക്കും.
ഇളവുകളോടെ പദവി ശരിയാക്കുന്നതിനുള്ള കാന്പയിന്‍ നടന്ന കാലത്ത് പത്തു ലക്ഷത്തിലധികം ഇന്ത്യക്കാര്‍ പദവി ശരിയാക്കിയതായാണ് ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായി കഴിഞ്ഞ ദിവസം പറഞ്ഞത്. നാലു ലക്ഷത്തിലധികം പേര്‍ പ്രൊഫഷന്‍ ശരിയാക്കുകയും ഒന്നര ലക്ഷത്തോളം പേര്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റുകയും ചെയ്തു. തൊഴില്‍ മന്ത്രാലയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് പദവി ശരിയാക്കല്‍ കാലത്ത് ഒന്നര ലക്ഷത്തോളം ഇന്ത്യക്കാര്‍ എക്സിറ്റില്‍ രാജ്യം വിട്ടിട്ടുണ്ട്. രാജ്യം വിട്ടവരുടെ എണ്ണം ഇപ്പോള്‍ ഒന്നേമുക്കാല്‍ ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലായി ഉയര്‍ന്നിട്ടുണ്ടാകാം. 25 ലക്ഷം ഇന്ത്യക്കാര്‍ വസിക്കുന്ന സൗദിയില്‍ ഇതത്ര വലിയ സംഖ്യയല്ല എന്നതാണ് യാഥാര്‍ഥ്യം.
ഈ വലിയ നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ സമൂഹത്തെ പ്രാപ്തമാക്കിയതിനുപിന്നില്‍ മാധ്യമങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പ്രവര്‍ത്തകരുടെയും വലിയ പങ്കും അധ്വാനവുമുണ്ട്. എംബസി ഉദ്യോഗസ്ഥരെപ്പോലെ, നിതാഖാത്ത് കാലയളവില്‍ ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കാന്‍ നൂറുകണക്കിന് വളണ്ടിയര്‍മാരും രംഗത്തുണ്ടായിരുന്നു. ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തിയും സ്വന്തം ജോലിയില്‍നിന്ന് അവധിയെടുത്തും വരെ ഇവര്‍ എംബസിയിലും കോണ്‍സുലേറ്റുകളിലുമെത്തുകയും പദവി ശരിയാക്കാനുള്ള തീവ്രയത്ന പരിപാടിയില്‍ സഹകരിക്കുകയും ചെയ്തു. സാധാരണ കാര്യങ്ങള്‍ക്കു പോലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത നമ്മുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് ഈ സന്നദ്ധ സേവകരുടെ സഹായമില്ലാതെ ഇത്ര വലിയൊരു ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ സാധ്യമാകുമായിരുന്നില്ല എന്നത് പച്ചയായ പരമാര്‍ഥം മാത്രം. പദവി ശരിയാക്കുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനും നാട്ടിലേക്കുള്ള പലായനത്തിന്‍റെ ആഘാതം പരമാവധി കുറക്കാനും സമഗ്രമായ പരിപാടികള്‍ ആവിഷ്കരിക്കുകയുണ്ടായി. തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചും കന്പനികളുമായി ചര്‍ച്ചകള്‍ നടത്തിയുമൊക്കെ ഫലപ്രദവും സക്രിയവുമായ ഇടപെടലാണ് ഇക്കാര്യത്തില്‍ എംബസി നടത്തിയത്. ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുകയുണ്ടായി.
