മോഡി തരംഗത്തിന് വഴിമുടക്കി കുറ്റിച്ചൂലുകള്‍

മോഡി തരംഗത്തിന് വഴിമുടക്കി കുറ്റിച്ചൂലുകള്‍

ജയപരാജയങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ അവിഭാജ്യഘടകമാണെങ്കിലും ചില ജയവും പരാജയവും ചരിത്രമാവുന്നത് അതുയര്‍ത്തുന്ന പ്രതീക്ഷകളും കൗതുകങ്ങളും ജനങ്ങളുടെ ഭാവനാവിലാസത്തെ ത്രസിപ്പിക്കുന്പോഴാണ്. നാലു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ ഡിസംബര്‍ എട്ടിനു പുറത്തുവന്നപ്പോള്‍ അരവിന്ദ് കെജ്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി രാജ്യത്തെ ഒന്നടങ്കം ആവേശം കൊള്ളിച്ചത് അത് കൈമാറിയ സന്ദേശത്തിന്‍റെ പൊലിമ കൊണ്ടാണ്. എഴുപതംഗ അസംബ്ലിയില്‍ ഇരുപത്തിയെട്ട് സീറ്റ് നേടി കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ബിജെപിയുടെ അധികാര മോഹത്തെ അട്ടിമറിക്കുകയും ചെയ്ത ആ ജനവിധി, മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ അധികാരത്തെ നിഷ്പ്രഭമാക്കി. കേവലം ഒരു വയസ്സ് തികയാത്ത കൂട്ടായ്മ കുറ്റിച്ചൂല്‍ തിരഞ്ഞെടുപ്പുചിഹ്നമായി ഉയര്‍ത്തിക്കാട്ടി സാധ്യമാക്കിയ വിപ്ലവം സമീപകാലത്തൊന്നും രാഷ്ട്രീയ ഇന്ത്യ അനുഭവിച്ചറിയാത്തതാണ്. 1983ല്‍ സിനിമാതാരമായ എന്‍ ടി റാമറാവു തെലുഗുദേശം പാര്‍ട്ടി രൂപവത്കരിച്ച് ഒന്പതു മാസത്തിനു ശേഷം കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പു ഗോദയില്‍ പരാജയപ്പെടുത്തിയത് ഇതിനു മുന്പ് നടന്ന സമാനമായ സംഭവം. എന്നാല്‍ രാമറാവുവിന് സിനിമയിലൂടെ കൈവരിച്ച ജനപ്രീതിയും ആവശ്യത്തിനു കൈയില്‍ പണവുമുണ്ടായിരുന്നു. ഇതൊന്നുമില്ലാതെയാണ് കെജ്രിവാള്‍ എന്ന പഴയ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനും പ്രശാന്ത് ഭൂഷണ്‍ എന്ന സുപ്രീംകോടതി അഭിഭാഷകനും യോഗേന്ദ്രയാദവ് എന്ന സെഫോളജിസ്റ്റും (തിരഞ്ഞെടുപ്പ് വിദഗ്ധന്‍) അടങ്ങിയ സംഘം കുറ്റിച്ചൂല്‍ കൊണ്ട് പുതിയൊരു രാഷ്ട്രീയ ചരിത്രം വിരചിച്ചത്. മൂന്നുതവണ തുടര്‍ച്ചയായി ഇന്ദ്രപ്രസ്ഥം ഭരിച്ച കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളിലൊരാളായ ഷീലാ ദീക്ഷിതിനെ അധികാരഭ്രഷ്ടയാക്കി എന്നു മാത്രമല്ല, അവരെ ഇരുപത്തയ്യായിരത്തിലേറെ വോട്ടിനു പരാജയപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്കയച്ചു എന്നതാണ് കെജ്രിവാള്‍ മാജിക് സാക്ഷാത്കരിച്ച രാഷ്ട്രീയാത്ഭുതം.

