അങ്ങനെ അടുത്ത കാലത്ത് ലൈബ്രറിയായി മാറ്റിയ മുത്ത്നബിയെ പ്രസവിച്ച ആ വിശുദ്ധ വീടിനകത്ത് ഞാനും കടന്നു.
ഉള്ളില്‍ ഒരു കൊച്ചു ലൈബ്രറി. കുറച്ചാളുകള്‍ അവിടവിടെ കസേരയിട്ടിരുന്നു ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്യുന്നു. ഞാനാകെ പകച്ചുനിന്നു. എന്ത് ചെയ്യും? ഒരു മന്‍ഖൂസ് മൗലൂദ് ഓതാനാണ് തോന്നിയത്. പക്ഷേ അതിവിടെ പറ്റില്ലല്ലോ. കടുത്ത ശിര്‍ക്കാണത്! തിരുനബി (സ) പെറ്റുവീണ സ്ഥലത്ത് (മൗലിദ്) ജനിച്ച സന്ദര്‍ഭത്തെക്കുറിച്ച് ഓര്‍മ്മവന്നുപോയാല്‍ ശിര്‍ക്കിന്‍റെ വ്യാളികള്‍ നമ്മുടെ ഹൃദയങ്ങളെ വിഴുങ്ങിക്കളയും! ഓര്‍മ്മകളുടെ സ്പന്ദനമോ വൈകാരികതയുടെ കണ്ണീര്‍ പെയ്ത്തോ ആദരവുകളുടെ നനവോ ഒന്നുമില്ലാത്ത ഊഷരമായ മരുഭൂമി പോലെ വരണ്ടു കിടക്കുന്നതാണോ ഇവര്‍ പറയുന്ന ഇസ്ലാം?
നിന്ന നില്‍പില്‍ കുറച്ച് പുസ്തകങ്ങള്‍ വെറുതെ ഒന്ന് എടുത്ത് നോക്കി. ഞാനാദ്യം കരുതിയത് തിരുനബിയുമായി, അവിടുത്തെ കുട്ടിക്കാലവുമായി, മക്കയുമായി ഒക്കെ ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ മാത്രം ശേഖരിച്ച ഒരു സവിശേഷമായ ലൈബ്രറി യായിരിക്കും അതെന്നാണ്. പക്ഷേ അത്തരം പ്രത്യേകതകളൊന്നും തോന്നിയില്ല.
ആരൊക്കെയോ പിന്നില്‍ നിന്ന് ഇരിക്കാനായി ആംഗ്യം കാണിക്കുന്നു. എനിക്കവിടെ ഇരിക്കാന്‍ മനസ്സ് വന്നില്ല. ഒന്നു കരയാന്‍ പോലും അനുവാദമില്ലാത്ത, ചുണ്ടനക്കാന്‍ സമ്മതമില്ലാത്ത, ഒരു പ്രവേശിക പോലും തുറക്കാത്ത ഈ പുതുപുത്തന്‍ കെട്ടിടത്തില്‍ ഞാനെന്തു ചെയ്യാന്‍? കണ്ണുകള്‍ മുന്നില്‍ തുറന്നു വെച്ച കിതാബിന്‍റെ വരികളിലൂടെ അരിക്കുന്പോള്‍ ഖല്‍ബ് പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് പാഞ്ഞു.
മുത്തുനബിയെ പ്രസവിക്കുന്നു! സുജൂദിലാണ് കുട്ടി കിടക്കുന്നത്. മാര്‍ക്കം കഴിച്ചിട്ടുണ്ട്. കണ്ണുകളില്‍ സുറുമ! പൊക്കിള്‍കൊടി മുറിക്കപ്പെട്ടിട്ടുണ്ട്. വൃത്തികേടുകളൊന്നുമില്ല! കാല്‍മുട്ടുകളും മുന്‍കയ്യും (ചൂണ്ടു വിരലുകള്‍ ഒഴികെ ബാക്കി വിരലുകള്‍ ചുരുട്ടിപ്പിടിച്ച്) നിലത്ത് അമര്‍ത്തി വച്ചു കിടക്കുന്ന കുട്ടി ശേഷം ആകാശത്തേക്ക് കണ്ണുകളുയര്‍ത്തുന്നു. റൂമില്‍ നിറയെ പ്രകാശം നിറയുന്നു…
ഇപ്പോള്‍ എന്‍റെ ഹൃദയമാണ് ആ മുറി. അവിടെയാണ് പ്രകാശം നിറയുന്നത്. അവിടേക്കാണ് നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുന്നത്.
