നന്മയുടെ വെളിച്ചം കെടുത്താന്‍ എക്കാലത്തും ആളുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സത്യത്തിനായി സമര്‍പ്പിച്ച മനുഷ്യര്‍ പീഡിപ്പിക്കപ്പെട്ടതും ശഹീദായതും ഇസ്ലാമിന് പുതുമയല്ല. പ്രവാചകന്മാര് പോലും ഇരയായതിന്റെ നേര്‍ക്കാഴ്ചകള്‍ വിശുദ്ധവേദഗ്രന്ഥം തന്നെയാണ് വിശ്വാസികള്‍ക്ക് തന്നത്. മുത്തുനബിക്ക് പോലും പീഡാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. “കാലം കെട്ടുപുഴുക്കുന്ന കാലത്ത് അല്ലാഹുവിന്റെ കലിമത്തിനായി ജീവിക്കുന്നത് കൈവെള്ളയില്‍ തീക്കട്ട പിടിക്കുന്നതിലേറെ പൊള്ളുമെ’ന്ന് മുത്തുനബി ദീര്‍ഘദര്‍ശനം ചെയ്തു. ആ വാക്കുകള്‍ ചരിത്രം പൊള്ളലോടെ വാങ്ങി.
ഇസ്ലാമിനെ യഥാവിധി കൈമാറുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കാലപ്പകര്‍ച്ചകളില്‍ അരികുവെട്ടിയും അകം തുരന്നും വിപണിയില്‍ വന്ന “പുരോഗമന ഇസ്ലാമിന്റെ’ പ്രതിപക്ഷത്താണ് സമസ്ത. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ തുടങ്ങി ഉള്ളാള്‍ സയ്യിദ് അബ്ദുറഹ്മാന് അല്‍ബുഖാരി തങ്ങള്‍ വരെയെത്തുന്ന സാരഥ്യത്തിന്റെ കാലദൈര്ഘ്യത്തിലൊരിടത്തും ഈ തങ്കത്തിളക്കത്തിന് മങ്ങലേറ്റിട്ടില്ല. പണ്ഡിത നേതൃത്വത്തിന്റെ ജാഗ്രതയുടെകൂടി ചരിത്രത്തിളക്കമാണത്. ആശയസംവേദന രംഗത്ത് ഈ തിളക്കത്തിന് മങ്ങലേല്പിക്കാന് കഴിയാത്തവരാണ് ഇരുളിന്റെ മറവില്‍ മാരകായുധങ്ങളുമായി നാട്ടുവഴികളില്‍ രണാസക്തിയോടെ ഇരയെ കാത്തു നില്‍ക്കുന്നത്.
ഇസ്ലാം സമാധാനമാണ്. അങ്ങനെയെങ്കില്‍ മതപ്രബോധനവും സമാധാനപരമാവണം. ഈ ചട്ടം മറികടക്കാന്‍ യാതൊരു പഴുതും ഇസ്ലാം തരുന്നില്ല. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് കേരളത്തില്‍ ഏഴു സുന്നി പ്രവര്‍ത്തകരുടെ ജീവനെടുക്കാന്‍ ഒരു മുസ്ലിം സംഘടന ഇറങ്ങിപ്പുറപ്പെട്ടതിനെ വായിച്ചെടുക്കേണ്ടത്.
കെ ടി സി അബ്ദുല്‍ഖാദിര്‍, കുണ്ടൂര്‍ കുഞ്ഞു, കിടങ്ങയം മുഹമ്മദ് കുട്ടി, കുറ്റിമൂച്ചി അബ്ദുക്ക, സമീപകാലത്ത് എളങ്കൂര്‍ അബുഹാജി, ഒടുക്കം കല്ലാംകുഴി കുഞ്ഞുഹംസയും നൂറുദ്ദീനും.
നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയായിരുന്നു ഈ അരുകൊലകള്‍. അവര്ക്കിതേചൊല്ലി യാതൊരു പരിഭവവുമുണ്ടായില്ല. ആശയവൈവിധ്യങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. അതിനു കാരണങ്ങളുമുണ്ടാവാം. ഈ വൈവിധ്യങ്ങളെ ആരോഗ്യകരമായ സംവാദങ്ങളിലൂടെയാണ് പ്രകാശിപ്പിക്കേണ്ടത്. അതിനുപകരം ആയുധങ്ങളുടെ വായ്ത്തലകള്‍ മൂര്‍ച്ച കൂട്ടുന്നത് ആശയപരമായ പരാജയമാണ്. അതിലേറെ പ്രാകൃതവുമാണ്.