അണ്ണാഹസാരെ എന്ന ഗാന്ധിത്തൊപ്പിക്കാരന്‍ രണ്ടുവര്‍ഷം മുന്പ് ഡല്‍ഹിയില്‍ അഴിമതിക്കെതിരെ പോരാട്ടം തുടങ്ങിയത് ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരണം എന്ന ആവശ്യമുയര്‍ത്തിയായിരുന്നു. ഹസാരെയുടെ സമരപ്പന്തലിലേക്ക് മഹാ നഗരത്തിലെ യുവാക്കളും കോളജ് വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും മനുഷ്യസ്നേഹികളും പ്രവഹിച്ചപ്പോള്‍, അരാഷ്ട്രീയ വാദത്തിന്‍റെ പുതിയ അപ്പോസ്തലന്മാരാണ് ഇവരെന്നും വിദേശപണം കൊണ്ട് ഇവര്‍ രാജ്യത്ത് അശാന്തിയും അസ്വാസ്ഥ്യവും വിതക്കുകയാണെന്നുംവരെ ആരോപിക്കപ്പെട്ടു. ആ പോരാട്ടം പല ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ അണ്ണാഹസാരെയുടെ വലംകൈയായി പ്രവര്‍ത്തിച്ച കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപവത്കരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. ലക്ഷ്യമോ ദിശാബോധമോ ഇല്ലാത്ത ഒരു കൂട്ടം യുവാക്കളുടെ സാഹസിക ഉദ്യമം എന്നതിലപ്പുറം അന്നൊന്നും ആരുമീ നീക്കത്തെ ഗൗരവപൂര്‍വം കണ്ടിരുന്നില്ല. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ദല്‍ഹിയിലെ സാധാരണക്കാരും മധ്യവര്‍ഗവും അഴിമതിയും കെടുകാര്യസ്ഥതയും തൂത്തുവാരാനുള്ള പ്രതീകമായ കുറ്റിച്ചൂലില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ഒരു മഹാതരംഗത്തിന്‍റെ ഭാഗമാവാന്‍ തീരുമാനിച്ചു. ജീവിതാനുഭവങ്ങളാണ് ജനങ്ങളെ മാറിച്ചിന്തിപ്പിച്ചത്. മന്‍മോഹന്‍സിംഗ് സര്‍ക്കാറിന്‍റെ കോര്‍പ്പറേറ്റ് പ്രീണന, ജനവിരുദ്ധ നയം ജീവിതം ദുസ്സഹമാക്കിയപ്പോള്‍ പാചക വാതകത്തിന്‍റെയും ഉള്ളിയുടെയും പച്ചക്കറിയുടെയും വിലക്കയറ്റം സാധാരണക്കാരന്‍റെ കുടുംബബജറ്റ് അട്ടിമറിച്ചു. മഹാനഗരത്തില്‍ അംബാനിയുടെ റിലയന്‍സ് കന്പനി അടിക്കടി വ്യൈുതി പെട്രോളിയം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണകൂടം നിസ്സംഗമായി നോക്കി നില്‍ക്കുകയായിരുന്നു. കോര്‍പ്പറേറ്റ്ഭരണകൂട മാഫിയയാണ് എല്ലാ ദുരിതങ്ങളുടെയും പിന്നിലെ കറുത്ത ശക്തികള്‍ എന്നു തിരിച്ചറിഞ്ഞ ജനം ഭരണകൂടത്തോട് പകരം വീട്ടാന്‍ ഒരവസരം കാത്തുനില്‍ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഫലത്തില്‍ പ്രതിഫലിച്ചത് അതായിരുന്നു. കോണ്‍ഗ്രസിന്‍റെ വോട്ടുബാങ്ക് അപ്പടി പിടിച്ചുവാങ്ങിയ കുറ്റിച്ചൂലുകള്‍, ദല്‍ഹി ഭരണം തിരിച്ചുപിടിക്കാനുള്ള കാവി രാഷ്ട്രീയക്കാരുടെ മോഹത്തിനും പ്രഹരമേല്‍പിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും വിജയം വരിച്ച പാര്‍ട്ടിക്ക് ഇന്ദ്രപ്രസ്ഥത്തിന്‍റെ കവാടം കൂടി തുറന്നുകിട്ടുക സ്വാഭാവികമായിരുന്നു. പക്ഷേ, കെജ്രിവാള്‍ കടന്പ വലിച്ചിട്ടപ്പോള്‍ മുപ്പത്തിയൊന്ന് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

യഥാര്‍ത്ഥത്തില്‍ കാപട്യത്തിന്‍റെയും അഴിമതിയുടെയും പരന്പരാഗത ശൈലിയുമായി ജനാധിപത്യ ഇന്ത്യയുടെ ആത്മാവ് കാര്‍ന്നുതിന്നുന്ന, കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരു പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയ ഒരു ജനതയുടെ ബദലിനായുള്ള അന്വേഷണത്വരയാണ് ഇന്നലെവരെ ഒരു സങ്കല്‍പമായോ സ്വപ്നമായോ മനസ്സുകളില്‍ ഒതുങ്ങി നിന്ന ആം ആദ്മി പാര്‍ട്ടിയെ ഇന്നു രാജ്യത്തിന്‍റെ രാഷ്ട്രീയം പുതുക്കിപ്പണിയുന്ന ചോദനശക്തിയായി മാറ്റിയെടുത്തത്. ഈ രാഷ്ട്രീയ പരീക്ഷണത്തിന്, ഒരു പക്ഷേ, ഈയാംപാറ്റയുടെ ആയുസ്സേ ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ മുംബൈ, കൊല്‍ക്കത്ത നഗരങ്ങളിലേക്ക് ഉടന്‍ വ്യാപിക്കാനിരിക്കുന്ന ഈ പ്രഹേളിക ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കാം. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി പുതിയ രാഷ്ട്രീയം ഉരുത്തിരിയാന്‍ ദല്‍ഹി പ്രചോദനവും പ്രോത്സാഹനവുമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രത്യാശിക്കുന്നത്. പ്രശസ്ത രാഷ്ട്രീയ നിരീക്ഷക നീര്‍ജ ചൗധരി ഈ സാധ്യതയെ സാധൂകരിക്കുന്നുണ്ട്