പദവി ശരിയാക്കല്‍ കാലയളവില്‍ വെളിവായ വലിയൊരു ഇന്ത്യന്‍ യാഥാര്‍ഥ്യത്തെക്കുറിച്ചുകൂടി പറയാതെ വയ്യ. അത്, സൗദിയില്‍ തൊഴിലെടുക്കുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ദുരിതാവസ്ഥയാണ്. വലിയ മാധ്യമ സന്പത്തും സാമൂഹിക പ്രവര്‍ത്തനമേഖലയിലെ മികവും കൈമുതലായുള്ള സംഘടിതരായ മലയാളി സമൂഹത്തിനപ്പുറത്ത്, അങ്ങേയറ്റം ദുരിതത്തിലും കഷ്ടപ്പാടിലും കഴിയുന്ന ഇന്ത്യക്കാരുടെ വലിയൊരു സമൂഹമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതായിരുന്നു എംബസിക്കും കോണ്‍സുലേറ്റിനും പുറത്തെ ദയനീയ കാഴ്ചകള്‍. വര്‍ഷങ്ങളായി നാട്ടില്‍ പോകാത്തവരും സ്പോണ്‍സര്‍ ആരാണെന്ന് അറിയാത്തവരും കഠിനാധ്വാനം ചെയ്തിട്ടും മൂന്നു നേരം ഭക്ഷണം കഴിക്കാന്‍ പോലും ഇല്ലാത്തവരും നിരക്ഷരരുമായ ഒരു വലിയ സമൂഹം. അവരുടെ കണ്ണുകളിലെ ദയനീയതയും പരവേശവും ആരെയും നൊന്പരപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. ഏജന്‍റുമാരുടെ ചതിയില്‍പെട്ടും കബളിപ്പിക്കപ്പെട്ടും വിദൂര ഗ്രാമങ്ങളില്‍ പീഡനങ്ങളേറ്റു കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു നയതന്ത്രകാര്യാലയങ്ങള്‍ക്കു മുന്പിലെ ജനക്കൂട്ടം. എന്താണ് നിതാഖാത് എന്നോ, എന്താണ് ചെയ്യേണ്ടതെന്നോ അറിയാതെ, എന്തോ പ്രശ്നമുണ്ടെന്ന മട്ടില്‍ പാഞ്ഞെത്തിയതായിരുന്നു അവരില്‍ പലരും. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അനേകം ആടു ജീവിതങ്ങളുടെ കഥക്കൂന്പാരമാണ് ആ ജനസഞ്ചയം. തൊഴില്‍ പരിഷ്കരണ നടപടികള്‍ ഒരു പക്ഷേ ഏറ്റവും ഗുണപരമായി ഭവിച്ചിട്ടുണ്ടാകുക ദുരിതക്കയത്തില്‍ എന്തു ചെയ്യണമെന്നറിയാതെ കഴിഞ്ഞിരുന്ന ഈ ജനസമൂഹത്തിനാകാം.
റെയ്ഡ്, പേടി
പൊതുമാപ്പ് കാലാവധി കഴിഞ്ഞ ശേഷം തൊഴില്‍ പരിശോധനകള്‍ ആരംഭിച്ചതോടെ, വിദേശി സമൂഹത്തില്‍ പടര്‍ന്നു പിടിച്ച ഭീതിയും ആശങ്കകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പദവി ശരിയാക്കാന്‍ കഴിയാത്തവരായി ആയിരങ്ങള്‍ ഇപ്പോഴുമുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇതിലൊന്നും വലിയ കാര്യമില്ലെന്നും ബഹളങ്ങളൊക്കെ ഒഴിയുന്പോള്‍, പഴയതുപോലെ കഴിയാം എന്നും വിചാരിച്ച് ഒന്നും ചെയ്യാതെയിരുന്നവരാണ് ഇവരില്‍ വലിയൊരു വിഭാഗം. പദവി ശരിയാക്കാനും സ്പോണ്‍സറെ കണ്ടെത്താനുമൊക്കെയായി ആയിരക്കണക്കിന് റിയാല്‍ ചെലവാക്കി, നടുവൊടിഞ്ഞ മറ്റൊരു വിഭാഗവുമുണ്ട്. പലരുടെയും ഒന്നോ അതിലധിമോ വര്‍ഷത്തെ സന്പാദ്യമാണ് ഇതിലൂടെ നഷ്ടമായത്. പദവി ശരിയാക്കുന്നതിന്‍റെ ഭാഗമായി പുതിയ കന്പനികളിലേക്കും തൊഴിലുകളിലേക്കും മാറിയതുമൂലം വലിയ വരുമാന നഷ്ടമുണ്ടായവരും ധാരാളം. എങ്കിലും പിടിച്ചുനിന്നേ മതിയാകൂ എന്ന നിര്‍ബന്ധാവസ്ഥ, അവരെ എല്ലാം സഹിക്കാന്‍ പ്രേരിപ്പിക്കുന്നു. വലിയൊരു കൂട്ടത്തിന്‍റെ ഭാഗമായി നാട്ടിലേക്ക് മടങ്ങിയെത്തിയിട്ട് കാര്യമില്ല എന്നതും അവരെ ഇവിടെ പിടിച്ചുനിര്‍ത്തുന്നു.