ഏറ്റുവുമൊടുവില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ടാണ് ഈ വിഭാഗം തലകൊയ്യാനിറങ്ങിയത്. പൊലിഞ്ഞത് രണ്ടു ജീവനുകള്‍. വഴിയാധാരമായത് ഒട്ടനേകം ജീവിതങ്ങള്‍. കരിവാരിത്തേച്ചത് ഇസ്ലാമിന്റെ പൂമുഖത്തും.
കല്ലാംകുഴിയിലെ കുഞ്ഞുഹംസയും നൂറുദ്ദീനും വെറും രണ്ടാളുകളായിരുന്നില്ല അന്നാട്ടിലെ അനേകം ദരിദ്രകുടുംബങ്ങള്‍ക്ക് അന്നവും ആലംബവും കൊടുത്തവരായിരുന്നു. കല്ലാംകുഴിയിലെ കണ്ണീര് ഇതെഴുതുന്പോഴും വറ്റിയിട്ടില്ല.
ഹംസയും നൂറുദ്ദീനും കൊല്ലപ്പെടേണ്ടവരായിരുന്നുവെന്നാണ് ഖണ്ഡന മണ്ഡനങ്ങളുടെ അതിസാമര്ത്ഥ്യത്തിലൂടെ പുരോഹിതന്മാര് ഓതിപ്പറയുന്നത്. ഇവര്‍ ചെയ്ത തെറ്റെന്തായിരുന്നു? പ്രദേശത്ത് സ്വന്തം ആശയം പറയാന്‍ ധ്യൈപ്പെട്ടതോ, അതോ പാവങ്ങളെ സഹായിച്ചതോ? “ഒരു വിഭാഗത്തോടുള്ള വിരോധം അവരോട് അനീതിചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ’ എന്ന വേദശബ്ദം എന്തുകൊണ്ടാണ് അക്രമികളെ അലട്ടാതിരുന്നത്? ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണെന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ചത് മുത്ത് നബിയാണ്. ആ തിരുമുഖം എന്തുകൊണ്ടാണ് ഈ മനുഷ്യരെ മടങ്ങാന്‍ കൂട്ടാക്കാതിരുന്നത്? അപ്പോള്‍ എന്തായിരുന്നു ഇവരുടെ നേതൃത്വം ഇവരെ പഠിപ്പിച്ചു കൊണ്ടിരുന്നത്? ഇസ്ലാമിനെയും മുസ്ലിമിനെയും ഓര്‍ത്ത് ആശ്വസിക്കുന്ന മനുഷ്യര്‍ക്ക് ഈ നരാധമന്മാര് നല്കുന്ന പുതിയ സന്ദേശം എത്ര ഭീകരമാണ്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ കല്ലെറിയാനുള്ള ഇവരുടെ ഈറക്ക് കാലപ്പഴക്കമുണ്ട്. എസ്വൈഎസിന്റെയും തുടര്‍ന്ന് സമസ്തയുടെയും തലപ്പത്തേക്കുള്ള കാന്തപുരത്തിന്റെ കടന്നുവരവ് ഓടിളക്കിയായിരുന്നില്ല ശരിയായ സംവിധാനങ്ങളിലൂടെയായിരുന്നു. നേതൃരംഗത്ത് തിളങ്ങുന്നവരെ പ്രചോദിപ്പിക്കുന്നതിനു പകരം ഇല്ലാതാക്കാനാണ് ഒരുകൂട്ടം പണ്ഡിതന്മാരുടെ വ്യഗ്രതയെങ്കില് ഇവരുടെ അറിവിന്റെ ശുദ്ധ പൈതൃകം എവിടെയായിരിക്കും ആഴ്ന്നിട്ടുണ്ടാവുക?
കണ്ണൂര്‍ ഓണപ്പറന്പിലെ പള്ളിയും മദ്രസയും തകര്‍ത്ത് കര്സേവക്കിറങ്ങിയതും സ്വന്തം മതപാഠശാലക്ക് തീ കൊടുത്ത് അത് എതിര്‍പക്ഷത്തിന്റെ തലയില്‍വെക്കാന്‍ നോക്കിയതും ഇവര്‍ തന്നെ. ഹീനപ്രവൃത്തിയുടെ വിശ്വാസ്യത കൂട്ടാനായിരിക്കാം ഇവര്‍ ഖുര്‍ആന്‍ പോലും കത്തിച്ചുകളഞ്ഞു! എണ്ണൂറ് രൂപ നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കെ “അകിടു’ പൊള്ളിയത് ആ മൂന്നോ നാലോ ചെറുപ്പക്കാരുടേത് മാത്രമല്ല. ഇവര്‍ക്ക് കരാര്‍ കൊടുത്ത സംഘടനയുടേത് കൂടിയാണ്. എത്ര നിന്ദ്യമായ വൃത്താന്തങ്ങള്‍!