ഇങ്ങനെ രൂപപ്പെടുന്ന ദേശീയബദല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ പുറന്തള്ളപ്പെടുന്ന കോണ്‍ഗ്രസിന്‍റെ ഇടം കൈയടക്കാന്‍ ശ്രമിക്കുന്ന മോഡി പ്രതിഭാസത്തെ തടഞ്ഞു നിര്‍ത്തുമെന്നു ചുരുക്കം. ഒരുവേള, ആം ആദ്മി പാര്‍ട്ടിയെയും അതിന്‍റെ നേതാക്കളെയും അവജ്ഞയോടെ നോക്കിക്കണ്ട സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഭാവിയില്‍ രൂപപ്പെടാന്‍ പോകുന്ന വിശാലമായ മുന്നണിയില്‍ കെജ്രിവാളും സംഘവും ഉണ്ടാവണമെന്ന് ആഗ്രഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്‍റെ ആദ്യപടിയാവണം അനുമോദന കത്തുകള്‍ അയക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന് എതിരെ വിധിയെഴുതിയ നാലു സംസ്ഥാനങ്ങളില്‍ മൊത്തം എഴുപത്തിരണ്ട് ലോക്സഭാ സീറ്റാണുള്ളത്. ഇപ്പോഴത്തെ രാഷ്ട്രീയ പ്രവണത 2014 പൊതുതിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ ഡല്‍ഹിയിലെ ഏഴുസീറ്റും കോണ്‍ഗ്രസിന് നഷ്ടമാകുമെന്നുറപ്പ്. 24 സീറ്റ് ബിജെപിക്ക് കൂടുതലായി ലഭിക്കാനാണ് സാധ്യത.

പ്രവചനാതീതമായ ഈ പ്രതിഭാസം എന്തുതന്നെയായാലും നരേന്ദ്രമോഡിയുടെ പ്രഭാവത്തെ നിഷ്പ്രഭമാക്കി എന്നതാണ് 2013ന്‍റെ അന്ത്യദിനങ്ങളെ കൂടുതല്‍ ആവേശഭരിതമാക്കുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ ഹിന്ദുത്വരാഷ്ട്രീയക്കാര്‍ ജയിച്ചു കയറിയിട്ടും ബിജെപി നേതാക്കളുടെ മുഖത്ത് ദൃശ്യമായ മ്ലാനതക്ക് കാരണം മറ്റൊന്നുമല്ല. മോഡിതരംഗം സ്വപ്നം കണ്ടവര്‍ നിരാശരാണിന്ന്. തരംഗം ഉണ്ടായില്ല. എന്നു മാത്രമല്ല, മോഡി പ്രതിനിധാനം ചെയ്യുന്ന തീവ്ര വിദ്വേഷരാഷ്ട്രീയത്തിന് പ്രസക്തിപോലുമില്ലെന്ന് ജയിച്ചുകയറിയ മൂന്ന് സംസ്ഥാനങ്ങളിലെയും കാലാവസ്ഥ ഹിന്ദുനേതൃത്വത്തെ പോലും ഇപ്പോള്‍ ഓര്‍മപ്പെടുത്തുന്നു. തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതുവരെ മോഡി ഇന്നത്തെ ബിജെപിയില്‍ ഒന്നാമനായിരുന്നു. എല്‍കെ അഡ്വാനിയെ മൂലക്കിരുത്താനും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനും ആര്‍എസ്എസ് നേതൃത്വം കൈക്കൊണ്ട തീരുമാനം നിയമസഭാതിരഞ്ഞെടുപ്പില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രിക്ക് ശേഷിയുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു. ആ കണക്കുകൂട്ടല്‍ ശരിവെക്കുന്നതായില്ല ഇലക്ഷന്‍ റിസല്‍ട്ട്. മാത്രമല്ല, മോഡിയുടെ സാന്നിധ്യം കാവിരാഷ്ട്രീയത്തിന് അനുകൂലമായ പുതിയ രാഷ്ട്രീയ ധ്രുവീകരണ സാധ്യതകളെ നിരാകരിക്കുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസിന്‍റെ പതനം ആസന്നമായിട്ടും ബിജെപി നേതൃത്വത്തിന് ആവേശം പകരുന്നില്ല. കോണ്‍ഗ്രസിനെയും ബിജെപിയെയും ജനം ഒരുപോലെ വെറുക്കുന്നു. അധ്വാനിയെക്കാള്‍ ശ്രേഷ്ഠമായ ഒരു ഗുണവും മോഡിയില്‍ പ്രതീക്ഷിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം രാജ്യം കാത്തിരുന്ന നേതാവിന്‍റെ കരിഷ്മക്ക് മങ്ങലേല്‍പിക്കുന്നുണ്ട്.