ആശ്രിതവിസയില്‍ ജോലി ചെയ്യുന്ന അധ്യാപികമാരാണ് ഭീതിയില്‍ കഴിയുന്ന പ്രധാന വിഭാഗം. രാജ്യത്തെ സ്വകാര്യ സ്കൂളുകളിലധികവും നിലനില്‍ക്കുന്നത് വിദ്യാസന്പന്നരായ ഇത്തരം വീട്ടമ്മമാരുടെ പിന്‍ബലത്തിലാണ്. എന്നാല്‍ റെസിഡന്‍സ് പെര്‍മിറ്റിലുള്ള വീട്ടമ്മമാര്‍ ജോലി ചെയ്യുന്നതിന് മുന്‍പേയുള്ള വിലക്ക്, തൊഴില്‍ പരിഷ്കരണത്തിന്‍റെ ഭാഗമായി കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇവര്‍ പ്രതിസന്ധിയിലായി. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ ഭര്‍ത്താവിനെയടക്കം നാടുകടത്തുമെന്നതും പിഴ അടക്കേണ്ടി വരുമെന്നതും ഇവരെ ഭീതിയിലാഴ്ത്തി. അന്ത്യശാസന സമയത്തിനു ശേഷം പലരും സ്കൂളുകളിലേക്ക് പോകാന്‍ തയാറായില്ല. എന്നാല്‍ പ്രതിസന്ധിയിലായ വിദ്യാലയങ്ങളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദം നിമിത്തം, യോഗ്യതയുള്ള അധ്യാപികമാര്‍ക്ക് പ്രത്യേക വര്‍ക് പെര്‍മിറ്റ് നല്‍കാനും ഇതിന്‍റെ അടിസ്ഥാനത്തില്‍ തൊഴിലില്‍ തുടരാനും വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍ തൊഴില്‍ മന്ത്രാലയം ഇതില്‍ പൂര്‍ണ തൃപ്തരല്ല. ഇരു മന്ത്രാലയങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ഭിന്നത പരിഹരിക്കാന്‍ ഉന്നതതലത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. വിദ്യാഭ്യാസ തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ ഈയിടെ ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കുകയുണ്ടായി.
സ്വകാര്യ സ്കൂളുകളിലെ ജീവനക്കാരുടെ നിയമസാധുത പരിശോധിക്കുന്നതിന് സ്കൂളുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്. ബോയ്സ് സ്കൂളുകളും പുരുഷ അധ്യാപകരും ജീവനക്കാരുമാണ് തല്‍ക്കാലം ഇതിന്‍റെ പരിധിയില്‍ വരുന്നത്. അധ്യാപികമാര്‍ക്ക് വര്‍ക് പെര്‍മിറ്റ് നേടാനും അതല്ലെങ്കില്‍ സ്കൂളിന്‍റെ ഇഖാമയിലേക്ക് മാറാനും ജനുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷം ഗേള്‍സ് സ്കൂളുകളിലും റെയ്ഡുണ്ടാകുമെന്ന് തന്നെയാണ് മുന്നറിയിപ്പ്. അടുത്ത ടേമോടെ ഒരു വിഭാഗം അധ്യാപികമാരെങ്കിലും ജോലി ഉപേക്ഷിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
