എന്തും ആപത്ശങ്കയില്‍ നോക്കിക്കാണുന്ന ചിലരുണ്ട്. ആരെയും എന്തിനെയും സംശയദൃഷ്ടിയോടെ കാണുന്നവര്‍. തട്ടിപ്പു ചികില്‍സകരുടെയും സിദ്ധന്മാരുടെയും പ്രധാന ഇരകളാണിവര്‍.
ശങ്ക വിഷമാണെ’ന്നൊരു ചൊല്ലുണ്ട്. സത്യവിശ്വാസി സംശയാലുവാകരുത്. യഖീനൊറപ്പ്’ ഉള്ളവനാകണം.
വീട്ടിലൊരു നിശ്ചയമോ നികാഹോ ഗൃഹപ്രവേശമോ നടക്കുന്പോള് ഗ്ലാസ് ഒന്നുടഞ്ഞാല്‍ അത് അപലക്ഷണമായി, ആശങ്കയായി. നല്ലൊരു കാര്യത്തിന്നിറങ്ങുന്പോള് കറുത്ത പൂച്ചയെയോ കരിങ്കോഴിയെയോ കണ്ടാല്‍ ദുര്‍ലക്ഷണമായി. കാലന് കോഴി കൂവിയാല്‍ മരണവാര്‍ത്ത ഉറപ്പായി.
ഇതുമതി മനസ്സ് അസ്വസ്ഥമാവാന്‍.
കൈവഴുതിയാല് ഗ്ലാസ് താഴെവീഴും. ഗ്ലാസ്സല്ലേ, വീണാല്‍ പൊട്ടും. കാക്കക്കും പൂച്ചക്കും അല്ലാഹു കൊടുത്ത കറുപ്പുനിറത്തെ നിങ്ങള്‍ക്കു വേണ്ടി മാറ്റാന്‍ അവയ്ക്കാവില്ല. അവ അവയുടെ വഴിയെ പോകും.
കാലന്കോഴിക്ക് സ്രഷ്ടാവ് നല്കിയ ശബ്ദം എങ്ങനെയോ, അതങ്ങനെ കൂവും.
മരണം റബ്ബിന്നു മാത്രം അറിയുന്ന അദൃശ്യകാര്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്ന മഹാന്മാര്ക്കൊഴികെ അതു മുന്‍കൂട്ടി അറിയാനാവില്ല.
ഇതൊക്കെയാണ് ചിന്തിക്കേണ്ടത്.
ഇനിയും ബോധ്യമാവുന്നില്ലെങ്കില്‍ കാലന്‍കോഴി കൂവുന്നത് നിങ്ങളെ പരിഹസിച്ചാണെന്നേ കരുതേണ്ടൂ.
പിന്നെയും മനസ്സിന് ഒരസ്വസ്ഥത തോന്നുന്നുവെങ്കില്‍ ചൊല്ലാന്‍ ദിക്റുകളുണ്ട്. അതോടെ തീര്‍ന്നു, തീരണം.
മുഅ്മിന് എന്നാല്‍ സത്യവിശ്വാസിയാണ് അന്ധവിശ്വാസിയല്ല. വിചാരണയും ശിക്ഷയുമില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന എഴുപതിനായിരമാളുകളുണ്ടെന്ന് പറഞ്ഞിട്ട് തിരുനബി(സ്വ) വീട്ടിനകത്തേക്കു പോയി. സ്വഹാബികള്‍ ചര്‍ച്ചയില്‍ മുഴുകി ആരായിരിക്കും ആ ഭാഗ്യവാന്മാരെന്ന്.
നബി(സ്വ)യോട് സഹവസിച്ചവര്‍’ എന്നും ഇസ്ലാമില്‍ ജനിച്ചവര്‍ ‘ എന്നുമൊക്കെ അവര്‍ പറഞ്ഞു. ഏതാനും സമയം കഴിഞ്ഞ് തിരുനബി(സ്വ) പുറത്തു വന്നപ്പോഴും അവര്‍ ചര്‍ച്ചയില്‍ തന്നെ. അപ്പോള്‍ ആ ഭാഗ്യവാന്മാര് ആരെന്ന് അവിടുന്നു വിശദീകരിച്ചു അനിസ്ലാമിക മന്ത്രങ്ങള്‍ നടത്താത്തവരും അതിനാവശ്യപ്പെടാത്തവരും പക്ഷികളില്‍ ദുഃശ്ശകുനം കാണാത്തവരും റബ്ബില്‍ കാര്യമേല്പ്പിക്കുന്നവരുമാണവര്.’ റബ്ബ് ഉദ്ദേശിച്ചത് നടക്കും. അതേ നടക്കൂ, എല്ലാ ദോഷത്തില്‍ നിന്നും അല്ലാഹുവില്‍ അഭയം. ഈ ദൃഢചിന്ത വേണം വിശ്വാസിക്ക്.
ഉമ്മ മരിച്ച വീട്ടിലല്ല അനന്തര ചടങ്ങുകള്‍ നടന്നത് എന്നതിനാല്‍ വീട്ടുകാരിക്ക് അസ്വസ്ഥത.
വീട്ടില്‍ ഖുര്‍ആന്‍ പാരായണവും മറ്റുമൊക്കെ തീര്‍ച്ചയായും വേണ്ടതു തന്നെ. പക്ഷേ, അതില്ലാത്തതിനാല്‍ റൂഹ് വരുമെന്നത് അന്ധവിശ്വാസമാണ്. കര്‍മങ്ങള്‍ നടക്കാത്തതിനാല്‍ ആത്മാവ് ഗതികിട്ടാ പ്രേതമായി അലയുമെന്ന അമുസ്ലിം വിശ്വാസങ്ങളില്‍ പെട്ടതാണിത്.