ആ മുറി ഇപ്പോള്‍ ഒരു വീടായി രൂപപ്പെടുന്നു.
മുത്ത്നബി പെറ്റുവീണ, അവിടുന്ന് അമ്മിഞ്ഞ നുണഞ്ഞ, മുട്ടിലിഴഞ്ഞ, പിച്ച വെച്ച, കുടുകുടാ ചിരിച്ച, ചിണുങ്ങിക്കരഞ്ഞ, വാവാവോ ഉറങ്ങിയ, ളുളൂ കുളിച്ച… വിശുദ്ധമായ വീട ്. എത്രയെത്ര മലക്കുകള്‍ അവിടെ വിരുന്നു വന്നു!
ആ കുറഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കോടി സ്വലാത്തുകള്‍ ഞാന്‍ ചൊല്ലിയോ?കുണ്ടൂര്‍ ഉസ്താദിന്‍റെയും ബാപ്പു ഉസ്താദിന്‍റെയും തേനൂറും മദ്ഹുകള്‍ ഞാന്‍ ആലപിച്ചോ? അശ്റഖയും അതിന്‍റെ ഹദീസും യാ അക്റമയും അയാസ്വനമയും ഞാന്‍ ഓതിയോ?
ഇല്ല!!
ഇല്ലേ?
ഉം!
മന്‍ ഹമ്മ ബിഹസനതിന്‍.. (ഒരാള്‍ ഒരു നന്മ ആഗ്രഹിക്കുകയും അത് ചെയ്യാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ അത് ചെയ്ത പ്രതിഫലം അവന് ലഭിക്കുന്നതാണ് )എന്നാണല്ലോ മുത്തുനബി പഠിപ്പിച്ചത്.
വൈകാതെ പുറത്തിറങ്ങി.
ഇനി സന്ദര്‍ശിക്കാനുള്ളത് മസ്ജിദുശ്ശജറയും മസ്ജിദുല്‍ ജിന്നും..
ഹയ്യ് സുലൈമാനിയിലാണ് ഞങ്ങളുടെ റൂം. അവിടേക്ക് പോകുന്ന വഴിയില്‍തന്നെയാണ് രണ്ടു പള്ളികളും.
മുത്തുനബിക്കു വേണ്ടി ഒരു മരം നടന്നു വന്ന കഥയുണ്ടല്ലോ ഹദീസ് ഗ്രന്ഥങ്ങളില്‍.
മുത്തുനബി ഹജൂനില്‍ ഇരിക്കുകയായിരുന്നു. മുശ്രിക്കുകള്‍ അവിടുത്തെ വല്ലാതെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു അല്ലാഹുവേ, ഇന്ന് എനിക്ക് ഒരു ദൃഷ്ടാന്തം കാണിച്ചു താ. ഇനി ആര് എന്നെ നിഷേധിച്ചാലും ഞാനത് പ്രശ്നമാക്കില്ല.
അപ്പോള്‍ ഒരു വിളിയാളം ഒരു മരത്തെ വിളിക്കൂ.
അവിടുന്ന് ഒരു മരത്തെ വിളിക്കുന്നു.
മണ്ണില്‍ വരകള്‍ വീഴ്ത്തി വേരുകളോടെ അത് നടന്നു വരുന്നു!
മുത്തുനബിയുടെ അടുത്തെത്തിയപ്പോള്‍ അവിടുത്തേക്ക് സലാം പറയുന്നു.
മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു തിരിച്ചു പോകുന്നു.
അപ്പോള്‍ അവിടുന്ന് പറഞ്ഞു ഇനി എന്‍റെ ജനത എന്നെ എത്ര നിഷേധിച്ചാലും ഞാനത് അവഗണിക്കും. ആ സംഭവം നടന്ന സ്ഥലമാണത്. അതിന്‍റെ ഓര്‍മ്മക്കായി പിന്നീട് അവിടെ ഒരു പള്ളി നിര്‍മ്മിച്ചു മസ്ജിദുശ്ശജറ..