ചില്ലറ വില്‍പനമേഖലയിലെ പ്രതിസന്ധി
നിതാഖാതും പദവി ശരിയാക്കാനുള്ള നീക്കവും ഏറ്റവുമധികം തിരിച്ചടി സൃഷ്ടിച്ച മേഖല, മലയാളികള്‍ ആധിപത്യം പുലര്‍ത്തുന്ന ചില്ലറ വില്‍പന മേഖലയാണ്. ചെറുകിട സ്ഥാപനങ്ങളുടെ പരിധിയില്‍പെടുത്തി സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കം നേരത്തെ തന്നെ ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരുന്നു. നിയമവിരുദ്ധ തൊഴിലാളികള്‍ ധാരാളമായി ജോലി ചെയ്തിരുന്ന ഈ രംഗത്ത് ഇപ്പോള്‍ കടുത്ത തൊഴിലാളി ക്ഷാമമാണ് അനുഭവപ്പെടുന്നത്. പല കടകളും ആവശ്യത്തിന് തൊഴിലാളികളില്ലാത്തതിനാല്‍ പൂര്‍ണസമയം പ്രവര്‍ത്തനക്ഷമമല്ല. ചിലരൊക്കെ കടകള്‍ അടച്ചിട്ടിരിക്കുന്നു. റെയ്ഡുകളും മറ്റും മൂലമുണ്ടായ മാന്ദ്യം കച്ചവടത്തെയും ബാധിച്ചു. ബഖാലകള്‍, ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, സ്റ്റേഷനറിക്കടകള്‍, മറ്റു ചില്ലറ വില്‍പന ശാലകള്‍ ഒക്കെ ഈ പ്രതിസന്ധിയില്‍ പെട്ടിട്ടുണ്ട്. കച്ചവടമൊഴിവാക്കാമെന്ന് വിചാരിച്ചാല്‍ കടകള്‍ക്കും മറ്റും വേണ്ട വില കിട്ടുന്നുമില്ല. ചെറുകിട ബിസിനസ് ചെയ്ത് ജീവിക്കുന്ന ആയിരക്കണക്കിന് മലയാളികളെ ഈ സ്ഥിതി ഏറെ പ്രതികൂലമായി ബാധിച്ചേക്കാം.
ഇതോടൊപ്പം ചില്ലറ വ്യാപാര മേഖലയില്‍ പുതിയ സമയക്രമീകരണം കൊണ്ടുവരാനും അതിലൂടെ സൗദിവത്കരണത്തിന് ആക്കം കൂട്ടാനുമുള്ള സര്‍ക്കാര്‍ നീക്കവും ദൂരവ്യാപക ഫലമുണ്ടാക്കുന്നതാണ്. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ആറുമുതല്‍ രാത്രി ഒന്പതുവരെയായി ചുരുക്കാനാണ് നിര്‍ദേശം. ജോലിസമയം കുറക്കുന്നതിലൂടെ കൂടുതല്‍ സൗദിയുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിത്. ഇതിലൂടെ വിദേശികള്‍ കയ്യടക്കി വച്ചിരിക്കുന്ന ചില്ലറ വ്യാപാര മേഖല വലിയൊരളവു വരെ സൗദികളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് ചുരുക്കം. ചില്ലറ വ്യാപാര മേഖലയുടെ ഭാവി അത്ര ശോഭനമല്ല എന്ന് ചുരുക്കം.