കോണ്‍ഗ്രസിന്‍റെ വീഴ്ചയും യുപിഎയുടെ ശിഥിലീകരണവും ബിജെപിയുടെ പതര്‍ച്ചയുമെല്ലാം ദേശീയ രാഷ്ട്രീയം കാത്തിരിക്കുന്ന അനിശ്ചിതത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കോണ്‍ഗ്രസിനെ ഇന്നത്തെ പരിതോവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ ഒരു ശക്തിക്കും ആവില്ലെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കഴിഞ്ഞു. അമ്മയുടെ തണല്‍ പറ്റി നടക്കുന്ന പാവം ചെറുപ്പക്കാരന്‍ എന്നതിലപ്പുറം നൂറ്റിരുപത് കോടി ജനത അധിവസിക്കുന്ന ഒരു രാഷ്ട്രത്തിന്‍റെ ഭാഗധേയം തിരുത്തിക്കുറിക്കുന്ന കാര്യശേഷിയുള്ള നേതാവ് എന്ന നിലയിലേക്ക് ഇതുവരെ അദ്ദേഹത്തിന് ഉയരാന്‍ കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല, ഓരോ നിര്‍ണായക ഘട്ടത്തിലും കാര്യശേഷിയില്ലായ്മ തെളിയിച്ചു കൊണ്ടിരിക്കുകയാണ് സോണിയ പുത്രന്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കൊണ്ടിരിക്കെ എട്ടാം തീയതി ഞായറാഴ്ച പാര്‍ട്ടി അസ്ഥാനത്തെ പുല്‍ത്തകിടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ അമ്മയോടൊപ്പം ഇറങ്ങിവന്ന രാഹുലിനെ കണ്ട ആര്‍ക്കും സഹതാപം തോന്നും. മുട്ടയില്‍ നിന്ന് വിരിഞ്ഞുവരുന്ന കോഴിക്കുഞ്ഞുങ്ങളുടെ ഭാവഹാവാദികളാണ് അദ്ദേഹത്തിന്‍റെ മുഖത്ത് തെളിഞ്ഞു കണ്ടത്. യുവാവിന്‍റെ ഊര്‍ജസ്വലതയോ ഭാവിപ്രധാനമന്ത്രിയുടെ നിശ്ചയ ദാര്‍ഢ്യമോ എതിരാളികളെ കീഴ്പ്പെടുത്തുന്ന മനോവീര്യമോ നെഹ്റുകുലത്തിന്‍റെ അഞ്ചാം തലമുറയുടെ മുഖത്തോ ശരീരഭാഷയിലോ കാണാനില്ലായിരുന്നു. എന്നുമാത്രമല്ല, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്പോള്‍ നാളെയുടെ നായകന്‍റെ കൈയില്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്തു തിരുത്തല്‍ നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത് എന്ന ചോദ്യത്തിന് ആം ആദ്മി പാര്‍ട്ടിയെ കണ്ടു പഠിക്കാന്‍ അനുയായികളോട് ഉപദേശിക്കും എന്ന പരിഹാസ്യമായ ഉത്തരമാണ് കേള്‍ക്കേണ്ടി വന്നത്. ഇന്നലത്തെ മഴക്ക് മുളച്ചുപൊങ്ങിയ തവരയെ നോക്കിയാണ് നൂറ്റി ഇരുപത്തഞ്ച് സംവല്‍സരങ്ങളുടെ കര്‍മപാരന്പര്യമുള്ള വടവൃക്ഷമായ കോണ്‍ഗ്രസ് അസൂയപ്പെടുന്നത്! 2014ലെ കോണ്‍ഗ്രസിന്‍റെ ഭാവി എന്തായിരിക്കുമെന്ന് ഏതാണ്ട് കുറിച്ചിട്ടുകഴിഞ്ഞു. സാക്ഷാല്‍ ഇന്ദിരാ ഗാന്ധി തിരിച്ചുവന്നാല്‍ പോലും രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം പാര്‍ട്ടിയുടെ അടിത്തറയും ജനകീയ സമ്മതിയും ദുര്‍ബലമായിരിക്കുന്നു. സ്വയം കൃതാനര്‍ത്ഥങ്ങള്‍ക്ക് സ്വയംശന്പളം കൊടുത്തു തീര്‍ക്കുന്നുവെന്ന് വിലപിക്കുകയേ നിര്‍വാഹമുള്ളൂ.