ഇന്‍സിനു പുറമെ പടപ്പുകളായ മറ്റൊരു വിഭാഗമാണ് ജിന്നുകള്‍. മനുഷ്യരിലെപ്പോലെ കാഫിറുകള്‍ അവരിലുമുണ്ട്. ശയ്ത്വാനെന്നും പിശാചെന്നും പറയുന്നത് ഇക്കൂട്ടരെയാണ്.
ശല്യം ചെയ്യുന്ന ജിന്നുകളെ ഖുര്‍ആന്‍ കൊണ്ട് പ്രതിരോധിക്കാം. ആയത്തുല്‍കുര്‍സി ഓതിയാല്‍ പിശാചിന്റെ ശല്യമുണ്ടാവില്ലെന്നു പിശാചു തന്നെ പറഞ്ഞു അബൂഹുറയ്റ(റ)യോട്. പക്ഷേ, ശരിയായ ഖുര്‍ആന്‍ പാരായണം ശരിയുള്ളവനില് നിന്നുണ്ടാവണം.
ആ മന്ത്രത്തിനു ഫലമുണ്ട്. അല്ലാത്തതൊക്കെ വെറും തന്ത്രങ്ങള്‍. കാര്യം നേടാന്‍ കഴുതക്കാലല്ല, പിശാചിന്റെ കാലും പിടിക്കാന്‍ തയ്യാറാണിന്നെല്ലാവരും.
ആള്‍ദൈവങ്ങളും പണ്ഡിതവേഷക്കാരുമൊക്കെ കൊഴുക്കുന്നത് ഉത്തമ സമുദായത്തിന്റെ പണം കൊണ്ട് തന്നെ.
മലപ്പുറം ജില്ലയിലെ ഒരു പ്രസിദ്ധ ആള്‍ദൈവത്തിന്റെ ആശ്രമത്തിന്റെ ചുറ്റുമതില്‍ ഒരു ഹാജിയാരുടെ വകയാണ്. കൊടിമരം മറ്റൊരാളുടെയും. ഇവിടെയും പ്രധാന സാന്പത്തിക സ്രോതസ്സ് മുസ്ലിം സോദരിമാരുടെ അജ്ഞതയില്‍ നിന്നുടലെടുത്ത സംശയരോഗങ്ങള്‍ തന്നെ. സത്യമായും സത്യവിശ്വാസിയാവാന്‍ നമുക്കു കഴിയാതിരുന്നാല്‍..
സ്വാദിഖ് അന്‍വരി
സ്വാദിഖ് അന്‍വരി എഴുതിയ
ആകാശംമുട്ടുന്ന അന്ധവിശ്വാസങ്ങള്‍
കാലന്‍കോഴി കളിയാക്കി കൂവുന്നു
എന്നീ രണ്ട് ലക്കങ്ങളില്‍ ആയി രിസാല പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഓരോ മുസ്ലിം കുടുംബ്ത്തിലെയും ഓരോരോ ആള്‍ക്കാരുടെയും കണ്ണ് തുറപ്പിക്കേണ്ട കാര്യങ്ങള്‍ ആണ് പ്രതിപാദിച്ചത് . ലേഖകന്‍ പറഞ്ഞ പോലെ എന്തിനും ഏതിനും തട്ടിപ്പു ചികില്‍സകരുടെയും സിദ്ധന്മാരുടെയും പ്രധാന ഇരകളാണിവര്‍ ഇതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നവരോ നമ്മുടെ സഹോദരിമാരായ മുസ്ലിം സ്ത്രീകളും !!!!!!!!!!!!!! നബി തങ്ങള്‍ പറഞ്ഞ പോലെ ” ദുഃശ്ശകുനം കാണാത്തവരും റബ്ബില്‍ കാര്യമേല്പ്പിക്കുന്നവരുമാണവര്.’ റബ്ബ് ഉദ്ദേശിച്ചത് നടക്കും. അതേ നടക്കൂ, എല്ലാ ദോഷത്തില്‍ നിന്നും അല്ലാഹുവില്‍ അഭയം. ഈ ദൃഢചിന്ത വേണം വിശ്വാസിക്ക്”.
ആള് ദൈവങ്ങളും പണ്ഡിത വേഷക്കാരും ഒക്കെ തടിച്ച് കൊഴുക്കുന്നത് നമ്മുടെ സമുതായ സോദരിമാരുടെ പണം കൊണ്ടാണ് കൂടുതലും എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് . ഈ ഒരു ലേഖനം ഇവരെയൊക്കെ ഒന്ന് മാറി ചിന്തിക്കാന്‍ ഇടയാക്കട്ടെ എന്ന് പ്രത്യശിക്കുന്നു
ഈ രിസാലയുദെ നടത്തിപ്പുകാരും ഇതിനു പ്ന്നിലെ പ്രസ്ഥാനവും തന്നെയാണു ഇ ലേഖനത്തിന്റെ മുഖ്യ ലക്ഷ്യം ! ഒന്ന് ആവര്‍ത്തിച്ചു വായിച്ചാൽ എല്ലാം കൊള്ളുനത് നിങ്ങളുടുയോക്കെ മുഖത് തന്നെയാണ് !