നിതാഖാതും കേരളവും
നിതാഖാത് നടപടികള്‍ ഒരുപക്ഷേ ഏറ്റവുമധികം ഉലച്ച പ്രദേശങ്ങളിലൊന്ന് കേരളമായിരിക്കണം. വിചാരിച്ചത്ര പ്രശ്നങ്ങളൊന്നുമില്ലാത്തതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. കൂട്ടപ്പലായനം ഉണ്ടായില്ല എന്നുള്ളത് തന്നെയാണ് വലിയ ആശ്വാസം. നാട്ടിലേക്ക് നിര്‍ബന്ധിതാവസ്ഥയില്‍ മടങ്ങുന്ന പ്രവാസികള്‍ക്കായി വിമാനടിക്കറ്റ് നല്‍കാനുള്ള പരിപാടി പോലും വലിയ പ്രതികരണമുണ്ടാക്കിയില്ല. പരമാവധി ഗള്‍ഫില്‍ പിടിച്ചുനില്‍ക്കാനാണ് മലയാളികള്‍ ശ്രമിച്ചത്. അതിനാല്‍ സംസ്ഥാനത്തിന് വലിയൊരു ഒഴിഞ്ഞുവരവിന്‍റെ പ്രതിസന്ധി നേരിടേണ്ടി വന്നില്ലെങ്കിലും, ഭാവിയില്‍ കുറച്ചുകൂടി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മടങ്ങിയെത്തിയവര്‍ക്കായുള്ള പുനരധിവാസ പദ്ധതികളിലെ അവ്യക്തതയാണ് ഇതിന് കാരണം. നോര്‍ക്കയും പ്രവാസി കാര്യ വകുപ്പും കുറച്ചുകൂടി കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത അനുദിനം ബോധ്യപ്പെടുന്നുണ്ട്. പ്രവാസികള്‍ക്ക് ബാങ്ക്വായ്പ നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പുനരധിവാസ പദ്ധതികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വ്യവസായ സംരംഭങ്ങളെക്കുറിച്ചൊന്നും കേള്‍ക്കുന്നുമില്ല. പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് തന്നെ വ്യക്തമാക്കിയത് സ്വയംതൊഴില്‍ കണ്ടെത്താനുള്ള സഹായങ്ങള്‍ നല്‍കുമെന്നാണ്. ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.
യഥാര്‍ഥത്തില്‍ വേണ്ടിയിരുന്നത് പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യവും വിവിധ മേഖലകളിലെ അവരുടെ അനുഭവ പരിചയവും ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുകയും അതില്‍ തിരിച്ചെത്തിയവരെ പങ്കാളികളാക്കുകയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, അതിനായുള്ള ഒരു നീക്കവും കാണുന്നുമില്ല. സ്വന്തമായി നാട്ടില്‍ കച്ചവടസ്ഥാപനങ്ങള്‍ ആരംഭിച്ച് വിജയിപ്പിക്കുക തിരിച്ചെത്തുന്ന പ്രവാസികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയും വൈഷമ്യവും നിറഞ്ഞ ഏര്‍പ്പാടായിരിക്കും. പരിചയമില്ലാത്ത മേഖലകളില്‍ ചെന്നുപെട്ട് ഉള്ള നിക്ഷേപം കൂടി നഷ്ടപ്പെടുകയും ബാങ്കുകളുടെ മുന്നില്‍ വായ്പ തിരിച്ചടക്കാനാവാതെ അന്പരന്നു നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാകും സൃഷ്ടിക്കപ്പെടുക. ഇത് നാട്ടിലെ അന്തരീക്ഷം കലുഷിതമാക്കും. കുറെക്കൂടി ഭാവനാപൂര്‍ണമായ പ്രവാസി പുനരധിവാസ പദ്ധതിയും അതിനായുള്ള നയരൂപീകരണവും ഗൗരവത്തോടെ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
റിക്രൂട്ട്മെന്‍റിലെ ചതിക്കുഴികള്‍
ഗള്‍ഫിലെ മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍ നമ്മുടെ റിക്രൂട്ടിംഗ് രംഗത്ത് വന്പിച്ച ശുദ്ധീകരണവും ഉടച്ചുവാര്‍ക്കലും അനിവാര്യമാണ്. ഇല്ലാത്ത ഫ്രീവിസയുടെ പേരില്‍ ആളുകളെ കയറ്റിവിട്ട് അവരെ തൊഴില്‍ വിപണിയിലെ തെണ്ടികളാക്കി മാറ്റുന്ന അവസ്ഥ ഇനിയും സൃഷ്ടിക്കപ്പെട്ടുകൂടാ. കര്‍ശനമായ നിരീക്ഷണവും ശക്തമായ നടപടികളും ഇതിനായി നാട്ടില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അംഗീകാരമുള്ള റിക്രൂട്ടിംഗ് ഏജന്‍സികള്‍പോലും പലപ്പോഴും പ്രവാസത്തിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് ചതിക്കുഴികളാണ് ഒരുക്കുന്നത്.
