തെഹല്‍കയുടെ ആസന്ന പതനം

തെഹല്‍കയുടെ ആസന്ന പതനം

ഫസ്റ്റ് പോസ്റ്റ്: തെഹല്‍കയിലേക്ക് താങ്കളെ ആകര്‍ഷിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരുന്നു? തെഹല്‍കയുടെ ഭാഗമാകുന്പോള്‍ താങ്കള്‍ പ്രതീക്ഷിച്ചിരുന്നതെന്തായിരുന്നു?

ഹര്‍തഷ് ബാല്‍: ഇന്‍ഡിപന്‍റെന്‍റ് ജേര്‍ണലിസ്റ്റ് എന്ന ആശയം. ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ചീഫ് ബ്യൂറോ സ്ഥാനത്തു നിന്ന് സ്വാതന്ത്ര്യാഭിനിവേശത്തോടെയാണ് ഞാന്‍ തെഹല്‍കയിലെത്തിയത്. തെഹല്‍കയുടെ ഓണ്‍ലൈന്‍ എഡിഷന്‍ തുടങ്ങി കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു അത്. പ്രിന്‍റ് മാഗസിന്‍ തുടങ്ങിയിട്ട് മാസങ്ങളേ ആയിരുന്നുള്ളൂ.

ഫസ്റ്റ് പോസ്റ്റ്: പിന്നീട് തെഹല്‍ക വിടാന്‍ കാരണം? പ്രഫഷണല്‍ സാധ്യതകളും അവസരങ്ങളുമുള്ള നല്ലൊരു ഇടം ഉപേക്ഷിച്ചുപോരുന്പോള്‍ ഏതെങ്കിലും തരത്തിലുള്ള മോഹഭംഗങ്ങള്‍ ഉണ്ടായിരുന്നോ?
പുതിയ ഇംഗ്ലീഷ് ചാനലുകളുടെ വളര്‍ച്ചയെക്കുറിച്ച് ഞാന്‍ തയ്യാറാക്കിയ ഒരു സ്റ്റോറി തരുണ്‍ തേജ്പാല്‍ നിഷ്കരുണം തള്ളി. സിഎന്‍എന്‍ ഐബിഎന്‍, ടൈംസ് നൗ എന്നീ ഇംഗ്ലീഷ് ചാനലുകള്‍ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. ഒരു ജോലിയും ഇല്ലായിരുന്നെങ്കിലും അതോടെ ഞാന്‍ തെഹല്‍കവിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നീട് ഞാന്‍ ജേര്‍ണലിസത്തിലേക്ക് തിരികെയെത്തിയത്. പെരുമാറ്റ സംഹിതകളില്‍ നിന്നുള്ള വ്യതിചലനം ഒരു ജേര്‍ണലിസ്റ്റ് നടത്തുന്പോള്‍ മാനേജ്മെന്‍റ് അസഹിഷ്ണുത പ്രകടിപ്പിക്കും എന്ന് ഞാന്‍ മനസ്സിലാക്കി. സത്യത്തില്‍ മുന്‍ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടതിനാലാണ് ഓപ്പണ്‍ മാഗസിനില്‍ ഞാനിപ്പോഴും തുടരുന്നത്.