പക്ഷേ ഇത് മസ്ജിദുശ്ശജറയാണെന്നോ ഇവിടെ ഇങ്ങനെ ഒരു മഹാത്ഭുതം സംഭവിച്ചിട്ടുണ്ടെന്നോ അവിടെയെവിടെയും ഇപ്പോള്‍ കാണുന്നില്ല. ആര്‍ക്കെങ്കിലും ഓര്‍മകള്‍ തികട്ടി വന്നാലോ എന്ന് പേടിച്ചിട്ടായിരിക്കും. മരത്തിന്‍റെ അനുസരണയുടെ ശക്തിയും തന്‍റെ വിധേയത്വത്തിന്‍റെ ദൗര്‍ബല്യവും ആലോചിച്ച് ആരുടെയെങ്കിലും കണ്ണില്‍ നിന്ന് രണ്ടിറ്റു കണ്ണുനീര്‍ ഇറ്റിവീണാല്‍ ശിര്‍ക്കിന്‍റെ രാജവെന്പാലകള്‍ അവിടെ കുടികെട്ടി പാര്‍ക്കുകയില്ലേ..!
മസ്ജിദുശ്ശജറയുടെ നേരെയാണ് മസ്ജിദുല്‍ ജിന്ന്. ജിന്നുകള്‍ നിര്‍മ്മിച്ച പള്ളിയല്ല അത്. ജിന്നുകളുമായി നബി(സ) തങ്ങള്‍ സംസാരിക്കുകയും അവര്‍ക്ക് ഇസ്ലാം പഠിപ്പിക്കുകയും ചെയ്ത ഇടം. അതിന്‍റെ സ്മരണക്കു വേണ്ടി പില്‍കാലത്ത് അവിടെ പള്ളി വന്നു. ചരിത്രം അവിടെയും മൗനം. നജ്ദികളുടെ സങ്കുചിതത്വം തന്നെയായിരിക്കാം അതിന്‍റെയും കാരണമെന്ന് ഞാന്‍ നിനച്ചു.
ജിന്നുകള്‍ വന്ന കഥ മനസ്സിലൂടെ കടന്നുപോയി.
ബത്വ്ന് നഖ്വായില്‍ നിന്ന് ഏഴുജിന്നുകള്‍ അവരുടെ സമൂഹത്തിലേക്ക് മുന്നറിയിപ്പുമായി ചെന്നു. അതെതുടര്‍ന്ന് അവര്‍ മുന്നൂറു (മറ്റൊരു അഭിപ്രായം 1200) പേര്‍ മുത്തുനബിയുടെ അടുക്കലേക്ക് സംഘമായി വന്നു. അവര്‍ ഹജൂന്‍ (ജന്നതുല്‍ മുഅല്ലക്കരികിലുള്ള സ്ഥലം. ഇവിടെയാണ് മസ്ജിദുല്‍ ജിന്ന് ഉള്ളത്) എന്ന സ്ഥലത്തെത്തി. ഒരാള്‍ ചെന്ന് മുത്ത്നബിയോട് പറഞ്ഞു ഞങ്ങളുടെ ആളുകള്‍ ഹജൂനില്‍ അങ്ങയെ കാണാന്‍ കാത്തിരിക്കുന്നു. രാത്രി ഒരു സമയം അവിടെ എത്തും എന്ന് തിരുനബി വാക്ക് കൊടുത്തു. മുത്തുനബി സ്വഹാബത്തിനോട് ചോദിച്ചു ഇന്ന് രാത്രി ജിന്നുകള്‍ക്ക് ഖുര്‍ആന്‍ ഓതിക്കൊടുക്കാനും മുന്നറിയിപ്പ് നല്‍കാനും എനിക്കു കല്‍പന കിട്ടിയിരിക്കുന്നു. ആരാണ് കൂടെ വരുന്നത്? എല്ലാവരും തല കുനിച്ചു. അബ്ദുല്ലാഹിബ്നു മസ്ഊദ് ഒഴികെ.അങ്ങനെ അബ്ദുല്ലാഹിബ്നു മസ്ഊദ് നബി (സ) യോടൊപ്പം പോയി.