സൗദിയിലെ തൊഴില്‍ വിപണിയില്‍ ഇത്രയധികം നിയമവിരുദ്ധ തൊഴിലാളികള്‍ ഉണ്ടായതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് സൗദികള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം പതുക്കെയെങ്കിലും സൗദി സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വിസക്കച്ചവടം വരുമാന മാര്‍ഗമാക്കിയ സൗദികളും അവര്‍ക്ക് ചൂട്ടുപിടിച്ച ഏജന്‍റുമാരും ചേര്‍ന്നാണ് ഇത്രയധികം ആളുകളെ രാജ്യത്തിനകത്ത് കൊണ്ടുവന്നത്. വലിയ തുക ഈടാക്കി വിസ വില്‍ക്കുക, അങ്ങനെ കയറി വരുന്ന പ്രവാസികളെ പിന്നീട് തൊഴില്‍ രേഖകളുടെ പേരില്‍ ചൂഷണം ചെയ്യുക, പുറത്ത് തൊഴില്‍ ചെയ്യാന്‍ വിട്ട് കമീഷന്‍ ഈടാക്കുക, പിന്നീട് ഒളിച്ചോട്ടക്കാരായി റിപ്പോര്‍ട്ട് ചെയ്ത് അവരുടെ മടക്കയാത്ര തന്നെ അവതാളത്തിലാക്കുക, ഇങ്ങനെ വഞ്ചനയുടെ ശൃംഖല തന്നെ തീര്‍ത്ത വിസമാഫിയകള്‍ക്ക് തൊഴില്‍ പരിഷ്കരണത്തിലൂടെ അന്ത്യം കുറിക്കുകയാണെങ്കില്‍ അതുതന്നെയായിരിക്കും ഈ പദ്ധതി കൊണ്ടുള്ള ഏറ്റവും വലിയ നന്മ.
വിദേശത്തേക്കുള്ള റിക്രൂട്ട്മെന്‍റിന് സര്‍ക്കാര്‍ ഗൗരവതരത്തിലുള്ള ചില സംവിധാനങ്ങള്‍ കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ കാര്യങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്. ശക്തമായ ഒരു സര്‍ക്കാര്‍ ഏജന്‍സി തന്നെ ഇതിനായി ഉണ്ടാകണം. വിദേശത്തേക്ക് ജോലി തേടിപ്പോകുന്ന ഏതൊരാളും ഈ ഏജന്‍സിയുടെ അറിവില്ലാതെ കടല്‍ കടക്കാന്‍ പാടില്ല. അവരുടെ വിദേശവാസത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഏജന്‍സി നിരീക്ഷിക്കണം. അവരുടെ പ്രയാസങ്ങള്‍ക്ക് അപ്പപ്പോള്‍ പരിഹാരമുണ്ടാക്കാനുള്ള സംവിധാനം വേണം. അവര്‍ മടങ്ങിവരുന്പോള്‍ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടാതിരിക്കാനുള്ള ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ നടപടികള്‍ എന്നിവ നടപ്പാക്കണം. ഒരാള്‍ കടല്‍ കടന്നാല്‍ പിന്നീട് എവിടെയാണെന്നുപോലും അറിയാത്ത അവസ്ഥയുണ്ടാകരുത്. ഇതിനായി വിപുലമായ സംവിധാനമുള്ള ഒരു പ്രവാസിവകുപ്പാണ് നമുക്ക് വേണ്ടത്. അല്ലാതെ, ഗള്‍ഫ് വ്യവസായികളുടെയും സന്പന്നരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കാനും മാത്രമായുള്ള ഒരു പ്രവാസി വകുപ്പ് നമുക്ക് വേണ്ടതില്ല തന്നെ. ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കുന്ന തൊഴില്‍ പരിഷ്കരണ നടപടികള്‍ നമുക്ക് ആശങ്കള്‍ സമ്മാനിച്ചുകൊണ്ടേയിരിക്കുന്ന അവസ്ഥക്ക് ശാശ്വത പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