വ്യക്തിപരമായ അനുഭവം അവിടെ നില്‍ക്കട്ടെ. താങ്കളുടെ അഭിപ്രായത്തില്‍, ഇന്ത്യയുടെ മീഡിയ ഭൂപടത്തില്‍ തെഹല്‍ക പോലുള്ള ഒരു മാഗസിന്‍റെ പ്രതിനിധാനം എന്താണ്? തെഹല്‍കയുടെ ആരംഭകാലത്ത് പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലക്ക്, അതിന്‍റെ ഉത്ഭവം, പരിണാമം, ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ എന്നിവ വിശദീകരിക്കാമോ?
സന്‍കര്‍ഷന്‍ ടാക്കൂറും അമിത്സെന്‍ ഗുപ്തയും അടങ്ങുന്ന തീവ്രമായ സ്വതന്ത്ര സ്വഭാവമുള്ള ഒരു ടീമിലേക്കാണ് ഞാന്‍ എത്തുന്നത്. ഞങ്ങള്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു. പണ്ട്, ഒരു എഡിറ്റോറിയല്‍ ആര്‍ഗ്യുമെന്‍റിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മനസ്സാക്ഷിക്ക് നിരക്കാത്തത് ലളിതമായെങ്കിലും പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. ഞാന്‍ തെഹല്‍കക്കൊപ്പം ഉണ്ടായിരുന്ന ആദ്യകാലങ്ങളുടെ അന്തരീക്ഷമാണിത്. ഞങ്ങള്‍ക്ക് എന്തിനെക്കുറിച്ചും ആരെക്കുറിച്ചും എഴുതാമായിരുന്നു. തയ്യാറാക്കുന്ന സ്റ്റോറിക്ക് ഒരു മാധ്യമ പ്രവര്‍ത്തനത്തിന്‍റെ സ്വഭാവവും ശൈലിയും വേണമെന്നു മാത്രം. ഈ രീതിയില്‍ കൂടുതല്‍ കാലം നീണ്ടു നിന്നില്ല. ഫണ്ടിംഗ് പ്രശ്നങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടപ്പോള്‍ എഡിറ്റോറിയല്‍ അനുരഞ്ജനങ്ങളും ഉണ്ടായിത്തുടങ്ങി. ഞാന്‍ നേരത്തെ പറഞ്ഞ എന്‍റെ സ്റ്റോറിയുടെ കാര്യത്തിലും ഉണ്ടായത് അതാണ്. മറ്റു ഡിപ്പാര്‍ട്ട്മെന്‍റുകളിലും റിപ്പോര്‍ട്ടുകളും സ്റ്റോറികളും നിരന്തരം അവഗണിക്കപ്പെടുന്നതിനും ഞാന്‍ സാക്ഷിയായിട്ടുണ്ട്. പരസ്യ ദാതാക്കള്‍ തരുണുമായി നേരിട്ടു ബന്ധപ്പെട്ട് അവരെക്കുറിച്ചുള്ള സ്റ്റോറികള്‍ പിന്‍വലിപ്പിക്കുന്ന അവസ്ഥ. മാത്രമല്ല, മൂല്യാധിഷ്ഠിതമല്ലാത്ത, പ്രതിബദ്ധതയില്ലാത്ത പൊളിറ്റിക്കല്‍ കവറേജുകള്‍ പക്ഷപാതിത്തപരമായി തയ്യാറാക്കുന്നതും ഞാന്‍ കാണാനിടയായി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നില്ല ഇതൊന്നും. തെഹല്‍കയില്‍ മാധ്യമ നൈതികതയില്‍ നിന്നുള്ള അപചയം തുടര്‍ച്ചയായി സംഭവിച്ചപ്പോള്‍ സന്‍കര്‍ഷന്‍, അമിത്, ബഷ്റത് പീര്‍ തുടങ്ങിയവര്‍ തെഹല്‍ക ഉപേക്ഷിച്ചു. ക്രമേണ എന്തിനു വേണ്ടിയാണോ നിലവില്‍ വന്നത്, ആ മൂല്യങ്ങളില്‍ നിന്നകലുന്ന, ആദര്‍ശങ്ങളെ വഞ്ചിക്കുന്ന പ്രവണത തെഹല്‍കയില്‍ പെരുകിവന്നു. എന്നിട്ടും ആക്ടിവിസ്റ്റുകളും എന്‍ജിഒകളും തെഹല്‍കക്കൊപ്പം നിന്നു. മാഗസിനില്‍ നടക്കുന്ന തെറ്റായ മാധ്യമ രീതിയെക്കുറിച്ച് ഇവരില്‍ ധാരാളം പേര്‍ ബോധവാന്മാരായിരുന്നു. പക്ഷേ, അവര്‍ നിശ്ശബ്ദത പാലിച്ചു. കാരണം തെഹല്‍ക അവര്‍ക്കൊക്കെ ഒരു പ്ലാറ്റ്ഫോം ആയിരുന്നു. ഈ എന്‍ജിഒകളെയും ആക്ടിവിസ്റ്റുകളെയും വിമര്‍ശനാത്മകമായി തെഹല്‍ക വിലയിരുത്തിയതുമില്ല. നമ്മുടെ രാജ്യത്ത് നടക്കുന്ന ആക്ടിവിസത്തില്‍ സ്വയം വിമര്‍ശനാത്കമായ വിലയിരുത്തലോ സ്വയം പ്രതിഫലനമോ ഇല്ല. സ്വന്തം പാര്‍ട്ടി തെറ്റു ചെയ്താല്‍ അവഗണിക്കുകയും കണ്ണടക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടല്ലോ. തരുണിന്‍റെ കത്തുകളും അതിനോടുള്ള സമീപനവും തെറ്റായ ധര്‍മ്മനിഷ്ഠയില്‍ നിന്ന് വന്നതാണ്. ഒരാള്‍ക്ക് ഒരിക്കലും തെറ്റുപറ്റില്ല എന്ന നിലപാട് ശരിയല്ല.