കുഞ്ഞുപ്രായത്തില്‍ തന്നെ ആദര്‍ശപരമായി പ്രതിപക്ഷത്തു നില്‍ക്കുന്നവരെ വെറുക്കാന്‍ പഠിപ്പിക്കുന്നത്, അനുയോജ്യസന്ദര്ഭങ്ങളില് അവരെ തുടച്ചുനീക്കാന്‍ പരിശീലിപ്പിക്കുന്നത്, അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്ന് കടംകൊണ്ട രീതിയായിരിക്കും. ഇന്ത്യയില്‍ ഫാഷിസത്തിന്റെ മൊത്ത വ്യാപാരികളായ ആര്‍എസ്എസിനെ ഇവര്‍ നന്നായി വായിച്ചിട്ടുണ്ടാവണം. ഇവരുടെ വളര്‍ത്തച്ഛന്മാര്‍ക്ക് ബിജെപിയുമായി സംബന്ധമുള്ളതാണല്ലോ കോലീബി കേരളം മറക്കില്ല.
ശത്രുവിന് പോലും കാരുണ്യമെന്നതാണ് വിശുദ്ധമതത്തിന്റെ സാരങ്ങളിലൊന്ന്. ഇസ്ലാം പകയുടെ പേരാണെന്ന നുണ ആഗോള സാമ്രാജ്യത്വ ശക്തികളുടെ കുപ്രചാരണമാണ്. നുണകള്‍ക്ക് ആര്ഡിഎക്സിനെക്കാള് സംഹാരശേഷിയുണ്ടെന്ന് കാണിച്ചത് ഹിറ്റ്ലറിന്റെ മന്ത്രി ഗീബല്‍സാണ്. ന്യൂജനറേഷന് മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി വലതുപക്ഷ സാമ്രാജ്യത്വം പ്രയോഗിക്കുന്ന കടുപ്പമേറിയ ആയുധങ്ങളിലൊന്നും നുണ തന്നെയാണ്. ഇസ്ലാമിനെ പ്രതികാരദാഹിയായി അവതരിപ്പിക്കുന്പോള് മാത്രമേ അവര്‍ക്ക് “തീവ്രവാദം’ എന്ന് ഒച്ചയിടാന്‍ കഴിയൂ. അങ്ങനെ വരുന്പോഴാണ് അഫ്ഗാനിലും ഇറാഖിലും നടത്തിയ നരനായാട്ടുകള്‍ക്ക് നീതീകരണമാവുന്നത്.
തീവ്രവാദത്തിന് നിലനില്ക്കാന് മുസ്ലികളുടെ “ദുരിതം’ വേണം സാമ്രാജ്യത്വത്തിന് വാളെടുക്കാന്‍ തീവ്രവാദം ആവശ്യമാവുന്നതുപോലെ. ഇതൊരു കൊടുക്കല്‍ വാങ്ങലാണ്. അതിനുവേണ്ടി അമേരിക്കയുടെ തന്നെ “പോറ്റുമക്കള്‍’ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരകായുധങ്ങളോടെ മറഞ്ഞിരിപ്പുണ്ട്. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇങ്ങനെ നിന്നു കൊടുക്കുന്ന മറ്റൊരു ഹേതുവാകുകയാണോ വിമത സമസ്ത?