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു ഞങ്ങള്‍ ഹജൂനില്‍ എത്തിയപ്പോള്‍ മുത്തുനബി (സ) കാലുകൊണ്ട് ഒരു വര വരച്ച് എന്നോട് പറഞ്ഞു ഞാന്‍ മടങ്ങി വരുന്നത് വരെ ഇവിടെ നിന്ന് എവിടേക്കും പോകരുത്. അല്ലാത്ത പക്ഷം അന്ത്യനാള്‍ വരെ നിന്നെ ഞാന്‍ കാണില്ല.
പിന്നീട് മുത്തുനബി(സ) ഇരുന്ന് അവര്‍ക്ക് സൂറ അലഖ് (റഹ്മാന്‍) ഓതിക്കൊടുത്തു. ശക്തമായ ഒച്ചപ്പാടുകള്‍ കേള്‍ക്കുന്നുണ്ട്. മുത്തുനബിക്ക് എന്തെങ്കിലും പറ്റുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. മേഘപാളികള്‍ പോലെ പിന്നീടവര്‍ പോയി.
മുത്തുനബി മടങ്ങി വന്നു. അവിടുന്ന് ചോദിച്ചു നീ എന്തെങ്കിലും കണ്ടോ?
ഞാന്‍ അതെ! സുഡാനികളെപ്പോലെ ഒരുതരം കറുത്ത ആളുകളെ.
മുത്തുനബി അവരാണ് നസ്വീബീനിലെ ജിന്നുകള്‍.
ഞാന്‍ ഭയങ്കര ബഹളം കേട്ടുവല്ലോ . അങ്ങേക്ക് എന്തെങ്കിലും പറ്റുമോ എന്ന് ഭയപ്പെട്ടു. അവസാനം അങ്ങ് അങ്ങയുടെ വടികൊണ്ട് അവരെ ശാന്തരാക്കുന്നതും ഇരിക്കാന്‍ ആവശ്യപ്പെടുന്നതും കേട്ടു. എന്തായിരുന്നു അതിന്‍റെ കാരണം?
മുത്തുനബി ജിന്നുകള്‍ക്കിടയില്‍ ഒരു കൊലപാതകം നടന്നിരുന്നു. അതില്‍ വിധി പറയാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ സത്യമായ വിധി നല്‍കി.
ഞാന്‍ രണ്ട് ശക്തമായ ശബ്ദങ്ങള്‍ കേട്ടുവല്ലോ..?
തിരുനബി അതെ, ഒന്ന് ഞാന്‍ സലാം ചൊല്ലിയപ്പോള്‍ അവര്‍ മടക്കി. രണ്ട് അവര്‍ ഭക്ഷണം ചോദിച്ചു. അവര്‍ക്ക് എല്ലും, അവരുടെ മൃഗങ്ങള്‍ക്ക് ഉണങ്ങിയ കാഷ്ടവും ഭക്ഷണമായി ഞാന്‍ നിശ്ചയിച്ചു കൊടുത്തു. ഹലാലായി അറുക്കപ്പെട്ട മൃഗങ്ങളുടെ എല്ല് കാണുന്പോള്‍ വിശ്വാസികളായ ജിന്നുകള്‍ക്ക് അതില്‍നിന്ന് ആഹാരം ലഭിക്കുന്നു! കാഷ്ടം അതിന്‍റെ കാരണമായ ധാന്യമായി/പച്ചക്കറിയായി അവരുടെ മൃഗങ്ങള്‍ക്ക് ഭവിക്കുന്നു! അതിനാല്‍ ഇവ രണ്ടും കൊണ്ട് ശൗച്യം ചെയ്യരുത്.
ഇനി പോകാനുള്ളത് ജന്നതുല്‍ മുഅല്ലയിലേക്കാണ്. ഒരുപാട് സ്വഹാബികളുടെ അന്ത്യവിശ്രമ സങ്കേതമാണത്. ഉമ്മ ഖദീജാ ബീവി വിളിക്കുന്നത് പോലെ തോന്നി. ധൃതിയില്‍ നടന്നുനീങ്ങി. ജന്നതുല്‍മുഅല്ലയിലേക്ക്.
(തുടരും)
ഫൈസല്‍ അഹ്സനി രണ്ടത്താണി
You must be logged in to post a comment Login