തെഹല്‍കയുടെ ഈ ആസന്നമായ അന്ത്യം ഒരു ദുരന്തമാണോ?
വൈകിവന്ന ദുരന്തമാണിത്. തെഹല്‍കയെന്ന ആശയം വളരെ പ്രധാനമാണ്. പക്ഷേ, ആരംഭിച്ച് രണ്ടുവര്‍ഷം പിന്നിടും മുന്പേ, ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ബലി കഴിക്കാന്‍ അവര്‍ തുടങ്ങിയിരുന്നു. തരുണിന്‍റെയും ഷോമ ചൗധരിയുടെയും പ്രഭാവത്തിന് മാറ്റ് കൂട്ടുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ ക്രമേണ അത് മാറി. മുതിര്‍ന്ന ഒരു മാധ്യമ പ്രവര്‍ത്തകനും തെഹല്‍കക്കു വേണ്ടി പ്രവര്‍ത്തിച്ചില്ല. സ്ഥാപനത്തിന്‍റെ കീര്‍ത്തിയില്‍ ആകൃഷ്ടരായി നിരവധി യുവ ജേര്‍ണലിസ്റ്റുകള്‍ അതില്‍ ചേര്‍ന്നെങ്കിലും, ക്രമേണ സ്ഥാപനം വിടുന്ന അവസ്ഥ ഉണ്ടായിരുന്നു; ജേര്‍ണലിസം എന്ന ആശയത്തെ നിന്ദയോടെ പ്രതിഷ്ഠിച്ചു കൊണ്ട്.

തെഹല്‍ക ശൂന്യമാക്കിയേടത്ത് ഇടതുപക്ഷ ലിബറല്‍ സ്വഭാവം പുലര്‍ത്തുന്ന ഒരു പുതിയ മാധ്യമത്തിന് സാധ്യതയുണ്ടോ?
ലെഫ്റ്റ് ലിബറല്‍ മുഖമുള്ള ഒരു മാഗസിന്‍ അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ മാധ്യമങ്ങള്‍ക്കിടയില്‍ അത്തരമൊരു പക്വതയുള്ള മാധ്യമ ശബ്ദത്തിന്‍റെ അഭാവമുണ്ട്. തെഹല്‍കയുടെ രൂപത്തില്‍ ആശയ രൂപീകരണം നടത്തുന്ന ഒന്നാവരുത് അത്. അങ്ങനെയായാല്‍ അതിന്‍റെ സ്വഭാവത്തിന്‍റെ കനം കുറയും. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏതെങ്കിലുമൊരു പ്രത്യേക പാര്‍ട്ടിയോട് ചേര്‍ന്നു നിന്നാണെങ്കില്‍ അവിടെ അനുരഞ്ജനങ്ങള്‍ ഉണ്ടാകും. ലിബറല്‍ വോയ്സ് എന്നത് ചോദ്യചിഹ്നമായിത്തീരുകയും ചെയ്യും.