സ്വന്തം സുരക്ഷക്കൊപ്പം നാട്ടിന്‍റെ സാന്പത്തിക ഭദ്രത കാക്കുന്നതിനു വേണ്ടി കൂടി ജീവിതം ബലികഴിക്കുന്ന പ്രവാസികളോട് കൂടുതല്‍ ഉദാരമായ, അതേസമയം അര്‍ഥപൂര്‍ണമായ സമീപനം കൈക്കൊള്ളാന്‍ നാട് തയാറാകേണ്ടിയിരിക്കുന്നു. അപ്പപ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാനുള്ള ഏജന്‍സി മാത്രമായി സര്‍ക്കാര്‍ മാറരുത്. ഒരാള്‍ വിദേശത്തേക്ക് പോയാല്‍, തിരിച്ചുവരുന്നതുവരെയും പിന്നീടും അയാളുടെ ജീവിത സുരക്ഷക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഫലപ്രദമായി ചെയ്തുകൊടുക്കുന്ന, നാടിന്‍റെ പരിഗണനയുള്ള, നാട് ആദരിക്കുന്ന ഒരു വ്യക്തിയാണ് താനെന്ന ബോധം ഓരോ ഗള്‍ഫുകാരനിലുമുണ്ടാക്കുന്ന സമഗ്രമായ നയരൂപീകരണത്തിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍, ആര്‍ജ്ജിതമായ നമ്മുടെ ശേഷികൂടി നശിപ്പിച്ചുകളയുന്നതിലേ അത് അവസാനിക്കൂ. വിമാനത്താവളം മുതല്‍ ഗള്‍ഫുകാരന്‍ നേരിടുന്ന പരിഹാസ നോട്ടങ്ങള്‍ക്കും സമീപനങ്ങള്‍ക്കും ഇതിലൂടെ മാത്രമേ അറുതിയുണ്ടാകൂ.
എ എം സജിത്ത്
നിതാഖാത്; സഊദിക്കും ഇന്ത്യക്കുമുള്ള പാഠങ്ങള്‍
മറ്റുള്ള പ്രസിദ്ധീകരണങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായി നിതാക്കത്ത് എന്താണ് എന്നും അത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും അത്ഇന്ത്യക്കാരെ ഏതെല്ലാം വിധത്തില്‍ എങ്ങനെ എല്ലാം ബാധിക്കും എന്നു വസ്തു നിഷ്ട്ടമായി പ്രതിപാദിക്കുന്നതായിരുന്നു
നിതാഖാത്; സഊദിക്കും ഇന്ത്യക്കുമുള്ള പാഠങ്ങള്‍ എന്ന രിസാലയിലെ എ എം സജിത്തിന്‍റെ വളരെ പടനാര്‍ഹമായ ലേഖനം .സൗദിയിലെ തൊഴില്‍ വിപണിയില്‍ ഇത്രയധികം നിയമവിരുദ്ധ തൊഴിലാളികള്‍ ഉണ്ടായതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് സൗദികള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ് യാഥാര്‍ഥ്യം. ഇക്കാര്യം പതുക്കെയെങ്കിലും സൗദി സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. വിസക്കച്ചവടം വരുമാന മാര്‍ഗമാക്കിയ സൗദികളും അവര്‍ക്ക് ചൂട്ടുപിടിച്ച ഏജന്‍റുമാരും ചേര്‍ന്നാണ് ഇത്രയധികം ആളുകളെ രാജ്യത്തിനകത്ത് കൊണ്ടുവന്നത്. വലിയ തുക ഈടാക്കി വിസ വില്‍ക്കുക, അങ്ങനെ കയറി വരുന്ന പ്രവാസികളെ പിന്നീട് തൊഴില്‍ രേഖകളുടെ പേരില്‍ ചൂഷണം ചെയ്യുക, പുറത്ത് തൊഴില്‍ ചെയ്യാന്‍ വിട്ട് കമീഷന്‍ ഈടാക്കുക, പിന്നീട് ഒളിച്ചോട്ടക്കാരായി