കോണ്‍ഗ്രസ് തറപറ്റുകയും ബിജെപി ഇരുന്നൂറില്‍ താഴെ സീറ്റുകള്‍ നേടുകയും ചെയ്യുന്ന ഒരവസ്ഥയില്‍ രാജ്യത്തെ ആരു മുന്നോട്ടുനയിക്കും എന്ന കാതലായ ചോദ്യത്തിന് ഒരാള്‍ക്കും മറുപടി നല്‍കാന്‍ കഴിയാത്ത ഭീതിദമായ ഒരവസ്ഥ. മൂന്നാം മുന്നണി ഇപ്പോഴും ഒരു സ്വപ്നമോ ചിലരുടെ മനോമുകുരത്തില്‍ നാന്പിട്ടുതുടങ്ങിയ സങ്കല്‍പമോ ആണ്. പ്രായോഗിക തലത്തില്‍ വട്ടപ്പൂജ്യമായിക്കിടക്കുന്ന ഒരു ബദല്‍സഖ്യം നാളെ രാജ്യം ഭരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കാന്‍ ആരെങ്കിലും തുനിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് എന്തോ തകരാറുണ്ട് എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. എന്നിട്ടും കോണ്‍ഗ്രസിതര, ബിജെപി ഇതര മൂന്നാം ശക്തിയെക്കുറിച്ച് ഉത്തരവാദപ്പെട്ട നേതാക്കള്‍ സ്വപ്നം കാണുന്നു. ദല്‍ഹിയില്‍ ഇരുപത്തിയെട്ട് സീറ്റു കിട്ടിയ ആം ആദ്മി പാര്‍ട്ടിക്കു ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4050 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു കൂടായ്കയില്ല എന്ന് പ്രവചിക്കുന്നു. ആ പാര്‍ട്ടിയെക്കൂടി ഉള്‍പ്പെടുത്തി ഫലവത്തായ ഒരു മൂന്നാം മുന്നണിക്ക് പ്രസക്തിയുണ്ടെന്ന് പ്രകാശ് കാരാട്ടിനെ പോലുള്ളവര്‍ പോലും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. ആവക പ്രതീക്ഷകള്‍ ഒരു നാടിനെക്കുറിച്ചുള്ള ആശങ്ക സൃഷ്ടിച്ചുവിടുന്ന മനോവ്യവസ്ഥയുടെ ഉല്‍പന്നമാണെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാവും. ഇന്ത്യ പോലൊരു മഹാരാജ്യത്തിന്‍റെ ദുര്‍വിധി എന്നേ പറയേണ്ടൂ, രാജ്യം മുന്നോട്ടു ചലിക്കുന്തോറും അതിനെ നയിക്കേണ്ട രാഷ്ട്രീയ വ്യവസ്ഥിതി രോഗാതുരമാവുകയോ ദുര്‍ബലമാവുകയോ ആണ്. അതുകൊണ്ടാണ് കുറ്റിച്ചൂലുമായി ദല്‍ഹി തെരുവിലിറങ്ങിയ യുവതീ യുവാക്കളോട് നാളെ രാജ്യം ഭരിക്കാന്‍ പോവുന്നത് നിങ്ങളാണെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ മുറവിളി കൂട്ടുന്നത്.

ശാഹിദ്

You must be logged in to post a comment Login