തെഹല്‍കയുടെ ഈ പരിണാമങ്ങളില്‍ നിന്ന്/ അതിന്‍റെ ആസന്നമായ ഒടുക്കത്തില്‍ നിന്ന് മാധ്യമ വ്യവസായം/ ഇന്ത്യന്‍ മാധ്യമരംഗം ഉള്‍കൊള്ളേണ്ട പാഠങ്ങള്‍ എന്തൊക്കെയാണ്?
ഏറ്റവും പ്രധാനപ്പെട്ട പാഠം മാധ്യമ സ്ഥാപനങ്ങളുടെ ഫണ്ടിംഗിന്‍റെ സ്രോതസ്സുകളെക്കുറിച്ചാണ്. ശരിയും സുതാര്യവുമായ വരുമാനമാര്‍ഗം മാധ്യമസ്ഥാപനങ്ങള്‍ക്കു വേണം. പരസ്യത്തില്‍ നിന്നുള്ള വരുമാനം, വിസമ്മത സ്വരവും സ്വതന്ത്ര സ്വഭാവവുമുള്ള മാധ്യമത്തിന് ചേരില്ല, കാരണം, സൂക്ഷ്മമായ മൂല്യങ്ങളും മാതൃകകളും പിന്‍പറ്റുന്പോള്‍ അവര്‍ക്കു മുന്പില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. ലോകമാകെ ബാധിച്ച സാന്പത്തിക പ്രതിസന്ധിയുടെ കാലത്ത് പരസ്യവരുമാനമില്ലാതെ പ്രവര്‍ത്തിക്കാനാവില്ല എന്നത് വലിയൊരാപത്താണ്. മാധ്യമങ്ങള്‍ക്ക് വായനക്കാരെ മാത്രം ധനസ്വരൂപണത്തിനു വേണ്ടി ആശ്രയിക്കുന്ന ഒരവസ്ഥ മാധ്യമരംഗത്ത് വരണം. അതുമാത്രമേ വഴിയുള്ളൂ. പക്ഷേ, അത് അപ്രായോഗികമായ രീതിയാണോ എന്നതെനിക്കുറപ്പില്ല.

മാധ്യമ ഉടമസ്ഥത, ധനലഭ്യത എന്നിവ ജേര്‍ണലിസത്തെ ബാധിക്കുന്നതെങ്ങനെയെന്ന് താങ്കള്‍ വിവരിച്ചു. അപ്പോള്‍ ഇന്ത്യയില്‍ സ്വതന്ത്രപത്ര പ്രവര്‍ത്തനം അസാധ്യമാണെന്നോ?
അങ്ങനെ ഞാന്‍ കരുതുന്നില്ല. നല്ലൊരു മാധ്യമപ്രവര്‍ത്തകന്‍ മനസ്സിലാക്കേണ്ടൊരു വസ്തുത, മാധ്യമ സ്ഥാപനങ്ങള്‍ അവര്‍ക്ക് താല്‍ക്കാലിക ആശ്വാസ കേന്ദ്രങ്ങള്‍ മാത്രമാണ്. സ്വാതന്ത്ര്യം അനുവദിക്കുന്ന ഇടങ്ങളിലേക്ക് തുടര്‍ച്ചയായി അവര്‍ പോവേണ്ടി വരും. നല്ല മാധ്യമങ്ങള്‍ തുടങ്ങുന്നു, ഒടുങ്ങുന്നു. ഇന്ത്യയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം വ്യക്തികള്‍ക്ക് കീഴിലാണ് നടക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്ക് കീഴിലല്ല. അത് കൊണ്ടു തന്നെ മാധ്യമ പ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കാനാവുന്ന സര്‍ഗ്ഗാത്മകമായ രീതികള്‍ ഇന്ത്യ കണ്ടെത്തേണ്ടതുണ്ട്.

വിവ. ലുഖ്മാന്‍ കരുവാരക്കുണ്ട്

You must be logged in to post a comment Login