റിപ്പോര്‍ട്ട് ചെയ്ത് അവരുടെ മടക്കയാത്ര തന്നെ അവതാളത്തിലാക്കുക, ഇങ്ങനെ വഞ്ചനയുടെ ശൃംഖല തന്നെ തീര്‍ത്ത വിസമാഫിയകള്‍ക്ക് തൊഴില്‍ പരിഷ്കരണത്തിലൂടെ അന്ത്യം കുറിക്കുകയാണെങ്കില്‍ അതുതന്നെയായിരിക്കും ഈ പദ്ധതി കൊണ്ടുള്ള ഏറ്റവും വലിയ നന്മ. ഈ വരികള്‍ വായിക്കുമ്പോള്‍ തന്നെ എത്ര വാസ്തു നിഷ്ട്ടമായാണ് ലേഖകന്‍ ഇത് തയ്യാറാക്കിയത് എന്നു മനസിലാകും .ഇനിയും ഇത്തരം ചതിക്കുഴികളില്‍ വന്ന് ചാടുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ ലേഖനം .സ്വന്തം സുരക്ഷക്കൊപ്പം നാട്ടിന്‍റെ സാന്പത്തിക ഭദ്രത കാക്കുന്നതിനു വേണ്ടി കൂടി ജീവിതം ബലികഴിക്കുന്ന പ്രവാസികളോട് കൂടുതല്‍ ഉദാരമായതും അര്‍ഥപൂര്‍ണമായ സമീപനം കൈക്കൊള്ളാന്‍ നാടും സമൂഹവും അത് പോലെ തന്നെ സര്‍ക്കാരും തയ്യാറാകണം .അല്ലാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു തല്‍ക്കാലിക ആശ്വാസം നല്ല മടങ്ങി വരുന്നവര്‍ക്ക് വേണ്ടത്.വെറും ഒരു വിമാന ടിക്കറ്റില്‍ ഒതുങ്ങി പോകരുത് എന്നു ചുരുക്കം .പ്രവാസികളെ വെറും കറവ പശുക്കളായി കാണുന്നതിന് പകരം അവരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താവുന്ന മേഖലകളില്‍ എല്ലാം പരമാവധി ഉപയോഗപ്പെടുത്തി നമ്മുടെ നാടിന് ഒരു മുതല്‍ കൂട്ട് ആക്കാന്‍ ശ്രമിക്കേണ്ടത് സര്‍ക്കാര്‍ ആണ്. നിതാഖാത് എന്ന സൗദിവല്‍ക്കരണ പരിപാടിയും അതിന് അനുബന്ധമായി നടപ്പാക്കുന്ന പദവി ശരിയാക്കല്‍ പ്രക്രിയയും മുന്‍കാലങ്ങളില്‍ പല തവണ നടപ്പാക്കിയതുപോലെ പാതിവഴിയില്‍ അവസാനിപ്പിക്കില്ലെന്നും അതുണ്ടാക്കാന്‍ ലക്ഷ്യമിട്ട ഫലം പൂര്‍ണമായും ലഭ്യമാകുന്നതുവരെ തുടരുമെന്നുമുള്ള സൗദി സര്‍ക്കാരിന്‍റെ ഇച്ഛാശക്തിയോടുകൂടിയ തീരുമാനം, ഇനിയും നിയമവിരുദ്ധരായി തുടരാന്‍ ആഗ്രഹിക്കുന്ന വിദേശ തൊഴിലാളികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഇങ്ങനെ വളരെ പ്രായോഗികമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് സൗദി അറ്യേ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഈ നീക്കമെന്ന് വ്യക്തം. അത് കൊണ്ട് തന്നെ ഇത്തരത്തില്‍ ഉള്ള ഇച്ഛാശക്തിയോടുകൂടിയ തീരുമാനം ആണ് കേരള സര്‍ക്കാരിന്റെയും ഇന്ത്യ ഗവര്‍ണ്‍മെന്‍റിന്റെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്
ലേഖനം തയ്യാറാക്കിയ എ എം സജിത്തിനും രിസാലക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം അഭിനന്ദങ്ങള്‍
മുസ്തഫമാനിപുരം
അല്‍ ഐന്‍