മതത്തിന്റെ സംജ്ഞകളുപയോഗിച്ചുള്ള ഈ അരുകൊലകള്‍ മുഖ്യധാരാ സമൂഹം ഇനിയും കണ്ടിട്ടില്ല. സാംസ്കാരിക നായകരാവട്ടെ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കാറുമില്ല. ടി പി ചന്ദ്രശേഖരന്റെ ശരീരത്തിലേറ്റ ഓരോ വെട്ടിന്റെയും നീളവും ആഴവും കൃത്യമായി അളന്നെടുത്ത് കഥയെഴുതിയവരും കവിത രചിച്ചവരും ചാനലുകളില്‍ നിറഞ്ഞാടിയവരും മണ്ണാര്‍ക്കാട്ടെ സഹോദരങ്ങളുടെ ശരീരത്തിലേറ്റ അന്‍പതോളം വെട്ടുകള്‍ എണ്ണാതെ പോയി. ഹംസയെയും നൂറുദ്ദീനെയും കാറില്‍ നിന്ന് വലിച്ചിറക്കിയ ഉടനെ കാലിനു വെട്ടി ഓടിരക്ഷപ്പെടാതിരിക്കാനുള്ള “മുന്‍കരുതല്‍’ എടുത്ത ശേഷം തുരുതുരെ വെട്ടി നുറുക്കി. കൊടിസുനിക്കും കിര്‍മാണി മനോജിനും പകര്‍ത്താവുന്ന “പ്രൊഫഷണലിസ’മാണിവിടെ പ്രകടമാവുന്നത്. മതതീവ്രവാദം എങ്ങോട്ടാണ് ചുവടുവെക്കുന്നതെന്നും ആര്‍ക്കാണതിന്റെ അധ്യക്ഷപദവിയെന്നും സാംസ്കാരിക നായകര്‍ അറിയാതെ പോവരുത്.
സുന്നികള്‍ക്കെതിരായ ഈ അക്രമ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിംലീഗ് പ്രതിസ്ഥാനത്താണെന്നത് ഗൗരവത്തോടെ കാണണം. ഒരു രാഷ്ട്രീയപ്രസ്ഥാനം അങ്ങനെതന്നെ മതതീവ്രവാദത്തിന്റെ ഒറ്റപ്പാളിയായി ചിട്ടയൊത്തു പോവുന്നതും അവര്‍ക്ക് സഊദിയിലെ ആലുശൈഖ് പോലെ, താലിബാന്റെ തീവ്രവാദ ഫാക്ടറികള്‍ പോലെ ഒരു മതസംഘടന വേദം ദുര്‍വ്യാഖ്യാനിച്ചു കൊടുക്കുന്നതും നമ്മെ എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടത് പൊതു സമൂഹമാണ്. പൊതു പ്ലാറ്റ്ഫോമാവേണ്ട ലീഗെന്തിന് തീവ്രവാദികള്‍ക്ക് കുടചൂടിക്കൊടുക്കണം? മണ്ണാര്‍ക്കാട്ടെ കൊലപാതകത്തിന് പ്രതികളായി പിടിക്കപ്പെട്ടവരിലൊരാള്‍ മുസ്ലിംലീഗിന്റെ പഞ്ചായത്ത് ഭാരവാഹിയാണ്. അക്രമങ്ങളെ അപലപിക്കാന്‍ തന്റേടം കാട്ടിയ പാര്‍ട്ടി നേതൃത്വം കൊലയാളികളെ തള്ളിപ്പറയാനും പ്രതികള്‍ക്കെതിരെ സംഘടനാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനുമുള്ള നട്ടെല്ല് പ്രകടിപ്പിക്കണം.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തികച്ചും ഭിന്നമാണ് മുസ്ലിംലീഗ്. നേതാക്കളുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, രാഷ്ട്രീയ പ്രവര്‍ത്തനം ആരാധനയായി കാണുന്ന പാര്‍ട്ടിയാണത്. കേവലമൊരു ജനാധിപത്യ പ്രസ്ഥാനം എന്നതിനപ്പുറമാണ് ലീഗിന്റെ രാഷ്ട്രീയ ഇടമെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിക്ക് അത് പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിക ദര്‍ശനത്തോട് നീതി പുലര്‍ത്താന്‍ ബാധ്യതയുണ്ട്. സമുദായത്തിനു വേണ്ടി ജീവിച്ചു മരിച്ച നേതാക്കളെ ഫ്ളക്സ് ബോര്‍ഡുകളില്‍ കവലയിലെ കാഴ്ചപ്പണ്ടാരങ്ങളാക്കി മാറ്റുന്നതിനുപകരം അവരുയര്‍ത്തിപ്പിടിച്ച ഉദാത്ത മനുഷ്യ സ്നേഹത്തിലേക്ക് തിരിച്ചു നടക്കുന്നതിനെക്കുറിച്ചാലോചിക്കാന് ലീഗിന് ഇതാണേറ്റവും അനുയോജ്യമായ സമയം പ്രത്യേകിച്ചും ശഹീദ് ശുക്കൂര്‍ അവരുടെ നൊന്പരമായിരിക്കുന്ന ഇക്കാലത്ത്.
എം ടി മുഹമ്മദലി
You must be logged in to post a comment Login